TopTop
Begin typing your search above and press return to search.

ലീഡറുടെ പ്രേതം വിട്ടൊഴിയാത്ത കോണ്‍ഗ്രസ്സ്

ലീഡറുടെ പ്രേതം വിട്ടൊഴിയാത്ത കോണ്‍ഗ്രസ്സ്

ചാണ്ടി ചെന്നിത്തലാദികളെ ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ച സ്ഥിതിക്ക് കേരളത്തിൽ നിന്നും ഒഴിവുവരുന്ന രാജ്യസഭ സീറ്റിന്റെ കാര്യത്തിലും കെപിസിസി പ്രസിഡന്റ്, യുഡിഎഫ് കൺവീനർ എന്നീ കാര്യങ്ങളിലും ഉടനെ ഒരു തീരുമാനം ഉണ്ടാവും. ഒരുപക്ഷെ പ്രതിപക്ഷ നേതാവ് മാറണോ എന്ന കാര്യത്തിലും ഒരു തീരുമാനം ഉണ്ടായേക്കാം.

യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിം ലീഗിന്റെ നേതാവ് പികെ കുഞ്ഞാലികുട്ടിയെയും ചർച്ചക്ക് വിളിച്ചിരിക്കുന്നു എന്നത് നൽകുന്ന സൂചന വളരെ വലുതാണ്. കെ എം മാണിയുടെ പാർട്ടിയെ യുഡിഎഫിൽ എടുക്കണമോ വേണ്ടയോ എന്ന കാര്യം ചർച്ച ചെയ്യാൻ വേണ്ടി മാത്രമായിരിക്കില്ല കുഞ്ഞാലിക്കുട്ടിയെ കൂടി ചർച്ചക്ക് ക്ഷണിച്ചിരിക്കുന്നത്. എഫക്ടീവ് ആയ ഒരു പ്രതിപക്ഷമാവാൻ കേരളത്തിൽ യുഡിഎഫിന് കഴിയുന്നില്ലെന്ന ആക്ഷേപം മുസ്ലിം ലീഗിനും ഉണ്ട്. പ്രതിപക്ഷം എഫക്ടീവ് ആകുന്നില്ലെന്നു പറയുമ്പോൾ അതിന്റെ പൂർണ ഉത്തരവാദിത്തം എല്ലാവരും രമേശ് ചെന്നിത്തലയുടെ തലയിൽ തന്നെയാണ് കെട്ടി വെക്കുന്നത്. പിണറായി സർക്കാരിന്റെ വീഴ്ചകളെ മാധ്യമങ്ങൾ പരമാവധി തുറന്നു കാണിച്ചിട്ടും അവ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തുന്ന കാര്യത്തിൽ പ്രതിപക്ഷ നേതാവ് അമ്പേ പരാജയമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. കേരളത്തിലെ ഗ്രൂപ്പ് സമവാക്യങ്ങൾ മാറ്റി നിര്‍ത്തി ശക്തനായ ഒരു പ്രതിപക്ഷ നേതാവിനെ കണ്ടെത്തുക എന്ന അത്യന്തം വിഷമകരമായ ഒരു ജോലിയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് മുന്‍പിലുള്ളത്. പ്രതിപക്ഷ നേതാവിനെയും യുഡിഎഫ് കൺവീനറെയും മാറ്റി പകരക്കാരെ തീരുമാനിക്കുന്ന വേളയിൽ തീർച്ചയായും ഉയരാനിടയുള്ള ഗ്രൂപ്പ് അടിസ്ഥാനപ്പെടുത്തിയുള്ള തർക്കങ്ങൾക്ക് തടയിടുക എന്ന ഒരു ഒരു ഗൂഢലക്‌ഷ്യം കൂടി കുഞ്ഞാലിക്കുട്ടിയെ കൂടി ചർച്ചക്ക് ക്ഷണിച്ചതിനു പിന്നിൽ ഉണ്ടായിക്കൂടായ്കയില്ല.

തലപ്പത്തു എന്ത് മാറ്റം കൊണ്ടുവന്നാലും സംഘടനാ തിരഞ്ഞെടുപ്പ് എന്ന കീറാമുട്ടി അപ്പോഴും ബാക്കി നിൽക്കുന്നു. തൊലിപ്പുറത്തെ ചികിത്സ മാത്രം പോരെന്ന മുറവിളി പാർട്ടിയിൽ ഉയരാൻ തുടങ്ങിയിട്ട് കാലം ഏറെയായി. ഗ്രൂപ്പുകളെ തള്ളി കഴിഞ്ഞ തവണ വിഎം സുധീരനെ കൊണ്ടുവന്നപ്പോൾ നൽകിയിരുന്ന ഉറപ്പ് സംഘടനാ തിരെഞ്ഞെടുപ്പ് ഉടനെ നടത്തും എന്നതായിരുന്നു. എ, ഐ ഗ്രൂപ്പ് നേതാക്കളുടെ പാരയെ നേരിടാൻ സ്വന്തമായി ഒരു ഗ്രൂപ്പ് ഉണ്ടാക്കിയിട്ടും രക്ഷയില്ലെന്ന് കണ്ട് സുധീരൻ പിസിസി അധ്യക്ഷ പദം ഒഴിഞ്ഞു എന്നല്ലാതെ മറ്റൊന്നും ഇവിടെ നടന്നില്ല. വെളുക്കാൻ തേച്ചത് പാണ്ടായി എന്നു പറഞ്ഞത് പോലെ ഗ്രൂപ്പ് കൊണ്ട് വലഞ്ഞ കേരളത്തിലെ കോൺഗ്രസ് പാർട്ടിക്ക് സുധീരൻ വക ഒരു ഗ്രൂപ്പ് കൂടി ഉണ്ടായി എന്നു ചുരുക്കം.

അതിനിടെ പി ജെ കുര്യനെതിരെ കോൺഗ്രസിലെ യുവ എം എൽ എമാർ രംഗത്ത് വന്നതിനു പിന്നിലെ രഹസ്യം ഇപ്പോഴും പരമ രഹസ്യമായി തന്നെ തുടരുന്നു. നിലവിൽ വേലയും കൂലിയുമൊന്നും ഇല്ലാത്തവരല്ല വി ടി ബൽറാമും ഹൈബി ഈഡനും ഷാഫി പറമ്പിലും അനിൽ അക്കരയും റോജിയും ഒക്കെ. എല്ലാവരും എം എൽ എ മാർ. പോരെങ്കിൽ രാഹുൽ ബ്രിഗേഡിൽ പെട്ടവർ. പിന്നെന്തിനു ഇവർ കുര്യനെതിരെ പരസ്യമായി രംഗത്ത് വരണം? ഇവർക്കു പിന്നിൽ ആരോ ഉണ്ടെന്ന സംശയം ഉദിക്കുന്നത് അവിടെയാണ്. ഇതേ സംശയം ഇന്നലെ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും ഉന്നയിച്ചു കണ്ടു. പിജെ കുര്യനെതിരെ രംഗത്തു വന്ന ഹൈബി രാജ്യസഭയെ ഒരു വൃദ്ധസദനം ആക്കി മാറ്റരുതെന്നു പറഞ്ഞതിനൊപ്പം അനില്‍ അക്കരെ താൻ വോട്ടു ചെയ്യില്ലെന്ന് കൂടി ഭീഷണി മുഴക്കുകയും ചെയ്തു.

ഇത് കേട്ടപ്പോൾ 2003ൽ ലീഡർ രാജ്യ സഭയിലേക്കു കോടോത്ത്‌ ഗോവിന്ദൻ നായർ എന്ന തന്റെ വിശ്വസ്തൻ റിബൽ സ്ഥാനാർത്ഥിയാക്കി മത്സരിച്ച സംഭവമാണ് ഓര്‍മ്മ വന്നത്. 100 സീറ്റ് ഉണ്ടായിരുന്ന യുഡിഎഫ് അന്ന് രണ്ടു പേരെയാണ് മത്സരിപ്പിച്ചത്. വയലാർ രവിയും തെന്നല ബാലകൃഷ്ണ പിള്ളയും. അതിനിടയിലേക്കാണ് ലീഡർ തന്റെ വക ഒരു റിബലിനെക്കൂടി സംഭാവന ചെയ്തത്. രവിയും തെന്നലയും ജയിച്ചെങ്കിലും കോടോത്ത്‌ അന്ന് 26 വോട്ടു പിടിച്ചു.

അതേ വര്‍ഷം തന്നെ നടന്ന എറണാകുളം ഉപതിരഞ്ഞെടുപ്പിലും ലീഡർ ഒരു കളി കളിച്ചു. താൻ നിർദ്ദേശിച്ച പേരുകൾ തള്ളിയ എകെ ആന്റണിയുടെ തീരുമാനത്തിന് ലീഡർ മറുപടി കൊടുത്ത് ആന്റണിയുടെ സ്ഥാനാർത്ഥിയുടെ തോൽവി ഉറപ്പ് വരുത്തിക്കൊണ്ടായിരുന്നു. ഇത്തവണയും കേരളത്തിൽ കോൺഗ്രസിൽ നിന്നും ഒരു റിബൽ സ്ഥാനാർഥി വരുമെന്നൊന്നും കരുതാൻ പറ്റില്ലെങ്കിലും ലീഡറുടെ പ്രേതം കോൺഗ്രസിനെ പൂർണമായും വിട്ടൊഴിഞ്ഞിട്ടില്ലെന്നു തന്നെ വേണം കാര്യങ്ങളുടെ പോക്ക് കാണുമ്പോൾ കരുതാൻ.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

http://www.azhimukham.com/keralam-highcommand-blackmagic-to-cure-congress-begins-today-writes-saju/


Next Story

Related Stories