TopTop
Begin typing your search above and press return to search.

കസേരയിട്ടാല്‍ മാത്രം പോര, അവര്‍ക്ക് ഇരിക്കാന്‍ സമയം കിട്ടുന്നു എന്നുകൂടി ഉറപ്പുവരുത്തണം

കസേരയിട്ടാല്‍ മാത്രം പോര, അവര്‍ക്ക് ഇരിക്കാന്‍ സമയം കിട്ടുന്നു എന്നുകൂടി ഉറപ്പുവരുത്തണം
തുണിക്കടകളിലും ജ്വല്ലറികളിലും ഷോപ്പിങ്ങിനായി ഒരിക്കലെങ്കിലും പോവാത്തവരായി ആരുംതന്നെയില്ല. എന്നാൽ ആ കടയിൽ കാലെടുത്തു വെയ്ക്കുമ്പോൾ മുതൽ നന്നായി ഞൊറിഞ്ഞുടുത്ത സാരിയും, ഭംഗിയായി കെട്ടിവെച്ച മുടിയും, നിറ പുഞ്ചിരിയുമായി നമ്മെ സ്വീകരിക്കുന്ന ഒരുപാട് സ്ത്രീകളുണ്ടാവാറുണ്ട്. നമ്മളോട് കുശലാന്വേഷണങ്ങൾ ചോദിച്ചറിയുന്ന, നമ്മൾ വാരിവലിച്ചിടുന്ന തുണിത്തരങ്ങൾ പിന്നെയും അടുക്കി ഒതുക്കി വെയ്ക്കുമ്പോൾ ഒരു നോട്ടം കൊണ്ടു പോലും യാതൊരു തരത്തിലുമുള്ള ഈർഷ്യയും കാണിക്കാത്ത ഇവർ തൊഴിലിടങ്ങളിൽ നേരിടുന്നത് വലിയ മനുഷ്യാവകാശലംഘനങ്ങളാണ്. ഒന്നിരിക്കാൻ പോലും സാധിക്കാതെ മണിക്കൂറുകളോളം ഇവർ ജോലി ചെയ്യുന്നു.

തൊഴിലാളി സ്ത്രീകളുടെ അടിസ്ഥാന സൗകര്യങ്ങൾ നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് മിഠായിത്തെരുവിൽ 'പെൺകൂട്ട്'എന്ന തൊഴിലാളി സ്ത്രീ കൂട്ടായ്‌മയും അസംഘടിത തൊഴിലാളി യൂണിയനും ചേർന്ന് സമരം തുടങ്ങിയിട്ട് വർഷങ്ങളായി.

അസംഘടിത മേഖലിയിലെ മിനിമം വേതനവും, ജോലി സമയവും ഒക്കെ ചർച്ച ചെയ്യേണ്ട വലിയ വിഷയങ്ങൾ ആയിരിക്കെ തന്നെ, മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ജോലി സമയത്തിൽ ഇടയ്ക്കെങ്കിലും ഒന്നിരിക്കാനും മൂത്രപ്പുര ഉപയോഗിക്കാനുമുള്ള അവകാശത്തിനു വേണ്ടി സമരം ചെയ്യേണ്ടി വരിക എന്നത് ഈ മേഖലയിൽ ഇവരനുഭവിക്കുന്ന തികഞ്ഞ മനുഷ്യാവകാശ ലംഘനങ്ങളുടെ നേർചിത്രങ്ങളാണ്.

ഇരുന്നു ജോലി ചെയ്യുവാനുള്ള അവകാശത്തിനായി സമരം ചെയ്ത തൊഴിലാളികൾക്ക് ഏറെ പ്രതീക്ഷയും ആശ്വാസവും നൽകുന്ന തീരുമാനമാണ് ജൂലൈ 4നു നടന്ന മന്ത്രസഭാ തീരുമാനത്തിലുണ്ടായത്. 1960 ലെ കേരള ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് നിയമം ഭേദഗതി ചെയ്യുന്ന ബില്ലിന്റെ കരട് മന്ത്രസഭ അംഗീകരിച്ചു. അസംഘടിത തൊഴിലാളി യൂണിയന്റെയും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും നിരന്തര ഇടപെടലുകളും പരാതികളും പരിഗണിച്ചാണ് ഈ തിരുമാനം. ആഴ്ചയിൽ ഒരു ദിവസം തൊഴിലാളികൾക്ക് അവധി അനുവധിക്കുക, തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന ലൈംഗിക പീഡനങ്ങൾ തടയുക തുടങ്ങി കർശന വ്യവസ്ഥകളും രാത്രി ജോലി ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയും യാത്ര സൗകര്യങ്ങളും ഭേദഗതിയിൽ കൊണ്ടുവരും. നിയമം ലംഘിക്കുന്ന സ്ഥാപന ഉടമകൾക്കുള്ള പിഴ 5000 രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയും നിയമലംഘനം അവർതത്തിക്കുന്നവർക്കുള്ള പിഴ 10,000 രൂപയിൽ നിന്ന് 2 ലക്ഷം രൂപയും ആക്കി വർധിപ്പിച്ചു. കൂടാതെ ഏജൻസികൾ റിക്രൂട്ട് ചെയ്യുന്ന എല്ലാ വിധ തൊഴിലാളികളേയും ഈ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരും.

ഈ തീരുമാനം വളരെ പ്രതീക്ഷ നല്കുന്നതാണെന്നും, മനുഷ്യാവകാശ കമ്മീഷന്റെയും അസംഘടിത തൊഴിലാളി യൂണിയന്റെയും സംയുക്തമായ ഇടപെടലുകൊണ്ടാണ് ഈ നേട്ടം സാധ്യമായതെന്നും അഭിഭാഷകയും മനുഷ്യാവകാശ പ്രവർത്തകയുമായ അണിമ മുയ്യാരത്ത് പറയുന്നു."നിയമം ഭേദഗതി ചെയ്യുന്നു എന്ന വാർത്ത മാത്രമാണ്‌ ഇപ്പോൾ വന്നത്. എന്നാൽ ഇതേ പറ്റി യാതൊന്നും ഔദ്യോഗികമായി പുറത്തു വന്നിട്ടില്ല. അതുകൊണ്ടുതന്നെ എന്താണ് ഭേദഗതിയിൽ എന്നത് ഇപ്പോഴും വ്യകതമായി പറയാനാവില്ല" എല്ലാ കടയിലും വിശ്രമ മുറി, നാലു മണിക്കൂറിൽ ഒരു മണിക്കൂർ വിശ്രമം എന്നിവയൊക്കെ 1960 ലെ ആക്ടിൽ ആദ്യമേ ഉൾപ്പെടുത്തിയിട്ടുണ്ട്. പക്ഷെ അവയൊന്നും ഇപ്പോഴും പ്രാവർത്തികമാക്കപ്പെട്ടിട്ടില്ല. എല്ലാ കടകളിലും തൊഴിലാളികൾക്ക് സൗകര്യപ്രദമായ ഇരിപ്പിടം അനുവദിക്കുക എന്നതാണ് പുതിയ ഭേദഗതിയിലെ എടുത്തു പറയേണ്ട ഒരു കാര്യം.എന്നാൽ ഇതുകൊണ്ട് അവർക്ക് ഇരിക്കാനാവണം എന്നില്ല .ഇരിക്കാനുള്ള അവസരം ഉണ്ടാക്കുകയാണ് പ്രാധാനം. ഒരു കസ്റ്റമർ വന്ന് അടുത്ത കസ്റ്റമർ വരുന്നതിനിടയിലുള്ള സമയത്ത് അല്പ നേരമെങ്കിലും അവർക്ക് ഇരിക്കാനാവണം.എങ്കിലേ ഇരിക്കാനുള്ള അവകാശം നേടി എന്നു പറയാനാവുകയുള്ളൂ"
അണിമ പറയുന്നു. ഈ സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷം നിയമലംഘനം നടത്തിയ 30ഓളം കടകൾക്ക് നേരെ നടപടി എടുത്തു എന്നത് തന്നെ മാറ്റത്തിന്റെ തുടക്കമാണെന്ന് അവർ കൂട്ടിച്ചേർത്തു. മുഖ്യധാര രാഷ്ട്രീയ പാർട്ടികളോ മാധ്യമങ്ങളോ തിരിഞ്ഞു നോക്കാതിരുന്ന ഒരു മേഖലയിൽ ചെറിയ മാറ്റമെങ്കിലും ഉണ്ടാവുക എന്നത് പ്രത്യാശയുടെ സൂചനയാണെന്നു വേണം കരുതാൻ "ഒരു മീഡിയ സപ്പോർട്ടും ഉണ്ടായിരുന്നില്ല. സോഷ്യൽ മീഡിയയിൽ കൂടിയായിരുന്നു ആളുകൾ ഈ സമരത്തെ പറ്റി അറിഞ്ഞത്" അണിമ പറയുന്നു.

എന്നാൽ ഈ തീരുമാനം ഇടത് സർക്കാരിന്റെ സ്‌ത്രീ പക്ഷ നിലപാട് തെളിയിക്കുന്നതാണെന്നും പുതിയ തീരുമാനത്തിൽ ഒരുപാട് സന്തോഷമുണ്ടെന്നും അസംഘടിത തൊഴിലാളി യൂണിയൻ ഭാരവാഹിയും 'പെൺ കൂട്ട്'പ്രവർത്തകയുമായ വിജി പറയുന്നു. നിയമങ്ങൾ നടപ്പിലാക്കാനുള്ളതാണ്. കടലാസിലൊതുങ്ങിയാൽ അത് നിയമം ആവില്ല എന്ന് അടിവരയിടുന്നു വിജയുടെ വാക്കുകൾ. "2010ൽ ഞങ്ങൾ നടത്തിയ സമരം സ്ത്രീ തൊഴിലിടങ്ങളിൽ മൂത്രപ്പുര സ്ഥാപിക്കാനുള്ളതായിരുന്നു. മിനിസ്റ്റർ അടക്കം എല്ലാവരും പ്രശ്നം പരിഹരിക്കാമെന്ന് വാക്കു തന്നിട്ടും ഇപ്പോഴും ഇവിടെ സ്ത്രീകൾ പ്രാഥമിക കാര്യങ്ങൾ നിറവേറ്റാൻ ബുദ്ധിമുട്ടുകയാണ്"
ഓരോ കെട്ടിടത്തിലും മൂത്രപ്പുര നിർബന്ധമാണെന്ന നിയമം നിലനിൽക്കെ തന്നെ ഇവയൊന്നും ഒരു മുതലാളിമാരും പാലിക്കുന്നില്ല. നിയമ വ്യവസ്ഥയെ പോലും വെല്ലുവിളിക്കുന്ന ഇവരെ അനുസരിക്കാനല്ലാതെ തൊഴിലാളികൾക്ക് വേറെ വഴിയൊന്നുമില്ല. പ്രതികരിച്ചാൽ ഇല്ലാതാവുന്നത് കുടുംബത്തിലെ വരുമാനമാണെന്നും വിജി കൂട്ടിച്ചേര്‍ത്തു.

പുതിയ നിയമത്തിൽ സന്തോഷമുണ്ടെന്ന് പറയുമ്പോഴും തൃശൂർ കല്യാൺ സാരീസിലെ ജീവനക്കാരിയായിരുന്ന മായദേവിക്ക് പറയാനുളളത്
"കസേര കൊടുത്തു എന്നു കരുതി എല്ലാം പരിഹരിക്കാനാവില്ല. അവർക്ക് ഇരിക്കാൻ കഴിയുന്നു എന്നുകൂടെ ഉറപ്പ് വരുത്തണം"
എന്നതാണ്. "വർഷങ്ങളായി അസംഘടിത മേഖലയിലുണ്ടായിരുന്ന പ്രശ്നങ്ങൾക്ക് എതിരെ ആദ്യമായി പ്രതികരിച്ചത് മിഠായിത്തെരുവിലെ പെൺകൂട്ടാണ്. അതിനു ശേഷം തൃശൂർ കല്യാണ്‍ സാരീസിൽ ഞങ്ങൾ സംഘടിച്ചു. അതിന്റെ പേരിൽ കട നഷ്ടത്തിലാണെന്നു കാരണം പറഞ്ഞ് ഞാൻ അടക്കം 6 പേരെ അവിടെ നിന്നും പിരിച്ചുവിടുകയാണുണ്ടായത്" ഇതിനെതിരെ മായ അടക്കമുള്ളവർ നൽകിയ കേസിന്റെ ഹിയറിങ് ഈ വരുന്ന ജൂലൈ 10 ന് ലേബർ കോർട്ടിൽ നടക്കാനിരിക്കുകയാണ് .
"സമരം ചെയ്തത് കൊണ്ടും കേസിനു പോയത് കൊണ്ടും എന്താണ് നേട്ടം എന്നു ചോദിക്കുന്നവരുണ്ട്. നേട്ടമൊന്നും ഉണ്ടായിട്ടല്ല. സ്വന്തം തൊഴിലിടങ്ങളിൽ അർഹിക്കുന്ന അവകാശങ്ങൾ ഇനി വരുന്ന തലമുറയ്ക്കെങ്കിലും കിട്ടണം."
മായ പറയുന്നു.

"രാവിലെ 8 മണിക്ക് വീട്ടിൽ നിന്നിറങ്ങിയാലെ എനിക്ക് 9 മണിക്കെങ്കിലും ടെക്സ്റ്റയിൽസിലെത്തനാവൂ. വീട്ടിലെ പണികളെല്ലാം തീർത്തു വേണം ഇവിടെയെത്താൻ. പിന്നെ ഒരേ നിൽപ്പാണ്. ഇടയിൽ ഒന്നു ചായ കുടിക്കും, ചോറു കഴിക്കും. ഇതിനിടയിൽ മൂത്രമൊഴിക്കാനൊന്നും സമയം കിട്ടാറുമില്ല. കിട്ടിയാൽ പോവാൻ ടോയ്‌ലറ്റുമില്ല. യൂറിനറി ഇൻഫെക്ഷൻ ഞങ്ങൾക്ക് ഇപ്പോൾ പുതുമയുള്ള കാര്യമൊന്നുമല്ല. വേറെ നിവൃത്തിയില്ലല്ലോ..."
കോഴിക്കോട് മിഠായിത്തെരുവിൽ ജോലി ചെയുന്ന ഒരു സെയിൽസ് ജീവനക്കാരിയുടെ വാക്കുകളാണിത്. ഇത് സാധാരാണ ഒരു ദിവസത്തെ ദുരിതകഥകൾ ആണെങ്കിൽ സീസൺ സമയത്തെ അവസ്ഥ പറയേണ്ടതില്ലല്ലോ. ഇവർക്കായി നിയമം ഭേദഗതി ചെയ്യാന്‍ പോകുന്നു എന്ന കാര്യം പലരും അറിഞ്ഞിട്ടില്ല.

"പേപ്പർ ഒന്നും വായിക്കാൻ സമയം കിട്ടാറില്ല." വാട്സ്ആപ് വഴി കിട്ടിയ സന്ദേശം ആരോ വായിച്ചതോടെ ആണ് പലരും ഇതറിഞ്ഞത്. "നിയമം വന്നു എന്നത് കൊണ്ട് എന്ത് കാര്യം?നിലവിലെ നിയമങ്ങൾ തന്നെ ഞങ്ങൾക്ക് അനുകൂലമാണ്. എന്നിട്ടും ഒരു കാര്യവുമില്ലല്ലോ?"
അവർ ചോദിക്കുന്ന ഓരോ ചോദ്യങ്ങൾക്കും ഉത്തരം കൊടുക്കേണ്ടത് ജനങ്ങൾ അധികാരത്തിലേറ്റിയ ഭരണകൂടമാണ്. "പരാതി പറയാൻ ഞങ്ങൾക്കാരുമില്ല. പറഞ്ഞാൽ ജോലിക്ക് വരണ്ട എന്നാകും മറുപടി. ഭർത്താവിനു കൂലിപ്പണിയാണ്. രണ്ട് മക്കളുണ്ട്. കുടുംബം മുന്നോട്ടു പോവണമെങ്കിൽ ഇതൊക്കെ സഹിച്ചേ പറ്റൂ"

തങ്ങളുടെ അവകാശങ്ങളെ പറ്റി അറിയാതെ അല്ല ഇവർ ഇങ്ങനെ പറയുന്നത്. അതുകൊണ്ടൊന്നും ഒരു കാര്യവുമില്ല എന്ന ബോധം ഉള്ളിൽ പതിഞ്ഞു പോയതു കൊണ്ടാണ്.

Read More: ‘ഞെളിഞ്ഞിരിക്കാനല്ല, ഒന്നു നടു നിവര്‍ത്താന്‍’; ആ പെണ്ണുങ്ങളുടെ ഇരിക്കല്‍ സമരം വിജയിച്ചിരിക്കുന്നു

Next Story

Related Stories