TopTop
Begin typing your search above and press return to search.

പേടിക്കണം; കേരളത്തെ കാത്തിരിക്കുന്നത് കുടിക്കാന്‍ പോലും വെള്ളമില്ലാത്ത അതികഠിന വരള്‍ച്ച

പേടിക്കണം; കേരളത്തെ കാത്തിരിക്കുന്നത് കുടിക്കാന്‍ പോലും വെള്ളമില്ലാത്ത അതികഠിന വരള്‍ച്ച

പ്രളയം വന്ന് പോയെങ്കിലും ഭൂജലനിരപ്പ് താഴ്ന്നതല്ലാതെ ഉയര്‍ന്നില്ല. തുലാമഴ കിട്ടിയത് മൂന്ന് ശതമാനം കുറച്ച്. കേരളം കാത്തിരിക്കുന്നത് അതികഠിനമായ വരള്‍ച്ചയെന്ന് ശാസ്ത്രജ്ഞര്‍. ലോകമെമ്പാടും സംഭവിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനം കേരളത്തിലും വലിയ തോതിലുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യതയിലേക്കാണ് വിദഗ്ദ്ധര്‍ വിരല്‍ ചൂണ്ടുന്നത്. പലയിടങ്ങളിലും വെള്ളം സാധാരണത്തേതിലും വറ്റി. കേരളം അടുത്തകാലത്ത് അനുഭവിച്ചിട്ടില്ലാത്ത തണുപ്പ് പതിയെ താഴ്ന്ന് ഇപ്പോള്‍ ചൂടുപിടിച്ച് തുടങ്ങിയിരിക്കുന്നു. പൊള്ളുന്ന ചൂടെന്ന് സാധാരണക്കാര്‍ പറയുമ്പോള്‍, ഇപ്പോള്‍ ഇത് സാധാരണയുള്ളത് മാത്രമെന്നും ഇനി വരാനിരിക്കുന്നത് കനത്ത ചൂടായിരിക്കുമെന്നുമാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

"സാധാരണ ഞങ്ങള്‍ക്ക് ജനുവരി അവസാനം-ഫെബ്രുവരി ആയിട്ടേ വെള്ളം കുറയാറുള്ളൂ. പക്ഷെ ഇത്തവണ അത് കുറേ നേരത്തെയായി. നവംബര്‍ മാസം ഒടുക്കമായപ്പോള്‍ തന്നെ കിണറ്റില്‍ വെള്ളം താഴെ വരെയെത്തി. ടാങ്കില്‍ വെള്ളം കൊണ്ടുവരുന്നതുകൊണ്ട് വലിയ വിഷമം ഇപ്പോ ഇല്ല. പക്ഷെ ഇനി മാസം പോകും തോറും വെള്ളം കിട്ടാതെയാവും", മാസങ്ങളോളം വെള്ളത്തില്‍ മുങ്ങിക്കിടന്ന കൈനകരി സ്വദേശിയായ പങ്കജം പറയുന്നത് കേരളത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളിലേയും അവസ്ഥയാണ്. വേനല്‍ക്കാലത്തൊഴികെ നന്നായി വെള്ളം കിട്ടിയിരുന്ന സ്ഥലങ്ങളിലെല്ലാം വെള്ളം പകുതിയിലേറെ താഴെ പോയിരിക്കുന്നതായി അനുഭവസ്ഥര്‍ പറയുന്നു. നിലവില്‍ വരള്‍ച്ചയിലേക്ക് എത്തിയിട്ടില്ലെങ്കിലും ഈ അവസ്ഥ തുടര്‍ന്നാല്‍ കുടിക്കാനോ മറ്റാവശ്യങ്ങള്‍ക്കോ ആവശ്യത്തിന് വെള്ളം കിട്ടുക ദുഷ്‌കരമായിരിക്കുമെന്നാണ് ഇവരുടെ അഭിപ്രായം.

ഭൂജലനിരപ്പില്‍ കാര്യമായ കുറവ് വന്നത് വരള്‍ച്ച വര്‍ധിപ്പിക്കാനാണിട എന്ന് ഭൗമശാസ്ത്രജ്ഞര്‍ പറയുന്നു. കേരളത്തില്‍ ഈ വര്‍ഷം ശരാശരിയിലുമധികം മണ്‍സൂണ്‍ ലഭിച്ചു. എന്നാല്‍ അവസാന നാളുകളില്‍ പെയ്ത അതിതീവ്ര മഴ വാട്ടര്‍ റീചാര്‍ജിങ്ങിന് ഉതകിയില്ല. കുറഞ്ഞ സമയത്തിനുള്ളില്‍ ശക്തമായ പെയ്യുന്ന അതിതീവ്രമഴ ഭൂമിയുടെ ഉള്‍ഭാഗത്ത് ശേഖരിക്കപ്പെടാതെ ഒലിച്ചിറങ്ങിപ്പോവും. നിന്നുപെയ്യുന്ന മഴകളാണ് കൂടുതലും ഭൂഗര്‍ഭത്തിലേക്ക് ശേഖരിക്കപ്പെടുക. മലമുകളില്‍ പെയ്യുന്ന മഴ 48 മണിക്കൂറിനുള്ളില്‍ പുഴകളിലൂടെ, കായലുകളിലൂടെ അറബിക്കടലില്‍ ചേരുമെന്നാണ് കണക്ക്. അളവില്‍ കൂടുതലാണെങ്കിലും പെയ്ത്തുവെള്ളം ഭൂഗര്‍ഭത്തിലേക്ക് എത്തിച്ചേര്‍ന്നില്ല. പകരം പുഴകളിലേക്ക് ഒലിച്ചിറങ്ങുകയായിരുന്നു. അതിതീവ്രമഴയോടൊപ്പം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ശക്തമായത് ഇതിന് ആക്കം കൂട്ടി. വെള്ളത്തെ പിടിച്ചുനിര്‍ത്താന്‍ മാത്രം വനമില്ലാത്തതും വെള്ളമൊഴുകിപ്പോവാന്‍ കാരണമായി. ഒലിച്ചിറങ്ങുന്ന വെള്ളത്തെ വഹിക്കാന്‍ ശേഷിയുള്ളത് തണ്ണീര്‍ത്തടങ്ങള്‍ക്കും വയലുകള്‍ക്കുമാണ്. വയലുകളില്‍ താങ്ങി നിര്‍ത്തുന്ന വെള്ളം ഭൂമിക്കടിയിലേക്ക് ക്രമേണ ഇറങ്ങുകയും ചെയ്യും. എന്നാല്‍ കേരളത്തിലെ നെല്‍വയലുകളുടേയും തണ്ണീര്‍ത്തടങ്ങളുടേയും വിസ്തൃതി മുമ്പുണ്ടായിരുന്നതിലും 58 ശതമാനം കുറഞ്ഞതായാണ് കണക്ക്. ഇതോടെ വെള്ളത്തെ വഹിക്കാന്‍ സംവിധാനവും ഇല്ലാതായി. പുഴകളില്‍ മണല്‍ ഇല്ലാതായതോടെ വെള്ളത്തെ താങ്ങിനിര്‍ത്താന്‍ കഴിയാതെയും വന്നു. പുഴകളിലെ വെള്ളമെല്ലാം കടലില്‍ ചേര്‍ന്നതോടെ ഭൂഗര്‍ഭജലനിരപ്പ് ക്രമാതീതമായി കുറഞ്ഞതാണ് മറ്റ ജലസ്രോതസ്സുകള്‍ വറ്റാന്‍ കാരണമായത്.

പ്രളയവും ഒഴുക്കിന്റെ ശക്തിയും മൂലം നദികളിലെ ഉപരിതലമണ്ണും കളിമണ്ണുമുള്‍പ്പെടെ ഒഴുകിപ്പോയതായാണ് വ്യക്തമാവുന്നതെന്ന് ഭൗമശാസ്ത്രജ്ഞനായ ഡോ. എസ്. ശ്രീകുമാര്‍ പറയുന്നു; "ഇപ്പോഴത്തെ അവസ്ഥ കാണിക്കുന്നത് ഭൂഗര്‍ഭ ജലത്തില്‍ വന്ന വലിയ കുറവിനെയാണ്. വരള്‍ച്ചയുടെ മുന്നോടിയായി തന്നെ ഈ സാഹചര്യത്തെ നമ്മള്‍ കാണേണ്ടതുമുണ്ട്. എന്താണ് കാരണമെന്ന് ഇപ്പോള്‍ കൃത്യമായി പറയാന്‍ പറ്റില്ലെങ്കിലും പുഴയുടെ അടിഭാഗം താഴ്ന്നു പോയി എന്നത് യാഥാര്‍ഥ്യമാണ്. മണലും മണ്ണുമെല്ലാം ഒഴുകിപ്പോയി. ഹാര്‍ഡ് റോക്ക് ആണ് ഇപ്പോള്‍ പുഴകളില്‍ തെളിഞ്ഞിരിക്കുന്നത്. അതിലൂടെ വെള്ളത്തിന് താഴാനാവില്ല. ഒഴുകിപ്പോവുക എന്നത് മാത്രമേ നടക്കൂ. മഴയൊഴുക്കില്‍ പുഴയുടെ അടിത്തട്ട് മുഴുവന്‍ ഒഴുകിപ്പോയതോടെ വെള്ളം സംഭരിച്ച് നിര്‍ത്താനാവാത്ത സ്ഥിതിയുണ്ടായി. ഇല്ലെങ്കില്‍ ആ ജോലി അല്‍പ്പമെങ്കിലും ചെയ്യേണ്ടിയിരുന്നത് വയലുകളാണ്. അതും ഇല്ലാതെ പോയി. ഏതായാലും വെള്ളം മുഴുവന്‍ ഒഴുകിപ്പോയി. പ്രതീക്ഷിച്ച തോതില്‍ തുലാവര്‍ഷം ഉണ്ടായതുമില്ല."

എന്നാല്‍ പ്രളയത്തിന് ശേഷം രൂപപ്പെട്ട മറ്റൊരു പ്രതിഭാസത്തിലേക്കാണ് ഹൈഡ്രോളജി വിദഗ്ദ്ധനായ ഡോ. സി.ജി മധുസൂദനന്‍ വിരല്‍ചൂണ്ടുന്നത്. മേല്‍മണ്ണിനടിയില്‍ രൂപപ്പെട്ട സോയില്‍ പൈപ്പിങ് ഭൂജലം മുഴുവന്‍ അമിത വേഗതയില്‍ ഒഴുകിപ്പോവാന്‍ ഇടയാക്കിയതാവാം എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു, "മണ്ണിനടിയില്‍ ചെറിയ സുഷിരങ്ങളും സോയില്‍ പൈപ്പ് അഥവാ ഉറവകളുമുണ്ട്. പ്രളയം വരുന്ന സമയത്ത് അതിന് മുമ്പ് പെയ്ത മഴയില്‍ ഭൂജലനിരപ്പ് ഉയര്‍ന്നിരിക്കുകയായിരുന്നു. അതിനൊപ്പം ഓഗസ്ത് മാസത്തില്‍ ശക്തമായ മഴ പെയ്തപ്പോള്‍ ഭൂമിക്കത് താങ്ങാന്‍ കഴിയാത്ത തരത്തില്‍ സമ്മര്‍ദ്ദം വന്നു. ഇത് മണ്ണിനടയില്‍ ഉള്ള ഉറവകള്‍ വലുതാവുന്ന സോയില്‍ പൈപ്പിങ് എന്ന പ്രതിഭാസത്തിന് വഴിവച്ചിട്ടുണ്ടാവാം. ഉറവകള്‍ വലുതായപ്പോള്‍ അതുവഴി ശേഖരിച്ചിരുന്ന വെള്ളം ഭൂമി അതിവേഗം ഒഴിക്കിക്കളഞ്ഞിരിക്കാം. നിലവില്‍ ഭൂജല നിരപ്പ് വളരെയധികം താഴ്ന്നിരിക്കുന്നു. ചിലയിടങ്ങളില്‍ കിണറുകള്‍ വറ്റിയ അവസ്ഥയില്‍ ഭൂജലം ഇല്ല എന്ന അവസ്ഥവരെയുണ്ട്. എന്തായാലും കൊടുംവരള്‍ച്ച കേരളത്തില്‍ ഉണ്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല."

തുലാവര്‍ഷം ഇത്തവണ പല ജില്ലകളിലും കുറവാണ് ലഭിച്ചത്. സംസ്ഥാന ശരാശരി നോക്കിയാല്‍ സാധാരണ കിട്ടേണ്ടുന്നതിലും മൂന്ന് ശതമാനം മഴ കുറവ് ലഭിച്ചിട്ടുള്ളതായും കണക്കാക്കുന്നു. ഇത് കൂടുതല്‍ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

ചൂട് കൂടുന്നതായി പലരും പറയുന്നുണ്ടെങ്കിലും സാധാരണത്തേതില്‍ നിന്നും താപനിലയില്‍ വലിയ വ്യത്യാസം നിലവില്‍ ഉണ്ടായിട്ടില്ലെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ പറയുന്നു. എന്നാല്‍ ചൂട് കഴിഞ്ഞ വര്‍ഷങ്ങളേതിലും കനക്കാനുള്ള സാധ്യതയാണ് അവരും ചൂണ്ടിക്കാട്ടിയത്. ഭൂജലനിരപ്പ് താഴ്ന്നതിനൊപ്പം കൊടുംചൂട് വന്നാല്‍ ആവശ്യത്തിന് പോലും വെള്ളം ലഭിക്കാത്ത സ്ഥിതിയുണ്ടാവുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ ഏറ്റവും ഭയക്കേണ്ടത് കേരളത്തില്‍, ഈ വര്‍ഷം ഇന്ത്യയില്‍ സജീവമാവുമെന്ന് പ്രവചിക്കപ്പെടുന്ന എല്‍ നിനോ പ്രതിഭാസത്തെയാണെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ പറയുന്നു. 2019-ല്‍ ഇന്ത്യയില്‍ എല്‍ നിനോ പ്രതിഭാസം വീണ്ടും സജീവമാകുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ കണക്കുകൂട്ടല്‍. ഇത് കേരളത്തേയും കാര്യമായി ബാധിക്കാനാണിട. 2015-16 വര്‍ഷങ്ങളില്‍ എല്‍ നിനോ പ്രതിഭാസമുണ്ടായപ്പോള്‍ അത് കേരളത്തെ വലിയ തോതില്‍ ബാധിക്കുകയും ചെയ്തിരുന്നു. വേനല്‍ കടുക്കുകയും വരള്‍ച്ച രൂക്ഷമാവുകയും മണ്‍സൂണ്‍ ലഭ്യത വളരെ കുറവുമായിരുന്നു. ഇത് ജനജീവിതത്തേയും കാര്‍ഷികോത്പാദനത്തേയും ബാധിച്ചു. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ എല്‍നിനോ കൂടി സംഭവിച്ചാല്‍ അതിജീവനം ദുഷ്‌ക്കരമായിരിക്കുമെന്ന് ഇവര്‍ വിലയിരുത്തുന്നു.

കഴിഞ്ഞവര്‍ഷം ചൂടേറിയതിനനുസരിച്ച് കേരളത്തില്‍ കാട്ടുതീ വ്യാപകമായുണ്ടായി. ഉള്‍ക്കാടുകളിലടക്കം കാട്ടുതീ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. പറമ്പിക്കുളത്തും അതിരപ്പള്ളിയിലും വലിയതോതില്‍ തന്നെ മരങ്ങള്‍ കത്തിനശിച്ചു. ഇത്തവണ ചൂടേറുകയാണെങ്കില്‍ കാട്ടുതീ വ്യാപകമാവാനുള്ള സാധ്യതയും പരിസ്ഥിതി വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കാട്ടുതീ തടയാന്‍ വനംവകുപ്പ് മുന്‍കയ്യെടുത്തില്ലെങ്കില്‍ വലിയ നഷ്ടങ്ങള്‍ ഉണ്ടായേക്കുമെന്നും ഇവര്‍ പറയുന്നു.

ലോകത്ത് പലയിടത്തും അതിശൈത്യത്തിലും കൊടുംചൂടിലും ജനങ്ങള്‍ ദുരിതമനുഭവിക്കുന്ന റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി പുറത്തുവരുന്നത്. യുഎസിലും യൂറോപ്പിലും ഏതാണ്ട് -60 മുതല്‍-53 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില താഴ്ന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഷിക്കാഗോയില്‍ -21 ഫാരന്‍ഹീറ്റിലേക്ക് താഴ്ന്നതായാണ് വിവരം. ബ്രിട്ടനിലെ സ്ഥിതിയും വ്യത്യസ്തമല്ല. എന്നാല്‍ മറുഭാഗത്ത് ഓസ്‌ട്രേലിയ കനത്ത ചൂടില്‍ പൊള്ളുകയാണ്. പോളാര്‍ വോള്‍ടെക്‌സും ഗ്ലോബല്‍ വാമിങ്ങും ഉള്‍പ്പെടെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി വരുന്ന ഏത് പ്രതിഭാസവും ഇന്ത്യയിലും പ്രതിഫലിക്കാനുള്ള സാധ്യതയാണ് കാലാവസ്ഥാ വിദഗ്ദ്ധര്‍ പറയുന്നത്.

Next Story

Related Stories