TopTop
Begin typing your search above and press return to search.

തോമസ് ചാണ്ടി മാത്രമല്ല, കേരള രാഷ്ട്രീയത്തിലെ കോടീശ്വരന്മാര്‍

തോമസ് ചാണ്ടി മാത്രമല്ല, കേരള രാഷ്ട്രീയത്തിലെ കോടീശ്വരന്മാര്‍

അടുത്തിടെ നടന്ന ലോ അക്കാദമി ലോ കോളേജ് സമരത്തിനിടെ ലോ അക്കാദമി സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയാണ് പിഎസ് നടരാജ പിള്ള എന്ന പേര് കേരള സമൂഹത്തിന്റെ ഓര്‍മ്മയിലേക്ക് വീണ്ടുമെത്തിയത്. പിന്നീട് മുഖ്യമന്ത്രി പിണറായി വിജയന്റെ ഏതോ ഒരു പിള്ളയെന്ന പ്രസ്താവന വിവാദവുമായതോടെ ആരാണ് പിഎസ് നടരാജ പിള്ളയെന്ന് നാം അന്വേഷിച്ചു. തിരു-കൊച്ചി മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്ന പിള്ളയെക്കുറിച്ച് ഏറെ അമ്പരപ്പോടെയാണ് നാം അന്ന് കേട്ടത്. ദിവാന്‍ സിപി രാമസ്വാമി അയ്യര്‍ കണ്ടുകെട്ടിയ തന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഹര്‍വിപുരം പാലസും ചുറ്റുമുള്ള സ്ഥലവും തിരിച്ചെടുക്കാമായിരുന്നിട്ടും അത് സര്‍ക്കാര്‍ ഭൂമിയായി തന്നെ നിലനിര്‍ത്തുകയായിരുന്നു അദ്ദേഹം. മന്ത്രിയായിരിക്കുമ്പോഴും ഹര്‍വിവപുരം പാലസിന് മുന്നിലെ ഒരു കുടിലിലാണ് അദ്ദേഹം താമസിച്ചിരുന്നത് എന്നതുകൂടി കണക്കിലെടുക്കുമ്പോള്‍ എത്രമാത്രം എളിയജീവിതമാണ് ആ രാഷ്ട്രീയ നേതാവ് നയിച്ചതെന്ന് നമുക്ക് വ്യക്തമാകും.

ഇപ്പോള്‍ കേരള മന്ത്രിസഭയിലേക്ക് ഒരു ശതകോടീശ്വരന്‍ അംഗമായി എത്തുമ്പോള്‍ നാം നടരാജപിള്ളയെ ഓര്‍ക്കുന്നത് നല്ലതാണ്. പതിനൊന്ന് കൊല്ലമായി നിയമസഭാംഗമായ തോമസ് ചാണ്ടി എംഎല്‍എ ഹോസ്റ്റലില്‍ താമസിക്കാറേയില്ല. ആഡംബര ഹോട്ടലുകളില്‍ താമസിച്ച് ആഡംബര വാഹനങ്ങളില്‍ സഞ്ചരിക്കുന്ന അദ്ദേഹത്തെ സംബന്ധിച്ച് അതിന്റെ ആവശ്യവുമില്ല എന്നതാണ് സത്യം. കാരണം, ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാമനിര്‍ദ്ദേശ പത്രികയ്ക്ക് ഒപ്പം അദ്ദേഹം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നൂറ് കോടിയോളം രൂപയുടെ ആസ്തിയാണ് കാണിച്ചിരിക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമായി ഒട്ടനവധി ബിസിനസുകളുള്ള അദ്ദേഹത്തിന്റെ ആസ്തിയില്‍ അത്ഭുതപ്പെടേണ്ട കാര്യവുമില്ല.

അറുപത് വര്‍ഷം പിന്നിട്ട കേരള രാഷ്ട്രീയത്തില്‍ നടരാജപിള്ളമാരെ മാത്രമല്ല, നിരവധി തോമസ് ചാണ്ടിമാരെയും നമുക്ക് കണ്ടെത്താന്‍ സാധിക്കും. അതായത് കേരള രാഷ്ട്രീയത്തില്‍ ശതകോടീശ്വരനായ ഒരു മന്ത്രി ആദ്യമായാണ് അധികാരമേല്‍ക്കുന്നതെങ്കിലും അതാത് കാലഘട്ടത്തില്‍ പണത്തിന്റെ മേല്‍ക്കോയ്മയുണ്ടായിട്ടുള്ള നിരവധി രാഷ്ട്രീയ നേതാക്കള്‍ നമുക്കുണ്ടായിട്ടുണ്ട്.

എന്നാല്‍ അവരെല്ലാവരും തന്നെ പരമ്പരാഗത സ്വത്ത് ആര്‍ജ്ജിച്ചവരായിരുന്നുവെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസിലാക്കാം. അവിടെയാണ് തോമസ് ചാണ്ടി വ്യത്യസ്തനാകുന്നത്. രാഷ്ട്രീയത്തില്‍ നിന്നും മാറി നിന്ന് സമ്പന്നനായി തിരിച്ചെത്തി വീണ്ടും രാഷ്ട്രീയത്തില്‍ സജീവമായ കഥയാണ് തോമസ് ചാണ്ടിയ്ക്ക് പറയാനുള്ളത്. അതേസമയം കള്ള് കച്ചവടത്തിലൂടെ അതിസമ്പന്നനാകുകയും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമാകുകയും ചെയ്ത കെ അച്ചുതനെ പോലെയുള്ളവര്‍ അദ്ദേഹത്തിന് മുന്‍ഗാമികളായുണ്ട്.

ഈ നിയമസഭയില്‍ തന്നെ തോമസ് ചാണ്ടി മാത്രമല്ല ശതകോടീശ്വരനായുള്ളത്. സിപിഎം നേതാവും ബേപ്പൂര്‍ എംഎല്‍എയുമായ വികെസി മമ്മദ് കോയയും സ്വപ്രയത്‌നത്തിലൂടെ അതിസമ്പന്നനാകുകയും രാഷ്ട്രീയത്തില്‍ സജീവമാകുകയും ചെയ്ത വ്യക്തിയാണ്. ഏഴാം ക്ലാസില്‍ പഠനം ഉപേക്ഷിച്ച മമ്മദ് കോയ ചായക്കച്ചവടം ഉള്‍പ്പെടെ നിരവധി തൊഴിലുകള്‍ ചെയ്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായതിന് ശേഷം കോഴിക്കോടെ ഒരു തീപ്പെട്ടി കമ്പനിയില്‍ ശമ്പളക്കൂടുതല്‍ ചോദിച്ച് സമരം ചെയ്തതിന് പുറത്താക്കപ്പെട്ടു. 75ല്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം 78ല്‍ നല്ലളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയി തീര്‍ന്നു. 2001ല്‍ നിയമസഭാംഗവുമായ അദ്ദേഹം അതിന് ശേഷമാണ് ബിസിനസില്‍ ശ്രദ്ധകേന്ദ്രീകരിക്കാനായി രാഷ്ട്രീയത്തില്‍ നിന്നും മാറി നിന്നത്. എന്നാല്‍ പാര്‍ട്ടി തിരികെ വിളിച്ചതോടെ അദ്ദേഹം മടങ്ങിയെത്തുകയും കോഴിക്കോട് നഗരസഭ മേയര്‍ ആകുകയും ചെയ്തു. നിലവില്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ചെരുപ്പ് നിര്‍മ്മാതാക്കളാണ് അദ്ദേഹത്തിന്റെ വികെസി ഗ്രൂപ്പ്.

1985ല്‍ തന്റെ സഹോദരന്മാരുമായി ചേര്‍ന്നാണ് അദ്ദേഹം വികെസി ചെരുപ്പ് കമ്പനി ആരംഭിച്ചത്. 30 ലക്ഷം മുതല്‍മുടക്കില്‍ 20 ജീവനക്കാരുമായി ചേര്‍ന്ന് ആരംഭിച്ച ഈ കമ്പനി ഹവായി ചെരുപ്പുകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ തുടങ്ങിയത് സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമായി. കഴിഞ്ഞവര്‍ഷം കമ്പനിയുടെ വിറ്റുവരവ് 1500 കോടിയായിരുന്നു. ഈ കണക്ക് മുഖവിലയ്‌ക്കെടുത്താല്‍ നിയമസഭയിലെ ഏറ്റവും സമ്പന്നനായ അംഗമാണ് വികെസി.

ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ചവറ മണ്ഡലത്തില്‍ സിഎംപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച എന്‍ വിജയന്‍ പിള്ളയാണ് ഇപ്പോള്‍ നിയമസഭയിലുള്ള മറ്റൊരു അതിസമ്പന്നന്‍. ഷിബു ബേബി ജോണിനെ 169 വോട്ടുകള്‍ക്ക് അട്ടിമറിച്ച വിജയന്‍ പിള്ള മദ്യവ്യാപാരിയെന്ന നിലയിലാണ് തന്റെ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയിരിക്കുന്നത്. 1979ല്‍ ചവറ പഞ്ചായത്ത് അംഗമായ പിള്ള കഴിഞ്ഞ 40 വര്‍ഷമായി സജീവ രാഷ്ട്രീയത്തിലുണ്ട്. ഇരുപത് വര്‍ഷത്തോളം പഞ്ചായത്ത് അംഗമായിരുന്ന പിള്ള 2000ല്‍ കൊല്ലം ജില്ലാ പഞ്ചായത്ത് അംഗവുമായി.

ആര്‍എസ്പി നേതാവ് ബേബി ജോണിന്റെയും 2011ലെ തെരഞ്ഞെടുപ്പില്‍ ഷിബു ബേബി ജോണിന്റെയും തെരഞ്ഞെടുപ്പ് വിജയങ്ങളില്‍ ചുക്കാന്‍ പിടിച്ച വിജയന്‍ പിള്ള ബേബി ജോണ്‍ കാലഘട്ടത്തിന് ശേഷം കെ കരുണാകരനൊപ്പം ഡിഐസിയിലും പിന്നീട് കോണ്‍ഗ്രസിലും ചേക്കേറി. എന്നാല്‍ മദ്യവ്യാപാരികളെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ആവശ്യമില്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ പ്രസ്താവനയില്‍ പ്രകോപിതനായി ഡിസിസി സെക്രട്ടറി സ്ഥാനവും കോണ്‍ഗ്രസ് അംഗത്വവും ഉപേക്ഷിക്കുകയായിരുന്നു. ചവറ പിടിച്ചെടുക്കാന്‍ സിപിഎമ്മിന് ലഭിച്ച ഏറ്റവും നല്ല ആയുധമായി പിന്നീട് പിള്ള മാറുകയും ചെയ്തു.

താനൂര്‍ എംഎല്‍എ വി അബ്ദുറഹ്മാനാണ് കേരള നിയമസഭയിലെ മറ്റൊരു സമ്പന്നന്‍. എല്‍ഡിഎഫ് സ്വതന്ത്രനായാണ് ഇദ്ദേഹം ഇക്കുറി മത്സരിച്ചത്. അബ്ദുറഹ്മാനും കോണ്‍ഗ്രസില്‍ നിന്നും താവളം മാറി സിപിഎമ്മില്‍ എത്തിയതാണ്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നിയമസഭ തെരഞ്ഞെടുപ്പിലും മത്സരിച്ചത്. യുഡിഎഫ് സിറ്റിംഗ് എംഎല്‍എ അബ്ദുറഹ്മാന്‍ രണ്ടത്താണിയെ ആണ് വി അബ്ദുറഹ്മാന്‍ തോല്‍പ്പിച്ചത്. പത്ത് കോടിയിലേറെ രൂപയുടെ ആസ്തിയാണ് ഈ പത്താംക്ലാസുകാരനുള്ളത്. ബിസിനസ് ആണ് ഇദ്ദേഹത്തിന്റെയും മേഖല.

നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ ആണ് നിയമസഭയിലെ മറ്റൊരു അതിസമ്പന്നന്‍. 14 കോടിയിലേറെ രൂപയുടെ ആസ്തിയാണ് ഈ ബിരുദധാരിയ്ക്കുള്ളത്. ഇദ്ദേഹവും ബിസിനസ് തൊഴിലാക്കിയ വ്യക്തിയാണ്. സ്വാതന്ത്ര്യ സമരത്തില്‍ സുപ്രധാന പങ്ക് വഹിച്ച പുത്തന്‍വീട്ടില്‍ കുടുംബത്തിലാണ് അന്‍വര്‍ ജനിച്ചത്. പരമ്പരാഗത കോണ്‍ഗ്രസ് കുടുംബാംഗമായ അന്‍വറും സ്വാഭാവികമായും കോണ്‍ഗ്രസ് ആശയങ്ങളില്‍ ആകൃഷ്ടനായി. പീവീആര്‍ ഡെവലപ്പേഴ്‌സ്, പീവീആര്‍ കണ്‍സ്ട്രക്ഷന്‍സ് എന്നിവയുടെ ഉടമയാണ് പി വി അന്‍വര്‍. കേരളത്തിലെ ഏറ്റവും വലിയ ടൗണ്‍ഷിപ്പായ മഞ്ചേരിയിലെ മെട്രോ വില്ലേജിന്റെ ഉടമയും ഇദ്ദേഹമാണ്. മഞ്ചേരി ബെഞ്ച്മാര്‍ക്ക് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, എടവന്ന ഇഖ്രാ ഇസ്ലാമിക് സ്‌കൂള്‍ എന്നിവയുടെ ചെയര്‍മാനും അന്‍വര്‍ ആണ്. കോടീശ്വരന്മാരുടെ ലിസ്‌റ്റെടുത്താല്‍ ഇനിയും ലഭിക്കും.

ദാരിദ്ര്യവും പേറി നടന്ന് എളിമയോടെ ജീവിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ കാലം കഴിഞ്ഞെന്ന് ഓര്‍മ്മിപ്പിക്കുകയാണ് അതിസമ്പന്നരായ ഈ നിയമസഭാംഗങ്ങള്‍. പണത്തിന്റെ സ്വാധീനം അധികാരത്തില്‍ ഇന്ന് വലിയൊരു ഘടകം തന്നെയാണെന്നും. അധികാരം ആഗ്രഹിക്കാത്ത ആരും തന്നെ ഇന്ന് പാര്‍ലമെന്ററി രാഷ്ട്രീയത്തിലെല്ലെന്നത് നഗ്നമായ സത്യമാണ്. അതിസമ്പന്നരായ ഓരോരുത്തരും മന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള കസേര കളി ആരംഭിക്കാനുള്ള സാധ്യതയും അതിനാല്‍ തന്നെ കൂടുതലാണ്. ഇവിടെ പറഞ്ഞ നേതാക്കളില്‍ ഒരാളൊഴികെ മറ്റെല്ലാവരും ഭരണ പക്ഷ എംഎല്‍എമാരാണെന്നും ഓര്‍ക്കണം. കഴിവിനും അനുഭവ സമ്പത്തിനും അപ്പുറം സമ്പത്തിന്റെ ബാഹുല്യം മന്ത്രിമാരെ തെരഞ്ഞെടുക്കാനുള്ള മാനദണ്ഡമാകുമോയെന്നതാണ് ഇവിടെ ഉയരേണ്ട ആശങ്ക.


Next Story

Related Stories