TopTop
Begin typing your search above and press return to search.

കൊച്ചിയിലേത് ആള്‍ക്കൂട്ടക്കൊല; രക്ഷിക്കാനെത്തിയയാളെ ഇറക്കിവിടാന്‍ നോക്കി ബസ് ജീവനക്കാര്‍; ഒന്നും മിണ്ടാതെ ജനം

കൊച്ചിയിലേത് ആള്‍ക്കൂട്ടക്കൊല; രക്ഷിക്കാനെത്തിയയാളെ ഇറക്കിവിടാന്‍ നോക്കി ബസ് ജീവനക്കാര്‍; ഒന്നും മിണ്ടാതെ ജനം
"മനുഷ്യത്വം തോന്നിയതുകൊണ്ടാണ് ലക്ഷ്മണന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമം നടത്തിയത്. എന്നാല്‍ തന്നോട് ടിക്കറ്റെടുത്ത സ്ഥലമായി ബസില്‍ നിന്നിറങ്ങി പോകാനാണ് കണ്ടക്ടര്‍ പറഞ്ഞത്. ബസിനകത്ത് മുപ്പതോളം യാത്രക്കാരുണ്ടായിരുന്നു. യാത്രക്കാരില്‍ നിന്ന് അല്പം നേരത്തെ കണ്ടക്ടര്‍ക്കെതിരെ പ്രതികരിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ ആ മനുഷ്യന്റെ ജീവന്‍ രക്ഷിക്കാമായിരുന്നു." ആദിവാസി യുവാവായ ലക്ഷ്മണനെ ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍കൈയ്യെടുത്ത കൊച്ചു കടവന്ത്ര സ്വദേശിയും എല്‍ഐസി ഏജന്‍റുമായ മേലേവീട്ടില്‍ അനില്‍കുമാര്‍ അഴിമുഖത്തോട് പറഞ്ഞു.

"കണ്ടക്ടറോട് പല പ്രാവശ്യം പറഞ്ഞതാണ്. ഇയാളുടെ നില ഗുരുതരമാണ് ആശുപത്രിയില്‍ കൊണ്ടു പോകണമെന്ന്. എന്നാല്‍ തങ്ങള്‍ ഇയാളെ വണ്ടി ഇടിപ്പിച്ചിട്ടൊന്നുമില്ല. ട്രിപ്പ് മുടക്കാന്‍ കഴിയില്ലെന്നും ബോധം വന്നു കഴിഞ്ഞ് ഇയാള്‍ തന്നെ ആശുപത്രിയില്‍ പൊയ്‌ക്കോളും എന്നാണ് പറഞ്ഞത്. എന്നാല്‍ ഇതെല്ലാം കേട്ടുകൊണ്ടിരുന്ന യാത്രക്കാര്‍ ഒന്നും മിണ്ടിയില്ല. നാട്ടില്‍ പ്രതികരണ ശേഷിയുള്ളവര്‍ ഇല്ല. മനുഷ്യത്വം ലവലേശമില്ലാത്ത ബസ് ജീവനക്കാര്‍ ഒരു ജീവനാണ് പന്താടി കളഞ്ഞത്."
അനില്‍ കുമാര്‍ പറഞ്ഞു.

ശനിയാഴ്ച രാവിലെ മഹാരാജാസ് ഗ്രൗണ്ടില്‍ നിന്ന് പാലാരിവട്ടത്തേക്ക് പോകുന്നതിനിടെയാണ് കൊച്ചിയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന വയനാട് സ്വദേശി ടി.കെ ലക്ഷ്മണന്‍(40) ബസില്‍ കുഴഞ്ഞു വീണത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ മരിച്ചത്. നഗരത്തിലെ ആറോളം ആശുപത്രികള്‍ക്ക് സമീപത്തു കൂടി ബസ് കടന്നു പോയിട്ടും ലക്ഷ്മണനെ ഇടപ്പള്ളിയിലെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ വളരെ വൈകിയിരുന്നു.

[caption id="attachment_152266" align="alignnone" width="550"] അനില്‍കുമാര്‍ [/caption]

സംഭവത്തെകുറിച്ച് അനില്‍കുമാര്‍ പറയുന്നത് ഇങ്ങനെ;

രാവിലെ 10.15നാണ് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി സ്റ്റോപ്പില്‍ നിന്നും താന്‍ ആലുവ എറണാകുളം റൂട്ടിലോടുന്ന കെഎല്‍ 17-1300 ബസില്‍ കയറിയത്. പള്ളിമുക്കില്‍ നിന്ന് കയറിയ ലക്ഷ്മണന്‍ ഞാന്‍ ഇരുന്നതിന്റെ മുന്‍പിലത്തെ സീറ്റിലാണ് ഇരുന്നത്. ടിക്കറ്റെടുത്ത് കുറച്ചു കഴിഞ്ഞ് ഷേണായിസ് ജംഗ്ഷന്‍ എത്തിയപ്പോഴാണ് ലക്ഷ്മണന്‍ സീറ്റില്‍ ചെരിഞ്ഞ് കിടക്കുന്നത് കണ്ടത്. നോക്കിയപ്പോള്‍ അപസ്മാരം സംഭവിച്ച പോലെ പിടയ്ക്കുകയായിരുന്നു അയാള്‍. തുടര്‍ന്ന് എന്റെ കൈയ്യിലുള്ള നാണയ തുട്ട് കൈയ്യില്‍ വെച്ച് കൊടുത്തു. പക്ഷെ ഫലമുണ്ടായില്ല. തുടര്‍ന്ന് വലിയ താക്കോല്‍ കൈയ്യില്‍ വെച്ച് കൊടുത്തു. അപ്പോഴാണ് വിറയല്‍ നിന്നത്. അപ്പോഴേക്കും ബോധരഹിതനായി കഴിഞ്ഞിരുന്നു അയാള്‍. പലതവണ വിളിക്കുകയും വെള്ളം മുഖത്ത് തളിക്കുകയും വെള്ളം കുടിപ്പിക്കാനും ശ്രമിച്ചു.


ബസില്‍ യാത്ര ചെയ്തുകൊണ്ടിരുന്ന യുവാക്കളില്‍ ചിലര്‍ സഹായിക്കാന്‍ എത്തിയതല്ലാതെ അധികം ആളുകളും ഇവയൊന്നും ശ്രദ്ധിക്കുന്നില്ലായിരുന്നു. പലതവണ കണ്ടക്ടറോട് ലക്ഷ്മണനെ ആശുപത്രിയില്‍ കൊണ്ടു പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും കണ്ടക്ടര്‍ അതിന് തയ്യാറായില്ല. ഇതിനിടെ രണ്ടാമതും ഇയാള്‍ക്ക് അപസ്മാരം വന്നു. ഇയാളെ ആശുപത്രിയില്‍ കൊണ്ടു പോകണമെന്ന് പറഞ്ഞപ്പോള്‍ കണ്ടക്ടര്‍ എന്നോട് പറഞ്ഞത്. 'താന്‍ കലൂര്‍ സ്‌റ്റേഡിയത്തിനല്ലേ ടിക്കറ്റ് എടുത്തത്. സ്ഥലമായി ഇറങ്ങിക്കോളാന്‍ എന്നായിരുന്നു.' ഇയാളെ തങ്ങള്‍ ആലുവയിലെ ആശുപത്രിയില്‍ എത്തിച്ചോളാമെന്നായിരുന്നു ബസ് ജീവനക്കരുടെ മറുപടി. പക്ഷെ ഇയാളെ അവിടെ ഇട്ടേച്ച് പോകാന്‍ മനസു വന്നില്ലായിരുന്നു. പിന്നീട് കണ്ടക്ടറോടും ബസിലെ മറ്റ് ജീവനക്കാരോടുമായി തര്‍ക്കം ഉണ്ടായി. ഈ സമയം മുഴുവന്‍ ലക്ഷ്മണന്‍ ബസില്‍ ബോധരഹിതനായി കിടക്കുകയായിരുന്നു.


യാത്രക്കാര്‍ ബഹളം കൂട്ടിയതിനെ തുടര്‍ന്നാണ് ഇടപ്പള്ളി പളളിക്ക് മുമ്പ് തന്നെയും ലക്ഷ്മണനെയും ഇറക്കി ബസ് മടങ്ങിയത്. തുടര്‍ന്ന് സമീപത്തു നിന്ന മെഴുകുതിരി കച്ചവടക്കാരന്റെ സഹായത്തോടെ ഡ്യൂട്ടിയിലുണ്ടായ ട്രാഫിക് വാര്‍ഡനെ വിവരം അറിയിക്കുകയും ഇടപ്പള്ളി എംഎജെ ആശുപത്രിയിലെ ആംബുലന്‍സ് വിളിക്കുകയുമായിരുന്നു. ആംബുലന്‍സ് എത്തുന്നതിന് മുമ്പ് സമീപത്തുകണ്ട മറ്റൊരു ആംബുലന്‍സ് വിളിച്ച് ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്കും ലക്ഷ്മണന്‍ മരിച്ചിരുന്നു.


ബസിലെ ജീവനക്കാര്‍ ഇയാളെ ആശുപത്രിയിലെത്തിക്കാന്‍ ഒരു സഹായവും ചെയ്തില്ല. ടിക്കറ്റു കൊടുത്ത് കാശ് കിട്ടിയാല്‍ പിന്നെ ആ ബസില്‍ സഞ്ചരിക്കുന്ന യാത്രക്കാരോട് ജീവനക്കാര്‍ക്ക് ഉത്തരവാദിത്തമില്ലേ? ബസിലെ യാത്രക്കാരില്‍ ഒരാളാണ് ലക്ഷ്മണന്റെ കൈവശം ഉണ്ടായിരുന്ന കവറില്‍ നിന്ന് ഓഫീസ് നമ്പര്‍ കണ്ടെത്തി സഹപ്രവര്‍ത്തകരെ വിവരം അറിയിച്ചത്. ബോധം നഷ്ടപ്പെട്ട് നാല്‍പത് മിനിറ്റാണ് ലക്ഷ്മണന്‍ കിടന്നത്. ഇടപ്പള്ളിയില്‍ എത്തിയെങ്കിലും അവിടെ നിന്ന് വാഹനം കിട്ടി ആശുപത്രിയില്‍ എത്താന്‍ 15 മിനിറ്റോളം എടുത്തു. ബസ് ജീവനക്കാര്‍ തങ്ങളെ വഴിയില്‍ ഇറക്കി വിടാതെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ ലക്ഷ്മണന്റെ ജീവന്‍ രക്ഷിക്കാമായിരുന്നു. 

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവ സമയം ബസിലുണ്ടായിരുന്ന ഡ്രൈവര്‍ ദിനു, കണ്ടക്ടര്‍ ബിജോയ്, ബസുടമ എന്നിവരോട് സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ ഇവര്‍ ഹാജരായിട്ടില്ലെന്ന് എളമക്കര പോലീസ് അഴിമുഖത്തോട് പറഞ്ഞു.

Next Story

Related Stories