TopTop

ഭരണകൂടവും മാധ്യമങ്ങളും തിരിഞ്ഞുനോക്കാതെ നാലു വര്‍ഷം പിന്നിട്ട് ഒരു സമരം; മലബാര്‍ ഗോള്‍ഡിന്റെ ആഭരണ നിര്‍മ്മാണശാലയ്ക്കെതിരെ പ്രതിഷേധം കടുപ്പിച്ച് സമരസമിതി

ഭരണകൂടവും മാധ്യമങ്ങളും തിരിഞ്ഞുനോക്കാതെ നാലു വര്‍ഷം പിന്നിട്ട് ഒരു സമരം; മലബാര്‍ ഗോള്‍ഡിന്റെ ആഭരണ നിര്‍മ്മാണശാലയ്ക്കെതിരെ പ്രതിഷേധം കടുപ്പിച്ച് സമരസമിതി
കാക്കഞ്ചേരിയിലെ ജനകീയ സമരം നാലു വര്‍ഷം പിന്നിട്ടിരിക്കുന്നു. ആ പ്രദേശത്തെ ജനങ്ങള്‍, ഒരിക്കല്‍കൂടെ, സമരപ്പന്തലില്‍ ഒത്തുകൂടി. വിദ്യാഭ്യാസ ആവശ്യത്തിന് ജനങ്ങളില്‍നിന്ന് ഏറ്റെടുത്ത ഭൂമിയില്‍ റെഡ് കാറ്റഗറിയില്‍ പെട്ട വിഷമലിനീകരണ ഫാക്ടറി തുടങ്ങാനുള്ള നീക്കം തടയണമെന്ന് ആവര്‍ത്തിച്ചാവശ്യപ്പെട്ടു. ഭീഷണികളേയും പ്രലോഭനങ്ങളേയും അതിജീവിച്ച്‌, അപവാദങ്ങളിലും അവഗണനകളിലും തളരാതെ ഒരു ജനത പ്രതിരോധത്തിന്‍റെ കോട്ടമതില്‍ തീര്‍ക്കുകയാണ്. ഐക്യപ്പെടാത്ത ആളുകളോ പ്രസ്ഥാനങ്ങളോ ഇല്ല. ഭരണാധികാരികള്‍ക്കും മാധ്യമങ്ങള്‍ക്കും മാത്രമാണ് അന്ധത ബാധിച്ചിട്ടുള്ളത്. നാലു വര്‍ഷം നീണ്ട സമരം പരിഗണിക്കാനോ പരിഹാരം കാണാനോ കാര്യമായ ശ്രമങ്ങളൊന്നും ഉണ്ടായിട്ടില്ല.

2003-ല്‍ രാജ്യത്തെ ആദ്യ ഫുഡ്‌ പാര്‍ക്കായി പ്രഖ്യാപിച്ച കാക്കഞ്ചേരിയിലെ കിഫ്ര ഫുഡ്‌ പാര്‍ക്കില്‍ അതീവ വിഷാംശമുള്ള രാസവസ്തുക്കള്‍ ഉപയോഗിക്കുന്ന റെഡ് കാറ്റഗറിയില്‍പെട്ട ഒരു വ്യവസായ സംരംഭം തുടങ്ങാനുള്ള നീക്കമാണ് ബഹുജന പ്രതിഷേധത്തിന് ഇടയാക്കിയത്. വലിയ ജനസാന്ദ്രതയുള്ള, ഒട്ടേറെ ഭക്ഷ്യോത്പാദന യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥലത്ത് അതിമാരകമായ ആസിഡും, രാസ-ലോഹ മാലിന്യങ്ങളും, മലിന ജലവും ഒഴുക്കുന്ന ഒരു സ്വര്‍ണ്ണാഭരണ നിര്‍മ്മാണ ശാലക്ക് സ്ഥലം അനുവദിച്ചതു മുതല്‍ തുടങ്ങുന്ന നിയമ ലംഘനങ്ങളുടെ നീണ്ട നിരതന്നെ കാണാം. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെക്കാള്‍ വലിയ ആഘാതമാകും അതുണ്ടാക്കുക എന്ന തിരിച്ചറിവാണ് നാലു വര്‍ഷം പിന്നിടുമ്പോഴും ജനങ്ങളെ സമരനിരതരാക്കുന്നത്.

ക്രമക്കേടുകളുടെ നീണ്ട നിര

ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആക്ട് പ്രകാരം സ്ഥലം ഏതെങ്കിലും ആവശ്യത്തിനായി നീക്കിവച്ചിട്ടുണ്ടെങ്കില്‍ അത് ആ പ്രത്യേക ആവശ്യത്തിന് മാത്രം ഉപയോഗിക്കണം എന്നാണ് നിയമം. എന്നാല്‍ കിന്‍ഫ്രയുടെ ഏറ്റവും കണ്ണായ ഈ സ്ഥലം ഉപാധികളോടെ വ്യാവസായികാവശ്യത്തിനായി നല്‍കാന്‍ ടെന്‍ഡര്‍ ക്ഷണിക്കുകയായിരുന്നു. മലബാര്‍ ഗോള്‍ഡ് മാത്രമാണ് ടെന്‍ഡര്‍ സമര്‍പ്പിച്ചത്. ‘മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെയോ ഫയര്‍ ആന്‍ഡ് സേഫ്റ്റിയുടെയോ പഞ്ചായത്തിന്‍റെയോ അംഗീകാരം വാങ്ങിയാവണം കെട്ടിടനിര്‍മ്മാണം ആരംഭിക്കേണ്ടത് എന്ന വ്യവസ്ഥയിരിക്കെ ഈ നിബന്ധനകളൊന്നും പാലിക്കാതെയാണ് ഭക്ഷ്യ സംസ്‌ക്കരണ യൂണിറ്റുകള്‍ക്കും അനുബന്ധ വ്യവസായങ്ങള്‍ക്കും വേണ്ടി മാത്രമായി നിര്‍മ്മിച്ച കിന്‍ഫ്രയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മലബാര്‍ ഗോള്‍ഡ്‌ ശ്രമം തുടങ്ങിയത്’
എന്ന് കാക്കഞ്ചേരി പരിസ്ഥിതി സംരക്ഷണ സമിതി പ്രസിഡന്‍റ് എ. ബാലകൃഷ്ണന്‍ പറയുന്നു.

സ്വര്‍ണ്ണ ശുദ്ധീകരണവും ആഭരണനിര്‍മ്മാണവും നടത്തുന്ന സ്ഥാപനങ്ങള്‍ നിലവിലുള്ള നിയമങ്ങള്‍ അനുസരിക്കുകയാണെങ്കില്‍ വിജനമായ പ്രദേശത്തേ ആരംഭിക്കാനാവൂ. റെഡ് കാറ്റഗറിയില്‍പെട്ട ഒരു വ്യവസായ സംരംഭം തുടങ്ങുകയാണെങ്കില്‍ അതിന്‍റെ നൂറു മീറ്റര്‍ ചുറ്റളവിനുള്ളില്‍ വീടുകളോ ആള്‍ത്താമസമോ പാടില്ല. എന്നാല്‍ ദേശീയപാതയ്ക്കടുത്ത് സര്‍വ്വകലാശാലാ കാമ്പസിനോടു ചേര്‍ന്ന് ജനസാന്ദ്രതയേറിയ ഒരിടംതന്നെ സ്വര്‍ണ്ണാഭരണ നിര്‍മ്മാണത്തിന് തെരഞ്ഞെടുക്കപ്പെട്ടു. ഈ സ്ഥാപനം നിലവില്‍ വന്നുകഴിഞ്ഞാല്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ‘നീറി’യോട് (നാഷണല്‍ എന്‍വിറോണ്‍മെന്‍റല്‍ എന്ജിനിയറിങ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്) ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

സ്പോണ്‍സര്‍: മലബാര്‍ ഗോള്‍ഡ്‌

‘നീറി’ ഹൈക്കോടതയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ തലക്കെട്ടുതന്നെ ‘സ്പോണ്‍സര്‍: മലബാര്‍ ഗോള്‍ഡ്‌’ എന്നായിരുന്നു. അവഗണിക്കാവുന്ന മലിനീകരണമേ ഈ കമ്പനിയില്‍ നിന്നും ഉണ്ടാവുകയുള്ളൂ എന്നാണ് റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം. ‘മലബാര്‍ ഗോള്‍ഡുമായി നടത്തിയ ചര്‍ച്ചകളുടേയും അവര്‍ നല്‍കിയ രേഖകളുടേയും അടിസ്ഥാനത്തില്‍ മാത്രമാണ് പഠനം നടത്തിയത് എന്ന് റിപ്പോര്‍ട്ടില്‍ അവര്‍ പറയുന്നുണ്ട്’
എന്ന് പരിസ്ഥിതി സംരക്ഷണ സമിതി സെക്രട്ടറി എന്‍. ഷെരീഫ് വ്യക്തമാക്കുന്നു. ‘പരാതിക്കാരായ രണ്ട് കമ്പനികളോടോ, നാലു വര്‍ഷമായി സമരരംഗത്തുള്ള ഞങ്ങളോടോ നീറി ഒന്നും ചോദിച്ചിട്ടില്ല. മലബാര്‍ ഗോള്‍ഡ്‌ സ്പോണ്‍സര്‍ ചെയ്ത റിപ്പോര്‍ട്ട് അവര്‍ക്ക് വേണ്ടി മാത്രമുള്ളതാണ് എന്നതിനെ ആര്‍ക്കാണ് സംശയിക്കാതിരിക്കാന്‍ സാധിക്കുക?’.

https://www.azhimukham.com/kinfra-food-park-malabar-gold-kakkancheri-gold-ornaments-manufacturing-factory-environment-protection-protest/

എന്നാല്‍ റിപ്പോര്‍ട്ട് അംഗീകരിച്ച ഹൈക്കോടതി കമ്പനിക്ക് പ്രവര്‍ത്തനാനുമതി നല്‍കിക്കൊണ്ട് കഴിഞ്ഞ നവംബര്‍ മാസത്തില്‍ ഉത്തരവിട്ടിരുന്നു. മലിനീകരണ നിയമങ്ങള്‍ പാലിക്കുന്നുണ്ട് എന്ന് പോല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ഉറപ്പു വരുത്തണമെന്നും, അത് ലംഘിച്ചാല്‍ മാത്രമേ പരാതി ഉന്നയിക്കാന്‍ അവകാശമുള്ളൂ എന്നും കോടതി പറഞ്ഞു. നേരത്തെ കോഴിക്കോട്ടെ തിരുവണ്ണൂരില്‍ മലബാര്‍ ഗോള്‍ഡ് തന്നെ പ്രതിദിനം മൂന്ന് കിലോ സ്വര്‍ണ്ണാഭരണം നിര്‍മ്മിക്കാന്‍ തക്ക ശേഷിയുള്ള ഒരു ആഭരണനിര്‍മ്മാണ ശാല സ്ഥാപിച്ചിരുന്നു. അന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് 'റെഡ്' ക്യാറ്റഗറി പെര്‍മിഷനാണ് കൊടുത്തത്. പിന്നീട് അത് 'ഗ്രീന്‍' ക്യാറ്റഗറി ആക്കി മാറ്റി. പ്രവര്‍ത്തനം തുടങ്ങി ആറ് മാസത്തിനുള്ളില്‍ തന്നെ ആ പ്രദേശത്തെ കിണറുകളും മറ്റു ജലസ്രോതസ്സുകളുമെല്ലാം മലിനമായി. ശക്തമായ ബഹുജനപ്രതിഷേധത്തെ തുടര്‍ന്ന് പ്ലാന്‍റ് അടച്ചുപൂട്ടേണ്ടിയും വന്നു. മൂന്ന് കിലോ നിര്‍മ്മാണശേഷിയുള്ള ആഭരണ നിര്‍മ്മാണശാല ചരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിനാശകാരിയായിത്തീര്‍ന്നുവെങ്കില്‍ നൂറ്റിയിരുപത് കിലോ ഉല്‍പ്പാദനശേഷിയുള്ള ഒരു പ്ലാന്റ് എത്രത്തോളം മാരകമാവുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

ഹൈക്കോടതി വിധിയില്‍ തങ്ങള്‍ ഒട്ടും വ്യാകുലപ്പെടുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. സമരരംഗത്ത് ഉറച്ചു നില്‍ക്കുവാന്‍ തന്നെയാണ് അവരുടെ തീരുമാനം. ബ്രഡ്ഡും ഐസ്‌ക്രീമും വെളിച്ചെണ്ണയുമെല്ലാം ഉല്‍പ്പാദിപ്പിക്കുന്നിടത്തുതന്നെ മെര്‍ക്ക്യൂറിയും സള്‍ഫ്യുറിക്ക് ആസിഡുമൊക്കെ ഉപയോഗിക്കുന്ന ഒരു പ്ലാന്‍റ് വരുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരും. ശുഭപ്രതീക്ഷകളോടെ അവര്‍ പോരാട്ടത്തിന്‍റെ പുതുവർഷത്തിലേക്ക്‌ പ്രവേശിക്കുകയാണ്.

https://www.azhimukham.com/kakkancheri-people-protest-malabar-gold-synthite-factory-environment-sufad/

https://www.azhimukham.com/malabar-gold-ornament-manufacturing-factory-kakkancheri-kinfra-pollution-protest/

Next Story

Related Stories