UPDATES

ട്രെന്‍ഡിങ്ങ്

ലോംഗ് മാര്‍ച്ചില്‍ നിന്നുള്ള ഊര്‍ജ്ജം ധാര്‍ഷ്ട്യമാവരുത്; കീഴാറ്റൂരില്‍ നിന്നും സിപിഎം പഠിക്കേണ്ടത്

പാർട്ടി ഗ്രാമമായ കീഴാറ്റൂരിൽ ഉയർന്നുവന്ന ന്യായമായ ഒരു ആവശ്യത്തെ അധികാരത്തിന്റെയും പാർട്ടി അധീശത്തിന്റെയും ഹൂങ്കില്‍ നിഷ്കരുണം നേരിടുന്നു

കെ എ ആന്റണി

കെ എ ആന്റണി

തങ്ങളുടെ വയൽ ദേശീയപാതക്ക് വേണ്ടി നികത്താൻ വിട്ടുകൊടുക്കില്ലെന്നു സമരക്കാർ. സമര സംഘത്തിന്റെ പേര് വയൽക്കിളികൾ. സംഭവം നടക്കുന്നത് കമ്മ്യൂണിസ്റ്റുകൾ (പ്രതേകിച്ചും സി പി എം) നയിക്കുന്ന പിണറായി വിജയൻ സർക്കാർ ഭരിക്കുന്ന കേരളത്തിലും! വയൽ നികത്തിലിനെതിരെ മാസങ്ങൾക്കപ്പുറം മുൻപേ പറഞ്ഞ വയൽക്കിളികൾ തുടങ്ങിവെച്ച സമരത്തിന് വല്ലാത്തൊരു രൂപവും ഭാവവും വന്നു ചേർന്നിരിക്കുന്നു എന്ന് തന്നെവേണം സമരത്തിന്റെ പുതിയ ദിശ കാണുമ്പോൾ കരുതേണ്ടത്. വൈക്കോൽ കൂനകൾ കൂട്ടിവെച്ചു തൊട്ടടുത്ത് പെട്രോളോ മണ്ണെണ്ണയോ നിറച്ച കാനുകളുമായി സമരക്കാർ. അവിവേകം കാട്ടുന്നത് ചെറുക്കാൻ (അത് എല്ലാ അർത്ഥത്തിലും) കാത്തു നിൽക്കുന്ന പോലീസ്. ഒരുപക്ഷെ കേരളത്തിലെ ഒരു വലിയ കാർഷിക സമരത്തിന്റെ ചരമക്കുറിപ്പാവാം കണ്ണൂർ തളിപ്പറമ്പിനടുത്ത കീഴാറ്റൂരിൽ നടക്കാൻ പോകുന്നത്. അതും കാർഷിക സമരങ്ങളിലൂടെ കേരളത്തിന്റെ മനസ്സു കവർന്നു 1957ൽ അധികാരത്തിലെത്തിയ സഖാവ് ഇ എം എസ് നമ്പൂതിരിപ്പാടിന്റെ പിന്തുടര്‍ച്ചക്കാരനായി ഇന്നിപ്പോൾ സഖാവ് പിണറായി വിജയൻ കേരളം ഭരിക്കുമ്പോൾ!

കൊയ്ത്തരിവാളും ചുറ്റികയും ആലേഖനം ചെയ്ത ചെങ്കൊടികളേന്തി മഹാരാഷ്ട്രയുടെ മലകളും താഴ്വാരങ്ങളും താണ്ടി തങ്ങളുടെ സ്വന്തം കർഷക സംഘടനയായ കിസാൻ സഭയുടെ നേതൃത്വത്തിൽ കർഷകരും ആദിവാസികളും അണിനിരന്നപ്പോൾ, ഒടുവിൽ ആ ലോങ്ങ് മാർച്ചിനു മുൻപിൽ ഭരണകൂടം അടിയറവു പറഞ്ഞപ്പോൾ, ത്രിപുര പോയാലെന്ത് കണ്ടില്ലേ ഞങ്ങളുടെ സഘടിത ശക്തിയെന്ന് ഊറ്റംകൊണ്ട സി പി എമ്മും ആ പാർട്ടി നയിക്കുന്ന മുന്നണി തന്നെയാണ് ഇന്ന് കേരളം ഭരിക്കുന്നത് എന്നതാണ് കീഴാറ്റൂരിലെ വയൽക്കിളി സമരത്തെ കൂടുതൽ പ്രസക്തമാക്കുന്നത്.

ഇന്നാണ് നന്ദിഗ്രാം വെടിവയ്പ്പിന്റെ വാര്‍ഷികം, മാര്‍ക്‌സിന്റെ ചരമദിനവും: വയല്‍ക്കിളികള്‍ ജീവന്മരണ പോരാട്ടത്തിലേക്ക്‌

ടാറ്റയ്ക്കു വേണ്ടി കൃഷിഭൂമി പതിച്ചുകൊടുക്കാൻ ശ്രമിച്ച ബുദ്ധദേവിന്റെ പശ്ചിമ ബംഗാൾ സർക്കാരിന് എന്ത് സംഭവിച്ചുവെന്നത് ഏതു കമ്മ്യൂണിസ്റ്റു ചരിത്ര വിദ്യാർത്ഥിയും പേടിക്കേണ്ട അല്ലെങ്കിൽ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്ന വലിയ പാഠങ്ങളിൽ ഒന്ന് തന്നെയാണ്. ആ അവസരം മമത എങ്ങിനെ ഉപയോഗപ്പെടുത്തി എന്നതിനെക്കുറിച്ചു ബംഗാൾ സഖാക്കൾ പരിതപിക്കുന്നതിനിടയിലാണ് ഒരു പാർട്ടി ഗ്രാമം എന്ന് തന്നെ പറയാവുന്ന കീഴാറ്റൂരിൽ എതിർ ശബ്‌ദം ഉയർന്നതെന്നും കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾ ഇത് കാണാതെ പോകുന്നത് എത്രകണ്ട് ഈ പാർട്ടിയുടെ മുന്നോട്ടുള്ള പ്രയാണത്തെ സഹായിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്.

സിപിഎം സ്വയം കുഴി തോണ്ടിക്കോളൂ; പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂര്‍ നന്ദിഗ്രാമാക്കാന്‍ കുമ്മനം അരികിലുണ്ട്

കോൺഗ്രസിൽ അടിച്ചമർത്തപ്പെട്ട മമത നന്ദിഗ്രാമും സിംഗൂരും ആയുധമാക്കി ബംഗാളിൽ ദുർഗയായി മാറുകയും അതേ നൃത്യം തുടരുകയും ചെയ്യുമ്പോൾ വ്യവസായികൾക്കും കോർപറേറ്റുകൾക്കും വേണ്ടി നിലകൊള്ളുന്ന നരേന്ദ്ര മോദി, ടാറ്റയുടെ കമ്പനിയെ ഗുജറാത്തിലേക്കു ദത്തെടുത്തിട്ടും ഇന്നിപ്പോൾ കോര്‍പ്പറേറ്റുകളാൽ വഞ്ചിതനായി അനുദിനം മൗനിയായിക്കൊണ്ടിരിക്കുന്നതും കാണാതെ പോകുന്നത് കമ്മ്യൂണിസ്റ്റുകൾക്ക് ഒട്ടും ഉചിതമാകില്ല. തങ്ങൾക്കു ഒരു ഉയിർത്തെഴുന്നേൽപ്പുണ്ടെങ്കിൽ അത് കർഷകരും ആദിവാസികളും അധസ്ഥിതരുമൊക്കെ അടങ്ങുന്ന എന്നും തങ്ങൾക്കൊപ്പം നിലകൊണ്ട ഒരു ജനതയുടെ ഉയർത്തെഴുനേൽപ്പിലൂടെ മാത്രമാണ് എന്ന് ത്രിപുരയിലെ ദയനീയ പരാജയത്തിന് ശേഷം കിട്ടിയ മഹാരാഷ്ട്രയിൽ നിന്നുള്ള ആ വലിയ ഊർജം സത്യത്തിൽ കേരള സഖാക്കൾക്ക് തുണയാവേണ്ടതാണ്. എന്നാൽ അതിനു പകരം സ്വന്തം പാർട്ടി ഗ്രാമമായ കീഴാറ്റൂരിൽ ഉയർന്നുവന്ന ന്യായമായ ഒരു ആവശ്യത്തെ അധികാരത്തിന്റെയും പാർട്ടി അധീശത്തിന്റെയും ഹൂങ്കില്‍ നിഷ്കരുണം നേരിടുന്ന ഒരവസ്ഥ തന്നെയാണ് കീഴാറ്റൂരിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ടി പി ക്ക്‌ പിന്നാലെ വയല്‍കിളികളും; സിപിഎമ്മില്‍ കുലംകുത്തികള്‍ പെരുകുന്നു

ഇതിനായി പാർട്ടി ഉപയോഗപ്പെടുത്തുന്നതാവട്ടെ വ്യാജ പ്രചാരണങ്ങളും എന്നതാണ് ഏറെ കഷ്ടം. പാർട്ടിയും സർക്കാരും ഒരേ പോലെ പ്രതിക്കൂട്ടിലായ ഷുഹൈബ് വധത്തിനു ശേഷം വീണു കിട്ടിയ ഒന്നായിരുന്നു രണ്ടു നാൾ മുൻപ് തളിപ്പറമ്പ് തൃച്ഛംബരത്തു നാല് എസ് എഫ് ഐ പ്രവത്തകർക്കെതിരെ ഉണ്ടായ ആക്രമണം. അറസ്റ്റിലായവർ ആർ എസ് എസ്- ബി ജെ പി ബന്ധമുള്ളവർ തന്നെയോ എന്ന കാര്യത്തിൽ ബി ജെ പിക്കു മാത്രമേ സംശയമുള്ളൂ. പ്രതികളെ ചോദ്യം ചെയ്തപ്പോൾ കീഴാറ്റൂരിലെ രണ്ടു വയൽക്കിളി നേതാക്കളെ വകവരുത്താനും ആ കുറ്റം സി പി എമ്മിന് മേൽ ചാർത്താനും ശട്ടം കെട്ടപ്പെട്ടിരുന്നവെന്നു അവർ സമ്മതിച്ചത്രേ. ഇക്കാര്യം സംബന്ധിച്ചു ദേശാഭിമാനി എഡിറ്റോറിയൽ പോലും എഴുതിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥർ ഇക്കാര്യം പൂർണമായും അമ്മതിക്കുന്നില്ല. കീഴാറ്റൂരിലെ ഭൂ ഉടമകളിൽ നാലുപേരൊഴികെ എല്ലാവരും സമ്മതി പത്രം ഒപ്പിട്ടു നൽകിയെന്ന വ്യാജ പ്രചാരണം വിലപ്പോകാതെ വന്നപ്പോൾ തൃച്ചംബരം സംഭവത്തെ വീണുകിട്ടിയ മറ്റൊരു ആയുധമായി സി പി എം ഉപയോഗിക്കുകയായിരുന്നുവെന്നും അത് തങ്ങളെ സമരത്തിൽ നിന്നും പിന്തിരിപ്പിക്കാന് ശ്രമിക്കുന്നതെന്നുമാണ് വയല്‍ക്കിളികളുടെ വാദം.

ഈ കോപ്പി എഴുതി തീരും വരെ കീഴാറ്റൂരിൽ അനിഷ്ട സംഭവങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. ഒന്നും സംഭവിക്കാതിരിക്കട്ടെ. എന്ന് ആഗ്രഹിച്ചുപോകുന്നത് കമ്മ്യൂണിസ്റ്റുകളും കർഷകരും ഒക്കെയുള്ള ഈ നാട് നിലനിൽക്കണമെന്ന മോഹം കൊണ്ടുകൂടിയാണ്.

വയൽക്കിളി പ്രവര്‍ത്തകരെ കൊലപ്പെടുത്തി സിപിഎമ്മിന്റെ തലയിലിടാന്‍ ആർഎസ്എസ് ശ്രമമെന്ന് പി ജയരാജന്‍

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍