TopTop
Begin typing your search above and press return to search.

വര്‍ഗ്ഗീസ് പിടിച്ചുപറിക്കാരനല്ല, ഞങ്ങളുടെ പെരുമന്‍; 7 വര്‍ഷക്കാലം ജയിലില്‍ കിടന്ന തിരുനെല്ലിയിലെ കാളന്‍ നക്സല്‍ കാലത്തെ കുറിച്ച്

വര്‍ഗ്ഗീസ് പിടിച്ചുപറിക്കാരനല്ല, ഞങ്ങളുടെ പെരുമന്‍; 7 വര്‍ഷക്കാലം ജയിലില്‍ കിടന്ന തിരുനെല്ലിയിലെ കാളന്‍ നക്സല്‍ കാലത്തെ കുറിച്ച്

1970 ഫെബ്രുവരി പതിനെട്ടിന് പോലീസ് വെടിവെച്ച് കൊന്ന നക്സലൈറ്റ് നേതാവ് വര്‍ഗ്ഗീസ് പിടിച്ച് പറിക്കാരനും കൊലപാതകിയുമാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ഈ ഒരു പശ്ചാത്തലത്തിലാണ് വയനാട്ടില്‍ കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ സിപിഎം നടത്തിയ കൂലി സമരത്തില്‍ വര്‍ഗ്ഗീസിനോടൊപ്പം പങ്കെടുത്ത സഖാവ് കാപ്പുക്കൊല്ലി കാളനെ തേടി തിരുനെല്ലിയിലെ തൃശ്ശിലേരി വരിനിലം കോളനിയിലെ വീട്ടിലെത്തിയത്. സിപിഎമ്മിലും പിന്നീട് നക്സലൈറ്റ് പ്രസ്ഥാനത്തിലും കാളന്‍ വര്‍ഗ്ഗീസിനൊപ്പം പ്രവര്‍ത്തിച്ചിരുന്നു. വര്‍ഗ്ഗീസ് കൊല്ലപ്പെട്ടതിന് ശേഷം പുല്‍പ്പള്ളി, തൃശ്ശിലേരി ആക്ഷനില്‍ പങ്കെടുത്തെന്നാരോപിക്കപ്പെട്ട് എഴു വര്‍ഷത്തോളം കാളന്‍ വിചാരണ തടവുകാരനായി ജയിലില്‍ കിടന്നു.

വയനാട്ടിലെ കാപ്പുക്കൊല്ലിയില്‍ മാരന്‍, കുളുമ്പി ദമ്പതികളുടെ അഞ്ചു മക്കളില്‍ ഒരാളായി പണിയ വിഭാഗത്തിലാണ് കാളന്‍ ജനിച്ചത്. കാളന്‍റെ അപ്പനപ്പൂപ്പന്‍മാരൊക്കെ വയനാട്ടിലെ ജന്‍മികളുടെ അടിമകളായി ജോലി ചെയ്തവരാണ്. കാളന് സ്കൂളില്‍ പോകാനൊന്നും സാഹചര്യം ഉണ്ടായിരുന്നില്ല. നന്നേ ചെറുപ്പം മുതല്‍ ജന്‍മിയുടെ കാലിമേക്കലായിരുന്നു പണി. പിന്നീട് ജന്‍മിയുടെ അടിമയായി വയലില്‍ കൃഷിപ്പണി ചെയ്തു. ചെറുപ്പത്തില്‍ തന്നെ കാളന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ആകൃഷ്ടനായിരുന്നു. അങ്ങനെയാണ് കൂലി സമരത്തില്‍ പങ്കെടുക്കുന്നതും അവിടെ വെച്ചു അന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ഉണ്ടായിരുന്ന വര്‍ഗ്ഗീസുമായി അടുപ്പം ഉണ്ടാകുന്നതും. വര്‍ഗ്ഗീസുമായുള്ള ബന്ധത്തെ കുറിച്ചും വര്‍ഗ്ഗീസ് എന്ന മനുഷ്യസ്നേഹിയെ കുറിച്ചും ജയില്‍ ജീവിതത്തെ കുറിച്ചുമൊക്കെ കാളന്‍ സംസാരിക്കുന്നു.

ചോമനും ചെമ്പനും തിരുനെല്ലിയുള്ള വേറൊരു കാളനും ഒക്കെ മരിച്ചു പോയി. ഇപ്പോള്‍ മരിക്കാതെയുള്ളത് ഞാനും കരിയനും വട്ടിയും ഗോണിയും ഒക്കെയാണ്. ഞങ്ങള്‍ എട്ടാളാണ് അന്ന് തൃശ്ശിലേരി ആക്ഷനില്‍ പങ്കെടുക്കാന്‍ അന്നിവിടുന്നു പോയത്. അതില്‍ നാലാള് മരിച്ചു. തലശ്ശേരിക്കൊന്നും ഞങ്ങള്‍ പോയിട്ടില്ല. തലശ്ശേരി പുല്‍പ്പള്ളി സംഭവത്തോടെയാണ് ഇത് എന്താണെന്ന് പോലും ഞങ്ങള്‍ അറിയുന്നത്.

1967ല്‍ ഇവിടെ നടന്ന കൂലി സമരത്തിലാണ് ഞാന്‍ വര്‍ഗീസിനെ ആദ്യം കാണുന്നത്. കൂലി സമരത്തിന് ഇവിടെ വന്നിരുന്നു. ജന്മിമാരുടെ കീഴിലായിരുന്നു ഞങ്ങള്‍ എല്ലാവരും പണിയെടുത്തിരുന്നത്. അടിമകള്‍ തന്നെ. ഒന്നര സേറ് നെല്ലൊക്കെയായിരുന്നു അന്ന് കൂലി. അത് തന്നെ ഉച്ചയ്ക്ക് ശേഷമൊക്കെയാണ് കിട്ടുക. അത് കൊണ്ടുവന്നു പച്ച നെല്ല് കുത്തിയിട്ട് വേണം കഞ്ഞി കുടിക്കാന്‍. അത് മാറ്റാന്‍ വേണ്ടിയാണ് കൂലി സമരം നടന്നത്.

വള്ളിയൂര്‍ക്കാവ് ഉത്സവ ദിവസം നമ്മളെ കന്നുകാലികളെ വാങ്ങുന്ന പോലെ വിലക്ക് വാങ്ങുമായിരുന്നു. പത്തിരുപത് ഏക്കര്‍ വയലുള്ള ഒരു ജന്മി പത്തു മുപ്പതു ആളുകളെ ഒരു കൊല്ലത്തേക്ക് പൈസ കൊടുത്ത് വാങ്ങുന്ന ഏര്‍പ്പാടാണത്. വള്ളിയൂര്‍കാവിനാണ് പൈസ കൊടുക്കുക. അടുത്ത കാവ് വരുന്നതുവരെ അയാളുടെ കീഴില്‍ പണിയെടുക്കണം. അവിടുന്നു അതിനിടയില്‍ വിട്ടു പോകാനൊന്നും പറ്റില്ല. പോയാല്‍ പിടിച്ച് കൊണ്ട് വന്നു കടുത്ത ശിക്ഷ കൊടുക്കും. ആ കാലഘട്ടത്തില്‍ വര്‍ഗ്ഗീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു. അയാള് പാര്‍ട്ടിയില്‍ വന്നത് എപ്പോഴാണെന്ന് അറിയില്ല. വര്‍ഗ്ഗീസിനെ പരിചയപ്പെടുന്നത് തന്നെ മാനന്തവാടിയില്‍ കൂലി സമരത്തിന് വന്നപ്പോഴാണ്. അന്ന് ഞങ്ങളുടെ പുല പരിപാടികളില്‍ എല്ലാം വര്‍ഗ്ഗീസ് പങ്കെടുക്കുമായിരുന്നു. ആള്‍ക്കാരെ സംഘടിപ്പിക്കും. ഓരോ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി കൊടുക്കും. പുലക്ക് വന്നാല്‍ അത് തീരുന്നത് വരെ വര്‍ഗ്ഗീസ് അവിടെ ഉണ്ടാകും. ഞങ്ങള്‍ കൊടുക്കുന്ന ഭക്ഷണം കഴിക്കും.

കിട്ടുന്ന കൂലി മേടിക്കുക, പണിയെടുത്തോളുക, ജീവിച്ചു പോകുക...ഇതായിരുന്നു അന്നത്തെ രീതി. എന്റെ അച്ഛനടക്കം ഇത് തന്നെയാണ് ചെയ്തിരുന്നത്. അല്ലാതെ വേറെ ഒന്നും അവര്‍ക്ക് അറിയില്ലായിരുന്നു. ആ പഴയ ആള്‍ക്കാരെ പുതിയ ആള്‍ക്കാരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് വര്‍ഗ്ഗീസ് വന്നത്. കൂലി സമരം വിജയമായിരുന്നു.

അതിനു ശേഷമാണ് വര്‍ഗ്ഗീസ് മാറുന്നത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ തന്നെ നിന്നു കൊണ്ടാണ് അയാള്‍ പുതിയ ഒരു രീതിയിലേക്ക് മാറുന്നത്. പാര്‍ട്ടിയുടെ ചില ഇടപെടലുകള്‍ ശരിയല്ല എന്നായിരുന്നു പുള്ളിയുടെ നിലപാട്. ഇതുകൊണ്ടൊന്നും പോര. നമുക്ക് കുറച്ചു കൂടെ ശക്തമായിട്ട് പ്രവര്‍ത്തിക്കണം. പുതിയ ഒരു ഭരണകൂടം ഉണ്ടാക്കണം എന്നൊക്കെയാണ് വര്‍ഗ്ഗീസ് പറഞ്ഞത്. അന്ന് നമ്മള്‍ ചെറുപ്പമാണ് എല്ലാറ്റിനും ആവേശമാണ്. അടിക്കണം എന്നു പറഞ്ഞാല്‍ നമ്മള്‍ കേറി അടിക്കും. മുന്നും പിന്നും നോക്കില്ല. വര്‍ഗ്ഗീസ് ആണല്ലോ കൂടെയുള്ളത്. സമരത്തിനൊക്കെ ഞങ്ങള്‍ ഒരുപാട് അടിയൊക്കെ കൊടുത്തിട്ടുണ്ട്.

പിന്നെ വര്‍ഗ്ഗീസ് ക്ലാസ്സുകള്‍ എടുക്കും. അതൊക്കെ കേള്‍ക്കുമ്പോള്‍ നമ്മള്‍ക്ക് ആവേശം കൂടുമല്ലോ. അങ്ങനെ ആവേശം കൂടിയപ്പോള്‍ അങ്ങനെ ഒരു പാര്‍ട്ടി ഉണ്ടാക്കാം എന്നൊക്കെ പറഞ്ഞപ്പോള്‍ ഞങ്ങള്‍ കൂടെ നിന്നു. പ്രവര്‍ത്തിച്ചു. ക്ലാസ്സുകളില്‍ പങ്കെടുത്തു. അങ്ങനെയാണ് തലശ്ശേരി, പുല്‍പ്പള്ളി കലാപം നടക്കുന്നത്.

അത് പരാജയപ്പെട്ടു. വര്‍ഗ്ഗീസും മറ്റും ഒളിവില്‍ പോയി. 67 മുതല്‍ 70 വരെ. ആ സമയത്ത് വര്‍ഗ്ഗീസ് നമ്മുടെ കൂടെ തന്നെ ഉണ്ടായിരുന്നു. ഈ തൃശ്ശിലേരി തിരുനെല്ലി ഭാഗത്ത്. ഞങ്ങള്‍ ഭക്ഷണം കൊടുക്കും. വീട്ടില്‍ ആരെങ്കിലും വരുമ്പോള്‍ ഞാന്‍ പുറത്തു നിന്ന്‍ വര്‍ത്തമാനം പറയുമ്പോള്‍ അയാള്‍ അകത്തുണ്ടാവും. അന്ന് എന്റെ വീട് തിരുനെല്ലിയാണ്. അന്ന് വീടെന്ന് പറഞ്ഞാല്‍ ചെറിയ ഒരു ചെറ്റക്കുടിലാണ്. അവിടെ ഒളിവില്‍ താമസിച്ചു.

തൃശ്ശിലേരി തിരുനെല്ലി സംഭവം നടക്കുന്നത് അപ്പോഴാണ്. അഡിഗ അടക്കം നാല് പേരെയാണ് കൊല്ലാന്‍ തീരുമാനിച്ചത്. പക്ഷേ നാലാളിനെ കിട്ടിയിട്ടില്ല. രണ്ടാളെയേ കിട്ടിയിട്ടുള്ളൂ. ഒന്നു തിരുനെല്ലി ചേക്കു, ഒന്നു വാസുദേവ അഡിഗ. അവരുടെ കണക്ക് പ്രകാരം ശൂലപാണി വാര്യരും കൈതവള്ളി അപ്പുസ്വാമി എന്നിവരും ഉണ്ടായിരുന്നു. ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കുന്നത് വര്‍ഗ്ഗീസും കോഴിക്കോട് നിന്നൊക്കെ വരുന്ന അയാളുടെ കുറച്ചു ആളുകളും ചേര്‍ന്നിട്ടാണ്.

തിരുനെല്ലി തൃശ്ശിലേരി സംഭവം ഒക്കെ നടന്നിട്ട് പത്തു നാല്‍പ്പതു കൊല്ലമായില്ലെ. അതുകൊണ്ട് എനിക്കു കുറേയൊക്കെ വിട്ടുപോകും. എന്നാലും ഇതൊന്നും അങ്ങനെ മറക്കാന്‍ പറ്റുന്ന സംഭവങ്ങള്‍ അല്ലല്ലോ. തിരുനെല്ലി തൃശ്ശിലേരി സംഭവം നടന്നതിന് ശേഷം വര്‍ഗ്ഗീസ് ഒളിവില്‍ പോയി. കമ്പമലയിലായിരുന്നു ഒളിവില്‍ താമസിച്ചത്. അഡിഗേനെ വീട്ടില്‍ നിന്നു വിളിച്ച് വരുത്തി വയലിലേക്ക് ഇറങ്ങുന്ന പടിയില്‍ വെച്ചാണ് വെടിവെച്ച് കൊല്ലുന്നത്.

അഡിഗ കൊല്ലപ്പെട്ടു എന്നറിഞ്ഞപ്പോള്‍തന്നെ കൂട്ടത്തില്‍ ഉള്ള ആരോടും പറയാതെ ഞാന്‍ വീട്ടില്‍ പോയി. ഞാന്‍ വരാന്തയില്‍ തിണ്ണയില്‍ പോയി കിടന്നു. വെറും തറയിലാണ് കിടന്നത്. അന്ന് നല്ല തണുപ്പായിരുന്നു. തണുത്തിട്ട് ഞാന്‍ എഴുന്നേറ്റ് നോക്കുമ്പോള്‍ കരിയനും എന്റെ അടുത്തു കിടക്കുന്നുണ്ട്. അവര് ശൂലപാണിയുടെ അടുത്തു വരെ പോയിട്ടു അയാളെ കാണാതെ തിരിച്ചു വന്നതാണ്. പിറ്റെന്നു ഈ അഡിഗയെ കാണാനൊക്കെ ഞങ്ങളും പോയി. വര്‍ഗീസും കൂട്ടരും ചേക്കൂനെ കൊന്നു തിരിച്ചു വരുമ്പോഴേക്കും നേരം വെളുത്തു. അങ്ങനെയാണ് അവര്‍ കമ്പമലയില്‍ ഒളിച്ചിരിക്കുന്നത്. ഒരാഴ്ചയോളം അവിടെ ഇരുന്നു. പിന്നെ കൊണ്ടുപോയ സാധനങ്ങളൊക്കെ തീര്‍ന്നു. സാധനങ്ങള്‍ വാങ്ങാന്‍ ഇവര്‍ പുറത്തിറങ്ങിയപ്പോള്‍ സിആര്‍പിക്കാര്‍ വെടിവെച്ചു. അപ്പോള്‍ ഇവര്‍ കാടിനകത്തേക്ക് ഓ‌ടി. കാടിനകത്ത് നിറയെ അന്ന് സിആര്‍പി ആയിരുന്നു. കാട്ടിനുള്ളിലൂടെ എങ്ങോട്ട് പോകണം എന്നോ എന്തു ചെയ്യണമെന്നോ ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല. എങ്ങോട്ടെന്നില്ലാതെ ഓടി. അങ്ങനെ വര്‍ഗ്ഗീസ് കാട്ടില്‍ ഒറ്റപ്പെട്ടു പോയി.

വര്‍ഗ്ഗീസ് തിരുനെല്ലി ഭാഗത്തേക്കാണ് ഓടിയത്. കാടിനടുത്തുള്ള കരുമ കോളനിയിലെ ഒരു ആദിവാസിയുടെ വീട്ടില്‍ പോയി കിടന്നു. കുട്ടമ്മൂസതിന്‍റെ തറവാടിനടുത്തായിരുന്നു അത്. അയാളുടെ പണിക്കാരനായിരുന്നു ആ ആദിവാസി. കാട്ടിലൂടെ കുറെ അലഞ്ഞതല്ലെ, ഭക്ഷണം ഒന്നും ഇല്ലല്ലോ. വര്‍ഗ്ഗീസിന് നല്ല ക്ഷീണം ഉണ്ടായിരുന്നു. കിടന്നപ്പോള്‍ തന്നെ വര്‍ഗ്ഗീസ് ഉറങ്ങിപ്പോയി. ആ വീട്ടിലെ സ്ത്രീ അടുത്ത വീട്ടില്‍ പോയി പറഞ്ഞു അവിടെ വര്‍ഗ്ഗീസ് വന്നിട്ടുട്ടുണ്ടെന്ന്. ഞാന്‍ ഒറ്റയ്ക്കെയുള്ളൂ. കെട്ടിയോന്‍ പണിക്ക് പോയിരിക്കുകയാണെന്ന്. ഇത് കേട്ടപ്പോള്‍ തന്നെ ബാക്കിയുള്ളവര്‍ പോയിട്ട് സുന്ദരന്‍ മാഷുടെ വീട്ടില്‍ പോയി പറഞ്ഞു. അന്ന് സി ആര്‍ പിയുടെയും പോലീസിന്റെയും താത്ക്കാലിക കേമ്പ് അമ്പലത്തിലാണ്. ഇയാള്‍ അമ്പലത്തില്‍ പോയി പറഞ്ഞു. പിന്നെ സി ആര്‍ പിയും പോലീസും എല്ലാം കൂടി വന്നു. വര്‍ഗ്ഗീസിനെ പിടിച്ചു. കൊണ്ട് പോയി മര്‍ദ്ദിച്ചു. എത്ര മര്‍ദ്ദിച്ചിട്ടും എന്തിന് വേണ്ടിയിട്ട് ചെയ്തെന്നോ കൂടെ ഉണ്ടായിരുന്നവരുടെ പേരോ വര്‍ഗ്ഗീസ് പറഞ്ഞില്ല. അത്രമാത്രം മര്‍ദ്ദിച്ചു കഴിഞ്ഞപ്പോള്‍ ഇയാള്‍ രക്ഷപ്പെടില്ല എന്നു അവര്‍ക്ക് തന്നെ തോന്നി. അവര്‍ മാനന്തവാടിയില്‍ പോയി ഡോക്ടറെ കൂട്ടിക്കൊണ്ട് വന്നു. ഡോക്ടര്‍ നോക്കിയിട്ട് പറഞ്ഞു. നിങ്ങള്‍ എവിടെ കൊണ്ട് പോയിട്ടും ഒരു രക്ഷയും ഇല്ലെന്നു. വര്‍ഗ്ഗീസിന്റെ കണ്ണോക്കെ അവര്‍ ചൂഴ്ന്നെടുത്തിരുന്നു. പിന്നെ തിളച്ച എണ്ണയിലും വെള്ളത്തിലും ഒക്കെ നിര്‍ത്തി. നിങ്ങള്‍ക്ക് എന്തു വേണമെങ്കിലും ചെയ്യാം എന്നു ഡോക്ടര്‍ പറഞ്ഞു. കരുമത്ത് പുഴയുടെ അടുത്തു കൊണ്ട് വന്നു വലിയ ഒരു പാറയ്ക്ക് ചാരി നിര്‍ത്തി ഇയാളുടെ കയ്യില്‍ ഒരു തോക്കും കൊടുത്ത്, അങ്ങനെയാണ് വെടിവെച്ച് കൊല്ലുന്നത്. ഇവര്‍ പറയുന്നു ഏറ്റുമുട്ടലില്‍ കൊന്നു എന്നാണ്. സത്യം അങ്ങനെയല്ല.

രാമചന്ദ്രന്‍ കോണ്‍സ്റ്റബിളിനോടാണ് ഇയാളെ വെടിവെച്ച് കൊല്ലാന്‍ പറഞ്ഞത്. ലക്ഷ്മണയും ജയറാം പടിക്കലും ഇവരൊക്കെയാണ് പറഞ്ഞത്. അപ്പോള്‍ ഇയാള്‍ പറഞ്ഞു എന്നെക്കൊണ്ടാവില്ലെന്ന്. നീ വെടിവെച്ചില്ലെങ്കില്‍ നാളെ നിന്റെ ബോഡിയായിരിക്കും കാണുക എന്ന്. അങ്ങനെ അവര് കൊന്ന ആളെ അയാള്‍ വെടിവെച്ചു. ചലനവും ഇല്ല ഒന്നും ഇല്ല. എന്നിട്ടാണ് അവര്‍ പറയുന്നതു ഏറ്റുമുട്ടലില്‍ മരിച്ചു എന്ന്. കണ്ണോക്കെ ചൂഴ്ന്നെടുത്തിട്ടും തിളച്ച എണ്ണയില്‍ കാലുകള്‍ മുക്കി വെച്ചിട്ടും വര്‍ഗ്ഗീസ് ഒരു രഹസ്യവും പറഞ്ഞില്ല.

വര്‍ഗ്ഗീസ് കൊല്ലപ്പെട്ടതറിഞ്ഞു ഞങ്ങള്‍ മാനന്തവാടി ആശുപത്രിയില്‍ പോയി. ഞങ്ങള്‍ക്ക് കാണാന്‍ ഒന്നും കഴിഞ്ഞില്ല. അവിടെ നിറയെ പോലീസും സി ആര്‍ പി എഫും ആയിരുന്നു. പിന്നെ അയാളെ അടക്കം ചെയ്തു. പിന്നെ അന്വേഷണം ആയി. ഞങ്ങളൊക്കെ വര്‍ഗ്ഗീസിന്റെ കൂടെയാണെന്ന് ആള്‍ക്കാര്‍ക്കൊക്കെ അറിയാം. പിന്നെ ജന്മിമാര്‍ക്കൊക്കെ സമരത്തിന്റെ വൈരാഗ്യം ഒക്കെ ഉണ്ടല്ലോ. ഞങ്ങള്‍ വര്‍ഗ്ഗീസിനെ ഒളിവില്‍ താമസിക്കാനൊക്കെ സഹായിച്ചിട്ടുണ്ട് എന്നൊക്കെ പറഞ്ഞു ഞങ്ങളുടെയൊക്കെ പേര് പറഞ്ഞു കൊടുത്തു.

അന്ന് ഞങ്ങളൊക്കെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ ഉണ്ട്. ചെറുപ്പം മുതലേ ഞങ്ങള്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചവരാണ്. പാര്‍ട്ടിയുടെ എന്തു പരിപാടികള്‍ ഉണ്ടെങ്കിലും നമ്മള്‍ പോകും. പികെ കാളന്‍ പണ്ടേയുള്ള ഒരു നേതാവാണ്. ഞങ്ങളെക്കാള്‍ മുന്നേ പുള്ളി പാര്‍ട്ടിയില്‍ ഉണ്ട്.കീഴടങ്ങിയാല്‍ ഞങ്ങളെ ചോദ്യം ചെയ്തു വിടും എന്നു പോലീസ് പറഞ്ഞതായി പികെ കാളന്‍ പറഞ്ഞിട്ടാണ് ഞങ്ങള്‍ പോലീസ് സ്റ്റേഷനില്‍ പോയത്. ഞങ്ങള്‍ പോയപ്പോള്‍ ലക്ഷ്മണയും പടിക്കലും ഒന്നും അവിടെയില്ല. ഒരു പോലീസുകാരന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അയാള്‍ പറഞ്ഞു നിങ്ങള്‍ ഇവിടെ കിടക്ക് നാളെ രാവിലെ അവര്‍ വരുമെന്നു. ഞങ്ങള്‍ ഒരു ദിവസം അവിടെ കിടന്നു. ഉള്ളിലൊന്നും അല്ല പുറത്തെ വരാന്തയില്‍.

അങ്ങനെ പിറ്റേദിവസം ലക്ഷ്മണ വന്നു ഞങ്ങളെ ക്രൈംബ്രാഞ്ച് ഓഫീസില്‍ കൊണ്ട് പോയി. സ്റ്റേഷന്റെ തൊട്ടടുത്തായിട്ടായിരുന്നു ഓഫീസ്. പിന്നത്തെ കാര്യം പറയേണ്ട കാര്യം ഒന്നും ഇല്ലല്ലോ. ഞങ്ങള്‍ അവരുടെ കയ്യിലായല്ലോ. ഇത്രയും വലിയ കേസ് നടന്നിട്ട് ഇവര്‍ക്ക് ഒരു പ്രതിയെയും പിടിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞാല്‍ അവര്‍ക്ക് നാണക്കേടാണ്. ചെക്കുനെയും അഡിഗയെയും കൊന്ന കേസില്‍ ഞങ്ങളെ കുടുക്കി അകത്തിട്ടു. അങ്ങനെ ഏഴു കൊല്ലവും ഒന്‍പത് മാസവും ഞങ്ങള്‍ ജയിലില്‍ കിടന്നു. ഏഴു കൊല്ലം കേസ് തീരാന്‍ വേണ്ടിയാണ് കിടന്നത്. കേസ് തീര്‍ന്നപ്പോഴാണ് അടിയന്തിരാവസ്ഥ ഉണ്ടാകുന്നത്. അപ്പോള്‍ ഇവരെ പുറത്തു വിട്ടാല്‍ ഇവര്‍ പ്രശ്നം ഉണ്ടാക്കും എന്ന് പറഞ്ഞിട്ടു ഒന്‍പതു മാസം വീണ്ടും അകത്തിട്ടു.

ഞങ്ങള്‍ രാഷ്ട്രീയ തടവുകാരായിരുന്നു. തിരുനെല്ലി തൃശ്ശിലേരി കേസില്‍ പെട്ടവരും കോഴിക്കോട് നിന്നു വന്ന കുറച്ചു പേരും ഉണ്ടായിരുന്നു. മറ്റുള്ള തടവുകാരുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. കോഴിക്കോട്ട് നിന്നു വാസുവേട്ടനുണ്ടായിരുന്നു. പിന്നെ പെരാമ്പ്ര നിന്നു രണ്ടുമൂന്നാളുണ്ടായിരുന്നു. ഈ കേസില്‍ ഉണ്ടായിരുന്ന എല്ലാ ആള്‍ക്കാരും ഒന്നിച്ചാണ് ഉണ്ടായിരുന്നത്. പിന്നെ കുറെ കഴിഞ്ഞപ്പോള്‍ തലശ്ശേരി പുല്‍പ്പള്ളി കേസില്‍ കുന്നിക്കല്‍ നാരായണന്‍, മന്ദാകിനി, അജിത, തേറ്റമല കൃഷ്ണന്‍ കുട്ടി, ശങ്കരന്‍ മാഷ്, ശ്രീധരന്‍ മാഷ് അങ്ങനെ കുറെ ആള്‍ക്കാര് വന്നു. അവരൊക്കെ ആദ്യത്തെ കേസില്‍ പെട്ടവരായിരുന്നു. അവര്‍ കോഴിക്കോട് സബ് ജയിലില്‍ ആയിരുന്നു. അവിടുന്നു അവരെ കണ്ണൂര്‍ ജയിലിലേക്ക് കൊണ്ടുവരികയായിരുന്നു. പിന്നെ അവരും ഞങ്ങളും ഒരുമിച്ചായിരുന്നു. അങ്ങനെയാണ് കുന്നിക്കലിനെയും മന്ദാകിനിയെയും അജിതയെയും ഒക്കെ കാണാനും ബന്ധപ്പെടാനും കഴിയുന്നത്.

എന്നെ സംബന്ധിച്ചു ഞാന്‍ പഠിച്ചവനല്ല. ഞാന്‍ സ്കൂളില്‍ പോയിട്ടെയില്ല. ചെറുപ്പം മുതലേ ജന്മിമാരുടെ കാലി നോക്കാനോ അവരുടെ ഏര് കെട്ടാനോ ഒക്കെ പോകുമായിരുന്നു. അന്നൊക്കെ ചുവന്ന കൊടി കാണുമ്പോള്‍ ഒരു ആവേശമായിരുന്നു. പതിനൊന്നു പന്ത്രണ്ട് വയസ്സിലൊക്കെ ഞാന്‍ ഇങ്ങനെ ജാഥയില്‍ ഒക്കെ പോകുമായിരുന്നു. ഇത്രയും മലയാളം പറയാനും അറിയാനും കാര്യങ്ങള്‍ മനസ്സിലാക്കാനും ഉള്ള കഴിവ് എന്നെ ജയിലില്‍ കൊണ്ട് പോയി ഇട്ടത് കൊണ്ട് കിട്ടിയതാണ്. അവിടെ മാഷന്‍മാര്‍ ഉണ്ടായിരുന്നു. കുന്നിക്കലും മറ്റും പ്രസ്ഥാനവുമായി ബന്ധപ്പെട്ട ക്ലാസ്സുകള്‍ എടുക്കുമായിരുന്നു. അതുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ വായിച്ചു തരുമായിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലും ഉള്ള പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. അത് വായിച്ചു ഞങ്ങള്‍ക്ക് അറിയാത്തത് പറഞ്ഞു തരുമായിരുന്നു. ഞങ്ങള്‍ വായിക്കാന്‍ പഠിച്ചതിന് ശേഷം പുസ്തകം ഞങ്ങളെ കൊണ്ട് തന്നെ വായിപ്പിക്കുമായിരുന്നു. വേറെ പണിയൊന്നും ഇല്ലല്ലോ. തിന്നുക, കുടിക്കുക, നടക്കുക. ഭക്ഷണം രാവിലെ ഗോതമ്പിന്‍റെ കഞ്ഞിയായിരുന്നു. ഉച്ചക്ക് രണ്ട് ചപ്പാത്തിയും കുറച്ചു ചോറും ഉണ്ടാകും. എല്ലാറ്റിനും കൃത്യം തൂക്കം ഉണ്ടായിരുന്നു. കുറയുകയും കൂടുകയും ഒന്നും ഇല്ല. രാവിലെ ഞങ്ങള്‍ക്ക് കഞ്ഞി വേണ്ട എന്നു പറഞ്ഞു ഞങ്ങള്‍ പ്രശ്നം ഉണ്ടാക്കിയപ്പോള്‍ പിന്നെ ഞങ്ങള്‍ക്ക് ചപ്പാത്തി കിട്ടാന്‍ തുടങ്ങി.

ജയിലില്‍ നിന്നു പുറത്തു വന്നപ്പോള്‍ തീരെ നടക്കാന്‍ പറ്റാത്ത സ്ഥിതി ആയിരുന്നു. തീരെ കഷ്ടത്തിലായിരുന്നു. മാനന്തവാടിയില്‍ ക്രൈം ബ്രാഞ്ചിന്റെ കയ്യില്‍ നിന്നു കണ്ടമാനം മര്‍ദ്ദനം എറ്റിരുന്നു. അന്ന് ലക്ഷ്മണയും പുലിക്കോടനും ഒക്കെ ഉണ്ടായിരുന്നു. വരുന്നവവര് വരുന്നവര് മര്‍ദ്ദിക്കുമായിരുന്നു. ഞങ്ങള്‍ ചെയ്യാത്ത കുറ്റം സമ്മതിക്കാന്‍ കഴിയുമോ. അതുകൊണ്ട് ഞങ്ങള്‍ പരമാവധി മര്‍ദ്ദനം ഏറ്റുവാങ്ങി. ഞങ്ങള്‍ അവസാനം പറഞ്ഞു ഞങ്ങള്‍ പറയുന്നതു നിങ്ങള്‍ക്ക് സത്യം അല്ലെന്ന് തോന്നുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എന്തു വേണമെങ്കിലും ചെയ്യാം. ഞങ്ങളെ വേണമെങ്കില്‍ കൊല്ലാം. ഞങ്ങളെ കൊന്നാല്‍ ചോദിക്കാനും പറയാനും ആരും ഇല്ല. എന്തു വേണമെങ്കിലും ചെയ്യാം. മാരാര് ചെണ്ട അടിക്കുന്നപോലെയാണ് അവര്‍ അടിച്ചു കൊണ്ടിരുന്നത്. പക്ഷേ ഇതൊന്നും ഇവര്‍ക്ക് തെളിയിക്കാനോ ശിക്ഷിക്കാനോ കഴിഞ്ഞില്ല. ഏഴു കൊല്ലം റിമാണ്ടില്‍ തന്നെയായിരുന്നു. കേസ് വിചാരണക്ക് എടുത്തിട്ടില്ലല്ലോ. പിന്നെ ഒരു ഒന്‍പത് മാസം ഇന്ദിരാ ഗാന്ധിയുടെ വകയാണ്. അടിയന്തിരാവസ്ഥയുടെ കരുതല്‍ തടവ് ആയിരുന്നു.

ജയിലില്‍ നിന്നു വന്നിട്ട് ഞാന്‍ എനിക്കു ജോലി ചെയ്യാന്‍ പറ്റുന്ന അത്രയും ജോലി ചെയ്തു. കൃഷിപ്പണിക്കും കൊയ്ത്തും മെതിക്കും ഒക്കെ പോകുമായിരുന്നു. അന്നൊക്കെ ഇഷ്ടം പോലെ കൊയ്യാന്‍ ഉണ്ടായിരുന്നു. ഇന്നിപ്പോള്‍ കൂലി കൂടി. കൊയ്യാന്‍ ആളെ കിട്ടാത്ത സ്ഥിതിയാണ്. ഉള്ള വയല് മുഴുവന്‍ കരയാക്കി. വയല്‍ മുഴുവനും കവുങ്ങായി, കാപ്പിയായി, വാഴയായി. നെല്‍ കൃഷി ഇപ്പോള്‍ വളരെ കുറവാണ്. അതുകൊണ്ട് ഇപ്പോള്‍ പഴയത് പോലെ പണിയും ഇല്ല.

വീണ്ടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു. തിരഞ്ഞെടുപ്പൊക്കെ വരുമ്പോള്‍ പരിപാടികള്‍ക്കൊക്കെ പോകുമായിരുന്നു. അന്നത്തെ ആ രണ്ട് കൊലപാതകത്തോടെ ജന്മിമാര്‍ക്ക് നല്ല മാറ്റം ഉണ്ടായി. അതിലുള്ള പ്രമാണിമാരായ വല്യ ആളുകള്‍ ഒക്കെ പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൂടെ വന്നു. അന്ന് കോണ്‍ഗ്രസുകാരായിട്ടുള്ള ആളുകള്‍ ഒക്കെ പിന്നെ ഇടതു പക്ഷത്തേക്ക് വന്നു.

വര്‍ഗ്ഗീസിനെ കുറിച്ച് സര്‍ക്കാര്‍ കോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തെ കുറിച്ച് ഞാന്‍ കേട്ടിരുന്നു. പത്രത്തില്‍ വായിച്ചു. ഈ പറയുന്ന രീതിയില്‍ വര്‍ഗ്ഗീസ് ഒരു കൊള്ളക്കാരനോ, കൊലപാതകിയോ, ഒരു പിടിച്ച് പറിക്കാരനോ, ഒരു പെണ്ണ് പിടുത്തക്കാരനോ അങ്ങനെയുള്ള ഒരു സ്വഭാവക്കാരനും അല്ല. അങ്ങനെ പറയുന്നത് സത്യത്തിന് നിരക്കാത്തതാണ്. അത്രയും തങ്ക മനസ്സുള്ള ആളാണ് വര്‍ഗ്ഗീസ്. അയാള്‍ ഒളിവില്‍ ഉണ്ടായ സമയത്ത് എന്റെ അമ്മയും ഭാര്യയുമാണ് അയാള്‍ക്ക് കഞ്ഞിയൊക്കെ വെച്ചു കൊടുക്കുക. വര്‍ഗ്ഗീസിന്റെ അനിയന്‍ എന്തോ നഷ്ട പരിഹാരത്തിന് കേസ് കൊടുത്തിട്ടുണ്ട്. അതില്ലാതാക്കാന്‍ വേണ്ടിയാണ് അവര്‍ അങ്ങനെ ഒക്കെ പറഞ്ഞുണ്ടാക്കുന്നത്. അയാള്‍ ജന്‍മിയുടെ അരിയൊക്കെ എടുത്തു പാവപ്പെട്ട ആദിവാസികള്‍ക്ക് കൊടുത്തിട്ടുണ്ട്. അത് അവര്‍ക്ക് ജന്മിമാര്‍ കൂലിയൊന്നും കൊടുക്കാത്തത് കൊണ്ടാണ്. അഡിഗയുടെ വീട്ടില്‍ പോയപ്പോള്‍ അവിടെ ഒരുപാട് പൈസയും സ്വര്‍ണവും ഒക്കെ ഉണ്ടായിരുന്നു. പക്ഷേ അതൊന്നും വര്‍ഗ്ഗീസ് എടുത്തിട്ടില്ല.

പഴയ ആളുകളില്‍ പലരും മരിച്ചു പോയി. കല്‍പ്പറ്റയില്‍ ഒരു സുഹൃത്തുണ്ട്. അയാള്‍ ഇടയ്ക്കൊക്കെ വരും. സംസാരിച്ചിരിക്കും. പിന്നെ വര്‍ഗ്ഗീസ് അനുസ്മരണ പരിപാടിക്ക് എല്ലാവര്‍ഷവും വിളിക്കാറുണ്ട്. എനിക്കു എവിടേയും പോകാനൊന്നും ഇപ്പോള്‍ ആരോഗ്യം ഇല്ല. അതുകൊണ്ട് ഞാന്‍ പറയും എനിക്കു വരാനൊന്നും പറ്റില്ല. നിങ്ങള്‍ നടത്തിയാല്‍ മതിയെന്ന്.

കാളന്‍റെ ഭാര്യ വെള്ളയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഒപ്പം നടന്ന ഒരാളാണ്.

വര്‍ഗ്ഗീസിനൊപ്പം കൂലി സമരത്തിലൊക്കെ വെള്ളയും പങ്കെടുത്തിട്ടുണ്ട്. ഇപ്പൊഴും സിപിഎമ്മിനൊപ്പം നില്‍ക്കുന്ന ഒരു പാര്‍ട്ടി മെംബര്‍ കൂടിയാണ് വെള്ള. വര്‍ഗ്ഗീസ് ഒളിവില്‍ കഴിഞ്ഞ കാലത്ത് വെള്ള വര്‍ഗ്ഗീസിന് കഞ്ഞി വെച്ചു കൊടുത്തിട്ടുണ്ട്. വര്‍ഗ്ഗീസ് ചെയ്തതെല്ലാം ഞങ്ങള്‍ക്ക് വേണ്ടിയാണെന്ന് വെള്ള ഇപ്പൊഴും വിശ്വസിക്കുന്നു. വെള്ള അക്കാലത്തെ കുറിച്ച് പറയുന്നു.

ഞാന്‍ അഞ്ചാറ് മാസം ഗര്‍ഭിണിയായപ്പോഴാണ് മൂപ്പര് ജയിലിലേക്ക് പോകുന്നത്. കുറെ കഷ്ടപ്പെട്ടു. ഒരു തുണിപോലും മാറിയുടുക്കാന്‍ ഉണ്ടായിരുന്നില്ല. അതൊന്നും പറയാതിരിക്കുന്നതാണ് നല്ലത്. എങ്ങനെയൊക്കെയോ ഇവര് വരുന്നത് വരെ ജീവിച്ചു. ഞങ്ങള്‍ക്ക് നാല് മക്കളാണ്. ആദ്യത്തെ കുട്ടിയെ ഗര്‍ഭിണിയായിരിക്കുമ്പോഴാണ് ജയിലില്‍ പോയത്. .

ഇവരൊന്നും അഡിഗയെ കൊല്ലുന്നിടത്തേക്ക് പോയിയിരുന്നില്ല. നാട്ടുകാരനായതുകൊണ്ട് ഇവരെ തിരിച്ചറിയും എന്നുള്ളതുകൊണ്ടാണ് അവര്‍ കൂടെ കൊണ്ട് പോയിട്ടില്ല. ഇവര് ആ കമ്മറ്റിയില്‍ പങ്കെടുത്തു എന്നേയുള്ളൂ. വര്‍ഗ്ഗീസ് ആദ്യം സിപിഎമ്മിന്റെ കര്‍ഷക തൊഴിലാളി സംഘടനയില്‍ ഏരിയാ സെക്രട്ടറി ആയിരുന്നു. പിന്നെയാണ് അവര് ഇങ്ങനെയൊരു പരിപാടിക്ക് പോകുന്നത്. ആവേശം കൂടിയിട്ട് അത് മാറിപ്പോയി എന്നു മാത്രമേയുള്ളൂ. അന്ന് വര്‍ഗ്ഗീസും ഞങ്ങളും ഒക്കെ ചെറുപ്പമായിരുന്നു. രണ്ട് കൊല നടത്തിയതാണ് അവര്‍ക്ക് പറ്റിയ തെറ്റ്.

വര്‍ഗ്ഗീസ് അയാളുടെ കുടുംബത്തിന് വേണ്ടിയല്ല ഒന്നും ചെയ്തത്. ഞങ്ങളെ പോലുള്ള തൊഴിലാളികള്‍ക്ക് വേണ്ടി അധ്വാനിച്ചതിന് അയാളെ കൊന്നതാണ്. വര്‍ഗ്ഗീസ് ചെയ്തത് തെറ്റാണെന്നൊന്നും ഞാന്‍ പറയുന്നില്ല. അന്ന് അങ്ങനെയൊക്കെ ചെയ്തത് കൊണ്ട് പിന്നീട് തൊഴിലാളികള്‍ക്ക് ജന്മിമാര്‍ കൃത്യമായി കൂലി ഒക്കെ കൊടുത്തിരുന്നു. ജന്മിമാര്‍ ഞങ്ങളെ പോലുള്ള തൊഴിലാളികളോട് ചെയ്തത് അത്രയും വലിയ ക്രൂരതകളാണ്. ഉച്ചയ്ക്ക് ഇത്തിരി നെല്ല് തന്നിട്ട് അത് കുത്തി അരിയാക്കിയിട്ട് വേണം കഞ്ഞി കുടിക്കാന്‍. ആണുങ്ങള്‍ പണിയെടുത്താല്‍ മൂന്നു മാനവും പെണ്ണുങ്ങള്‍ പണിയെടുത്താല്‍ രണ്ട് മാനവുമായിരുന്നു കൂലി. ഇപ്പോഴല്ലെ ഒരു വീട്ടില്‍ ഒന്നോ രണ്ടോ കുട്ടികളായത്. അന്നൊക്കെ അഞ്ചും പത്തും കുട്ടികള്‍ ഉണ്ടാവില്ലെ ഒരു വീട്ടില്‍. അപ്പോള്‍ ആ നെല്ല് കുത്തി കഞ്ഞി വെച്ചാല്‍ ഒന്നും തികയില്ല. പച്ച നെല്ല് കുത്തിയിട്ടാണ് കഞ്ഞി വെക്കുന്നത്. എട്ട് രൂപയാണ് കൂലി കിട്ടുന്നത്. അതുകൊണ്ട് ഉപ്പും മുളകും സോപ്പും എണ്ണയും ഒന്നും വാങ്ങിക്കാന്‍ തികയില്ല. ഞാന്‍ മൂന്നു രൂപക്ക് പണിയെടുക്കാന്‍ തുടങ്ങിയതാണ്. പിന്നെ അഞ്ചു രൂപയായി എട്ടു രൂപയായി. ഇപ്പോള്‍ എല്ലാരും കൂലി ചോദിച്ച് മേടിക്കും. അന്നേരം ഒന്നും മിണ്ടാന്‍ പറ്റില്ല. കൂലി ചോദിച്ചാല്‍ ചിലപ്പോള്‍ പിറ്റേന്ന് പണി ഉണ്ടാവില്ല. എന്‍റെ കുട്ടിക്കാലത്തൊക്കെ അടിയൊക്കെ കിട്ടുമായിരുന്നു എന്ന് കേട്ടിട്ടുണ്ട്. സ്ത്രീകളെയൊക്കെ ജന്മിമാര്‍ ഉപദ്രവിക്കുമായിരുന്നു.

സിപിഎം അന്ന് പതമ്പ് സമരവും കൂലി സമരവും ഒക്കെ നടത്തിയിരുന്നു. അതിനു തീവ്രത പോര എന്നു പറഞ്ഞിട്ടാണ് വര്‍ഗീസും കൂട്ടരും മാറിപ്പോയത്. അന്നത്തെ സമരത്തിന്റെ ഫലമായാണ് പതമ്പും, ലിറ്ററും, പറയും ഒക്കെ വരുന്നത്. പതമ്പ് എന്നു പറഞ്ഞാല്‍ ഒന്‍പത് അവര്‍ എടുത്തിട്ട് പത്താമത്തെ ഞങ്ങള്ക്ക് തരും. പിന്നീട് ആറ് അവര്‍ എടുത്തിട്ട് ഏഴാമത്തേത് ഞങ്ങള്‍ക്ക് തരുന്ന നിലയിലായി. അന്നത്തെ സംഭവത്തിന് ശേഷം ഇവരൊക്കെ ജയിലില്‍ ആയപ്പോള്‍ ജന്മിമാര്‍ക്ക് ഒരു പേടി ഉള്ളത് പോലെയായിരുന്നു.


Next Story

Related Stories