TopTop
Begin typing your search above and press return to search.

"ബില്‍ഡേഴ്‌സും നഗരസഭയും ചെയ്ത തെറ്റിന് പെരുവഴിയിലാവാന്‍ പോവുന്നത് ഞങ്ങള്‍'"; സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ട ഫ്ലാറ്റുകളുടെ ഉടമകള്‍ പറയുന്നു

ബില്‍ഡേഴ്‌സും നഗരസഭയും ചെയ്ത തെറ്റിന് പെരുവഴിയിലാവാന്‍ പോവുന്നത് ഞങ്ങള്‍; സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ട ഫ്ലാറ്റുകളുടെ ഉടമകള്‍ പറയുന്നു

'അവിടെ ഒരു കോടിയുടെ ഫ്ലാറ്റ് വാങ്ങിയെന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് ഞാന്‍ കോടീശ്വരിയായിരിക്കും. പക്ഷെ ഇവിടെ എങ്ങനെയാണ് ജീവിക്കുന്നതെന്നറിയണം. യുകെയില്‍ നഴ്‌സ് ആയിട്ട് 15 വര്‍ഷമായി. ചെറിയ സൗകര്യത്തില്‍ താമസിച്ച് ചെലവെല്ലാം പരമാവധി ചുരുക്കി, ഉള്ള സമ്പാദ്യമെല്ലാം എടുത്ത് വാങ്ങിയതാണ്. എന്നെങ്കിലും നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ താമസിക്കാന്‍. അതു പൊളിക്കും എന്ന് പറഞ്ഞാല്‍, ഇന്നലെ മുതല്‍ ആധി കൊണ്ട് ഇരിക്കാന്‍ കഴിയുന്നില്ല. ഏത് നേരവും ഫ്ലാറ്റിലെ മറ്റ് ഓണേഴ്‌സിനെ വിളിച്ച് ഇനി എന്താണ് ചെയ്യണ്ടതെന്ന് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. ഒരു സമാധാനവുമില്ല. കരച്ചില്‍ അടക്കാന്‍ പറ്റുന്നില്ല.' യുകെയില്‍ നഴ്‌സായി ജോലി ചെയ്യുന്ന സാലി സുപ്രീംകോടതി ഒരു മാസത്തിനുള്ളില്‍ പൊളിക്കണമെന്ന് ഉത്തരവിട്ട ഒരു ഫ്ലാറ്റിന്റെ ഉടമയാണ്. ലക്ഷങ്ങളും കോടികളും നല്‍കി ഫ്ലാറ്റ് വാങ്ങിയവര്‍ സാലിയെപ്പോലെ ആശങ്കയിലാണ്. വായ്പയെടുത്തും കടംവാങ്ങിയും ആയുഷ്‌ക്കാലത്തെ സമ്പാദ്യം ചെലവാക്കിയും ഫ്ലാറ്റുകള്‍ വാങ്ങിയവര്‍ കുടിയിറക്കല്‍ ഭീതിയിലാണ്. നിയമപരമായി കോടതി വിധി തെറ്റല്ലെങ്കിലും ഫ്ലാറ്റ് വാങ്ങി അവിടെ താമസമാക്കിയവര്‍ക്ക് കൂടി മനുഷ്യത്വപരമായ പരിഗണ നല്‍കണമെന്നാണ് അവരുടെ ആവശ്യം.

എറണാകുളം മരടില്‍ അനധികൃതമായി നിര്‍മ്മിച്ച അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങള്‍ ഒരു മാസത്തിനകം പൊളിക്കണമെന്നാണ് ഇന്നലെ സുപ്രീംകോടതി ഉത്തരവിട്ടത്. മുപ്പത് ദിവസത്തിനകം പൊളിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കുണ്ടന്നൂര്‍ ഹോളി ഫെയ്ത് എച്ച്ടുഒ, നെട്ടൂര്‍ ആല്‍ഫ വെഞ്ചേഴ്‌സ് ഇരട്ട ഫ്ലാറ്റ് സമുച്ചയം, ഗോള്‍ഡന്‍ കായലോരം, നെട്ടൂര്‍ കേട്ടേഴത്ത് കടവ് ജെയ്ന്‍ കോറല്‍ കോവ്, ഹോളിഡേ ഹെറിറ്റേജ് എന്നിവയാണ് സുപ്രീംകോടതി പൊളിച്ച് നീക്കാന്‍ ആവശ്യപ്പെട്ട ഫ്ലാറ്റ് സമുച്ചയങ്ങള്‍. ഇതില്‍ ഹോളിഡേ ഹെറിറ്റേജ് പണി തുടങ്ങിയിട്ടില്ല. പഞ്ചായത്ത് അനുമതി നല്‍കിയിരുന്നെങ്കിലും പിന്നീട് നഗരസഭ സ്റ്റോപ്പ് മെമ്മോ നല്‍കിയതിനാല്‍ നിര്‍മ്മാണം തുടങ്ങാനായില്ല. മറ്റ് നാല് സമുച്ചയങ്ങളിലായി 350 ഫ്ലാറ്റുകളാണ് ഉള്ളത്. ഇവ പൊളിച്ച് നീക്കാനുള്ള വിധിയില്‍ അന്തിച്ചിരിക്കുകയാണ് താമസക്കാരും ഉടമകളുമായവര്‍.

ഇതില്‍ ഹോളി ഫെയ്ത്തിലെ ഒരു ഫ്ലാറ്റിന്റെ ഉടമയായ ജയകുമാര്‍ പറയുന്നു, 'ഞാന്‍ ഒരു പ്രവാസിയാണ്. മസ്‌കറ്റിലാണ്. രണ്ട് ദിവസം മുമ്പാണ് ഇവിടേക്ക് വന്നത്. മസ്‌ക്കറ്റില്‍ നിന്ന് കുടുംബം വിളിച്ച് അറിയിക്കുമ്പോഴാണ് സുപ്രീംകോടതി വിധി വന്ന കാര്യം അറിയുന്നത്. കോടതി വിധിയെ മാനിച്ചുകൊണ്ട് തന്നെയാണ് ഞങ്ങള്‍ പറയുന്നത്. ഞാന്‍ ഇവിടെ 2012 മുതല്‍ താമസിക്കുന്നതാണ്. ഞങ്ങള്‍ നിയമപരമായി ടാക്‌സും വൈദ്യുതി ബില്ലും എല്ലാം അടക്കുന്നുണ്ട്. വീട് നമ്പര്‍ കിട്ടി. നഗരസഭയിലേക്കുള്ള പൈസ അടക്കുന്നു. ഇതെല്ലാം ശരിയായപ്പോള്‍ ഇവിടെ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടെന്ന് ഞങ്ങള്‍ക്ക് ഒരു കാരണവശാലും അറിയില്ല. ഇവിടെ ഓണേഴ്‌സ് ആയിട്ടുള്ള ഏതാണ്ട് 70 ശതമാനം പേരും വിദേശത്താണ്. 30 ദിവസം കൊണ്ട് ബില്‍ഡിങ് പൊളിച്ച് അതിന്റെ റിപ്പോര്‍ട്ട് കൊടുക്കണമെന്നാണ് സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്. ഇത് ഒരു കാരണവശാലും ഞങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലും പറ്റുന്ന കാര്യമല്ല. പ്രവാസികളായവര്‍ എങ്ങനെ ഇവിടെ എത്തിപ്പെടും? എന്ത് സംരക്ഷണമാണ് ഞങ്ങള്‍ക്കുള്ളത്? നമ്പറ് കിട്ടി രജിസ്‌ട്രേഷനും എല്ലാം നടത്തിക്കഴിഞ്ഞ ശേഷം ഇത് സിആര്‍ഇസെഡ് നിയമത്തിന്റെ ലംഘനമാണെന്ന് പറയുമ്പോള്‍ ഈ തടസങ്ങളൊന്നും നേരത്തെയില്ലായിരുന്നോ? ഈ ബില്‍ഡിങ്ങിന്റെ പൈലിങ് തുടങ്ങി, രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളിലാണ് പണി തീര്‍ത്തത്. ഇതാണ് നടപടിയെങ്കില്‍ എന്ത് ധൈര്യത്തില്‍ കേരളത്തില്‍ ഒരു ഇന്‍വെസ്റ്റ്‌മെന്റിന് മുതിരും? എന്റെ പ്രവാസം തുടങ്ങിയിട്ട് 34 വര്‍ഷം കഴിഞ്ഞു. അവിടെയുള്ള സമ്പാദ്യങ്ങളെല്ലാം കൂട്ടി സ്വപ്‌നമായിട്ടുണ്ടായ ഒരു പ്രോപ്പര്‍ട്ടിയാണ്. പ്രവാസം കഴിഞ്ഞ് തിരിച്ച് വരുമ്പോള്‍, വാര്‍ധക്യത്തില്‍ ഏതോ ഒരു സ്വപ്‌നം കാണുന്നത് പോലെ എല്ലാം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് വരുമ്പോള്‍ എങ്ങനെയാണ്.. എല്ലാം ഫുള്‍ ഫര്‍ണിഷ്ഡ് ഫ്ലാറ്റുകളാണ്. പെട്ടെന്ന് ഒരു ദിവസം അതെല്ലാം വിട്ട് പോവണമെന്ന് പറഞ്ഞാല്‍ ചിന്തിക്കാന്‍ പോലും കഴിയില്ല. വലിയ ബിസിനസുകാരായ പ്രവാസികളെ മാറ്റിനിര്‍ത്തിയാല്‍, എത്രയോ സാധാരണക്കാരായ പ്രവാസികള്‍ അപ്പാര്‍ട്‌മെന്റുകള്‍ വാങ്ങിയിട്ടുണ്ട്. ഓണേഴ്‌സ് എല്ലാവരും ചേര്‍ന്ന് പുനപരിശോധനാ ഹര്‍ജി നല്‍കാനുള്ള തീരുമാനത്തിലാണ്. കേരള സര്‍ക്കാരിനേയും സമീപിക്കും.'

നഗരസഭയുടെ വിവിധ ഭാഗങ്ങളിലായി കായല്‍ തീരത്ത് രേക്കറിലേറെ സ്ഥലത്ത് ഒരുലക്ഷം ചതുരശ്ര അടിയില്‍ നിര്‍മ്മിച്ചിട്ടുള്ള ഫ്ലാറ്റ് സമുച്ചയങ്ങളാണ് പൊളിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. പത്ത് വര്‍ഷം മുമ്പ് തന്നെ ലക്ഷങ്ങള്‍ മുടക്കി ഫ്ലാറ്റ് വാങ്ങിയവരുണ്ട്. അന്ന് നാല്‍പ്പത് ലക്ഷം മുതല്‍ എണ്‍പത് ലക്ഷം വരെ നല്‍കിയാണ് പലരും ഫ്ലാറ്റുകള്‍ സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷങ്ങളിലും മൂന്ന് മാസം മുമ്പ് വരെയും ഒരു കോടിയും മൂന്ന് കോടി വരെയും പണം മുടക്കി ഫ്ലാറ്റ് വാങ്ങിയവരുമുണ്ട്. ഗോള്‍ഡന്‍ കായലോരം മരടില്‍ ആദ്യം നിര്‍മ്മിച്ച ഫ്ലാറ്റ് സമുച്ചയമാണ്. 2006ല്‍ 40ഉഉം 50ഉഉം ലക്ഷം രൂപ മുടക്കിയാണ് പലരും ഫ്ലാറ്റ് വാങ്ങിയത്. ചമ്പക്കര കനാല്‍ റോഡില്‍ കായലിനോട് ചേര്‍ന്നുള്ള അറുപത് സെന്റിലാണ് ഫ്ലാറ്റ്. പത്ത് നിലകളില്‍ മൂന്ന് മുറികളോട് കൂടിയ നാല്‍പ്പത് ഫ്ലാറ്റുകള്‍. 37 എണ്ണത്തില്‍ താമസക്കാരുണ്ട്. ഹോളി ഫെയ്ത്തും, ആല്‍ഫ വെന്‍ച്വറും ജയിന്‍ ഹൗസിങ്ങും ലക്ഷ്വറി അപാര്‍ട്‌മെന്റ്‌സ് ആണ്. കുണ്ടന്നൂര്‍ ജംഗ്ഷനില്‍ നിന്ന് 200 മീറ്റര്‍ ദൂരത്തില്‍ കുണ്ടന്നൂര്‍ കായല്‍ തീരത്താണ് ഹോളി ഫെയ്ത്ത് അപ്പാര്‍ട്‌മെന്റ്. ഒരേക്കര്‍ സ്ഥലത്ത് 60,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഫ്ലാറ്റ് സമുച്ചയത്തില്‍ നൂറിലേറെ കുടുംബങ്ങള്‍ താമസമുണ്ട്. കായല്‍ തീരത്ത് നിന്ന് പത്ത് മീറ്റര്‍ വ്യത്യാസത്തില്‍ മാത്രമാണ് ഫ്ലാറ്റ് സമുച്ചയം നിര്‍മ്മിച്ചിരിക്കുന്നത്. നെട്ടൂരില്‍ കടത്തുകടവിന് സമീപം ഒരേക്കര്‍ സ്ഥലത്ത് 10 നിലകളുള്ള രണ്ട് ഫ്ലാറ്റ് സമുച്ചയങ്ങളാണ് ആല്‍ഫ വെന്‍ച്വര്‍. ഇവയും കായല്‍ തീരത്ത് നിന്ന് പത്ത് മീറ്റര്‍ വ്യത്യസത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. മരട് നഗരസഭാ കെട്ടിടത്തിന് സമീപത്താണ് ഫ്ലാറ്റ് സമുച്ചയം. നെട്ടൂര്‍ ഐഎന്‍ടിയുസി ജംഗ്ഷന് സമീപത്താണ് ജെയിന്‍ഹൗസിങ്. സമുച്ചയത്തിലെ ഒട്ടുമിക്ക ഫ്ലാറ്റുകളും പലരും സ്വന്തമാക്കിയെങ്കിലും നഗരസഭാ ശ്മശാനം മുന്നൂറ് മീറ്റര്‍ വ്യത്യാസത്തില്‍ മാത്രമായതിനാല്‍ ശ്മശാനത്തില്‍ നിന്നുള്ള പുക ഫ്ലാറ്റുകളിലേക്ക് എത്തുന്നതിനാല്‍ പലരും അവിടെ താമസിക്കാറില്ല. നെട്ടൂര്‍ കായലില്‍ നിന്ന് മൂന്ന് മീറ്റര്‍ വ്യത്യാസം മാത്രമാണ് ഫ്ലാറ്റ് സമുച്ചയത്തിനുള്ളത്.

'വാങ്ങാന്‍ വരുന്നവര്‍ക്ക് ഇത്തരം സാങ്കേതിക കാര്യങ്ങളൊന്നും അറിഞ്ഞിരിക്കണമെന്നില്ല. എന്നാല്‍ എല്ലാ പേപ്പറുകളും ശരിയായതിന് ശേഷമാണ് കച്ചവടം നടക്കുന്നത്. പക്ഷെ ഇത്തരമൊരു ചതി ഇതില്‍ ഉണ്ടാവും എന്ന് ആര്‍ക്കും അറിയില്ലല്ലോ. ഒരു കോടിയും മൂന്ന് കോടിയും വരെ രൂപ മുടക്കി ഫ്ലാറ്റുകള്‍ വാങ്ങിയിട്ടുണ്ട്. കാശുള്ളവരല്ലേ, അവര്‍ക്ക് പോവണമെങ്കില്‍ പോട്ടെ എന്ന തരത്തില്‍ കമന്റുകളെല്ലാം സോഷ്യല്‍മീഡിയയില്‍ കണ്ടു. പക്ഷെ ഞങ്ങളുടെ എത്രകാലത്തെ സമ്പാദ്യമാണ് ഇവിടെ മുടക്കിയതെന്ന് ആരും ചിന്തിക്കുന്നില്ല. ഓണേഴ്‌സില്‍ പലരും വിദേശത്ത് നിന്ന് പോലും വിളിച്ച് കരച്ചിലാണ്. അവര്‍ക്ക് അവിടെ മനസമാധാനത്തോടെ നില്‍ക്കാന്‍ കഴിയുന്നില്ല. ബില്‍ഡേഴ്‌സും നഗരസഭയും എല്ലാം തെറ്റ് ചെയ്തതിന് ഞങ്ങളാണ് പെരുവഴിയിലാവാന്‍ പോവുന്നത്' ഫ്ലാറ്റ് ഉടമയായ ബിജേഷ് പറഞ്ഞു.

പുന:പരിശോധനാ ഹര്‍ജി നല്‍കുന്നത് തീരുമാനിക്കാനും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനുമായി എല്ലാ ഫ്ലാറ്റ് സമുച്ചയങ്ങളിലുമുള്ളവര്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കാനിരിക്കുകയാണ്.എന്നാല്‍ അതിനിടെ വിധി നടപ്പാക്കാന്‍ അധികാരികളെത്തിയാല്‍ എന്തുചെയ്യുമെന്ന ആശങ്കയിലാണ് ഫ്ലാറ്റ് ഉടമകള്‍.

Read More: Explainer: എന്താണ് ലോക പുനർനിർമാണ സമ്മേളനം? എങ്ങനെയാണിത് ‘നവകേരള നിര്‍മാണ’ത്തിന് സഹായകമാവുക?


കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ഡപ്യൂട്ടി എഡിറ്റര്‍

Next Story

Related Stories