TopTop
Begin typing your search above and press return to search.

എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ പട്ടികജാതി ജനസംഖ്യയുള്ള മണീട് പഞ്ചായത്തില്‍ ജനങ്ങള്‍ ഭീതിയിലാണ്

എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ പട്ടികജാതി ജനസംഖ്യയുള്ള മണീട് പഞ്ചായത്തില്‍ ജനങ്ങള്‍ ഭീതിയിലാണ്

ഏറണാകുളം ജില്ലയിലെ മണീട് ആനമുന്തി നിവാസികൾ ഏറെനാളായി ആശങ്കയിൽ കഴിയുകയാണ്. ഏത് നിമിഷവും തങ്ങൾക്ക് നേരെ പറന്നു വന്നേക്കാവുന്ന കരിങ്കൽ ചീളുകളെ ഭയന്നാണ് ഇവർ ജീവിക്കുന്നത്. വർഷങ്ങളായി ജനങ്ങളുടെ ഉറക്കം കെടുത്തുന്ന കരിങ്കൽ ക്വാറിക്ക് പിന്നാലെ സമീപത്തായി മറ്റൊരു സ്ഥലം കൂടി പാട്ടത്തിനെടുത്ത് ക്വാറി വിപുലീകരിക്കാനൊരുങ്ങുകയാണ് ഉടമകൾ. ആനമുന്തി കവലയിൽ മണീടു വില്ലേജാഫീസിനു പുറകുവശത്തായാണ് നാട്ടുകാരുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തി ഡയമണ്ട് അഗ്രിഗേറ്റ്സ് എന്ന കരിങ്കൽ ക്വാറി പ്രവർത്തിക്കുന്നത്. നാട്ടുകാരുടെ നിരന്തരമായ പരാതികൾക്ക് തെല്ലും വില കൽപ്പിക്കാതെ പാറമട മുതലാളിക്ക് എല്ലാ ഒത്താശയും ചെയ്തു കൊടുക്കുകയാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന പഞ്ചായത്ത് ഭരണസമിതിയെന്നാണ് നാട്ടുകാരുടെ പരാതി.

ആദ്യം മണീട് പഞ്ചായത്തിനെക്കുറിച്ച് തന്നെ പറയാം. എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ പട്ടികജാതി ജനസംഖ്യയുള്ള പഞ്ചായത്താണ് ഇത്. പട്ടികജാതി ജനവാസ കേന്ദ്രത്തിലാണ് ക്വാറി പ്രവർത്തിക്കുന്നതും വിപുലീകരിക്കാൻ ശ്രമിക്കുന്നതും. മുപ്പത് വീടുകളിലായി താമസിക്കുന്ന നൂറ്റമ്പതോളം ആളുകളുടെ ജീവിതമാണ് ഇതുമൂലം അനിശ്ചിതത്വത്തിലായിരിക്കുന്നത്. നാലര ഏക്കർ വരുന്ന ക്വാറിയോട് ചേർന്ന് ഒന്നര ഏക്കറോളം ഭൂമി പാട്ടത്തിനെടുത്താണ് ക്വാറി വിപുലീകരിക്കുന്നത്. വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ് സമുച്ചയം, മൃഗാശുപത്രി തുടങ്ങിയ ധാരാളം സർക്കാർ ഓഫീസുകളും എൽ പി സകൂൾ, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവയും ഒരു പ്രൈമറി ഹെൽത്ത് സെന്ററും ഇതിന് ചുറ്റിലുമായി പ്രവർത്തിക്കുന്നുണ്ട്. ജനവാസ കേന്ദ്രത്തിൽ നിന്നും 100 മീറ്റർ അകലം പാലിച്ച് മാത്രമേ പാറമട പ്രവർത്തിക്കാവൂ എന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിയമം. എന്നാൽ 2005 മുതൽ പ്രവർത്തിക്കുന്ന പഴയ മടയിൽ നിന്നും 100 മീറ്റർ പോലും അകലത്തിലല്ലാതെയാണ് വീടുകളുള്ളത്. പുതിയതായി തുടങ്ങുന്ന ക്വാറിയാകട്ടെ ജനവാസ കേന്ദ്രത്തിൽ നിന്നും 50 മീറ്റർ പോലും അകലെയല്ല. പാറ പൊട്ടിക്കാൻ വേണ്ടി നടത്തുന്ന സ്ഫോടനത്തിന്റെ ഫലമായി പരിസരത്തെ ഭൂരിഭാഗം വീടുകളുടെയും ഭിത്തികളിൽ വിള്ളലുകളുണ്ടായിട്ടുണ്ട്. അനേകർക്ക് കുടിവെള്ളമെത്തിക്കുന്ന നെച്ചൂർ-മുളന്തുരുത്തി കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനുകൾ തകർത്ത് തരിപ്പണമാക്കുന്ന നിലയിലാണ് ഈ ക്വാറി പ്രവർത്തിക്കുന്നത്.

ക്വാറി പ്രവർത്തനം സംബന്ധിച്ച പല ചട്ടങ്ങളും കാറ്റിൽ പറത്തിയാണ് ഇതിന്റെ പ്രവർത്തനം. ഡിലെയ്ഡ് ഡിറ്റണേറ്റർ എന്ന സ്ഫോടക വസ്തുവാണ് നിയമ പ്രകാരം ക്വാറികളിൽ ഉപയോഗിക്കേണ്ടത്. ഇതുപയോഗിച്ച് പാറ പൊട്ടിക്കുമ്പോൾ ചെറിയ സ്ഫോടനമാണ് ഉണ്ടാകുന്നത്. പാറയിലുണ്ടാകുന്ന വിള്ളലിലൂടെ തൊഴിലാളികൾ തന്നെ പാറ പൊട്ടിച്ചു മാറ്റുകയാണ് ചെയ്യുന്നത്. എന്നാൽ കൂടുതൽ പാറകൾ പൊട്ടിക്കാനായി ഇലക്ട്രിക് ഡിറ്റണേറ്ററാണ് ഈ ക്വാറിയിൽ ഉപയോഗിക്കുന്നതെന്ന് ക്വാറിക്കെതിരായ ആക്ഷൻ കൗൺസിൽ അംഗവും പ്രദേശവാസിയുമായ ടി പി മത്തായി പറയുന്നു. ഇതുമൂലം വൻ സ്ഫോനമാണ് ഉണ്ടാകുക. കൂടാതെ പാറ ഛിന്നഭിന്നമായി ചിതറിത്തെറിക്കുകയും ചെയ്യും. ഇത് പരിസരവാസികളുടെ ജീവന് തന്നെ ഭീഷണിയാണ്. പറന്നു വരുന്ന കരിങ്കൽ ചീളുകളെ ഭയന്ന് പകൽ പോലും വീടിന് പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ് ഇവർ.

419/1, 419/2, 418/2, 418/3, 423/4 എന്നീ സർവേ നമ്പറുകളിലെ ഭൂമിയിലാണ് നിലവിലുള്ള ക്വാറി പ്രവർത്തിക്കാൻ അനുമതി നേടിയിട്ടുള്ളത്. അനുവദിച്ച സർവേ നമ്പറിലല്ലാതെ മറ്റ് സർവേ നമ്പറുകളിലേക്ക് വികസിപ്പിക്കരുതെന്നാണ് നിയമം. ഇത് ലംഘിച്ച് മറ്റ് സർവേ നമ്പരുകളിലുള്ള ഭൂമിയിലേക്കാണ് ഡയമണ്ട് ഗ്രാനേറ്റ്സ് കരിങ്കൽ ക്വാറി വികസിപ്പിക്കുന്നത്. നിലവിലുള്ള ക്വാറിയിലേയ്ക്ക് വഴിവെട്ടാൻ എന്ന് നാട്ടുകാരെ വിശ്വസിപ്പിച്ചാണ് പാട്ടത്തിനെടുത്ത ഭൂമിയിലെ മണ്ണെടുത്തത്. എന്നാൽ ഇവിടെ നിന്നും പാറപൊട്ടിക്കാൻ തുടങ്ങിയതോടെ നാട്ടുകാർ ഇടപെടുകയും ഖനനം നിർത്തി വയ്ക്കേണ്ടി വരികയും ചെയ്തു. ഖനന പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് ക്വാറിക്ക് ചുറ്റും ശക്തമായ മതിൽ നിർമ്മിക്കണമെന്നാണ് മറ്റൊരു നിയമം. എന്നാൽ ഷീറ്റു കൊണ്ട് നിർമ്മിച്ച ദുർബലമായ വേലിയാണ് പാറമടയ്ക്ക് ചുറ്റിലുമുള്ളത്. ക്രഷർ യൂണിറ്റ് പ്രവർത്തിക്കുമ്പോൾ ഉയരുന്ന പൊടിപടലങ്ങൾ നിയന്ത്രിക്കാൻ സ്പ്രിങ്ക്ളർ സ്ഥാപിക്കണണമെന്നും നിയമമുണ്ട്. ജനകീയരോഷം ശക്തമായതോടെ അടുത്ത കാലത്ത് മാത്രമാണ് ഈ ക്വാറിയിൽ ഇത് സ്ഥാപിച്ചത്. തൊഴിലാളികൾക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും ഇവിടെയില്ല. സുരക്ഷാ വീഴ്ച മൂലം കഴിഞ്ഞ വർഷമുണ്ടായ അപകടത്തിൽ ഒരു സ്ത്രീ മരിച്ചിരുന്നു.

കരിങ്കൽ ക്വാറികൾ പ്രവർത്തിക്കുമ്പോൾ നിശ്ചിത കാലയളവുകളിൽ സമീപ പ്രദേശത്തെ കെട്ടിടങ്ങൾക്കുണ്ടാകുന്ന വൈബ്രേഷൻ വിലയിരുത്തണമെന്ന നിയമവും ഇവർ പാലിക്കുന്നില്ലെന്ന് പ്രദേശ വാസിയായ ഏലിയാമ്മ വർഗ്ഗീസ് അറിയിച്ചു. രാവിലെ 8 മണി മുതൽ 5 മണി വരെയേ ക്വാറി പ്രവർത്തിക്കാവൂ എന്നുണ്ട്. അതും ഇവിടെ കാറ്റിൽ പറത്തുകയാണ്. പലപ്പോഴും പാറപൊട്ടിക്കലും ലോറികൾ ലോഡുമായി പോകുന്നതും രാത്രിയിലും തുടരാറുണ്ടെന്ന് ഏലിയാമ്മ പറഞ്ഞു. ക്രഷറിലെ പൊടി കാരണം കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും രോഗങ്ങൾ പതിവായിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

കരിങ്കൽ ഖനനം നടത്തുമ്പോൾ ആറ് മീറ്റർ താഴ്ത്തിയ ശേഷം ഒരു ബഞ്ചിട്ട ശേഷം വേണം വീണ്ടും കുഴിക്കാനെന്നാണ് നിയമം. ആറ് മീറ്റർ വീതിയിലാണ് ഈ ബഞ്ച് ഇടേണ്ടത്. അതിന് ശേഷം വീണ്ടും ആറ് മീറ്റർ വീതം താഴ്ത്തി ബഞ്ചിട്ട് വേണം ഖനനം തുടരാൻ. എന്നാൽ ഇപ്പോൾ 200 അടി താഴ്ചയിൽ ഒറ്റനിരപ്പിലാണ് ഖനനം നടക്കുന്നത്. ഇതും നിയമവിരുദ്ധമാണ്.

ജനജീവിതത്തിന് ഭീഷണിയായ പാറമടയുടെ പ്രവർത്തനം നിർത്തണമെന്നാവശ്യപ്പെട്ട് ജനങ്ങൾ നൽകിയ നിവേദനത്തിന്റെ ഫലമായി ഈവർഷം ജൂൺ 22ന് പഞ്ചായത്ത് പ്രസിഡന്റ് യോഗം വിളിച്ചു ചേർത്തിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ക്വാറി മൂലം ദുരിതം അനുഭവിക്കുന്ന 6, 11 വാർഡുകളിലെ ജനപ്രതിനിധികൾ, പാറമട ഉടമ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. പരാതിക്കാരുടെ ആവശ്യത്തെ അനുഭാവ പൂർവം പരിഗണിച്ച ഈ യോഗം ക്വാറിയുടെ പ്രവർത്തനം നിർത്തിവയ്പ്പിക്കുകയും ചെയ്തു. എന്നാൽ ജൂൺ 29ന് കരിങ്കൽ ഖനനം നിർത്തിയത് മൂലം തങ്ങൾക്ക് ജോലി നഷ്ടമായെന്ന് നാല് സ്ത്രീകൾ പഞ്ചായത്തിന് നിവേദനം നൽകി. യഥാർത്ഥത്തിൽ ഇവർ പാറമടയിൽ യാതൊരു ജോലിയിലും ഏർപ്പെടാത്തവരാണ്. ക്രഷർ യൂണിറ്റിലെ തൊഴിലാളികൾക്ക് കഞ്ഞിവയ്ക്കുക, ഓഫീസും പരിസരവും വൃത്തിയാക്കുക എന്നീ ജോലികളാണ് ഇവർ ചെയ്യുന്നത്. ഖനന ജോലികൾ ഭൂരിഭാഗവും ചെയ്യുന്നത് ഇതര സംസ്ഥാന തൊഴിലാളികളാണ്. ഈ സ്ത്രീകളുടെ നിവേദനം പഞ്ചായത്ത് കമ്മിറ്റി അജണ്ടയിലില്ലാതെ തന്നെ ചർച്ചയ്ക്ക് എടുക്കുകയും നാട്ടുകാരുടെയും അവർ രൂപീകരിച്ച ആക്ഷൻ കൗൺസിലിന്റെയും പരാതി അവഗണിച്ച് പാറപൊട്ടിക്കാൻ അനുമതി നൽകുകയും ചെയ്തു. അജണ്ടയിൽ ഇല്ലാത്ത വിഷയം ചർച്ചയ്ക്ക് എടുത്ത് ഉടൻ തീരുമാനമെടുത്തതിൽ നിന്നും ഈ നിവേദനം പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ അറിവോടെ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്ന് വ്യക്തമാകുമെന്ന് മത്തായി ചൂണ്ടിക്കാട്ടുന്നു. ക്വാറി ഉടമകൾക്ക് വേണ്ടി ജനവിരുദ്ധ നിലപാട് സ്വീകരിക്കുന്നവരിൽ കക്ഷിരാഷ്ട്രീയ ഭേദമില്ലെന്നും മത്തായി ചൂണ്ടിക്കാട്ടുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും അക്ഷയഖനിയാണ് ക്വാറികളെന്നതാണ് അതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്വാറിക്കെതിരെ ജനങ്ങൾ പരാതി ഉയർത്തിയപ്പോൾ മടയുടെ തൊട്ടടുത്തുള്ളവർക്ക് പ്രശ്നങ്ങളില്ലെന്ന വിചിത്ര ന്യായമാണ് ക്വാറി ഉടമകൾ നിരത്തിയത്. ക്വാറിയുടെ തൊട്ടടുത്ത് താമസിക്കുന്ന പലരും ഇവിടുത്തെ തൊഴിലാളികളായിരുന്നു. ജനങ്ങളെ ഭിന്നിപ്പിച്ച് എതിർ സ്വരങ്ങൾ ഇല്ലാതാക്കാനാണ് ഉടമകൾ ശ്രമിച്ചതെന്ന് പരിസരവാസിയായ ടി വി കുമാരൻ പറയുന്നു. ആരെങ്കിലും എതിർപ്പുമായി രംഗത്തെത്തുമ്പോൾ മറ്റുള്ളവർക്ക് തങ്ങൾ പണം കൊടുത്തിട്ടുള്ളതിനാൽ അവരുടെ എതിർപ്പുണ്ടാകില്ലെന്നാണ് ഉടമകൾ പറഞ്ഞിരുന്നത്. ഇത് ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. അങ്ങനെയാണ് നിലവിലുള്ള ക്വാറി ഇത്രയും കാലം പ്രവർത്തിച്ചത്. എന്നാൽ ആക്ഷൻ കൗൺസിൽ വന്നതോടെ ക്വാറി ഉടമകളുടെ ഈ തട്ടിപ്പ് നടക്കാതാകുകയും ജനങ്ങൾ സംഘടിക്കുകയും ചെയ്തിരിക്കുകയാണ്. മട കാരണം തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലായതോടെ അവിടുത്തെ പണി ഉപേക്ഷിച്ചതായി കുമാരന്റെ ഭാര്യ അമ്മിണി അറിയിച്ചു. ഏതാനും വർഷങ്ങൾക്ക് മുമ്പ് മാത്രം നിർമ്മാണം പൂർത്തിയായ ഇവരുടെ വീടിന്റ ഭിത്തികളിൽ പല ഭാഗത്തും വിള്ളൽ വീണിട്ടുണ്ട്. ക്വാറിയിൽ പാറ പൊട്ടിക്കുമ്പോൾ ഭൂമിയിലുണ്ടാകുന്ന കുലുക്കം മൂലമാണ് അത്. കുമാരന്റെയും അമ്മിണിയുടെയും വീടിന് മാത്രമല്ല ഈ പ്രദേശത്തെ എല്ലാ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കേവലം പത്ത് വർഷം മാത്രം പഴക്കമുള്ള മത്തായിയുടെ വീടിന്റെ സൺ സൈഡിന് താഴെ വരെ കോൺക്രീറ്റ് അടർന്ന അവസ്ഥയിലാണ്. ക്വാറിയിൽ നിന്നും കുറച്ചു മാറിയാണ് ഈ വീട്. കേടുപാടുകൾക്ക് നഷ്ടപരിഹാരം നൽകാമെന്നാണ് ഇപ്പോൾ ക്വാറി ഉടമകൾ പറയുന്നത്. എന്നാൽ ക്വാറി പ്രവർത്തനം നിർത്തുന്നതിൽ കുറഞ്ഞ യാതൊരു ഒത്തുതീർപ്പിനും നാട്ടുകാർ തയ്യാറല്ല. കാരണം, ഈ ക്വാറി പ്രവർത്തനം തുടരുന്നത് തങ്ങളുടെ ജീവനും സ്വത്തിനും എത്രമാത്രം ഭീഷണിയാണെന്ന് ഇവർ തിരിച്ചറിഞ്ഞ് കഴിഞ്ഞിരിക്കുന്നു.

ജനങ്ങൾക്കുണ്ടായ തിരിച്ചറിവ് പഞ്ചായത്ത് അധികൃതർക്ക് ഉണ്ടായിട്ടില്ലെന്നാണ് അവർ ഇതിന്മേൽ സ്വീകരിക്കുന്ന നടപടികളിൽ നിന്നും വ്യക്തമാകുന്നത്. ആക്ഷൻ കൗൺസിൽ നൽകിയ പരാതിയിൽ കൂട്ടായിരുന്ന് ഒരു ചർച്ച പോലും നടത്താനോ, അവർ ഉന്നയിച്ച ആവശ്യങ്ങൾ ന്യായമാണോയെന്ന് പരിശോധിക്കാനോ പഞ്ചായത്ത് കമ്മിറ്റി തയ്യാറായിട്ടില്ല. പാറമട ഉടമയെ സഹായിക്കുന്ന പഞ്ചായത്ത് കമ്മിറ്റി നാടിനെയും നാട്ടുകാരെയും നഷ്ടത്തിലേക്ക് തള്ളിവിടുകയാണ്. ഇതിനിടെ പോലീസ് സംരക്ഷണത്തോടെ ഖനനം നടത്താനുള്ള ഉത്തരവ് ക്വാറി ഉടമകൾ ഹൈക്കോടതിയിൽ നിന്നും നേടിക്കഴിഞ്ഞു. ഉടമകളുടെ ഹർജി പഞ്ചായത്ത് അധികൃതർ ചോദ്യം ചെയ്യാതിരുന്നതിനാലാണ് ജനവിരുദ്ധമായ ഈ ഉത്തരവ് ഹൈക്കോടതിയിൽ നിന്നുണ്ടായതെന്ന് മത്തായി ചൂണ്ടിക്കാട്ടുന്നു. അതേസമയം തങ്ങൾക്ക് നിയമത്തിൽ വിശ്വാസമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഉദ്യോഗസ്ഥ തലത്തിലും നിയമ തലത്തിലും നൽകുന്ന പരാതികൾക്ക് പരിഹാരം ലഭിക്കാതെ വന്നാൽ മാത്രമേ ജനകീയ സമരം എന്ന മാർഗ്ഗം സ്വീകരിക്കൂവെന്നും ഇവർ വ്യക്തമാക്കുന്നു.

https://www.azhimukham.com/quarry-environment-conservation-western-ghat-natarajan-rakesh-nair/

https://www.azhimukham.com/kerala-white-paper-on-environment-omit-quarry-report-kr-dhanya/

Next Story

Related Stories