TopTop
Begin typing your search above and press return to search.

വിക്കിഡാറ്റ 'കുപ്രസിദ്ധ പോലീസ് ഓഫീസര്‍' എന്നു വിശേഷിപ്പിക്കുന്ന തച്ചങ്കരിയുടെ 'വികൃതികള്‍'

വിക്കിഡാറ്റ കുപ്രസിദ്ധ പോലീസ് ഓഫീസര്‍ എന്നു വിശേഷിപ്പിക്കുന്ന തച്ചങ്കരിയുടെ വികൃതികള്‍

പോലീസിനുള്ളിലെ ക്രിമിനല്‍ ബന്ധങ്ങളും പോലീസുകാര്‍ക്കെതിരെയുള്ള ആരോപണങ്ങളെക്കുറിച്ചും ഇവിടെ ചര്‍ച്ച നടക്കുമ്പോഴേല്ലാം ആദ്യം ഉയര്‍ന്നു വരുന്ന പേരാണ് ടോമിന്‍ തച്ചങ്കരിയുടേത്. ഇപ്പോള്‍ അഗ്നിശമന സേനാ ഡയക്ടറായ തച്ചങ്കരി കേരള ബുക്‌സ് ആന്‍ഡ് പബ്ലിഷിംഗ് സൊസൈറ്റി മാനേജിംഗ് ഡയറക്ടറായിരുന്നപ്പോള്‍ നടത്തിയ ക്രമക്കേടുകളാണ് അദ്ദേഹത്തിന്റേ പേര് വീണ്ടും വിവാദങ്ങളിലേക്ക് വലിച്ചിഴച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജന്‍ നടത്തിയ അന്വേഷണത്തില്‍ തച്ചങ്കരിയുടെ ക്രമക്കേട് തെളിഞ്ഞതോടെ സ്ഥാനത്തുനിന്നും നീക്കം ചെയ്യുകയായിരുന്നുവെന്നാണ് ഇന്ന് പുറത്തുവന്ന വാര്‍ത്ത പറയുന്നത്.

കെബിപിഎസിലെ സിഐടിയു യൂണിയന്‍ നേതാക്കള്‍ ഉള്‍പ്പെടെ തച്ചങ്കരിയുടെ ഇടപാടുകളെക്കുറിച്ച് മുഖ്യമന്ത്രിയെ അറിയിച്ചെങ്കിലും അദ്ദേഹമത് കാര്യമാക്കിയിരുന്നില്ലെന്നാണ് വാര്‍ത്തകളില്‍ പറയുന്നത്. ഉദ്യോഗസ്ഥതലത്തിലെ അഴിമതി തുടച്ചുനീക്കുമെന്നും ശമ്പളംകൊണ്ട് മാത്രം ജീവിക്കാന്‍ പറ്റുന്നവര്‍ സര്‍ക്കാര്‍ സര്‍വീസില്‍ തുടര്‍ന്നാല്‍ മതിയെന്നും എപ്പോഴും ആവര്‍ത്തിക്കുന്ന പിണറായി തന്റെ വിശ്വസ്തനായ തച്ചങ്കരിയുടെ ഇടപാടുകള്‍ക്ക് നേരെ കണ്ണടയ്ക്കാനാണ് ശ്രമിച്ചതെന്ന് വ്യക്തം. എന്നാല്‍ തന്റെ കീഴിലുള്ള അച്ചടിവകുപ്പിലെ ക്രമക്കേടുകള്‍ തനിക്ക് തന്നെ കുരുക്കാകുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് പിണറായി പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോയെ അന്വേഷണം ഏല്‍പ്പിച്ചത്. അവരുടെ പ്രസ് സന്ദര്‍ശനത്തില്‍ നിന്നുതന്നെ പ്രസിലെ ക്രമക്കേടുകള്‍ തെളിഞ്ഞതാണ്. ഇതില്‍ തൃപ്തി വരാത്തതിനാലാണ് ജയരാജന്‍ നേരിട്ട് അന്വേഷണത്തിനിറങ്ങിയത്. ഈ അന്വേഷണത്തില്‍ നിന്നും 18 കോടിയുടെ അച്ചടി യന്ത്രങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്നും സര്‍ക്കാര്‍ അനുമതിയില്ലാതെയാണ് ഈ യന്ത്രങ്ങള്‍ വാങ്ങിയതെന്നും കണ്ടെത്തുകയായിരുന്നു. ഇതുകൂടാതെ ലോട്ടറിയില്‍ നമ്പര്‍ രേഖപ്പെടുത്താന്‍ എട്ടരക്കോടിയുടെ യന്ത്രവും വാങ്ങി. ഇതാകട്ടെ ഗുണനിലവാരമില്ലെന്ന കാരണത്താല്‍ മണിപ്പാലിലെ ഒരു പ്രസ് മടക്കിവിട്ട യന്ത്രവും. കൂടാതെ നമ്പര്‍ ഇടുന്ന ജോലിക്ക് യന്ത്രം നിര്‍മ്മിച്ച കമ്പനിയ്ക്ക് ടിക്കറ്റൊന്നിന് മൂന്ന് പൈസ വീതം നല്‍കുന്ന വിചിത്രമായ ഒരു കരാറും ഉണ്ടാക്കി. എന്നാല്‍ നമ്പറിടലും അച്ചടിയുമുള്‍പ്പെടെയുള്ള ജോലികള്‍ക്കായി മറ്റൊരു കരാറുകാരന്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇയാളാണ് നമ്പരിട്ട് ലോട്ടറി അച്ചടിച്ച് നല്‍കുന്നത്. പേപ്പര്‍ മാത്രം പ്രസ് നല്‍കും. യന്ത്രക്കമ്പനിക്ക് ദിനംപ്രതി 94 ലക്ഷം ടിക്കറ്റിന് മൂന്ന് പൈസ വീതം അതാത് ദിവസം തന്നെ നല്‍കുമ്പോള്‍ ടിക്കറ്റ് അച്ചടിച്ച് നമ്പര്‍ ഇട്ട് നല്‍കുന്ന കരാറുകാരന് 1.32 കോടി രൂപ കുടിശികയാണ്. ഇതിലെ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ വിജിലന്‍സിനെ ഏല്‍പ്പിച്ചിരിക്കുകയാണ് ഇപ്പോള്‍.

ആന്റി പൈറസി സെല്‍ തലവനായിരുന്ന കാലം മുതലാണ് തച്ചങ്കരിയുടെ പേര് വിവാദങ്ങളില്‍ നിറയാന്‍ ആരംഭിച്ചത്. പോലീസ് അസോസിയേഷന്റെ ഗാനമേളയും മറ്റുമായി നടന്നിരുന്ന തച്ചങ്കരി തന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോയ്ക്ക് വേണ്ടി അധികാരം ദുരുപയോഗം ചെയ്തുവെന്നതായിരുന്നു അന്നത്തെ ആരോപണം. 2006ല്‍ എറണാകുളത്ത് തച്ചങ്കരിയുടെ ഭാര്യയുടെ ഉടമസ്ഥതതയിലുള്ള സ്റ്റുഡിയോയില്‍ നിന്ന് വലിയ വ്യാജ സിഡി ശേഖരം പിടിച്ചെടുത്തിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കാലം മുതല്‍ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള തച്ചങ്കരിയുടെ അടുത്ത ബന്ധം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. 2010 ഏപ്രില്‍ മാസത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ച പിണറായിക്കൊപ്പം തച്ചങ്കരിയുമുണ്ടായിരുന്നെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. അന്ന് ഇതേക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ വിജിലന്‍സിനെ ചുമതലപ്പെടുത്തുകയും ചെയ്തു. കൈരളി ചാനലുമായി ബന്ധപ്പെട്ടാണ് തച്ചങ്കരിയുടെ സിപിഎം, പിണറായി ബന്ധം തുടങ്ങുന്നതെന്നാണ് പറയപ്പെടുന്നത്. 2002ല്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ച് തച്ചങ്കരിയുടെ ജീവനക്കാരില്‍ നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണം കൈരളി ചാനലിന് വേണ്ടിയായിരുന്നു എന്ന് ആരോപണം ഉയര്‍ന്നിരുന്നു. വിദേശത്ത് നിന്ന് കൈരളി ചാനലിന് വേണ്ടി കുറഞ്ഞ വിലയ്ക്ക് ഉപകരണങ്ങള്‍ വാങ്ങി കൊണ്ടുവരുന്ന കരാര്‍ തച്ചങ്കരിക്കായിരുന്നു എന്നാണ് പറയുന്നത്. 2009 ഡിസംബറില്‍ തടിയന്റവിട നസീറിനെ ചോദ്യം ചെയ്യാന്‍ സര്‍ക്കാര്‍ അറിയാതെയാണ് ഐജിയായിരുന്ന തച്ചങ്കരിയെ ബാംഗ്ലൂരിലേക്ക് അയച്ചതെന്ന വിഎസിന്റെ പ്രസ്താവനയും വിവാദമായി. 2007 ജൂലൈയില്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന വിജിലന്‍സ് കേസിന്റെ അടിസ്ഥാനത്തില്‍ റിയാന്‍ സ്റ്റുഡിയോയില്‍ എസ്പിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു. 1991ല്‍ ആലപ്പുഴ സ്വദേശി സുജ എന്ന യുവതിയുടെ മരണത്തെ തുടര്‍ന്ന് അയല്‍വാസിയായ പ്രകാശന്‍ അറസ്റ്റിലാകുകയും ക്രൂരമായ കസ്റ്റഡി മര്‍ദ്ദനത്തിന് ഇരയാകുകയും ചെയ്തിരുന്നു. പിന്നീട് നടന്ന അന്വേഷണത്തില്‍ ഇയാള്‍ നിരപരാധിയാണെന്ന് തെളിഞ്ഞതോടെയാണ് തച്ചങ്കരിയ്‌ക്കെതിരെ ആദ്യമായി ആരോപണം ഉയരുന്നത്. പ്രകാശന്‍ നടത്തിയ നിയമ പോരാട്ടത്തിനൊടുവില്‍ തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ സുപ്രിംകോടതി അനുമതി നല്‍കി. എന്നാല്‍ വാദി കേസ് ഒത്തുതീര്‍പ്പാക്കി പിന്‍വാങ്ങിയത് തച്ചങ്കരിയ്ക്ക് തുണയായി.

http://www.azhimukham.com/tomin-j-thachankary-transport-commissioner-birth-day-celebration-controversy-minister-ka-antony-azhimukham/

എല്‍ഡിഎഫ് ഭരിക്കുന്ന കാലത്താണ് എല്ലാക്കാലത്തും തച്ചങ്കരിയ്ക്കുള്ളിലെ ക്രിമിനല്‍ പോലീസ് പുറത്തുവരുന്നത് എന്നതും ശ്രദ്ധേയമാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായിരുന്നു തച്ചങ്കരി. തന്റെ പിറന്നാള്‍ ആഘോഷിക്കണമെന്ന് എല്ലാ ആര്‍ടി ഓഫീസുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയതായിരുന്നു ആദ്യമുയര്‍ന്ന ആരോപണം. പിറന്നാള്‍ ദിനം ബൈക്കില്‍ പെട്രോള്‍ പമ്പുകളിലെത്തി ഹെല്‍മെറ്റ് ധരിക്കുന്നതിന്റെ പ്രാധാന്യം ഇവിടെയെത്തിയവര്‍ക്ക് മനസിലാക്കി കൊടുത്തതിനൊപ്പം ലഡു വിതരണവും നടത്തി. കൂടാതെ ഹെല്‍മെറ്റ് വയ്ക്കാതെ വരുന്നവര്‍ക്ക് പെട്രോള്‍ നല്‍കില്ലെന്ന വിവാദ പ്രഖ്യാപനവും. ടിപി സെന്‍കുമാര്‍ സുപ്രിംകോടതി വിധിയുടെ സഹായത്തോടെ പോലീസ് മേധാവിയായി തിരിച്ചെത്തിയപ്പോള്‍ പോലീസ് ആസ്ഥാനത്ത് എഡിജിപിയായി തച്ചങ്കരിയുമെത്തി. സെന്‍കുമാറിനെ നിരീക്ഷിക്കാനും അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ അട്ടിമറിയ്ക്കാനുമായാണ് പിണറായി തച്ചങ്കരിയെ അവിടെ നിയോഗിച്ചതെന്ന് അന്നേ ആരോപണമുയര്‍ന്നിരുന്നു. പിന്നീട് പോലീസ് ആസ്ഥാനത്തെ തന്ത്രപ്രധാനമായ രേഖകള്‍ തച്ചങ്കരി കൈക്കലാക്കുന്നതായി സെന്‍കുമാര്‍ തന്നെ ആരോപിച്ചിരുന്നു. അതീവരഹസ്യ വിഭാഗമായ ടി സെക്ഷനില്‍ നിന്നും തച്ചങ്കരി കേസ് രേഖകള്‍ ചോര്‍ത്തിയെന്നാണ് സെന്‍കുമാര്‍ ആരോപിച്ചത്. അതിന് മുമ്പ് തന്നെ സെന്‍കുമാര്‍ പോലീസ് ആസ്ഥാനത്തെ രേഖകള്‍ കൈക്കലാക്കാന്‍ ശ്രമിക്കുന്നതായി തച്ചങ്കരി ആരോപിച്ചിരുന്നു. ആരോപണ പ്രത്യാരോപണങ്ങള്‍ സേനയുടെ അച്ചടക്കം താറുമാറാക്കുകയും ചെയ്തു.

http://www.azhimukham.com/kerala-former-dgp-tp-senkumar-talks-about-his-opponents-and-pinarayi-vijayan/

തന്നോട് ആലോചിക്കാതെ പൊലീസ് ആസ്ഥാനത്ത് തീരുമാനങ്ങള്‍ എടുക്കുകയും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും യോഗങ്ങള്‍ ചേരുകയും ചെയ്ത തച്ചങ്കരിയോട് സെന്‍കുമാര്‍ തട്ടിക്കയറിയിരുന്നു. ആഭ്യന്തര വകുപ്പ് ഒരു ഭാഗത്തും സെന്‍കുമാര്‍ മറുഭാഗത്തുമായുള്ള കളിയില്‍ ആഭ്യന്തരത്തിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രിയുടെ ഉപകരണമായിട്ടാണ് ടോമിന്‍ തച്ചങ്കരി പ്രവര്‍ത്തിച്ചത്. അതിന് തന്നെയാണ് തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് നിയമിച്ചതും. ഇതിനിടെ ഇപ്പോള്‍ വിവാദമായിരിക്കുന്ന നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ സഹായിക്കാനും സംവിധായകന്‍ നാദിര്‍ഷായുമായി തച്ചങ്കരി കൂടിക്കാഴ്ച നടത്തിയെന്നും സെന്‍കുമാര്‍ ആരോപിച്ചു. ഏതായാലും സെന്‍കുമാര്‍ മാറി ലോക്‌നാഥ് ബഹ്റ വീണ്ടും പോലീസ് മേധാവിയായതോടെ പിണറായി തച്ചങ്കരിയെ പോലീസ് ആസ്ഥാനത്തുനിന്നും പിന്‍വലിച്ചു. അതിന് ശേഷമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്ന കെബിപിഎസ് എംഡിയായി നിയമിതനായത്. ഇവിടുത്തെ ക്രമക്കേടുകളെക്കുറിച്ച് പരാതി ഉയര്‍ന്നതോടെ അഗ്നിശമന സേന ഡയറക്ടറായി മാറ്റി നിയമിച്ചു. അഗ്നിശമന സേന ആധുനികവല്‍ക്കരണം നടത്തുന്ന കാലത്താണ് തച്ചങ്കരി ഇവിടെയെത്തുന്നത്. തച്ചങ്കരിയുടെ ഭൂതകാല കഥകള്‍ കണക്കിലെടുത്താല്‍ അതിലും ക്രമക്കേടുകള്‍ കണ്ടെത്തിക്കൂട എന്നില്ല. വിക്കിഡാറ്റയില്‍ വെറുതെ ഒന്ന് സര്‍ച്ച് ചെയ്താല്‍ ടോമിന്‍ തച്ചങ്കരിയെക്കുറിച്ച് പറയുന്നത് '....., Corrupt, notorious police officer' എന്നാണ്. അറിയപ്പെടുന്ന പേരുകളായി കൊടുത്തിരിക്കുന്നത് ചിക്കന്‍ കറിയെന്നും ബുച്ചറെന്നു. ഇത് ആരാണ് തയ്യാറാക്കിയതെന്ന് അറിയില്ല. എന്നിരുന്നാലും തച്ചങ്കരിയെക്കുറിച്ച് ഇവിടെ പൊതുവെ നിലനില്‍ക്കുന്ന ജനവികാരമാണ് ഇവിടെ പ്രതിഫലിക്കുന്നത്.

കേരളത്തില്‍ നിലവില്‍ ഏറ്റവുമധികം ആരോപണങ്ങള്‍ നേരിടുകയും വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുള്ള ഐപിഎസ് ഉദ്യോഗസ്ഥനാണെങ്കിലും മാറിമാറി വരുന്ന മുന്നണി സര്‍ക്കാരുകള്‍ക്ക് പ്രിയങ്കരനാണ് തച്ചങ്കരിയെന്നതിനാല്‍ ഇപ്പോഴും സര്‍വീസില്‍ ചോദ്യം ചെയ്യപ്പെടാതെ തുടരുകയാണ്. 2015ല്‍ തച്ചങ്കരിയെ എഡിജിപിയായി നിയമിച്ചുകൊണ്ടുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച അന്നത്തെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പട്ടിരുന്നു. എന്നാല്‍ അടുത്തിടെ തച്ചങ്കരിയെയും മറ്റ് നാല് എഡിജിപിമാരെയും ഡിജിപിയായി നിയമിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. തച്ചങ്കരിയ്ക്ക് വേണ്ടിയാണ് പിണറായി സര്‍ക്കാര്‍ ഈ തീരുമാനമെടുത്തതെന്നാണ് പ്രധാനമായും ഉയരുന്ന ആരോപണം. കേന്ദ്രസര്‍ക്കാരിന്റെ അനുമതി അനുസരിച്ചുള്ള നാല് ഡിജിപിമാര്‍ കേരളത്തില്‍ ഉള്ളപ്പോഴാണ് ഇവരെയും ഡിജിപിമാരാക്കിയത്.

എല്ലാകാലത്തും തച്ചങ്കരിയെ സംരക്ഷിക്കുന്ന പിണറായി വിജയന്‍ തന്നെ ഇക്കുറി അദ്ദേഹത്തെ കയ്യൊഴിഞ്ഞിരിക്കുകയാണെന്നാണ് ഇന്നത്തെ വാര്‍ത്ത വ്യക്തമാക്കുന്നത്. ഇതോടെ മുന്‍കാല കുറ്റകൃത്യങ്ങളും ലൈംലൈറ്റിലെത്തിയാല്‍ തച്ചങ്കരി കുടുങ്ങുമെന്ന് ഉറപ്പ്.

http://www.azhimukham.com/tomin-thachankary-consumerfed-corruption-kerala-kejriwal-shyam/

http://www.azhimukham.com/facebook-post-against-tomin-thachankari-by-sreelekha-ips/


Next Story

Related Stories