Top

വടകരയില്‍ പി ജയരാജനെ നേരിടാന്‍ കെകെ രമ ഇറങ്ങിയാല്‍ കോണ്‍ഗ്രസ് എന്തുചെയ്യും?

വടകരയില്‍ പി ജയരാജനെ നേരിടാന്‍ കെകെ രമ ഇറങ്ങിയാല്‍ കോണ്‍ഗ്രസ് എന്തുചെയ്യും?
ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിപ്പട്ടികകള്‍ ഔദ്യോഗികമായി പുറത്തു വന്നിട്ടില്ലാത്ത സാഹചര്യത്തില്‍പ്പോലും, ഏതൊക്കെ പ്രമുഖര്‍ എവിടെനിന്നെല്ലാം ജനവിധി തേടുമെന്ന ചര്‍ച്ചകള്‍ കൊടുമ്പിരിക്കൊണ്ടിരിക്കുകയാണ്. സി.പി.എമ്മിന്റെ സാധ്യതാ സ്ഥാനാര്‍ത്ഥിപ്പട്ടികയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ മുഖ്യധാരാ മാധ്യമങ്ങളില്‍ വന്നുതുടങ്ങിയതോടെ, എന്തായിരിക്കും ഈ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ വിജയതന്ത്രങ്ങളെന്ന അവലോകനത്തിലാണ് എല്ലാവരും. റിസ്‌ക് എടുക്കാന്‍ സാധിക്കാത്തയിടങ്ങളില്‍ എം.എല്‍.എമാരെയിറക്കി മത്സരിപ്പിച്ചും, പി. കരുണാകരനൊഴികെയുള്ള സിറ്റിംഗ് എം.പിമാര്‍ക്ക് സീറ്റു നല്‍കിയും, മിനിമം വിജയസാധ്യത എല്ലാ മണ്ഡലങ്ങളിലും ഉറപ്പുവരുത്താനുള്ള നീക്കമാണ് സി.പി.എമ്മിന്റേത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പുതുമുഖങ്ങളെ പാടേ മാറ്റിനിര്‍ത്തിയുള്ള സ്ഥാനാര്‍ത്ഥിപ്പട്ടികയ്ക്കായിരിക്കും സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് വെള്ളിയാഴ്ച അംഗീകാരം നല്‍കുക എന്ന വാദങ്ങള്‍ ശക്തിപ്പെടുന്നതിനിടെ, പല മണ്ഡലങ്ങളിലും പോരാട്ടം കനക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

വടകരയാണ് അത്തരത്തില്‍ ഉറ്റുനോക്കപ്പെടുന്ന പ്രധാന ലോക്‌സഭാ മണ്ഡലങ്ങളിലൊന്ന്. ഇടതുകോട്ടയായി കണക്കാക്കപ്പെട്ടിരുന്ന വടകരയില്‍, പി. സതീദേവിയെ അട്ടമറിച്ചാണ് 2009ല്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ജയിച്ചു കയറുന്നത്. തുടര്‍ച്ചയായി രണ്ടാംവട്ടവും മുല്ലപ്പള്ളിയ്‌ക്കൊപ്പം നിന്ന വടകരയില്‍ ഇത്തവണ പക്ഷേ, പുതിയ രാഷ്ട്രീയ സമവാക്യങ്ങളാണ് വെളിപ്പെടാനിരിക്കുന്നത്. മണ്ഡലം തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെ സി.പി.എം ഇത്തവണ മത്സരരംഗത്തിറക്കുക കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെയായിരിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പി. ജയരാജന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് മണ്ഡലം കമ്മറ്റി അംഗീകാരം നല്‍കിക്കഴിഞ്ഞെന്നും, കണ്ണൂര്‍-കോഴിക്കോട് മേഖലയിലെ പ്രവര്‍ത്തകര്‍ക്കിടയില്‍ പി.ജയരാജനുള്ള സ്വീകാര്യത വോട്ടാക്കി മാറ്റാമെന്ന കണക്കുകൂട്ടലിലാണ് നേതൃത്വമെന്നുമാണ് വിലയിരുത്തപ്പെടുന്നത്. പി.ജയരാജന്റെ സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ചയാകുന്നതോടെ, വടകരയിലെ രാഷ്ട്രീയാന്തരീക്ഷത്തെക്കുറിച്ചുള്ള അവലോകനം മറ്റൊരു ദിശയിലാണ് നീങ്ങുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി. ജയരാജനടക്കമുള്ളവര്‍ക്കെതിരെ സി.ബി.ഐ കൊലക്കുറ്റം ചുമത്തിയത്. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള നടപടിയാണെന്ന് വിമര്‍ശനങ്ങളുയര്‍ന്നിരുന്നെങ്കിലും, കണ്ണൂരിലെ എം.എസ്.എഫ് നേതാവായിരുന്ന ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ പി. ജയരാജന്റെ പങ്ക് നേരത്തേ തന്നെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലും പി.ജയരാജന്റെ പങ്ക് പരിശോധിക്കപ്പെട്ടിട്ടുള്ളതാണ്. ഷുക്കൂര്‍ വധക്കേസിലെ സി.ബി.ഐ. കുറ്റപത്രത്തില്‍ കൊലക്കുറ്റം ചാര്‍ത്തപ്പെട്ടതിന്റെ കോലാഹലങ്ങള്‍ അടങ്ങുന്നതിനു മുന്‍പെയാണ് ജയരാജന്‍ വടകരയിലെ സി.പി.എം സ്ഥാനാര്‍ത്ഥിയായേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. അതേസമയം, പി. ജയരാജനെപ്പോലൊരു ശക്തനായ സ്ഥാനാര്‍ത്ഥിയെ സി.പി.എം കളത്തിലിറക്കുമ്പോള്‍, സ്വാഭാവികമായും ഉറ്റുനോക്കപ്പെടുന്നത് എതിര്‍പാര്‍ട്ടികളും പാളയങ്ങളാണ്. ആര്‍.എം.പിയുടെ സ്ഥാനാര്‍ത്ഥിത്വമാണ് ഇക്കൂട്ടത്തില്‍ പ്രധാനമായും കണക്കിലെടുക്കപ്പെടുന്നത്. വടകരയില്‍ ആര്‍.എം.പിക്കുള്ള പഴയ സ്വാധീനം നഷ്ടപ്പെട്ടുകഴിഞ്ഞുവെന്ന തരത്തിലുള്ള പ്രചരണങ്ങളും ശക്തമാണെങ്കിലും, ഈയിടെ നടന്ന ഒഞ്ചിയം പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിലടക്കം വിജയം നിലനിര്‍ത്തിയ ആര്‍.എം.പി ആത്മവിശ്വാസത്തില്‍ത്തന്നെയാണുള്ളത്.

എതിര്‍സ്ഥാനത്ത് പി. ജയരാജനാണെങ്കില്‍ ആര്‍.എം.പിയുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ കടുക്കുമെന്ന അഭ്യൂഹങ്ങളോടു പക്ഷേ, മറ്റൊരു പ്രതികരണമാണ് ആര്‍.എം.പി സംസ്ഥാന സെക്രട്ടറി എന്‍. വേണുവിനുള്ളത്. ആര്‍.എം.പി ശക്തമായി തെരഞ്ഞെടുപ്പു രംഗത്തുണ്ടാകുമെന്നത് വാസ്തവം തന്നെയെന്നും, എന്നാല്‍ എതിര്‍ സ്ഥാനാര്‍ത്ഥി പി. ജയരാജനാണെങ്കിലും അല്ലെങ്കിലും ഒരേ തരത്തിലുള്ള ശക്തമായ പോരാട്ടം തന്നെയാണ് പുറത്തെടുക്കുകയെന്നും വേണു പറയുന്നു. ആര്‍.എം.പി സ്ഥാനാര്‍ത്ഥിയായി കെ.കെ. രമയുടെ പേരു തന്നെയാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം അഡ്വ. കുമാരന്‍കുട്ടി മത്സരിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. ആര്‍.എം.പിക്കു വേണ്ടി മത്സരിക്കുന്നത് ആരായാലും, സി.പി.എമ്മിനും ബി.ജെ.പിക്കുമെതിരായ ശക്തമായ സ്ഥാനാര്‍ത്ഥിയായിരിക്കുമെന്നാണ് എന്‍. വേണുവിന്റെ പക്ഷം. സി.പി.എമ്മിനെയും ബി.ജെ.പിയെയും വടകരയില്‍ നഖശിഖാന്തം എതിര്‍ക്കുക എന്നതാണ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പു നയമെന്നു പറയുന്ന വേണു, കോണ്‍ഗ്രസുമായുള്ള നീക്കുപോക്കുകളെക്കുറിച്ച് സൂചനയും നല്‍കുന്നുണ്ട്. മണ്ഡലത്തില്‍ സാമാന്യം വലിയ ശക്തിയായ ആര്‍.എം.പിയുമായി സഹകരിച്ചു മുന്നോട്ടു പോകാന്‍ കോണ്‍ഗ്രസും തയ്യാറാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മണ്ഡലം തിരിച്ചു പിടിക്കാന്‍ ജയരാജനെപ്പോലൊരു ശക്തനെ സി.പി.എം നിയോഗിക്കുകയും, കെ.പി.സി.സി പ്രസിഡന്റ് കൂടിയായ മുല്ലപ്പള്ളി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന കാര്യത്തില്‍ ഏകദേശം ഉറപ്പാകുകയും ചെയ്തതോടെ, ആര്‍.എം.പിയുമായുള്ള കൈകോര്‍ക്കല്‍ തന്നെയായിരിക്കും കോണ്‍ഗ്രസിന് ഇനി പ്രതിരോധത്തിന് ഇട നല്‍കുക. സി.പി.എമ്മും ബി.ജെ.പിയുമാണ് തെരഞ്ഞെടുപ്പിലെ മുഖ്യ എതിരാളികളെന്നു പ്രഖ്യാപിച്ചതോടെ, ആര്‍.എം.പിയുടെ നയവും വിരല്‍ ചൂണ്ടുന്നത് ഇത്തരമൊരു സാധ്യതയിലേക്കാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആര്‍.എം.പി കേഡറുകളില്‍ പലരും സി.പി.എമ്മിനെതിരായി മുല്ലപ്പള്ളി രാമചന്ദ്രനെ പിന്തുണച്ചതായും വാദങ്ങളുയര്‍ന്നിരുന്നു.സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥിത്വം ഏതാണ്ട് ഉറപ്പായതോടെ ഉയര്‍ന്നിരിക്കുന്ന ചര്‍ച്ചകള്‍ ആര്‍.എം.പിയെ മാത്രം കേന്ദ്രീകരിച്ചുള്ളതല്ലെന്നതാണ് യാഥാര്‍ത്ഥ്യം. കഴിഞ്ഞ ഡിസംബറില്‍ മുന്നണി വിപുലീകരണത്തിന്റെ ഭാഗമായി യു.ഡി.എഫില്‍ നിന്നും എല്‍.ഡി.എഫിലെത്തിയ എം.പി വീരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക് ജനതാ ദളിന് നോട്ടമുള്ള സീറ്റു കൂടിയായിരുന്നു വടകര. ഏറാമല ഭാഗങ്ങളിലടക്കം വലിയ വോട്ടു ഷെയറുള്ള എല്‍.ജെ.ഡി, വടകര മണ്ഡലത്തില്‍ സീറ്റാവശ്യപ്പെട്ടിരുന്നുവെന്നും തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നേരത്തേതന്നെ ആരംഭിച്ചു കഴിഞ്ഞിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വടകരയില്‍ മത്സരിക്കുകയാണെങ്കില്‍ ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനടക്കമുള്ളവര്‍ക്ക് സാധ്യത കണ്ടേക്കുമെന്ന വിലയിരുത്തലുകളുമുണ്ടായിരുന്നു. സീറ്റു തര്‍ക്കത്തിലുള്ള അതൃപ്തിയുടെ പേരില്‍ യു.ഡി.എഫ് വിട്ട എല്‍.ജെ.ഡി, കോഴിക്കോടോ വടകരയോ മത്സരിക്കാനായേക്കും എന്ന പ്രതീക്ഷയുമായാണ് ഇടതുമുന്നണിയോടൊപ്പം ചേരുന്നത്. പല തവണ ചര്‍ച്ച ചെയ്തിട്ടും സി.പി.എം അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല. കോഴിക്കോട്ട് ടിക്കറ്റു ലഭിച്ചാല്‍ എല്‍.ജെ.ഡിയുടെ ബാനറില്‍ ശ്രേയാംസ് കുമാര്‍ മത്സരിച്ചേക്കുമെന്നും അഭ്യൂഹങ്ങളുയര്‍ന്നിരുന്നു. എങ്കിലും, സ്ഥാനാര്‍ത്ഥിപ്പട്ടിക ചര്‍ച്ചയില്‍ വന്നതോടെ, വടകരയില്‍ പി. ജയരാജന്റേയും കോഴിക്കോട്ട് എം.എല്‍.എ പ്രദീപ്കുമാറിന്റേയും പേരുകളാണ് ഉയരുന്നത്. ഈ സാഹചര്യത്തില്‍ എല്‍.ജെ.ഡിയുടെ പ്രതികരണമെന്തായിരിക്കുമെന്നും രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നുണ്ട്.

സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടികയ്ക്ക് വെള്ളിയാഴ്ച ചേരുന്ന യോഗത്തിലേ ഔദ്യോഗിക സ്ഥിരീകരണമാകൂ എന്നിരിക്കിലും, നേരത്തേ തന്നെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് വടകര മണ്ഡലം. പി.ജയരാജന്‍ മത്സരരംഗത്തിറങ്ങിയാല്‍, എതിര്‍സ്ഥാനാര്‍ത്ഥിയും അതിനനുസരിച്ച് ശക്തനായിരിക്കാനുള്ള സാധ്യതകളാണ് വടകയില്‍ തെളിയുന്നത്. ആര്‍.എം.പിയും കോണ്‍ഗ്രസും തമ്മില്‍ സഹകരിക്കാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. ഏതു രീതിയിലും മണ്ഡലം തിരികെപ്പിടിക്കാന്‍ സി.പി.എം ശ്രമിക്കുമ്പോള്‍, മറ്റു വോട്ടുകള്‍ ഏകീകരിക്കാനുള്ള ശ്രമമാകും മറുപക്ഷത്ത് നടക്കുക.

Next Story

Related Stories