TopTop

യെച്ചൂരിയും സോണിയയും ചര്‍ച്ച നടത്തുന്ന കാലത്താണ് ഞങ്ങള്‍ യുഡിഎഫിലെത്തുന്നത്: ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി ദേവരാജന്‍

യെച്ചൂരിയും സോണിയയും ചര്‍ച്ച നടത്തുന്ന കാലത്താണ് ഞങ്ങള്‍ യുഡിഎഫിലെത്തുന്നത്: ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി ദേവരാജന്‍
കേരളത്തില്‍ യുഡിഎഫിന്റെ ഭാഗമാകാനുള്ള തീരുമാനം എല്‍ഡിഎഫിന്റെ കടുത്ത അവഗണനയെ തുടര്‍ന്നാണെന്നും രാഷ്ട്രീയ അംഗീകാരമെന്ന നിലയ്ക്കാണ് ഇതിനെ കാണുന്നതെന്നും ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി ദേവരാജന്‍. ദേശീയ രാഷ്ട്രീയം ആവശ്യപ്പെടുന്നതാണ് കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും തമ്മിലുള്ള സഖ്യം. സിപിഎമ്മും സിപിഐയുമെല്ലാം ഇത് അംഗീകരിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ ഇത് അനിവാര്യമാണ്. സിപിഐയുടെ ദേശീയ എക്‌സിക്യൂട്ടീവ് കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കേണ്ടതിനെ കുറിച്ച് വ്യക്തമാക്കിയതും രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ സിപിഎം അടക്കമുള്ള പാര്‍ട്ടികള്‍ നടത്തുന്ന ശ്രമവും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തിയതുമെല്ലാം ഇതിന്റെ ഭാഗമാണെന്ന് അദ്ദേഹം അഴിമുഖത്തോട് പറഞ്ഞു. ബംഗാളിലെ സാഹചര്യം തന്നെയാണ് ഇന്ത്യ മുഴുവന്‍ വ്യാപിക്കുന്നതെന്നും ദേവരാജന്‍ ചൂണ്ടിക്കാട്ടി.

1983 മുതല്‍ ഫോര്‍വേഡ് ബ്ലോക്ക് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇടതുമുന്നണിയുടെ ഭാഗമാകണം എന്നത് മാത്രമായിരുന്നു ഞങ്ങളുടെ ആവശ്യം. മന്ത്രി സ്ഥാനമോ എംഎല്‍എ, എംപി സ്ഥാനങ്ങളോ ഞങ്ങള്‍ ആഗ്രഹിച്ചിട്ടില്ല. പ്രവര്‍ത്തകര്‍ കുറവായ പാര്‍ട്ടി എന്ന നിലയ്ക്ക് ഫോര്‍വേഡ് ബ്ലോക്കിനെ മാറ്റി നിര്‍ത്തിയതിനും ന്യായീകരണമില്ല. ഒറ്റയ്ക്ക് നിന്നാല്‍ ഒരു പഞ്ചായത്ത് വാര്‍ഡില്‍ പോലും ജയിക്കാന്‍ ശേഷിയില്ലാത്ത പാര്‍ട്ടികള്‍ക്ക് പോലും മുന്നണി അംഗത്വവും നിയമസഭ സീറ്റുമെല്ലാം കൊടുത്തിട്ടും ഞങ്ങളെ അവഗണിച്ചു.

ഫോര്‍വേഡ് ബ്ലോക്കിനോടുള്ള അവഗണന മാത്രമല്ല പ്രശ്നം. ജനതാദള്‍, ആര്‍ എസ് പി തുടങ്ങിയ പാര്‍ട്ടികളെല്ലാം യുഡിഎഫിലാണ്. ഗാട്ട് കരാറും ലോക വ്യാപാര സംഘടനയും അടക്കമുള്ളവയെ കമ്മ്യൂണിസ്റ്റുകാരേക്കാളും ശക്തിയായി എതിര്‍ത്ത എംപി വീരേന്ദ്ര കുമാര്‍ അടക്കമുള്ളവരുടെ പാര്‍ട്ടികളെ പുകച്ച് പുറത്തു ചാടിച്ചു. കമ്മ്യൂണിസ്റ്റുകാര്‍ മാത്രമായാല്‍ അത് ഇടതുപക്ഷമാകില്ല. ഇടതുപാര്‍ട്ടികളുടെ ഐക്യം എന്ന ആവശ്യത്തിന് വിരുദ്ധമായ സമീപനമാണ് എല്‍ഡിഎഫ് സ്വീകരിച്ചിട്ടുള്ളത്. എന്ത് ആദര്‍ശത്തിന്‍റെ പേരിലാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ് പോലെയുള്ള പാര്‍ട്ടികളെ മുന്നണിയില്‍ എടുത്തത്? ഫോര്‍വേഡ് ബ്ലോക്ക് കഴിഞ്ഞ 34 വര്‍ഷമായി എല്‍ഡിഎഫ് പ്രവേശനത്തിനായി കാത്തിരിക്കുകയായിരുന്നു- ദേവരാജന്‍ പറഞ്ഞു.സത്യത്തില്‍ കേരളത്തില്‍ ഇടതുപക്ഷ നയങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കിയത് യുഡിഎഫും അതിന് മുമ്പുള്ള കോണ്‍ഗ്രസ് മുന്നണികളുമാണ്. ഇഎംഎസ് സര്‍ക്കാരാണ് തുടക്കം കുറിച്ചതെങ്കിലും ഭൂപരിഷ്‌കരണം കൊണ്ടുവന്നത് കോണ്‍ഗ്രസിന് പങ്കാളിത്തമുള്ള അച്യുതമേനോന്‍ സര്‍ക്കാരാണ്. ക്ഷേമ പെന്‍ഷനുകള്‍ കൃത്യമായി കൊടുത്തതും കോണ്‍ഗ്രസ് ഉള്‍പ്പെട്ട ജനാധിപത്യ മുന്നണി സര്‍ക്കാരുകളാണെന്നും ദേവരാജന്‍ അഭിപ്രായപ്പെട്ടു. ഇടതുമുന്നണിയുടെ ഭാഗമായവര്‍ ആവശ്യങ്ങള്‍ ഉന്നയിച്ച് മുറവിളി കൂട്ടുക മാത്രമാണ് ചെയ്തത്. നടപ്പാക്കിയത് ഐക്യ ജനാധിപത്യ മുന്നണിയാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ് ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാരിനെക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ പെന്‍ഷന്‍ കൊടുത്തത്. ഇടത് അജണ്ടകള്‍ ഫലപ്രദമായി നടപ്പാക്കിയത് ജനാധിപത്യ ശക്തികളാണ്.

കേരളത്തിലെ ഇടതുപക്ഷം ഇപ്പോള്‍ രണ്ട് മുന്നണികളിലുമായി ചിതറി കിടക്കുകയാണ്. ഈ രണ്ട് ശാക്തിക ചേരികള്‍ക്കിടയില്‍ മൂന്നാമതൊരു ബദല്‍ ഇടതുപക്ഷത്തിന് നിലവില്‍ സാധ്യതയില്ല. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെടാത്ത ജനകീയ പ്രക്ഷോഭങ്ങളില്‍ ഫോര്‍വേഡ് ബ്ലോക്ക് ഇടപെട്ടിട്ടുള്ളതായും ദേവരാജന്‍ അവകാശപ്പെട്ടു. സിപിഎമ്മില്‍ നിന്ന് പുറത്തു പോയവര്‍ രൂപീകരിച്ച പാര്‍ട്ടികളുമായെല്ലാം ഇത്തരത്തിലൊരു ആശയവിനിമയം നടത്തിയിരുന്നു. ബദല്‍ മുന്നണിയുടെ സാധ്യതകളൊന്നും ചര്‍ച്ച ചെയ്തിട്ടില്ലെങ്കിലും. എന്നാല്‍ അത്തരത്തിലൊരു സാധ്യത തുറന്നിട്ടില്ലാത്തതിനാല്‍ ഇരു മുന്നണികളില്‍ ഏതെങ്കിലും ഒന്നിന്റെ ഭാഗമായി നില്‍ക്കേണ്ടത് അനിവാര്യമാണ്. ഇത് രാഷ്ട്രീയമായ അംഗീകാരത്തിന്റെ പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു.


Next Story

Related Stories