TopTop
Begin typing your search above and press return to search.

കണ്ണൂര്‍ വിമാനത്താവളത്തിന് വേണ്ടി മഴയത്തും വെയിലത്തും പണിയെടുത്ത തങ്ങളെ വഞ്ചിക്കുകയാണ് കിയാല്‍

കണ്ണൂര്‍ വിമാനത്താവളത്തിന് വേണ്ടി മഴയത്തും വെയിലത്തും പണിയെടുത്ത തങ്ങളെ വഞ്ചിക്കുകയാണ് കിയാല്‍

'വല്ലാത്ത ബുദ്ധിമുട്ട് സഹിച്ച് ജോലി ചെയ്തവരാണ് ഞങ്ങള്‍. വെയിലും മഴയും നോക്കാതെ പണിയെടുത്തു. ചളിയില്‍ നിന്ന് കാലിന് രോഗം വന്ന് നടക്കാന്‍ പോലും കഷ്ടപ്പെട്ടു. ഞങ്ങള്‍ പത്തു പേര്‍ മൂന്നുമാസം വിശ്രമമില്ലാതെ ജോലി ചെയ്തിട്ടാണ് ആ ചെളി മുഴുവന്‍ മാറ്റിക്കളഞ്ഞത്. ഞങ്ങള്‍ക്ക് പണി തന്നിട്ടേ വേറെയാളെ എടുക്കൂ എന്നാണ് അന്നൊക്കെ പറഞ്ഞത്. ഇപ്പൊ പറയുന്നു ഞങ്ങള്‍ക്ക് വയസ്സായിപ്പോയെന്ന്.'

കണ്ണൂര്‍ വിമാനത്താവളത്തിനു വേണ്ടി മാസങ്ങളോളമായി ജോലി ചെയ്യുന്ന കൗസല്യയുടെ വാക്കുകളാണ്. വിമാനത്താവളത്തിന് തൊട്ടടുത്ത് താമസിക്കുന്ന കൗസല്യയെപ്പോലുള്ള ഒട്ടനവധി പേര്‍ കിയാല്‍ (KIAL) തങ്ങള്‍ക്കു നല്‍കിയ വാക്കു പാലിക്കണമെന്ന ആവശ്യവുമായി പ്രതിഷേധത്തിലാണിപ്പോള്‍. പ്രദേശവാസികളായ തൊഴിലാളികളെ വിമാനത്താവളത്തിലെ ശുചീകരണമടക്കമുള്ള ജോലികള്‍ക്ക് ആദ്യം പരിഗണിക്കുമെന്ന് തങ്ങള്‍ക്കു നല്‍കിയ ഉറപ്പ് പെട്ടന്നില്ലാതായതിന്റെ കാരണമന്വേഷിക്കുന്നു ഇവര്‍. 178 തൊഴിലാളികളുടെ ഭാവിയാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്.

കൗസല്യയടക്കം അനവധി തൊഴിലാളികള്‍ മാസങ്ങളോളമായി വിമാനത്താവളത്തിനു വേണ്ടി കരാറുകാര്‍ക്കൊപ്പം ജോലി ചെയ്യുന്നു. നിര്‍മാണഘട്ടം മുതല്‍ ആവശ്യമായിരുന്ന മണ്ണെടുപ്പും മറ്റു ജോലികളും ചെയ്തിരുന്ന ഇവര്‍ക്ക്, ജോലി സ്ഥിരപ്പെടുത്തിക്കൊടുക്കാമെന്നും വാഗ്ദാനമുണ്ടായിരുന്നു. ജോലിയാവശ്യത്തിനെന്ന പേരില്‍ അപേക്ഷകള്‍ ധാരാളം ഒപ്പിട്ടു വാങ്ങുകയും യൂണിഫോമിന്റെ അളവു വരെ എടുക്കുകയും ചെയ്ത ശേഷം ഇപ്പോഴിവര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം എട്ടാം തീയതി വരെ ജോലിക്കെത്തിയാല്‍ മതിയെന്നാണ്. ഇത്രനാള്‍ കഠിനമായി അധ്വാനിച്ച് തങ്ങള്‍ ചെയ്തുകൊണ്ടിരുന്ന ജോലി ചെയ്യാന്‍ ഉദ്ഘാടനത്തിനു ശേഷം ദൂരസ്ഥലങ്ങളില്‍ നിന്നും ആളുകളെത്തുന്നത് കാണേണ്ടി വരുമെന്ന മാനസിക പ്രയാസത്തിലാണ് തൊഴിലാളികള്‍.

'ഇവിടെത്തന്നെ ഉറപ്പായിട്ടും പണിതരും എന്നാണ് ആദ്യം ജോലിക്ക് കയറുമ്പോള്‍ ഞങ്ങളോടു പറഞ്ഞിരുന്നത്. ഗാര്‍ഡനില്‍ ചെടികള്‍ നട്ടുപിടിപ്പിക്കുന്നതു പോലുള്ള ജോലികളാണ് ഞാന്‍ അവിടെ ചെയ്തിരുന്നത്. അഞ്ചെട്ടു മാസത്തോളം ജോലി ചെയ്തു. ഇപ്പോള്‍ നോക്കുമ്പോള്‍ എല്‍ ആന്‍ഡ് ടിയുടെ തൊഴിലാളികളെയൊന്നും അവര്‍ എടുത്തിട്ടില്ല. എല്‍. ആന്‍ഡ് ടിയുടെ ജോലിക്കാരെ വേറെത്തന്നെ ഇന്റര്‍വ്യൂവിനു വിളിക്കുമെന്നും പറഞ്ഞു. പറഞ്ഞ ദിവസം ഇന്റര്‍വ്യൂവിന് പോയപ്പോള്‍ ഞങ്ങളോട് അവര്‍ ചോദിച്ചത്, 'നിങ്ങളോടാരാ ഇങ്ങോട്ടു വരാന്‍ പറഞ്ഞത്' എന്നാണ്.

ഞങ്ങള്‍ കുറച്ചു പേരുടെ കടലാസ്സുകള്‍ മാറ്റിവച്ചിരിക്കുകയാണെന്നും നോക്കാമെന്നുമൊക്കെയാണ് പറയുന്നത്. വിമാനത്താവളത്തിന്റെ ഏറ്റവും അടുത്തു താമസിക്കുന്നവരാണ് ഞങ്ങള്‍. ഇതിന്റെ എല്ലാ ദുരിതവും അനുഭവിക്കുന്നവരാണ്. ഇപ്പോള്‍ത്തന്നെ കിണറിലെ വെള്ളത്തിന് രുചിവ്യത്യാസമുണ്ട്. ഓരോ വീട്ടിലും ഓരോ തരം പ്രശ്‌നങ്ങളാണ്. ഇതൊക്കെ ഉണ്ടാകുമെന്നറിഞ്ഞിട്ടും ഭൂമി വിട്ടുകൊടുത്ത് വിമാനത്താവളത്തിന് സൗകര്യം ചെയ്തു കൊടുത്തത് ഞങ്ങള്‍ നാട്ടുകാരാണ്. അങ്ങിനെയുള്ള പരിസരവാസികളെ ജോലിക്കെടുക്കില്ലെന്ന് പറഞ്ഞാലെങ്ങനെയാണ്? ഇത്രനാളും വെയിലത്തു നിന്നു പണിയെടുക്കാമെങ്കില്‍ ഇനിയും ഞങ്ങള്‍ക്ക് അതിനു സാധിക്കില്ലേ?' തൊഴിലാളികളിലൊരാളായ പ്രീത ചോദിക്കുന്നതിങ്ങനെ.

വിഷയം കാര്യമായെടുക്കണമെന്ന ചിന്ത ശക്തമായതോടെ, കഴിഞ്ഞ ദിവസം തൊഴിലാളികളുടെ നേതൃത്വത്തില്‍ വിമാനത്താവളത്തിന്റെ കവാടം ഉപരോധിച്ചിരുന്നു. ആവശ്യപ്പെട്ട രേഖകളെല്ലാം സമര്‍പ്പിച്ച് അഭിമുഖത്തിന് ഹാജരായിട്ടും, പ്രദേശവാസികളെ പരിഗണിക്കുന്നില്ലെന്ന കാരണം മുന്‍നിര്‍ത്തി ഡി.വൈ.എഫ്.ഐ കല്ലേരിക്കര യൂണിറ്റിന്റേയും ഐശ്വര്യ വായനശാലയുടേയും നേതൃത്വത്തിലായിരുന്നു ഉപരോധം. പൊലീസ് ഇടപെട്ടതിനെത്തുടര്‍ന്ന് രണ്ടു മണിക്കൂറിനുള്ളില്‍ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു. കിയാല്‍ എം.ഡിക്ക് നിവേദനം നല്‍കി പിരിഞ്ഞ തൊഴിലാളികള്‍, തങ്ങള്‍ക്ക് അനുകൂലമായ നീക്കമുണ്ടാകുമെന്ന പ്രതീക്ഷയാണ് പങ്കുവയ്ക്കുന്നത്.

സമരത്തിനു നേതൃത്വം നല്‍കിയ ഐശ്വര്യ വായനശാലയുടെ സെക്രട്ടറിയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനുമായ പ്രദീപ് പറയുന്നതിങ്ങനെ:

'വിമാനത്താവളം പ്രവര്‍ത്തനമാരംഭിച്ചു കഴിയുമ്പോള്‍ ജോലി നല്‍കാമെന്ന് അവര്‍ക്ക് വാക്കു നല്‍കിയിരുന്നു. ഇന്റര്‍വ്യൂവിനൊക്കെ പങ്കെടുപ്പിക്കുകയും ചെയ്തു. അതിനു പുറമേ ജോലിയാവശ്യത്തിനായി രണ്ടായിരം രൂപയോളം മുടക്കി പുതിയ ബാങ്ക് അക്കൗണ്ടും എടുപ്പിച്ചു. യൂണിഫോമിന്റേയും ഷൂവിന്റെയുമെല്ലാം അളവു പോലും എടുത്തു കഴിഞ്ഞിരുന്നു. ഇപ്പോള്‍ അവരെ പരിഗണിക്കാതെ, മറ്റു ദൂരസ്ഥലങ്ങളില്‍ നിന്നുള്ളവരെ ജോലിക്കെടുത്തിരിക്കുകയാണ്. മാസങ്ങളോളമായി മഴയും വെയിലു കൊണ്ട് പണിയെടുക്കുന്ന 178 പേര്‍ക്കാണ് ഇപ്പോള്‍ ഈയവസ്ഥയുണ്ടായിരിക്കുന്നത്. തൊഴിലാളികള്‍ ഒപ്പിട്ട നിവേദനം കിയാല്‍ അധികൃതര്‍ക്കു നല്‍കിയിരുന്നു. ഒന്‍പതാം തീയതി വരെ എം.ഡിക്ക് തിരക്കാണെന്നും, അതു കഴിഞ്ഞ് ചര്‍ച്ചയ്ക്കിരിക്കാമെന്നുമാണ് അവിടെ നിന്നും ലഭിച്ച മറുപടി. എത്രത്തോളം പ്രാവര്‍ത്തികമാണെന്നറിയില്ല. കിയാലില്‍ നിന്നും കോണ്‍ട്രാക്ട് എടുത്തിട്ടുള്ളവരാണ് ഇപ്പോള്‍ പുറത്തു നിന്നും ആളെയെത്തിക്കുന്നത്. എം.ഡിയുടെ വാക്കിന്റെ ഉറപ്പില്‍ ഉദ്ഘാടനം വരെ നോക്കാമെന്നാണ് തീരുമാനം. എല്ലാവരും പ്രതിഷേധത്തില്‍ത്തന്നെയാണ്. എങ്കിലും അധികൃതര്‍ വേണ്ട നടപടിയെടുക്കുമെന്ന പ്രതീക്ഷയുണ്ട്.'

പ്രതിഷേധം ശക്തമായിട്ടും, ജോലി കിട്ടില്ലെന്ന അവസ്ഥ വന്നിട്ടും ഇപ്പോഴും വിമാനത്താവളത്തില്‍ത്തന്നെ ജോലിക്കു പോകുന്നവരുണ്ടെന്ന് പ്രീത പറയുന്നു. വിമാനത്താവളത്തില്‍ പ്രവേശിക്കാന്‍ പത്താം തീയതി വരെയുള്ള പാസ്സാണ് തങ്ങള്‍ക്കു നല്‍കിയിരിക്കുന്നതെന്നും, അതിനു ശേഷം ജോലിയുണ്ടാകില്ല എന്ന സൂചന തന്നെയാണ് ലഭിക്കുന്നതെന്നും രണ്ടാഴ്ചയോളമായി ദിവസക്കൂലിക്ക് തൊഴിലെടുക്കുന്ന കൗസല്യയും പറയുന്നുണ്ട്. ഉദ്ഘാടനത്തിനു മുന്നോടിയായ അറ്റകുറ്റപ്പണികള്‍ക്ക് ആളെ വേണം എന്നു കേട്ടപ്പോള്‍ കൗസല്യയും പോകുകയായിരുന്നു.

'ഇപ്പോഴും അവിടെത്തന്നെ ജോലിക്കു പോകുന്നവരുണ്ട്. നീട്ടിക്കിട്ടില്ല എന്നു തോന്നിയതോടെ ഞാന്‍ പോക്ക് നിര്‍ത്തി. എട്ടാം തീയതി വരെ ജോലിയെടുത്ത ശേഷം പൊയ്‌ക്കൊള്ളാനാണ് ഇപ്പോള്‍ അവിടെ ജോലി ചെയ്യുന്നവരോടെല്ലാം പറഞ്ഞിരിക്കുന്നത്. അഥിനു ശേഷം അവരെ ജോലിക്കെടുക്കില്ലത്രേ. സ്ഥിരപ്പെടുന്നില്ലെങ്കില്‍ പോകേണ്ടെന്നും, പോകാതിരുന്നാലേ അവര്‍ ശ്രദ്ധിക്കൂ എന്നും ഞാന്‍ പറഞ്ഞുനോക്കി. ജോലിയുള്ളത്ര കാലം ചെയ്യാമെന്നു കരുതി പോകുന്നവരാണ് അവരൊക്കെ. എല്ലാവരും സാമ്പത്തിക ബുദ്ധിമുട്ടിലാണ്. ഇപ്പോള്‍ കിട്ടുന്ന ദിവസക്കൂലി എല്ലാവര്‍ക്കും വളരെ വലുതാണ്.' പ്രീത ചൂണ്ടിക്കാട്ടുന്നു.

സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണമാണ് ഇപ്പോഴും അവിടെ ജോലിയെടുക്കുന്നതെന്ന് കൗസല്യയും ലതയുമടക്കമുള്ള തൊഴിലാളികള്‍ സമ്മതിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന ഉപരോധത്തിനു ശേഷവും ഇവര്‍ നേരെ പോയത് ജോലിയെടുക്കാന്‍ തന്നെയായിരുന്നു. തൊഴിലാളികളുടെ പ്രായമാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്ന പ്രശ്‌നങ്ങളിലൊന്നെന്ന് പ്രീത വിശദീകരിക്കുന്നുണ്ട്. നിലവില്‍ വിമാനത്താവളത്തിലെ ശുചീകരണത്തൊഴിലടക്കം ചെയ്യുന്നവരില്‍ അറുപതു വയസ്സുവരെ പ്രായമുള്ള സ്ത്രീകളുണ്ട്. പ്രായവുമായി ബന്ധപ്പെട്ട നിബന്ധനകള്‍ ജോലിക്ക് ചേരുമ്പോള്‍ ആരും പറഞ്ഞിരുന്നില്ലെന്നും, പണികളെല്ലാം പൂര്‍ത്തിയായപ്പോള്‍ 'ഇനി നിങ്ങള്‍ക്കിവിടെ ജോലിയില്ലെ'ന്നു പറയുന്നത് എന്തു നീതിയാണെന്നും പ്രീതയും മറ്റുള്ളവരും ചോദിക്കുന്നു.

'ജോലി കിട്ടുന്നതു വരെ പ്രതിഷേധവുമായി മുന്നോട്ടു പോകണമെന്നുണ്ട്. ഉദ്ഘാടനം വരെ കാക്കാനാണ് അധികൃതരെല്ലാം പറയുന്നത്. അതിന്റെ കാരണവും നമുക്കറിയാം. ഉദ്ഘാടന സമയത്തെ അലങ്കാരങ്ങളും മറ്റു പരിപാടികളും പ്രദേശവാസികളുടെ സഹകരണമില്ലാതെ മുന്നോട്ടു പോകില്ലല്ലോ. നമ്മള്‍ ഉപരോധവും കൊണ്ട് നിന്നു കഴിഞ്ഞാല്‍ എല്ലാം ബുദ്ധിമുട്ടിലാകും. അതുകൊണ്ട് ഒന്‍പതാം തീയതി എന്നൊരു വാക്ക് അവര്‍ പറയുന്നു എന്നേയുള്ളൂ, ഉറപ്പൊന്നും തന്നിട്ടില്ല. പരിഗണിക്കാന്‍ നോക്കാമെന്നേ ഇപ്പോഴും പറയുന്നുള്ളൂ. എം.ഡിയെ ഒന്നു കാണാനുള്ള സൗകര്യം പോലും ഞങ്ങള്‍ക്ക് ഒരുക്കിത്തന്നില്ല.

പൊലീസ് ഇടപെട്ടു സംസാരിച്ചതുകൊണ്ടാണ് സമരമവസാനിപ്പിച്ചത്. പ്രശ്‌നമെന്തെങ്കിലുമുണ്ടായാല്‍, അഥവാ ജോലി കിട്ടുകയാണെങ്കില്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റു പോലുള്ള കാര്യങ്ങള്‍ക്ക് ബുദ്ധിമുട്ടാകും എന്ന് അവര്‍ പറഞ്ഞതുകൊണ്ട് ഞങ്ങള്‍ തിരിച്ചുപോന്നതാണ്.'

കണ്ണൂരില്‍ വിമാനത്താവളം വരാന്‍ തന്റെ ഒരേക്കര്‍ സ്ഥലമാണ് പ്രീത വിട്ടുകൊടുത്തത്. സര്‍ക്കാര്‍ നല്‍കിയ പത്തുസെന്റ് ഭൂമിയിലാണ് ഇപ്പോള്‍ താമസം. പ്രദേശവാസികള്‍ക്ക് ജോലിയില്ലാത്തതിനെക്കുറിച്ച് പരാതി പറയുമ്പോഴും, സ്ഥലമേറ്റെടുത്തപ്പോള്‍ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളെല്ലാം കൃത്യമായിത്തന്നെ നിറവേറ്റിയിട്ടുണ്ടെന്നും പ്രീത കൂട്ടിച്ചേര്‍ക്കുന്നു. വീടു പോയവര്‍ക്ക് പകരം സ്ഥലം, വീട്ടിലൊരാള്‍ക്ക് ജോലി എന്നിവയെല്ലാം ഇവര്‍ക്കു ലഭിച്ചിട്ടുണ്ട്. എന്നാല്‍, വെയിലും മഴയും കൊണ്ട് ഇത്രനാള്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന കൊടുക്കണമെന്നാണ് പ്രീതയടക്കം എല്ലാവരുടേയും പക്ഷം.

ദൂരസ്ഥലങ്ങളില്‍ നിന്നുള്ളവരെയാണ് ഇനി ഈ ജോലിക്ക് നിയമിക്കാനൊരുങ്ങുന്നതെന്നും ഇവര്‍ പറയുന്നു. വലിയ ജോലികളൊന്നും തങ്ങള്‍ക്കു വേണ്ട, പക്ഷേ ശുചീകരണത്തൊഴിലെങ്കിലും നാട്ടുകാര്‍ക്കു തന്നെ നല്‍കണം. ദൂരെ നിന്നുമെത്തുന്നവരെക്കാള്‍ കാര്യക്ഷമമായി അതിരാവിലെ തന്നെ ജോലിക്കെത്താനും മറ്റും സമീപവാസികള്‍ക്കു സാധിക്കും. സമീപവാസികള്‍ക്കു ജോലി കൊടുത്ത ശേഷം മാത്രമേ ബാക്കിയുള്ളവരെ പരിഗണിക്കൂ എന്നും പറഞ്ഞിരുന്നു. ആ വാക്ക് പാലിക്കുകയെന്നതു മാത്രമാണ് തങ്ങളുടെ ആവശ്യമെന്നും ഇവരെല്ലാം ചൂണ്ടിക്കാട്ടുന്നു.

'ഞങ്ങളൊരിക്കലും വിമാനത്താവളത്തിന് എതിരല്ല. ഞങ്ങള്‍ എതിരായിരുന്നെങ്കില്‍ ഇവിടെ ഒരിക്കലും വിമാനത്താവളം വരില്ലായിരുന്നു. അത്രയും സഹകരണം നാട്ടുകാരുടെ ഭാഗത്തു നിന്നുമുണ്ടായിട്ടുണ്ട്. അതു കണ്ടില്ലെന്നു വയ്ക്കരുത്.' പ്രീത പറഞ്ഞു നിര്‍ത്തുന്നു.

വിമാനത്താവളത്തിന്റെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് അന്നത്തെ സര്‍ക്കാര്‍ ഉണ്ടാക്കിയ പാക്കേജില്‍, വീടും സ്ഥലവും വിട്ടു തരുന്നവര്‍ക്കെല്ലാം കുടുംബത്തിലൊരാള്‍ക്കെന്ന കണക്കില്‍ വിദ്യാഭ്യാസ യോഗ്യതയനുസരിച്ചുള്ള ജോലി നല്‍കണമെന്ന് പരാമര്‍ശമുണ്ടായിരുന്നു. എട്ടു പേര്‍ക്കൊഴികെ ബാക്കിയെല്ലാ കേസുകളിലും അതു നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റ് പ്രശ്‌നങ്ങള്‍ കാരണം മാറ്റി വച്ചിരിക്കുന്ന ഈ എട്ടു കേസുകള്‍ ഉടനെ തന്നെ പരിഹരിക്കുമെന്നും, പത്തു സെന്റ് സ്ഥലം വീതം സര്‍ക്കാര്‍ തന്നെ ഏറ്റെടുത്തു കൊടുത്തിട്ടുണ്ടെന്നും പ്രതിഷേധത്തില്‍ പങ്കാളിയായ സി.പി.ഐ.എം മട്ടന്നൂര്‍ ലോക്കല്‍ സെക്രട്ടറി പ്രമോദ് പറയുന്നു.

'പക്ഷേ, വീടല്ലാതെ ഭൂമി മാത്രം നഷ്ടപ്പെട്ടവര്‍ക്ക് ആനുകൂല്യമൊന്നും കിട്ടിയില്ല. ഭൂമി മാത്രം നഷ്ടപ്പെട്ടവരെയും പരിഗണിക്കുമെന്ന് അധികൃതരുടെ യോഗത്തിലും മറ്റും വാക്കാല്‍ പറഞ്ഞിരുന്നു, പാക്കേജിലില്ലെങ്കിലും. ശൂചീകരണത്തൊഴില്‍ അടക്കമുള്ള ക്ലാസ് ഫോര്‍ തസ്തികകളില്‍ നേരത്തേ പറഞ്ഞിരുന്നതു പോലെ പ്രദേശവാസികളെ കൊണ്ടുവന്നില്ല എന്നതാണ് ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്ന പ്രശ്‌നം.

വിമാനത്താവളത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുകളനുഭവിച്ചയാളുകളാണ് പ്രദേശത്തുള്ളത്. കാര്‍ഷികമേഖലയില്‍ തൊഴില്‍ ചെയ്ത് ജീവിക്കുന്നവരായിരുന്നു അധികവും. ഭൂമിയേറ്റെടുത്തതിന്റെ ഭാഗമായി അവരുടെ കൃഷിയിടങ്ങളാണ് നഷ്ടപ്പെട്ടത്. തൊഴില്‍ ചെയ്യാനുള്ള മറ്റവസരങ്ങള്‍ ഇല്ലാതായി എന്നതാണ് സത്യം. വിമാനത്താവളത്തില്‍ ഇവര്‍ക്കെല്ലാം ചെറിയ ജോലികള്‍ നല്‍കാമെന്നു പറഞ്ഞ ശേഷം, ദൂരെ നിന്നുള്ളവര്‍ക്ക് ജോലി കൊടുത്തതിലാണ് ഇവര്‍ക്കു പ്രതിഷേധം. കോണ്‍ട്രാക്ട് എടുത്ത കമ്പനികള്‍ പ്രാദേശികരെ പരിഗണിക്കാതെ വലിയ പ്രശ്‌നമുണ്ടാക്കുന്നുണ്ട്.

ആ പ്രദേശത്തെ വളരെ പാവപ്പെട്ടയാളുകളാണ് ഈ ജോലി നോക്കുന്നത്. അവരെ കമ്പനികള്‍ പുറന്തള്ളുന്നത് കഷ്ടമാണ്. കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാവരും ഇവരുടെ പ്രതിഷേധങ്ങള്‍ക്കൊപ്പമാണുള്ളത്. അവര്‍ക്കുണ്ടായിട്ടുള്ള പ്രയാസങ്ങള്‍ പരിഹരിക്കണമെങ്കിലും, സമരം വരുന്നതിനോട് ഞങ്ങള്‍ക്കു താല്‍പര്യമില്ല താനും.

പത്തും പതിനഞ്ചും വര്‍ഷമായി നടക്കുന്ന പ്രവര്‍ത്തനമാണ്. അതിന്റെ ഭാഗമായി പദ്ധതി പ്രദേശത്തു നിന്നും കുത്തിയൊഴുകിയെത്തുന്ന മലിനജലമെല്ലാം കുത്തിയൊഴുകിയെത്തുന്നത് ഇവരുടെ വീടുകളിലാണ്. പാറ പൊട്ടിക്കുന്നതിന്റെ ഭാഗമായി വീടുകളില്‍ വിള്ളല്‍ പോലുമുണ്ടായിട്ടുണ്ട്. ആ സമയത്തെല്ലാം ജനങ്ങള്‍ക്കു പ്രതിഷേധവുമുണ്ടായിട്ടുണ്ട്. പക്ഷേ, വിമാനത്താവളം വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്ന് ബോധ്യപ്പെടുത്തിയതോടെ കാര്യങ്ങള്‍ മനസ്സിലാക്കി സഹകരിച്ചവരാണവര്‍. ജനങ്ങളെ അധികൃതര്‍ പരിഗണിക്കുമെന്നും പ്രശ്‌നം തീര്‍ച്ചയായും പരിഹരിക്കുമെന്നും തന്നെയാണ് വിശ്വാസം.'

https://www.azhimukham.com/kerala-mammootty-film-unda-shooting-in-kasargod-reserve-forest-road-against-law-dhanya/


Next Story

Related Stories