TopTop
Begin typing your search above and press return to search.

ഐ.എ.എസ് കൊട്ടാരവിപ്ളവം

ഐ.എ.എസ് കൊട്ടാരവിപ്ളവം

പി കെ ശ്യാം

രാജ്യത്തിന്റെ ഭരണയന്ത്രം നിയന്ത്രിക്കേണ്ട ഇന്ത്യൻ ഭരണസ‌ർവീസ് (ഐ.എ.എസ്) ഉദ്യോഗസ്ഥരുടെ ചേരിതിരിഞ്ഞുള്ള പോരും ചെളിവാരിയെറിയലും കണ്ട് അന്തിച്ചുനിൽക്കുകയാണ് സംസ്ഥാനം. ചീഫ് സെക്രട്ടറി ഇ.കെ.ഭരത്‌ ഭൂഷണും അഡീഷണൽ ചീഫ് സെക്രട്ടറി പദവിയിലുള്ള കുറച്ച് ഉദ്യോഗസ്ഥരും ഒരു ഭാഗത്തും പ്രിൻസിപ്പൽ സെക്രട്ടറി മുതൽ സബ്കളക്‌ടർമാർ വരെയുള്ളവർ മറുഭാഗത്തുമായി നിലയുറപ്പിച്ചാണ് പോര്. ഐ.പി.എസ്. ഐ.എഫ്.എസ് ഉദ്യോഗസ്ഥരും ചീഫ്സെക്രട്ടറിക്കെതിരേ രംഗത്തെത്തിയതോടെ സംസ്ഥാനം കടുത്ത ഭരണ മാന്ദ്യത്തിലായി. പ്രിൻസിപ്പൽ സെക്രട്ടറിമാരായ രാജു നാരായണ സ്വാമി, ടോം ജോസ് എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ചീഫ് സെക്രട്ടറി ശ്രമം തുടങ്ങിയതാണ് ഐ.എ.എസുകാരുടെ ചേരിപ്പോരിന് തുടക്കമായത്.

സർക്കാർ അനുമതിയോടെ നടത്തിയ വിദേശയാത്ര നിയമവിരുദ്ധമെന്ന് കാട്ടി തന്നെ വിജിലൻസ് കേസിൽ കുടുക്കാൻ ചീഫ് സെക്രട്ടറി ശ്രമിക്കുകയാണെന്ന് പ്രിന്റിംഗ് ആൻഡ് സ്റ്റേഷനറി വകുപ്പ് സെക്രട്ടറി രാജു നാരായണ സ്വാമി, ഐ.എ.എസ് അസോസിയേഷന് പരാതി നൽകി. മൂന്നാർ ദൗത്യകാലത്ത് ഭരത്‌ ഭൂഷൺ ചില റിസോർട്ടുകൾ ഇടിച്ചുനിരത്തരുതെന്നും ചില ഫയലുകളിൽ തിരുത്തൽ വരുത്തണമെന്നും ആവശ്യപ്പെട്ടിരുന്നതായും ഇതു ചെവിക്കൊള്ളാത്തതിനാലാണ് തന്നെ ദ്രോഹിക്കുന്നതെന്നും സ്വാമി തുറന്നടിച്ചു. 22 വർഷത്തെ സേവനത്തിനിടെ ഒരു പരാതിപോലും തനിക്കെതിരേയില്ല. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ കാലയളവിൽ ശമ്പളം നൽകരുതെന്ന് ചീഫ് സെക്രട്ടറി ശുപാർശ ചെയ്തു. നിയമവിരുദ്ധമായ അവധിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. കേന്ദ്രസർവീസിലേക്കുള്ള ഡെപ്യൂട്ടേഷനുകളെല്ലാം ചീഫ് സെക്രട്ടറി തടഞ്ഞു - ഐ.എ.എസ് അസോസിയേഷന് നൽകിയ പരാതിയിൽ അദ്ദേഹം പറയുന്നു. എസ്.എസ്.എൽ.സി മുതൽ ഐ.എ.എസ് വരെയുള്ള പരീക്ഷകളിൽ ഒന്നാംറാങ്കോടെ വിജയിച്ചയാളാണ് രാജു നാരായണ സ്വാമി.സ്വാമിക്കുപിന്നാലെ സിവിൽസർവീസുകാരുടെ പടതന്നെ കൂടിളകി ചീഫ് സെക്രട്ടറിക്കെതിരേ രംഗത്തെത്തി. മുൻ വൈരാഗ്യത്തിന്റെ പേരിൽ പ്രിൻസിപ്പൽ സെക്രട്ടറിയായി സ്ഥാനക്കയറ്റം നൽകാതെ തന്നെ വ്യക്തിപരമായി പീഡിപ്പിക്കുന്നതായി കാട്ടി കെ.സുരേഷ്‌കുമാർ രംഗത്തെത്തി. 24 വർഷക്കാലം മികച്ച ഉദ്യോഗസ്ഥനെന്ന് ഐ.എ.എസ് ഉന്നതർ സാക്ഷ്യപ്പെടുത്തിയ തന്നെ ഒരു വർഷം വകുപ്പു മന്ത്രി വിലയിരുത്തിയെന്ന പേരിൽ സ്ഥാനക്കയറ്റം നിഷേധിച്ച് മനപൂർവ്വം ഉപദ്രവിക്കുകയാണെന്നാണ് സുരേഷിന്റെ പരാതി. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തനിക്കെതിരേയുള്ള വിജിലൻസ് അന്വേഷണ ശുപാർശ തള്ളിയിട്ടും ചീഫ് സെക്രട്ടറി വൈരാഗ്യത്തോടെ മുന്നോട്ടു പോവുകയാണെന്നാണ് പ്രിൻസിപ്പൽ സെക്രട്ടറി ടോം ജോസിന്റെ പരാതി. മഹാരാഷ്ട്രയിലെ ഭൂമിവാങ്ങാൻ ടോം ജോസിന് പണം കടം നൽകിയവരെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന ചീഫ് സെക്രട്ടറിയുടെ വിലയിരുത്തൽ മുഖ്യമന്ത്രി തള്ളിക്കളഞ്ഞിരുന്നു. പണം നൽകിയ ടോംജോസിന്റെ ബന്ധുക്കളിൽ ചിലരെ തനിക്കറിയാമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും വിജിലൻസിലേക്ക് ചീഫ് സെക്രട്ടറി ഫയൽഅയയ്ക്കുകയായിരുന്നുവെന്നാണ് പരാതി. പൊതുചടങ്ങിൽ വച്ച് വ്യക്തിപരമായി അധിക്ഷേപിച്ചെന്നാരോപിച്ച് ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറി രംഗത്തെത്തി.

തന്നെ ഉപയോഗിച്ച് റിസോർട്ട് മാഫിയയെ ചീഫ് സെക്രട്ടറി മെരുക്കിയെന്നാണ് തെക്കൻകേരളത്തിലെ തീരദേശ ജില്ലയിലെ കളക്‌ടർ സർക്കാരിനെ അറിയിച്ചത്. അനധികൃതമെന്ന് കണ്ടെത്തിയ റിസോർട്ട് പൊളിക്കാൻ ചീഫ് സെക്രട്ടറി ജില്ലാ ഭരണകൂടത്തെ നിർബന്ധിക്കുകയും പിന്നീട് പൊളിക്കരുതെന്ന് നിർദ്ദേശം നൽകുകയും ചെയ്തതായാണ് ഈ കളക്‌ടറുടെ വാദം. പ്രിൻസിപ്പൽ സെക്രട്ടറിയായ രാജുനാരായണസ്വാമിയെ തിരഞ്ഞെടുപ്പ് നിരീക്ഷകനായി നിയോഗിച്ച കാലയളവിലെ ശമ്പളം അനുവദിക്കരുതെന്ന് അക്കൗണ്ടന്റ് ജനറലിന് ചീഫ് സെക്രട്ടറി കത്തെഴുതിയതിനെക്കുറിച്ചും ആരോപണമുണ്ടായി. ഭരണഘടനാ ചുമതലയുള്ള പദവി വഹിക്കുന്ന ഉദ്യോഗസ്ഥന്റെ ശമ്പളം തടയാൻ ഒരു ചീഫ് സെക്രട്ടറി നിർദ്ദേശിക്കുന്നത് രാജ്യത്ത് ആദ്യമായാണത്രേ. കേരളത്തിന്റെ സ്വപ്‌നമായ തുറമുഖം പദ്ധതിയുമായി ബന്ധപ്പെട്ട് ചില റിസോർട്ടുകളോട് മൃദുസമീപനം സ്വീകരിക്കാൻ തലസ്ഥാനത്തെ ഒരു മുൻ കളക്ടർക്ക് നിർദ്ദേശം ലഭിച്ചതായും പരാതിയുണ്ട്. കണ്ണൂർ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ തീരുമാനത്തിന് വിരുദ്ധമായി ചീഫ് സെക്രട്ടറി ഇടപെട്ടത് മറ്റാരേയോ സഹായിക്കാനാണെന്ന് വകുപ്പ് സെക്രട്ടറിയായിരുന്ന ടോംജോസ് ഫയലിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ബ‌ഡ്‌ജറ്റിൽ അനുവദിച്ച പണമുപയോഗിച്ച് ഒറ്റയടിക്ക് ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കാനാണ് സർക്കാർ തീരുമാനിച്ചതെങ്കിലും പദ്ധതി ആരംഭിച്ച ശേഷം ഭൂമി ഏറ്റെടുത്താൽ മതിയെന്ന് ചീഫ് സെക്രട്ടറി നിർദ്ദേശിക്കുകയായിരുന്നു. പിന്നീട് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം സർക്കാർ തള്ളുകയും ഭൂമി ഏറ്റെടുക്കൽ ആരംഭിക്കുകയും ചെയ്‌തു. എയ്ഡഡ് കോളേജുകളിൽ പുതിയ കോഴ്സുകൾ അനുവദിക്കുന്നതിലും മന്ത്രിസഭാതീരുമാനത്തിന് വിരുദ്ധമായി ചീഫ് സെക്രട്ടറി പ്രവർത്തിച്ചതായാണ് ആരോപണം.ആക്ഷേപവുമായി ഐ.പി.എസുകാരും ഐ.എഫ്.എസുകാരും

ഐ.എ.എസുകാർക്കു പിന്നാലെ ഐ.പി.എസ് ഉദ്യോഗസ്ഥരും കാടിളകി രംഗത്തെത്തി. 80 ശതമാനം ഉദ്യോഗസ്ഥരുടേയും വാർഷിക അവലോകന റിപ്പോർട്ടിൽ ചീഫ്സെക്രട്ടറി തിരുത്തൽ വരുത്തുന്നതായാണ് ആരോപണം. നേരത്തേ ആഭ്യന്തരമന്ത്രി നടത്തിക്കൊണ്ടിരുന്ന ഐ.പി.എസ് ഉദ്യോഗസ്ഥരുടെ വാർഷിക വിലയിരുത്തൽ ചീഫ് സെക്രട്ടറി ഏറ്റെടുത്തു. ഡി.ജി.പി നൽകുന്നതിൽ നിന്ന് രണ്ടും മൂന്നും സ്‌കോർ താഴ്‌ത്തുന്നതിലൂടെ പല ഉദ്യോഗസ്ഥർക്കും കേന്ദ്ര ഡപ്യൂട്ടേഷനുള്ള അവസരം നിഷേധിക്കപ്പെട്ടു. ട്രെയിനിംഗ് അഡി.ഡി.ജി.പി രാജേഷ്ദിവാൻ ചീഫ് സെക്രട്ടറിക്കെതിരേ പരസ്യമായി രംഗത്തെത്തി. ഡി. ജി.പി പരിശോധിച്ച് 8.75 മാർക്ക് ഇട്ടശേഷം ആഭ്യന്തര വകുപ്പ് സമർപ്പിച്ച ദിവാന്റെ കോൺഫിഡൻഷ്യൽറിപ്പോർട്ട് ചീഫ് സെക്രട്ടറി സ്വമേധയാ എടുത്ത് മാർക്ക് 6.5 ആയി കുറച്ചു. എന്നിട്ട് ആഭ്യന്തര മന്ത്രിക്ക് അയക്കാതെ നേരിട്ട് മുഖ്യമന്ത്രിക്ക് കൊടുത്ത് ഒപ്പിട്ട് വാങ്ങുകയും ചെയ്തു. ആഭ്യന്തരമന്ത്രി ഇതൊന്നുമറിഞ്ഞില്ല.

കൊല്ലം കമ്മിഷണർ ദേബേഷ് കുമാർ ബഹ്‌റ, പൊലീസ് ആസ്ഥാനത്തെ അഡീ.ഐ.ജി ഷെഫീൻ അഹമ്മദ് എന്നിവരുടെ ശമ്പളവർദ്ധനവ് തടഞ്ഞുവച്ചതായും എ.ഡി.ജി.പി രാജേഷ്ദിവാന്റെ വിദേശ പരിശീലനം തടഞ്ഞതായും അസോസിയേഷന് പരാതി ലഭിച്ചു. ഐ.പി.എസുകാരുടെ വിദേശ പരിശീലനം നിസാര കാരണം പറഞ്ഞ് ചീഫ് സെക്രട്ടറി തടയുന്നതായി അസോസിയേഷൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. മുതിർന്ന ഉദ്യോഗസ്ഥരായ എ.ഹേമചന്ദ്രൻ, വിൻസൺ എം പോൾ എന്നിവരുടെ വിദേശ പരിശീലനം പോലും ചീഫ് സെക്രട്ടറി തടഞ്ഞു. രാജ്യത്ത് 48 നഗരങ്ങളിലുള്ള പൊലീസ് കമ്മിഷണറേറ്റ് സംവിധാനം കൊച്ചിയിലും തിരുവനന്തപുരത്തും സ്ഥാപിക്കാൻ മന്ത്രിസഭ തീരുമാനമെടുത്ത് രണ്ടു വർഷത്തോളമായിട്ടും ചീഫ് സെക്രട്ടറി നടപ്പാക്കാതെ തടഞ്ഞുവയ്ക്കുകയാണ്. ഐപിഎസുകാരോട് പലകാര്യത്തിലും ചീഫ് സെക്രട്ടറി വിവേചനം കാട്ടുന്നതായും പുതുതായി നിയമനം തേടി കേരളത്തിലെത്തിയ ഐപിഎസുകാർക്ക് തുടക്കത്തിൽ ശമ്പളം ലഭിക്കാത്ത സ്ഥിതി പോലുമുണ്ടായെന്നും അസോസിയേഷൻ മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്.

ഐ.എഫ്.എസിലും ചീഫ് സെക്രട്ടറിക്കെതിരെ പടയൊരുക്കമുണ്ടായി. രണ്ടാമനായ ഉദ്യോഗസ്ഥന് വനസംരക്ഷണത്തിന്റെ ചുമതല നൽകാതെ അധിക്ഷേപിക്കാൻ ശ്രമിച്ചെന്നാണ് ആക്ഷേപം. കോട്ടയം സ്വദേശിയായ ഈ ഉദ്യോഗസ്ഥനും പരാതിയുമായി രംഗത്തുണ്ട്.

ആരോപണങ്ങൾ സഭയിൽ

തനിക്കെതിരേ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രാജു നാരായണ സ്വാമി കത്തെഴുതിയതിനെക്കുറിച്ചും അത് മാദ്ധ്യമങ്ങളിൽ വാർത്തയായതിനെക്കുറിച്ചും അന്വേഷണം വേണമെന്ന് ചീഫ്സെക്രട്ടറി മന്ത്രിസഭായോഗത്തിൽ ആവശ്യപ്പെട്ടു. അഡി.ചീഫ്സെക്രട്ടറി കെ.എം.എബ്രഹാമിനെ സ്വാമിക്കെതിരെ അന്വേഷണം നടത്താൻ നിയോഗിക്കുകയും ചെയ്‌തു. കത്തിലെ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാതെ കത്തെഴുതിയ ആൾക്കെതിരേ അന്വേഷണം പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ ഐ.എ.എസുകാർ വർദ്ധിതവീര്യരായി രംഗത്തെത്തി. ചീഫ് സെക്രട്ടറിയുടെ അപൂർണമായ സ്വത്തുവിവരം രേഖകൾ സഹിതം പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദൻ നിയമസഭയിലുന്നയിച്ചു. 2010 മുതൽ മൂന്ന് വർഷം സമർപ്പിച്ച സ്വത്ത് വിവരത്തോടൊപ്പം വസ്തുവിന്റെ നിലവിലെ മൂല്യമുൾപ്പെടെയുള്ള പലതും വെളിപ്പെടുത്തിയിട്ടില്ലെന്ന് രേഖകളിൽ വ്യക്തമായി.

കൊച്ചി വെല്ലിംഗ്ടൺ എൻക്ളേവിൽ ഭാര്യയുടെ പേരിലുള്ള വാസസ്ഥലമൊഴികെ മറ്റ് വസ്തുക്കളുടെ കാര്യത്തിലൊന്നും വാങ്ങിയ സ്രോതസ്സിനെക്കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല. ഇത് ഒരു സലിൽഗുപ്തയിൽ നിന്ന് 2010 ജൂൺ 24ന് വാങ്ങിയതാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. വസ്തു വാങ്ങിയ വിലയും ഒന്നിലും വെളിപ്പെടുത്തിയിട്ടില്ല. 2010ലെ സ്റ്റേറ്റ്മെന്റിൽ നോയ്ഡയിലെയും കൊച്ചിയിലെയും വസ്തുക്കളെക്കുറിച്ച് വിവരമില്ല. ഇതാർക്കെങ്കിലും വിറ്റോ, ഇപ്പോഴും തന്റെ ഉടമസ്ഥതയിലാണോ എന്നത് പക്ഷേ വ്യക്തമാക്കിയിട്ടുമില്ല. കൊച്ചിയിലെ ഭൂമിക്ക് മാത്രം ഇപ്പോഴത്തെ വിപണിവിലയനുസരിച്ച് മൂന്ന് കോടിയിൽപ്പരം രൂപ വിലമതിക്കുമെന്ന് കണക്കാക്കുന്നെങ്കിലും അതിന്റെ മൂല്യം സ്റ്റേറ്റ്മെന്റുകളിലില്ല. ഹൗസ് നമ്പർ ടി.യു/602, 5th ഫ്ളോർ, ത്സാർ സ്യൂട്സ്, ഗ്രേറ്റർ നോയ്ഡ എന്ന വിലാസമാണ് നോയ്ഡയിലെ സ്ഥലത്തിന് നൽകിയിരിക്കുന്നത്. കോഴിക്കോട്ടെ കുടുബസ്വത്ത് വിറ്റുകിട്ടിയ 35.70 ലക്ഷം രൂപ കണക്കിൽപ്പെടുത്താൽ ഭരത്‌ ഭൂഷൺ നോയിഡയിലെ ത്സാർ സ്യൂട്ട്‌സിന്റെ പണിതീരാത്ത ഫ്ലാറ്റിന് ഈ പണംമുടക്കിയെന്ന് സത്യവാങ്മൂലം നൽകിയെങ്കിലും പരാതികളെത്തുടർന്ന് യു.പി രഹസ്യാന്വേഷണവിഭാഗം നടത്തിയ അന്വേഷണത്തിൽ ത്സാർ സ്യൂട്ട്‌സിന് നോയിഡയിൽ ഭരത്‌ ഭൂഷൺ പറയുന്ന വിലാസത്തിൽ ഫ്ലാറ്റ് സമുച്ചയമില്ലെന്ന് കണ്ടെത്തി. തൊട്ടടുത്ത വർഷം ഈ ഫ്ലാറ്റ് സമുച്ചയവും ഭാര്യ രജനാ ഭൂഷന്റെ പേരിൽ കൊച്ചിയിലെ ഫ്ലാറ്റും നീക്കം ചെയ്യുകയും ചെയ്‌തു.തിരുവനന്തപുരം കവടിയാറിൽ 11 ലക്ഷത്തിന് വാങ്ങിയ തന്റെപേരിലെ വസ്തു ഒരുകോടി രൂപയ്ക്ക് നെസ്റ്റ് വൈസ്ചെയർമാൻ നാരായണന് വിറ്റതായ സത്യവാങ്മൂലത്തിലും പിശകുകളുണ്ട്. ന്യായവിലപ്രകാരം 30 ലക്ഷവും വിപണിവിലപ്രകാരം 60 ലക്ഷവും മാത്രമേ ഈ ഭൂമിക്ക് പരമാവധി വിലവരൂ. ഈ നിരക്കുകൾ മാത്രം ആധാരത്തിൽ കാട്ടിയാൽ മതിയെന്നിരിക്കേയാണ് 20 ലക്ഷംരൂപ രജിസ്ട്രേഷൻ നികുതി നൽകി വൻവിലയ്ക്ക് വിൽപ്പന നടത്തിയതായി കാട്ടിയിരിക്കുന്നത്. ഇതിനെല്ലാം പുറമേ ചീഫ് സെക്രട്ടറിയുടെ മകളുടെ അമേരിക്കൻ പഠനവും പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദൻ സഭയിൽ ആരോപണമായുന്നയിച്ചു. പ്രതിവർഷം 40 ലക്ഷംരൂപ ചിലവിൽ അമേരിക്കയിലെ സ്വകാര്യകോളേജായ മൗണ്ട്ഹോളിയോക്കിലാണ് പാർവതി ഭൂഷൺ ബിരുദപഠനം നടത്തുന്നത്. അറുപതിനായിരം ഡോളർ ട്യൂഷൻ ഫീസും 20,000 ഡോളർ ജീവിതചിലവിനും നൽകേണ്ട സോഷ്യൽ സ്റ്റഡീസ് ഗ്രാഡുവേറ്റ് പ്രോഗ്രാമിനാണ് മകളെ ചീഫ് സെക്രട്ടറി അയച്ചത്. നാലുവർഷ കോഴ്സ് പൂർത്തിയാകുമ്പോൾ രണ്ടു കോടിയിലേറെ രൂപ ചിലവുണ്ടാകും. സ്വകാര്യ വിമാനക്കമ്പനിയാണ് ഈ തുകനൽകുന്നതെന്ന ആരോപണത്തെക്കുറിച്ച് വ്യോമയാന മന്ത്രാലയത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

എന്നാല്‍ ഇക്കാര്യങ്ങളെല്ലാം ഭരത്‌ഭൂഷൺ നിഷേധിച്ചതിന് പിന്നാലെ തലസ്ഥാനത്ത് വൻ ഭൂമാഫിയയ്ക്ക് ചീഫ് സെക്രട്ടറി ഒത്താശചെയ്തതിന്റെ രേഖകൾ നിയമസഭയിലെത്തി. തലസ്ഥാന നഗരത്തിൽ കോടികൾ വിലമതിക്കുന്നതും ജലഅതോറിറ്റിയുടെ സിവറേജ് ലൈൻ കടന്നുപോകുന്നതുമായ ഭൂമി റിയൽ എസ്‌റ്റേറ്റ് കമ്പനിക്ക് തട്ടിയെടുക്കാൻ ചീഫ് സെക്രട്ടറി ഭരത് ഭൂഷൺ കൂട്ടുനിന്നതായാണ് വി.എസിന്റെ ആരോപണം. പാറ്റൂർ ജംഗ്ഷനിൽ 8 കോടി രൂപ വിലമതിക്കുന്ന സർക്കാർ പുറമ്പോക്ക് ഭൂമി മുംബയ് ആസ്ഥാനമായ റിയൽ എസ്‌റ്റേറ്റ് കമ്പനിക്ക് കൈയേറാനാണ് ചീഫ് സെക്രട്ടറി കൂട്ടുനിന്നത് എന്നാണ് വി.എസിന്റെ ആരോപണം. ഭൂമി കൈമാറാനുള്ള തീരുമാനം പരിശോധിച്ച മൂന്നംഗസമിതിയുടെ റിപ്പോർട്ട് റവന്യുമന്ത്രിപോലും അറിഞ്ഞില്ല. ചീഫ് സെക്രട്ടറി അംഗീകരിച്ചതായി രേഖപ്പെടുത്തിയിട്ടുള്ള അന്തിമറിപ്പോർട്ട് റവന്യുമന്ത്രിയെ മറികടന്നാണ് എന്നാണ് വ്യക്തമാവുന്നത്. ഗുരുതരമായ ഈ ആരോപണത്തെക്കുറിച്ച് റവന്യുമന്ത്രി അടൂർ പ്രകാശ് നേരിട്ട് പരിശോധിക്കുകയാണിപ്പോൾ.

മുഖ്യമന്ത്രിയുടെ മദ്ധ്യസ്ഥശ്രമം

സിവിൽ സർവീസുകാരുടെ തമ്മിലടി നിറുത്താനും അഭിപ്രായ ഭിന്നതകൾ പരിഹരിക്കുന്നതിന് ആസൂത്രണബോർഡ് ഉപാദ്ധ്യക്ഷനും മുൻ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുമായ കെ.എം.ചന്ദ്രശേഖറിനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്. ചീഫ്സെക്രട്ടറിക്കെതിരെ ലഭിച്ച പുതിയ എട്ട് പരാതികൾ സഹിതം തിങ്കളാഴ്ച വൈകിട്ട് മുഖ്യമന്ത്രിയെ കാണാൻ ഐ.എ.എസ് അസോസിയേഷൻ സമയം തേടിയിട്ടുണ്ട്. കേന്ദ്രഅഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ സിവിൽസർവീസുകാരുടേതായി നേരത്തേ വർഷംതോറും ശരാശരി അഞ്ച് കേസുകൾ മാത്രമാണുണ്ടായിരുന്നതെങ്കിൽ ഇക്കൊല്ലം മാത്രം 25 കേസുകളാണുള്ളത്. ഈ കേസുകളിലെല്ലാം അഡ്വക്കേറ്റ് ജനറൽ നേരിട്ട് ഹാജരാകണമെന്ന് ചീഫ് സെക്രട്ടറി നൽകിയ നിർദ്ദേശവും വിവാദമായിട്ടുണ്ട്.

ഭരത്‌ ഭൂഷൺ ഒഴിയും?

തനിക്കെതിരേ ഗുരുതരമായ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ ഇ.കെ.ഭരത്‌ ഭൂഷൺ ചീഫ് സെക്രട്ടറി പദം ഒഴിഞ്ഞ് കേന്ദ്രസർവീസിലേക്ക് മടങ്ങാൻ ശ്രമംതുടങ്ങിയിട്ടുണ്ട്. വ്യോമയാനമന്ത്രാലയത്തിൽ സെക്രട്ടറി, എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിട്ടി, പുതുതായി വരുന്ന നാഷണൽ ഏവിയേഷൻ അതോറിട്ടി എന്നിവയുടെ ചെയർമാൻ എന്നീ സ്ഥാനങ്ങളിലേക്കാണ് അദ്ദേഹം ശ്രമം നടത്തുന്നത്. കേരളത്തിൽ അടുത്തു തന്നെ സർവകലാശാലയാവുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ട്രാവൽ ആൻഡ് ടൂറിസം സ്റ്റഡീസിന്റെ (കിറ്റ്സ്) വൈസ്ചാൻസലറാവാനും ശ്രമം തുടങ്ങിയിട്ടുണ്ട്.

*Views are Personal


Next Story

Related Stories