TopTop
Begin typing your search above and press return to search.

മത്തി കേരളതീരം വിടുന്നു, ദാരിദ്ര്യത്തിലും പട്ടിണിയിലും നട്ടംതിരിഞ്ഞ് മത്സ്യത്തൊഴിലാളികള്‍; 'കേരള സൈന്യ'ത്തെ ആര് കൈപിടിച്ചുയര്‍ത്തും?

മത്തി കേരളതീരം വിടുന്നു, ദാരിദ്ര്യത്തിലും പട്ടിണിയിലും നട്ടംതിരിഞ്ഞ് മത്സ്യത്തൊഴിലാളികള്‍; കേരള സൈന്യത്തെ ആര് കൈപിടിച്ചുയര്‍ത്തും?

"പ്രളയം കഴിഞ്ഞ് മുഖ്യമന്ത്രി ഞങ്ങള്‍ക്ക് ഒരു ബിഗ് സല്യൂട്ട് തന്നു. പക്ഷെ ഞങ്ങള്‍ക്ക് ആകെ തന്നത് ആ സല്യൂട്ട് ആണ്. പണിയില്ലാതായിട്ട് അഞ്ചാറ് മാസം കഴിഞ്ഞു. അഞ്ചിന്റെ പൈസ സര്‍ക്കാര്‍ സഹായം തന്നില്ല. സല്യൂട്ട് കൊണ്ട് ജീവിച്ചോ എന്നാണ്. പണിയില്ലാതായപ്പോള്‍ പുറംപണിയെടുത്ത് വീട്ടില് കഞ്ഞി വക്കുന്നുണ്ട്", പരമ്പരാഗത മത്സ്യത്തൊഴിലാളിയായ ജയന്‍ തങ്ങള്‍ കടന്നുപോവുന്ന ദുരവസ്ഥയെക്കുറിച്ച് വിവരിച്ചു. കേരളം പ്രളയത്തില്‍ അടിമുടി മുങ്ങിയപ്പോള്‍ തങ്ങളുടെ ജീവന്‍ പോലും നോക്കാതെ കൈമെയ് മറന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ ഇന്ന് കൊടും പട്ടിണിയിലാണ്. വറുതിക്കാലത്തെ അതിജീവിക്കാന്‍ വഴികളൊന്നും കാണാതെ നെട്ടോട്ടമോടുകയാണ് തീരജനത. കാലവസ്ഥാ മുന്നറിയിപ്പുകളും ജാഗ്രതാ അറിയിപ്പുകളും എത്തിയതോടെ മത്സ്യബന്ധന മേഖലയില്‍ തൊഴില്‍ പൂര്‍ണമായും ഇല്ലാതായി. പട്ടിണിയിലും ദാരിദ്ര്യത്തിലും നട്ടംതിരിഞ്ഞ മത്സ്യത്തൊഴിലാളികള്‍ ഇന്ന് മറ്റ് ജോലികള്‍ തേടിയിറങ്ങുകയാണ്.

കൊച്ചിയിലെ മത്സ്യത്തൊഴിലാളിയായ സുദേവന്‍ പറയുന്നു, "ചാള കാണാനുണ്ടാ ഇപ്പോള്‍? ചാളയില്ല. കടലില്‍ ചാളയില്ലാതായതോടെ ഞങ്ങടെ പണി പൂട്ടി. ചാളയില്ലാണ്ട് കടലില്‍ പോയിട്ട് ഞങ്ങളെപ്പോലുള്ള പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു മെച്ചവുമില്ല. വള്ളം കെട്ടിവച്ചിട്ട് മാസങ്ങളായി കെട്ടഴിച്ചിട്ടില്ല." കാലവര്‍ഷവും കടലിലെ കോളിളക്കവും മാത്രമല്ല തങ്ങളുടെ പ്രശ്‌നമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. "കാലവര്‍ഷമായാലും അല്ലെങ്കിലും വള്ളമെറക്കീട്ട് എന്തേലും കാര്യം വേണ്ടേ? കടലില് മീനില്ലാണ്ട് പോയിട്ടെന്തിനാണ്? വേറെന്തെങ്കിലും പണിയറിയുമായിരുന്നെങ്കില്‍ അതിന് പോയേനെ. ഇനി ഈ തൊഴില് കൊണ്ട് ജീവിക്കാന്‍ ഒക്കത്തില്ല എന്നത് ഏതാണ്ട് ഉറപ്പായി. പക്ഷെ ഒമ്പത് വയസ്സുമുതല്‍ അപ്പന്റെ കൂടെ വള്ളത്തില്‍ പോയി തുടങ്ങിയതാണ്. ഇപ്പോ 62 വയസ്സായി. ഇനി ഈ പ്രായത്തില്‍ വേറെ ആരെങ്കിലും പണിക്ക് വിളിക്കുമോ?" അറുത്തുങ്കല്‍ സ്വദേശി മൈക്കിള്‍ പറഞ്ഞു.

പരമ്പരാഗത മത്സ്യബന്ധന മേഖലയില്‍ മാസങ്ങളായി വരള്‍ച്ച തുടരുന്നതാണ് മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ ഇല്ലായ്മ ചെയ്യുന്നത്. കേരളത്തില്‍ കടലില്‍ പോവുന്ന മത്സ്യത്തൊഴിലാളികള്‍ ഒന്നരലക്ഷം എന്നാണ് സര്‍ക്കാര്‍ കണക്ക്. ഇതില്‍ ഒന്നേകാല്‍ ലക്ഷത്തോളം പേര്‍ പരമ്പരാഗത മത്സ്യബന്ധനത്തെ ആശ്രയിക്കുന്നവരാണ്. ലക്ഷങ്ങള്‍ കയ്യില്‍ നിന്ന് മുടക്കിയാണ് മത്സ്യത്തൊഴിലാളികള്‍ ബോട്ടും വള്ളങ്ങളും കടലില്‍ ഇറക്കുന്നത്. മത്സ്യഫെഡില്‍ നിന്നും സഹകരണ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്തും കൈവശമുള്ള ഭൂമിയുടെ ആധാരം പണയം വച്ച് കൊള്ളപ്പലിശയ്ക്ക് സ്വകാര്യ വായ്പയെടുത്തുമാണ് പലരും ഇതിനുള്ള വക കണ്ടെത്തുന്നത്. എന്നാല്‍ വായ്പ തിരിച്ചടവിനുള്ള പണം പോലും കടലില്‍ നിന്ന് ലഭിക്കാതായതോടെ ആത്മഹത്യാ മുനമ്പിലാണ് തങ്ങളുടെ ജീവിതം എന്ന് ഇവര്‍ പറയുന്നു.

കാലാവസ്ഥാ വ്യതിയാനവും അശാസ്ത്രീയ മത്സ്യബന്ധനവും

നാല് ലക്ഷം ടണ്‍ വരെ മത്തി കോരിയെടുത്തിരുന്ന കേരള തീരങ്ങളില്‍ കഴിഞ്ഞ വര്‍ഷം 77,000 ടണ്‍ മത്തി മാത്രമാണ് ലഭ്യമായത് എന്നത് ഞെട്ടിക്കുന്ന കണക്കാണ്. കാലാവസ്ഥാ വ്യതിയാനമാണ് കേരളത്തിലെ മത്സ്യ സമ്പത്തില്‍ കാര്യമായ കുറവു വരുത്തിയതെന്ന് സമുദ്ര ഗവേഷകരുടെ കണ്ടെത്തല്‍. സമുദ്ര ഗവേഷകനായ ഡോ. കെ ജി പത്മകുമാര്‍ പറയുന്നു, "കേരള തീരത്തെ ചൂട് ക്രമാതീതമായി കൂടുന്നത് കാരണം കേരള തീരത്തെ മീനുകള്‍ കൂട്ടത്തോടെ മറ്റ് തീരങ്ങളിലേക്ക് നീങ്ങുന്നതായാണ് കണ്ട് വരുന്നത്. തമിഴ്‌നാട്, ഗുജറാത്ത്, മഹാരാഷ്ട്ര തീരങ്ങളില്‍ ഇപ്പോള്‍ മത്തി കൂടുതലായി കിട്ടുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. അനുയോജ്യമായ കാലാവസ്ഥയുള്ളിടത്തേക്ക് മീനുകള്‍ പോവുക എന്നത് സ്വാഭാവികമായ കാര്യമാണ്. തമിഴ്‌നാട്ടിലെ രാമേശ്വരം, കടലൂര്‍, നാഗപട്ടണം എന്നീ സ്ഥലങ്ങളില്‍ കേരളത്തില്‍ കിട്ടിയിരുന്ന മത്തിയുടെ അതേ ഗുണവും രുചിയും സ്വഭാവവിശേഷങ്ങളുമുള്ള മത്തി ലഭിക്കുന്നുണ്ട്. രാമേശ്വരത്ത് ഗില്ലറ്റ് പിടിപ്പിച്ച രണ്ട് വള്ളങ്ങളില്‍ 400 കിലോ മത്തിയെങ്കിലും ഓരോ ദിവസം വാരുന്നു. അത് ആലുവ, കാളമുക്ക്, ചേറ്റുവ, പൊന്നാനി തുടങ്ങിയ മത്സ്യബന്ധന കേന്ദ്രങ്ങളിലെത്തുകയും ഏതാണ്ട് പത്ത് മണിക്കൂര്‍ ഐസില്‍ കിടന്ന മത്തി കേരളത്തിലെ മാര്‍ക്കറ്റുകളില്‍ എത്തുകയുമാണ് ചെയ്യുന്നത്. ശാന്തസമുദ്രത്തിലുണ്ടായ എല്‍നിനോ പ്രതിഭാസം മത്സ്യസമ്പത്തില്‍ കാര്യമായ വ്യത്യാസങ്ങള്‍ വരുത്തിയിട്ടുണ്ട്. കേരള തീരത്തെ അപ് വെല്ലിങ് പ്രതിഭാസം ആണ് കരയിലേക്കും ഉപരിതലത്തിലേക്കും മീനുകളെ ആകര്‍ഷിച്ചിരുന്നത്. എന്നാല്‍ ഉപരിതലത്തില്‍ ചൂടേറിയതോടെ മീനുകള്‍ തീരം വിടുകയാണ്."

എന്നാല്‍ സാങ്കേതികമായി ഇക്കാര്യങ്ങള്‍ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുമ്പോഴും മീനുകള്‍ ഇല്ലാതാവുന്നതിനുള്ള മറ്റൊരു അപകടത്തിലേക്കാണ് മത്സ്യത്തൊഴിലാളികള്‍ വിരല്‍ചൂണ്ടുന്നത്. പരമ്പരാഗത മത്സ്യത്തൊഴിലാളി യൂണിയന്‍ എറണാകുളം ജില്ലാ സെക്രട്ടറി ജയന്‍ പറയുന്നു, "ട്രോളിങ്, നിരോധിച്ച വലയുടെ ഉപയോഗം, കണ്ണിവലുപ്പമില്ലാത്ത വലകളുടെ ഉപയോഗം ഇതെല്ലാമാണ് കേരളത്തിലെ മത്സ്യസമ്പത്തില്‍ വലിയ ഇടിവുണ്ടാക്കിയിരിക്കുന്നത്. 15 നോട്ടിക്കല്‍ മൈല്‍ വരെ ഒക്കെ നീളമുള്ള വലകളില്‍ വലിപ്പ ചെറുപ്പമില്ലാതെയാണ് കടലിലെ മീനുകളെ മുഴുവന്‍ കോരിയെടുക്കുന്നത്. ചാളകളും മറ്റ മീനുകളും കൂട്ടത്തോടെ വലയില്‍ കുടുങ്ങിയാണ് ഇവിടുത്തെ കടല് നശിച്ചത്. അങ്ങനെ പിടിക്കുന്നതുകൊണ്ട് വന്‍കിട മത്സ്യബന്ധനക്കാര്‍ക്കും ഗുണമില്ല. വലയില്‍ കുടുങ്ങിയമര്‍ന്ന മീനുകളെ അവര് കടലിലേക്ക് തന്നെ മലര്‍ത്തിക്കളയുകയാണ്. അവര്‍ ചോടോടെ വാരി മീനുകളെ നശിപ്പിക്കുന്നതുകൊണ്ട് പരമ്പരാഗത മത്സ്യബന്ധനരീതിയില്‍ മീന്‍ പിടിക്കുന്ന ഞങ്ങള്‍ക്ക് ഒന്നും കിട്ടാതെയുമാവുന്നു. ഒരുദാഹരണം പറഞ്ഞാല്‍, ഇപ്പോള്‍ മാര്‍ക്കറ്റില്‍ ആവോലി മീന്‍ കിട്ടുന്നുണ്ട്. സാധാരണ ആവോലി മീനുകള്‍ നല്ല വലുപ്പം വയ്ക്കുന്നതാണ്. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്നവയില്‍ ഭൂരിഭാഗവും വളരെ വലുപ്പം കുറഞ്ഞ മീനുകളാണ്. മാര്‍ച്ച്, ഏപ്രില്‍ മാസത്തിലാണ് ആവോലിയുടെ പ്രജനന കാലം. പ്രജനനം കഴിഞ്ഞ് ഒന്നോ രണ്ടോ മസങ്ങള്‍ കഴിയുമ്പോഴേക്കും അവയെ കൂട്ടത്തോടെ വാരിയെടുക്കുകയാണ്. പല മീനുകളുടേയും പ്രജനനം പോലും ഇല്ലാതാവുന്നു. ട്രോളിങ്ങാണ് കേരളത്തിലെ കടലിനെ നശിപ്പിച്ചത്. അത് നിയന്ത്രിക്കാതെ ഇവിടെ മത്സ്യസമ്പത്ത് തിരികെ വരുകയുമില്ല. ഒരു തൊഴില്‍ മേഖലയെ തന്നെയാണ് അത് തകര്‍ക്കുന്നത്. പുതിയ യാനങ്ങള്‍ക്ക് അനുമതി നല്‍കില്ല, പുതിയ യാനം നിര്‍മ്മിക്കരുത്, പഴയ യാനങ്ങള്‍ മെയിന്റനന്‍സ് ചെയ്യുമ്പോള്‍ അറുപതടി നീളത്തില്‍ മാത്രമായിരിക്കണം, മുന്നൂറില്‍ താഴെ ഹോഴ്‌സ് പവറുള്ള എഞ്ചിനുകളേ ഉപയോഗിക്കാവൂ, ചെറുകണ്ണികളുള്ള വല നിരോധിക്കും തുടങ്ങിയ വാഗ്ദാനങ്ങളെല്ലാം നിയമമാക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ അതൊന്നും നിയമമായില്ല."

കേരളത്തില്‍ കഴിഞ്ഞ ഞായറാഴ്ച ട്രോളിങ് നിരോധനം ആരംഭിച്ചു. 52 ദിവസത്തേക്ക് ട്രോളിങ് ഉണ്ടാവില്ല. എന്നാല്‍ 60 ദിവസത്തെ ട്രോളിങ് നിരോധനം സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരിക്കുമ്പോള്‍ പോലും കേരളത്തില്‍ അത് വെട്ടിച്ചുരുക്കി 52 ദിവസങ്ങള്‍ മാത്രമാക്കുന്നതിനെയും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ എതിര്‍ക്കുന്നു. ലോകത്ത് ഒട്ടനവധി രാജ്യങ്ങളില്‍ ട്രോളിങ് പൂര്‍ണമായി നിരോധിക്കുകയോ ആറ് മാസമെങ്കിലും ട്രോളിങ് നിരോധനം തുടരുകയോ ചെയ്യുമ്പോള്‍ കേരളത്തില്‍ എന്തുകൊണ്ട് ഇത്തരത്തില്‍ തീരുമാനമുണ്ടാവുന്നില്ല എന്നാണ് അവര്‍ ചോദിക്കുന്നത്. പാമ്പാട, കിളിമീന്‍, പല്ലി, അരണ, ചെമ്മീന്‍, കണവ, കൂന്തല്‍ എന്നിങ്ങനെ നിലത്ത് പറ്റിക്കിടന്ന് വളരുന്ന അനേകം മത്സ്യങ്ങളെയാണ് ട്രോളിങ് ഇല്ലാതാക്കുന്നത് എന്ന് വിദഗ്ദ്ധരും പറയുന്നു. മത്സ്യങ്ങളെ മാത്രമല്ല, കടലിലെ ആവാസ വ്യവസ്ഥയെ തന്നെ ഇത് തകിടം മറിക്കുമെന്നും 65-ല്‍ അധികം സൂക്ഷ്മജീവികളും ട്രോളിങ്ങിന്റെ ഫലമായി ഇല്ലാതാവുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

മത്സ്യസമ്പത്തില്‍ ട്രോളിങ് കാര്യമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന വാദം ഉയര്‍ന്നപ്പോഴാണ് 1987-ല്‍ ഡോ. എന്‍. ബാലകൃഷ്ണപിള്ള കമ്മീഷനെ സര്‍ക്കാര്‍ ഇക്കാര്യം പഠിക്കാനായി നിയോഗിച്ചത്. 90 ദിവസമെങ്കിലും ട്രോളിങ് നിരോധനം ആവശ്യമാണെന്നായിരുന്നു കമ്മീഷന്റെ ശുപാര്‍ശ. പിന്നീട് ഇക്കാര്യം പഠിക്കാനായി വിവിധ കാലയളവില്‍ സര്‍ക്കാര്‍ ആറ് കമ്മീഷനുകളെ നിയമിച്ചു. എല്ലാ കമ്മീഷനുകളും ട്രോളിങ് നിരോധനമാണ് ആവശ്യപ്പെട്ടത്. ഇന്തോനേഷ്യയില്‍ 1979-ന് ശേഷം ട്രോളിങ് അനുവദിച്ചിട്ടില്ല. ശ്രീലങ്കയില്‍ കഴിഞ്ഞ വര്‍ഷം ട്രോളിങ് പൂര്‍ണമായും നിരോധിച്ചു. ദക്ഷിണാഫ്രിക്ക പോലുള്ള രാജ്യങ്ങളില്‍ മൂന്ന് മുതല്‍ ആറ് മാസങ്ങള്‍ വരെ ട്രോളിങ് നിരോധിച്ചിട്ടുമുണ്ട്.

ആത്മഹത്യ മുന്നില്‍ കണ്ട് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍

ട്രോളിങ് നിരോധനം പരമ്പരാഗത മത്സ്യബന്ധന തൊഴിലാളികള്‍ക്ക് ഗുണമാവാറാണ് പതിവ്. എന്നാല്‍ കാലാവസ്ഥാ കേന്ദ്രത്തില്‍ നിന്നുള്ള അറിയിപ്പുകള്‍ തുടര്‍ച്ചയായി ലഭിക്കുന്നതിനാല്‍ അധികൃതര്‍ ചെറുവള്ളങ്ങള്‍ പോലും ഇറക്കാന്‍ അനുവദിക്കുന്നില്ല എന്നാണ് ഇവരുടെ പരാതി. "കാര്യം ഞങ്ങളുടെ സുരക്ഷയ്ക്കായാണ് പറയുന്നത്. ഞങ്ങള്‍ക്ക് ഗുണമുള്ള കാര്യവുമാണ്. പക്ഷെ ഞങ്ങളാരും ഉള്‍ക്കടലില്‍ പോവുന്നവരല്ല. മൊബൈല്‍ റേഞ്ച് ലഭ്യമല്ലാത്ത സ്ഥലത്തേക്ക് പോവാറില്ല. എന്തെങ്കിലും അപകടമറിഞ്ഞാല്‍ തിരികെയെത്താവുന്ന ദൂരത്തായിരിക്കും. വെട്ടത്തിന് പോയിട്ട് വൈകിട്ട് തിരികെയെത്തുന്നവരാണ് കൂടുതലും. ഞങ്ങളെ മീന്‍പിടിക്കാന്‍ വിടണത് കൊണ്ട് ഒരു കുഴപ്പവുമില്ല. പക്ഷെ ഉദ്യോഗസ്ഥര്‍ അതിന് അനുവദിക്കുന്നില്ല. ആഴക്കടലില്‍ പോവാത്ത ഞങ്ങളെയെങ്കിലും ആ നിയന്ത്രണത്തില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കാറ്റിലും കോളിലും കടലിപ്പോണമെന്നൊള്ള ആഗ്രഹം കൊണ്ടല്ല. ജീവിക്കാന്‍ വേണ്ടിയിട്ടാണ്. കടം കേറി നശിഞ്ഞ്. പലിശയും പിഴപ്പലിശയും ഇരട്ടിച്ച് ലക്ഷക്കണക്കിന് രൂപയാണ് അടയ്ക്കാനുള്ളത്. കെട്ടുതാലിയും ആധാരവും വരെ പണയപ്പെടുത്തിയിട്ടാണ് ബോട്ടിറക്കിയേക്കണത്", പുറക്കാട് സ്വദേശി പവിത്രന്‍ പറഞ്ഞു.

പത്തും പതിനഞ്ചും ഇരുപതും പേര്‍ ചേര്‍ന്നാണ് മത്സ്യബന്ധന ബോട്ടുകള്‍ ഇറക്കുന്നത്. എണ്‍പത് ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ ഓരോ ബോട്ട് ഇറക്കുന്നതിനും മത്സ്യത്തൊഴിലാളികള്‍ക്ക് ചെലവാകും. മത്സ്യഫെഡില്‍ നിന്നും സഹകരണ സംഘങ്ങളില്‍ നിന്നും ബാങ്കുകളില്‍ നിന്നും വായ്പയെടുത്തും സ്വകാര്യ വ്യക്തികളില്‍ നിന്നും കൊള്ള പലിശയ്ക്ക് പണം കടംവാങ്ങിയുമാണ് ഇവര്‍ ഇതിനുള്ള പണവും തുടര്‍ന്നുള്ള ചെലവുകള്‍ക്കുള്ള പണവും കണ്ടെത്തുന്നത്. എന്നാല്‍ കടലില്‍ നിന്ന് പ്രതീക്ഷിച്ച വരുമാനം ലഭിക്കാതായതോടെ പലരും ബോട്ട് ഇറക്കുന്നില്ല. കടം കുമിഞ്ഞുകൂടി ജപ്തി ഭീഷണിയിലാണ് പല കുടുംബങ്ങളും. നിര്‍മ്മാണ മേഖലയിലെ പണികളും, പുഴയിലും കായലുകളിലുമുള്ള മത്സ്യബന്ധനത്തിനുമായെല്ലാം പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ കൂട്ടത്തോടെ പോവുന്നു. എന്നാല്‍ അന്നന്നത്തെ ചിലവിനുള്ള വക കണ്ടെത്തുക എന്നതിലുപരിയായി വായ്പ തിരിച്ചടക്കാനോ പലിശ അടക്കാനോ പോലുമുള്ള വരുമാനം ഇവര്‍ക്ക് ലഭിക്കുന്നില്ല. കടലിലെ മത്സ്യസമ്പത്ത് കുറഞ്ഞത് കണക്കിലെടുത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ആത്മഹത്യയില്‍ നിന്ന് രക്ഷിക്കാന്‍ തൊഴിലാളികള്‍ക്കായി മത്സ്യവരള്‍ച്ച പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നതാണ് ഇവരുടെ ആവശ്യം. പല യൂണിയനുകളും ഇക്കാര്യം സര്‍ക്കാരിനോടാവശ്യപ്പെട്ടെങ്കിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യം പരിഗണിക്കുന്നില്ല എന്ന ഇവര്‍ പരാതിപ്പെടുന്നു.

2018ല്‍ നിലവില്‍ വന്ന മറൈന്‍ റഗുലേഷന്‍ ആക്ട് തങ്ങള്‍ക്ക് അധിക ബാധ്യത സൃഷ്ടിച്ചിരിക്കുകയാണെന്നും തൊഴിലാളികള്‍ പറയുന്നു. 20 മീറ്ററിന് മുകളില്‍ മെക്കനൈസ്ഡ് വിഭാഗത്തില്‍ വരുന്ന ബോട്ടുകളുടെ ലൈസന്‍സിനും പെര്‍മിറ്റിനുമായി 50,000 രൂപ കെട്ടിവയ്ക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ "കടലില്‍ മീനില്ല. ഞങ്ങള്‍ക്ക് മാസങ്ങളായി വരുമാനവുമില്ല. അതിന്റെ കൂടെ പെര്‍മിറ്റിന് അമ്പതിനായിരം രൂപ കൂടി കെട്ടിവക്കണം എന്ന് പറയുമ്പോള്‍ അത് ഞങ്ങളോട് സര്‍ക്കാര്‍ ചെയ്യുന്ന ദ്രോഹമാണ്. ബ്ലേഡ് പലിശക്കാരും ബാങ്കുകാരും ഭീഷണിയുമായി വീട്ടില്‍ കയറിയിറങ്ങുകയാണ്. പലപ്പോഴും അവരെ ഒളിച്ച് നടക്കുകയാണ്. ഇങ്ങനെ പോയാല്‍ പുളിമരക്കൊമ്പില്‍ തൂങ്ങേണ്ട അവസ്ഥയാണ് ഓരോ മത്സ്യത്തൊഴിലാളിക്കും. അതിന് പുറമെയാണ് കടല്‍ക്ഷോഭത്തില്‍ ഉള്ളതെല്ലാം പോവുന്നത്. തീരത്തും കിടക്കപ്പൊറുതിയില്ല എന്നാണ്," നീണ്ടകരയിലെ മത്സ്യത്തൊഴിലാളിയായ നിക്‌സണ്‍ പ്രതികരിച്ചു.

കേരളത്തിലെ മത്സ്യസമ്പത്ത് വര്‍ധിച്ചു- മന്ത്രി

എന്നാല്‍ മത്സ്യത്തൊഴിലാളികളുടെ പരാതികള്‍ക്ക് അടിസ്ഥാനമില്ലെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പ്രതികരിച്ചത്. "ചെറിയ കണ്ണിയുള്ള വലകള്‍ മുഴുവനായി മാറ്റാന്‍ പറഞ്ഞിട്ടില്ല. എന്നാല്‍ അവയുടെ കോഡ് എന്‍ഡ് മാറ്റാന്‍ പറഞ്ഞിട്ടുണ്ട്. ചെറിയ മീനുകള്‍ കുടുങ്ങാതിരിക്കാന്‍. ചെറിയ മത്സ്യങ്ങളെ പിടിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ വലിയ ശിക്ഷാനടപടികളുണ്ടാവും എന്ന അറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിന് ശേഷം കേരളത്തിലെ മത്സ്യസമ്പത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. മത്തിയുടെ അളവില്‍ തന്നെ വര്‍ധനവുണ്ട്. ഉള്‍നാടന്‍ മത്സ്യമേഖലയിലുള്‍പ്പെടെ പരിശോധിച്ചാല്‍ കേരളത്തില്‍ കഴിഞ്ഞ വര്‍ഷം എട്ട് ലക്ഷം ടണ്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്. അയല, മത്തി, കൊഴുവ എന്നിങ്ങനെ എല്ലാ മീനുകളും വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇറക്കിയ നിയമം നല്ല രീതിയില്‍ ഫലം കാണുന്നുണ്ടെന്നതിന്റെ തെളിവാണിത്. വരും വര്‍ഷങ്ങളില്‍ കേരളത്തിലെ കടലില്‍ മത്സ്യസമ്പത്തില്‍ വലിയ വര്‍ധനവുണ്ടാവും എന്നാണ് കരുതുന്നത്. മത്സ്യത്തൊഴിലാളികള്‍ക്കായി ട്രോളിങ് സമയത്ത് 4500 രൂപ വീതം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. തൊഴിലാളി, സംസ്ഥാന സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍ എന്നിവരുടെ വിഹിതങ്ങള്‍ ചേര്‍ത്താണ് ഇത് നല്‍കുന്നത്. പ്രകടന പത്രികയില്‍ 3500 രൂപയാക്കുമെന്നായിരുന്നു ഞങ്ങള്‍ പ്രഖ്യാപിച്ചിരുന്നത്. അത് 4500 രൂപയായി ഉയര്‍ത്തി. തൊഴിലാളികളുടെ വിഹിതം ലഭിക്കുന്നുണ്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ വിഹിതം ഇതേവരെ കിട്ടിയിട്ടില്ല. 58 കോടി രൂപയാണ് ഈ ഇനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇനിയും തരാനുള്ളത്. ജിഎസ്ടി കൂടി വന്നതോടെ സംസ്ഥാനം കൂടുതല്‍ പ്രതിസന്ധിയിലായി. സ്‌കീമുകളുടെ വിഹിതം പോലും കേന്ദ്രം തരുന്നില്ല. സമാശ്വാസ പദ്ധതികള്‍ക്കായുള്ള വിഹിതമോ, വീടുകള്‍ക്കുള്ള വിഹിതമോ കിട്ടിയിട്ടില്ല. ഫണ്ടിന്റെ കാര്യത്തില്‍ വളരെയധികം ഞെരുക്കത്തിലാണെങ്കിലും സര്‍ക്കാര്‍ ആവുന്നത് പോലെ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഒറ്റക്കെട്ടായി നിന്ന് പതിയെ കാര്യങ്ങള്‍ മാറ്റം വരുത്താം എന്ന് മാത്രമേ മത്സ്യത്തൊഴിലാളികളോട് പറയാനുള്ളൂ."

നിലനില്‍പ്പിന്റെ പ്രശ്‌നങ്ങളാണ് മത്സ്യത്തൊഴിലാളികള്‍ പങ്കുവച്ചത്. കടലിലെ മത്സ്യസമ്പത്ത് കുറഞ്ഞത് കണക്കുകളിലൂടെയല്ല, അനുഭവങ്ങളിലൂടെയാണ് അവര്‍ ചൂണ്ടിക്കാട്ടിയതും. പരമ്പരാഗത മത്സ്യബന്ധന മേഖലയെ ഇല്ലായ്മകളില്‍ നിന്ന് രക്ഷിച്ച് തൊഴിലാളികള്‍ക്ക് ജീവിതം തിരികെ നല്‍കണമെന്നാണ് അവരുടെ ആവശ്യം. കാര്‍ഷിക വായ്പകളില്‍ സര്‍ക്കാര്‍ എടുത്തിട്ടുള്ള സ്വാഗതാര്‍ഹമായ നയങ്ങള്‍ മത്സ്യത്തൊഴിലാളികളുടെ കാര്യത്തിലും എടുക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. "ഇല്ലെങ്കില്‍ അടുത്തൊരു ദുരന്തമായിരിക്കും കേരളത്തെ കാത്തിരിക്കുന്നത്. പ്രളയത്തില്‍ നിന്ന് കൈപിടിച്ചുയര്‍ത്തിയ മത്സ്യത്തൊഴിലാളികളുടെ കൂട്ട ആത്മഹത്യകള്‍", ചെട്ടിക്കാട് സ്വദേശി ഷാജന്‍ ഒരു മുന്നറിയിപ്പോടെ ഒറ്റ വാചകത്തില്‍ പറഞ്ഞ് നിര്‍ത്തി.

Read More: ഗിരീഷ് കർണ്ണാടും അനന്തമൂർത്തിയും പിന്നെ മലയാളത്തിലെ ചില ആക്സിഡെന്‍റല്‍ പുരോഗമന എഴുത്തുകാരും

Next Story

Related Stories