TopTop
Begin typing your search above and press return to search.

പാലക്കാട് ഒരു 'ഖാപ്' പഞ്ചായത്തുണ്ട്, തലപ്പത്ത് ഒരു സിപിഎം പ്രാദേശിക നേതാവും; 11 വര്‍ഷത്തെ ഊരുവിലക്കിന്റെ ഞെട്ടിക്കുന്ന കഥയുമായി ഒരു കുടുംബം

പാലക്കാട് ഒരു ഖാപ് പഞ്ചായത്തുണ്ട്, തലപ്പത്ത് ഒരു സിപിഎം പ്രാദേശിക നേതാവും; 11 വര്‍ഷത്തെ ഊരുവിലക്കിന്റെ ഞെട്ടിക്കുന്ന കഥയുമായി ഒരു കുടുംബം

പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പൊരു മാര്‍ച്ച് 14 നാണ് പട്ടാമ്പിക്കടുത്തുള്ള വാദ്യകലാകാരനായ ശിവരാമനും ബി.എഡ്. ബിരുദധാരിയ ബിനിയും വിവാഹം കഴിക്കുന്നത്. രണ്ട് പേരും തമ്മില്‍ പ്രണയം എന്ന ഒറ്റ വികാരമുണ്ടായിരുന്നോ എന്ന് ചോദിച്ചാല്‍ ഇരുവര്‍ക്കും സംശയമാണ്. പക്ഷേ മനസ്സില്‍ തോന്നിയ ഒരിഷ്ടം ബിനി വീട്ടില്‍ പ്രകടിപ്പിച്ച നാള്‍ മുതല്‍ വിവാഹത്തിന്‍റെ പതിനൊന്നാം വര്‍ഷം വരെ ഈ ദമ്പതികള്‍ അനുഭവിച്ച് പോരുന്നത് സാമൂഹിക വിലക്കുകളും ഭ്രഷ്ടുമാണ്.

പറയ വിഭാഗത്തിലെ സാംബവ സമുദായാംഗങ്ങളാണ് ശിവരാമനും ബിനിയും. അടുത്തടുത്ത തറവാടുകളില്‍ നിന്നുള്ളവര്‍. ഇവരുടെ പൂര്‍വ്വ പിതാക്കന്‍മാര്‍ തമ്മിലുള്ള രക്തബന്ധം പറഞ്ഞാണ് സമുദായത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ ചേര്‍ന്ന് ഇവര്‍ക്ക് ഊരുവിലക്ക് കല്‍പ്പിച്ചത്. വിവാഹത്തിനു മുമ്പ് തന്നെ നാട്ടുകൂട്ടം വിളിച്ച് ഇവരെ വിചാരണ ചെയ്യുകയും കല്യാണ ശേഷം യാതൊരു തരത്തിലുള്ള ഇടപെടലുകളും ഇവരുമായി അനുവദിക്കാറില്ലെന്നും ശിവരാമന്‍ പറയുന്നു. ഒരു പതിറ്റാണ്ട് നീണ്ട സാമൂഹിക ഭ്രഷ്ട് മാനസികമായും ശാരീരികമായും തകര്‍ത്തതോടെയാണ് ഈ ദമ്പതികള്‍ നിയമപരമായ സാധ്യതകള്‍ തേടിയത്.

ശിവരാമന്‍ പറയുന്നതനുസരിച്ച് ഈ സമുദായത്തിനിടയില്‍ ഇത്തരം ഊരുവിലക്ക് പതിവാണ്. ക്രിസ്ത്യാനിയായാ ഒരു സ്ത്രീയെ വിവാഹം കഴിച്ച ബിനിയുടെ ബന്ധുവിന് കുടുംബത്തോടെ ആ പ്രദേശത്ത് നിന്ന് പോകേണ്ടി വരികയും എങ്ങനെയെങ്കിലും ജീവിക്കാനായി മതപരിവര്‍ത്തനം നടത്തേണ്ടിയും വന്നു. കാലങ്ങളായി ആരാലും ചോദ്യം ചെയ്യപ്പെടാതെ കിടക്കുന്ന പ്രാമാണിത്വ ധാര്‍ഷ്ട്യങ്ങളുടെ നേര്‍ചിത്രങ്ങളാണ് തങ്ങളുടേയും അവരുടേയും ജീവിതമെന്നും അദ്ദേഹം പറയുന്നു.

ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നത് മൗലികാവകാശമാണെന്ന് സുപ്രീംകോടതി വിധി വന്ന മുന്‍പേജ് പത്രവാര്‍ത്ത അയച്ച് തന്നു കൊണ്ടാണ് ശിവരാമന്‍ സംസാരിച്ചു തുടങ്ങിയത്. അതേ വാര്‍ത്തയില്‍ പരാമര്‍ശിക്കുന്ന മറ്റൊരു കാര്യം ഖാപ് പഞ്ചായത്തുകള്‍ക്ക് സുപ്രീംകോടതിയുടെ കൂച്ച് വിലങ്ങ് എന്നതാണ്. ഈ രണ്ട് വാര്‍ത്തയും പാലക്കാട് ജില്ലയില്‍ താമസിക്കുന്ന ഇവരുടെ ജീവിതത്തോട് എങ്ങനെ ബന്ധപ്പെട്ട് കിടക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഇവര്‍ കടന്ന് പോയ അനുഭവങ്ങള്‍.

ശിവരാമന്‍ പറയുന്നു:

സാംബവ സൊസൈറ്റി അംഗങ്ങളാണ് ഞങ്ങള്‍. അടുത്തടുത്ത് താമസിക്കുന്ന കുടുംബങ്ങളായിരുന്നു എന്‍റെയും ബിനിയുടേയും. അവരുടെ ആരെങ്കിലും മരിച്ചാല്‍ പുലയുണ്ടാകുന്ന തരം രക്തബന്ധം പോലും ഞങ്ങള്‍ തമ്മിലില്ല. കല്യാണം ആയതോടെ പഴയ കാര്‍ന്നവന്‍മാര്‍ തമ്മിലുള്ള രക്തബന്ധം പറഞ്ഞാണ് ഞങ്ങളെ അകറ്റി നിര്‍ത്താന്‍ തുടങ്ങിയത്. അങ്ങനെയാണെങ്കില്‍ ഞാനും കലാഭവന്‍ മണിയും ബന്ധുക്കളാകേണ്ടേ? ഞങ്ങളും ഒരേ ജാതിയാണ്.

ബിനി നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു. ഫറൂഖ് കോളേജിലാണ് ബി.എഡ്. ചെയ്തത്. അച്ഛന്‍ മദ്യപാനിയായ, പെണ്‍മക്കള്‍ മാത്രമുള്ള വീട്ടിലെ നന്നായി പഠിക്കുന്ന കുട്ടി എന്ന നിലയില്‍ അവളെ സഹായിക്കാന്‍ ഞാന്‍ തയ്യാറായിരുന്നു, എപ്പോഴും. ഇതിനിടയില്‍ അവള്‍ക്ക് എന്നോട് ചെറിയ ഇഷ്ടം തോന്നി തുടങ്ങിയിരുന്നു. ഇഷ്ടമില്ലാത്ത, വലിയ വിദ്യാഭ്യാസമൊന്നും ഇല്ലാത്ത ഒരാളുടെ കല്യാണാലോചന വന്നപ്പോള്‍ ഈ ഇഷ്ടം അവള്‍ വീട്ടില്‍ പറഞ്ഞു.

അതിന് ശേഷം സമുദായത്തിലെ എല്ലാവരേയും വിളിച്ചു കൂട്ടി വിഷയം വിചാരണക്ക് വച്ചു. ഞങ്ങള്‍ തമ്മില്‍ പ്രേമമൊന്നും ഇല്ലെന്ന് ഞാന്‍ ആണയിട്ട് പറഞ്ഞിരുന്നു. പക്ഷേ അവളെ അടിച്ച് അങ്ങനെ തന്നെ പറയിച്ചു. രണ്ട് വര്‍ഷത്തിനുള്ളില്‍ ബിനിയുടെ വിവാഹം കഴിഞ്ഞില്ലെങ്കില്‍ ഞാന്‍ കല്യാണം കഴിക്കുമെന്ന് അവിടെ വച്ച് ഞാന്‍ പറയുകയും ചെയ്തു. അത് പോലെ രണ്ട് വര്‍ഷം കഴിഞ്ഞാണ് കല്യാണം കഴിച്ചത്.

കല്യാണ ശേഷം വീണ്ടും പ്രശ്നങ്ങളായി. നാട്ടില്‍ നില്‍ക്കാന്‍ പറ്റില്ലെന്നായപ്പോള്‍ ചാലിശ്ശേരിക്ക് പോന്ന് ഒരു വീട് വാടകക്കെടുത്ത് താമസിച്ചു. ഇതിനിടക്ക് മൂന്ന് കുഞ്ഞുങ്ങളുണ്ടായി. മൂന്ന് പ്രസവത്തിനും ഞാനാണ് ഹോം നഴ്സിന്‍റെ പണി ചെയ്തത്. അവളുടെ അമ്മക്കോ സഹോദരങ്ങള്‍ക്കോ ഞങ്ങളുമായി ബന്ധപ്പെടാന്‍ പറ്റില്ല. പുറത്താക്കുമെന്ന് പേടിച്ചാണ് അവര്‍ വരാത്തതെന്ന് അന്വേഷണത്തിനായി ചെന്ന ചാലിശ്ശേരി സ്റ്റേഷനിലെ പോലീസുകാരോടും അവര്‍ പറഞ്ഞിട്ടുണ്ട്. എന്‍റെ വീട്ടില്‍ ഞാന്‍ കയറുന്നത് മാത്രമാണ് ഇത് വരെ തടയാത്തത്.

കഴിഞ്ഞ വര്‍ഷം എനിക്കൊരു അപകടമുണ്ടായി. അന്ന് ആശുപത്രിയില്‍ നിന്ന് എന്‍റെ വീട്ടിലേക്ക് പോകുന്ന വഴിയില്‍ പകുതിക്ക് വെച്ച് ഭാര്യയെ ഇറക്കി. ഞങ്ങള്‍ ഒരുമിച്ച് നില്‍ക്കാന്‍ പാടില്ല എന്ന് പറഞ്ഞതിനെ തുടര്‍ന്ന് കരഞ്ഞ് കൊണ്ട് അവള്‍ മറ്റൊരു വീട്ടിലേക്ക് പോകുകയായിരുന്നു. എന്‍റെ സഹോദരിയുടെ മകളുടെ വിവാഹക്ഷണക്കത്തില്‍ എന്‍റെ മക്കളുടേ പേര് ആശംസകളോടെ എന്ന് ചേര്‍ത്തതുകൊണ്ട് ആ ചടങ്ങിന് പോകുന്നതില്‍ നിന്ന് വരെ എല്ലാവരേയും തടഞ്ഞു.

ഇതിനിടയില്‍ തറവാട്ടില്‍ എന്‍റേ അച്ഛനേയും അമ്മയേയും അടക്കിയ സ്ഥലം ജെസിബി കൊണ്ട് വന്ന് പൊളിച്ചു മാറ്റി. തൊട്ടടുത്ത് ഒരു അമ്പലം വരുന്നു എന്ന കാരണം പറഞ്ഞാണ് ഇങ്ങനെ ചെയ്തത്. മൃതദേഹങ്ങള്‍ക്ക് വരെ ഇവരുടെ ഭ്രഷ്ടാണ്. ഞങ്ങളുടെ കുടുംബ ക്ഷേത്രത്തിലും എനിക്കോ ഭാര്യക്കോ മക്കള്‍ക്കോ കയറാനും പ്രാര്‍ത്ഥിക്കാനും അനുവാദമില്ല.

സിപിഎമ്മിന്‍റെ പ്രാദേശിക നേതാവായ പ്രേമന്‍ എന്നയാളുടെ നേതൃത്യത്തിലുള്ള കമ്മിറ്റിയാണ് ഇവര്‍ക്ക് ഊരുവിലക്ക് കല്‍പ്പിച്ചതെന്നും ശിവരാമന്‍ വ്യക്തമാക്കുന്നു. ഇതേ വ്യക്തിയുടെ മകള്‍ പ്രണയവിവാഹം നടത്തിയതിന്‍റെ പേരില്‍ സമുദായത്തില്‍ നിന്ന് പുറത്തായി. അവരെ തിരിച്ചെടുക്കാനുള്ള ആലോചനകള്‍ നടക്കുന്നതിനിടയിലാണ് പത്ത് വര്‍ഷത്തിലധികമായി പുറത്ത് നില്‍ക്കുന്ന ശിവരാമന്‍റെ വിഷയം ചിലര്‍ ഉന്നയിക്കുന്നത്. ശിക്ഷയുടെ കാലാവധി കഴിഞ്ഞത് കൊണ്ട് ഇനി പിന്‍വലിച്ചു കൂടേ എന്ന് ചോദിച്ചു ചെന്ന ശിവരാമന്‍റെ സഹോദരിയെ സമുദായ നേതാക്കള്‍ ആക്ഷേപിച്ച് വിട്ടെന്നും ആരോപണമുണ്ട്.ഈ സാഹചര്യങ്ങളിലാണ് നിയമപരമായി നീങ്ങാന്‍ തീരുമാനിച്ചതെന്നും ശിവരാമന്‍ പറയുന്നു.

എന്‍റെ മക്കളോടും ഭാര്യയോടുമൊന്നും ആരും മിണ്ടാത്ത അവസ്ഥയായിരുന്നു. പത്ത് വര്‍ഷം കഴിഞ്ഞാല്‍ ഇത് മാറുമെന്ന പ്രതീക്ഷയിലായിരുന്നു ഞാന്‍. എന്നിട്ടും ഒന്നും മാറാതെ നിവൃത്തികേടു കൊണ്ടാണ് ഞാന്‍ പരാതി കൊടുത്തത്. ഒരു ദിവസം ഐസ്ക്രീം വാങ്ങി വിഷം കലക്കി ആത്മഹത്യ ചെയ്യാന്‍ പോയതാണ് ഞങ്ങള്‍. ഇതിനിടയില്‍ ഭാര്യക്ക് മാനസികാസ്വാസ്ഥ്യം വര്‍ധിച്ചു. അവളുടെ വീട്ടുകാരേയും മറ്റും കാണുമ്പോള്‍ കരഞ്ഞും ഒച്ച വെച്ചും ഓടിപ്പാഞ്ഞ് കാലില്‍ വീഴുന്ന അവസ്ഥയാണ്. ചിലപ്പോള്‍ ആശുപത്രിയില്‍ അഡ്മിറ്റാക്കും. ആരോടും ഇടപഴകാന്‍ സാധിക്കാതെ വല്ലാത്തൊരു അവസ്ഥയിലാണ് മക്കളും. അവരുടെ പ്രായക്കാരൊക്കെ കുടുംബാംഗങ്ങളുമായി ആഘോഷങ്ങളില്‍ സന്തോഷിച്ച് പങ്കെടുക്കുമ്പോള്‍ അതില്‍ നിന്നൊക്കെ അവര്‍ക്ക് മാറിനില്‍ക്കേണ്ടി വരികയാണ്. മക്കളേയും ഇവളേയും ഒറ്റക്ക് നോക്കി വയ്യാതായി എനിക്കും.

ഞാന്‍ അപകടം പറ്റിയിരിക്കുന്ന സമയത്ത് മാനസിക നില തെറ്റിയ ഭാര്യ ഒരു ദിവസം അവളുടെ വീട്ടിലേക്ക് ഓടിക്കയറി. അന്ന് വീട്ടില്‍ വന്ന് ചിലര്‍ ഭീഷണിപ്പെടുത്തുകയും അവളെ തല്ലാനോങ്ങുകയും ചെയ്തു. അതിനെ തുടര്‍ന്ന് ഞാന്‍ ചാലിശ്ശേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതാണ്. അന്ന് ഒരു അനക്കവും ഉണ്ടായില്ല. ഞങ്ങള്‍ക്ക് ഊര് വിലക്ക് നടപ്പാക്കിയ മൂപ്പന്‍റെ മകളെ തിരിച്ചെടുക്കാന്‍ തുടങ്ങിയ സമയത്ത് ഞാന്‍ വീണ്ടും പരാതി നല്‍കി. അതിന്‍മേലാണ് പുതിയതായി വന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അന്വേഷണം ആരംഭിച്ചത്. പഞ്ചായത്തിന്‍റെ ജാഗ്രതാ സമിതിക്ക് നല്‍കിയ പരാതിയിലും അന്വേഷണം നടക്കുന്നുണ്ട്. ഇതിനൊക്കെ ചുക്കാന്‍ പിടിക്കുന്നത് പ്രേമന്‍ എന്നയാളാണ്. ഞങ്ങളുടെ തറവാട്ടുകാര്യമാണ് ഇതെന്നാണ് അയാള്‍ പറയുന്നത്. നിങ്ങളുടെ ഇരുപത്തൊന്ന് കുടുംബങ്ങളല്ല ഇന്ത്യന്‍ ഭരണഘടന എന്ന് അയാളോട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പറഞ്ഞതുമാണ്.

സാംബവ സമുദായത്തിന് അങ്ങനെയൊരു മൂപ്പനോ ഊരുവിലക്കോ ഇല്ല എന്നാണ് ആരോപണ വിധേയനായ പ്രേമന്‍ പറയുന്നത്. ചേട്ടന്‍റെ മകളെ വിവാഹം കഴിച്ചതിനാല്‍ ശിവരാമനേയും കുടുംബത്തേയും ഞങ്ങള്‍ ഒരു ചടങ്ങിലും പങ്കെടുപ്പിക്കാറില്ലെന്നും പ്രേമന്‍ കൂട്ടിച്ചേര്‍ത്തു.

ഞങ്ങളെ വീട്ടിലെ ഒരു ചടങ്ങിനും അവരെ വിളിക്കലില്ല. അവന്‍ ഒരു പെണ്ണിനേയും ഇറക്കിക്കൊണ്ട് പോയതാണ്. ഞങ്ങള്‍ ഇരുപത്തൊന്ന് വീടുകളാണ്. ആചാരങ്ങളും അനുഷ്ടാനങ്ങളും കൊണ്ട് നടക്കുന്ന ഒരു തറവാടാണ്. ഇങ്ങനെയൊരു കുടുംബത്തില്‍ നിന്ന് വെളുത്ത ഒരു പെണ്‍കുട്ടിയെ അവന്‍ കൊണ്ടുപോയതാണ്. ആ കുട്ടിക്ക് നല്ല വിദ്യാഭ്യാസവുമുണ്ട്. വിവാഹത്തിന് ശേഷം ഞങ്ങള്‍ അവരുമായി യാതൊരു ബന്ധവുമില്ല. എന്‍റെ പേരില്‍ പരാതി കൊടുത്തിട്ട് എന്താ കാര്യം. പണ്ട് കാര്‍ന്നവര്‍മാര്‍ കൂടി ചെയ്ത കാര്യമാണ്. അവരൊക്കെ മരിച്ചു പോയില്ലേ. ഈ കേസ് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ചെന്നാലും എടുക്കില്ല. ഞങ്ങളുടെ ജാതിയില്‍ അന്യജാതിയില്‍ നിന്ന് കല്യാണം കഴിച്ചാല്‍ ഒഴിവാക്കാറാണ് പതിവ്. ഇപ്പോഴത്തെ കാലഘട്ടം അനുസരിച്ച് ജാതി നോക്കാതെ ഞങ്ങള്‍ എടുക്കലുണ്ട്. ഇത് ഏട്ടന്‍റെ മകളെ കല്യാണം കഴിച്ചതാണ്. എങ്ങനെയാ ഞങ്ങള്‍ എടുക്കുക? ശിവരാമന്‍ എന്നയാള്‍ക്ക് ഊരുവിലക്ക് കല്‍പ്പിച്ചു എന്നതിന് എന്തെങ്കിലും തെളിവുണ്ടോ?

പഞ്ചായത്ത് ജാഗ്രതാ സമിതിക്ക് ശിവരാമന്‍ നല്‍കിയ പരാതിയിന്‍മേല്‍ ജൂണ്‍ നാലാം തിയ്യതിയാണ് ഇരുകൂട്ടരേയും വിളിപ്പിച്ചിരുന്നു. ഇപ്പോള്‍ മറ്റൊരു ദിവസത്തേക്ക് ഈ ചര്‍ച്ച മാറ്റി വെച്ചിരിക്കുകയാണ്. സാമുദായിക പ്രമാണിത്വ ധാര്‍ഷ്ഠ്യങ്ങളുടെ ഇരയായ തങ്ങള്‍ക്ക് ഇത് വഴിയെങ്കിലും പരിഹാരം ലഭിച്ച് ഇരുളടഞ്ഞ ജീവിതത്തില്‍ നിന്ന് മോചനം കിട്ടുമെന്ന പ്രതീക്ഷയിലാണ് ശിവരാമനും കുടുബവും.

Read More: കാന്തല്ലൂരിലെ ആദിവാസി കുട്ടികള്‍ക്ക് പഠിക്കാനാഗ്രഹമുണ്ട്; പക്ഷേ, സര്‍ക്കാര്‍ കൂടെ നില്‍ക്കണം


Next Story

Related Stories