UPDATES

ട്രെന്‍ഡിങ്ങ്

സുരേഷ് ഗോപിയെ ഒളിച്ചുകടത്തിയ കീഴാറ്റൂരിലെ ട്രോജന്‍ ജനത

വയൽക്കിളികളുടെ സമരം സംഘപരിവാറും എസ് ഡി പി ഐയും വെൽഫേർ പാർട്ടിയുമൊക്കെ ചേർന്ന് വളരെ തന്ത്രപൂർവം അവരുടെ ഹിഡൻ അജണ്ടകൾ നടപ്പിലാക്കാനുള്ള ഒന്നാക്കി മാറ്റിയിരിക്കുന്നു

കെ എ ആന്റണി

കെ എ ആന്റണി

കണ്ണൂർ കീഴാറ്റൂരിൽ ബൈപാസ് നിർമാണവുമായി ബന്ധപ്പെട്ടു വയൽ നികത്തുന്നതിരെ വയൽകിളികൾ നടത്തുന്ന സമരത്തെക്കുറിച്ചു കഴിഞ്ഞ ആഴ്ച എഴുതിയ കുറിപ്പിൽ ഒരു കാര്യം സൂചിപ്പിച്ചിരുന്നു. സുരേഷ് ഗോപിയെയും മറ്റും കണ്ടു അമിതാവേശം കൊള്ളുന്ന വയൽക്കിളികൾ വല്ലാത്തൊരു വെട്ടിലാണ് വീണിരിക്കുന്നതെന്ന്. ഈ ഞായറാഴ്ച സുരേഷ് ഗോപി എം പിയുടെയും വി എം സുധീരന്റേയുമൊക്കെ അനുഗ്രഹാശ്ശിസുകളോടെ വയൽക്കിളികൾ മൂന്നാം ഘട്ട സമരം ആരംഭിച്ചു. അന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കീഴാറ്റൂർ വയലിലേക്ക് ഒഴുകിയെത്തിയവരുടെ കൂട്ടത്തിൽ ആരൊക്കെ ഉണ്ടായിരുന്നവെന്നു കണ്ടപ്പോൾ മുൻപേ പറഞ്ഞ കാര്യം അക്ഷരംപ്രതി ശരിയായി എന്ന തോന്നൽ ബലപ്പെട്ടിരിക്കുന്നു. വയൽ നികത്തലുമായി ബന്ധപ്പെട്ടു ഉയർന്ന ആശങ്കകൾ പൂർണമായി ദൂരീകരിക്കാൻ സർക്കാരിന് കഴിയാതെ വന്നപ്പോഴാണ് വയല്‍ക്കിളികൾ സമരം ആരംഭിച്ചത്. എന്നാൽ അവർ തുടങ്ങിവെച്ച ആ സമരം കൈവിട്ടു പോയിരിക്കുന്നു. വയൽക്കിളികളുടെ സമരം അവരുടേത് അല്ലാതാവുകയും സമരം സംഘപരിവാറും എസ് ഡി പി ഐയും വെൽഫേർ പാർട്ടിയുമൊക്കെ ചേർന്ന് വളരെ തന്ത്രപൂർവം അവരുടെ ഹിഡൻ അജണ്ടകൾ നടപ്പിലാക്കാനുള്ള ഒന്നാക്കി മാറ്റുകയും ചെയ്തിരിക്കുന്നു.

ഇക്കാലമത്രയും സി പി എം പാർട്ടി ഗ്രാമമായിരുന്ന കീഴാറ്റൂരിലേക്കുള്ള ഇവരുടെ നുഴഞ്ഞു കയറ്റം ഓർമിപ്പിക്കുന്നത് പ്രാചീന ട്രോയ് നഗരത്തിലേക്കുള്ള ഗ്രീക്ക് പടയുടെ നുഴഞ്ഞു കയറ്റത്തെയാണ്. അന്നത്തെ ആ നുഴഞ്ഞുകയറ്റത്തിന് ഗ്രീക്ക് സൈന്യം ഉപയോഗിച്ചത് അകം പൊള്ളയായ ഒരു കൂറ്റൻ മരക്കുതിരയായിരുന്നുവെങ്കിൽ കീഴാറ്റൂരിലേക്കുള്ള നുഴഞ്ഞു കയറ്റത്തിന് മറയാക്കപ്പെട്ടതു ‘പരിസ്ഥിതി സ്‌നേഹവും’ സമരം ചെയ്യുന്ന വയൽക്കിളികളോടുള്ള ‘സഹാനുഭൂതിയും’ ആയെന്നു മാത്രം. നീണ്ട പത്തു വര്‍ഷം കിണഞ്ഞു ശ്രമിച്ചിട്ടും ഒരിക്കൽപോലും ട്രോയി നഗരത്തിലേക്ക് കടക്കാൻ കഴിയാതിരുന്ന ഗ്രീക്ക് സൈന്യത്തിന് കാര്യങ്ങൾ എളുപ്പമാക്കിക്കൊടുത്തത് ഗ്രീക്കുകാർ ഉപേക്ഷിച്ചുപോയതെന്നു കരുതി സൈനികർ കയറി ഒളിച്ചിരുന്ന കൂറ്റൻ മരക്കുതിരയെ ഒരു ജയ സ്മാരകമായിക്കരുതി നഗര കവാടത്തിനുള്ളിലേക്കു വലിച്ചുകെട്ടി കൊണ്ടുപോയ ട്രോയിയിലെ ജനങ്ങളായിരുന്നു. കീഴാറ്റൂരും കീഴാറ്റൂർ സമരവും പുറത്തുനിന്നെത്തിയ ശക്തികൾ കൈക്കലാക്കുമ്പോൾ കീഴാറ്റൂരിലെ വയല്‍ക്കിളികൾ മരക്കുതിരയെ വലിച്ചുകെട്ടി നഗരത്തിലെത്തിച്ച ട്രോജൻ ജനതയെ ഓർമിപ്പിക്കുന്നു.

കീഴാറ്റൂരിലെ ഭൂരിപക്ഷ സിദ്ധാന്തം; അങ്ങനെയെങ്കില്‍ ത്രിപുരയിലെ പുതിയ ശരിയെ സിപിഎം അംഗീകരിക്കുമോ?

സുരേഷ് ഗോപിയെ ആനയിച്ചു കീഴാറ്റൂരിലെത്തിച്ച വയൽക്കിളികൾ ഓർക്കാൻ വീട്ടുപോയ ഒന്നുണ്ട്. ആറന്മുളയിൽ നെൽപാടവും കുളങ്ങളും കൈത്തോടുമൊക്കെ മണ്ണിട്ട് നികത്തി വിമാനത്താവളം നിർമിക്കാൻ നടന്ന നീക്കത്തിനെതിരെയുള്ള സമരത്തിൽ പങ്കെടുത്ത ആൾ തന്നെയാണ് സുരേഷ് ഗോപി എന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. പക്ഷെ അന്ന് സുരേഷ് ഗോപി അതേ സമരത്തിൽ പങ്കെടുത്ത സുഗതകുമാരി ടീച്ചറെയൊക്കെപോലെ നൂറുക്കണക്കിനാളുകളിൽ ഒരാൾ മാത്രമായിരുന്നു. എന്നാൽ ഇന്ന് സുരേഷ് ഗോപി കേന്ദ്രം ഭരിക്കുന്ന ബി ജെ പി യുടെ എം പി ആണ്. പരിസ്ഥിതി സംരക്ഷണ കാര്യത്തിൽ യാതൊരു വിധ താല്പര്യവും ഇല്ലെന്നു മാത്രമല്ല അതിനെ ഇല്ലായ്മ ചെയ്യുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു പാർട്ടിയാണ് ബി ജെ പി എന്നതും നമ്മുടെ പശ്ചിഘട്ടത്തിന്റെ സംരക്ഷണത്തിനുവേണ്ടി ഒന്നും ചെയ്യാത്ത ഒരു സർക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്നും വയൽക്കിളികൾ എന്തേ ഓർത്തില്ല? ആറന്മുള സമരത്തിന്റെ പിന്നിലെ ചേതോവികാരം പരിസ്ഥിതി സ്നേഹം ആയിരുന്നില്ലെന്നും സമരം നയിച്ച ബി ബി ജെ പി നേതാവ് എം ടി രമേശിനും അന്ന് ഹിന്ദു ഐക്യ വേദി നേതാവായിരുന്ന കുമ്മനം രാജശേഖരനുമൊക്കെ ഒരു ഹൈന്ദവ അജണ്ടയുണ്ടായിരുന്നവെന്ന സത്യവും നമ്മുടെ വയല്‍ക്കിളികൾ സൌകര്യപൂർവം മറന്നു.

വയൽക്കിളികളെ വിഴുങ്ങാൻ വെട്ടുക്കിളികളെ അനുവദിക്കാതിരിക്കുക

ഇനി സുധീരനിലേക്കു വന്നാൽ പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരൻ പറഞ്ഞതുപോലെ സുധീരൻ ആലപ്പുഴയിൽ നിന്നുള്ള എം പി ആയിരുന്ന കാലത്താണ് റെയിൽ ലൈൻ നിർമിക്കുന്നതിനുവേണ്ടി ആലപ്പുഴയിലെ ഏക്കര്‍ കണക്കിന് വയലും ചതുപ്പു നിലവുമൊക്കെ മണ്ണിട്ട് നികത്തിയത്. അന്നില്ലാതിരുന്ന വയൽ സ്നേഹം സുധീരന് ഇപ്പോൾ പെട്ടെന്ന് എങ്ങനെയുണ്ടായി? പാർട്ടി നേതൃത്വത്തിന്റെ അറിവോടെയല്ല സുധീരൻ കീഴാറ്റൂരിൽ പോയതെന്നാണ് ഇന്നലെ കെ പി സി സി അധ്യക്ഷൻ എം എം ഹസ്സൻ പറഞ്ഞത്. അതെന്തുമാകട്ടെ കീഴാറ്റൂരിലെ വയൽ സമരത്തിന്റെ കാര്യത്തിൽ കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും പ്രാദേശിക നേതൃത്വത്തിന്റെ നിലപാട് മറ്റൊന്നാണെന്നതാണ് ഏറെ രസകരം. സുധീരനൊപ്പം കീഴാറ്റൂർ വയൽ സന്ദർശിച്ച കണ്ണൂരിലെ കോൺഗ്രസ് നേതാവ് കെ സുധാകരൻ കീഴാറ്റൂർ വിഷയത്തിൽ പാർട്ടിയുടെയും യു ഡി എഫിന്റെയും നിലപാട് പിന്നീടെന്ന് പറഞ്ഞതും അതുകൊണ്ടു തന്നെയാണ്.

ഒരു റോഡും എട്ടേക്കര്‍ വയലും എന്ന കണ്ണുപൊത്തിക്കളിയല്ല കീഴാറ്റൂര്‍

കീഴാറ്റൂര്‍; ബദലുകളുണ്ട്: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ പഠനത്തിന്റെ പൂര്‍ണ്ണരൂപം

ഔഡി കാറില്‍ പോകുന്ന ‘കൃഷീവല’നോടും ‘പരമദരിദ്ര’രോടും, പാവങ്ങളുടെ കഞ്ഞി കട്ടുകുടിക്കരുത്, പ്ലീസ്…

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍