TopTop
Begin typing your search above and press return to search.

പൊങ്ങച്ച മാധ്യമങ്ങള്‍ കാണാതെ പോകുന്ന കേരളം

പൊങ്ങച്ച മാധ്യമങ്ങള്‍ കാണാതെ പോകുന്ന കേരളം

സുകുമാരന്‍ സി. വി.

മായുന്ന മലകള്‍, മറയുന്ന പുഴകള്‍, നികത്തപ്പെടുന്ന വയലുകള്‍, വരളുന്ന ജലസ്രോതസ്സുകള്‍, പെരുകുന്ന ആസ്പത്രികള്‍ അഥവാ ചികിത്സാവ്യാപാര കേന്ദ്രങ്ങള്‍, വിദ്യയെ വെറും ആഭാസമാക്കി മാറ്റുന്ന വിദ്യാഭാസ കച്ചവടം, സര്‍വ്വവ്യാപിയാകുന്ന മാലിന്യക്കൂമ്പാരങ്ങളും ദുര്‍ഗസന്ധവും, രാഷ്ട്രീയ-കോണ്‍ട്രാക്ടര്‍-ഉദ്യോഗസ്ഥ കൂട്ടുകെട്ടിന്റെ സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുമാത്രമായുള്ള വികസനം, മെട്രോയും സ്വകാര്യ എയര്‍പോര്‍ട്ടുകളും, ജനങ്ങള്‍ക്കിടയില്‍ നിന്ന് അപ്രത്യക്ഷമാകുന്ന വായനാശീലം, സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ പോലും വ്യാപകമാകുന്ന സ്ത്രീവിരുദ്ധ അശ്ലീലത- ഇവയെല്ലാം ചേര്‍ന്ന മിശ്രിതമാണ് കേരളത്തിന്റെ ആധുനികമുഖം.

ഈ മുഖം അത്ര സുന്ദരമല്ലെന്നും, അങ്ങേയറ്റം വികൃതവും ബീഭത്സവുമാണെന്നും ജനങ്ങള്‍ തിരിച്ചറിയുകയും, വികസനത്തിന്റെ പേരില്‍ ജനങ്ങളുടെ ആവാസവ്യവസ്ഥയെ തകര്‍ക്കുന്ന സ്വാര്‍ത്ഥരായ രാഷ്ട്രീയ-കോണ്‍ട്രാക്ടര്‍-ഉദ്യോഗസ്ഥ-മാഫിയകളെ ചെറുത്തു തോല്‍പ്പിക്കുകയും ചെയ്തില്ലെങ്കില്‍ കേരളം മരുഭൂവല്‍ക്കരിക്കപ്പെടുന്നതിനും, വാസയോഗ്യമല്ലാതായിത്തീരുന്നതിനും അധികകാലം വേണ്ടിവരില്ല.

മെട്രോ യാര്‍ഡിന്റെയും മെട്രോ വില്ലേജിന്റെയുമൊക്കെ പേരില്‍ 300 ഏക്കര്‍ നെല്‍വയലാണ് നികത്തപ്പെട്ടിരിക്കുന്നത്. എറണാകുളം ജില്ലയിലെ ചൂര്‍ണിക്കര പഞ്ചായത്തിലുള്ള ജൈവവൈവിദ്യസമൃദ്ധമായ ചവറപ്പാടം മുഴുവനും, പെറിയാറിന്റെ കൈവഴികളിലൊന്നായ ചവറത്തോടും നികത്തിക്കഴിഞ്ഞു.

കേരളത്തിന്റെ ഗ്രാമപ്രദേശങ്ങളിലുള്ള കുന്നുകളും മേടുകളും വിവിധയിനം സസ്യലതാദികളുടെയും, പക്ഷി-മൃഗാദികളുടെയും ആവാസമേഖലകളാണ്. നമ്മുടെ ജൈവവൈവിദ്ധ്യം കാത്തുസൂക്ഷിക്കുന്നതിലും, കാലാവസ്ഥയുടെ സമതുലിതാവസ്ഥ സംരക്ഷിക്കുന്നതിലും ഈ കുന്നുകള്‍ക്കും മേടുകള്‍ക്കും വളരെ വലിയ പങ്കാണുള്ളത്. നമ്മുടെ 'വികസന'ലോബിക്കു പക്ഷേ ഈ കുന്നുകളൊക്കെ നെല്‍വയലുകളും, തോടുകളും പുഴകളും നികത്താനുള്ള മണ്ണെടുക്കുന്നതിനായി ഇടിച്ചുനിരത്താനുള്ളവയാണ്. ജൈവവൈവിദ്ധ്യമോ, പരിസ്ഥിതി സന്തുലനമോ, മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ നിലനില്‍പ്പായ ഒന്നുംതന്നെ സ്വാര്‍ത്ഥതയാലും ആര്‍ത്തിയാലും മാത്രം നയിക്കപ്പെടുന്ന നമ്മുടെ വികസനമാഫിയക്ക് പരിഗണിക്കപ്പെടേണ്ട വിഷയങ്ങളേ ആകുന്നില്ല.നെല്‍വയലുകളും തോടുകളുമൊക്കെ നികത്തി മെട്രൊ വില്ലേജ് നിര്‍മിക്കുന്നതിനായി നമ്മുടെ കുന്നുകളൊക്കെ ഇടിച്ചുനിരത്തപ്പെടുമ്പോള്‍, മെട്രോയുടെ ഭീമന്‍ കോണ്‍ക്രീറ്റു തൂണുകള്‍ക്കും മറ്റു വികസനപ്രവര്‍ത്തനങ്ങള്‍ക്കുമായി നമ്മുടെ മലകളൊക്കെ ക്വാറികളായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനു വിഘാതമായി നില്‍ക്കുന്ന പരിസ്ഥിതി നിയമങ്ങളൊക്കെ തകിടം മറിക്കപ്പെടുകയൊ ലഘൂകരിക്കപ്പെടുകയൊ ചെയ്തുകൊണ്ടിരിക്കുന്നു. ആറന്മുളയില്‍ വിമാനത്താവളത്തിനായി മണ്ണിട്ടു നികത്തിയ തോട് പൂര്‍വസ്ഥിതിയിലാക്കാന്‍ ഹൈക്കോടതി വിധിച്ചിട്ടും, നടപടി കൈക്കൊള്ളാന്‍ നമ്മുടെ ഉദ്യോഗസ്ഥര്‍ക്കോ ഭരണക്കാര്‍ക്കോ താല്‍പര്യമില്ലാത്തതെന്തുകൊണ്ടാണ്? കോടതിവിധി മാനിക്കാത്തതിന് പത്തനംതിട്ട കലക്ടര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാനായിട്ട് ഇക്കഴിഞ്ഞ ജനുവരി 15ന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നു. പക്ഷേ കലക്ടര്‍ മാത്രമാണോ ഇതില്‍ കുറ്റവാളി? കലക്ടര്‍ വെറും ബലിയാടു മാത്രമല്ലേ? തെറ്റു ചെയ്തവരും, ശിക്ഷിക്കപ്പെടേണ്ടവരും പരിസ്ഥിതി നിയമങ്ങളെയൊക്കെ കാറ്റില്‍പ്പറത്തിക്കൊണ്ട് ആറന്മുളയില്‍ വിമാനത്താവളത്തിന് അനുമതി കൊടുത്ത രാഷ്ട്രീയക്കാരും ഭരണക്കാരുമല്ലേ?

വിദ്യാസമ്പന്നരെന്നും, പരിഷ്‌കൃതമനുഷ്യരെന്നും അഭിമാനിക്കുന്ന നമ്മുടെ ആര്‍ത്തിയുടെയും കാപട്യത്തിന്റെയും ഫലമായാണ് കാടിന്റെ മക്കളായ ആദിവാസികള്‍ക്ക് അവരുടെ കാടുകളും, സ്വന്തം ഭൂമിയും അന്യമായത്. 1960ല്‍ യു. എന്‍. ദെബാര്‍ ചെയര്‍മാനായി രൂപീകരിക്കപ്പെട്ട പട്ടികവിഭാഗ-പട്ടികവര്‍ഗ കമ്മീഷന്‍, 1950 ജനുവരി 26നു ശേഷം അന്യാധീനപ്പെട്ട എല്ലാ പട്ടികവര്‍ഗ്ഗ ഭൂമിയും യഥാര്‍ത്ഥ ഉടമകള്‍ക്ക് തിരിച്ചു നല്‍കുന്നതിനു ശുപാര്‍ശ ചെയ്യുകയ്യുണ്ടായി. എന്നാല്‍ 1975ല്‍ കേരളനിയമസഭ പാസ്സാക്കിയ പട്ടികവര്‍ഗ്ഗ നിയമം —The Kerala Scheduled Tribes (Restriction on Transfer of Lands and Restoration of Alienated Lands) Act, 1975—1950 ജനുവരി 26നു ശേഷം എന്നുള്ളത് കുടിയേറ്റക്കാരെ സഹായിക്കുന്നതിനായി 1960 ജനുവരി 26നു ശേഷം എന്നാക്കി മാറ്റി. എന്നിട്ടും പക്ഷേ കേരളം മാറി മാറി ഭരിച്ച ഇടതുവലതു സര്‍ക്കാ രുകളൊന്നും തന്നെ ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി കുടിയേറ്റക്കാരില്‍ നിന്നു തിരിച്ചുപിടിച്ച് ആദിവാസികള്‍ക്കു നല്‍കുന്നതിനു തയ്യാറായില്ലെന്നു മാത്രമല്ല, കുടിയേറ്റക്കാരെ സംരക്ഷിക്കുന്നതിനായി, 1960നും 1986നും ഇടയ്ക്കു നടന്ന എല്ലാ ഭൂമി കൈയ്യേറ്റങ്ങളും കുടിയേറ്റക്കാര്‍ക്കനുകൂലമായി ക്രമവല്‍ക്കരിക്കുന്നതിനായി 1996ല്‍ 1975ലെ ആക്ട് ഭേദഗതി ചെയ്ത്-Kerala Scheduled Tribes (Restriction on Transfer of Lands and Restoration of Alienated Lands) Amendment Bill—നിയമം പാസ്സാക്കുകയും ചെയ്തു!

അട്ടപ്പാടിയില്‍ ശിശുമരണങ്ങള്‍ സംഭവിക്കുന്നുവെങ്കില്‍ അതിനു കാരണം, ആദിവാസികളുടെ കൃഷിയിടങ്ങള്‍ അവരില്‍ നിന്നു കവര്‍ന്നെടുക്കപ്പെടുകയും, അവര്‍ക്ക് കായ്കനികള്‍ പ്രദാനം ചെയ്തിരുന്ന അവരുടെ കാടുകള്‍ പരിഷ്‌കൃതമനുഷ്യരാല്‍ നശിപ്പിക്കപ്പെടുകയ്യും ചെയ്തതാണ്. ശിശുമരണങ്ങളുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കി അട്ടപ്പാടിയിലെത്തിയ ഇടതുവലതു രാഷ്ട്രീയപക്ഷങ്ങളും, ചാനലുകാരും, പത്രക്കാരുമൊന്നും; കുടിയേറ്റക്കാരും അവര്‍ക്കു കൂട്ടുനില്‍ക്കുന്ന നിയമങ്ങളും ചേര്‍ന്ന ആദിവാസികള്‍ക്ക് അവരുടെ സ്വന്തം ഭൂമിയും, വനങ്ങളും അന്യമാക്കിയതാണ് അവരുടെ ദുരിതങ്ങളുടെയൊക്കെ യഥാര്‍ത്ഥകാരണമെന്ന് കാണാതിരുന്നതെന്തുകൊണ്ടാണ്?

വയനാടും, ഇടുക്കിയും, അട്ടപ്പാടിയും എല്ലാം അവരുടേതു മാത്രമായിരുന്നു. ഇന്നവര്‍ക്ക് വീടുവെക്കാന്‍, കൃഷിചെയ്യാന്‍, ജീവിക്കാന്‍ ഭൂമിയില്ല; തേനും കായ്കനികളും ശേഖരിക്കാന്‍ കാടില്ല. ജീവിക്കാന്‍ അല്‍പ്പം സ്ഥലം ലഭിക്കുന്നതിനായി അവര്‍ 162 ദിവസം നില്‍പ്പുസമരം നടത്തി. ഒരു ചാനലും അതു കണ്ടതായി നടിച്ചില്ല, ഒരു പത്രവും ആ സമരത്തെക്കുറിച്ച് വാചാലമായില്ല. ഒന്നോ രണ്ടോ ദിവസം നടന്ന ചുംബനസമരത്തിനു ചെലവഴിച്ച സ്‌പെയ്‌സിന്റെ നൂറിലൊരംശം പോലം 162 ദിവസം നിന്നുകൊണ്ടു നടത്തിയ സമരത്തിനു കിട്ടിയില്ല.ആദിവാസി സമരത്തില്‍ മാര്‍ക്കറ്റ് ചെയ്യാവുന്ന ഒന്നുമില്ല. മാത്രമല്ല ആദിവാസികള്‍ ഇന്നനുഭവിക്കുന്ന പ്രശ്‌നങ്ങളുടെയൊക്കെ യഥാര്‍ത്ഥ കാരണം തേടിപ്പോയാല്‍ പല ചാനലുകാര്‍ക്കും, പത്രങ്ങള്‍ക്കും പുറത്തു പറയ്യാന്‍ പറ്റാത്ത സത്യങ്ങള്‍ കാണും. നമ്മുടെ പത്രമാധ്യമങ്ങള്‍ സദാചാരഗുണ്ടകളുടെയും, ചുംബനസമരക്കാരുടെയും, സരിതമാരുടെയും പിന്നാലെ ഓടിക്കൊണ്ടിരിക്കുമ്പോള്‍ 'പ്രബുദ്ധകേരളം' കാണാതെപോകുന്ന ക്വാറിവിരുദ്ധ സമരങ്ങളും, ആദിവാസിസമരങ്ങളും, വികസനത്തിന്റെ പേരില്‍ ജനങ്ങളെ രോഗികളാക്കിമാറ്റുന്ന വികസനമാഫിയക്കെതിരെ കോഴിക്കോട് എടക്കാട് ഗ്രാമവാസികള്‍ നടത്തുന്ന സമരത്തെപ്പോലുള്ള ജനകീയ സമരങ്ങളുമാണ് കേരളത്തെ വാസയോഗ്യമായ ഒരു ഭൂപ്രദേശമാക്കി നിലനിര്‍ത്തുക. ജീവിക്കാന്‍ സാദ്ധ്യമായ ഒരു പരിസ്ഥിതിയുണ്ടെങ്കില്‍ മാത്രമേ, പരസ്യമായോ രഹസ്യമായോ ഒക്കെ ചുംബിക്കാനും, സദാചാരത്തോടെയോ സദാചാരമില്ലാതെയോ ഒക്കെ ജീവിക്കാനും സാധിക്കൂ എന്ന് നമ്മുടെ പത്രക്കാരും, സദാസമയവും ഒരു കഥയുമില്ലാതെ ബ്ലാബ്ലാ പുലമ്പിക്കൊണ്ടിരിക്കുന്ന കാക്കത്തൊള്ളായിരം ചാനലുകാരും, സദാചാര/ദുരാചാരഗുണ്ടകളും, ചുംബന/ആലിംഗന സമരക്കാരും ഒക്കെ അവശ്യം മനസ്സിലാക്കിയിരിക്കേണ്ട ഒരു യാഥാര്‍ത്ഥ്യമാണ്.

'യഥാര്‍ത്ഥ പത്രത്തിന്റെ ശക്തി', 'നേരറിയാന്‍ നേരത്തെ അറിയാന്‍', 'മാറുന്ന കാലം മാറാത്ത മൂല്യം' എന്നുമൊക്കെ പൊങ്ങച്ചം വിളമ്പുന്ന പത്രങ്ങളുള്‍പ്പെടെ ഇത്രയധികം പത്രമാധ്യമങ്ങളുള്ള കേരളത്തില്‍ ജീവിക്കുന്ന ഈയ്യുള്ളവന്‍ അഴിമുഖം വായിച്ചിട്ടാണ് (ഒരു ഗ്രാമം ഒന്നടങ്കം പറയുന്നു; ഈ ആശുപത്രി വികസനം ഞങ്ങള്‍ക്ക് വേണ്ട, പക്ഷേ ആരു കേള്‍ക്കാന്‍?) എടക്കാട് ഗ്രാമവാസികള്‍ ആറു മാസത്തിലേറെക്കാലമായി തങ്ങളുടെ ഗ്രാമത്തെ നശിപ്പിക്കാന്‍ പോകുന്ന ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിക്കെതിരെ നടത്തുന്ന സമരത്തെക്കുറിച്ചറിഞ്ഞത്! പ്രസ്തുത ലേഖനത്തില്‍ ലേഖകന്‍ (കെ. പി. എസ് കല്ലേരി) പറയുന്നതുപോലെ 'ഒരു നാട്ടില്‍ ആശുപത്രികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് എങ്ങനെയാണ് വികസനമാകുന്നത്? ആശുപത്രികളുടെ വര്‍ദ്ധന ആ നാടിന്റെ വികസനമല്ല, മറിച്ച് ഒരു സമൂഹത്തിന്റെ രോഗാതുരമായ അവസ്ഥയാണ് കാണിക്കുന്നത്'. പ്രബുദ്ധ കേരളം ഈ ലളിതമായ സത്യം മറന്നിരിക്കുന്നു. കേരളത്തില്‍ ക്യാന്‍സര്‍ പടര്‍ന്നു പിടിക്കുന്നുവെങ്കില്‍, ഹൃദയാഘാതങ്ങള്‍ വര്‍ദ്ധിക്കുന്നുവെങ്കില്‍, കേരളം രോഗഗ്രസ്തമാകുന്നുവെങ്കില്‍ പ്രതിവിധി ജനങ്ങളെ കൊള്ളയടിക്കുന്നതും, പാരിസ്ഥിതികപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതുമായ ആസ്പത്രി വ്യവസായം വളര്‍ത്തുകയല്ല; മറിച്ച് ഇത്തരം അസുഖങ്ങള്‍ സൃഷ്ടിക്കുന്ന പരിസ്ഥിതി നശീകരണത്തില്‍ നിന്നു പിന്‍വാങ്ങുകയും, ആരോഗ്യകരമായ ജീവിതശൈലി വീണ്ടെടുക്കലുമാണ്. രോഗങ്ങള്‍ ഉണ്ടാക്കിയിട്ട് അവയെ ചികിത്സിച്ചു മാറ്റാന്‍ ആശുപത്രികള്‍ കെട്ടി വീണ്ടും പരിസ്ഥിതിയെ മലിനമാക്കുന്നത് 'വികസന'മായിരിക്കാം, പക്ഷേ സുസ്ഥിരവികസനം പരിസ്ഥിതിയെ സംരക്ഷിച്ച്, കീടനാശിനികള്‍ വിഷലിപ്തമാക്കാത്ത ഭക്ഷ്യധാന്യങ്ങളും, പച്ചക്കറികളും ഉത്പാദിപ്പിച്ച്, അസുഖങ്ങളെ പ്രതിരോധിക്കലാണ്.

എന്നാല്‍ ലളിതമായ ഇത്തരം സത്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാത്ത അത്രയും 'വിദ്യാസമ്പന്ന'മാണ് പ്രബുദ്ധകേരളം. ഈ 'വിദ്യാസമ്പന്ന'തയാണ്, പരിസ്ഥിതിനശീകരണത്തിന്റെയും, സദാചാരഗുണ്ടായിസത്തിന്റെയും, അര്‍ത്ഥശൂന്യവും ബാലിശ്ശവുമായ മലയാളിയുടെ പത്രധര്‍മത്തിന്റെയുമൊക്കെ അടിത്തറ. ഈ 'വിദ്യാസമ്പന്നത' തകര്‍ക്കപ്പെടേണ്ടതാണ്.ഈ 'വിദ്യാസമ്പന്ന'തയാണ്, 1963ല്‍, പരിഷ്‌കൃതരായ കുടിയേറ്റക്കാരന്റെ കുടിലതയ്ക്കും, ചൂഷണത്തിനും വിധേയമായി തങ്ങളുടെ മലകളും കാടുകളും അന്യാധീനപ്പെട്ട ആദിവാസികളുടെ കരളലിയിപ്പിക്കുന്ന ദയനീയതയുടെ യഥാര്‍ത്ഥചിത്രം വരച്ചുകാട്ടുന്ന കേരളത്തിലെ ആഫ്രിക്ക എന്ന പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍, അതിന്റെ രചയിതാവായ കെ. പാനൂരിനെ അഭിനന്ദിക്കുന്നതിനു പകരം, സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അദ്ദേഹത്തിനെതിരെ ഡിഫന്‍സ് ഓഫ് ഇന്ത്യ റൂള്‍സ് (Defence of India Rules) പ്രകാരം അച്ചടക്ക നടപടിക്കു തുനിയാന്‍ പ്രബുദ്ധകേരളത്തെ പ്രേരിപ്പിച്ചത്.


ഈ 'വിദ്യാസമ്പന്ന'തയാണ്, 1981ല്‍ നാടുഗദ്ദിക എന്ന നാടകത്തിന്റെ രചയിതാവടക്കമുള്ളവരെ ആ നാടകം തെരുവുകളില്‍ അവതരിപ്പിച്ചതിന് അറസ്റ്റു ചെയ്ത് ജയിലിലടക്കാന്‍ അന്നത്തെ ഇടതുപക്ഷ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. വയനാട്ടിലെ ആദിവാസികള്‍ക്ക് എങ്ങനെയാണ് അവരുടെ കാടുകളും മേടുകളും കൃഷിനിലങ്ങളും നഷ്ടമായതെന്ന് ഭാവതീവ്രതയോടെ ചിത്രീകരിക്കുന്ന നാടകമാണ് നാടുഗദ്ദിക.

കൈക്കൂലിയും, അഴിമതിയും, സ്വജനപക്ഷപാതവും, പുരുഷമേധാവിത്വപ്രവണതകളും, ജാതീയതയും, മതമൗലികചിന്തകളും, ദുഷ്ടതയും, വഞ്ചനയും, കാപട്യവും; പ്രകൃതിക്കും, ജൈവവൈവിദ്ധ്യത്തിനുമെതിരെയുള്ള അതിക്രമങ്ങളും പ്രോത്സാഹിപ്പിക്കുകയും, അരക്കിട്ടുറപ്പിക്കുകയും ചെയ്യുന്ന നമ്മുടെയീ വിദ്യാസമ്പന്നത സര്‍വ്വനാശത്തിലേക്കാണ് നയിക്കുകയെന്ന് എപ്പോഴാണ് നാം തിരിച്ചറിയുക?

അഴിമുഖം നേരത്തെ പ്രസിദ്ധീകരിച്ച സുകുമാരന്‍ സി വിയുടെ ലേഖനം

കാടിനെ കൊല്ലുന്ന വിദ്യാസമ്പന്നരായ നാം; എന്‍ എ നസീറിന്‍റെ കാടിനെ ചെന്നു തൊടുമ്പോള്‍-ഒരു വായന

(ഡെല്‍ഹി ജവഹര്‍ലാല്‍ നെഹ്രു യൂണിവേര്‍സിറ്റിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ലേഖകന്‍ ദി ഹിന്ദു, കൂട്, മെയിന്‍ സ്ട്രീം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ പരിസ്ഥിതി സംബന്ധമായ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്)

* Views are Personal


Next Story

Related Stories