TopTop

പിണറായി, ഇനി താങ്കളുടെ പോലീസ് ഈ അമ്മയെ നിലത്തിട്ട് ചവിട്ടുക കൂടി ചെയ്യട്ടെ

പിണറായി, ഇനി താങ്കളുടെ പോലീസ് ഈ അമ്മയെ നിലത്തിട്ട് ചവിട്ടുക കൂടി ചെയ്യട്ടെ
എൻജിനീയറിങ് വിദ്യാർഥി ജിഷ്ണു പ്രണോയി മരിച്ചിട്ട് 90 ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടുകയോ അന്വേഷണത്തില്‍ യാതൊരു പുരോഗതിയോ ഉണ്ടാകാത്ത സാഹചര്യത്തില്‍ ഡിജിപി ഓഫീസിന് മുന്‍പി‌ല്‍ സമരമിരിക്കാനെത്തിയ ജിഷ്ണുവിന്റെ അമ്മയെയും ബന്ധുക്കളെയും പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. അവരെ ഇപ്പോള്‍ പൂജപ്പുര സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. ഡിജിപി ഓഫീസിന് മുന്‍പി‌ല്‍ സമരം ചെയ്യാന്‍ പറ്റില്ലെന്ന് പോലീസ് രാവിലെ അറിയിച്ചിരുന്നെങ്കിലും സമരവുമായി മുന്‍പോട്ട് പോകാന്‍ തന്നെയായിരുന്നു ബന്ധുക്കളുടെ തീരുമാനം. തുടര്‍ന്ന് നാടകീയ സംഭവങ്ങളാണ് പോലീസ് ആസ്ഥാനത്ത് അരങ്ങേറിയത്. നടുറോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ച ജിഷ്ണുവിന്റെ അമ്മ മഹിജയെ പോലീസ് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു.

അതേ സമയം ജിഷ്ണു പ്രാണോയിയുടെ ദുരൂഹമരണ കേസില്‍ ഒന്നാം പ്രതിയായ നെഹ്‌റു ഗ്രൂപ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്യുകയുണ്ടായി. മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ നാലര മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുകയും ചെയ്തു. കേസിലെ മറ്റ് പ്രതികളായ കോളജിലെ പിആർഒയുമായ സഞ്ജിത്ത് വിശ്വനാഥന്‍, ഇൻവിജിലേറ്റർ പ്രവീൺ, വൈസ് പ്രിൻസിപ്പൽ ശക്തിവേൽ, അധ്യാപകൻ ദിപിൻ എന്നിവരെയൊന്നും പിടികൂടാൻ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല.

പി. കൃഷ്ണദാസിനെ ചോദ്യം ചെയ്തു വിട്ടയച്ച പൊലീസ് നടപടി നാടകമാണെന്നാണ് ജിഷ്ണുവിന്‍റെ അമ്മ മഹിജ മാധ്യമങ്ങളോട് പറഞ്ഞത്. പ്രതികളെ അറസ്റ്റ് ചെയ്യുംവരെ അനിശ്ചിതകാല നിരാഹാരം തുടരുമെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ മാസം നടത്തുമെന്ന് പ്രഖ്യാപിച്ച സമരം ഡിജിപി ജിഷ്ണുവിന്റെ മാതാപിതാക്കളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് മാറ്റി വെയ്ക്കുകയായിരുന്നു. പ്രതികളെ ഉടന്‍ തന്നെ പിടിക്കും എന്നു ഡിജിപി ഉറപ്പ് നല്കിയതയാണ് ജിഷ്ണുവിന്റെ മാതാപിതാക്കള്‍ അന്ന് മാധ്യമങ്ങളോട് പറഞ്ഞത്. അതേ ദിവസം അവര്‍ മുഖ്യമന്ത്രി പിണറായി വിജയനെയും കാണുകയുണ്ടായി. മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും അനുകൂലമായ സമീപനമാണ് ഉണ്ടായത് എന്ന് മഹിജ പറഞ്ഞിരുന്നു.യുവനടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയെയും കൂട്ടാളിയെയും കോടതിയില്‍ കയറി പിടികൂടിയ പോലീസിന് എന്തുകൊണ്ടാണ് ജിഷ്ണു കേസിലെ പ്രതികളെ പിടികൂടാന്‍ സാധിക്കാത്തത് എന്നത് അത്ഭുതമുണ്ടാക്കുന്ന കാര്യമാണ്. നെഹ്രു ഗ്രൂപ്പുമായുള്ള ‘സ്നേഹ സൌഹൃദം’ പ്രതിപക്ഷത്തെയും ബിജെപിയെയും നിശബ്ദരാക്കിയിരിക്കുന്നു. ജിഷ കേസില്‍ കാണിച്ച ഉത്സാഹമൊന്നും മാധ്യമങ്ങളും കാണിക്കുന്നില്ല. തങ്ങള്‍ കൂടെയുണ്ട് തോന്നിപ്പിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ അല്ലാതെ മറ്റൊന്നും കാണാനില്ല. അതും നെഹ്രു ഗ്രൂപ്പിനോടുള്ള കടപ്പാടിന്റെ ഭാഗം തന്നെ ആയിരിക്കാം. ചുരുക്കം ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ മാത്രമാണ് ജിഷ്ണു കേസില്‍ തുടര്‍ച്ചയായി വാര്‍ത്തകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

പരീക്ഷ തിയതി മാറ്റിയതിനെതിരെ ജിഷ്ണു വാട്‌സാപ്പിലൂടെ നടത്തിയ പ്രതികരണങ്ങളും ഇതിനെതിരെ വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളൂം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. മാനേജ്‌മെന്റിനെതിരെ തെളിവില്ലെന്ന് ആവര്‍ത്തിച്ചിരുന്ന അന്വേഷണ സംഘത്തിന് ഈ സന്ദേശങ്ങള്‍ കേസന്വേഷണത്തില്‍ നിര്‍ണായകമാകേണ്ടതാണ്. എന്തായാലും ഇന്നലത്തെ പി കൃഷ്ണദാസിന്റെ അറസ്റ്റ് ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണോ എന്ന് വ്യക്തമല്ല.

ചൊവ്വാഴ്ച വൈകീട്ട് നാലരയോടെ ഇരിങ്ങാലക്കുട എ.എസ്.പി ഓഫിസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തത്. ഏകദേശം നാല് മണിക്കൂറോളം ചോദ്യം ചെയ്തു രാത്രി ഒമ്പതരയോടെ വിട്ടയക്കുകയായിരുന്നു. ജിഷ്ണുവിന്റെ മരണത്തില്‍ കൃഷ്ണദാസിന്റെ പങ്ക് തെളിയിക്കുന്നതിനാവശ്യമായ തെളിവുകളില്ലെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി കൃഷ്ണദാസിന് മുൻകൂർ ജാമ്യം അനുവദിച്ചത്. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും അതും തള്ളിപ്പോവുകയായിരുന്നു.

മുൻകൂർ ജാമ്യമുള്ളതിനാൽ ജിഷ്ണു കേസിൽ അറസ്റ്റ് ചെയ്യാനാവില്ലെന്ന വിലയിരുത്തലിനെ തുടർന്നായിരുന്നു ലക്കിടി കോളജിലെ വിദ്യാർഥിയെ മർദിച്ചുവെന്ന കേസിൽ കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തത്. ലക്കിടി നെഹ്രു അക്കാദമിക് ലോ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു ഷഹീര്‍ എന്ന വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസിലാണ് കൃഷ്ണദാസ് അറസ്റ്റിലായത്. ജനുവരി രണ്ടിന് പാമ്പാടി നെഹ്രു കോളേജിലെ തന്റെ മുറിയില്‍ വിളിച്ചുവരുത്തി ചെയര്‍മാനും പിആര്‍ഒ സഞ്ജിത്ത് വിശ്വനാഥനും മറ്റ് ചിലരും ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചതായി വിദ്യാര്‍ത്ഥിയുടെ പരാതി. എന്നാല്‍ പോലീസിനെ ശക്തമായി വിമര്‍ശിച്ച് ആ കേസിലും കൃഷ്ണദാസിന് ജാമ്യം ലഭിക്കുകയായിരുന്നു.

ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണം കേരള രാഷ്ട്രീയത്തിലും വിദ്യാഭ്യാസ മേഖലയിലും ഉണ്ടാക്കിയ അലയൊലികള്‍ ചെറുതല്ല. അതിനെ തുടര്‍ന്ന് കേരളത്തിലെ സ്വാശ്രയ മേഖലയില്‍ സമര കൊടുങ്കാറ്റ് തന്നെയുണ്ടായി. തലസ്ഥാനത്തെ പ്രമുഖ കലാലയമായ ലോ അക്കാദമി സമരം പോലും ജിഷ്ണു പ്രണോയിയുടെ മരണം ഉണ്ടാക്കിയ പ്രതിഷേധത്തില്‍ നിന്നു ഉരുവം കൊണ്ടതാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ ആവശ്യത്തിന് അനുസരിച്ചു ഈ സമരണങ്ങളെ ഉപയോഗിച്ചു. ലോ അക്കാദമി സമരം കഴിഞ്ഞപ്പോള്‍ അടുത്ത സമരം പമ്പാടിയിലേക്ക് എന്ന് പറഞ്ഞു ബിജെപി നേതാവ് വി മുരളീധരനും കെപിസിസിയുടെ മുന്‍ പ്രസിഡണ്ട് വി എം സുധീരനും ഒക്കെ വളയത്ത് ജിഷ്ണുവിന്റെ മാതാപിതാക്കളെ കാണുകയുണ്ടായതാണ്. ഇതിനിടയില്‍ വി എസ് അച്ചുതാനന്ദനും ജിഷ്ണുവിന്റെ വീട് സന്ദര്‍ശിക്കുകയും പ്രതികളെ ഉടന്‍ പിടികൂടണം എന്നാവശ്യപ്പെടുകയും ചെയ്തു.

എന്നിട്ടും യാതൊരു ഫലവും ഇല്ല എന്ന് വന്നതോടെയാണ് ജിഷ്ണുവിന്റെ അമ്മയ്ക്ക് മകന്‍ പോയതിന്റെ വേദന അടങ്ങുന്നതിന് മുന്‍പ് സമരമിരിക്കേണ്ടി വന്നിരിക്കുന്നത്. പെരുമ്പാവൂരിലെ ഒരമ്മയുടെ പേര് പറഞ്ഞു അധികാരത്തിലേറിയ ഒരു സര്‍ക്കാര്‍ മറ്റൊരമ്മയുടെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ ചൂളുകയാണ്. നിരന്തരം വിമര്‍ശന വിധേയമാവുന്ന പോലീസിന്റെ മാനം രക്ഷിക്കാനെങ്കിലും പ്രതികളെ പിടികൂടുവാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാകുമോ എന്നാണ് പൊതുസമൂഹം ഉറ്റുനോക്കുന്നത്.

Next Story

Related Stories