UPDATES

ട്രെന്‍ഡിങ്ങ്

കഥാകൃത്ത് ടി പദ്മനാഭൻ ഒരു പൊതുവേദിയിൽ വെച്ച് പറഞ്ഞു, കേരളം കണ്ട ഏറ്റവും മികച്ച വിദ്യാഭ്യാസ മന്ത്രിമാരിൽ ഒരാൾ; മുസ്ലീംലീഗിന്റെ പൊന്നാപുരം കോട്ട കാക്കാന്‍ ഇ ടി

മനുഷ്യാവകാശങ്ങളുടെ സ്വന്തം പ്രതിനിധിയായി ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തിലുയര്‍ന്ന ധീരസ്വരമാണ് ഇ.ടി മുഹമ്മദ് ബഷീര്‍.

കെ എ ആന്റണി

കെ എ ആന്റണി

മുസ്ലിം ലീഗിന്റെ പൊന്നാപുരം കോട്ട എന്നറിയപ്പെട്ടിരുന്ന പൊന്നാനി ലോക്സഭ മണ്ഡലത്തിൽ മൂന്നാം അങ്കത്തിനു തയ്യാറെടുക്കുകയാണ് മുസ്ലിം ലീഗ് ഓർഗനൈസിംഗ് സെക്രട്ടറിയും ലോക്സഭയിൽ മുസ്ലിം ലീഗ് കക്ഷി നേതാവും കേരളത്തിൽ രണ്ടു തവണ വിദ്യാഭാസ മന്ത്രിയുമൊക്കെയായിരുന്ന ഇ ടി മുഹമ്മദ് ബഷീർ. പൊന്നാനിയിൽ നിന്നും രണ്ടു തവണ എം പിയായ ഇ ടി മുഹമ്മദ് ബഷീറിനിത് മൂന്നാം അങ്കമാണ്‌. 2009ലെ തന്റെ കന്നി അങ്കത്തിൽ എൽ ഡി എഫിലെ ഹുസൈൻ രണ്ടത്താണിയെ 85,000ലേറെ വോട്ടുകൾക്കാണ് ഇ ടി പരാജയപ്പെടുത്തിയത്. എന്നാൽ 2014ലെ തിരെഞ്ഞെടുപ്പിൽ ഭൂരിപക്ഷം 25,000ലേക്ക് ചുരുങ്ങിയതും നിലമ്പൂരിലെ ഇടതു സ്വതന്ത്ര എം എൽ എ, പി വി അൻവറിന്റെ രംഗപ്രവേശനവും ഒക്കെ ഇക്കുറി മത്സരം കടുത്തതാക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നതെങ്കിലും കേരളത്തിന്റെ ഈ പഴയ വിദ്യാഭ്യാസ മന്ത്രി തികഞ്ഞ ആത്മവിശ്വാസത്തിൽ തന്നെയാണ്.

1977ൽ നടന്ന ലോക് സഭ തിരഞ്ഞെടുപ്പിൽ മുംബൈ സ്വദേശിയായ ജി എം ബനാത്‌വാലയിലുടെ തങ്ങൾക്കു സ്വന്തമായ പൊന്നാനി മണ്ഡലം മുസ്ലിം ലീഗ് പിന്നീട് കൈവിട്ടിട്ടില്ല എന്നതുകൊണ്ട് തന്നെയാണ് പൊന്നാപുരം കോട്ടയെന്നും ഉരുക്കു കോട്ടയെന്നും ഒക്കെ പൊന്നാനി അറിയപ്പെടുന്നത്. താൻ സ്ഥിരമായി മത്സരിച്ചിരുന്ന മഞ്ചേരി (ഇപ്പോൾ മലപ്പുറം) അത്ര സുരക്ഷിതമല്ലെന്ന് കണ്ടപ്പോൾ 1991ൽ ഇബ്രാഹിം സുലൈമാൻ സേട്ട് പൊന്നാനി കോട്ടയിലേക്ക് നീങ്ങിയതും പൊന്നാനി മണ്ഡലത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.

ബനാത്‌വാല മത്സരിച്ചിരുന്ന ആദ്യ കാലങ്ങളിൽ അദ്ദേഹം നോമിനേഷൻ കൊടുത്തു പോയാൽ പിന്നീട് വോട്ടെണ്ണൽ ദിവസമേ മണ്ഡലത്തിലെത്താറുള്ളു എന്നൊരു പഴിയുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ബനാത്‌വാലക്ക് ‘വരാത്ത വാല’ എന്നും ‘ദേശാടനക്കിളി’യെന്നുമൊക്കെയുള്ള പേരുകൾ എതിരാളികൾ ചാർത്തിക്കൊടുത്തിരുന്നു. എന്നിട്ടും ഇബ്രാഹിം സുലൈമാൻ സേട്ട് മത്സരിച്ച 1991ലൊഴികെ 1977 മുതൽ ഏഴ് തവണ (77 കൂടാതെ 80, 84, 89, 96, 98, 99 തിരഞ്ഞെടുപ്പുകളിൽ) ബനാത്‌വാല പൊന്നാനിയിൽ മത്സരിച്ചു ജയിച്ചു. കെ പി എ മജീദിനെ തോൽപ്പിച്ചു മുസ്ലിം ലീഗിന്റെ മറ്റൊരു ഉരുക്കു കോട്ടയായിരുന്ന മഞ്ചേരി സി പി എമ്മിനുവേണ്ടി ടി കെ ഹംസ പിടിച്ചെടുത്ത 2004ൽ ഇ അഹമ്മദ് ആയിരുന്നു പൊന്നാനിയിൽ മുസ്ലിം ലീഗ് സ്ഥാനാർഥിയും വിജയിയും. അഹമ്മദ് മഞ്ചേരിക്ക് പകരം വന്ന മലപ്പുറത്തേക്ക് മാറിയ 2009 ലെ തിരഞ്ഞെടുപ്പിലാണ് ഇ ടി മുഹമ്മദ് ബഷീർ പാർലമെന്റിലേക്കുള്ള തന്റെ കന്നി അങ്കത്തിനായി പൊന്നാനിയിൽ ഇറങ്ങിയത്. എൽ ഡി എഫ് സ്വതന്ത്രൻ ഹുസൈൻ രണ്ടത്താണിയെ 82,684 വോട്ടിനു പരാജയപ്പെടുത്തിക്കൊണ്ടാണ് ഇ ടി തന്റെ കന്നി വിജയം ആഘോഷമാക്കിയത്. കോൺഗ്രസിൽ നിന്നും രാജിവെച്ച വി അബ്‌ദുറഹ്‌മാൻ എൽ ഡി എഫ് സ്വതന്ത്രനായി രംഗത്ത് വന്ന 2014ലെ തിരെഞ്ഞെടുപ്പിൽ ഇ ടിയുടെ ഭൂരിപക്ഷം പക്ഷെ 25,410 ലേക്ക് ചുരുങ്ങി.

തിരൂരങ്ങാടി, താനൂർ, തിരൂർ, പൊന്നാനി, തവനൂർ, കോട്ടക്കൽ, തൃത്താല എന്നിവയാണ് പൊന്നാനി ലോക്സഭ മണ്ഡലത്തിൽ പെടുന്ന അസംബ്ലി മണ്ഡലങ്ങൾ. ഇതിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ വിജയിച്ച പൊന്നാനിയും മന്ത്രി കെ ടി ജലീലിന്റെ തവനൂരും ഇടതു സ്വതന്ത്രനായി കോൺഗ്രസ് വിമതർ വി അബ്‌ദുറഹ്‌മാൻ വിജയിച്ച താനൂരും ഒഴികെയുള്ള നാല് മണ്ഡലങ്ങളിലും ജയിച്ചത് യു ഡി എഫ് ആണ്. താനൂരിലെ അട്ടിമറി വിജയം തികച്ചും ആകസ്മികമായിരുന്നുവെന്നും അതൊന്നും ഇത്തവണത്തെ ലോക്സഭ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നുമാണ് മുസ്ലിം ലീഗിന്റെയും യു ഡി എഫിന്റെയും വിലയിരുത്തൽ.

മലപ്പുറം ജില്ലയിൽ പെട്ട വാഴക്കാടിനടുത്ത മപ്രത്തു ഇ ടി അലവിക്കുട്ടി- പാത്തുമ്മ ദമ്പതികളുടെ മകനായി 1946ൽ ജനിച്ച മുഹമ്മദ് ബഷീർ എം എസ് എഫിലൂടെയാണ് പൊതുപ്രവർത്തന രംഗത്ത് എത്തിച്ചേർന്നത്. ചാലിയം ഇമ്പിച്ചി ഹൈസ്കൂളിൽ നിന്നും പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയ ശേഷം മാവൂർ ഗ്വാളിയോർ റയോൺസിൽ ജീവനക്കാരനായി ചേർന്ന ഇ ടി മുസ്ലിം ലീഗിന്റെ തൊഴിലാളി സംഘടനയായ എസ ടി യുവിന്റെ സജീവ പ്രവർത്തകനും അധികം വൈകാതെ തന്നെ മുൻനിര നേതാവുമായി മാറി. എസ് ടി യു വിന്റെ സംസ്ഥാന സെക്രട്ടറി ആയും ഇ ടി മുൻപ് പ്രവർത്തിച്ചിട്ടുണ്ട്. നാല് തവണ കേരള നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഇ ടി രണ്ടു തവണ വിദ്യാഭ്യാസ മന്ത്രിയായിരുന്നിട്ടുണ്ട്. ഇ ടി മന്ത്രിയായിരുന്ന കാലത്താണ് കേരളത്തിലെ സ്കൂളുകളിൽ ഡി പി ഇ പി എന്ന വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കിയത്. വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഘട്ടത്തിൽ മികച്ച ഭരണാധികാരിക്കുള്ള പൊന്നറ ശ്രീധരൻ അവാർഡും രാഷ്ട്രപതിയുടെ സിൽവർ എലെഫന്റ്റ് മെഡലും സ്കൂളുകൾ കേന്ദ്രീകരിച്ചു നടത്തിയ ലഹരി വിമുക്ത പ്രവർത്തനങ്ങൾക്ക് ആന്റി നാർക്കോട്ടിക് കൌണ്‍സിലിന്റെ പുരസ്കാരവും ഗ്രാമ പ്രദേശങ്ങളിൽ ശാസ്ത്ര – സാങ്കേതിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിച്ചതിനുള്ള കേരള ശാസ്ത്രവേദിയുടെ അവാർഡും ലഭിച്ചിട്ടുണ്ട്. കേരളത്തിന്റെ പ്രിയ കഥാകാരൻ ടി പദ്മനാഭൻ ഒരു പൊതുവേദിയിൽ വെച്ച് കേരളം കണ്ട ഏറ്റവും മികച്ച വിദ്യാഭ്യാസ മന്ത്രിമാരിൽ ഒരാൾ എന്നാണ് വിശേഷിപ്പിച്ചത്. ഇതേ അഭിപ്രായം തന്നെയാണ് ഡി പി ഇ പി പാഠ്യപദ്ധതിയുടെ ചുമതലക്കാരനായിരുന്ന കെ സുരേഷ് കുമാർ ഐ എ എസ്സും പിന്നീടൊരിക്കൽ പങ്കുവെച്ചത്. റുഖിയ ബഷീർ ആണ് ഭാര്യ. മൂന്ന് ആൺ മക്കളും ഒരു മകളുമുണ്ട്.

ഇ ടി മുഹമ്മദ് ബഷീറിനെക്കുറിച്ച് എന്റെ സുഹൃത്തും ചന്ദ്രിക ദിനപത്രത്തിന്റെ എഡിറ്ററുമായ സി പി സൈദലവി എഴുതിയ ‘ആ രാത്രി വണ്ടിയിൽ ബഷീർ ഉണ്ടാവും’ എന്ന ലേഖനത്തിൽ നിന്നും ഒരു ചെറിയ ഭാഗം ഇവിടെ ചേർക്കുന്നു.

‘അനസൂയ. മൂന്നുവയസ്സുകാരി. ഒരു മുടിയിഴപോലും ബാക്കിയില്ല. മജ്ജയിലേക്കു പടരുന്ന ക്യാന്‍സറിനെ തടുക്കാന്‍ ആ കുഞ്ഞുമേനിയില്‍ പ്രയോഗിച്ച ‘കീമോ’യുടെ രൂക്ഷത കാരണം കണ്‍പീലികള്‍ പോലും കൊഴിഞ്ഞുപോയിരിക്കുന്നു. തലേന്ന് അച്ഛന്‍ വാങ്ങിയണിയിച്ച കുപ്പിവളകളില്‍ തളര്‍ന്ന ചിരിയോടെ തലോടുന്നതിനിടെ അവള്‍ തലയിലൊന്നു തടവി ചോദിച്ചു: മോള്‍ക്ക് ഇനി മുടി വരില്ലേ അച്ഛാ? ഒരു പൊട്ടിക്കരച്ചിലോടെ മകളെ വാരിപ്പുണര്‍ന്ന ആ യുവാവില്‍ നിന്നു കുഞ്ഞിനെ വാങ്ങി കേരളത്തിന്റെ മുന്‍ വിദ്യാഭ്യാസമന്ത്രി പുറത്തേക്കു നടന്നു. കയ്യിലൊരു മിഠായിയുമായി തിരിച്ചുവന്ന് കട്ടിലില്‍ കിടത്തി. ബഷീര്‍ അവളുടെ കുഞ്ഞുനെറ്റിയില്‍ ഒരു ഉമ്മ കൊടുത്തു. വര്‍ഷങ്ങള്‍ കഴിഞ്ഞ് ആ അച്ഛനെ വീണ്ടും കണ്ടു. ‘കുട്ടി സുഖമായിരിക്കുന്നോ? സ്‌കൂളില്‍ പോകുന്നില്ലേ?’. തെല്ലു നിശ്ശബ്ദതക്കുശേഷമായിരുന്നു മറുപടി. ‘അവള്‍ എല്ലാ യാത്രകളും മരുന്നും മതിയാക്കി പോയി. മരിക്കുന്നതിന് തലേന്നും അവള്‍ ചോദിച്ചിരുന്നു: അച്ഛാ, ബഷീര്‍ മാമ വരില്ലേ?’ അയാള്‍ പറഞ്ഞു: ‘എന്റെ മോള്‍ മയക്കംവിട്ട് വേദനയിലേക്കുണരുമ്പോള്‍ എപ്പോഴും ഓടിയെത്തുമെന്നുറപ്പുള്ള ആ സാമീപ്യം’. തിരുവനന്തപുരത്തെ സി.എച്ച് സെന്ററില്‍ ഒരിക്കലെങ്കിലും ചെന്നവര്‍ ചോദിക്കാറുള്ള പേരുകളിലൊന്ന് ബഷീര്‍ സാറായിരുന്നു. കണ്ണടയുവോളമുണ്ടായിരുന്നു ഉറ്റവര്‍ക്കൊപ്പം ആ പേരും ചുണ്ടില്‍. എപ്പോഴും ഓടിയെത്തുമെന്നുറപ്പുള്ള ആ സാമീപ്യവും’. ഇവ്വിധം പറയുന്നു സമാനകഥകള്‍ പലരും. തിരുവനന്തപുരത്തെ സി.എച്ച് സെന്ററില്‍ ഒരിക്കലെങ്കിലും ചെന്നവര്‍ കള്ളിവരച്ചു കണക്കാക്കിവെക്കുന്ന അധികാരചിഹ്നങ്ങള്‍ക്കും മന്ത്രിയുടെയും പാര്‍ലമെന്റംഗത്തിന്റെയും പ്രസിദ്ധിക്കുമപ്പുറം ഇ.ടി മുഹമ്മദ് ബഷീര്‍, കലര്‍പ്പറ്റ മനുഷ്യസ്‌നേഹമായി വന്നു നില്‍ക്കുന്നു മലയാളിക്കു മുന്നില്‍..

തിരുവനന്തപുരത്തേക്കുള്ള രാത്രി വണ്ടിയില്‍ ബഷീറുമുണ്ടാകും. അര്‍ബുദത്തിന്റെ കൊടുമയില്‍ ദേഹവും മനസും തളര്‍ന്നു പോയ പട്ടിണിപ്പാവങ്ങള്‍, പദവിയുടെ പത്രാസില്ലാത്ത ഈ ജനപ്രതിനിധിയോട് സുഖ ദു:ഖങ്ങള്‍ പങ്കുവെക്കും. അവരില്‍ പലരും ആര്‍.സി.സിയിലെ നീണ്ട ചികിത്സക്കിടെ താമസിക്കാനിടമില്ലാതെ, വാടകയ്ക്ക് കഴിയാന്‍ ഗതിയില്ലാതെ പെരുവഴിയിലലയുന്നവര്‍. അങ്ങനെയൊരു രാത്രി വണ്ടി മനസ്സിലുറപ്പിച്ചതായിരുന്നു സി.എച്ച് സെന്റര്‍. ഒരേസമയം നൂറു രോഗികള്‍ക്കും അവരുടെ സഹായിക്കും കിടക്കാന്‍ തലസ്ഥാന നഗരിയില്‍ ഒരു സങ്കേതം. ഒരു പൈസ പ്രതിഫലമില്ലാതെ ഭക്ഷണവും സന്നദ്ധ പ്രവര്‍ത്തകരുടെ സേവനവും കൂട്ടിന്. മരുന്നു വാങ്ങാന്‍ ഡോക്ടറുടെ കുറിപ്പടി പ്രകാരമുള്ള സാമ്പത്തിക സഹായം വേറെ. മന്ത്രിസഭാ യോഗം തീര്‍ന്നാല്‍, പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞാല്‍ ബഷീര്‍ ഓടുന്നത് സ്വന്തം വീട്ടിലേക്കല്ല. സി.എച്ച് സെന്ററിലെ തണുത്തുറഞ്ഞ വേദനകളിലേക്ക്. അതു കഴിഞ്ഞാണ് മറ്റെല്ലാം. രാജ്യത്തെങ്ങുമുള്ള കാന്‍സര്‍ രോഗികള്‍ക്ക് താങ്ങായ കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക പദ്ധതികള്‍ക്ക് പ്രചോദനമായതും പൊന്നാനിയുടെ ഈ പാര്‍ലമെന്റംഗം തന്നെ.

മനുഷ്യാവകാശങ്ങളുടെ സ്വന്തം പ്രതിനിധിയായി ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തിലുയര്‍ന്ന ധീരസ്വരമാണ് ഇ.ടി മുഹമ്മദ് ബഷീര്‍. അനേകവര്‍ഷങ്ങളായി രാജ്യത്തെ വിവിധ ജയിലുകളില്‍ അനിശ്ചിതമായി തടവില്‍ കഴിയുന്ന രണ്ടുലക്ഷത്തോളം വിചാരണത്തടവുകാരുടെ പ്രശ്‌നം ആദ്യമായി പാര്‍ലമെന്റിലുന്നയിച്ച്, നിശ്ശബ്ദരാക്കപ്പെടുന്നവരുടെ ശബ്ദമാവുകയായിരുന്നു ബഷീര്‍. കുടുംബത്തിന്റെ ആശ്രയമായിരുന്നവര്‍ എവിടെ പോയ്മറഞ്ഞു എന്നറിയാതെ ബന്ധുക്കളുരുകുമ്പോള്‍ നീതി നിഷേധിക്കപ്പെട്ട് തടവറയില്‍ ബന്ധിതരായ നിരപരാധികള്‍ക്കായി ഒരപേക്ഷ. തീവ്രവാദത്തിനും വര്‍ഗീയതക്കുമെതിരെ സന്ധിയില്ലാതെ പൊരുതുന്ന തന്റെയും പാര്‍ട്ടിയുടെയും ശക്തമായ നിലപാട് ഉറക്കെപറഞ്ഞു കൊണ്ടുതന്നെ. പത്തുവര്‍ഷമായിട്ടും കുറ്റപത്രം പോലുമില്ലാതെ ആയുസ്സൊടുങ്ങിപ്പോകുന്ന അനേകായിരം ജന്മങ്ങളുടെ ദുരിത ജീവിതമാണ് ചരിത്രത്തിലാദ്യമായൊരാള്‍ പാര്‍ലമെന്റില്‍ ഉയര്‍ത്തിക്കാട്ടിയത്..’തടവില്‍ കഴിയുന്നവര്‍ ആരായാലും വിചാരണക്ക് വിധേയമാക്കണം. കുറ്റക്കാരെങ്കില്‍ അര്‍ഹിക്കുന്ന ശിക്ഷ നല്‍കണം. നിരപരാധികള്‍ക്ക് നീതിയും. മഹത്തായ ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന പൗരാവകാശം ആര്‍ക്കും നിഷേധിക്കപ്പെടരുത്”. ഈ പൊന്നാനിക്കാരന്റെ ആര്‍ജ്ജവവും ആത്മാര്‍ത്ഥതയും പണ്ഡിതോചിതമായ അവതരണവും ഇന്ത്യന്‍ പാര്‍ലമെന്റിനു ബോധ്യപ്പെട്ടു.

വിചാരണത്തടവുകാരില്‍ ഏറ്റവുമധികം മാധ്യമ ശ്രദ്ധ ലഭിച്ച വ്യക്തി കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബഷീറിനെ പരാജയപ്പെടുത്താന്‍ പ്രചാരണത്തിനിറങ്ങിയതല്ലേ എന്ന മറുചോദ്യം പോലും ഗൗനിക്കാതെയാണ് ബഷീര്‍ നീതിക്കുവേണ്ടിയുള്ള പോരാട്ടം നയിച്ചത്.

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍