Top

നിപ: മൃതദേഹം സംസ്കരിക്കാന്‍ വിസമ്മതിച്ചു ശ്മശാനങ്ങള്‍; കൊണ്ടുപോകാന്‍ തയ്യാറാകാതെ ആംബുലന്‍സുകള്‍; വ്യാജ പ്രചരണങ്ങള്‍ ഭീതി പടര്‍ത്തുകയാണ്

നിപ: മൃതദേഹം സംസ്കരിക്കാന്‍ വിസമ്മതിച്ചു ശ്മശാനങ്ങള്‍; കൊണ്ടുപോകാന്‍ തയ്യാറാകാതെ ആംബുലന്‍സുകള്‍; വ്യാജ പ്രചരണങ്ങള്‍ ഭീതി പടര്‍ത്തുകയാണ്
നിപ വൈറസ് ബാധിച്ച മരിച്ചയാളുടെ ശരീരം സംസ്‌കരിക്കാന്‍ പോലും ശ്മശാനങ്ങളില്ല. ഇതാണ് കോഴിക്കോട്ടെ അവസ്ഥ. വൈറസ് ബാധയാല്‍ ചൊവ്വാഴ്ച മരണമടഞ്ഞ അശോകന്റെ മൃതദേഹം സംസ്‌കരിക്കാന്‍ ശ്മശാനങ്ങളിലെ ജീവനക്കാര്‍ വിസമ്മതിക്കുകയായിരുന്നു. മാവൂര്‍ റോഡിലെ വൈദ്യുതി ശ്മശാനത്തിലേക്കാണ് മൃതദേഹവുമായി ബന്ധുക്കള്‍ ആദ്യം പോയത്. എന്നാല്‍ ബ്ലോവര്‍ കേടായതിനാല്‍ ഇലക്ട്രോണിക് ശ്മശാനം ഉപയോഗിക്കാന്‍ കഴിയില്ല എന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ വിറക് ഉപയോഗിച്ച് അതേ ശ്മശാനത്തില്‍ തന്നെ സംസ്‌കരിക്കാമെന്ന ആലോചന നടന്നെങ്കിലും ജീവനക്കാര്‍ സമ്മതിച്ചില്ല. മൃതദേഹം കത്തിക്കുമ്പോള്‍ ഉയരുന്ന പുകയില്‍ നിന്നും വൈറസ് പടരുമോ എന്ന ഭീതിയാലാണ് ജീവനക്കാര്‍ ഇതിന് തടസ്സം നിന്നതെന്ന് അശോകന്റെ ബന്ധുക്കള്‍ പറയുന്നു. പിന്നീട് അറിയാവുന്ന ശ്മശാനങ്ങളിലെല്ലാം മൃതദേഹവുമായി ചെന്ന് ബന്ധുക്കള്‍ അപേക്ഷിച്ചെങ്കിലും നിപ വൈറസ് ബാധിച്ച് മരിച്ചയാളെ സംസ്‌കരിക്കാന്‍ ആരും തയ്യാറായില്ല. അതോടെ കോഴിക്കോട് സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മൃതദേഹം മാറ്റി. റവന്യൂ അധികൃതര്‍ ഇടപെട്ട് ഐവര്‍ മഠം ശ്മശാനത്തില്‍ സം സംസ്‌കരിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്.

ഇത് നിപ വൈറസ് ബാധ സ്ഥിരീകരിച്ച കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വൈറസ് ഭീതിയുടെ ഒരു വശം മാത്രം. സമൂഹത്തിലെ എല്ലാ തലങ്ങളിലേക്കും വ്യാപിക്കുന്ന പകര്‍ച്ചനി ഭീതി നാട്ടില്‍ ഭീകരാന്തരീക്ഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. മിണ്ടിയാല്‍, തൊട്ടാല്‍, നേരില്‍ കണ്ടാല്‍, ഒന്നിച്ച് യാത്ര ചെയ്താല്‍ പകരുന്ന വൈറസ് ആണെന്ന പേടിയിലാണ് ഭൂരിഭാഗം ജനങ്ങളും.

നിപ വൈറസ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം കൊണ്ടുപോവാന്‍ ആംബുലന്‍സ് പോലും കിട്ടാനില്ല. കഴിഞ്ഞ ദിവസം മരിച്ച നഴ്‌സ് ലിനിയുടെ മൃതദേഹം കൊണ്ടുപോവാന്‍ ആംബുലന്‍സ് ലഭിക്കാതെ വന്നതോടെ മെഡിക്കല്‍ കോളേജ് പോലീസിന് ഇടപെടേണ്ടി വന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഒരു ജീവനക്കാരന്‍ പറയുന്നു,
'അന്ന് നഴ്‌സ് മരിച്ച ദിവസം പോലീസ് ഇടപെട്ടിട്ടെങ്കിലും ആംബുലന്‍സ് കിട്ടി. ഇപ്പോള്‍ പോലീസ് ജീപ്പ് കണ്ടാല്‍ ആംബുലന്‍സുകള്‍ വേറെ ഓട്ടമുണ്ടെന്ന് പറഞ്ഞ് പറക്കും. അല്ലെങ്കില്‍ ഡ്രൈവര്‍മാര്‍ ആ പ്രദേശത്ത് നിന്നേ ഒഴിവായിക്കളയും. ഇന്നും ഇന്നലെയുമായി മരിച്ചവരുടെ ബോഡി കൊണ്ടുപോവാന്‍ എത്ര അന്വേഷിച്ചിട്ടും ആംബുലന്‍സ് കിട്ടിയില്ല. പിന്നെ മെഡിക്കല്‍ കോളേജിന്റെ ആംബുലന്‍സാണ് റെഡിയാക്കിക്കൊടുത്തത്.'


ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്രയ്ക്ക് ഇപ്പോള്‍ എന്ത് പറ്റിയെന്ന് ചോദിച്ചാല്‍ ഒരു 'പനി' ബാധിച്ചു എന്ന് പറയാം. പകലും രാത്രിയേറിയും ആള്‍ക്കൂട്ടവും തിരക്കും കണ്ട് ശീലിച്ച പേരാമ്പ്ര ടൗണില്‍ നിരത്തുകളെല്ലാം ഒഴിഞ്ഞുകിടക്കുകയാണ്. തിരക്കേറിയ അങ്ങാടികള്‍ മിക്കപ്പോഴും ശൂന്യമാണ്. ബസുകളില്‍ ആളുകളുടെ തിക്കിക്കയറ്റമില്ല. പല ബസുകളും സീറ്റുകളില്‍ പോലും ആളു തികയാതെ സര്‍വീസ് നടത്തുന്നു. ആളുകള്‍ ഫോണുകളിലൂടെ മാത്രം ബന്ധം നിലനിര്‍ത്തുകയും വിശേഷങ്ങള്‍ പങ്കുവക്കുകയും ചെയ്യുന്നു.

'പേരാമ്പ്രയില്‍ നിന്ന് ഉള്ളിലായുള്ള കോട്ടൂരാണ് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്യുന്നു. ഞങ്ങളുടെ നാട്ടിലെ ഇസ്മയില്‍ എന്ന ജീപ്പ് ഡ്രൈവറാണ് ആദ്യം വൈറസ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചത്. ഇപ്പോള്‍ നാട്ടിലേക്ക് പോവാന്‍ കൂടി പറ്റാത്ത സ്ഥിതിയാണ്. അതുകൊണ്ട് കോഴിക്കോട് ടൗണിലേക്ക് തന്നെ തിരിച്ചുപോന്നു. എനിക്ക് പേടിയുണ്ടായിട്ടല്ല. മൊത്തത്തില്‍ ചടപ്പിക്കുന്ന സംസാരം മാത്രമേ കേള്‍ക്കാനുള്ളൂ. ആരോട് മിണ്ടിയാലും നിപയെക്കുറിച്ച് മാത്രമേ സംസാരിക്കാനുള്ളൂ. പേരാമ്പ്ര ടൗണ്‍ കണ്ടാല്‍ അതിശയിച്ചുപ്പോവും. ഏത് നേരവും തിരക്കുള്ള ടൗണായിരുന്നു. ഇപ്പോള്‍ ഒറ്റ മനുഷ്യനെ കാണാനില്ല. പേരാമ്പ്ര, ഉള്യേരി, നാദാപുരത്തേക്കെല്ലാം പോവുന്ന ബസുകളിലെ ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരുമെല്ലാം മാസ്‌ക് വച്ചിട്ടാണ് സര്‍വീസ് നടത്തുന്നത്. മറ്റാളുകളും അങ്ങനെ തന്നെ. നടക്കുന്നവര്‍, ബൈക്കിലെത്തുന്നവര്‍, സെയില്‍സിന് വരുന്നവര്‍, മെഡിക്കല്‍ റെപ്രസന്റേറ്റീവുമാര്‍ അങ്ങനെ ഈ ഭാഗത്തേക്ക് വരുന്ന എല്ലാവരും മാസ്‌കും ധരിച്ചിട്ട് വരുന്നത് ഇവിടുത്തെ സാധാരണക്കാര്‍ക്ക് വല്ലാത്ത പേടിയുണ്ടാക്കിയിട്ടുണ്ട്. മരിച്ച് പോവാന്‍ സാധ്യത കൂടുതലുള്ളതിനാല്‍ ആരും റിസ്‌ക് എടുക്കാന്‍ തയ്യാറല്ല. അറിവും വിദ്യാഭ്യാസവുമൊക്കെ ഉള്ളവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം പാലിച്ചാല്‍ മതിയെന്നും അമിത പേടി വേണ്ട എന്നൊക്കെ പറയുമെങ്കിലും ഇതെല്ലാം കാണുമ്പോള്‍ അങ്ങനെയുള്ളവര്‍ക്കും പേടിയാണ്. അതിനൊപ്പം പല കഥകളും പ്രചരിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങള്‍ സത്യമാണെന്ന് കരുതി അത് വിശ്വസിച്ചിരിക്കുന്നവരുണ്ട്. എന്തായാലും പേടിയില്ലാത്തവരായി ആരുമില്ല. ആകെ പേടിയാണ്.'
പേരാമ്പ്രക്ക് അടുത്തുള്ള കോട്ടൂര്‍ സ്വദേശിയായ ഹരീഷ് പറയുന്നു.

പേരാമ്പ്ര ടൌണ്‍

മരണം റിപ്പോര്‍ട്ട് ചെയ്ത കൂരാച്ചുണ്ട്, നാദാപുരം പ്രദേശങ്ങളിലെല്ലാം ഇതേ അവസ്ഥ നിലനില്‍ക്കുകയാണ്. ചിലര്‍ ജലദോഷം വന്നാല്‍ പോലും നിപ വൈറല്‍ പനിയാണെന്ന പേടിയില്‍ ആശുപത്രിയിലേക്ക് പോവുന്നു. മറ്റു ചിലര്‍ പനിയായാല്‍ പോലും ആശുപത്രിയില്‍ പോയാല്‍ വൈറസ് പകരുമെന്ന് കരുതി ആശുപത്രി ഒഴിവാക്കുന്നു. നാദാപുരം സ്വദേശിനി സ്വാതി പറയുന്നത് ആശുപത്രിയിലെത്തിയപ്പോഴത്തെ അനുഭവമാണ്.
'എന്താ പറയാ. ചന്ദ്രനില്‍ നിന്ന് വന്നവരാണ് നമ്മളെ ചികിത്സിക്കുന്നതെന്ന് തോന്നും. മാസ്‌കും കോട്ടും ഗ്ലൗസും ഒക്കെ ഇട്ടാണ് ഡോക്ടര്‍മാരും നഴ്‌സുമാരുമൊക്കെ പനിക്കാരെ നോക്കുന്നത്. പക്ഷെ ഇതൊന്നും ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് കിട്ടുന്നുമില്ല. നിപ വൈറസ് പകര്‍ന്ന സാധ്യത നോക്കുമ്പോള്‍ ആശുപത്രിയില്‍ എത്തുന്ന രോഗികളില്‍ നിന്ന് മറ്റ് രോഗികളിലേക്ക് രോഗം പടര്‍ന്നിട്ടുണ്ട്. ചെറിയ ജലദോഷം വന്നവര്‍ പോലും നിപയാണെന്ന് സംശയിച്ച് ആശുപത്രിയിലേക്കെത്തുന്നുണ്ട്. പക്ഷെ ചികിത്സക്കെത്തുന്നവര്‍ക്ക് ഒരു മാസ്‌ക് എങ്കിലും കൊടുത്തില്ലെങ്കില്‍ രോഗം പിന്നെയും പകരാനുള്ള സാധ്യതയാണുള്ളത്. സാധാരണ വൈറല്‍ പനിയെല്ലാം പിടിച്ചിരിക്കുന്നവരുടെ അടുത്ത് പോലും എല്ലാവരും ഈ വൈറസിന്റെ കാര്യമാണ് സംസാരിക്കുന്നത്. അതോടെ പലരുടെയും ധൈര്യവും നഷ്ടപ്പെടുന്നു. എന്റെ വീടിന്റെ തൊട്ടടുത്താണ് ഇന്നലെ മരിച്ച അശോകന്റെ വീട്. ആ വീടിന്റെ അടുത്തുകൂടെ പോവാന്‍ പോലും ആളുകള്‍ മടിക്കുകയാണ്.'


http://www.azhimukham.com/keralam-heartbreaking-last-words-of-lini-who-lost-life-nipah-fever-reports-dhanya/

ആളുകള്‍ ഭീതിയില്‍ കഴിയുമ്പോള്‍ വാര്‍ത്തകള്‍ പെരുപ്പിച്ച് കാട്ടി ഭീകരാന്തരീക്ഷം ഉണ്ടാക്കുന്നതില്‍ മാധ്യമങ്ങള്‍ക്കും വലിയ പങ്കുണ്ടെന്ന ആരോപണം നാട്ടുകാര്‍ക്കിടയില്‍ ശക്തമാണ്. സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചരണങ്ങള്‍ വാസ്തവമില്ലാത്തതാണെന്ന് തിരിച്ചറിവുള്ളവര്‍ പോലും മാധ്യമ വാര്‍ത്തകളെ ആധികാരികമായി കാണുന്ന സാഹചര്യമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം കൂട്ടാലിടയില്‍ സ്വദേശി ഇസ്മയില്‍ ഡങ്കി പനി ബാധിച്ചാണ് മരിച്ചത്. എന്നാല്‍ നിപ വൈറസ് ബാധിതനായി മരിച്ചവരുടെ പട്ടികയില്‍ ചില മാധ്യമങ്ങള്‍ ഇസ്മയിലിനേയും ഉള്‍പ്പെടുത്തിയതോടെ ആ നാട്ടിലെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഇസ്മയിലിന്റെ മരണവിവരമറിഞ്ഞിട്ടും കുടുംബക്കാര്‍ പോലും വീട്ടിലേക്കെത്തിയില്ല. മയ്യത്ത് ചുമക്കാന്‍ പോലും ആരുമുണ്ടായില്ല. ഒരാളുടെ മരണം ഉണ്ടാക്കിയ വിഷമം ഒരു ഭാഗത്ത്, നാട്ടുകാരുടെയും കുടുംബക്കാരുടേയും ഒറ്റപ്പെടുത്തല്‍ വേറൊരു ഭാഗത്ത്. കക്കയം സ്വദേശിയായ ബിജു സംസാരിക്കുന്നു
'മരണം നടന്ന വീടുകളിലേക്ക് പോലും ഒരുമാതിരിപ്പെട്ടവരാരും പോവുന്നേയില്ല. മരണം റിപ്പോര്‍ട്ട് ചെയ്ത സൂപ്പിക്കടയില്‍ ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ പോലും പേടിയാണ്. മാര്‍ക്കറ്റുകളില്‍ വച്ച് ആളുകള്‍ പരസ്പരം കണ്ടാല്‍ പോലും മിണ്ടുന്നില്ല. കൂടുതലും മാധ്യമങ്ങളുടെ പെരുപ്പിച്ച് കാട്ടലാണ്. അത് വിശ്വസിച്ചാണ് ജനം ജീവിക്കുന്നത്. അല്ലെങ്കില്‍ തന്നെ പാനിക് ആയ നാട്ടുകാരെ കൂടുതല്‍ പാനിക് ആക്കുന്ന വാര്‍ത്തകളാണ് ദിവസവും മാധ്യമങ്ങളില്‍ വരുന്നത്. പലതും സത്യം തന്നെയല്ല. മിണ്ടിയാലും അടുത്തിരുന്നാലുമെല്ലാം ആരില്‍ നിന്നും എപ്പോഴും വൈറസ് പിടിപെട്ടാക്കാമെന്ന ഭയം ആണ് എല്ലാവരുടേം ഉള്ളില്‍. അങ്ങനെയുള്ള അവസരത്തില്‍ ആളുകളെ പാനിക് ആക്കാതെ അവരെ സമാധാനിപ്പിച്ച് നിര്‍ത്താനുള്ള വഴിയാണ് സാമൂഹ്യപ്രതിബദ്ധതയുള്ള മാധ്യമങ്ങള്‍ ചെയ്യേണ്ടത്. പക്ഷെ ഇവിടെ സംഭവിക്കുന്നത് നേരെ തിരിച്ചാണ്. പരസ്പരം മത്സരിച്ചാണ് വാര്‍ത്തകള്‍ കൊടുത്തുകൊണ്ടിരിക്കുന്നത്. ആളുകളെ പറഞ്ഞിട്ട് കാര്യമില്ല. വൈറസ് പിടിപെട്ടാല്‍ പിന്നീട് ജീവിച്ചിരിക്കാനുള്ള സാധ്യത 70 ശതമാനം മാത്രമാണെന്ന് കേള്‍ക്കുമ്പോള്‍ തന്നെ സാധാരണക്കാര്‍ക്ക് പേടിതോന്നും.'


റംസാന്‍ വ്രതത്തിന്റെ ഭാഗമായി സജീവമാവേണ്ടതാണ് പഴക്കച്ചവടം. എന്നാല്‍ വവ്വാലും മറ്റും ഭക്ഷിച്ച പഴങ്ങള്‍ നിപ വൈറസ് ബാധക്ക് കാരണമാവുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയതോടെ ആളുകള്‍ പഴങ്ങള്‍ വാങ്ങുന്നതിന് മടിക്കുകയാണെന്ന് കോഴിക്കോട് പഴക്കട നടത്തുന്ന മൊയ്തീന്‍കുട്ടി പറയുന്നു. 'വവ്വാലും മറ്റും ഭക്ഷിച്ചത് കഴിക്കരുതെന്നാണ് ആരോഗ്യവകുപ്പ് പറഞ്ഞിട്ടുള്ളത്. പക്ഷെ ഇപ്പോള്‍ ആളുകള്‍ക്ക് പഴങ്ങള്‍ എന്ന് കേള്‍ക്കുമ്പഴേ പേടിയാണ്. ഈ നാട്ടില്‍ നിന്ന് പോലും ഉള്ള പഴങ്ങളല്ല വില്‍ക്കാന്‍ വച്ചിരിക്കുന്നത്. പക്ഷെ ആളുകള്‍ക്ക് തീരെ വിശ്വാസമില്ല. ഫ്രൂട്‌സ് കഴിച്ചാല്‍ വൈറസ് പിടിപെടുമെന്നാണ് അവരുടെ പേടി. പിന്നെ, അതല്ലാതെ മറ്റൊരു കഥ കൂടി വാട്‌സ്ആപ്പിലൂടെ പ്രചരിക്കുന്നുണ്ട്. നിപ വൈറസ് ആദ്യം കണ്ടെത്തിയത് മലേഷ്യയിലാണ്. മലേഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത പഴങ്ങളും ഈന്തപ്പഴവും ആണ് വൈറസ് ബാധക്ക് കാരണമായതെന്ന സന്ദേശം പലരും പ്രചരിപ്പിക്കുന്നുണ്ട്. സത്യാവസ്ഥയറിയില്ല. പക്ഷെ ഈ മെസേജ് വായിച്ച് പേടിച്ചിട്ട് ആരും ഈ വഴിപോലും വരുന്നില്ല. വേറെ രാജ്യത്തുനിന്നെല്ലാം നോമ്പ് പ്രമാണിച്ച് കൊണ്ടുവന്ന പഴങ്ങളെല്ലാം ചീഞ്ഞ് പോവുന്ന അവസ്ഥയാണ്. തെറ്റായ സന്ദേശങ്ങള്‍ പ്രചരിക്കുന്നതോടെ ഞങ്ങളുടെ നോമ്പ് കച്ചവടും പൊളിഞ്ഞു.'


http://www.azhimukham.com/newsupdate-drkafeelkhan-express-willingness-to-serve-nipah-affected-kozhikode/

കുട്ടികളുടെ വേനലവധി ആഘോഷിക്കാനായി നാട്ടിലേക്കെത്തിയ പലരും കോഴിക്കോട് നിന്ന് തിരികെ പോവുകയാണെന്ന് പേരാമ്പ്ര സ്വദേശിയായ സെയ്തലവി പറയുന്നു. സെയ്തലവിയുടെ മകനും കുടുംബവും ഒമാനില്‍ നിന്ന് ഈ ആഴ്ച നാട്ടില്‍ വരാനിരിക്കുകയായിരുന്നു. 'അവര് ടിക്കറ്റ് കാന്‍സല്‍ ചെയ്തു. ഇവിടെ വന്നിട്ട് സൂക്കേട് പിടിപെടുന്നതിലും നല്ലത് അത് തന്നെയാണെന്ന് ഞാനും പറഞ്ഞു. മ്മള് നിപ പിടിപെട്ട് മരിച്ചാലും അവരെങ്കിലും ജീവിച്ചിരിക്കൂല്ലോ. ഇവിടെ നാട്ടില് വന്നവരെല്ലാം തിരിച്ച് പോവാണ്. വെക്കേഷനൊക്കെയായിട്ട് കൊറേ പേര് നാട്ടിലേക്ക് വന്നിരുന്നു. ഇനി ഇവിടെ നിക്കണത് അപകടാണെന്ന് മനസ്സിലാക്കിയിട്ട് തിരിച്ച് പോവാണ്. അങ്ങനെ പോവാന്‍ കഴിയണോര് രക്ഷപെട്ടു. ബാക്കിയുള്ള നാട്ടുകാര് എങ്ങോട്ട് പോവാനാണ്.'


ശരീരസ്രവങ്ങളിലൂടെ മാത്രം പകരുന്ന നിപ വൈറസ് വായുവിലൂടെയും പകരുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ കഴിഞ്ഞദിവസം പത്രസമ്മേളനത്തിനിടെ പറഞ്ഞിരുന്നു. പിന്നീട് അത് തിരുത്തിയെങ്കിലും മാധ്യമങ്ങളില്‍ മന്ത്രി പറഞ്ഞതായി വന്ന വാര്‍ത്ത ആധികാരികമാണെന്ന വിശ്വാസത്തിലാണ് പലരും ഇപ്പോഴും കഴിയുന്നത്. ഇത് ആളുകളില്‍ ഭയം വര്‍ധിക്കുന്നതിനും കാരണമായിട്ടുണ്ട്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ... നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

http://www.azhimukham.com/kerala-here-is-what-kafeel-khan-wanted-to-say-to-the-political-malayali/

http://www.azhimukham.com/kerala-all-you-need-to-know-about-nipah-virus/

http://www.azhimukham.com/trending-media-reports-panicking-people-about-nipa-virus-says-doctors/

http://www.azhimukham.com/newswrap-media-shouldnt-panic-people-nipah-fever-writes-saju/

Next Story

Related Stories