Top

ഫ്രാങ്കോ മുളയ്ക്കലിന്റെ പ്രതിരോധം പാളിയോ? നാളെ അറസ്റ്റുണ്ടാകുമോ?

ഫ്രാങ്കോ മുളയ്ക്കലിന്റെ പ്രതിരോധം പാളിയോ? നാളെ അറസ്റ്റുണ്ടാകുമോ?
ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഒരു കന്യാസ്ത്രി തുറന്നു വിട്ട ലൈംഗിക ആരോപണ കൊടുങ്കാറ്റ് ഇപ്പോൾ സർവ ശക്തിയും പ്രാപിച്ചിരിക്കുകയാണ്. ജൂൺ അവസാനം കുമ്പസാര രഹസ്യത്തിന്റെ മറവിൽ അഞ്ച് പുരോഹിതർ തന്നെ ബലാത്സംഗം ചെയ്തെന്ന വീട്ടമ്മയുടെ വെളിപ്പെടുത്തൽ കേരളത്തിലെ വിശ്വാസ സമൂഹത്തെയൊന്നാകെ ഞെട്ടിപ്പിച്ച അതേ കാലയളവിലാണ് ഫ്രാങ്കോയ്ക്കെതിരെയുള്ള ലൈംഗിക ആരോപണവും പുറത്തു വന്നത്. ആദ്യം പത്രങ്ങളിലെ ചെറിയ കോളമായും ചാനലുകളിൽ സ്ക്രോളായും വന്ന വാർത്ത അധികം വൈകാതെ ചർച്ച ചെയ്ത് തുടങ്ങി. കത്തോലിക്ക സഭയിൽ കുമ്പസരിക്കുന്നത് പോലും സ്ത്രീപീഡനത്തിലെത്തുന്ന പശ്ചാത്തലത്തിൽ സഭയ്ക്കുള്ളിലെ ഒരു കന്യാസ്ത്രീയുടെ വെളിപ്പെടുത്തലിനെ കേരള സമൂഹത്തിന് അധിക ദിവസം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നതായിരുന്നു സത്യം.

ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ പരാതി കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി മറച്ചു വച്ചതായും ആരോപണം ഉയർന്നതോടെ ഫ്രാങ്കോയുടെ പീഡനം ചർച്ചകളിൽ നിറഞ്ഞു. ഭൂമി ഇടപാടുകളിൽ ആരോപണവിധേയനായിരുന്ന ആലഞ്ചേരിയുടെ പേര് കൂടി ബന്ധപ്പെട്ടതോടെ കേസ് കൂടുതൽ ശ്രദ്ധയാകർഷിച്ചു. കന്യാസ്ത്രി നൽകിയ പരാതി മറച്ചുവച്ചെന്നും പീഡന വിവരം പോലീസ് അറിയാതെ ഒതുക്കി തീർക്കാൻ ശ്രമിച്ചെന്നുമാണ് ആലഞ്ചേരിക്കെതിരെ ഉയർന്ന ആരോപണം.

ഫ്രാങ്കോയുടെ പീഡനം സഹിക്കാനാകാതെ വന്നപ്പോൾ സീറോ മലബാർ സഭയുടെ ആർച്ച് ബിഷപ്പായിരുന്ന ആലഞ്ചേരിക്ക് പരാതി നൽകിയതായി കന്യാസ്ത്രി പോലീസിന് നൽകിയ പരാതിയിലും വ്യക്തമായി പറഞ്ഞിരുന്നു. 2017 ഓഗസ്റ്റിലാണ് കന്യാസ്ത്രി എറണാകുളത്തുള്ള സിറോ മലബാർ സഭയുടെ ആസ്ഥാനത്തെത്തി പരാതി നൽകിയത്. ആലഞ്ചേരിക്ക് പരാതി നൽകി ആറ് മാസം കഴിഞ്ഞിട്ടും യാതൊരു നടപടിയുമുണ്ടായില്ല. തന്റെ പരാതി ഒതുക്കുകയാണെന്ന് തോന്നിയതോടെ കന്യാസ്ത്രി പോലീസിനെ സമീപിക്കുകയും ചെയ്തു. സഭാ നിയമം അനുസരിച്ച് പരാതി വത്തിക്കാന് കൈമാറാനും കർദ്ദിനാൾ തയ്യാറായില്ല.

അതേസമയം കന്യാസ്ത്രിയുടെ പരാതി ലഭിച്ചിട്ടില്ലെന്നായിരുന്നു ആലഞ്ചേരിയുടെ പ്രതികരണം. എന്നാൽ കന്യാസ്ത്രി നൽകിയ പരാതി കർദ്ദിനാളിന്റെ പക്കൽ നടപടിയൊന്നുമില്ലാതിരിക്കെ തന്നെ കന്യാസ്ത്രിയും ബന്ധുക്കളും തന്നെ ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ച് ഫ്രാങ്കോ മുളയ്ക്കൽ പോലീസിന് പരാതി നൽകിയിരുന്നു. ഇതിൽ നിന്നും തനിക്കെതിരെ കർദിനാളിന് പരാതി പോയതായി ബിഷപ്പ് അറിഞ്ഞിരുന്നുവെന്ന് വ്യക്തം. മദർ സുപ്പീരിയർ സ്ഥാനത്തു നിന്നും നീക്കിയതിന്റെ വിരോധത്തിൽ തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്നും കന്യാസ്ത്രിയുടെ സഹോദരൻ തന്നെ വധിക്കാൻ ശ്രമിക്കുന്നതായും ഫ്രാങ്കോയ്ക്ക് വേണ്ടി പ്രതിനിധികളായ രണ്ട് വൈദികർ നൽകിയ പരാതിയിൽ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെയാണ് സഭയിൽ നിന്നും തനിക്ക് നീതി കിട്ടില്ലെന്ന് പരാതിക്കാരിയായ കന്യാസ്ത്രിക്ക് മനസിലായതും അവർ ജില്ലാ പോലീസ് ആസ്ഥാനത്ത് പരാതി നൽകിയതും.

Also Read: പുരോഹിതന്‍ കയറിപ്പിടിച്ചപ്പോള്‍ ഓടി രക്ഷപ്പെട്ട് ബാത്ത് റൂമിൽ കയറി മെഴുകുതിരി കൊണ്ട് ദേഹം പൊള്ളിച്ചു; ദയാഭായി വെളിപ്പെടുത്തുന്നു

തന്നെ 13 തവണ ബലാത്സംഗം ചെയ്തതായി ആരോപിച്ച കന്യാസ്ത്രിയുടെയും അവർക്ക് പിന്തുണയർപ്പിച്ച കന്യാസ്ത്രിമാരുടെയും അഭിമുഖം ജൂലൈ 12ന് പുറത്തു വന്നതോടെ കൂടുതൽ പേർ കന്യാസ്ത്രിക്ക് പിന്തുണയുമായി രംഗത്തെത്തി. പീഡന വിവരം പരാതിപ്പെടുമെന്ന് ഫ്രാങ്കോയ്ക്ക് ഒരു സൂചന ലഭിച്ചിരുന്നെങ്കിൽ പോലും സഭയിൽ മറ്റൊരു അഭയയുണ്ടാകുമായിരുന്നുവെന്നാണ് അഭിമുഖത്തിൽ കന്യാസ്ത്രിമാർ പറഞ്ഞത്. പീഡന വിവരം കന്യാസ്ത്രി സഭയ്ക്ക് നൽകിയ പരാതിയിൽ ആദ്യം പറഞ്ഞിരുന്നില്ല. മഠത്തിൽ ചില പ്രശ്നങ്ങളുണ്ടെന്നും അന്വേഷിക്കണമെന്നുമാണ് സിസ്റ്റർ സഭയോട് ആവശ്യപ്പെട്ടത്. ഇത് ജലന്ധറിലെത്തി തന്നെ ആദ്യം ചോദ്യം ചെയ്ത അന്വേഷണ സംഘത്തോട് എതിർവാദമായി ഉന്നയിച്ചു. എന്നാൽ സ്ത്രീയെന്ന നിലയിൽ അപമാനിക്കപ്പെടുമെന്ന് തോന്നിയതുകൊണ്ടാണ് അതെന്നും കർദ്ദിനാളിന് നൽകിയ പരാതിയിൽ ഇക്കാര്യം വ്യക്തമാക്കിയതായും സിസ്റ്റർ അന്വേഷണ സംഘത്തോട് വിശദീകരിച്ചു.

2014 മെയ് 5ന് കുറവിലങ്ങാട്ടെ മഠത്തിൽ വച്ച് ബിഷപ്പ് തന്നെ പീഡിപ്പിച്ചെന്നും പിന്നീട് രണ്ട് വർഷത്തിനിടെ 13 തവണ പീഡിപ്പിച്ചെന്നുമാണ് കന്യാസ്ത്രിയുടെ പരാതി. എന്നാൽ ആദ്യം പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്ന മെയ് 5ന് താൻ തൊടുപുഴ മുതലക്കോടത്തുള്ള മഠത്തിലായിരുന്നുവെന്നാണ് ആരോപണം നിഷേധിച്ചു കൊണ്ട് ബിഷപ്പ് ആദ്യം പറഞ്ഞത്. അന്വേഷണ സംഘം മുതലക്കോടത്തുള്ള മഠത്തിലെത്തി നടത്തിയ അന്വേഷണത്തിൽ ഈ വാദം തെറ്റാണെന്ന് തെളിഞ്ഞിരുന്നു. ഈ സംഭവത്തിനും ഒരു വർഷം മുമ്പ് 2013 ജനുവരിയിലാണ് ഫ്രാങ്കോ തൊടുപുഴയിലെത്തിയത്. പരാതിക്കാരി പറഞ്ഞ കാലഘട്ടത്തിൽ ബിഷപ്പ് തൊടുപുഴയിൽ വന്നിട്ടില്ലെന്ന് അവിടുത്തെ മദർ സുപ്പീരിയറും മൊഴി നൽകി. മാത്രമല്ല, പരാതിയിൽ പറയുന്ന ദിവസം ഇയാൾ കുറവിലങ്ങാട്ടെ മഠത്തിൽ ഉണ്ടായിരുന്നെന്ന് സന്ദർശക രജിസ്റ്ററിൽ നിന്നും വ്യക്തമാണ്.

ഇത്തരത്തിൽ പ്രഥമദൃഷ്ട്ര്യാ തന്നെ തെളിവുകൾ പ്രതികൂലമായി നിൽക്കുമ്പോഴും ആരോപണങ്ങൾ നിഷേധിച്ച് സംശയത്തിന്റെയും പുരോഹിതനെന്നതുമായ ആനുകൂല്യം നേടി അറസ്റ്റിൽ നിന്നും രക്ഷപ്പെടാനാണ് ബിഷപ്പിന്റെ ശ്രമം. അന്വേഷണം പൂർത്തിയായെന്ന് അന്വേഷണ ചുമതലയുള്ള വൈക്കം ഡിവൈഎസ്പി കെ സുഭാഷ് പറയുമ്പോഴും അറസ്റ്റ് വൈകുന്നതാണ് ഉയരുന്ന മറ്റൊരു സംശയം. എന്നാൽ അറസ്റ്റിന് ധൃതി വേണ്ടെന്നാണ് ഹൈക്കോടതി പറയുന്നത്. തെളിവുകളെല്ലാം ശേഖരിച്ച് ബിഷപ്പിനെതിരായ കുരുക്ക് പൂർണമായും മുറുക്കാനുള്ള അന്വേഷണ സംഘത്തിന്റെ തീരുമാനം ഹൈക്കോടതിയും ശരിവയ്ക്കുകയാണ്.

Also Read: ദൈവത്തിനും വിശ്വാസികള്‍ക്കുമിടയിലുള്ള ഹോട്ട് ലൈന്‍ ബന്ധത്തില്‍ ഇനി പാതിരിമാര്‍ വേണോ….? പോപ്പ് ആലോചിക്കട്ടെ…

കേരളത്തിലേക്ക് വിളിച്ചു വരുത്തിയ ഫ്രാങ്കോയെ ഇന്ന് തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിൽ ഇന്ന് ഏഴു മണിക്കൂറോളം ചോദ്യം ചെയ്തു. 104 ചോദ്യങ്ങളാണ് അന്വേഷണ സംഘം തയ്യാറാക്കിയിരുന്നത്. ചോദ്യം ചെയ്യൽ നാളെയും ഉണ്ടാകുമെന്ന് കോട്ടയം എസ് പി ഹരിശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ ചോദ്യം ചെയ്യലില്‍ ഉടനീളം സ്വയം പ്രതിരോധിച്ചു കൊണ്ടാണ് ഫ്രാങ്കോ മുളയ്ക്കല്‍ ഉത്തരം പറഞ്ഞത്. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം ദിവസം കുറവിലങ്ങാട് മഠത്തില്‍ താമസിച്ചിട്ടില്ലെന്നും ബിഷപ്പ് ആവര്‍ത്തിച്ചു. മെയ് അഞ്ചിനു മഠത്തില്‍ പോയെങ്കിലും അവിടെ താമസിച്ചില്ലെന്നാണ് ബിഷപ്പ് പറയുന്നത്. കന്യാസ്ത്രീ നല്‍കിയ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഉള്ള രേഖകള്‍ എഡിറ്റ് ചെയ്തവയാണെന്നും ബിഷപ്പ് വ്യക്തമാക്കിയതായും റിപോര്‍ട്ടുകളുണ്ട്. ആരോപണത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമാണ്. പീഡിപ്പിച്ചെന്ന പരാതിയില്‍ പറയുന്ന ദിവസത്തിന് ശേഷവും കന്യാസ്ത്രീയുടെ പെരുമാറ്റത്തില്‍ ഭാവമാറ്റങ്ങളില്ല. ഇതിന് അവരുടെ വീട്ടില്‍ നടന്ന ചടങ്ങ് തെളിവാണെന്നും ബിഷപ്പ് പറയുന്നു.

ബിഷപ്പിന്റെ വാദങ്ങൾക്കെതിരായി തങ്ങളുടെ കൈവശമുള്ള തെളിവുകളെ സമർത്ഥിക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചാൽ ഈ ചോദ്യം ചെയ്യൽ അവസാനിക്കുന്നത് ബിഷപ്പിന്റെ അറസ്റ്റിലാകുമെന്ന് തീർച്ച.

https://www.azhimukham.com/offbeat-a-priest-tried-to-sexually-abuse-me-in-a-convent-reveals-dayabhai/

https://www.azhimukham.com/newswrap-church-initiated-a-compromise-talk-in-rape-charge-against-nun-is-shocking-writes-saju/

https://www.azhimukham.com/news-update-nun-rape-case-bishop-franco-mulakkal-interrogation-over-today/

Next Story

Related Stories