TopTop

വിശ്വാസികള്‍ക്ക് വേണ്ടി ഈ കിടക്കയില്‍ കിടന്ന് മരിക്കേണ്ടി വന്നാലും പിന്നോട്ടില്ല: എ.എന്‍ രാധാകൃഷ്ണന്‍/അഭിമുഖം

വിശ്വാസികള്‍ക്ക് വേണ്ടി ഈ കിടക്കയില്‍ കിടന്ന് മരിക്കേണ്ടി വന്നാലും പിന്നോട്ടില്ല: എ.എന്‍ രാധാകൃഷ്ണന്‍/അഭിമുഖം
ശബരിമല വിഷയത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ബിജെപി ഇന്നലെ ആരംഭിച്ച അനിശ്ചിതകാല സമരം തുടരുന്നു. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, കെ സുരേന്ദ്രനെതിരായ കള്ളക്കേസുകള്‍ പിന്‍വലിക്കുക, ശബരിമലയില്‍ ഭക്തര്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളാണ് സമരത്തില്‍ ബിജെപി ഉന്നയിക്കുന്നത്. അയ്യപ്പഭക്തിഗീതങ്ങളും ശരണമന്ത്രങ്ങളും കൊണ്ടാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവരുന്ന നിരാഹാരസമരം മുന്നോട്ട് പോകുന്നത്. ശബരിമല സ്ത്രീപ്രവേശനത്തെ തുടര്‍ന്ന് ബിജെപി ആരംഭിച്ച സമരങ്ങള്‍ മൂന്നാം ഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോള്‍ സ്ത്രീ പ്രവേശന വിഷയത്തില്‍ നിന്ന് മാറി ഇടത് പക്ഷ സര്‍ക്കാരിലേക്ക് തിരിയുകയാണ് സമരം. നിരാഹാരമിരിക്കുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധകൃഷ്ണന്‍ അഴിമുഖത്തോട് പങ്കുവെച്ച കാര്യങ്ങള്‍.

സമരം തുടങ്ങി രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ സര്‍ക്കാരില്‍ നിന്ന് അനുകൂല സമീപനം ഉണ്ടാകുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നുണ്ടോ?

ഞങ്ങള്‍ക്ക് ഒറ്റ ഡിമാന്‍ഡേ ഉള്ളൂ. ശബരിമല പൂങ്കാവനത്തിലെ പോലീസ് രാജ് അവസാനിപ്പിക്കുക. 144 ഉള്‍പ്പെടെയുള്ള പോലീസ് രാജാണ് നടപ്പിലാക്കിയിരിക്കുന്നത്. ബാരിക്കേഡുകള്‍ വെച്ച് അയ്യപ്പന്മാര്‍ക്ക് നടക്കാനോ നില്‍ക്കാനോ കഴിയാത്ത സാഹചര്യമാണവിടെ. അതുകൊണ്ട് 144 ഉടന്‍ പിന്‍വലിക്കണം. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ പത്തിരുപത് ദിവസമായി അനാവശ്യമായി ജയിലില്‍ പിടിച്ചിട്ട് പീഡിപ്പിക്കുകയാണ്. ആ ഒരു സാഹചര്യത്തില്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ക്കൊന്നും ഞങ്ങള്‍ തയാറല്ല. ശബരിമലയില്‍ അയ്യപ്പന്മാര്‍ക്കുള്ള പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കണം. മറ്റ് അയ്യപ്പന്മാരുടെ പേരിലുള്ള കള്ളക്കേസ് പിന്‍വലിക്കണം എന്നിവയാണ് ഞങ്ങളുടെ ആവശ്യം. അതുവരെയും ഈ സമരം മുന്നോട്ട് പോകും. ഈ കിടക്കയില്‍ കിടന്ന് മരിക്കേണ്ടി വന്നാലും ശരി.

തുടര്‍ച്ചയായി ഉണ്ടാകുന്ന അറസ്റ്റുകളില്‍ ബിജെപി പേടിക്കുന്നുണ്ടോ? അതുകൊണ്ടാണോ സമരത്തിന്റെ മൂന്നാം ഘട്ടമായി ഗാന്ധിയന്‍ മാതൃകകള്‍ തെരഞ്ഞെടുത്തിരിക്കുന്നത്?

എന്ത് പേടി? ഞങ്ങളെ പേടിപ്പിക്കാനൊന്നും മുഖ്യമന്ത്രി വളര്‍ന്നിട്ടില്ല. കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിന് ശേഷമാണല്ലോ ഞങ്ങള്‍ എസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിട്ടുള്ളത്. അതിന് ശേഷമാണല്ലോ നിലക്കല് ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ സമരം നടത്തിയത്. ആരെയാണ് പേടിക്കേണ്ടത്? പിണറായി വിജയന്റെ പോലീസിനെയോ? പിണറായി വിജയന്റെ പോലീസിന്റെ ധിക്കാരമൊന്നും ഞങ്ങള്‍ക്ക് അംഗീകരിക്കാന്‍ പറ്റില്ല. ഞങ്ങള്‍ അടിയന്തിരാവസ്ഥയ്‌ക്കെതിരെയെല്ലാം പോരാടി അടി കൊണ്ട് വളര്‍ന്ന് വന്ന പ്രസ്ഥാനമാണ്. പിണറായി വിജയന്റെ മുമ്പില്‍ മുട്ടുമടക്കേണ്ട പ്രശ്‌നമേയില്ല. പിണറായി വിജയന് ധിക്കാരവും അഹങ്കാരവും ഉണ്ടെങ്കില്‍ കൈയില്‍ വെക്കണം. പിണറായി വിജയന് എങ്ങനെയാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്യാന്‍ കഴിയുന്നത്. പിണറായി വിജയന്‍ നാല് കേസിലെ പ്രതിയാണ്. അതില്‍ രണ്ട് കേസില്‍ ജാമ്യം കിട്ടിയിട്ടില്ല. കടകംപള്ളി സുരേന്ദ്രന്‍ 27 കേസിലെ പ്രതിയാണ്. അതില്‍ 12 എണ്ണത്തിന് ജാമ്യം കിട്ടിയിട്ടില്ല. ആ ഒരു സാഹചര്യത്തില്‍ എങ്ങനെയാണ് കെ. സുരേന്ദ്രനെതിരെ നടപടിയെടുക്കാന്‍ ഇവര്‍ക്ക് കഴിയുക?

നട്ടെല്ലില്ലാത്ത ഡിജിപിയാണ് ബെഹ്റ. ആദ്യം അറസ്റ്റ് ചെയ്യേണ്ടത് മുഖ്യമന്ത്രിയെയാണ്. അതുകൊണ്ട് പിണറായി വിജയന്റെ ഒരു ധിക്കാരവും ഞങ്ങളുടെയടുത്ത് നടക്കാന്‍ പോകുന്നില്ല. ഞങ്ങളൊരു ജനാധിപത്യ പാര്‍ട്ടിയാണ്. ഞങ്ങള്‍ അയ്യപ്പമന്ത്രങ്ങള്‍ ഉരുവിട്ട് കൊണ്ട് സമാധാനപരമായിയാണ് മുന്നോട്ട് പോകുന്നത്. അത് തകര്‍ക്കാന്‍ പിണറായി സര്‍ക്കാരിന് കഴിയില്ല. കാരണം ഇതൊരു സഹനസമരമാണ്.

മിസോറം ഗവര്‍ണറായ കുമ്മനം രാജശേഖറിനെ കേരളത്തിലേക്ക് കൊണ്ട് വരണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളിലെ സംഘര്‍ഷത്തെയാണോ കാണിക്കുന്നത്?


കുമ്മനംജി പരമോന്നതമായ ഒരു സ്ഥാനം അലങ്കരിക്കുകയാണ്. അദ്ദേഹത്തെ തിരിച്ച് വിളിക്കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച നടക്കുന്നുവെന്ന കാര്യമൊന്നുമറിയില്ല. ഓണ്‍ലൈന്‍ ചാനലുകള്‍ എഴുതിവിടുന്നതല്ലാതെ യാതൊരു അറിവും എനിക്കിതില്‍ ഇല്ല. കേരള ബിജെപി ഇനിയും കേരളത്തില്‍ ശക്തമായി പ്രവര്‍ത്തിക്കണമെന്ന് നിങ്ങള്‍ മാധ്യമങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ ഞങ്ങളത് സന്തോഷത്തോടെ സ്വീകരിക്കുന്നു. ഓണ്‍ലൈന്‍ ചാനലുകള്‍ ദിവസേന പലതും പ്രചരിപ്പിക്കുന്നുണ്ട്. അതില്‍ ഗൗരവമുള്ള കാര്യങ്ങള്‍ ഞങ്ങള്‍ കാര്യത്തിലെടുക്കുമെന്നേ ഉള്ളൂ. അതില്‍ കവിഞ്ഞൊന്നുമില്ല.

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വിഷയത്തില്‍ പല ഘട്ടത്തിലായി നിലപാടുകളിലെ മാറ്റങ്ങള്‍ ബിജെപി പ്രകടിപ്പിച്ചിരുന്നല്ലോ. ഇപ്പോള്‍ എന്താണ് ബിജെപിയുടെ നിലപാട്?

ബിജെപിക്ക് അന്നും ഇന്നും ഒറ്റ നിലപാടെ ഉള്ളൂ. ഞങ്ങള്‍ വിശ്വാസികള്‍ക്കൊപ്പമാണ്. കോണ്‍ഗ്രസിന്റെ പോലെയല്ലല്ലോ ഞങ്ങള്‍. ഞങ്ങളുടെ കേന്ദ്രം ഞങ്ങള്‍ക്കൊപ്പമാണ്. അമിത്ഷായുടെ പിന്തുണ ഞങ്ങള്‍ക്കുണ്ട്. കേരളത്തിലെ കോണ്‍ഗ്രസിന് രാഹുലിന്റെ പിന്തുണയില്ല. ശബരിമലയില്‍ അവര്‍ക്ക് വ്യത്യസ്തമായ നിലപാടുകളാണ് ഉള്ളത്. ഞങ്ങള്‍ എല്ലാവരുടെയും അംഗീകാരത്തോടെയും ആശിര്‍വാദത്തോടെയുമാണ് ഇപ്പോള്‍ അയ്യപ്പന്റെ സന്നിധിയിലെ പോലീസ് രാജ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നത്.

നിരാഹാര സമരം താങ്കള്‍ സ്വയം ഏറ്റെടുത്തതാണെന്ന് ഇന്നലെ ശ്രീധരന്‍പിള്ള പറയുകയുണ്ടായി. ശരിക്കും തീരുമാനം ആരുടേതായിരുന്നു?

ഇതൊരു ജനാധിപത്യ പാര്‍ട്ടിയല്ലേ... പിന്നെങ്ങനെയാണ് എനിക്ക് ഒറ്റയ്‌ക്കൊരു തീരുമാനമെടുക്കാനാകുക. ഞങ്ങളുടെ പാര്‍ട്ടിയില്‍ ആലോചന നടത്തിയാണ് സമരം ആരംഭിച്ചിരിക്കുന്നത്. ഇന്നലെ സംസ്ഥാന അധ്യക്ഷനാണ് അധ്യക്ഷത വഹിച്ചത്. ഒറ്റയ്ക്ക് ഒരാള്‍ക്ക് സമരം നടത്താന്‍ പറ്റുമോ? പാര്‍ട്ടി നിശ്ചയിച്ചതാണ് ഈ നിരാഹാരസമരം. നിരാഹാരസമരം കിടക്കാന്‍ എന്നോട് പാര്‍ട്ടി ആവശ്യപ്പെടുകയായിരുന്നു.

https://www.azhimukham.com/trending-an-radhakrishnan-take-the-fasting-strike-for-sabarimala-himself-says-ps-sreedharan-pillai/

https://www.azhimukham.com/yathish-chandra-ips-stare-at-an-radhakrishnan-scolded-him-nilakkal-pamba-protest-sabarimala-womens-entry/

https://www.azhimukham.com/updates-an-radhakrishnan-speaks-against-pinarayi-vijayan/

https://www.azhimukham.com/updates-an-radhakrishnan-says-pinarayi-vijayan-will-kick-off-to-arabian-sea/

https://www.azhimukham.com/news-update-pinarayi-vijayan-speech-against-sabarimala-protest/

Next Story

Related Stories