TopTop

കവളപ്പാറയ്ക്ക് തൊട്ടുമുമ്പ് ഉരുള്‍പൊട്ടി ഇല്ലാതായ പാതാര്‍ അങ്ങാടിയിലെ 20 ഓളം പേരുടെ ജീവന്‍ രക്ഷപെടുത്തിയത് 12കാരന്റെ 'കുരുത്തക്കേട്'

കവളപ്പാറയ്ക്ക് തൊട്ടുമുമ്പ് ഉരുള്‍പൊട്ടി ഇല്ലാതായ പാതാര്‍ അങ്ങാടിയിലെ 20 ഓളം പേരുടെ ജീവന്‍ രക്ഷപെടുത്തിയത് 12കാരന്റെ
നിലമ്പൂര്‍ കവളപ്പാറ മുത്തപ്പന്‍ കുന്നിന്റെ കീഴില്‍ ആളപായമുണ്ടായപ്പോള്‍ തൊട്ടടുത്തുള്ള പാതാര്‍ എന്ന ഗ്രാമത്തിലെ ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടാതിരുന്നത് തലനാരിഴയ്ക്കാണ്. വ്യാഴാഴ്ച (ഓഗസ്റ്റ് 8) വൈകിട്ട് മൂന്ന് മണിയോടെ പാതാറിന്റെ മുകളിലുള്ള ഗര്‍ഭംകലക്കി മലയിലും തേന്‍മലയിലും ചെറിയ ഉരുള്‍പൊട്ടലുണ്ടായി. ഇതിന് പിന്നാലെ പാതാര്‍ അങ്ങാടിക്ക് അരികിലൂടെ ഒഴുകുന്ന ഇഴുവാത്തോട്ടില്‍ കലക്കവെള്ളം ഒഴുകിയെത്തിയത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തി. തുടര്‍ന്ന് ഒട്ടുമിക്ക പേരും ക്യാമ്പുകളിലും ബന്ധുവീടുകളിലേക്കും മാറുകയും ചെയ്തു. ശേഷിച്ചവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായിട്ടാണെന്നാണ് പ്രദേശവാസിയും പ്രാദേശിക വാര്‍ത്ത ചാനല്‍ മാധ്യമപ്രവര്‍ത്തകനുമായ റോജി പറഞ്ഞത്. മാവുങ്ങല്‍ ഷരീഫ് എന്നയാളുടെ മകന്റെ ചെറിയ ഒരു കുരുത്തക്കേടാണ് അന്ന് അങ്ങാടിയില്‍ നിന്നിരുന്നവരുടെ ജീവന്‍ നഷ്ടപ്പെട്ട് പോകാതെ രക്ഷിച്ചതെന്ന് റോജി വെളിപ്പെടുത്തുന്നു. വീടും വസ്തുവകകളും ഒന്നും ബാക്കിയില്ലാതെ നഷ്ടപ്പെട്ടുപോയിട്ടും പലരുടെയും ജീവന്‍ നഷ്ടപ്പെടാതിരുന്നത് സിജാസ് (12) എന്ന ആ ഏഴാംക്ലാസുകാരന്‍ കാരണമാണ്.

മകന്റെ കുരുത്തക്കേട് തന്റെ ഗ്രാമത്തിലെ ആളുകളുടെ ജീവന്‍ രക്ഷിച്ചതിനെ പറ്റി ഷെരീഫ് പറയുന്നത് ഇങ്ങനെ, 'രണ്ടുദിവസമായി പാതാറില്‍ വൈദ്യുതിയില്ലാത്തതിനാല്‍ അവന്‍ (സിജാസ്) മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനായി, ഞാനില്ലാത്ത സമയത്ത് കാറിന്റ ചാവി എടുത്ത് വണ്ടി ഓണ്‍ ആക്കി. കാറ് ഓണയതോടെ റിവേഴ്‌സ് വന്ന് മറ്റൊരു പറമ്പിലേക്ക് കയറി. വിവരമറിഞ്ഞ ഓടിയെത്തിയ എന്നെ കണ്ട് പതാര്‍ അങ്ങാടിയിലെ സുഹൃത്തുക്കളൊക്കെ എന്താണ് സംഭവം എന്ന് അന്വേഷിക്കുകയും വിവരമറിഞ്ഞ അവിടെയുണ്ടായിരുന്ന എല്ലാവരും ഒപ്പം വീട്ടിലേക്ക് എത്തുകയും ചെയ്തു. കച്ചവടക്കാര്‍ അല്ലാത്ത 20 ഓളം ആളുകള്‍ എന്റെ പുറകെ എത്തിയിരുന്നു. ഞങ്ങള് കാറ് പറമ്പില്‍ നിന്ന് പൊക്കിയെടുക്കുന്ന സമയത്താണ് ഒരു വലിയ ശബ്ദം കേള്‍ക്കുന്നത്. ശബ്ദം കേട്ട് നിമിഷങ്ങള്‍ക്കകം ഞങ്ങളെ അടിച്ച് തെറിപ്പിക്കുന്ന ശക്തിയില്‍ വെള്ളവും കല്ലും മണും എല്ലാം വശത്തൂടെ കടന്നുപോയി. കുത്തിയൊലിച്ച് വരുന്നത് നേരത്തെ കാണാന്‍ പറ്റിയത് കൊണ്ട് ഓടിമാറാന്‍ പറ്റി. പിന്നാലെയാണ് ഉരുള്‍പൊട്ടിയതാണെന്ന് മനസിലായത്. അങ്ങാടിയിലുണ്ടായിരുന്നവര്‍ പാതാറിലെ പാലത്തിലും പരിസരത്തും നിന്ന് വെള്ളം കുത്തിയൊഴുകുന്നതിന്‍റെ വീഡിയോ എടുക്കുകയും അവിടുത്തെ പള്ളിയിലുമൊക്കെയായിരുന്നു. കാറ് എടുക്കാന്‍ അവര്‍ വന്നില്ലായിരുന്നെങ്കില്‍ അവര് ഒഴുക്കില്‍ പെട്ടുപോയേനെ. അവന്റെ കുസൃതി ആദ്യം കുറച്ച് മനപ്രയാസമുണ്ടാക്കിയെങ്കിലും. കുറച്ചുപേരുടെ ജീവന്‍ കയ്ച്ചിലായി.'

അതിരുവീട്ടിമല പൊട്ടി ഭീമന്‍ പാറകളും മരങ്ങളും മലവെള്ളവും ചേര്‍ന്ന് പാതാറിലേക്ക് പതിച്ചപ്പോള്‍ പ്രദേശത്തെ 13 കടകളും 11 വീടുകളും ഉണ്ടായിരുന്ന സ്ഥലത്ത് അവശേഷിക്കുന്നത് തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളും പാറക്കൂട്ടങ്ങളും മാത്രമാണ്. അതിരിവീട്ടി മലയും ഗര്‍ഭംകലക്കി മലയും തേന്‍മലയും കൂടാതെ മലാംകുണ്ട്, വാളംകൊല്ലി മലകളിലുമുള്‍പ്പെടെ പ്രദേശത്ത് എട്ടോളം ചെറുതുവലുതുമായ ഉരുള്‍പൊട്ടലുകള്‍ സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പാതാറിലെ റോഡുകളും വീടുകള്‍ നിന്ന പ്രദേശങ്ങള്‍ പലതും ഒലിച്ചുപോവുകയും ചെളിയും പാറയും കനത്തില്‍ വന്ന് അടിയുകയും ചെയ്തിരിക്കുകയാണ്. ഇതോടെ നിലമ്പൂര്‍ അകമ്പാടം മലയോര പാതയക്ക് സര്‍വേ നടപടി പൂര്‍ത്തിയായ റോഡും ഇല്ലാതായി.

പാതാറില്‍ ഉരുള്‍പൊട്ടിയതിന് ശേഷമാണ് കവളപ്പാറ മുത്തപ്പന്‍ കുന്നില്‍ ഉരുള്‍പ്പൊട്ടുന്നത്. മുത്തപ്പന്‍ കുന്നിന്റെ മറുവശത്താണ് പാതാര്‍ എന്ന ഗ്രാമം. വ്യാഴാഴ്ച (ഓഗസ്റ്റ് 8) അഞ്ചരയ്ക്കാണ് അതിരുവീട്ടിമല പൊട്ടിയത്. കവളപ്പാറയിലെ മുത്തപ്പന്‍ കുന്ന് ഇടിഞ്ഞത് അന്ന് രാത്രി എട്ടുമണിക്കാണ്. അന്‍പതിയോമ്പതുപേരുടെ ജീവന്‍ നഷ്ടപ്പെട്ട കവളപ്പാറയിലെ ഉരുള്‍പൊട്ടലില്‍ 30 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെടുത്തിരിക്കുന്നത് (ഓഗസ്റ്റ് 14 വരെ). ഇനിയും 29 പേരുടെ മൃതദേഹം കൂടി കണ്ടെത്താനുണ്ട്. പാതാറും കവളപ്പാറയും ഉള്‍പ്പെടുന്ന മേഖലകള്‍ എട്ട് വര്‍ഷം മുമ്പ് മാധവ് ഗാഡ്ഗില്‍ സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശമായി രേഖപ്പെടുത്തിയ സോണ്‍ ഒന്നില്‍ ഉള്‍പ്പെട്ട പ്രദേശമാണ്.

*ഈ വാര്‍ത്തയിലെ കുട്ടിയുടെ ചിത്രം അനുവാദത്തോടെ പകര്‍ത്തിയത്

Next Story

Related Stories