TopTop
Begin typing your search above and press return to search.

മഴ കുറഞ്ഞെങ്കിലും ഭയം വിട്ടൊഴിഞ്ഞിട്ടില്ല, വെള്ളത്തില്‍ മുങ്ങിയ നിലമ്പൂര്‍ തിരിച്ചുവരുന്നത് ഇങ്ങനെ

മഴ കുറഞ്ഞെങ്കിലും ഭയം വിട്ടൊഴിഞ്ഞിട്ടില്ല, വെള്ളത്തില്‍ മുങ്ങിയ നിലമ്പൂര്‍ തിരിച്ചുവരുന്നത് ഇങ്ങനെ

മഴയ്ക്ക് ശമനം വന്നതും ജലനിരപ്പ് കുറഞ്ഞതും ആശ്വാസം നല്‍കുമ്പോഴും എട്ട് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതുള്‍പ്പെടെ വലിയ ദുരന്തമാണ് കാലവര്‍ഷക്കെടുതിയില്‍ മലപ്പുറം ജില്ല നേരിടുന്നത്. ശക്തമായ മഴയും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും ജില്ലയെ അതിരൂക്ഷമായാണ് ബാധിച്ചത്. മഴ മാറി വരുമ്പോഴും മഴക്കെടുതിയില്‍ ഉണ്ടായ തിരിച്ചടികള്‍ അതിജീവിക്കാന്‍ ജില്ലയുടെ പലപ്രദേശങ്ങളും ഇനിയും സമയം എടുക്കുമെന്നാണ് നിലവിലെ സാഹചര്യങ്ങളില്‍ നിന്നും മനസിലാകുന്നത്. സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷപ്രവര്‍ത്തനങ്ങള്‍ സജീവമായി നടക്കുന്നുണ്ട്.

അതേസമയം നിലമ്പൂര്‍ എരുമുണ്ടയില്‍ ഒരു കുടുംബത്തിലെ ആറു പേര്‍ക്കാണ് കഴിഞ്ഞദിവസം ഉണ്ടായ ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായത്. വ്യാഴാഴ്ച പുലര്‍ച്ചയോടെ ഉണ്ടായ ഉരുള്‍പൊട്ടലാണ് സുബ്രഹ്മണ്യന്‍ എന്ന വ്യക്തിയുടെ കുടുംബത്തെ ഇല്ലാതാക്കിയത്. സുബ്രഹ്മണ്യന്‍, ഇദ്ദേഹത്തിന്റെ മാതാവ്, ഭാര്യ, രണ്ട് മക്കള്‍ സഹോദരിയുടെ മകന്‍ എന്നിവരാണ് ഉരുള്‍പൊട്ടലില്‍ കൊല്ലപ്പെട്ടത്. ഇവരില്‍ സുബ്രഹ്മണ്യന്റെ മൃതദേഹം വെള്ളിയാഴ്ചയാണ് കണ്ടെത്താന്‍ കഴിഞ്ഞത്. വീടിരുന്നിടത്തു നിന്നും നൂറു മീറ്റര്‍ മാറിയാണ് സുബ്രഹ്മണ്യന്റെ മൃതദേഹം കിട്ടിയത്. നാട്ടുകാരുടെ സഹായത്തോടെ പൊലീസും ഫയര്‍ഫോഴ്‌സും മണ്ണുമാന്തിയന്ത്രങ്ങള്‍ ഉള്‍പ്പൊടെ കൊണ്ട് നടത്തിയ തെരച്ചിലിലാണ് സുബ്രഹ്മണ്യന്റെ മൃതദേഹം കിട്ടിയത്. സൈന്യവും ഇവിടെ സഹായത്തിനായി എത്തിയിരുന്നു. സുബ്രഹ്മണ്യന്റെ ഉള്‍പ്പെടെ നാലുവീടുകള്‍ ഈ ഭാഗത്ത് മാത്രമായി ഉരുള്‍പൊട്ടലില്‍ തകര്‍ന്നിട്ടുണ്ട്. കരുവാരുകുണ്ട്, കവളികാട്, ചോക്കാട് ഭാഗങ്ങളിലെല്ലാം തുടര്‍ച്ചയായിട്ടുള്ള ഉരുള്‍പൊട്ടല്‍ ഉണ്ടായതാണ് അറിയാന്‍ കഴിയുന്നത്.

ജില്ലയില്‍ വ്യാഴാഴ്ച രാത്രിയോടെ ശക്തമായി പെയ്തുകൊണ്ടിരുന്ന മഴയ്ക്ക് ശമനം വന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായിട്ടുണ്ടെന്നാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിവിധ സംഘങ്ങള്‍ അറിയിക്കുന്നത്. ചാലിയാര്‍ പുഴയിലും വെള്ളത്തിന്റെ അളവിന് കുറവ് വന്നിട്ടുണ്ട്. നിലമ്പൂരിലെ വിവിധപ്രദേശങ്ങളില്‍ പൊങ്ങിയ വെള്ളത്തിന്റെ അളവിലും കുറവ് വന്നിട്ടുള്ളത് ആശ്വാസകരമാണ്. ഇതിനൊപ്പം തന്നെ ഏതു സാഹചര്യത്തിലും രക്ഷാപ്രവര്‍ത്തനം നടത്താനും പ്രവര്‍ത്തനങ്ങള്‍ നേരിടാനും ഏറ്റവും ആധുനിക സജ്ജീകരണങ്ങളുമായി രംഗത്ത് ഉള്ളത് വലിയ രീതിയില്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നുണ്ട്. എഴുപത് അംഗ ദുരന്ത പ്രതികരണ സേനയാണ് വ്യാഴാഴ്ച വൈകിട്ടോടെ കോയമ്പത്തൂരില്‍ നിന്നും നിലമ്പൂരില്‍ എത്തിയത്. സൈന്യത്തിന്റെ കൂടി സഹായത്തോടെ ജില്ലയിലെ രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്. പലഭാഗങ്ങളും ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും ഇവിടങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ എത്രയും വേഗം സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണെന്നും ഇവര്‍ അറിയിക്കുന്നു. പന്ത്രണ്ടോളം ദുരിതാശ്വാസ ക്യാമ്പുകള്‍ മലപ്പുറത്ത് തുറന്നിട്ടുണ്ട്. രക്ഷപെടുത്തിയെടുക്കുന്നവരെയെല്ലാം ഈ ക്യാമ്പുകളിലേക്കാണ് മാറ്റിക്കൊണ്ടിരിക്കുന്നത്.

ജില്ലയില്‍ കാലവര്‍ഷക്കെടുതിയുടെ രൂക്ഷത ഏറ്റവും അധികം ബാധിച്ച നിലമ്പൂര്‍ മേഖലയിലും ഇപ്പോള്‍ സാഹചര്യങ്ങളുടെ രൂക്ഷത കുറഞ്ഞുവരുന്നുണ്ട്. വെള്ളത്തിനടിയിലായിരുന്ന നിലമ്പൂര്‍ കാളികാവ് റോഡ് ഒക്കെ സുരക്ഷതമായി മാറിവരുന്നതിന്റെ ആശ്വാസം പ്രദേശവാസികളിലുണ്ട്. രണ്ടു ദിവസമായി ഗതാഗതസൗകര്യം പോലും ഇവിടെ നിര്‍ത്തിവയ്ക്കപ്പെട്ട നിലയിലായിരുന്നു. ഈ പ്രദേശമൊക്കെ മൊത്തമായി വെള്ളത്തിനിടയിലായിരുന്നു. ഉരുള്‍പൊട്ടലിന്റെ കെടുതിയും ഈ പ്രദേശം ഏറ്റുവാങ്ങിയിരുന്നു. വീടുകള്‍ക്ക് അകമെല്ലാം വെള്ളം കയറിയ അവസ്ഥയിലായിരുന്നു. മഴ കുറഞ്ഞെങ്കിലും വെള്ളം ഇപ്പോഴും വീടുകളില്‍ നിന്നും ഒഴിഞ്ഞിട്ടില്ല. കനത്ത ചെളിയും ആളുകളുടെ ജീവിതത്തെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ആദിവാസി കോളനിയായ ചിങ്കകല്ല് കോളനിയില്‍ കഴിഞ്ഞവര്‍ഷം റോഡിനായി കട്ട പതിച്ചതെല്ലാം വെളളത്തിന്റെ കുത്തൊഴുക്കില്‍ ഒഴുകി പോയി. ജനതപ്പടി, വെളിയംതോട് ഭാഗങ്ങളില്‍ അരയ്‌ക്കൊപ്പമായിരുന്നു വെള്ളമെന്ന് ഇവിടെയുള്ളവര്‍ പറയുന്നു. എഞ്ചിനകത്ത് വരെ വെള്ളം കയറുന്ന അവസ്ഥയായിരുന്നതിനാല്‍ വാഹനങ്ങളൊന്നും തന്നെ പുറത്തിറക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു.

കനത്ത മഴയില്‍ ചാലിയാര്‍, കരിംപുഴ, കല്ലാമൂലപ്പുഴ, കുതിരപ്പുഴ, കോട്ടപ്പുഴ, ചെരങ്ങാതോട്, ചെറായിതോടി എന്നീ പുഴകള്‍ കരകവിഞ്ഞ് ഒഴുകിയതാണ് മലയോരമേഖലയെ കൂടുതല്‍ ദുരിതത്തിലാക്കിയത്. വീടുകളില്‍ വെള്ളം കയറാനും നാശനഷ്ടങ്ങള്‍ ഉണ്ടാകാനും ഇതാണ് കാരണമായത്. അമരമ്പലം, മാമ്പറ്റ കോട്ടക്കുളം, ചുള്ളിയോട്, കരുളായി, പൂക്കോട്ടുംപാടം എന്നിവിടങ്ങളിലെല്ലാം വെള്ളം അതിഗുരുതരമായ സാഹചര്യങ്ങളാണ് സൃഷ്ടിച്ചത്. റോഡുകള്‍ തകരാനും മധ്യഭാഗങ്ങളില്‍ വെള്ളവും ചെളിയും നിറഞ്ഞ ചതുപ്പുകള്‍ രൂപപ്പെടാനും കാരണമായതോടെ ഗതാഗതസൗകര്യങ്ങളെല്ലാം പൂര്‍ണമായി നിലച്ചിരുന്നു.

കുതിരപ്പുഴയില്‍ നിന്നും കരകവിഞ്ഞ വെള്ളം ഉയര്‍ന്ന പ്രദേശങ്ങളിലേക്കുപോലും വ്യാപിച്ചു. വീടുകള്‍ക്കൊപ്പം വിവിധ ദേവാലായങ്ങളും വെള്ളത്തിനടിയിലായിട്ടുണ്ട്. ഈ പ്രദേശങ്ങളിലില്‍ നിന്നെല്ലാം ആളുകളെ സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ചോക്കാടന്‍ പുഴ കരകവിഞ്ഞ് ഒഴുകുന്നത് തുടരുന്നതിനാല്‍ ഇവിടെ ഇപ്പോഴും അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉരുള്‍പൊട്ടലിനുള്ള സാധ്യതയും ഇവിടെ നിലനില്‍ക്കുന്നുണ്ട്.ചോക്കാട് പഞ്ചായത്ത് മറ്റു പ്രദേശങ്ങളില്‍ നിന്നും ഒറ്റപ്പെട്ട അവസ്ഥയിലാണ് ഇപ്പോഴെന്നും പ്രദേശവാസികള്‍ പറയുന്നുണ്ട്. മഴ വീണ്ടും ശക്തമാവുകയാണെങ്കില്‍ ഇവിടെ കൂടുതല്‍ രൂക്ഷമായ സാഹചര്യം ഉണ്ടാകുമെന്നതിനാല്‍ മുന്‍കരുതല്‍ നടപടികള്‍ ദ്രുതഗതിയില്‍ നടത്തിവരുന്നുണ്ട്. ഗ്രാമപ്രദേശങ്ങള്‍ക്കൊപ്പം തന്നെ നിലമ്പൂര്‍ നഗരപ്രദേശവും വെള്ളത്തിനടിയിലായ അവസ്ഥയിലായിരുന്നു വാഹനങ്ങളൊക്കെ വെള്ളത്തിനടിയിലാകുന്ന തരത്തില്‍ നഗരത്തിലെ റോഡുകളിലേക്ക് വെള്ളം ഇരച്ചു കയറിയിരുന്നു. നഗരത്തിലെ റോഡിലൂടെ തോണിയില്‍ കയറ്റി ആളുകളെ കൊണ്ടുപോകേണ്ട അവസ്ഥവരെ സംജാതമായിരുന്നു. നിരവധി സ്ഥാപനങ്ങളിലും വെള്ളം കയറിയിരുന്നു. നിലമ്പൂര്‍ പുഴ കരകവിഞ്ഞ് ഒഴുകിയതാണ് നഗരത്തെ വെള്ളക്കെട്ടാക്കിയത്. കാറുകള്‍പോലുള്ള വാഹനങ്ങള്‍ പൂര്‍ണമായി മുങ്ങിപ്പോകുന്ന നിലയില്‍ വരെ വെള്ളം പൊങ്ങിയിരുന്നു നഗരത്തിലെ റോഡുകളില്‍. മഴയ്ക്ക് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ശമനം തങ്ങള്‍ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത തരത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി നേരിട്ടുകൊണ്ടിരുന്ന ദുരിതത്തില്‍ കരകയറാന്‍ സഹായകരമാകുമെന്നാണ് നിലമ്പൂര്‍ നിവാസികള്‍ പ്രതീക്ഷിക്കുന്നതെങ്കിലും ഭയം പൂര്‍ണമായി ഈ മനുഷ്യരെ വിട്ടൊഴിഞ്ഞിട്ടുമില്ല.

https://www.azhimukham.com/keralam-red-alert-in-8-districts/

Next Story

Related Stories