UPDATES

കാര്യങ്ങള്‍ എന്തു മാറി? 35 വര്‍ഷത്തിന് ശേഷം മാണി ഇടതു പാളയത്തില്‍

1964ല്‍ രൂപമെടുത്ത കേരള കോണ്‍ഗ്രസ്സ് അഞ്ചു വര്‍ഷത്തിന് ശേഷം സി അച്ചുതമേനോന്‍ സര്‍ക്കാരില്‍ അംഗമായതോടെയാണ് മുന്നണി രാഷ്ട്രീയത്തിന് തുടക്കമിടുന്നത്

കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയുടെ അവസാന വര്‍ഷങ്ങളില്‍ കെ എം മാണി, സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പോകുന്നു എന്ന ഒരു രഹസ്യ വിവരം സംസ്ഥാന ഇന്റലിജന്‍സിന് കിട്ടി. മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് നീക്കം നടത്തുന്നു എന്നായിരുന്നു ആ വിവരം. അതിനു വേണ്ടി മാണിയുമായി പ്രമുഖ സിപിഎം നേതാക്കള്‍ ആശയ വിനിമയം നടത്തിയതായും പത്രവാര്‍ത്തകള്‍ വന്നു. മുഖ്യമന്ത്രിയാകുക എന്ന ദീര്‍ഘകാലത്തെ മോഹം സഫലമാക്കുക എന്ന മാണി സാറിന്റെ സ്വപ്ന പദ്ധതി പൊളിച്ചത് ഉമ്മന്‍ ചാണ്ടിയാണ്. അന്നത്തെ ഇന്‍റലിജന്‍സ് മേധാവിയായ ടിപി സെന്‍കുമാര്‍ ഈ വിവരങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കൈമാറി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്തായാലും അതിനു ശേഷം മാണിസാറിന്റെ രാഷ്ട്രീയ ജീവിതം അത്ര പ്രകാശമാനമായിരുന്നില്ല.

ബാര്‍ കോഴക്കേസില്‍ കുടുങ്ങി ധനമന്ത്രി സ്ഥാനം രാജിവെച്ച് നാണം കെട്ട് പടിയിറങ്ങിപ്പോയ മാണിയും കേരള കോണ്‍ഗ്രസ്സും സംഭവങ്ങള്‍ക്ക് പിന്നില്‍ വലിയ ഗൂഡാലോചന നടന്നതായി ആരോപിച്ചിരുന്നു. ഇത് അന്വേഷിക്കാന്‍ കേരള കോണ്‍ഗ്രസ്സ് ഒരു കമ്മിറ്റിയെ വെച്ചെങ്കിലും റിപ്പോര്‍ട്ട് പൊതുസമൂഹത്തിന് മുന്‍പില്‍ വന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ നിന്നുകൊണ്ട് ഒന്നിച്ചു മത്സരിച്ചെങ്കിലും കനത്ത തോല്‍വിയെ തുടര്‍ന്നുള്ള കൂട്ടപ്പൊരിച്ചിലില്‍ കെഎം മാണിയും സംഘവും യുഡിഎഫ് വിട്ട് നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ തീരുമാനിച്ചു.

മാണിയുടെ രാഷ്ട്രീയ പ്രഭാവം അവസാനിച്ചു എന്ന് വിധി എഴുതിയിരിക്കുമ്പോഴാണ് കേരള കോണ്‍ഗ്രസ്സിന്റെ ജന്മഭൂമിയില്‍ വെച്ചു തന്നെ പുതിയ നീക്കം ഉണ്ടായിരിക്കുന്നത്. കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം ഇതൊരു അപ്രതീക്ഷിതമായ അടിയാണ്. എന്നാല്‍ ഇത്തരത്തിലുള്ള നീക്കുപോക്ക് രാഷ്ട്രീയത്തിന്റെ പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരുന്നയാളാണ് മാണി സാര്‍ എന്ന് കേരളരാഷ്ട്രീയത്തിന്റെ 50 വര്‍ഷത്തെ ചരിത്രം പരിശോധിക്കുന്ന ആര്‍ക്കും മനസിലാകും.

1964-ല്‍ രൂപമെടുത്ത കേരള കോണ്‍ഗ്രസ്സ് അഞ്ചു വര്‍ഷത്തിന് ശേഷം സി അച്യുതമേനോന്‍ സര്‍ക്കാരില്‍ അംഗമായതോടെയാണ് മുന്നണി രാഷ്ട്രീയത്തിന് തുടക്കമിടുന്നത്. അന്ന് കെഎം ജോര്‍ജ്ജായിരുന്നു മന്ത്രി. 1971ല്‍ ഈ ഐക്യമുന്നണി വിട്ട കേരള കോണ്‍ഗ്രസ്സ് അടിയന്തിരാവസ്ഥയ്ക്ക് ശേഷം വീണ്ടും മുന്നണിയുടെ ഭാഗമായി. അതിനു ശേഷം കൂടെയുണ്ടായിരുന്ന ബാലകൃഷ്ണപിള്ള ഇടതു മുന്നണിയിലേക്ക് പോയെങ്കിലും മാണി ഉറച്ചു നിന്നു. ഇതിനിടയില്‍ പിജെ ജോസഫും പിളര്‍ന്ന് മാറി. 1980-ലെ ലോക്സഭാ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാണിയുടെ കേരള കോണ്‍ഗ്രസ്സ് ഇടതു മുന്നണിയിലേക്ക് വന്നു. അന്നത്തെ ഇകെ നായനാര്‍ മന്ത്രിസഭയില്‍ കെഎം മാണി ധനകാര്യ മന്ത്രിയാവുകയും ചെയ്തു. ഈ ബാന്ധവം 1981 ഒക്ടോബര്‍ 20 വരെ തുടര്‍ന്നു. മാണി പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് നായനാര്‍ മന്ത്രിസഭ നിലംപൊത്തുകയായിരുന്നു.

35 വര്‍ഷത്തിന് ശേഷം മറ്റൊരു ഇടതു ബാന്ധവത്തിന് മാണി കളമൊരുക്കുകയാണ്. മാണി പറഞ്ഞത് പോലെ വെറുമൊരു പ്രാദേശിക പ്രശ്നമായി ഇത് ഒതുങ്ങിയില്ലെങ്കില്‍ കേരള രാഷ്ടീയത്തെ രൂപപ്പെടുത്തിയ മുന്നണി രാഷ്ട്രീയത്തില്‍ ഇത് പുതിയ മാറ്റങ്ങള്‍ കൊണ്ട് വരും എന്ന കാര്യത്തില്‍ സംശയമില്ല. ഈ രാഷ്ട്രീയ ചൂതാട്ടത്തില്‍ അന്തിമ വിജയം ആര്‍ക്കായിരിക്കും എന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്.

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍