TopTop

പോലീസ് ഭാഷ്യവുമായി വീണ്ടും പിണറായി; നടന്നത് കൃത്യനിര്‍വഹണമെന്നും വിശദീകരണം

പോലീസ് ഭാഷ്യവുമായി വീണ്ടും പിണറായി; നടന്നത് കൃത്യനിര്‍വഹണമെന്നും വിശദീകരണം
ജിഷ്ണുവിന്റെ അമ്മ മഹിജയെ പോലീസ് ആസ്ഥാനത്ത് വലിച്ചിഴച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധത്തിനിടയിലും പൊലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. സമരത്തിനിടയ്ക്ക് നുഴഞ്ഞു കയറിയ തോക്ക് സ്വാമിയെ പോലുള്ളവരാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് പിണറായി പറഞ്ഞു. സംഭവം അന്വേഷിക്കുമെന്നും ജിഷ്ണുവിന്റെ അമ്മ മഹിജയെ ഇപ്പോള്‍ കാണുന്നില്ലെന്നും പിണറായി വ്യക്തമാക്കി. നുഴഞ്ഞുകയറ്റത്തിന്റെ കാര്യത്തില്‍ ഡിജിപി പറഞ്ഞത് പിണറായി ആവര്‍ത്തിക്കുകയായിരുന്നു

നെഹ്രു കോളേജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യാത്ത പൊലീസ് സമീപനത്തില്‍ പ്രതിഷേധവുമായി തിരുവനന്തപുരം കേരള പൊലീസ് ആസ്ഥാനത്ത് സമരം ചെയ്യാനെത്തിയ അമ്മ മഹിജയെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയും വലിച്ചിഴക്കുകയുമായിരുന്നു. പരിക്കേല്‍ക്കുകയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്ത മഹിജയെ പേരൂര്‍ക്കട ആശുപത്രിയിലേക്ക് മാറ്റി. നിലത്ത് കിടന്ന മഹിജയെ പൊലീസ് ചവിട്ടിയെന്ന് സഹോദരന്‍ ശ്രീജിത്ത് അടക്കമുള്ളവര്‍ ആരോപിച്ചു. ജിഷ്ണുവിന്റെ മാതാപിതാക്കളും ബന്ധുക്കളുമായി പൊലീസ് മുക്കാല്‍ മണിക്കൂറോളം സംഘര്‍ഷത്തിലേര്‍പ്പെട്ടു.

ഡിജിപി ഓഫീസിന് മുന്നില്‍ സമരം ചെയ്യാന്‍ പറ്റില്ലെന്ന് പൊലീസ് രാവിലെ അറിയിച്ചിരുന്നെങ്കിലും സമരവുമായി മുന്നോട്ട് പോകാന്‍ തന്നെയായിരുന്നു ബന്ധുക്കളുടെ തീരുമാനം. തുടര്‍ന്ന് നാടകീയ സംഭവങ്ങളാണ് പൊലീസ് ആസ്ഥാനത്ത് അരങ്ങേറിയത്. നടുറോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ച ജിഷ്ണുവിന്റെ അമ്മ മഹിജയെ പോലീസ് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. ജിഷ്ണുവിന്റെ അമ്മയെയും ബന്ധുക്കളെയും പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. ഇവരെ ആദ്യം പൂജപ്പുര സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇവിടെ നിന്ന് മഹിജയെ ആശുപത്രിയിലേക്ക് മാറ്റി.

പൊലീസ് നടപടിയില്‍ സോഷ്യല്‍ മീഡിയയിലും പുറത്തും വലിയ പ്രതിഷേധമുയര്‍ന്നു. പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച വിഎസ് അച്യുതാനന്ദന്‍ ഡിജിപി ലോക്‌നാഥ് ബെഹ്രയെ ഫോണില്‍ ബന്ധപ്പെട്ട് പ്രതിഷേധമറിയിക്കുകയും കടുത്ത ഭാഷയില്‍ ശകാരിക്കുകയും ചെയ്തു. ജിഷ്ണു കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസിന്, ജിഷ്ണുവിന്‌റെ അമ്മയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകാനാണല്ലോ ഉത്സാഹം എന്ന് വിഎസ് ചോദിച്ചു. ഉപതിരഞ്ഞെടുപ്പ് കാലത്ത് സര്‍ക്കാരിനെ നാണം കെടുത്താനാണോ പൊലീസ് ശ്രമമെന്നും വിഎസ് ചോദിച്ചു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപിയെ ബന്ധപ്പെടുകയും ആശുപത്രിയില്‍ ചെന്ന് മഹിജയെ കാണാന്‍ ആവശ്യപ്പെടുകയും ചെയ്തു.

പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രതിഷേധവുമായി ബിജെപി, കെ എസ് യു പ്രവര്‍ത്തകരെത്തിയിരുന്നു. ഇവരും ഐജി മനോജ് എബ്രഹാമും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. സമരത്തില്‍ നുഴഞ്ഞ് കയറിയവരാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് ആശുപത്രിയിലെത്തി മഹിജയെ സന്ദര്‍ശിച്ച ശേഷം ലോകനാഥ് ബെഹ്ര മാധ്യമങ്ങളോട് പറഞ്ഞു. ജിഷ്ണുവിന്റെ അമ്മയടക്കം ആറ് പേര്‍ക്ക് കാണാന്‍ അനുമതി നല്‍കിയിരുന്നുവെന്നും എന്നാല്‍ എല്ലാവര്‍ക്കും കാണണം എന്ന് പറഞ്ഞ് ബഹളം വച്ചതോടെയാണ് സംഘര്‍ഷമുണ്ടായതെന്നും ലോക്‌നാഥ് ബെഹ്ര പറഞ്ഞു. സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചുവെന്നും സംഭവം അന്വേഷിക്കുമെന്നും ഇന്ന് വൈകുന്നേരത്തിനകം അടിയന്തര റിപ്പോര്‍ട്ട് ഐജിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു. ചാനല്‍ ചര്‍ച്ചയില്‍ പൊലീസ് നടപടിയെ ന്യായീകരിച്ച സിപിഎം എംഎല്‍എ എഎന്‍ ഷംസീര്‍ അടക്കമുള്ളവര്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

ഇതിനിടെ സംഭവത്തെ അപലപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ രംഗത്തെത്തി. കോഴിക്കോട് കളക്ടറേറ്റ് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തി. സംസ്ഥാന വ്യാപകമായി യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. അതേസമയം മലപ്പുറം ജില്ലയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ ബിജെപിയും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.


Next Story

Related Stories