TopTop
Begin typing your search above and press return to search.

കാക്കിയില്‍ നിന്നും ഈ ഏമാന്‍ കാവിയിലേക്കോ? സെന്‍കുമാറിന്റെ വെളിപാടുകള്‍

കാക്കിയില്‍ നിന്നും ഈ ഏമാന്‍ കാവിയിലേക്കോ? സെന്‍കുമാറിന്റെ വെളിപാടുകള്‍
മുമ്പൊരിക്കല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞത് സെന്‍കുമാര്‍ സംഘപരിവാര്‍ പാളയത്തിലാണെന്നാണ്. ഈ ആരോപണത്തിന് മറുപടി പറയേണ്ടത് ആരോപണം ഉന്നയിക്കുന്നവരാണെന്നാണ് അന്ന് സെന്‍കുമാര്‍ പ്രതികരിച്ചത്. തിരുവനന്തപുരം എംജി കോളേജില്‍ എബിവിപി പ്രവര്‍ത്തകരെ ആക്രമിച്ച പോലീസുകാരനെ പരസ്യമായി ശകാരിച്ചും കോളറിന് പിടിച്ച് തള്ളിയും ഉടനടി ശിക്ഷാനടപടി സ്വീകരിച്ചും സെന്‍കുമാറെടുത്ത നിലപാട് കാലാകാലങ്ങളായി ഇടതുപക്ഷ സംഘടനകള്‍ അദ്ദേഹത്തിനെതിരായ ആയുധമായി ഉപയോഗിക്കാറുണ്ട്. ഓരോ തവണ സെന്‍കുമാര്‍ ഇടതുപക്ഷത്തിനെതിരായി ശബ്ദിക്കുമ്പോഴും അദ്ദേഹത്തിന് സംഘപരിവാറിനോടുള്ള അടുപ്പം വ്യക്തമാക്കാന്‍ ഉപയോഗിക്കപ്പെടുന്നത് എംജി കോളേജ് സംഭവത്തിന്റെ വീഡിയോയാണ്.

അതേസമയം കോടതി ഉത്തരവിന്റെ ബലത്തില്‍ പോലീസ് മേധാവിയായി വീണ്ടും സ്ഥാനമേറ്റെടുക്കുന്നതിന് തൊട്ടുമുമ്പ് അഴിമുഖത്തിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത് 'താന്‍ അന്ന് അങ്ങനെ പ്രവര്‍ത്തിച്ചിരുന്നില്ലെങ്കില്‍ മൂന്ന് പേരെങ്കിലും കൊല്ലപ്പെടുമായിരുന്നു'വെന്നാണ്. ശരിയായിരിക്കും സമരങ്ങള്‍ക്ക് നേരെയുണ്ടാകുന്ന പോലീസ് അടിച്ചമര്‍ത്തലുകളും അതിനിടെയുണ്ടാകുന്ന കൊലപാതകങ്ങളും ധാരാളം കണ്ടിട്ടുള്ള കേരള സമൂഹത്തിന് ആ വാദം അംഗീകരിക്കാന്‍ സാധിക്കും.

Read More: തിരുവനന്തപുരം എംജി കോളേജില്‍ എന്താണ് സംഭവിച്ചത്?

എന്നാല്‍ സെന്‍കുമാര്‍ വീണ്ടും പോലീസ് മേധാവിയായി അധികാരത്തിലിരുന്ന രണ്ട് മാസക്കാലത്തിനിടെയാണ് പുതുവൈപ്പിലെ എല്‍പിജി ടെര്‍മിനലിനെതിരെ സമരം ചെയ്ത നാട്ടുകാരെ ഹൈക്കോടതിക്ക് സമീപത്ത് വച്ചും രണ്ട് ദിവസങ്ങള്‍ക്ക് ശേഷം പുതുവൈപ്പില്‍ വച്ചും ക്രൂരമായി മര്‍ദ്ദിച്ചത്. യതീഷ് ചന്ദ്ര എന്ന പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുണ്ടായ ഈ മര്‍ദ്ദനത്തില്‍ ജനങ്ങളുടെ ജീവന്‍ നഷ്ടമാകുന്നതില്‍ സെന്‍കുമാറിന് ആശങ്കയുണ്ടായിരുന്നില്ലേ? ഹൈക്കോടതിക്ക് സമീപമുണ്ടായ പോലീസ് ആക്രമണത്തിന് പിറ്റേദിവസം കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്നും ഭീകരാക്രമണ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നുമാണ് അന്ന് സെന്‍കുമാര്‍ ന്യായീകരിച്ചത്. (പോലീസ് മേധാവിയുടെ വാക്കുകള്‍ അതേപോലെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവര്‍ത്തിച്ചു)പോലീസ് നടത്തുന്ന ആക്രമണങ്ങളില്‍ സെന്‍കുമാര്‍ സ്വീകരിച്ച രണ്ട് വ്യത്യസ്ത നിലപാടുകള്‍ ചൂണ്ടിക്കാട്ടുന്നത് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യമെന്താണെന്ന് വ്യക്തമാക്കാനാണ്. മോദിയുടെ സുരക്ഷയുടെ മറവില്‍ ഒരു വിഭാഗം സാധാരണക്കാരെ അടിച്ചു തകര്‍ത്തപ്പോള്‍ അദ്ദേഹത്തിന് എംജി കോളേജില്‍ എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ പോലീസ് ആക്രമണ സമയത്തുണ്ടായിരുന്ന വേദന തോന്നാതിരുന്നത് എന്തുകൊണ്ടാണ്? അദ്ദേഹം ആരെയാണ് പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നത്?

ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന സെന്‍കുമാറിന്റെ അഭിപ്രായങ്ങളില്‍ ഇസ്ലാമിക ഭീകരവാദത്തെയും ഇടതുപക്ഷ ഭീകരവാദത്തെയുമാണ് സമൂഹം സൂക്ഷിക്കേണ്ടതെന്ന് പറയുന്നു. എന്നാല്‍ ഹുന്ദുമത ഭീകരത വളര്‍ത്തി ന്യൂനപക്ഷ സമുദായങ്ങളില്‍ ഹൈന്ദവ സംസ്‌കാരം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസിന്റേത് ഭീകരതയാണെന്ന് അംഗീകരിക്കാന്‍ അദ്ദേഹം തയ്യാറാകുന്നില്ല. ആര്‍എസ്എസും ഐഎസും തമ്മില്‍ താരതമ്യം ചെയ്യാന്‍ പോലും പാടില്ലെന്നാണ് അദ്ദേഹം പറയുന്നത്. കൂടാതെ ദേശീയ ബോധത്തിനെതിരായ മതതീവ്രവാദം വരുമ്പോഴാണ് പ്രശ്‌നമെന്ന് പറയുന്നതില്‍ നിന്നും അദ്ദേഹം ആര്‍ക്കൊപ്പമാണെന്നത് വ്യക്തമാണ്. ദേശീയബോധത്തെയും ഹിന്ദുത്വബോധത്തെയും കൂട്ടിക്കുഴച്ച് വര്‍ഗ്ഗീയ ധ്രുവീകരണം നടത്തുകയും അതിലൂടെ വോട്ട് രാഷ്ട്രീയത്തില്‍ വിജയിക്കുകയും ചെയ്യുന്ന ആര്‍എസ്എസിനോടാണ് തനിക്ക് പ്രതിബദ്ധതയെന്ന് അദ്ദേഹം ഇവിടെ വ്യക്തമാക്കിയിരിക്കുന്നു.പുതുവൈപ്പിലെ സമരത്തെ ഇടതുതീവ്രവാദത്തിന്റെ ഭാഗമായാണ് സെന്‍കുമാര്‍ കണ്ടതെന്നതിന്റെ തെളിവാണ് അന്ന് അദ്ദേഹം പാലിച്ച നിശബ്ദതയും പിന്നീട് നടത്തിയ ന്യായീകരണവും. ഇടതുതീവ്രവാദത്തെ വളരെ എളുപ്പം നിയന്ത്രിക്കാം, എന്നാല്‍ അവരെ നേരിടാന്‍ പോകുമ്പോള്‍ ഇങ്ങോട്ട് വെടിവച്ചാല്‍ തിരിച്ച് വെടിവയ്‌പ്പൊക്കെ ഉണ്ടാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അങ്ങനെയെങ്കില്‍ ഹൈക്കോടതിക്ക് മുന്നിലെ പോലീസ് നരനായാട്ട് എന്ത് പ്രകോപനത്തിന്റെ പേരിലായിരുന്നുവെന്ന് സെന്‍കുമാര്‍ വ്യക്തമാക്കണം. സംഘപരിവാറിനെ പ്രീണിപ്പിക്കാന്‍ യതീഷ് ചന്ദ്ര എന്ന പോലീസ് ഗുണ്ടയെ ജനങ്ങള്‍ക്കിടയിലേക്ക് അഴിച്ചുവിടുകയായിരുന്നോ അന്ന് പോലീസ് മേധാവി ചെയ്തത്?

Read More: കേരളത്തില്‍ നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 42 പേര്‍ മുസ്ലിങ്ങള്‍; വര്‍ഗീയത പറഞ്ഞ് സെന്‍കുമാര്‍

കേരളത്തില്‍ ജനിക്കുന്ന നൂറ് കുട്ടികളില്‍ 42 പേര്‍ മുസ്ലിം സമുദായത്തിലാണെന്നും ഇത് ഭാവിയില്‍ മുസ്ലിം ഭൂരിപക്ഷമുള്ള ഒരു സമൂഹമായി കേരളത്തെ വളര്‍ത്തുമെന്നുമാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആശങ്കകളിലൊന്ന്. ഏത് കണക്കുകളെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം ഇത് പറയുന്നതെന്നോ ഈ കണക്കുകള്‍ എത്രമാത്രം സത്യമാണെന്നോ വ്യക്തമല്ല. എന്നിരുന്നാലും സെന്‍കുമാര്‍ ലക്ഷ്യം വയ്ക്കുന്നത് ഇവിടെ വ്യക്തമാണ്.

Read More: ജന്മഭൂമിയിലില്ലെങ്കിലെന്താ മാതൃഭൂമിയിലുണ്ടല്ലോ; കേരളത്തില്‍ ലൌ ജിഹാദെന്ന് തെളിച്ചു പറയാത്തതെന്ത്?

കേന്ദ്ര ആഭ്യന്തരസഹമന്ത്രിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മാതൃഭൂമിയില്‍ അച്ചടിച്ചുവന്ന റിപ്പോര്‍ട്ടിന് പോലീസിന്റെ ഉന്നതങ്ങളുമായുള്ള ബന്ധം എന്തെന്ന് ചിന്തിക്കുന്നതും നന്നായിരിക്കും. മന്ത്രി ഹാന്‍സ് രാജ് ഗംഗാറാം കേരളത്തിലെത്തിയത് പ്രധാനമായും ഇവിടുത്തെ മതപരിവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവരശേഖരണം ലക്ഷ്യമിട്ടാണെന്നായിരുന്നു മാതൃഭൂമിയിയുടെ എക്സ്ക്ളൂസീവ്.

പോലീസ് മേധാവി സ്ഥാനത്തു നിന്നും വിരമിച്ച ടി പി സെന്‍കുമാര്‍ താന്‍ എങ്ങോട്ടേക്കാണ് പോകുന്നത് എന്നതിന്റെ വ്യക്തമായ സൂചനയാണ് നല്കിയിരിക്കുന്നത്. പ്രമുഖ പോലീസ് മേധാവികളെ തിരഞ്ഞു പിടിച്ച് വിമര്‍ശിക്കുക വഴി പൊതുസമൂഹത്തില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തുക എന്ന ലക്ഷ്യം കൂടിയുണ്ട് എന്നു സ്വഭാവികമായും കരുതേണ്ടിവരും. രാഷ്ട്രീയം തൊട്ടുകൂടാത്ത മേഖല അല്ല എന്ന സൂചന അദ്ദേഹം നല്‍കുകയും ചെയ്തിട്ടുണ്ട്.

ഈ വസ്തുതകളെല്ലാം പരിഗണിക്കുമ്പോഴാണ് അഴിച്ചുവച്ച കാക്കി കുപ്പായത്തില്‍ നിന്നും അദ്ദേഹം കാവിയിലേക്ക് നീങ്ങുകയാണോയെന്ന് സംശയിക്കേണ്ടിവരുന്നത്. കുമ്മനത്തിനും കൂട്ടര്‍ക്കും സാധിക്കാത്ത ചില കാര്യങ്ങള്‍ നടത്താന്‍ കിരണ്‍ ബേദിയെ പോലെ ഒരാള്‍ വേണം എന്ന് അമിത് ഷാജി തീരുമാനിച്ചിട്ടുണ്ടാവും തീര്‍ച്ച.

Next Story

Related Stories