UPDATES

ട്രെന്‍ഡിങ്ങ്

‘പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇവരുടെ വിധി ഞങ്ങള്‍ നടപ്പാക്കും’; ശബരിമല ചവിട്ടിയ യുവതികള്‍ക്ക് നേരെ കൊലവിളി തുടരുന്നു

കഴിഞ്ഞ ദിവസമാണ് ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധിക്ക് അനുകൂല നിലപാടുകളെടുക്കുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തുപോരുന്ന ദളിത് സൈദ്ധാന്തികന്‍ സണ്ണി എം കപിക്കാടിനും കെ.പി.എം.എസ്. ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാറിനുമെതിരെ ഫോണില്‍ വധഭീഷണിയെത്തിയത്

ശ്രീഷ്മ

ശ്രീഷ്മ

ശബരിമലയില്‍ പ്രവേശിച്ച കനകദുര്‍ഗ്ഗയ്ക്കും ബിന്ദു അമ്മിണിക്കും വധഭീഷണി. കനകദുര്‍ഗ്ഗ താമസിക്കുന്ന പെരിന്തല്‍മണ്ണയിലെ വണ്‍സ്റ്റോപ്പ് സെന്ററിന്റെ ഡയറക്ടര്‍ക്ക് ലഭിച്ച കത്തിലാണ് ഇലക്ഷന്‍ കഴിയുന്നതോടെ ഇരുവരുടെയും ‘വിധി നടപ്പാക്കും’ എന്ന ഭീഷണിയുള്ളത്. രഹസ്യകേന്ദ്രത്തില്‍ വച്ചെടുത്ത തീരുമാനത്തിന്റെ ഭാഗമാണിതെന്ന് വിശദീകരിക്കുകയും, ജൂണ്‍-ജൂലൈ മാസങ്ങളില്‍ ഡ്യൂട്ടിയിലുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ഡയറക്ടറെ ഉപദേശിക്കുകയും ചെയ്യുന്ന കത്ത് കൈപ്പടയിലെഴുതിയതാണ്. വണ്‍ സ്റ്റോപ്പ് സെന്റര്‍ ഡയറക്ടറുടെ പരാതിയില്‍ പെരിന്തല്‍മണ്ണ പൊലീസ് ഭീഷണിപ്പെടുത്തിയതിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധിക്ക് അനുകൂല നിലപാടുകളെടുക്കുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തുപോരുന്ന ദളിത് സൈദ്ധാന്തികന്‍ സണ്ണി എം കപിക്കാടിനും കെ.പി.എം.എസ്. ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാറിനുമെതിരെ ഫോണില്‍ വധഭീഷണിയെത്തിയത്. ശബരിമല യുവതീപ്രവേശനത്തില്‍ അനുകൂലമായി അഭിപ്രായപ്പെടുകയും പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളവര്‍ക്കെതിരെ കായികമായ ആക്രമണങ്ങളും വധഭീഷണികളും തുടരുന്നതിനിടെയാണ് ഈ സംഭവങ്ങള്‍. നേരത്തേ ആദിവാസി വനിതാ പ്രസ്ഥാനം പ്രസിഡന്റ് അമ്മിണിക്കെതിരെയും ശബരിമലയില്‍ പ്രവേശിച്ച പി.എസ് മഞ്ജുവിനെതിരെയും ഇതേ വിഷയത്തിന്റെ പേരില്‍ ആക്രമണങ്ങളുണ്ടായിരുന്നു.

ശബരിമല പ്രവേശനത്തിനു ശേഷം വീട്ടില്‍ തിരിച്ചെത്തി ഭര്‍തൃമാതാവിന്റെ മര്‍ദ്ദനത്തിനിരയായ കനകദുര്‍ഗ്ഗയെ വീട്ടില്‍ കയറ്റില്ലെന്ന് ഭര്‍ത്താവും സഹോദരനുമടക്കമുള്ളവര്‍ പറഞ്ഞിരുന്നു. പരിക്കുകള്‍ക്കു ചികിത്സ തേടിയതിനു ശേഷം വീട്ടിലെത്തിയപ്പോഴും വീട്ടുകാരുടെ എതിര്‍പ്പു നേരിട്ടതിനാല്‍ വണ്‍ സ്റ്റോപ്പ് സെന്ററിലേക്ക് പൊലീസ് സുരക്ഷയോടെ മാറുകയായിരുന്നു. വീടു പൂട്ടിപ്പോയ ഭര്‍ത്താവും വീട്ടുകാരും, കനകദുര്‍ഗ്ഗയെ ഒരു തരത്തിലും വീട്ടില്‍ പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണുള്ളത്. ഇതിനെതിരെ കനകദുര്‍ഗ്ഗ നല്‍കിയ പരാതി പുലാമന്തോള്‍ ഗ്രാമന്യായാലയം ഇന്ന് പരിഗണിക്കാനിരിക്കേയാണ് ഭീഷണിക്കത്ത് ലഭിച്ചിരിക്കുന്നത്.

കോടിക്കണക്കിന് അയ്യപ്പവിശ്വാസികളുടെ മനസ്സിനെ നോവിച്ച്, ഇരുമുടിക്കെട്ടില്ലാതെ സന്നിധാനത്ത് കയറിയെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമായിരുന്നുവെന്ന് ആക്ഷേപിക്കുന്ന കത്തില്‍, വ്യക്ത്യധിക്ഷേപ പരാമര്‍ശങ്ങളുമുണ്ട്. ‘അടുത്ത പാര്‍ലമെന്റ് ഇലക്ഷന്‍ വരെ ഈ മിടുക്കികള്‍ നടക്കും, ഓടും, ഇരിക്കും. ഇലക്ഷന്‍ കഴിഞ്ഞാല്‍ ഇവരുടെ വിധി ഞങ്ങള്‍ നടപ്പാക്കും. ഇല്ലെങ്കില്‍ കോടിക്കണക്കിന് വിശ്വാസികള്‍ വിഡ്ഢികളാകില്ലേ സാറേ. അല്ലെങ്കില്‍ തന്നെ ഇത്തരം അരാജകവാദ സാമൂഹിക മാലിന്യങ്ങളെ നാടിന് ആവശ്യമുണ്ടോ? കാരണം- പുതിയ തലമുറയെ നശിപ്പിക്കും’ എന്നിങ്ങനെയാണ് കത്തിലെ അധിക്ഷേപവും ഭീഷണിയും. അന്വേഷണം നടക്കുന്നുണ്ടെങ്കിലും പ്രതിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.

അതേസമയം, ഇതിനേക്കാള്‍ ഭീകരമായ ഭീഷണികള്‍ നേരിട്ടിട്ടുണ്ടെന്നും, ഈ ഭീഷണിക്കത്തിനെ വിലവയ്ക്കുന്നില്ലെന്നുമാണ് ബിന്ദു അമ്മിണിയുടെ പക്ഷം. ‘കനകദുര്‍ഗ്ഗയുടെ കേസ് ഇന്ന് കോടതിയില്‍ വരുന്നുണ്ട്. ഈ കത്തു ചൂണ്ടിക്കാണിച്ച് സുരക്ഷാപ്രശ്‌നങ്ങള്‍ പറഞ്ഞ് റസിഡന്‍ഷ്യല്‍ ഓര്‍ഡര്‍ കൊടുക്കാതിരിക്കാമല്ലോ. കനകദുര്‍ഗ്ഗയെ ജില്ലയില്‍ നിന്നും ഓടിക്കാനുള്ള പരിപാടിയായാണ് ഞാനിതിനെ മനസ്സിലാക്കുന്നത്. കനകദുര്‍ഗ്ഗയെ വീട്ടില്‍ കയറ്റാതിരിക്കുക എന്നത് അവരുടെ അഭിമാനപ്രശ്‌നമാണ്. പെട്ടന്നിങ്ങനെയൊരു കത്ത് വരുമ്പോള്‍ സ്വാഭാവികമായും പൊലീസ് കൂടുതല്‍ നിബന്ധനകള്‍ വയ്ക്കുമല്ലോ. അല്ലാതെ ഇതൊരു വലിയ വിഷയമായി കാണേണ്ടതില്ല. ഇതിനേക്കാള്‍ വലിയ ഭീഷണികള്‍ ഫേസ്ബുക്കിലൂടെയും മറ്റും വരുന്നുണ്ട്. വീട്ടില്‍ കാലുകുത്തിക്കില്ല എന്ന അജണ്ടയുടെ ഭാഗം തന്നെയാണിത്.’ ബിന്ദു പറയുന്നു.

അങ്ങാടിപ്പുറത്തെ സപ്ലൈകോ ഡിപ്പോയില്‍ കനകദുര്‍ഗ്ഗ ജോലിക്കു പോയിരുന്നതും പൊലീസ് സംരക്ഷണത്തിലാണ്. കടുത്ത സംഘപരിവാര്‍ ബന്ധങ്ങളുള്ള കനകദുര്‍ഗ്ഗയുടെ കുടുംബം, പ്രവര്‍ത്തകരുടെയും നേതാക്കളുടെയും നിര്‍ദ്ദേശമനുസരിച്ചാണ് ആക്രമിച്ചതെന്നും വീട്ടില്‍ കയറ്റാതിരിക്കുന്നതെന്നുമാണ് സുഹൃത്തുക്കള്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍.

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍