Top

കേരളത്തിലെ കർഷകരെ തകര്‍ത്തത് സര്‍ക്കാരുകള്‍; ഭൂപരിഷ്ക്കരണം മുതല്‍ തുടങ്ങുന്നു ആ ചരിത്രം

കേരളത്തിലെ കർഷകരെ തകര്‍ത്തത് സര്‍ക്കാരുകള്‍; ഭൂപരിഷ്ക്കരണം മുതല്‍ തുടങ്ങുന്നു ആ ചരിത്രം
ഇന്ത്യൻ സമ്പദ്ഘടനയിൽ കാർഷിക മേഖല അഗ്രഗണ്യമായ പങ്കു വഹിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ കുറെ ദശാബ്ദങ്ങളായി കാര്‍ഷികോത്പാദന വളർച്ച ഗണ്യമായി മുരടിച്ചിരിക്കുന്നതായിട്ടാണ് കാണപ്പെടുന്നത്. നീതി ആയോഗ് 2015-ൽ നടത്തിയ പഠനത്തിൽ ഇന്ത്യയിലെ കാർഷികമേഖലയിൽ ഉടനടി നടത്തേണ്ട പരിഷ്കാരങ്ങളുടെ ആവശ്യകതയെയും അതിൽ സംസ്ഥാന സർക്കാരുകൾക്കുള്ള മുഖ്യ പങ്കിനെയും കുറിച്ച് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്.

കേരളത്തിലെ ഭക്ഷ്യ, ഭക്ഷ്യേതര വിഭവങ്ങളുടെ ഉത്പാദനത്തിൽ കഴിഞ്ഞ കുറെ ദശാബ്ദങ്ങളായി ഗണ്യമായ ഇടിവ് കണ്ടുവരുന്നുണ്ട്. കൊച്ചിയിലെ സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് നടത്തിയ ഗവേഷണ പഠനത്തിൽ (
http://www.cppr.in/publications/a-stagnant-agriculture-in-kerala-the-role-of-the-state/
) അമിതമായ സർക്കാർ ഇടപെടലുകൾ കാർഷിക വിപണയിൽ ഉണ്ടാക്കിയ അപഭ്രംശങ്ങളും തൻമൂലം സംസ്ഥാനത്തിന്റെ കാർഷിക വളർച്ച മുരടിച്ചതെങ്ങനെയെന്നും വ്യക്തമാക്കുന്നു.

സംരംഭകത്വത്തെ ഇല്ലാതാക്കിയ ഭൂപരിഷ്കാരങ്ങൾ

1970ൽ നടപ്പിലാക്കിയ കേരള ഭൂപരിഷ്കരണ നിയമം ഭൂപ്രഭുക്കൾ കൈവശം വച്ചിരുന്ന ഭൂമിക്കു മേൽ പരിധി നിശ്ചയിച്ചു. ഇതിന്റെ അടിസ്ഥാന ലക്ഷ്യം ഭൂമിയിലുള്ള ഉടമാവകാശം ഭൂരഹിത തൊഴിലാളികൾക്കും ദരിദ്ര കർഷകർക്കും വീതിച്ചു നൽകുക എന്നതായിരുന്നെങ്കിലും നടപ്പാക്കിയ രീതിയിലെ പാളിച്ച മൂലം കാർഷിക മേഖല സമ്പൂർണമായ ഒരു തകർച്ചയുടെ വക്കിൽ ചെന്നെത്തുകയാണുണ്ടായത്. എല്ലാ കരക്കൃഷി ഭൂമിയും തുണ്ടം തുണ്ടമായി വിഭജിക്കപ്പെട്ടു. 2012-ലെ കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ കണക്കു പ്രകാരം ഒരു ഹെക്ടറിൽ താഴെ മാത്രം കൈവശഭൂമിയുള്ള നാമമാത്ര കർഷകർ ഏറ്റവും അധികമുള്ള സംസ്ഥാനമാണ് കേരളം. അതേസമയം കാർഷിക വളർച്ച ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളിൽ ഒന്നുമാണ്. കൈവശ ഭൂമിക്ക് പരിധി നിശ്ചയിച്ചതു മൂലം കൃഷിയിലുള്ള സംരംഭകത്വത്തിന്റെ സാധ്യത ഇല്ലാതാക്കപ്പെട്ടു. ഭൂപരിഷ്കരണ നിയമം നടപ്പിൽ വരുന്നതിനു മുമ്പ് നൂതന സാങ്കേതിക വിദ്യകൾ മൂലം ഭക്ഷ്യ, ഭക്ഷ്യേതര വിളകളുടെ ഉത്പ്പാദനം ഗണ്യമായി വർധിപ്പിക്കാൻ സഹായിച്ച കേരളത്തിലെ സംരംഭകരുടെ പക്കൽ നിന്നും നിയമം നടപ്പാക്കിയ ശേഷം ഭൂമി പിടിച്ചെടുക്കപ്പെട്ടു. മിച്ചഭൂമി വിതരണം ചെയ്തത് മുഖ്യമായും രാഷ്ട്രീയ പാർട്ടികളുടെ അധീനതയിലുള്ള സഹകരണ പ്രസ്ഥാനങ്ങൾക്കാണെന്നും കാർഷിക രീതികളിൽ ഇത് വൻതോതിലുള്ള അഴിമതിക്ക് കാരണമായി എന്നും പല പഠനങ്ങളും കാണിക്കുന്നു. എന്നാണ്. തത്ഫലമായി പ്രവർത്തന ചിലവുകൾ കൂടുകയും വൻതോതിൽ നഷ്ടങ്ങളുണ്ടാവുകയും നാമമാത്ര കർഷകർ അശാസ്ത്രീയമായ രീതികളിലൂടെ കാർഷികോത്പാദനം നടത്തുകയും ചെയ്തു.

http://www.azhimukham.com/azhimukhamclassic-manoj-success-story-of-organic-farmer-jeeva-jayadas/

സംയോജിത കൃഷിയോ അതോ സമ്മർദ്ദ കൃഷിയോ?

നെൽകൃഷിക്ക് പ്രചോദനം ആകത്തക്ക രീതിയിലെന്ന പേരിൽ നടപ്പാക്കപ്പെട്ട Kerala Land Utilization Order, 1967, കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ ആക്ട്, 2008 (The Kerala Conservation of Paddy and Wetland Act, 2008) എന്നിവ കർഷകരെ ഭക്ഷ്യ വിളകൾ മാത്രം ഉത്പ്പാദിപ്പിക്കാൻ സമ്മർദം ചെലുത്തുന്നവ ആയിരുന്നു. ഇത് കർഷകരുടെ താത്പര്യങ്ങളോ കൃഷിക്കുള്ള സാഹചര്യങ്ങളോ നെല്ലുത്പാദനത്തിന്റെ ലാഭമോ ഒന്നും പരിഗണിക്കാതെ ആയിരുന്നു നടപ്പിലാക്കിയത്. കർഷകരുടെ സ്വാതന്ത്ര്യത്തിനു മേൽ കൃത്രിമമായ നിയന്ത്രണങ്ങൾ ഈ നിയമങ്ങൾ മൂലം ഉണ്ടായി. കർഷകരുമായുള്ള അഭിമുഖങ്ങൾ അടിസ്ഥാനമാക്കിയുള്ള പഠനങ്ങൾ കാണിക്കുന്നത് കർഷക തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ വൻതോതിൽ വിള നശിപ്പിക്കലുകൾ ഈ നിയമങ്ങളെ ആസ്പദമാക്കി നടന്നെന്നാണ്. ഇവർ ലക്ഷ്യമാക്കിയത് മുഖ്യമായും ചെറുകിട നാമമാത്ര കർഷകരെ മാത്രമായിരുന്നെന്നും, നിർമ്മാണ ആവശ്യങ്ങൾക്കായി കൃഷിഭൂമികൾ ഉപയോഗിച്ച വൻകിട കർഷകരെ ഇതിൽ നിന്നൊഴിവാക്കിയെന്നുമാണ് പഠനങ്ങൾ കാണിക്കുന്നത്. മേൽ പ്രസ്താവിച്ച നിയമങ്ങൾ ഉണ്ടായിട്ടും നെല്ലും പ്രദേശത്തിന്റെ വിസ്തൃതിയും നെല്ലുത്പാദനവും കേരളത്തിൽ കുറഞ്ഞു വരുന്നതായി കണക്കുകൾ കാണിക്കുന്നു. ഇതു സൂചിപ്പിക്കുന്നത് ഇത്തരത്തിലുള്ള ചട്ടങ്ങളും നിയമങ്ങളും കർഷകനു കൃഷി ചെയ്യാനുള്ള പ്രേരണ തന്നെ ഇല്ലാതാക്കുകയാണ് ചെയ്തതെന്നാണ്.

സർക്കാർ ജോലിയുടെ വർധിച്ചു വന്ന സാമൂഹ്യ പദവിയും കാർഷിക മേഖലയിൽ നിന്നുള്ള കുറഞ്ഞ വരുമാനവും കർഷക തൊഴിലാളികളുടെ എണ്ണം ഗണ്യമായി കുറയാൻ ഇടയാക്കി. Kerala Coconut Husks Control Order, 1973, പോലുള്ള സർക്കാർ നിയന്ത്രണങ്ങളും സർക്കാർ പരോക്ഷമായി പിന്തുണച്ച തൊഴിലാളി യൂണിയനുകളുടെ പ്രതിഷേധങ്ങളും മൂലം ആനുപാതികമായ യന്ത്രവത്ക്കരണവും കാർഷിക മേഖലയിൽ ഉണ്ടായിട്ടില്ല. ഇതെല്ലം മൂലം കേരളത്തിലെ കാര്‍ഷികോത്പാദനം ഗണ്യമായി കുറഞ്ഞു.

http://www.azhimukham.com/drought-water-shortage-affected-cultivation-wayand/

ജലസേചനത്തിലെ ദുർഭരണം

കേരളത്തിലെ ജലസേചന സംവിധാനങ്ങളിൽ കർഷകരെ ഉൾപെടുത്താത്ത കേന്ദ്രീകൃത ഭരണമായിരുന്നു നിലനിന്നത്. ജലസേചന ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും പക്ഷപാതം മൂലം അഴിമതി നിറഞ്ഞതായിരുന്നു ഈ ഭരണ വ്യവസ്ഥിതി. ഇതിന്റെയെല്ലാം പരിണിത ഫലമായി 1988-ൽ കർഷകരെ ഉൾപ്പെടുത്തിയ ജലസേചന ഭരണ വ്യവസ്ഥിതി കൊണ്ടുവരാനായി കമാൻഡ് ഏരിയ ഡെവലപ്മെന്റ് അതോറിറ്റി (കാഡ) രൂപീകരിക്കപ്പെട്ടു. എന്നാൽ കാഡയിലുള്ള സർക്കാർ പ്രതിനിധികളുടെ മേധാവിത്വം മൂലം കർഷകരുടെ പല സംരംഭങ്ങളും അവഗണിക്കപ്പെട്ടു. അതോടൊപ്പം കൃഷിക്കുള്ള വെള്ളത്തിന്റെ സ്ഥിരമായ ലഭ്യതയെന്ന ഉറപ്പ് പാലിക്കാൻ കഴിയാത്തതും രാഷ്ട്രീയക്കാരുടെ സ്ഥിരമായ ഇടപെടലുകളും കർഷകർക്ക് കാഡയിലുള്ള വിശ്വാസ്യതക്ക് ഭംഗം വരുത്തി. കാഡയുടെ അധീനതയിലുള്ള ഭൂരിഭാഗം ജലസേചന പദ്ധതികളും നെല്ല് പോലുള്ള ചതുപ്പു വിളകളെ ഉദ്ദേശിച്ചു മാത്രവും മറ്റു വിളകളുടെ ജലസേചനാവശ്യങ്ങൾ അവഗണിച്ചും തയാറാക്കിയതായിരുന്നു. ഇവയുടെയെല്ലാം പരിണിതഫലമായി കേരളത്തിന്റെ ജലസേചന കാര്യക്ഷമത ഗണ്യമായി കുറഞ്ഞു. 2014-ലെ കണക്കു പ്രകാരം കേരളത്തിന്റെ ജലസേചന കാര്യക്ഷമത 20 ശതമാനം മാത്രമായിരുന്നു. അതേസമയം ദേശീയ ശരാശരി 30 ശതമാനവും.

http://www.azhimukham.com/offbeat-if-women-are-ready-to-do-work-during-night-why-they-are-stopped-cppr/

കാർഷിക വായ്പ വ്യവസ്ഥിതികളിലെ ക്രമക്കേടുകൾ

അമിതമായ സർക്കാർ ഇടപെടലുകൾ കേരളത്തിന്റെ കാർഷിക ക്രെഡിറ്റ് വിപണിയിലുണ്ടാക്കിയ വ്യതിയാനങ്ങൾ കാർഷിക മേഖലയിലേക്ക് ഉത്പാദകമായ മൂലധനം ഉണ്ടാകുന്നതിനു തടസ്സമായി. പ്രാഥമിക കർഷക സഹകരണ സംഘങ്ങൾ കേരളത്തിലെ കർഷകർക്ക് ദീർഘകാല, ഇടക്കാല കാർഷിക വായ്പ നൽകാനായുള്ള ഒരു മിതവ്യയ സ്രോതസ്സായാണ് ലക്ഷ്യമിട്ടതെങ്കിലും അമിതമായ സർക്കാർ ആശ്രയത്വവും ഉദ്യോഗസ്ഥാധിപത്യവും ഇതിനു പ്രതിബന്ധമായി. അതോടൊപ്പം ഉയർന്ന കിട്ടാക്കടങ്ങളും യന്ത്രവത്കരണത്തോടുള്ള പ്രതിഷേധവും മൂലധന അപര്യാപ്തതയും കർഷകർക്കുള്ള ക്രെഡിറ്റ് വിതരണ വ്യവസ്ഥക്ക് കോട്ടം വരുത്തി.

ഏറ്റവും പുതിയ സ്ഥിതിവിവര പട്ടിക പ്രകാരം പ്രാഥമിക കർഷക സഹകരണ സംഘങ്ങൾ വിതരണം ചെയ്ത മൊത്തം 71301.88 കോടി രൂപയിൽ 10.55 ശതമാനം മാത്രമേ കാർഷികാവശ്യങ്ങൾക്ക് ഉപയോഗിച്ചുട്ടുള്ളൂ. ഇതിൽത്തന്നെ 0.21 ശതമാനം മാത്രമേ ദീർഘകാല കാർഷികാവശ്യങ്ങൾക്കായി ഉപയോഗിച്ചുള്ളൂ. ജില്ലാ സഹകരണ ബാങ്കുകളും ഹ്രസ്വകാല വായ്പകൾക്ക് പ്രാധാന്യം നൽകി. ഇവയെല്ലാം കാരണം മൊത്തം കാർഷിക ക്രെഡിറ്റിലുള്ള ഉത്പാദകപരമായ ക്രെഡിറ്റിന്റെ അളവ് കൂടുകയും മറിച്ച് കാർഷിക മേഖലയില്‍ സ്വകാര്യ മൂലധന രൂപീകരണത്തിന്റെ പ്രധാന സ്രോതസ്സായ നിക്ഷേപ ക്രെഡിറ്റിന്റെ പങ്കു കുറഞ്ഞു വരികയും ചെയ്തു.

http://www.azhimukham.com/opinion-cow-amartya-sen-and-indian-rural-economy/

കാർഷിക സംഭരണം, നിരക്കുകൾ, ക്രയവിക്രയം എന്നിവയിലെ അപഭ്രംശങ്ങൾ

കാർഷികോത്പന്നങ്ങൾ വിപണിയിലെ ഉല്പാദനത്തിന്റെയും ആവശ്യകതയുടെയും അടിസ്ഥാനത്തിലല്ലാതെ സർക്കാർ നിശ്ചിത മിനിമം പിന്തുണ നിരക്കുകളുടെ അടിസ്ഥാനത്തിൽ വിൽക്കുക വഴി കേരളത്തിൽ ഒരു കേന്ദ്രീകൃത ആസൂത്രണ രീതിയാണ് പിന്തുടർന്ന് വന്നിരുന്നത്. ഇത് വിപണിയിൽ നിരക്ക് ക്രമക്കേടുകൾക്ക് വഴിയൊരുക്കി.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അരിയിൽ 48 ശതമാനത്തോളം സർക്കാർ സംഭരണത്തിൽ വർധന ഉണ്ടാവുകയും സ്വതന്ത്ര മത്സരമുള്ള വിപണിയിൽ അരിയുടെ ലഭ്യത വളരെ കുറവായതായും റിപ്പോർട്ട് ചെയ്യപ്പെട്ടു. അതേസമയം ഇതേ കാലയളവിൽ നെല്ലുല്പാദനത്തിന്റെ വളർച്ചയിൽ ഗണ്യമായ ഇടിവും ഉണ്ടായി. അതോടൊപ്പം കേരളം അരി ഉപഭോക്തൃ സംസ്ഥാനങ്ങളിൽ മുൻപന്തിയിലുള്ള ഒന്നായും കണക്കുകൾ കാണിക്കുന്നു. ഇവയെല്ലാം കാണിക്കുന്നത് നെല്ലുല്പാദനത്തെ ഉത്തേജിപ്പിക്കാനെന്ന പേരിൽ സർക്കാരിന്റെ ഇടപെടലുകളായ സർക്കാർ നിശ്ചിത നിരക്കുകളും സർക്കാർ സംഭരണവും നെല്ലുല്പാദനം കുറയ്ക്കുകയാണ് ചെയ്തതെന്നാണ്. കൃഷി വാണിഭ രീതികളിൽ സർക്കാർ നിയന്ത്രണങ്ങളും കർഷകരുടെ മേൽ കൃത്രിമമായ വിലക്കുകൾ അടിച്ചേൽപ്പിക്കാൻ കാരണമായി. ഉദാഹരണത്തിന് ക്രയവിക്രയങ്ങൾ സഹകരണ സംഘങ്ങൾ വഴി മാത്രമായി നടത്താൻ കർഷകർക്ക് മേൽ സമ്മർദ്ദമുണ്ടായി.

കേരളത്തിലെ മാറിമാറി വന്ന പല സർക്കാരുകളുടെയും നിയമങ്ങളും രീതികളും കർഷകരുടെയും കർഷക സംരംഭകരുടെയും മേൽ കൃത്രിമ വിലക്കുകൾ ഏർപ്പെടുത്താൻ കാരണമായി. കർഷകരുടെ താത്പര്യങ്ങളോ വിപണിയിലെ സാഹചര്യങ്ങളോ നിയമങ്ങളും രീതികളും നടപ്പിലാക്കുമ്പോൾ പരിഗണിക്കപ്പെട്ടില്ല. തന്മൂലം കൃഷി ചെയ്യാനുള്ള പ്രചോദനം കർഷകർക്ക് നഷ്ടപ്പെടുകയും ഇത് കാർഷിക മേഖലയുടെ തകർച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്തു എന്നതാണ് യാഥാര്‍ഥ്യം.

http://www.azhimukham.com/azhimukham-423/

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories