TopTop
Begin typing your search above and press return to search.

ബിജെപി പിടിമുറുക്കിയിരിക്കുന്ന തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂരിന്റെ സാധ്യതകള്‍

ബിജെപി പിടിമുറുക്കിയിരിക്കുന്ന തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂരിന്റെ സാധ്യതകള്‍
വിധി നിർണായകമായ ലോക്സഭ തിരഞ്ഞെടുപ്പ് പടിവാതുക്കൽ എത്തിനിൽക്കുമ്പോൾ അഭ്യൂഹങ്ങൾക്ക് പഞ്ഞം ലവലേശം പോലുമില്ല. അഭ്യൂഹങ്ങളുടെ ചുഴിയിൽ തന്നെയാണ് ആകെ 20 ലോക്സഭ മണ്ഡലങ്ങൾ മാത്രമുള്ള നമ്മുടെ കൊച്ചു കേരളവും. ഈ അഭ്യൂഹങ്ങളത്രയും പ്രധാനമായും ഇപ്പോൾ കേന്ദ്രീകരിച്ചിരിക്കുന്നത് ആരൊക്കെ എവിടെയൊക്കെ മത്സരിക്കുമെന്നും പുറത്തു നിന്നും ആരെയെങ്കിലുമൊക്കെ കെട്ടിയിറക്കുമോ എന്നതും സംബന്ധിയായുള്ളതാണ്. കേരളത്തിന്റെ വടക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന കാസർഗോഡും തെക്കേ അറ്റത്തുള്ള തിരുവനന്തപുരവും ആണ് ഇവയിൽ പ്രധാനം. രണ്ടു മണ്ഡലങ്ങളും കേരളത്തിൽ ബി ജെ പി കണ്ണുവെച്ചിട്ടുള്ള മണ്ഡലങ്ങൾ കൂടി ആവുമ്പോൾ അഭ്യൂഹങ്ങൾ തികച്ചും സ്വാഭാവികം മാത്രമാണ്.

അഭ്യൂഹങ്ങളുടെ തുടക്കം കേരളത്തിന്റെ തലസ്ഥാന നഗരി കൂടി ഉൾപ്പെടുന്ന തിരുവനന്തപുരം മണ്ഡലത്തിൽ നിന്നായിരുന്നു എന്നതുകൊണ്ട് തന്നെ ഇന്നിപ്പോൾ ആ മണ്ഡലത്തിലേക്ക് മാത്രം കടക്കുന്നു. പ്രതിരോധ മന്ത്രി നിർമല സീതാരാമനെ കോൺഗ്രസിന്റെ സിറ്റിംഗ് എം പി യും മുൻ കേന്ദ്ര മന്ത്രിയുമൊക്കെ ആയ ശശി തരൂരിനെതിരെ ഇക്കുറി തിരുവനന്തപുരത്തു നിന്നും മത്സരിപ്പിക്കാൻ ബി ജെ പി കേന്ദ്ര നേതൃത്വം ഒരുങ്ങുന്നുവെന്ന വാർത്ത ചില്ലറ കോളിളക്കമൊന്നുമല്ല കോൺഗ്രസ് ക്യാംപിൽ സൃഷ്ടിച്ചത്. ഇപ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ ജ്വലിച്ചു നിൽക്കുന്ന ആൾ എന്ന പ്രത്യേകത മാത്രമല്ല ശ്രീമതി നിര്‍മ്മലക്കുള്ളത്. ജനിച്ചത് തമിഴ് നാട്ടിലെ മധുരയിൽ ആയിരുന്നെങ്കിലും ജെ എൻ യു പ്രൊഡക്റ്റ് ആയ അവർക്കു ശശി തരൂരിന്റെ വായടക്കാൻ പോന്ന നാവുണ്ട് എന്ന പ്രത്യേകത കൂടിയുണ്ട്. ശശി തരൂരാവട്ടെ മികച്ച പാർലമെന്റേറിയനും വാഗ്മിയും എഴുത്തുകാരനുമൊക്കെ ആണെങ്കിലും ഭാര്യ സുന്ദ പുഷ്‌കറിന്റെ ദുരൂഹ മരണം സൃഷ്ടിച്ച കോലാഹലങ്ങളിൽ നിന്നും ഇനിയും പൂർണമായും വിമുക്തനായിട്ടില്ല താനും. പോരെങ്കിൽ 2009 ലെ തന്റെ കന്നി മത്സരത്തിൽ നേടിയ തിളക്കമാർന്ന വിജയത്തിന്റെ അടുത്തൊന്നും എത്താൻ 2014ൽ ആയതുമില്ല. 2009ൽ കേവലം രണ്ടു വോട്ടിന്റെ വ്യത്യാസത്തിൽ ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം നഷ്ടപ്പെട്ട തരൂരിന്റെ ഭൂരിപക്ഷം 2014ൽ 15,470 ലേക്ക് ചുരുങ്ങി എന്നുമാത്രമല്ല ബി ജെ പിയുടെ ഓ രാജഗോപാൽ ഏതാണ്ട് വിജയത്തിനടുത്തു വരെ എത്തുകയും ചെയ്തു. (രാജഗോപാലിന്റെ ഈ അപ്രതീക്ഷിത മുന്നേറ്റത്തിന് കാരണങ്ങൾ വേറെയുണ്ട്. അതിലേക്കു പിന്നീട് വരാം)

ശശിതരൂർ ഇനിയും തിരുവനന്തപുരത്തു നിന്നും മത്സരിക്കാൻ ഇടയില്ലെന്നും ഇനിയിപ്പോൾ മത്സരിച്ചാൽ തന്നെ ജയിക്കില്ലെന്നും കോൺഗ്രസിലെ തരൂർ വിരുദ്ധ ചേരി നിശബ്ദ പ്രചാരണം ആരംഭിച്ച വേളയിലിലാണ് ശശിതരൂരിനെ കെട്ടുകെട്ടിക്കാൻ നിർമല സീതാരാമൻ വരുന്നുവെന്ന വാർത്ത പൊടുന്നനെ പൊട്ടിവീണത്. ശബരിമല വിഷയവും കേരളത്തിൽ നിന്നും ബി ജെ പി അക്കൗണ്ട് തുറക്കുമെന്ന മോദിയുടെയും അമിത് ഷായുടെയും ഇടയ്ക്കിടെ മുഴങ്ങുന്ന പ്രഖ്യാപനം കൂടി ആയപ്പോൾ കോൺഗ്രസ് ക്യാമ്പിൽ ആശങ്ക പടർന്നില്ലെങ്കിലല്ലേ അത്ഭുതത്തിനു വകയുള്ളു! നിർമല സീതാരാമൻ തിരുവനന്തപുരത്തു നിന്നും മത്സരിക്കാനുള്ള സാധ്യത വളരെ വിരളമാണെന്നാണ് ഇതെഴുതുന്ന ആൾ മനസ്സിലാക്കുന്നത്. ഒരു പക്ഷെ കുമ്മനം രാജശേഖരനോ അല്ലെങ്കിൽ സുരേഷ് ഗോപിയോ ആവാം ബി ജെ പി യുടെ തിരുവനന്തപുരം സ്ഥാനാർഥി. ആദ്യം മോഹൻലാലിനെ തരൂരിനെതിരെ രംഗത്തിറക്കാൻ ഒരു ശ്രമം നടത്തി പരാജയപ്പെട്ട ബി ജെ പി ഒടുവിൽ എന്തിനും മുതിരുമെന്നതിനാൽ നിർമ്മലയുടെ അപ്രതീക്ഷിത എൻട്രി പാടെ തള്ളിക്കളയുന്നുമില്ല.

ഇനി കഴിഞ്ഞ തവണ ബി ജെ പി സ്ഥാനാർഥി രാജഗോപാലിന്റെ അപ്രതീക്ഷിത മുന്നേറ്റത്തിലേക്കു നയിച്ച കാര്യങ്ങളിലേക്ക് വരാം. സുനന്ദ പുഷ്‌കറുടെ മരണത്തെ തുടർന്നുണ്ടായ വിവാദത്തേക്കാൾ ശശി തരൂരിന്റെ വോട്ടിൽ ഇടിവുണ്ടാകാനും അതുവഴി ബി ജെ പിയുടെ രാജഗോപാലിന് മുന്നേറാനും സഹായകമായത് കോൺഗ്രസിൽ നിന്നും ഇടതില്‍ നിന്നും ബി ജെ പിക്കു അനുകൂലമായി ഉണ്ടായ വോട്ടു ചോർച്ച തന്നെയാണ്. ശശി തരൂരിനെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കിയതിൽ കോൺഗ്രസിലെ ഒരു വിഭാഗത്തിനുണ്ടായ എതിർപ്പും സി പി ഐ തങ്ങളുടെ സിറ്റിംഗ് സീറ്റിൽ ഒരു സ്വാശ്രയ കച്ചവടക്കാരൻ എന്ന ലേബലുമായി എത്തിയ ബെന്നറ്റ് അബ്രഹാമിന്‌ സീറ്റ് നൽകിയതിനെ തുടർന്ന് ഉടലെടുത്ത പേയ്‌മെന്റ് വിവാദവുമാണ് ബി ജെ പി യുടെ വോട്ടു കുത്തനെ ഉയരാൻ ഇടയാക്കിയതെന്ന് തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലെ നാളിതുവരെയുള്ള തിരഞ്ഞെടുപ്പ് ചരിത്രവും 2014നു മുൻപ് ബി ജെ പിക്കു ആ മണ്ഡലത്തിൽ ലഭിച്ച വോട്ടിന്റെ കണക്കും പരിശോധിച്ചാൽ വ്യക്തമാകുന്നതേയുള്ളു.

തിരുവനന്തപുരത്തു ആര് ജയിക്കും എന്നൊക്കെ പറയാൻ ഇനിയും സമയം ആയിട്ടില്ല. ആദ്യം ഓരോ മുന്നണികളും അവരവരുടെ സ്ഥാനാർത്ഥികളെ നിശ്ചയിക്കട്ടെ. എന്നിട്ടാവാം അത്തരത്തിൽ ഒരു വിലയിരുത്തൽ.

Next Story

Related Stories