TopTop

ഷാനിമോള്‍ ഉസ്മാനോട് ആലപ്പുഴ ചെയ്തത് ചതി

ഷാനിമോള്‍ ഉസ്മാനോട് ആലപ്പുഴ ചെയ്തത് ചതി
“ഷാനിമോൾ ഒസ്മാൻ താൻ പഠിച്ച ഒസ്മാനിയ സർവ്വകലാശാലയുടെ പേരാണ് തന്റെ പേരിന്റെ കൂടെ ചേർത്തിരിക്കുന്നത്. ജാതിപ്പേരോ ഭർത്താവിന്റെ പേരോ അച്ഛന്റെ പേരോ അല്ല”. 2018 ജൂണില്‍ പിജെ കുര്യന്‍ ഒഴിഞ്ഞ രാജ്യസഭ സീറ്റ് തര്‍ക്കത്തിനിടയില്‍ ഷാനിമോളെ എന്തുകൊണ്ട് സ്ഥാനാര്‍ത്ഥിയാക്കണം എന്നു പറഞ്ഞുകൊണ്ടു എഴുത്തുകാരി ശാരദക്കുട്ടി ഇട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് ഈ കാര്യം പറയുന്നത്. ഈ കഥ തെറ്റോ ശരിയോ ആകട്ടെ. മലയാളികളെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ അറിവായിരുന്നു. ഷാനിമോള്‍ ഉസ്മാന്‍ എന്ന കോണ്‍ഗ്രസ്സിലെ വനിതാ നേതാവിനോട് ആദരവ് തോന്നിയ നിമിഷം.

കഴിവുണ്ടായിട്ടും പല ഘട്ടങ്ങളിലും ഒഴിവാക്കപ്പെട്ട നേതാവാണ് ഷാനിമോള്‍. പലപ്പോഴും തോല്‍ക്കുന്ന മണ്ഡലങ്ങളില്‍ ബലിയാടുകളെ പോലെയാണ് കോണ്‍ഗ്രസ്സ് തങ്ങളുടെ വനിതാ നേതാക്കളെ മത്സരിപ്പിക്കാറ് എന്നൊരു വിമര്‍ശനം ആ പാര്‍ട്ടിക്കുള്ളിലും പൊതുസമൂഹത്തിലും ഉയര്‍ന്നുവരാറുണ്ടായിരുന്നു. ആ വികാരമാണ് ശാരദക്കുട്ടി തന്റെ പോസ്റ്റിലൂടെ അന്ന് പ്രകടിപ്പിച്ചത്.

ശാരദക്കുട്ടി ഇങ്ങനെ തുടര്‍ന്നെഴുതുന്നു;

“പല ഘട്ടങ്ങളിൽ സംസാരിക്കാനും അടുത്തിടപഴകാനും അവസരം ലഭിച്ചപ്പോഴൊക്കെ അവരുടെ അറിയാനും വായിക്കാനും ആ അറിവുകൾ പാലിക്കാനുമുള്ള ജാഗ്രത അത്ഭുതപ്പെടുത്തിയിട്ടുണ്ട്. തിരക്കുപിടിച്ച രാഷ്ട്രീയ ജീവിതത്തിലും സാഹിത്യ സാംസ്കാരിക വിഷയങ്ങൾ സംസാരിക്കുവാൻ ഷാനി കാണിക്കുന്ന താത്പര്യമാണ് എന്നെ ഇവരിലേക്ക് അടുപ്പിച്ചത്. ഇവർ പല പതിവ് കോൺഗ്രസ് രാഷ്ട്രീയക്കാരിൽ നിന്നും വ്യത്യസ്തയാണ്. ചാനൽ ചർച്ചകളിലും അഭിമുഖങ്ങളിലും വിവേകത്തോടെയേ വാ തുറക്കൂ എന്നതാണ് ഷാനിയിൽ കാണാനാകുന്ന മറ്റൊരു മികവ്. വായനയും വിവേകവും സ്വാഭിപ്രായ സ്ഥിരതയുമുള്ള ഒരു കോൺഗ്രസുകാരി. ആ രാജ്യസഭാ സീറ്റ് ഷാനിമോൾക്കു ലഭിച്ചാൽ അത് കോൺഗ്രസിന്റെ ചരിത്രത്തിന് വെണ്മയും സ്ത്രീ സമൂഹത്തിന് അഭിമാനവുമാകും.കോൺഗ്രസുകാർ കൊടുത്താലും ഇല്ലെങ്കിലും നമുക്ക് ഷാനിമോൾക്കു വേണ്ടി സംസാരിക്കാം. അവർ ഇങ്ങനെ പുറംപുറം നിൽക്കേണ്ട സ്ത്രീയല്ല.”

ഈ ലോകസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ഘട്ടത്തില്‍ വയനാട് മണ്ഡലം ഷാനിമോള്‍ക്ക് നല്‍കണം എന്നു ഐ ഗ്രൂപ്പ് വാശി പിടിച്ചിരുന്നു. എ ഗ്രൂപ്പ് സിദ്ദിഖിന് നല്‍കണമെന്നും. ഒടുവില്‍ രാഹുല്‍ ഗാന്ധി വയനാട് സ്ഥാനാര്‍ത്ഥിയായി അപ്രതീക്ഷിതമായി രംഗപ്രവേശം ചെയ്തപ്പോള്‍ ഷാനിമോളുടെ ഇത്തവണത്തെ ഊഴം ആലപ്പുഴയിലായി. ഒരു വേള പരാജയഭീതി മൂലം കെ സി വേണുഗോപാല്‍ പിന്‍മാറി എന്നു ആരോപിക്കപ്പെട്ട മണ്ഡലമായിരുന്നു ആലപ്പുഴ. മാത്രമല്ല സി പിഎമ്മിന് മത്സരിപ്പിക്കാവുന്ന മികച്ച സ്ഥാനാര്‍ഥിയായ അരൂര്‍ എം എല്‍ എ എ എം ആരിഫിനെ രംഗത്തിറക്കുകയും ചെയ്തു. എന്തായാലും പരാജയപ്പെടാനാണ് ഇത്തവണയും ഷാനിമോളുടെ വിധി എന്നു തുടക്കത്തില്‍ തന്നെ തോന്നലുമുണ്ടാകന്‍ ഇത് കാരണമായി.

ഈ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ സമ്പൂര്‍ണ്ണ വിജയത്തിനു കാരണമായി എന്നു കണക്കുകൂടുന്ന ന്യൂനപക്ഷങ്ങള്‍ക്കിടയിലെ മോദിപ്പേടി, ശബരിമല, പ്രളയം തുടങ്ങിയ എല്ലാ ഘടകങ്ങളും അനുകൂലമായി ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് ആലപ്പുഴയില്‍ ഷാനിമോള്‍ തോറ്റത്?

മലപ്പുറത്തെ രണ്ടു മണ്ഡലങ്ങളില്‍ ഒഴിച്ച് മുസ്ലീം സമുദായത്തില്‍ നിന്നുള്ള രണ്ട് സ്ഥാനാര്‍ത്ഥികള്‍ നേരിട്ടു എതിരിട്ട മണ്ഡലമാണ് ആലപ്പുഴ. അതുകൊണ്ടു തന്നെ കേരളത്തില്‍ ഒട്ടാകെ ന്യൂനപക്ഷ വോട്ടുകളുടെ കണ്‍സോളിഡേഷന്‍ ഉണ്ടാകും എന്നു പറയുമ്പോഴും അതെങ്ങനെ ആലപ്പുഴ മണ്ഡലത്തില്‍ പ്രതിഫലിക്കും എന്ന കാര്യം കൌതുകത്തോടെയാണ് രാഷ്ട്രീയ കേരളം നോക്കിക്കണ്ടത്. കേരളത്തിലെ 19 മണ്ഡലങ്ങളിലും ന്യൂനപക്ഷ വോട്ടിന്റെ ആനുകൂല്യം യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടിയപ്പോള്‍ ഷാനിമോള്‍ക്ക് അത് കിട്ടിയില്ല എന്നത് തന്നെയാണ് തിരഞ്ഞെടുപ്പ് ഫലം കാണിക്കൂന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ യു ഡി എഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ തോല്‍ക്കുമെന്ന് പറഞ്ഞ ചുരുക്കം ചില കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ ഷാനിമോള്‍ ആയിരുന്നു. പൊതുവിടത്തിലേക്ക് ഇറങ്ങുന്ന മുസ്ലീം സ്ത്രീക്ക് യാഥാസ്ഥിതിക മുസ്ലീംങ്ങള്‍ക്കിടയില്‍ പിന്തുണ കിട്ടില്ലെന്നായിരുന്നു അദ്ദേഹം ചൂണ്ടിക്കാണിച്ച കാരണം.

യഥാര്‍ത്ഥത്തില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായ മുന്‍ കോണ്‍ഗ്രസ്സ് സഹയാത്രികന്‍ കെ എസ് രാധാകൃഷ്ണന്‍ പിടിച്ച അധിക വോട്ട് മാത്രമല്ല ഷാനിമോളുടെ പരാജയത്തിലേക്ക് നയിച്ചത് എന്നു ചിന്തിക്കുന്നതിന് മേല്‍ വാദം ബലം പകരുന്ന ഒന്നാണ്.
Next Story

Related Stories