TopTop

പ്രളയം: 98,181 അപ്പീലുകളില്‍ 85,141 എണ്ണം തീര്‍പ്പാക്കിയെന്ന് മുഖ്യമന്ത്രി

പ്രളയം: 98,181 അപ്പീലുകളില്‍ 85,141 എണ്ണം തീര്‍പ്പാക്കിയെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മ്മാണം, അറ്റകുറ്റപ്പണി, ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് പകരം ഭൂമി കണ്ടെത്താന്‍ നടപടി എന്നിവ സംബന്ധിച്ച് ലഭിച്ച 98,181 അപേക്ഷകളില്‍ 85,141 എണ്ണം തീര്‍പ്പാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇനിയും തീര്‍പ്പാക്കാനുള്ളവ 2019 മെയ് അവസാനത്തോടെ തീര്‍പ്പാക്കുവാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും എസ് ശര്‍മ്മയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ മറുപടിയുടെ പൂര്‍ണ്ണ രൂപം: :

2018 ഓഗസ്റ്റില്‍ നമ്മുടെ സംസ്ഥാനത്തിന് നേരിടേണ്ടിവന്ന സമാനതകളില്ലാത്ത പ്രളയം സമസ്ത മേഖലകളിലും പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും ജനജീവിതത്തെ സാരമായി ബാധിക്കുകയും ചെയ്തു. പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മ്മാണം, അറ്റകുറ്റപ്പണി, ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് പകരം ഭൂമി കണ്ടെത്താന്‍ നടപടി എന്നിവ സംബന്ധിച്ച് ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ലഭ്യമാക്കിയതുള്‍പ്പെടെ 98,181 അപ്പീല്‍ അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ 85,141 എണ്ണം തീര്‍പ്പാക്കിയിട്ടുണ്ട്. ഇനിയും തീര്‍പ്പാക്കാനുള്ളവ 2019 മെയ് അവസാനത്തോടെ തീര്‍പ്പാക്കുവാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പരാതിരഹിതമായും സത്വരമായും പൂര്‍ത്തിയാക്കുന്നതിന് സഹകരണം, തദ്ദേശ സ്വയംഭരണം, റവന്യൂ തുടങ്ങിയ വകുപ്പ് അധികൃതര്‍, ലൈഫ് മിഷന്‍ കോര്‍ഡിനേറ്റര്‍ എന്നിവരുടെ യോഗങ്ങള്‍ ജില്ലാതലത്തില്‍ വിളിച്ചുചേര്‍ക്കുന്നു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി, ജില്ലാ കളക്ടര്‍മാര്‍, എന്നിവരുള്‍പ്പെടുന്ന അവലോകനയോഗങ്ങള്‍ ചേരുകയും പുരോഗതി നിരീക്ഷിച്ചുവരികയും ചെയ്യുന്നു.

സംസ്ഥാനത്തൊട്ടാകെ പ്രളയത്തില്‍ തകര്‍ന്ന 15,079 വീടുകളില്‍ 9,329 വീടുകള്‍ ഗുണഭോക്താക്കള്‍ തന്നെ നിര്‍മ്മാണം നടത്തുന്നതിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇവര്‍ക്കുള്ള ധനസഹായം ഗഡുക്കളായി നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന്റെ തോതനുസരിച്ച് വിതരണം ചെയ്തുവരുന്നു. കെയര്‍ഹോം പദ്ധതി പ്രകാരം 1,990 വീടുകളുടെ പുനര്‍നിര്‍മ്മാണമാണ് ഏറ്റെടുത്തിട്ടുള്ളത്. 937 വീടുകളുടെ നിര്‍മ്മാണം ഇപ്രകാരം പൂര്‍ത്തീകരിച്ചിട്ടുണ്ട്. പ്രാദേശിക സ്‌പോണ്‍സര്‍ഷിപ്പ് വഴി 1,225 വീടുകളുടെ നിര്‍മ്മാണമാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പ്രകാരം 245 വീടുകളുടെ നിര്‍മ്മാണം എറ്റെടുത്തിട്ടുണ്ട്.

ഭാഗികമായി തകര്‍ന്ന 2,51,227 വീടുകളില്‍ 2,21,718 കുടുംബങ്ങള്‍ക്കായി 1163.31 കോടി രൂപ ദുരിതാശ്വാസ സഹായം നല്‍കിയിട്ടുണ്ട്. ഭാഗികമായി നാശം സംഭവിച്ച വീടുകളെ കേടുപാടിന്റെ തോത് അനുസരിച്ച് നാല് വിഭാഗമായി നിശ്ചയിച്ചാണ് ധനസഹായം അനുവദിക്കുന്നത്. 10,000 രൂപ, 60,000 രൂപ, 1,25,000 രൂപ, 2,50,000 രൂപ എന്നിങ്ങനെ നിരക്കിലാണ് ആനുകൂല്യം നല്‍കുന്നത്. പൂര്‍ണ്ണമായും തകര്‍ന്ന വീടുകള്‍ക്ക് 4 ലക്ഷം രൂപ അനുവദിക്കുന്നുണ്ട്.

കളക്ടര്‍മാര്‍ അപ്പീലുകള്‍ തീര്‍പ്പാക്കുന്നതിന് അനുസൃതമായി ആനുകൂല്യം ലഭ്യമാക്കുവാനുള്ളവരുടെ എണ്ണത്തില്‍ ഇനിയും വ്യത്യാസം വരുന്നതാണ്. 7,602.3 കിമീ റോഡ് പുനര്‍നിര്‍മ്മിച്ചുകഴിഞ്ഞു. Resurgent Kerala Loan മുഖേന കുടുംബശ്രീ വഴി 1,44,947 വനിതകള്‍ക്കായി 1,273.98 കോടി രൂപയുടെ വായ്പ അനുവദിച്ചു.

ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിതസൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനും ദുരന്തങ്ങള്‍ അതിജീവിക്കാനുതകുന്നതുമായ സാങ്കേതിവിദ്യകള്‍ പ്രയോജനപ്പെടുത്തിയും പരിസ്ഥിതിസൗഹാര്‍ദ്ദമായ കേരള പുനര്‍നിര്‍മ്മാണം സാധ്യമാക്കുന്നതിനാണ് കേരള പുനര്‍നിര്‍മ്മാണ പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്. അടിയന്തര ആശ്വാസ നടപടികളും ജീവനോപാധികള്‍ ലഭ്യമാക്കാനുള്ള നടപടികളും പുനരധിവാസ പ്രവര്‍ത്തനങ്ങളും ഇതിനുപുറമെ നടത്തിയിട്ടുണ്ട്.

നീതിപൂര്‍വ്വവും നിഷ്പക്ഷവുമായ പുനരധിവാസ നടപടികള്‍, ആസ്തി പരിപാലന ചട്ടക്കൂടുകളുടെ രൂപീകരണം, കാര്യക്ഷമത ഉറപ്പാക്കല്‍, നടപടിക്രമങ്ങളുടെ ലഘൂകരണം എന്നീ സമീപനങ്ങളാണ് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ സ്വീകരിച്ചിട്ടുള്ളത്. കേരള പുനര്‍നിര്‍മ്മാണ വികസന പരിപാടിക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. ലോകബാങ്കില്‍ നിന്നും ജര്‍മ്മന്‍ ബാങ്കായ KFW ല്‍ നിന്നും വായ്പ ലഭ്യമാക്കുന്നതിനുള്ള ധാരണാപത്രം ഒപ്പിടുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

Read More: ലൈംഗിക ചൂഷണ ഇരയായ പെണ്‍കുട്ടിയെ പ്രതികള്‍ക്ക് തന്നെ വിട്ടുകൊടുത്ത് തിരുവനന്തപുരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി

Next Story

Related Stories