TopTop

‘അവന്മാരെ കാണിക്കരുത് എന്റെ മൃതദേഹം’; ആത്മഹത്യാ കുറിപ്പില്‍ ഇങ്ങനെ എഴുതാന്‍ ആ പോലീസുകാരനെ പ്രേരിപ്പിച്ചതെന്ത്?

‘അവന്മാരെ കാണിക്കരുത് എന്റെ മൃതദേഹം’; ആത്മഹത്യാ കുറിപ്പില്‍ ഇങ്ങനെ എഴുതാന്‍ ആ പോലീസുകാരനെ പ്രേരിപ്പിച്ചതെന്ത്?
“പോലീസ് വകുപ്പില്‍ ജോലിചെയ്യുകയെന്നത് ടി.ഗോപകുമാറിന്റെ വലിയ ആഗ്രഹമായിരുന്നു. അതുകൊണ്ട് തന്നെയാണ് വിവിധ വകുപ്പുകളില്‍ നിന്നും തേടിയെത്തിയ ഉദ്യോഗങ്ങളെല്ലാം ഉപേക്ഷിച്ച് പോലീസ് വകുപ്പില്‍ തന്നെ ജോലിക്ക് പ്രവേശിച്ചത്. ഇതിന് മുമ്പ് നാല് വകുപ്പുകളില്‍ ഭേദപ്പെട്ട ജോലിയും ശമ്പളവും ഗോപകുമാറിന് ഉണ്ടായിരുന്നു. എന്നാല്‍ റവന്യു വകുപ്പിലെയും എക്‌സൈസ് വകുപ്പിലെയും ജോലി ഉപേക്ഷിച്ച് എറണാകുളം നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ പ്രൊബേഷന്‍ എസ്‌ഐ ആയി ചാര്‍ജെടുത്തതിന് ശേഷം ഗോപകുമാറിന് നേരിടേണ്ടി വന്നത് ദുരനുഭവങ്ങളായിരുന്നു.” എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷനടുത്തുള്ള ലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ പ്രോബേഷന്‍ എസ്‌ഐ ടി.ഗോപകുമാറിന്റെ സുഹൃത്തും ബന്ധുവുമായ ദീപക് അഴിമുഖത്തോട് പറഞ്ഞു.

പോലീസ് വകുപ്പിലെ ജോലിഭാരത്തോടൊപ്പം അവിടെ നിന്ന് നേരിടേണ്ടി വരുന്ന മാനസിക പീഡനങ്ങളുമാണ് മരണത്തിന് പിന്നിലെ കാരണമെന്ന് ഗോപകുമാര്‍ തന്റെ ആത്മഹത്യ കുറിപ്പില്‍ പറയുമ്പോള്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നേരെ തന്നെയാണ് കുറ്റം ആരോപിക്കപ്പെടുന്നത്. ഗോപകുമാറിന്റെ മൃതദ്ദേഹത്തോടൊപ്പം കണ്ടെത്തിയ ആത്മഹത്യ കുറിപ്പില്‍ നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ പീറ്ററിന്റെയും എസ്‌ഐ വിബിന്‍ ദാസിന്റെയും പേരുകള്‍ എടുത്ത് പറയുന്നു.

“കേരളത്തിലെ ഏറ്റവും തിരക്കുള്ള പോലീസ് സ്‌റ്റേഷന്‍ എന്ന് തന്നെ ഈ സ്‌റ്റേഷനെ വിശേഷിപ്പിക്കേണ്ടി വരും. ഇതെല്ലാം കാലങ്ങളായി അനുഭവിച്ച് ഞങ്ങള്‍ക്ക് ശീലമായി. വീടിനെയും കുടുംബത്തെയും പലപ്പോഴു മറക്കേണ്ടി വന്നിട്ടുണ്ട്. എല്ലാം സഹിച്ചും ക്ഷമിച്ചുമാണ് എല്ലാവരും കഴിയുന്നത്.” സഹപ്രവര്‍ത്തകന്റെ വിയോഗത്തില്‍ നിസഹായനായി തന്റെ പേരു പോലും പുറത്ത് പറയാന്‍ കഴിയാതെ ആ പോലീസുകാരന്‍ അഴിമുഖത്തോട് പറഞ്ഞു.

തിരുവനന്തപുരം സ്വദേശിയാണ് ഗോപകുമാര്‍. നേരത്തെ എക്സൈസിലായിരുന്നു. രണ്ടു വര്‍ഷം മുമ്പാണ് പോലീസിലേക്ക് നിയമനം ലഭിക്കുന്നത്. നേരിടേണ്ടി വന്ന തിക്താനുഭവങ്ങളെ കുറിച്ച് ഗോപകുമാര്‍ ആത്മഹത്യ കുറിപ്പില്‍ ഇങ്ങനെ പറയുന്നു.

http://www.azhimukham.com/newswrap-suicide-tendency-in-police-force-is-dangerous/

“ഔദ്യോഗിക ജീവിതത്തില്‍ താങ്ങാന്‍ കഴിയാത്ത മാനസിക സമ്മര്‍ദത്തിലാണ്. നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ കെ.ജെ പീറ്റര്‍, എസ്.ഐ വീബിന്‍ ദാസ്, എന്നിവര്‍ ചേര്‍ന്ന് എന്നെ മാനസികമായി തുടര്‍ന്ന് ജീവിക്കാന്‍ അനുവദിക്കില്ലാത്ത വിധം അതീവ സമ്മര്‍ദ്ദത്തിലാഴ്ത്തുകയാണ്. മേലുദ്യോസ്ഥരുടെ കീഴില്‍ ജോലി തുടര്‍ന്ന് കൊണ്ടു പോകാന്‍ ആവില്ല. തുടര്‍ന്ന് മറ്റൊരിടത്തേയ്ക്കും പോകാന്‍ വയ്യ. മരണം മാത്രമെ ആശ്രയമുള്ളൂ. എന്റെ മക്കളെ അവസാനമായി കാണാന്‍ കഴിഞ്ഞില്ല എന്ന ദു:ഖം മാത്രം അവശേഷിക്കുന്നു.”

മുകളില്‍ പരാമര്‍ശിച്ച രണ്ട് മേലുദ്യോഗസ്ഥരെ തന്റെ മൃതദ്ദേഹം കാണാന്‍ വരെ അനുവദിക്കരുതെന്നും ഗോപകുമാര്‍ ആത്മഹത്യ കുറിപ്പില്‍ എഴുതിയിട്ടുണ്ട്.ആത്മഹത്യാ കുറിപ്പിലെ ഗോപകുമാറിന്റെ ആരോപണത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ എ.ആര്‍ പ്രേംകുമാര്‍ പറഞ്ഞു. എന്നാല്‍ ഇത്തരം സംഭവങ്ങളിലെ മുന്‍ അനുഭവങ്ങള്‍ വെച്ചു അന്വേഷണം എവിടേയും എത്താന്‍ സാധ്യതയില്ല എന്നത് തീര്‍ച്ചയാണ്.

വല്ലാര്‍പാടം സ്വദേശിയും കടവന്ത്ര ജനമൈത്രി സ്റ്റേഷനില്‍ എഎസ്ഐ പിഎം തോമസ് തൂങ്ങിമരിച്ചിതിന് തൊട്ടുപിന്നാലെയുള്ള ഗോപകുമാറിന്റെ ആത്മഹത്യയും വെളിവാക്കുന്നത് കുത്തഴിഞ്ഞതും മനുഷ്യ വിരുദ്ധവുമായ പോലീസ് സംവിധാനത്തെയാണ്.

പിഎം തോമസിന്റെ മൃതദേഹം കണ്ടെത്തിയത് സ്റ്റേഷനോട് ചേര്‍ന്ന ഷെഡ്ഡിലാണ്. 2008ല്‍ തോമസ് ഒരു കൈക്കൂലി കേസില്‍ ഉള്‍പ്പെട്ടിരുന്നു. ഇതിന്റെ വിചാരണ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ആരംഭിക്കുന്ന ദിവസമാണ് തോമസിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അതേസമയം കൈക്കൂലി കേസില്‍ ഇദ്ദേഹത്തെ കുടുക്കുകയായിരുന്നെന്നാണ് ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പറയുന്നത്.

http://www.azhimukham.com/newswrap-criminalisation-in-kerala-police/

2017 മെയ് മാസം വയനാട് അമ്പലവയല്‍ പോലീസ് സ്റ്റേഷന്‍ റസ്റ്റ് റൂമില്‍ വനിതാ സിവിൽ പോലീസ് ഓഫീസർ കെ പി സജിനി ആത്മഹത്യ ചെയ്തതും ദുരൂഹതയായി തുടരുകയാണ്. ജീവിതം മടുത്തു എന്ന മട്ടിലുള്ള ഒരു ആത്മഹത്യ കുറിപ്പ് മാത്രമാണ് സജിനിയില്‍ നിന്നും കിട്ടിയത്. തൊഴിലിടത്തെ മാനസിക സമ്മര്‍ദ്ദമാണ് എന്നാണ് പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ വിശദീകരിച്ചതെങ്കിലും അത് മുഖവിലയ്ക്കെടുക്കാന്‍ കുടുംബം തയ്യാറായിട്ടില്ല.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 18 പോലീസുകാര്‍ ആത്മഹത്യ ചെയ്തു എന്ന കണക്ക് കൂടി ഇതിനോട് ചേര്‍ത്തുവായിക്കുമ്പോള്‍ സംസ്ഥാന പോലീസ് സേനയ്ക്ക് അടിയന്തിര ചികിത്സ വേണമെന്ന് തന്നെയാണ് വ്യക്തമാകുന്നത്.

http://www.azhimukham.com/kerala-16-policemen-committed-suicide-in-last-eight-months/

Next Story

Related Stories