Top

ക്ലാസ് മുറികളെ ഇടിമുറികളാക്കാന്‍ എല്ലാ മത സംഘടനകളും ഒറ്റക്കെട്ട്

ക്ലാസ് മുറികളെ ഇടിമുറികളാക്കാന്‍ എല്ലാ മത സംഘടനകളും ഒറ്റക്കെട്ട്
മൂന്ന് വര്‍ഷം മുമ്പ് കൃത്യമായി പറഞ്ഞാല്‍ 2014 സെപ്തംബറില്‍ ഒരു തിരുവനന്തപുരം കുടപ്പനക്കുന്നിലുള്ള ഒരു അണ്‍എയ്ഡഡ് സ്‌കൂളില്‍ കുട്ടിയെ പട്ടിക്കൂട്ടിലടച്ച സംഭവമുണ്ടായപ്പോള്‍ കേരളസമൂഹം ഏറെ പ്രതിഷേധത്തോടെയാണ് അതിനെ നേരിട്ടത്. സഹപാഠിയോട് സംസാരിച്ചുവെന്ന കുറ്റത്തിനായിരുന്നു പാതിരപ്പള്ളിയിലെ ജവഹര്‍ പബ്ലിക് സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥിയായ അഞ്ചു വയസ്സുകാരനെ അഞ്ച് മണിക്കൂറോളം പട്ടിക്കൂട്ടിലടച്ചത്. ഇതേ സ്‌കൂളില്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയുടെ ചേച്ചി ഇത് ചോദ്യം ചെയ്തപ്പോള്‍ 'വീട്ടില്‍ ചെന്ന് പറഞ്ഞാല്‍ നിന്റെ വായില്‍ കമ്പ് കുത്തിക്കേറ്റും' എന്നായിരുന്നു അധ്യാപികയുടെ ഭീഷണി. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം മാത്രമാണ് കുട്ടിയുടെ രക്ഷിതാക്കള്‍ ഈ വിവരം അറിഞ്ഞതും വാര്‍ത്തയായി മാറിയതും. അതോടെ ഈ വിഷയം ഒരു പൊതുചര്‍ച്ചയില്‍ എത്തിച്ചേരുകയും ചെയ്തു.

ചാനലുകളിലും ചായക്കടകളിലുമെല്ലാം ഏതാനും ദിവസം ഈ വാര്‍ത്ത ചര്‍ച്ച ചെയ്യപ്പെട്ടു. ഈ സംഭവത്തിന് മുമ്പും ശേഷവും ഇത്തരത്തില്‍ കുട്ടികള്‍ ക്ലാസ് മുറികളില്‍ പീഡിപ്പിക്കപ്പെടുന്നതിന്റെ വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ പതിവ് പോലെ മറ്റൊരു വാര്‍ത്തയെത്തുന്നതോടെ ഈ വാര്‍ത്തകളും വായനക്കാരുടെ വിസ്മൃതിയിലേക്ക് മടങ്ങും. സമാനമായ മറ്റൊരു സംഭവമുണ്ടാകുമ്പോഴാകും ഇത്തരം വാര്‍ത്തകള്‍ വീണ്ടും ഓര്‍മ്മിക്കപ്പെടുക. കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശത്തിനൊപ്പം വിദ്യാര്‍ത്ഥികള്‍ക്കും കുട്ടികള്‍ക്കും പരിരക്ഷ ഉറപ്പാക്കുന്ന നിയമങ്ങളും വകുപ്പുകളും നിരന്തരം നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന രാജ്യമാണ് നമ്മുടേതെന്നു കൂടി ഇവിടെ കൂട്ടിവായിക്കേണ്ടതുണ്ട്. വടികൊണ്ട് അടിക്കരുതെന്നാണ് നിലവില്‍ നമ്മുടെ നിയമം ആവശ്യപ്പെടുന്നത്. വടി ഉപയോഗിക്കുന്നില്ലെങ്കിലും ശിക്ഷകള്‍ക്ക് നമ്മുടെ ക്ലാസ് മുറികളില്‍ യാതൊരു നിയന്ത്രണവുമില്ലെന്നാണ് ഇത്തരം പ്രാകൃതമായ ശിക്ഷാവിധികള്‍ കാണുമ്പോള്‍ മനസിലാക്കേണ്ടത്. പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞാല്‍, ക്ലാസില്‍ സംസാരിച്ചാല്‍, മലയാളം പറഞ്ഞാല്‍ എന്നിങ്ങനെ എന്തെന്ത് കാരണങ്ങളാലാണ് നമ്മുടെ കുട്ടികള്‍ ഇന്ന് ക്ലാസ് മുറികളില്‍ പീഡിപ്പിക്കപ്പെടുന്നത്. ശാരീരിക പീഡനങ്ങളേക്കാള്‍ മാനസിക പീഡനങ്ങളാണ് ഇന്നത്തെ അധ്യാപകരുടെ ആയുധം. അതിനായി ഇന്റേണല്‍ മാര്‍ക്ക്, ബോര്‍ഡ് എക്‌സാം എഴുതിക്കില്ല തുടങ്ങിയ ഭീഷണികളും ഇവരില്‍ പലരും ഉപയോഗിക്കുകയും ചെയ്യുന്നു.

ഇത്തരത്തിലുള്ള ക്ലാസ് മുറികളിലെ മാനസികപീഡനങ്ങളുടെ അവസാനത്തെ ഇരയാണ് കൊല്ലം ട്രിനിറ്റി ലെസി എന്ന അണ്‍എയ്ഡഡ് സ്‌കൂളിലെ ഗൗരി നേഘയെന്ന വിദ്യാര്‍ത്ഥി. അധ്യാപികമാരുടെ മാനസികപീഡനം സഹിക്കാനാകാതെ ഗൗരി സ്‌കൂളിന്റെ മൂന്നാം നിലയില്‍ നിന്നും താഴേക്ക് എടുത്തു ചാടുകയായിരുന്നു. ആദ്യം സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഉടമസ്ഥതയില്‍ തന്നെയുള്ള ബിഷപ്പ് ബെന്‍സിഗര്‍ ആശുപത്രിയിലും പിന്നീട് അനന്തപുരി ആശുപത്രിയിലും എത്തിച്ചെങ്കിലും കുട്ടിയുടെ മരണം സംഭവിക്കുകയായിരുന്നു. ആദ്യം എത്തിച്ച ആശുപത്രിയില്‍ കൃത്യമായ പരിശോധനകള്‍ നടന്നിരുന്നില്ലെന്നും കേസ് മറിച്ചുവയ്ക്കാന്‍ അവിടെ തന്നെ ചികിത്സ തുടരണമെന്നും ആശുപത്രി അധികൃതര്‍ നിര്‍ബന്ധം പിടിച്ചെന്നുമാണ് അറിയുന്നത്. അതെന്തുതന്നെയായാലും ഗൗരിയെ പോലുള്ള കുട്ടികളെ ഒരു എടുത്തുചാട്ടത്തിലൂടെ ഇത്തരമൊരു സാഹസത്തിന് പ്രേരിപ്പിക്കുന്ന ക്ലാസ് മുറികളിലെ അന്തരീക്ഷമെന്താണെന്നാണ് മുഖ്യമായും പരിശോധിക്കേണ്ടത്. കാരണം, അവര്‍ കുഞ്ഞുങ്ങളാണ്. അവരുടെ മനസിനെ നാമല്ലാതെ മറ്റാരാണ് മനസിലാക്കേണ്ടത്.

http://www.azhimukham.com/kerala-adv-roopa-speaks-on-torture-to-his-son-by-teachers-in-trinity-lyceum-where-gauri-negha-died/

വിദ്യാഭ്യാസ സംവിധാനം ആരംഭിച്ചതോടെ തന്നെ ബലംപ്രയോഗിച്ച് വിദ്യ അഭ്യസിപ്പിക്കുകയെന്ന സംവിധാനവും വളര്‍ന്നുവന്നുവെന്നാണ് സാമൂഹിക പ്രവര്‍ത്തകനായ ഫിലിപ്പ് എം പ്രസാദ് പറയുന്നത്. ക്ലാസ് മുറികളിലെ ചൂരല്‍ പ്രയോഗത്തിനെതിരെ ശബ്ദമുയര്‍ത്തിയ വ്യക്തിയാണ് ഫിലിപ്പ് എം പ്രസാദ്. ഗുരുകുല സംവിധാനത്തെ എത്ര പുകഴ്ത്തിയാലും എന്ത് ശിക്ഷയും ശരിയാണെന്ന ചിന്ത അവിടെ നിന്നാണ് വന്നത്. മത സംഘടനകളുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ഈ മര്‍ദ്ദന സമ്പ്രദായം ഏറ്റവുമധികമുള്ളത്. കഴിഞ്ഞ തലമുറയെ പോലെ പുതിയ പുതിയ തലമുറയെയും വളര്‍ത്തണമെന്ന ചിന്തയാണ് മതങ്ങളുടെ അടിത്തറ. ആ അടിത്തറ സ്ഥാപിക്കണമെങ്കില്‍ എല്ലാ തലമുറയെയും അച്ചിലിട്ട് വളര്‍ത്തണം. അതിനാണ് അച്ചടക്കം എന്ന് പറയുന്നത്. മലയാളഭാഷയില്‍ ഈ വാക്ക് തന്നെ അശ്ലീലമാണ്. അതായത് ഒരു കുട്ടിയെ മുന്‍കൂട്ടി നിശ്ചയിച്ച അച്ചിലിട്ട് വളര്‍ത്തുകയെന്നതാണ് ഇവരുടെ നിലപാട്. ഇക്കാര്യത്തില്‍ എല്ലാ മതങ്ങളും ഒറ്റക്കെട്ടാണെന്നും ഫിലിപ്പ് എം പ്രസാദ് പറയുന്നു. ഇതിന്റെ അടിസ്ഥാനകാരണം കുട്ടികളെ അടിച്ചുവളര്‍ത്തണമെന്ന ചിന്താഗതിയില്‍ നിന്നും രക്ഷിതാക്കളും മോചിതരായിട്ടില്ലെന്നതാണ്. ഇതൊരു സുദീര്‍ഘമായ പ്രക്രിയയാണ്. ജാതിനിര്‍മ്മാര്‍ജ്ജനം പോലെയോ അതിനേക്കാളോ വിഷമകരമായ ഒരു പ്രക്രിയയാണ് ക്ലാസ്മുറിയിലെ മര്‍ദ്ദനങ്ങള്‍ അവസാനിപ്പിക്കുകയെന്നതുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള സര്‍ക്കാര്‍ ഇപ്പോള്‍ നല്ലരീതിയില്‍ ഇതിനെതിരെ ഇടപെടുകയും അത് അവസാനിപ്പിക്കാനുള്ള നീക്കങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. അതേസമയം സമീപകാലത്തായി ഈ നിലപാടിന് മാറ്റം വന്നിട്ടുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളിലെയും എയ്ഡഡ് സ്‌കൂളിലെയും ഈ രീതി എഴുപത് ശതമാനവും അവസാനിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. കുട്ടികളെപ്പോലെ തന്നെ അധ്യാപക വിഭാഗത്തിനുമിടയിലെ മാനസിക പ്രശ്‌നങ്ങള്‍ തന്നെയാണ് ക്ലാസ് മുറിയിലെ മര്‍ദ്ദനങ്ങള്‍ക്ക് കാരണം. എന്നാല്‍ ഇപ്പോള്‍ വ്യാപകമായിരിക്കുന്ന വന്‍കിട അന്താരാഷ്ട്ര സ്‌കൂളുകളില്‍ അടിയെന്ന വാക്ക് പോലും ഉപയോഗിക്കുന്നില്ല. അവിടെയെല്ലാം സമൂഹത്തിന്റെ ഉന്നതതട്ടിലുള്ള രക്ഷിതാക്കളുടെ മക്കളാണ് അവിടെ പഠിക്കുന്നത്. അത്തരം സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സൃഷ്ട്വിന്‍മതയ്ക്ക് പൂര്‍ണമായ സ്വാതന്ത്ര്യമാണ് ലഭിക്കുന്നത്. അതിനാല്‍ തന്നെ അവര്‍ നേതൃഗുണമുള്ള മികച്ച സംഘാടകരായ വ്യക്തികളായി വളരുന്നു. എന്നാല്‍ സമൂഹത്തിന്റെ താഴേത്തട്ടില്‍ ജീവിക്കുന്ന രക്ഷിതാക്കളുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളുകളില്‍ ഈ രീതി കുറഞ്ഞിട്ടുണ്ടെങ്കിലും നിലനില്‍ക്കുന്നുണ്ട്. നമ്മുടെ വര്‍ഗ്ഗ, ജാതി സമ്പ്രദായത്തിലെ ഒരിക്കലും അവസാനിക്കാത്ത പ്രക്രിയയുടെ ഭാഗമാണ് ഇത്. വര്‍ഗ്ഗ, ജാതി സമരത്തിന്റെ ഭാഗമായി ഇതിനെ കാണാന്‍ ഇവിടുത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കും പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും കഴിയുന്നില്ലെന്നതാണ് സങ്കടമെന്നും ഫിലിപ്പ് എം പ്രസാദ് കൂട്ടിച്ചേര്‍ത്തു.

[caption id="attachment_116449" align="alignnone" width="550"] ഫിലിപ്പ് എം പ്രസാദ്                                     സജിന്‍ പി ജെ[/caption]ഗൗരിയ്ക്ക് നേരിട്ടതുപോലെ മാനസികമായും ശാരീരികമായുമുള്ള പീഡനങ്ങള്‍ ഇവിടുത്തെ ക്ലാസ്മുറികളില്‍ യഥേഷ്ടം നടക്കുന്നുണ്ടെന്ന് അധ്യാപകനായ സജിന്‍ പി ജെ പറയുന്നു. അതില്‍ പലതും ഇവിടെ പുറത്തുവരുന്നില്ല. കുട്ടികളെ സംബന്ധിച്ചിട്ടുള്ള ഏറ്റവും പ്രധാന പ്രശ്‌നങ്ങളും കുട്ടികള്‍ പറഞ്ഞാല്‍ ഈ സമൂഹം അംഗീകരിക്കണമെന്നില്ല. അതിനാല്‍ തന്നെ അവര്‍ അതില്‍ പലതും പുറത്തുപറയാറുമില്ല. അധ്യാപകന്‍ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് കുട്ടി പറഞ്ഞാല്‍ സമൂഹം എളുപ്പത്തില്‍ അംഗീകരിച്ചുകൊടുക്കില്ല. അധ്യാപകന്‍ തല്ലിയെന്ന് പറഞ്ഞാല്‍ അത് കുട്ടി തെറ്റ് ചെയ്തതുകൊണ്ടാണെന്ന വ്യഖ്യാനവും ഉണ്ടാകും. അങ്ങനെയുള്ളതിനാല്‍ തന്നെ മറ്റ് വിഭാഗത്തില്‍പ്പെട്ട തൊഴിലുകളെല്ലാം ചെയ്യുന്നവര്‍ കൈപ്പറ്റാത്ത ഒരു ആനുകൂല്യം കൈപ്പറ്റുന്നവരാണ് അധ്യാപകര്‍. ആ ആനുകൂല്യമാണ് അവരെ മനുഷ്യത്വരഹിതവും വിദ്യാര്‍ത്ഥി വിരുദ്ധവുമായ നിലപാടുകളെടുക്കാന്‍ സഹായിക്കുന്നതെന്നും സജിന്‍ ചൂണ്ടിക്കാട്ടുന്നു. ഗൗരി നേഘയുടെ ആത്മഹത്യയെന്നത് ഇത്തരത്തിലുള്ള സംഭവങ്ങളുടെ ചരിത്രത്തിന്റെ ഇങ്ങേത്തലയ്ക്കല്‍ സംഭവിക്കുന്ന ഒരു കാര്യമാണ്. അതൊരിക്കലും പെട്ടെന്നുണ്ടായ ഒന്നല്ല. ഒരുപക്ഷെ ഗൗരിയുടെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമാകാം. എന്നാല്‍ ഗൗരി നേരിട്ടതുപോലുള്ള മാനസിക പീഡനങ്ങള്‍ ഒരിക്കലും ഒറ്റപ്പെട്ടതല്ലെന്നും സജിന്‍ പറയുന്നു.

ഏതൊരു അധ്യാപകനും ആ ജോലി തെരഞ്ഞെടുക്കുമ്പോള്‍ ആദ്യമേ മനസിലാക്കേണ്ടത് വ്യക്തിപരമായ പ്രശ്‌നങ്ങള്‍ തീര്‍ക്കാനുള്ള ഇടമല്ല ക്ലാസ് മുറിയെന്നതാണ്. മറ്റ് ജോലികളില്‍ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത് അധ്യാപകന്‍ ക്ലാസ് മുറിയില്‍ വച്ച് ഒരു മനുഷ്യനെ രൂപപ്പെടുത്തിയെടുക്കുന്ന ആളാണെന്നതാണ്. അവിടെ കുട്ടികളെ തിരിച്ചറിയാനും അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനുമുള്ള വലിയ ഉത്തരവാദിത്വം അധ്യാപകനുണ്ട്. എയ്ഡഡ് സ്‌കൂളുകളില്‍ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ പുറത്തുവരുന്നത്. തനിക്ക് ശമ്പളം കുറവാണെന്ന ചിന്തയേക്കാള്‍ അപ്പുറത്ത് വിദ്യാര്‍ത്ഥിയോടുള്ള തന്റെ കടമയാണ് ക്ലാസ് മുറിക്കുള്ളില്‍ അധ്യാപകര്‍ മനസില്‍ വയ്‌ക്കേണ്ടത്. അധ്യാപകന്റെ ശമ്പളക്കുറവ് അവര്‍ ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ മാത്രം കുറ്റമല്ല, അത് ഈ സമൂഹത്തിന്റെ കുറ്റമാണ്. അവരുടെ തൊഴില്‍പരമായ അസംതൃപ്തിയെ കൈകാര്യം ചെയ്ത് പ്രവര്‍ത്തിക്കാന്‍ ഈ സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. എന്നാല്‍ അത്തരം പ്രശ്‌നങ്ങളൊന്നും തന്നെ അധ്യാപകര്‍ വിദ്യാര്‍ത്ഥികളോട് തീര്‍ക്കേണ്ട അസംതൃപ്തികളല്ലെന്നും സജിന്‍ കൂട്ടിച്ചേര്‍ത്തു.

http://www.azhimukham.com/trending-15-years-old-student-suicide-parents-still-asking-police-who-behind-it-kr-dhanya-report/

അതേസമയം വിദ്യാര്‍ത്ഥികളേക്കാള്‍ അത്യാവശ്യമായി അധ്യാപകര്‍ക്കാണ് പലകാര്യങ്ങളിലും കൗണ്‍സിലിംഗ് നല്‍കേണ്ടതെന്ന് ആലുവ സ്വദേശിയായ ശ്രീവിദ്യ ശ്രീകുമാര്‍ എന്ന രക്ഷിതാവ് പറയുന്നു. എല്‍കെജിയില്‍ പഠിക്കുന്ന തന്റെ മകനെ അധ്യാപിക അടിച്ച് തുട പൊട്ടിച്ച സംഭവാണ് ശ്രീവിദ്യ പറയുന്നത്. സ്‌കൂളില്‍ അന്വേഷിച്ചപ്പോള്‍ അവര്‍ പറയുന്നത് ബെഞ്ചില്‍ ഇടിച്ചതാണെന്നാണ്. എന്നാല്‍ വടികൊണ്ട് തല്ലുന്നതും ബെഞ്ചില്‍ ഉരഞ്ഞതും വ്യത്യാസമുണ്ടെന്നും പല സ്‌കൂളുകളിലും ഇപ്പോഴും വടി പ്രയോഗമുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അധ്യാപകരുടെ മാനസിക സമ്മര്‍ദ്ദങ്ങളും വ്യക്തിപരമായ പ്രശ്‌നങ്ങളും കുട്ടികളില്‍ തീര്‍ക്കുന്നതു മൂലമാണ് ഗൗരിയ്ക്കുണ്ടായതുപോലുള്ള പീഡനങ്ങള്‍ ഇവിടെ തുടരുന്നതെന്നാണ് ഇവരുടെയും വാദം.

എന്തായാലും ഗൗരി സംഭവത്തില്‍ നാം മനസിലാക്കേണ്ട ഒരു പ്രധാന പാഠം അധ്യാപകരുടെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഇറക്കിവയ്‌ക്കേണ്ട ഇടമല്ല ക്ലാസ് മുറിയെന്നും അത് പരിഹരക്കാനുള്ള ഉപകരണങ്ങളല്ല കുട്ടികളെന്നും തന്നെയാണ്. സ്‌കൂള്‍ അധികൃതര്‍ക്കെതിരെ ഒരിക്കല്‍ താനെടുത്ത നിലപാടാണ് തന്റെ മകളുടെ മരണത്തില്‍ കലാശിച്ചതെന്ന് ഗൗരിയുടെ അച്ഛന്‍ പ്രസന്നകുമാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഗൗരി അപകടത്തില്‍പ്പെട്ട് ആശുപത്രിയിലെത്തിച്ചതിന് ശേഷവും ഇതേ സ്‌കൂളില്‍ തന്നെ ഒരു കുട്ടിയെ അധ്യാപിക ചെകിട്ടത്തടിച്ചുവെന്ന ഒരു രക്ഷിതാവിന്റെ വെളിപ്പെടുത്തലും നാം ഞെട്ടലോടെ കാണണം. തങ്ങളുടെ പീഡനം സഹിക്കാനാകാതെ ഒരു കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന വസ്തുതയ്ക്ക് മുകളിലിരിക്കുമ്പോള്‍ പോലും തങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ വീണ്ടും കുട്ടികള്‍ക്ക് മേല്‍ ഇറക്കിവയ്ക്കാനല്ലേ അവര്‍ ശ്രമിക്കുന്നത്. ഇനിയുമെന്നാണ് തങ്ങളുടെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഇറക്കിവയ്‌ക്കേണ്ടയിടമല്ല വിദ്യാര്‍ത്ഥികളെന്ന് ഇവര്‍ മനസിലാക്കുന്നത്?

അധ്യാപകരുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഇത്തരം തെറ്റുകള്‍ കുട്ടിയുടെ മനസിനെയും ജീവിതത്തെയും തന്നെയാണ് ബാധിക്കുന്നതെന്ന് ഇവര്‍ എന്തുകൊണ്ടാണ് തിരിച്ചറിയാത്തത്? വിദ്യാഭ്യാസം മാനസികമായി ലഭിക്കേണ്ട ഉണര്‍വു കൂടിയാണ്. ശരീരത്തിനും മനസിനും മുറിവേല്‍ക്കുന്ന കുട്ടിയ്ക്ക് എങ്ങിനെയാണ് മാനസികമായ ഉണര്‍വ് ലഭിക്കുന്നത്? ക്ലാസ് മുറികള്‍ ഇടിമുറികളായി മാറുമ്പോള്‍ ജിഷ്ണു പ്രണോയിയെന്ന വേദന നമുക്ക് മുന്നിലുണ്ടെന്നതും ഈ സമൂഹം മറന്നുകൂടാ. വിദ്യാഭ്യാസം പീഡനത്തിലൂടെ അടിച്ചേല്‍പ്പിക്കുമ്പോള്‍ ഇവിടെ സംഭവിക്കുന്നത് അടുത്തൊരു തലമുറയെ ഇല്ലാതാക്കല്‍ കൂടിയാണെന്ന് ഈ സമൂഹവും രക്ഷിതാക്കളും അധ്യാപകരും ഇനിയെങ്കിലും മനസിലാക്കണം.

Next Story

Related Stories