Top

ഹോസ്റ്റലിലെ സമയക്രമം മാറ്റണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത പെണ്‍കുട്ടികള്‍ 'അഴിഞ്ഞാടി നടക്കുന്ന ഊരുതെണ്ടികളെ'ന്ന് കേരള വര്‍മ കോളേജ്; കോടതി വിധി നടപ്പാക്കില്ല

ഹോസ്റ്റലിലെ സമയക്രമം മാറ്റണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത പെണ്‍കുട്ടികള്‍
തൃശൂര്‍ ശ്രീ കേരള വര്‍മ കോളേജ് ഹോസ്റ്റലില്‍ കോടതി വിധി അട്ടിമറിച്ച് കോളേജ് അധികൃതര്‍. ഹോസ്റ്റലില്‍ തിരികെയെത്തേണ്ട സമയം ഏഴ് മണിയായി ക്രമപ്പെടുത്തി. കോടതിയില്‍ പോയും സമരം ചെയ്തും വിദ്യാര്‍ഥിനികള്‍ നേടിയെടുത്ത സ്വാതന്ത്ര്യം നടപ്പാക്കാനാവില്ലെന്ന് കോളേജ് അധികൃതര്‍. ഇന്നലെ ചേര്‍ന്ന രക്ഷാകര്‍ത്താക്കളുടെ യോഗത്തില്‍ ആണ് ഇക്കാര്യം തീരുമാനിച്ചത്. എന്നാല്‍ ഈ തീരുമാനത്തിനപ്പുറം സമരം ചെയ്ത പെണ്‍കുട്ടികളെ മോശമായാണ് കോളേജ് അധികൃതര്‍ യോഗത്തില്‍ ചിത്രീകരിച്ചതെന്ന ആരോപണമാണ് വിദ്യാര്‍ഥിനികള്‍ ഉന്നയിക്കുന്നത്.

സമരത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ഥികളിലൊരാളായ സല്‍മ പറയുന്നു, 'സമരത്തിന് നേതൃത്വം കൊടുത്ത കുട്ടികളെല്ലാം അഴിഞ്ഞാടി നടക്കുന്ന ഊരുതെണ്ടികളായ കുട്ടികളായാണ് അവിടെ ചിത്രീകരിച്ചത്. അങ്ങനെയുള്ള കുട്ടികള്‍ക്കാണ് ഹോസ്റ്റലിലെ സമയക്രമം മാറ്റണമെന്ന ആവശ്യമുള്ളത്. മറ്റ് കുട്ടികള്‍ക്കെല്ലാം ഏഴ് മണി വരെ മാത്രമേ ആവശ്യമുള്ളൂ എന്ന അഭിപ്രായം അവിടെ പറഞ്ഞിട്ടുണ്ട്. അഞ്ജിത പോയതിന് ശേഷം കേസ് ഏറ്റെടുത്ത രണ്ടാമത്തെ കുട്ടിയെയും അവളുടെ കൂട്ടത്തിലുള്ള കുട്ടിയേയും കൂട്ടബലാത്സംഗത്തില്‍ നിന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ ഹീറോയിസം കാണിച്ച് രക്ഷപെടുത്തിയെന്ന കഥ വരെ പറഞ്ഞു. അത്തരത്തിലുള്ള ഇല്ലാക്കഥകളാണ് അവിടെ അവതരിപ്പിക്കപ്പെട്ടത്.'


ഹൈക്കോടതി ഉത്തരവ് വന്ന് ആറു ദിവസം കഴിഞ്ഞിട്ടും കേരള വര്‍മ കോളേജിലെ ഹോസ്റ്റല്‍ സമയത്തില്‍ മാറ്റമില്ലാതിരുന്നതിനെതുടര്‍ന്ന് ഗേള്‍സ് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ കഴിഞ്ഞ ദിവസങ്ങളിലെല്ലാം സമരത്തിലായിരുന്നു. ഒടുവില്‍ വെള്ളിയാഴ്ച ഗത്യന്തരമില്ലാതെ പ്രിന്‍സിപ്പലും മാനേജ്മെന്റും വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ തോല്‍വി സമ്മതിച്ചു. കോളേജ് അധികാരികള്‍ വെള്ളിയാഴ്ച്ച രാത്രിയോടെ സമയപുനഃക്രമീകരണത്തിന് തയ്യാറാവുകയായിരുന്നു. തിങ്കളാഴ്ച്ച മുതല്‍ രാത്രി എട്ടരവരെ ആയിരിക്കും ഹോസ്റ്റലില്‍ പ്രവേശിക്കാനുള്ള സമയം. ഈ തീരുമാനം പ്രിന്‍സിപ്പാല്‍ കൃഷ്ണകുമാരി വിദ്യാര്‍ത്ഥികളെ വായിച്ചു കേള്‍പ്പിച്ചു. അതേസമയം ഈ തീരുമാനം രക്ഷകര്‍ത്താക്കളുടെ ഒരു എക്സിക്യൂട്ടീവ് യോഗത്തില്‍ കൂടി ചര്‍ച്ച ചെയ്യുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞിരുന്നു. ഉത്തരവ് ഇന്ന് മുതല്‍ നടപ്പാക്കാനിരിക്കെ ഇന്നലെയാണ് രക്ഷിതാക്കളുടെ യോഗം ചേര്‍ന്നത്.

സല്‍മ തുടരുന്നു, 'പാരന്റ്‌സ് എന്ന വ്യാജേന പുറത്ത് നിന്നുള്ളവരെ ഇറക്കിയോ എന്ന് വരെ ഞങ്ങള്‍ സംശയിക്കുന്നു. ഞങ്ങള്‍ മീറ്റിങ് വച്ച് എത്ര കുട്ടികളുടെ പാരന്റ്‌സ് വരുമെന്ന് ഉറപ്പ് വരുത്തിയിരുന്നു. പതിനാല് കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് മുകളില്‍ വന്നിട്ടില്ല. ഞങ്ങളുടെ ഭാഗത്ത് നിന്ന് സംസാരിച്ച എന്റെ ഫ്രണ്ടിന്റെ ചേച്ചി വന്നിരുന്നു. ആ ചേച്ചി അവസാനമായി ഒപ്പിട്ടത് പതിനാലാമത്തെ കുട്ടിയുടെ രക്ഷിതാവായിട്ടാണ്. പക്ഷെ ആ മുറിയില്‍ നാല്‍പ്പതോളമാളുകള്‍ ഉണ്ടായിരുന്നു. ഒരു കുട്ടിയുടെ രക്ഷിതാവ് മാത്രമേ ഞങ്ങളെ സപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. ബാക്കി സപ്പോര്‍ട്ട് ചെയ്യുന്നവരാരും വന്നിട്ടില്ല. പിന്നെ ഇവര്‍ റിക്രൂട്ട് ചെയ്തവരായിരിക്കും വന്നിട്ടുള്ളത്. സമയക്രമത്തില്‍ മാറ്റം വരുത്താന്‍ കഴിയില്ല. ഏഴ് മണിക്ക് തന്നെ ഹോസ്റ്റലുകളില്‍ തിരികെ കയറണം. നിലവിലെ തീരുമാനം എല്ലാ രക്ഷിതാക്കളേയും രജിസ്റ്റേര്‍ഡ് പോസ്റ്റ് അയച്ച് അറിയിക്കും. അതിന് ശേഷം ഹോസ്റ്റലില്‍ താമസിക്കുന്ന എല്ലാ കുട്ടികളുടേയും രക്ഷിതാക്കളെ വിളിച്ച് ഒരു മീറ്റിങ് കൂടി നടത്തും. ആ മീറ്റിങ്ങില്‍ വന്ന് അഭിപ്രായം അറിയിക്കാത്തവരുടെ മക്കള്‍ക്ക് അടുത്തവര്‍ഷം അഡ്മിഷന്‍ നല്‍കില്ല. അതായത് സമരവുമായി മുന്നോട്ട് പോവുന്നവര്‍ക്ക് അടുത്ത വര്‍ഷം അഡ്മിഷന്‍ തരില്ല എന്ന് പറഞ്ഞ് പാരന്റ്‌സിനെ പേടിപ്പിച്ച് പിന്‍മാറ്റുകയാണ് ചെയ്തിട്ടുള്ളത്.'


വിദ്യാര്‍ഥി പ്രതിനിധികള്‍ ആരേയും യോഗത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. 'കേസ് കൊടുത്ത വിദ്യാര്‍ഥിക്ക് എവിടെ നിന്നാണ് അതിനുള്ള പണം എന്നാണ് അവര്‍ ചോദിച്ചത്. ഇതിന് പിന്നില്‍ എന്തോ രഹസ്യ റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഹോസ്റ്റല്‍ വാര്‍ഡന്‍ പറഞ്ഞു. കേസിന് വിദ്യാര്‍ഥികളുടെ കയ്യില്‍ നിന്ന് ആകെ ചിലവായത് 2000 രൂപയാണ്. അത് തന്ന് സഹായിച്ചത് കേരളവര്‍മ്മയിലെ പ്രിയപെട്ട ചില അദ്ധ്യാപകരാണ്. രണ്ട് വിദ്യാര്‍ഥികള്‍ നടത്തിയ നിയമപോരാട്ടത്തെക്കുറിച്ചാണ് ഇവര്‍ ഇത്തരത്തില്‍ കഥകളിറക്കുന്നത്'
ഒരു വിദ്യാര്‍ഥി പ്രതികരിച്ചു. 'ഞങ്ങള്‍ പിന്‍മാറില്ല. എട്ടരയ്‌ക്കേ ഇനി എന്നും തിരിച്ച് കയറുകയുള്ളൂ.' വിദ്യാര്‍ത്ഥികള്‍ ഉറപ്പിച്ച് പറയുന്നു.

രക്ഷകര്‍ത്താക്കളുടെ യോഗ തീരുമാനം സംബന്ധിച്ച് കോളേജ് അധികൃതരുടെ പ്രതികരണം ലഭ്യമായില്ല. എന്നാല്‍ വിഷയത്തില്‍ മുമ്പ് അഴിമുഖത്തോട് പ്രതികരിച്ച പ്രിന്‍സിപ്പല്‍ കൃഷ്ണകുമാരിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു 'സമയത്തെ സംബന്ധിച്ച് കുട്ടികളുടെ രക്ഷിതാക്കളുമായി ആലോചിച്ചിട്ട് തീരുമാനം എടുക്കാം എന്നാതായിരുന്നു എന്റെ നിലപാട്. വിദ്യാര്‍ത്ഥികളുടെ മൗലികാവകാശങ്ങളൊക്കെ ഞാനും അംഗീകരിക്കുന്നു. അവരുടെ അവകാശങ്ങള്‍ക്ക് വിഘാതമായ തീരുമാനങ്ങള്‍ എടുക്കാനും ആഗ്രഹിക്കുന്നില്ല. പക്ഷേ, ഹോസ്റ്റലില്‍ പ്രവേശിക്കേണ്ട സമയം പുനഃക്രമീകരിക്കുന്നതില്‍ മാനേജ്മെന്റിന്റെയും രക്ഷിതാക്കളുടെയും അനുവാദം വേണം. പക്ഷേ, കുട്ടികള്‍ അത് സമ്മതിക്കുന്നില്ല. അവര്‍ പ്രായപൂര്‍ത്തിയായവര്‍ ആണ്. പക്ഷേ, അവരുടെ കാര്യത്തില്‍ നമുക്ക് ഒരു ഉത്തരവാദിത്വമുണ്ട്. കോടതി പറഞ്ഞിട്ടുണ്ടെന്നു കരുതി, കുട്ടികളെ കോളേജില്‍ കൊണ്ടുവന്നു ചേര്‍ക്കുന്നത് രക്ഷിതാക്കളാണ്. അവര്‍ വന്ന് നിങ്ങളോടാരാണ് സമയം മാറ്റാന്‍ പറഞ്ഞതെന്നു ചോദിച്ചാല്‍, കുട്ടികള്‍ പ്രായപൂര്‍ത്തിയായവരാണെന്നു പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ കോളേജ് പ്രിന്‍സിപ്പാള്‍ എന്ന നിലയില്‍ എനിക്കാവില്ല. സ്വതന്ത്രമായി ചിന്തിക്കുകയാണെങ്കില്‍ കുട്ടികള്‍ പറയുന്നതിനെ ഞാനും അനുകൂലിക്കുകയാണ്. പക്ഷേ, ഒരു സ്ഥാപനത്തിന്റെ മേലധികാരിയെന്ന നിലയില്‍ ഏകപക്ഷീയമായ തീരുമാനം എടുക്കാന്‍ കഴിയില്ല. കോളേജിനും ഹോസ്റ്റിലിനുമൊക്കെ ഒരു വ്യവസ്ഥ വേണം. എല്ലാ ദിവസവും എട്ടുമണിയെന്നത് പ്രായോഗികമല്ല. അതെനിക്കൊരു പ്രശ്നമല്ലെങ്കില്‍ കൂടി മാതാപിതാക്കളോടു കൂടി ഇക്കാര്യം കൂടിയാലോചിക്കുന്നതില്‍ അസ്വഭാവികതയൊന്നും ഇല്ലെന്നാണ് ഞാന്‍ കരുതുന്നത്. രക്ഷകര്‍ത്താക്കളുടെ എക്സിക്യൂട്ടീവ് മീറ്റിംഗ് വിളിച്ചിട്ടുണ്ട്. അവിടെ ഇക്കാര്യം ചര്‍ച്ച ചെയ്ത് ഒരു തീരുമാനത്തില്‍ എത്താം.'
കഴിഞ്ഞ വ്യാഴാഴ്ച്ച വൈകിട്ട് ദിവസങ്ങള്‍ നീണ്ട സമരത്തിനിടയില്‍ മാനേജ്മെന്റുമായി വിദ്യാര്‍ത്ഥിനികള്‍ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമൊന്നും ആകാതെ വന്നതിനെ തുടര്‍ന്ന് രാത്രി ഒമ്പത് മണിക്ക് ഹോസ്റ്റലില്‍ നിന്നും പുറത്തിറങ്ങി 12 വരെ പ്രതിഷേധിച്ചിരുന്നു. വെള്ളിയാഴ്ചയും വിദ്യാര്‍ത്ഥിനികളുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനം ഉണ്ടായില്ല. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ വീണ്ടും തങ്ങളുടെ ഉപരോധ സമരം നടത്തി. തുടര്‍ന്ന് വീണ്ടും പ്രിന്‍സിപ്പല്‍ മാനേജ്മെന്റുമായി ചര്‍ച്ച നടത്തിയാണ് രാത്രിയോടെ സമയപുനഃക്രമീകരണത്തിന് തയ്യാറായത്. നിലവില്‍ വൈകിട്ട് നാലരയ്ക്ക് വിദ്യാര്‍ത്ഥിനികള്‍ ഹോസ്റ്റലില്‍ പ്രവേശിക്കണം. ആഴ്ചയില്‍ മൂന്നു ദിവസം മാത്രം മുന്‍കൂട്ടി എഴുതി നല്‍കി വൈകിട്ട് മൂന്നര മുതല്‍ ആറര വരെ പുറത്തിറങ്ങാം. ഈ സമയക്രമമാണ് വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതി ഉത്തരവിന്റെ കൂടി പിന്‍ബലത്തില്‍ സമരം ചെയ്ത് പുനഃക്രമീകരിച്ചത്. എന്നാല്‍ ഇത് ഏഴ് മണിയാക്കി ക്രമീകരിക്കുന്നതിനോട് വിദ്യാര്‍ഥികള്‍ക്ക് യോജിപ്പില്ല.

©

"കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ..."

Next Story

Related Stories