TopTop
Begin typing your search above and press return to search.

പിണറായിയും ഇപിയും ജയിംസ് മാത്യുവും പിടിച്ച 1.20 ലക്ഷം വോട്ട് മറിക്കാന്‍ കെല്‍പ്പുള്ള ഏത് കോണ്‍ഗ്രസ്സ് നേതാവുണ്ട് കണ്ണൂരില്‍?

പിണറായിയും ഇപിയും ജയിംസ് മാത്യുവും പിടിച്ച 1.20 ലക്ഷം വോട്ട് മറിക്കാന്‍ കെല്‍പ്പുള്ള ഏത് കോണ്‍ഗ്രസ്സ് നേതാവുണ്ട് കണ്ണൂരില്‍?

കോൺഗ്രസും സി പി എമ്മും ഒരേപോലെ പ്രാധാന്യം കൽപ്പിക്കുന്ന കണ്ണൂർ ലോക്സഭ മണ്ഡലത്തിൽ ആരൊക്കെയായിരിക്കും ഇക്കുറി സ്ഥാനാർത്ഥികൾ എന്നത് സംബന്ധിച്ച ചർച്ചകൾ സജീവമാണ്. പാർട്ടികൾ ഔദ്യോഗികമായി സ്ഥാനാർഥി പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും പ്രധനമായും ഉയർന്നുകേൾക്കുന്ന പേരുകൾ കെ പി സി സി വർക്കിംഗ് പ്രസിഡന്റ് കെ സുധാകരന്റെയും സി പി എം കേന്ദ്ര കമ്മിറ്റി അംഗവും സിറ്റിംഗ് എം പി യുമായ പി കെ ശ്രീമതി ടീച്ചറുടേതുമാണ്. കഴിഞ്ഞ (2014ലെ) തിരഞ്ഞെടുപ്പിലും ഇവർ തമ്മിലായിരുന്നു പ്രധാന പോരാട്ടം. അന്ന് സുധാകരൻ സിറ്റിംഗ് എം പി ആയിരുന്നുവെന്നു മാത്രം. ടീച്ചറുടേതു ലോക് സഭയിലേക്കുള്ള കന്നി അങ്കവും. 2009 ലെ തിരെഞ്ഞെടുപ്പിൽ 43,000 ലേറെ വോട്ടുകൾക്ക് കെ കെ രാഗേഷിനെ പരാജയപ്പെടുത്തി സി പി എമ്മിൽ നിന്നും സീറ്റു തിരികെപ്പിടിച്ച സുധാകരന് പക്ഷെ ടീച്ചർക്ക് മുൻപിൽ അടിപതറി. 6,566 വോട്ടിന്റെ ഭൂരിപക്ഷവുമായി ടീച്ചർ കണ്ണൂർ തിരികെ പിടിച്ചു.

ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും സുധാകരൻ തന്റെ സ്ഥാനാർത്ഥിത്വം ഏതാണ്ട് ഉറപ്പിച്ച മട്ടാണ്. ഇത് ശരിവെക്കുന്ന തരത്തിലുള്ള പ്രതികരണമാണ് ഇക്കഴിഞ്ഞ ദിവസം കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനിൽ നിന്നും ഉണ്ടായതും. കണ്ണൂർ ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ അഭിപ്രായവും കണ്ണൂരിൽ സുധാകരൻ തന്നെ മത്സരിക്കട്ടെ എന്നതാണ്. സിറ്റിംഗ് എം പി എന്ന നിലയിലും വനിത എന്ന നിലയിലും ശ്രീമതി ടീച്ചറെ തന്നെ വീണ്ടും മത്സരിപ്പിക്കണമെന്ന വികാരമാണ് കണ്ണൂരിലെ ഒട്ടുമിക്ക പാർട്ടി പ്രവർത്തകർക്കും ഉള്ളത്. നേരത്തെ സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജന്റെ പേരും ഉയർന്നു വന്നിരുന്നുവെങ്കിലും ടീച്ചർക്ക് തന്നെയാണ് നിലവിൽ സാധ്യത കല്പിക്കപ്പെടുന്നത്.

തളിപ്പറമ്പ്, അഴീക്കോട്, കണ്ണൂർ, ഇരിക്കൂർ, ധർമടം, മട്ടന്നൂർ, പേരാവൂർ എന്നീ ഏഴ് അസംബ്ലി മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് കണ്ണൂർ ലോക് സഭ മണ്ഡലം. 2016 ൽ നടന്ന അസംബ്ലി തിരെഞ്ഞെടുപ്പിൽ അഴീക്കോടും ഇരിക്കൂറും പേരാവൂരും ഒഴികെയുള്ള നാല് മണ്ഡലങ്ങളിലും വിജയിച്ചത് എൽ ഡി എഫ് സ്ഥാനാര്ഥികളാണ്. ഇതിൽ കണ്ണൂരിൽ കോൺഗ്രസ് എസ്സിലെ കടന്നപ്പള്ളി രാമചന്ദ്രൻ നേടിയത് അട്ടിമറി വിജയമായിരുന്നു. ഇക്കഴിഞ്ഞ അസംബ്ലി തിരെഞ്ഞെടുപ്പിൽ ധർമ്മടത്തു മുഖ്യമന്ത്രി പിണറായി വിജയനും മട്ടന്നൂരിൽ മന്ത്രി ഇ പി ജയരാജനും തളിപ്പറമ്പിൽ സി പി എമ്മിലെ തന്നെ ജെയിംസ് മാത്യു വും വൻ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. പിണറായിയുടെ ഭൂരിപക്ഷം 36,905 ഉം ഇ പി യുടേത് 43,381 ഉം ജെയിംസിന്റേത് 40,617 ഉം ആയിരുന്നെക്കെങ്കിൽ വിജയിച്ച യു ഡി എഫ് സ്ഥാനർത്തകളായ കോൺഗ്രസിലെ കെ സി ജോസഫിന് ഇരിക്കൂറിൽ ലഭിച്ചത് 9,647 ഉം കോൺഗ്രസിലെ തന്നെ സണ്ണി ജോസഫിന് പേരാവൂരിൽ ലഭിച്ചത് 7,989 ഉം മുസ്ലിം ലീഗിന്റെ കെ എം ഷാജിക്ക് അഴീക്കോട് കിട്ടിയത് 2,287 ഉം വോട്ടിന്റെ ഭൂരിപക്ഷം മാത്രമായിരുന്നു.

യു ഡി എഫിനെയും എൽ ഡി എഫിനെയും മാറി മാറി പിന്തുണച്ചിട്ടുള്ള കണ്ണൂരിനെ തങ്ങളുടെ ഉറച്ച സീറ്റെന്നൊന്നും തറപ്പിച്ചു പറയാൻ സി പി എമ്മിന് കഴിയില്ലെങ്കിലും ഇക്കഴിഞ്ഞ അസംബ്ലി തിരെഞ്ഞെടുപ്പിൽ വിജയിച്ച തങ്ങളുടെ സ്ഥാനാർത്ഥികൾക്ക് ലഭിച്ച വലിയ ഭൂരിപക്ഷം തന്നെയാണ് കണ്ണൂർ ലോക് സഭ മണ്ഡലത്തിൽ അവർക്കു വിജയ പ്രതീക്ഷ നൽകുന്നത്.

എല്ലാ അർഥത്തിലും ഒരു തികഞ്ഞ പോരാളി തന്നെയാണ് കെ സുധാകരൻ. ഈ പോരാട്ട വീര്യമാണ് ഗോപാലൻ ജനതയുടെ യുവജന വിഭാഗം നേതാവായിരുന്ന സുധാകരനെ കോൺഗ്രസ് പാർട്ടിയിൽ ചേർന്ന് അധികം വൈകും മുൻപ് തന്നെ കണ്ണൂർ കോൺഗ്രസിലെ മുടിചൂടാ മന്നനായിരുന്ന എൻ രാമകൃഷ്ണനെ പരാജയപ്പെടുത്തി കണ്ണൂർ ഡി സി സി അധ്യക്ഷനാകാൻ സഹായകമായതും. എൻ ആർ ഒതുക്കപ്പെട്ടതോടെ കണ്ണൂരിൽ സുധാകര യുഗം ആരംഭിക്കുകയും ചെയ്തു. അണികളെ ഇളക്കി വോട്ടു പിടിക്കാനുള്ള സുധാകരന്റെ കഴിവ് ഒന്ന് വേറെ തന്നെയാണ്. എന്നാൽ 2009ൽ കണ്ണൂർ എം എൽ എ ആയിരിക്കെ സി പി എമ്മിൽ നിന്നും കണ്ണൂർ ലോക് സഭ മണ്ഡലം തിരിച്ചു പിടിക്കാൻ നിയോഗിക്കപ്പെട്ട സുധാകരൻ ആ ജോലി ഭംഗിയായി നിർവഹിച്ചെങ്കിലും എം പി എന്ന നിലയിൽ കണ്ണൂരിനുവേണ്ടി ഒന്നും ചെയ്തില്ലെന്ന ആക്ഷേപം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പാർലമെന്റിലെ ഏറ്റവും കുറവ് ഹാജരും സുധാകരന്റെ പേരിൽ തന്നെ. ഐ പി എൽ വിവാദത്തിൽ പെട്ട് ശശി തരൂർ കേന്ദ്ര മന്ത്രി സ്ഥാനം രാജിവെച്ചപ്പോൾ ആ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കുമെന്ന് സുധാകരൻ കരുതിയെങ്കിലും നറുക്കു വീണത് കെ സി വേണുഗോപാലിനായിരുന്നു. പാർലമെന്റ് കാര്യത്തിൽ സുധാകരന് താൽപ്പര്യം നഷ്ട്ടപ്പെടാനുണ്ടായ പ്രധാന കാരണവും ഇത് തന്നെ. 2014 ലെ പാർലമെന്റ് തിരെഞ്ഞെടുപ്പിൽ സുധാകരന് വിനയായതും മണ്ഡലത്തിന്റെ കാര്യത്തിൽ കാണിച്ച അനാസ്ഥ തന്നെയായിരുന്നു. വരുന്ന തിരഞ്ഞെടുപ്പിലും സുധാകരൻ മത്സര രംഗത്തുണ്ടെങ്കിൽ എതിരാളികൾ അദ്ദേഹത്തിനെതിരെ ഉപയോഗിക്കാനിടയുള്ള പ്രധാന പ്രചാരണായുധങ്ങളിൽ ഒന്ന് ഇത് തന്നെയായിരിക്കും.

മറ്റൊന്ന് ഇടക്കാലത്തു ബി ജെ പി പ്രവേശനത്തിന്റെ ഭാഗമായി സുധാകരൻ നടത്തിയെന്ന് പറയപ്പെടുന്ന ചർച്ചകളും.എന്നാൽ ശബരിമല വിഷയത്തിൽ താൻ സ്വീകരിച്ച നിലപാട് ലോക് സഭ തിരെഞ്ഞെടുപ്പിൽ തനിക്കു തുണയാകും എന്ന കണക്കുകൂട്ടലിൽ തന്നെയാണ് സുധാകരൻ. ബി ജെ പി ഒട്ടും പ്രതീക്ഷ വെക്കാത്ത മണ്ഡലം എന്ന നിലയിൽ അവരുടെ അണികളിൽ ഒരു നല്ല വിഭാഗത്തിന്റെ വോട്ടും സുധാകരൻ പ്രതീക്ഷിക്കുന്നുണ്ട്.

ശ്രീമതി ടീച്ചറുടെ ഏറ്റവും വലിയ യോഗ്യത ആരെയും പിണക്കാത്ത അവരുടെ പ്രകൃതം തന്നെയാണ്. കണ്ണൂർ മണ്ഡലത്തിന് വേണ്ടി ഒട്ടേറെ കാര്യങ്ങൾ ചെയ്തുവെന്നും ടീച്ചർക്ക് അവകാശപ്പെടാം. അതെസമയം ടീച്ചർക്കെതിരെ ഉയരാനിടയുള്ള പ്രധാന ആക്ഷേപം സഹോദരി ഭർത്താവ് ഇ പി ജയരാജൻ ടീച്ചറുടെ മകൻ സുധീറിനെ വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ആയി നിയമിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ടുള്ള തന്നെയാവും.


Next Story

Related Stories