TopTop
Begin typing your search above and press return to search.

മാധ്യമ രംഗത്തെ അഴിമതി: പ്രതീക്ഷയുടെ അവസാന ബസും പോയ്ക്കഴിഞ്ഞോ?

മാധ്യമ രംഗത്തെ അഴിമതി: പ്രതീക്ഷയുടെ അവസാന ബസും പോയ്ക്കഴിഞ്ഞോ?

ക്ഷമിക്കണം, കുറച്ചു സ്വകാര്യങ്ങള്‍ പങ്കുവെക്കട്ടെ. കൈക്കൂലിക്കും മറ്റുവിധ അഴിമതികള്‍ക്കും എതിരായ ചെറുത്തുനില്‍പ്പ് എന്റെ ജീവിതത്തിന്റെ ഭാഗമായിട്ട് വര്‍ഷം ഒരുപാടായി. എയിഡഡ് സ്‌കൂള്‍ അധ്യാപകനായി സര്‍വീസിലിരിക്കെ മരിച്ച അച്ഛന്റെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്ക് വേണ്ടി അമ്മയോടൊപ്പം സര്‍ക്കാര്‍ ആപ്പീസുകള്‍ കയറിയിറങ്ങിയ കുട്ടിക്കാലത്ത് തുടങ്ങിയതായിരിക്കണം അത്. പിന്നീട് അഴിമതിക്ക് കുപ്രസിദ്ധമായ ഒരു വകുപ്പില്‍ ചെന്നുപെട്ടു. നീണ്ട ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ പോരടിച്ചും മുറിവേറ്റും ഒറ്റപ്പെട്ടും അവിടെ കഴിച്ചുകൂട്ടി. കഥയായും ലേഖനമായും കൈക്കൂലിക്കെതിരെ കുറെ എഴുതി. 'ദൈവം കഥ വായിക്കുന്നുണ്ട്' എന്ന ഒരു പുസ്തകം തന്നെ ഈ വകയിലുണ്ട്.

സര്‍ക്കാര്‍ ജീവനക്കാരുടെ അഴിമതിയെക്കുറിച്ച് എഴുതിയപ്പോഴൊക്കെ ചില മുറുമുറുക്കലുകളും നീരസങ്ങളും മാത്രമേ നേരിടേണ്ടി വന്നിട്ടുള്ളു. എന്നാല്‍ അടുത്ത ദിവസം മാധ്യമ മേഖലയിലെ അഴിമതിയെക്കുറിച്ച് എനിക്കുണ്ടായ ഒരു അനുഭവത്തെ മുന്‍നിര്‍ത്തി ഒന്നു സൂചിപ്പിക്കുക മാത്രം ചെയ്തപ്പോള്‍ ഭീകരമായ ആക്രമണ ഭീഷണികളാണ് പ്രത്യക്ഷമായും പരോക്ഷമായും നേരിടേണ്ടി വന്നത്. ഇപ്പോഴും അതു തുടരുന്നു. ജീവന്‍ തന്നെ അപകടത്തിലാവുമോ എന്നു ഞാന്‍ ശങ്കിക്കുന്നുണ്ട്. ചില പത്രങ്ങളിലും വിശേഷിച്ച് സാമൂഹ്യ മാധ്യമങ്ങളിലും എനിക്കെതിരെ നുണപ്രചാരണത്തിന്റെ പൊങ്കാലയാണ്. സാമൂഹ്യനീതിക്കും സംവരണത്തിനും വേണ്ടി അധസ്ഥിത പക്ഷത്ത് നിന്ന് ഇന്ത്യയിലെ സവര്‍ണ വൈദീക പൗരോഹിത്യത്തിനും അവരുടെ രാഷ്ട്രീയ ഹിന്ദുത്വത്തിനും എതിരെ ഫേസ്ബുക്കില്‍ നിരന്തരം പോസ്റ്റ് ചെയ്യുന്ന ആളാണ് ഞാന്‍. അതില്‍ അസ്വസ്ഥപ്പെട്ടവരും അഴിമതിക്കാരായ ഒരു പറ്റം പത്രക്കാരും കൂട്ടു ചേര്‍ന്ന് എനിക്കെതിരെ മുന്നണി ഉണ്ടാക്കിയിരിക്കുന്നു. എന്റെ പുസ്തകങ്ങള്‍ വായിക്കരുതെന്നും എന്നെ ബഹിഷ്‌ക്കരിക്കണമെന്നും ആഹ്വാനം ചെയ്യപ്പെടുന്നു. എന്റെ എഴുത്തു ജീവിതം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിക്കുന്നു.

ഞാന്‍ വായിച്ചില്ല, ഏതോ ഒരു ഏഭ്യന്‍ എന്റെ പേരു പറയാതെ പരോക്ഷമായി ഞാന്‍ അയാളോട് എന്നെക്കുറിച്ച് റൈറ്റപ്പോ അഭിമുഖമോ മറ്റോ ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടുവെന്ന് എഴുതിയിരിക്കുന്നുവത്രെ! പത്രമേഖലയില്‍ ഏതെല്ലാം ഇനം ജന്തുക്കളാണ് ഇപ്പോള്‍ ഉള്ളത്? അര്‍ഹതയുള്ളതില്‍ കൂടുതല്‍ അവസരവും അംഗീകാരവും കിട്ടിയിട്ടുള്ള ഒരു എഴുത്തുകാരനാണ് ഞാന്‍. നിരവധി പുരസ്‌കാരങ്ങള്‍ ഇതിനകം ലഭിച്ചു. അക്കാദമി അവാര്‍ഡ് ഇരുപതു കൊല്ലം മുമ്പ് ലഭിച്ചു. എന്റെ കഥകള്‍ കിട്ടണമെന്ന് സാഹിത്യ പത്രപ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നു. കഥ കൊടുക്കാത്തതിന്റെ പിണക്കം മാത്രമേ അവര്‍ക്ക് എന്നോടുള്ളു. സ്‌കൂള്‍ തലത്തിലും യുണിവേഴ്‌സിറ്റി തലത്തിലും കഥകള്‍ പലതവണ പാഠപുസ്തകമായി. രണ്ട് തവണ അക്കാദമി നിര്‍വാഹക സമിതി അംഗമായി. മറ്റു ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. എഴുത്തുകാരന്‍ എന്ന പത്രാസില്‍ ഇന്ത്യക്കകത്തും പുറത്തും പലവട്ടം സഞ്ചരിച്ചു. ആ ഒരൊറ്റ യോഗ്യതയുടെ ബലത്തില്‍ സമുന്നതമായ ഒരു ഭരണഘടനാ പദവിയില്‍ എത്തി.

രണ്ടുവര്‍ഷം കൊണ്ട് മൂന്നു കഥകള്‍ മാത്രം എഴുതുന്ന ഒരാള്‍ക്ക് ഇതില്‍പ്പരം എന്താണ് കിട്ടാനുള്ളത്? ജോലി കിട്ടി കഞ്ഞി കുടിക്കാനുള്ള വരുമാനം ആയതിനു ശേഷം ഒരു പുരസ്‌കാരത്തിനും സ്ഥാനലബ്ദിക്കും വേണ്ടി അപേക്ഷിക്കുകയോ പുസ്തകം അയച്ചു കൊടുക്കുകയോ പതിവില്ല. സുഹൃത്തുക്കളായ നിരൂപകരോട് പോലും എന്നെക്കുറിച്ച് എഴുതണം എന്ന് ജീവിതത്തില്‍ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. അവര്‍ക്ക് പുസ്തകം സമര്‍പ്പിക്കാറില്ല. എന്റെ കഥകളെക്കുറിച്ച് ആരെങ്കിലും എഴുതിയാല്‍ത്തന്നെ അവര്‍ക്ക് കത്തെഴുതുകയാ ഫോണില്‍ വിളിച്ച് നന്ദി പറയുകയോ പതിവില്ല. എന്നെ പ്രശംസിക്കുന്ന വേദിയില്‍ ജാള്യതയോടെ മാത്രമേ ഇരുന്നിട്ടുള്ളു.

എന്റെ സങ്കടം ഇതൊന്നുമല്ല. വോട്ടിംഗ് സ്ലിപ്പിനും നോട്ടീസിനും ഒപ്പം വോട്ടര്‍ക്ക് കറന്‍സി നോട്ടുകള്‍ വിതരണം ചെയ്യുന്ന ഒരു രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. മാരകമായ ഈ അവസ്ഥയെ ചെറുക്കാന്‍ പത്ര, ദൃശ്യ മാധ്യമങ്ങളിലാണ് എനിക്കു പ്രതീക്ഷയുണ്ടായിരുന്നത്. ആ പ്രതീക്ഷ തകരുകയാണോ? പെയ്ഡ് ന്യൂസ് പോലുള്ള മാരക അര്‍ബുദങ്ങള്‍ ബാധിച്ചതായി നേരത്തെ കേട്ടിട്ടുണ്ട്. അഴിമതി ചൂണ്ടിക്കാണിക്കുന്നവര്‍ക്കെതിരെ ഒന്നിച്ചു നിന്ന് കടന്നാക്രമണം നടത്തുന്ന അവസ്ഥ രോഗം ഹൃദയത്തെ ബാധിച്ചു എന്ന് സ്ഥിരീകരിക്കുന്നു. മേല്‍ത്തട്ട് എന്ന പോലെ അടിത്തട്ടും ജീര്‍ണ്ണമായിരിക്കുന്നു. ജേണലിസ്റ്റ് എന്ന സമുന്നത നാമം അര്‍ത്ഥശൂന്യമാകുന്നു. പകരം മൂലധനത്തിന്റെ ദല്ലാള്‍ പണിക്കാര്‍ രംഗം വാഴുന്നു. സെക്രട്ടേറിയറ്റില്‍ കടക്കാന്‍ അനുവദിക്കാതെ തങ്ങളുടെ കഞ്ഞികുടി മുട്ടിച്ചു എന്ന് ചിലര്‍ മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് പുലഭ്യം പറയുന്നു. തത്വദീക്ഷയും ധാര്‍മ്മികതയും നഷ്ടപ്പെട്ട് പത്രങ്ങള്‍ കൂവം നദി പോലെ നാറുന്നു. പ്രിയപ്പെട്ട പി.സായ്‌നാഥ്, നിങ്ങള്‍ എത്രയോ കൊല്ലം മുമ്പ് എഴുതിയ ആശങ്കകള്‍ എന്റെ ഹൃദയത്തില്‍ ഇപ്പോഴാണ് മുളപൊട്ടുന്നത്. അവസാന ബസും പോയിക്കഴിഞ്ഞു. ഇനി നിസ്സഹായനായ ഇന്ത്യക്കാരന്റെ ജീവിതത്തിന് എന്താണ് ഒരു പ്രതീക്ഷ?


Next Story

Related Stories