TopTop
Begin typing your search above and press return to search.

ഫാദര്‍ നിക്കോളാസ് മണിപ്പറമ്പില്‍ കുറവിലങ്ങാട് മഠം സന്ദര്‍ശിച്ചതിന് പിന്നില്‍

ഫാദര്‍ നിക്കോളാസ് മണിപ്പറമ്പില്‍ കുറവിലങ്ങാട് മഠം സന്ദര്‍ശിച്ചതിന് പിന്നില്‍

ബിഷപ്പ് ഫ്രാങ്കോയുടെ ജാമ്യാപേക്ഷയില്‍ കോടതി വിധി പ്രഖ്യാപിക്കാനിരിക്കെ സഭയുമായി ബന്ധപ്പെട്ട ഉന്നത കേന്ദ്രങ്ങള്‍ പരാതിക്കാരിയെയും സമരം ചെയ്ത കന്യാ സ്ത്രീകളെയും സ്വാധീനിക്കാനുള്ള ശ്രമം തകൃതിയില്‍ നടത്തുന്നതായി സൂചന. ഇന്നലെ കോടനാട് വികാരി ഫാദര്‍ നിക്കോളാസ് മണിപ്പറമ്പില്‍ കുറവിലങ്ങാട് മഠം സന്ദര്‍ശിച്ചത് സംശയത്തിന് ബലം കൂട്ടിയിരിക്കുകയാണ്.

ബലാത്സംഗ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ബിഷപ്പിനെ നേരത്തെ പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കനും ഭരണങ്ങാനത്തെ വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രം റെക്ടര്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേലും പി.സി ജോര്‍ജ്ജ് എം എല്‍ എയും സന്ദര്‍ശിച്ചിരുന്നു. ഫ്രാങ്കോയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു പാലാ സബ്ജയിലില്‍ അടച്ചപ്പോഴാണ് സഭയുടെ ഉന്നതാധികാരികളും തുടക്കം മുതല്‍ പരാതിക്കാരിക്കും സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്കും എതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുന്ന ജനപ്രതിനിധിയും എത്തിയത്. സന്ദര്‍ശനത്തില്‍ അസാധാരണമായി ഒന്നുമില്ലെന്ന വിശദീകരണമാണ് സഭാ കേന്ദ്രങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത്.

എന്നാല്‍ ഇന്നലെ ഫാദര്‍ നിക്കോളാസിന്റെ സന്ദര്‍ശനത്തോടെ കേസ് ഏത് വിധേനയും ഒതുക്കി തീര്‍ക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് സഭ എന്നു വ്യക്തമായിരിക്കുകയാണ്. കേസ് ഈ രീതിയില്‍ പോവുകയാണെങ്കില്‍ കന്യാസ്ത്രീകള്‍ നേരത്തെ പരാതി പറഞ്ഞ കര്‍ദിനാള്‍ ആലഞ്ചേരിയടക്കം സാക്ഷിക്കൂട്ടില്‍ കയറേണ്ടി വരും. അതുകൊണ്ട് കൊട്ടിയൂര്‍ പീഡനകേസില്‍ ഫാദര്‍ റോബിന്‍ വടക്കുംചേരിയെ നിയമത്തിന്റെ കൈകളില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിക്കുന്നതു പോലെയുള്ള തന്ത്രങ്ങള്‍ പയറ്റാന്‍ സഭ തയ്യാറാകും എന്നു തീര്‍ച്ച. അതുകൊണ്ടാണ് നേരത്തെ കന്യാസ്ത്രീക്ക് അനുകൂലമായി സംസാരിച്ച മേല്‍ പുരോഹിതനെ പോലെയുള്ളവരെ വേഷ പ്രച്ഛന്നരായി കുറവിലങ്ങാടേക്ക് അയക്കുന്നത് എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

“ശനിയാഴ്ച രാവിലെ 11.30 –ഓടെ മഠത്തിലെത്തിയ വികാരി 12.12-ഓടെയാണ് മടങ്ങിയത്. കന്യാസ്ത്രീ ഇടവകാംഗമായതിനാല്‍ സന്ദര്‍ശിക്കാനെത്തി എന്നാണ് നിക്കോളാസ് മണിപ്പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞത്. വിവാദങ്ങള്‍ ഉണ്ടായത് തെറ്റിദ്ധാരണമൂലമാണ്.” മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. താന്‍ നേരത്തെ നല്‍കിയ മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നതായി ഫാദര്‍ പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ കേസിന്റെ തുടക്കത്തില്‍ കന്യാസ്തീക്കൊപ്പം നില്‍ക്കുകയും പിന്നീട് മൊഴിമാറ്റുകയും ചെയ്ത വ്യക്തിയാണ് എന്നാണ് കന്യാസ്ത്രീകളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.

ഫാദര്‍ നിക്കോളാസിന്റെ വിശദീകരണത്തെ ഖണ്ഡിക്കുന്നതായിരുന്നു കുറവിലങ്ങാട്ടെ സിസ്റ്റര്‍ അനുപമയുടെ വെളിപ്പെടുത്തല്‍. വികാരി എത്തിയത് തങ്ങളെ സ്വാധീനിക്കാന്‍ എത്തിയതായിരുന്നു എന്നാണ് അനുപമ മാധ്യമങ്ങളോട് പറഞ്ഞത്. “പോലീസില്‍ പരാതി നല്‍കിയതും സമരപ്പന്തലില്‍ പോയതും ശരിയായില്ലെന്ന് നിക്കോളാസ് മണിപ്പറമ്പില്‍ പറഞ്ഞു. സഭയെ അധിക്ഷേപിക്കാന്‍ ശ്രമിച്ചെന്നു കുറ്റപ്പെടുത്തി.” സിസ്റ്റര്‍ അനുപമ പറഞ്ഞു. എന്നാല്‍ കേസ് പിന്‍വലിക്കാന്‍ ഫാദര്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് സിസ്റ്റര്‍ അനുപമ വ്യക്തമാക്കി. “വിജാതീയരെക്കൂട്ടി സഭയ്ക്കെതിരെ തെരുവില്‍ സമരം നടത്തിയെന്നും” ഫാദര്‍ പറഞ്ഞതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

പരാതിയുമായി മുന്നോട്ട് പോകുന്ന കന്യാസ്ത്രീകളെ മാനസിക സമ്മര്‍ദത്തില്‍ ആക്കാനുള്ള നീക്കങ്ങള്‍ പല തരത്തില്‍ നടക്കുന്നു എന്നതിന്റെ സൂചനയാണ് കോടനാട്ട് അച്ചന്റെ സന്ദര്‍ശനം. പരാതിക്കാരിയുടെ ഇടവകയിലെ വികാരി തന്നെ ആ ദൌത്യം ഏറ്റെടുത്തിരിക്കുന്നു എന്നത് ഏറെ ഗൌരവതരമായ കാര്യമാണ്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് ഫാദര്‍ നിക്കോളാസിനെതിരെ കേസെടുക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.

അതേസമയം കോടനാട് പള്ളി വികാരി കന്യാസ്ത്രീകളെ 'ഉപദേശി'ക്കാനാണ് മഠത്തില്‍ പോയതെന്ന് അറിഞ്ഞിരുന്നില്ലെന്ന് പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരന്‍ മാതൃഭൂമിയോട് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയില്‍ അച്ചന്‍ വീട്ടിലെത്തി സഹോദരിയെ ചെന്നു കണ്ടോട്ടെ എന്നു അനുവാദം ചോദിച്ചിരുന്നതായും സഹോദരന്‍ വെളിപ്പെടുത്തി. വികാരിയായതുകൊണ്ടാണ് സമ്മതിച്ചത്. അദ്ദേഹത്തിന്റെ ഒപ്പം ഉണ്ടായിരുന്ന ആള്‍ ആരാണെന്നറിയില്ല. ഈ ഇടവകയിലെ ആളല്ല. കന്യാസ്ത്രീയുടെ സഹോദരന്‍ പറഞ്ഞു.

നേരത്തെ ഫാദര്‍ ജെയിംസ് ഏര്‍ത്തയില്‍ പത്തേക്കര്‍ സ്ഥലവും പുതിയ മഠവും സ്ഥാപിച്ചു കൊടുക്കാമെന്ന വാഗ്ദാനവുമായി രംഗത്തുവന്നിരുന്നു. കൂടാതെ ജലന്ധറില്‍ മിഷണറീസ് ഓഫ് ജീസസിലെ ഒരു സംഘം കന്യാസ്ത്രീകള്‍ പരാതിയുമായി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. പൊതുസമൂഹത്തിലും വിശ്വാസികളുടെ ഇടയിലും നിയമത്തിന്റെ മുന്‍പിലും ഫ്രാങ്കോയെ വിശുദ്ധനാക്കാനുള്ള ആസൂത്രിത തിരക്കഥയാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത് എന്നതിന് ഇതില്‍ കൂടുതല്‍ തെളിവുകളൊന്നും വേണ്ട.

ഇതിനിടെ സാക്ഷികളായ അഞ്ചു കന്യാസ്ത്രീകളുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം കോട്ടയം സി ജെ എം കോടതിയില്‍ അപേക്ഷ നല്‍കി. സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം തടയാനാണ് രഹസ്യ മൊഴി രേഖപ്പെടുത്തുന്നത്. ഇത് കേസിന് കൂടുതല്‍ ബലം നല്‍കുമെന്നാണ് കണക്കുകൂട്ടല്‍. അന്വേഷണ സംഘത്തിന്റെ അപേക്ഷയില്‍ തിങ്കളാഴ്ച തീരുമാനം ഉണ്ടാകും.

https://www.azhimukham.com/newswrap-bishop-murikkan-and-pcgeorge-visits-franco-mulkkal-writes-saju/

https://www.azhimukham.com/newswrap-catholic-church-takes-revenge-action-against-sisiter-luci-writes-saju/

https://www.azhimukham.com/kerala-church-action-against-nun-lucy-who-supports-kerala-nun-protest-against-bishop-franco/


Next Story

Related Stories