Top

കണ്ണൂര്‍ വിമാനത്താവളം പോലെ കൊല്ലം ദേശീയപാതയും: ക്രെഡിറ്റ് അടിച്ച് മാറ്റാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍

കണ്ണൂര്‍ വിമാനത്താവളം പോലെ കൊല്ലം ദേശീയപാതയും: ക്രെഡിറ്റ് അടിച്ച് മാറ്റാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍
കൊല്ലം ദേശീയ പാത ഫെബ്രുവരി രണ്ടിന് ജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പ്രഖ്യാപിച്ചിട്ടും വഴങ്ങാതെ നില്‍ക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും. അടുത്തവര്‍ഷം മെയ് മാസത്തോടെ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഉദ്ഘാടനം വൈകിപ്പിക്കുകയാണെന്നാണ് ഇരു പാര്‍ട്ടികളും ആരോപിക്കുന്നത്. ജനുവരി അവസാനം കേരളത്തിലെത്തുന്ന നരേന്ദ്ര മോദിയെക്കൊണ്ട് ബൈപ്പാസ് ഉദ്ഘാടനം ചെയ്യിക്കണമെന്നാണ് ബിജെപി കൊല്ലം ജില്ലാ നേതൃത്വത്തിന്റെ ആവശ്യം. ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും അവര്‍ ആവശ്യപ്പെട്ടിരിക്കുന്നു. ജനുവരി ആദ്യ ആഴ്ചയില്‍ തന്നെ ബൈപ്പാസിന്റെ എല്ലാ ജോലികളും പൂര്‍ത്തിയാക്കണമെന്ന് ദേശീയപാത അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മുമ്പ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രിയെക്കൊണ്ട് ചെയ്യിക്കാതെ പ്രഖ്യാപിച്ചപ്പോഴും ബിജെപി അതിനെതിരെ രംഗത്ത് വന്നിരുന്നു. കേന്ദ്രസഹായത്തോടെ പൂര്‍ത്തിയാക്കിയ പദ്ധതിയുടെ പിതൃത്വം പിണറായി വിജയന്‍ ഒറ്റയ്ക്ക് ഏറ്റെടുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ആരോപിച്ചത്. ഇതിന് ബദലായി കണ്ണൂര്‍ ബിജെപി ഓഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയ അമിത് ഷായെ പുതിയ വിമാനത്താവളത്തിലെ ആദ്യ യാത്രക്കാരനായി ഇറക്കി ഉദ്ഘാടനം നടത്തിയെന്ന് അവകാശപ്പെടുകയും ചെയ്തു. ഇതേ വിമാനത്താവളം മുമ്പ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഉദ്ഘാടനം ചെയ്തിട്ടുണ്ട്. ഔപചാരികമായ ഉദ്ഘാടനം നടത്തിയപ്പോള്‍ നിര്‍മ്മാണത്തിന്റെ ഭൂരിഭാഗവും നിര്‍വഹിച്ച മുന്‍സര്‍ക്കാരിനെ വാക്കുകൊണ്ട് പോലും പരാമര്‍ശിച്ചില്ലെന്ന പരാതിയും കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്. ഈ സാഹചര്യത്തിലാണ് കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം നടത്തി പിതൃത്വം ഏറ്റെടുക്കാനുള്ള ശ്രമം ഓരോ രാഷ്ട്രീയ പാര്‍ട്ടികളും നടത്തുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നിസാര കാരണങ്ങള്‍ പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ ബൈപ്പാസിന്റെ ഉദ്ഘാടനം വൈകിപ്പിക്കുകയാണെന്ന് യുഡിഎഫ് ആരോപിച്ചിരുന്നു. ബൈപ്പാസ് തുറന്നുകൊടുത്തില്ലെങ്കില്‍ ജനകീയ ഉദ്ഘാടനം നടത്തുമെന്നാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം പ്രഖ്യാപിച്ചിരിക്കുന്നത്. ദേശീയപാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണെന്നും ജനുവരി മാസം ഒന്നിന് ഇതിന്റെ ഉദ്ഘാടനം നടത്തുമെന്ന് സംസ്ഥാന സര്‍ക്കാരും ദേശീയപാതാ അതോറിറ്റി അധികൃതരും മാസങ്ങള്‍ക്ക് മുമ്പ് തീരുമാനിച്ചിരുന്നതാണെന്നും കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ അഴിമുഖത്തോട് പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഉദ്ഘാടനം നടത്തുന്നത് കൊല്ലം എംപി എന്‍കെ പ്രേമചന്ദ്രന് ഗുണപ്രദമാകുമെന്ന് കണ്ടതിനാലാണ് ഉദ്ഘാടനം അനിശ്ചിതമായി നീട്ടിക്കൊണ്ട് പോകുന്നതെന്നാണ് അവര്‍ ആരോപിക്കുന്നത്. ഒക്ടോബറില്‍ തന്നെ നിര്‍മ്മാണം പൂര്‍ത്തിയാക്കാമായിരുന്നു. ഇതിനിടയില്‍ പാലത്തില്‍ ഒരു വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വീണ്ടും കാലതാമസമുണ്ടായത്. ഉദ്ഘാടനം ഉടനുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നപ്പോഴാണ് മന്ത്രി ജി സുധാകരന്‍ ഉദ്യോഗസ്ഥരെയും കൂട്ടി വന്ന് സന്ദര്‍ശനം നടത്തുകയും ഉദ്ഘാടനം ഇപ്പോള്‍ വേണ്ടെന്ന് പ്രഖ്യാപിച്ചതും. അതിന് അദ്ദേഹം പറഞ്ഞ ന്യായം വഴിവിളക്കുകള്‍ സ്ഥാപിച്ചിട്ടില്ലെന്നതാണ്. എന്നാല്‍ വര്‍ഷങ്ങളായി ഗതാഗതം നടക്കുന്ന അയത്തില്‍-കല്ലുന്താഴം റോഡില്‍ ജംഗ്ഷനില്‍ മാത്രമാണ് തെരുവു വിളക്ക് ഉള്ളത്. കേരളത്തിലെവിടെയാണ് മുഴുവന്‍ തെരുവു വിളക്കുള്ള റോഡുകളുള്ളത്?

ജനങ്ങള്‍ ഗതാഗതക്കുരുക്കില്‍ വലയുമ്പോല്‍ സ്ട്രീറ്റ് ലൈറ്റ് ഇട്ടിട്ടില്ലെന്ന് പറഞ്ഞ് ഉദ്ഘാടനം നടത്താന്‍ അനുവദിക്കാതിരിക്കുന്നത് ജനങ്ങളെ ദ്രോഹിക്കാനാണ്. കൊല്ലത്തുള്ള ജനങ്ങള്‍ക്ക് മാത്രമല്ല ഇതുവഴി കടന്നു പോകുന്ന കേരളത്തിലെ എല്ലാവര്‍ക്കും ഈ ബൈപ്പാസ് ഒരു അനുഗ്രഹമാകേണ്ടതാണ്. സിപിഎമ്മിന്റെ രാഷ്ട്രീയ താല്‍പര്യമാണ് ഇതിന് പിന്നിലെന്നതിനാലാണ് തങ്ങള്‍ ജനകീയ ഉദ്ഘാടനം നടത്തുമെന്ന് പ്രഖ്യാപിച്ചതെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി. ഈ ബൈപ്പാസിന്റെ പിതൃത്വത്തെക്കുറിച്ച് പറഞ്ഞാല്‍ സിപിഎമ്മിനും ബിജെപിക്കും ഏറ്റവും കുറച്ച് പങ്ക് മാത്രമാണുള്ളത്. ആരാണ് ഈ പദ്ധതിക്ക് വേണ്ടി കൂടുതല്‍ പരിശ്രമിച്ചതെന്ന് പരിശോധിച്ചാല്‍ നിശ്ചയമായും അത് കോണ്‍ഗ്രസ് പാര്‍ട്ടിയും യുഡിഎഫുമാണെന്ന് മനസിലാകും. എസ് കൃഷ്ണകുമാര്‍ കേന്ദ്രമന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് ഇതിന്റെ സ്ഥലമേറ്റെടുക്കല്‍ ജോലികള്‍ ആരംഭിച്ചത്. പിന്നീട് മാറിമാറി വന്ന സര്‍ക്കാരുകള്‍ കുറേശെയായി കാര്യങ്ങള്‍ ചെയ്തു. പക്ഷെ മുടങ്ങിക്കിടന്ന പദ്ധതിക്ക് ജീവന്‍ വയ്പ്പിച്ചത് എന്‍ പീതാംബരക്കുറുപ്പ് എംപിയായിരുന്നപ്പോഴാണ്. അന്ന് അദ്ദേഹം പാര്‍ലമെന്റില്‍ നിരന്തരം ഇതിന് വേണ്ടി സംസാരിക്കുകയും പദ്ധതിയുടെ പകുതി തുക സംസ്ഥാന സര്‍ക്കാര്‍ നിര്‍വഹിക്കാമെങ്കില്‍ കേന്ദ്രം ഈ പദ്ധതിയുമായി മുന്നോട്ട് പോകാമെന്ന് ഉറപ്പ് ലഭിക്കുകയുമായിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ മുന്‍പിന്‍ നോക്കാതെ പദ്ധതിയുടെ പകുതി ചെലവ് വഹിക്കാമെന്ന് തീരുമാനമെടുക്കുകയും ചെയ്തു. അന്നത്തെ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് കൂടി മുന്‍കൈയെടുത്താണ് വീണ്ടും ഈ പദ്ധതി പുനരാരംഭിച്ചത്. സത്യത്തില്‍ പദ്ധതിയുടെ നടപ്പുവശത്തേക്ക് എത്തിച്ചത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ്. നിര്‍മ്മാണത്തിന്റെ എഴുപത് ശതമാനത്തിലേറെയും മുന്‍സര്‍ക്കാരാണ് നിര്‍വഹിച്ചത്.

അതിന് ശേഷം വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ പാലത്തിന്റെ പണിയോ മറ്റോ ബാക്കിയുണ്ടായിരുന്നുള്ളൂവെന്നും അവര്‍ പറയുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ പദ്ധതിയേറ്റെടുത്ത ശേഷമുണ്ടായ പോരായ്മകള്‍ പരിഹരിക്കാന്‍ എന്‍കെ പ്രേമചന്ദ്രന്‍ എംപിയാണ് വലിയ തോതില്‍ പ്രവര്‍ത്തിച്ചത്. പാര്‍ലമെന്റില്‍ ഈ വിഷയം ഉന്നയിക്കുകയും ദേശീയപാത അതോറിറ്റിയുടെ ആളുകളെ ഇവിടെ കൊണ്ടുവരികയും ചെയ്തു. അദ്ദേഹത്തിന്റെ ആ പ്രയത്‌നത്തെ കൊല്ലത്തെ ജനങ്ങള്‍ പിന്തുണയ്ക്കുന്നുണ്ട്. ഇതിന് വേണ്ടി ആരാണ് പരിശ്രമിച്ചതെന്ന് കൊല്ലത്തെ ജനങ്ങള്‍ക്ക് അറിയാം. രാഷ്ട്രീയ കാപട്യത്തിലൂടെ ഇതിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ സിപിഎമ്മും ബിജെപിയും രംഗത്തെത്തിയാലും വസ്തുതകള്‍ വസ്തുതകളായി തന്നെ നിലനില്‍ക്കും. അതുകൊണ്ട് തന്നെ അവരുടെ അവകാശവാദങ്ങള്‍ക്ക് അടിസ്ഥാനമില്ല. ദേശീയപാത ജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയാണ് പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യേണ്ടത്. അതിന് വരുത്തുന്ന അമാന്തം ഒട്ടും ശരിയല്ല.

നാലര വര്‍ഷം മുമ്പ് മാത്രം അധികാരത്തില്‍ വന്ന നരേന്ദ്ര മോദിയാണ് ഇതെല്ലാം കൊണ്ടുവന്നതെന്ന് പറയുന്നത് എട്ടുകാലി മമ്മൂഞ്ഞിന്റെ സ്വഭാവം കൊണ്ടാണ്. യമുന ഇടനാഴി മന്‍മോഹന്‍ സിംഗിന്റെ കാലത്ത് എല്ലാം പൂര്‍ത്തിയായിരുന്നിട്ട് അത് താന്‍ കൊണ്ടുവന്നതാണെന്നാണ് നരേന്ദ്ര മോദി പറയുന്നത്. കണ്ണൂര്‍ വിമാനത്താവളവും കൊച്ചി മെട്രോയും പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നത് പോലെയാണ് അത്. കണ്ണൂര്‍ വിമാനത്താവളം ഇപ്പോഴത്തെ മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി ഉദ്ഘാടനം ചെയ്യുന്നതില്‍ തെറ്റില്ല. എന്നാല്‍ ഇതിന് മുമ്പ് ഇതിന്റെ ഭൂരിപക്ഷവും ചെയ്തു വച്ച ആളുകളെ ഒരു വാക്കുകൊണ്ട് പോലും അനുസ്മരിക്കാനുള്ള രാഷ്ട്രീയ മാന്യത സര്‍ക്കാര്‍ കാണിച്ചില്ലെന്നും അവര്‍ പറയുന്നു. എന്തായാലും പീതാംബരക്കുറുപ്പ് എംപിയും പ്രേമചന്ദ്രന്‍ എംപിയും ഉമ്മന്‍ ചാണ്ടി സര്‍ക്കാരും നടത്തിയ പ്രയത്‌നം ഇല്ലായിരുന്നെങ്കില്‍ ഈ ദേശീയപാത പൂര്‍ത്തിയാകില്ലായിരുന്നു.

കൊല്ലം പട്ടണത്തിന്റെ ദീര്‍ഘകാല സ്വപ്‌നമായിരുന്നു കൊല്ലം ബൈപ്പാസെന്നും ആ പദ്ധതി വൈകിപ്പിച്ചത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണെന്നുമാണ് സിപിഎം ജില്ലാ സെക്രട്ടറി എസ് സുദേവന്‍ പറയുന്നത്. വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ അന്ന് എംപിയായിരുന്ന പി രാജേന്ദ്രന്‍ കൂടി മുന്‍കൈയെടുത്താണ് ബൈപ്പാസിന്റെ സ്ഥലമെടുക്കുന്നതിനുള്ള നടപടികള്‍ നടന്നത്. പീതാംബരക്കുറുപ്പ് എംപിയായിരുന്നപ്പോഴും ചില നീക്ക് പോക്കുകളുണ്ടായി. എന്നാല്‍ യുഡിഎഫ് അഞ്ച് കൊല്ലം ഭരണം നടത്തിയപ്പോള്‍ ഈ പദ്ധതി ഇഴയുകയായിരുന്നു. ഇപ്പോള്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ അമ്പത് ശതമാനം തുക കൂടി നീക്കിവച്ചുകൊണ്ട് യുദ്ധകാല അടിസ്ഥാനത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് വരികയാണ്. ഇനിയും തെരുവ് വിളക്കുകളും സിഗ്നലുകളും സ്ഥാപിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഉദ്ഘാടനം എത്രയും പെട്ടെന്ന് തന്നെ നടത്താന്‍ മന്ത്രി ജി സുധാകരന്‍ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് കത്തിടപാടുകള്‍ നടത്തിയിട്ടുണ്ടെന്നാണ് താന്‍ മനിസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയ ഒരു നിര്‍മ്മാണ പ്രവര്‍ത്തനത്തെ അതിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെടുത്തി വിവാദമുണ്ടാക്കുന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികന പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടുള്ളതാണ്. ബിജെപിയുടേതാണ് ഈ ആശയം. ബിജെപിയുടെ ആശയത്തെ നടപ്പാക്കാനാണ് കൊല്ലം എംപി എന്‍കെ പ്രേമചന്ദ്രന്‍ ശ്രമിക്കുന്നത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തയച്ച് ഉദ്ഘാടനത്തെ ദുര്‍ബലപ്പെടുത്താനാണ് പ്രേമചന്ദ്രന്‍ ശ്രമിച്ചത്. കൊല്ലം പട്ടണത്തിലേക്ക് ഈ ദേശീയപാത ഏറ്റവും മികച്ച പുരോഗതി കൊണ്ടുവരുമെന്നിരിക്കെയാണ് കൊല്ലം എംപി ബിജെപിയുടെ നിലപാടിനെ സഹായിക്കുന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നത്. എന്നിരുന്നാലും വന്‍ജനപങ്കാളിത്തത്തോടെ തന്നെ ഈ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെടുമെന്നും സുദേവന്‍ പറയുന്നു.

കരാര്‍ പ്രകാരം ഇന്ന് ദേശീയപാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് ബിജെപി ജില്ലാ പ്രസിഡന്റ് ജി ഗോപിനാഥ് പറയുന്നത്. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് തടയാനാണ് തെരുവ് വിളക്ക് സ്ഥാപിച്ചിട്ടില്ലെന്ന സാങ്കേതികത്വം പറഞ്ഞ് നീട്ടിയെടുക്കുന്നത്. അതില്‍ യാതൊരു കാര്യവുമില്ല. കോര്‍പ്പറേഷനാണ് തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നത്. അവര്‍ സാങ്കേതികത്വം പറഞ്ഞ് അത് നീട്ടുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനം ആയിക്കഴിഞ്ഞാല്‍ സ്വാഭാവികമായിട്ടും പ്രധാനമന്ത്രിക്കോ കേന്ദ്രമന്ത്രിമാര്‍ക്കോ വന്ന് പങ്കെടുക്കാന്‍ പെരുമാറ്റ ചട്ടം അനുവദിക്കില്ല. അത്തരമൊരു സാഹചര്യം സൃഷ്ടിക്കുകയാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് തനിക്ക് തോന്നുന്നതെന്ന് ഗോപിനാഥ് കൂട്ടിച്ചേര്‍ത്തു. കരാര്‍ നടത്തുന്നവരോടും എന്‍ജിനയര്‍മാരോടും സംസാരിച്ചതില്‍ നിന്നും ഇന്ന് അതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് അറിഞ്ഞത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരെയും ഉദ്ഘാടനം നീട്ടിക്കൊണ്ട് പോയി അതിന് ശേഷം സംസ്ഥാനത്തിന്റെ ആളുകളെക്കൊണ്ട് അത് ചെയ്യിക്കാനാണ് ഇവരുടെ ശ്രമം.

കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ നേടിയെടുക്കുകയും അവരുടെ സഹായം കൊണ്ട് പദ്ധതികള്‍ പൂര്‍ത്തിയാക്കുകയും ചെയ്ത ശേഷം ഉദ്ഘാടനം വരുമ്പോള്‍ ഇത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ല. അമ്പത് ശതമാനത്തിനും അപ്പുറവും കേന്ദ്രസര്‍ക്കാരില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ വാങ്ങിയെടുത്തിട്ടുണ്ടെന്നും ഗോപിനാഥന്‍ അവകാശപ്പെടുന്നു. ഒരു പദ്ധതി തുടങ്ങാനും സര്‍വേക്കല്ലിടാനുമൊക്കെ ആരെക്കൊണ്ടും പറ്റും. എന്നാല്‍ അത് പൂര്‍ത്തീകരിക്കുന്നതിലാണ് കാര്യം. ആര് പൂര്‍ത്തീകരിക്കുന്നുവെന്നാണ് നോക്കേണ്ടത്. 40 വര്‍ഷത്തിലേറെയായി ഈ പദ്ധതി ഒരു അനക്കവുമില്ലാതെ കിടക്കുകയായിരുന്നു. ഒരു പദ്ധതി ഇത്രയും കൊല്ലം ചവറ്റുകുട്ടയില്‍ കിടക്കുന്നത് ലോകചരിത്രത്തിലുണ്ടാകില്ല. പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ നിതിന്‍ ഗഡ്കരി ആവശ്യമുള്ള എന്ത് സഹായവും ചെയ്യാമെന്നാണ്. പ്രഖ്യാപനങ്ങള്‍ നടത്താന്‍ ആര്‍ക്കും സാധിക്കും എന്നാല്‍ ആര് പ്രാവര്‍ത്തികമാക്കിയെന്നാണ് നോക്കേണ്ടത്. യുപിഎ ഭരിച്ച പത്ത് കൊല്ലക്കാലത്ത് കേരളത്തില്‍ എട്ട് കേന്ദ്രമന്ത്രിമാരും ഉണ്ടായിരുന്നു എന്നാല്‍ എന്താണ് അവരത് ചെയ്യാതിരുന്നത്? ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനും തങ്ങളുടെ കഴിവുകേട് മറച്ചുവയ്ക്കാനുമാണ് കോണ്‍ഗ്രസും സിപിഎമ്മും ശ്രമിക്കുന്നത്. സിപിഎമ്മിന് മാത്രം അവകാശപ്പെടാവുന്ന ഒന്നല്ല ഈ ദേശീയപാത. തൊഴിലുറപ്പ് പദ്ധതി തങ്ങള്‍ കൊണ്ടുവന്നതാണെന്ന് അവര്‍ അവകാശപ്പെടുന്നത് പോലെ തന്നെയാണ് ഇത്.

സോഷ്യല്‍ മീഡിയ വളരെ സജീവമായതിനാല്‍ ഇത്തരം കുപ്രചരണങ്ങള്‍ ഇനി കേരളത്തില്‍ വിലപ്പോകില്ലെന്നാണ് ഗോപിനാ്ഥ് പറയുന്നത്. കേരളത്തിലെ ജനങ്ങള്‍ വിദ്യാഭ്യാസമുള്ളവരാണ്. അത്തരമൊരു സംസ്ഥാനത്ത് ജനങ്ങളെ വിഡ്ഢികളാക്കുന്ന ഇത്തരം പ്രചരണങ്ങള്‍ വിലപ്പോകില്ലെന്നാണ് തനിക്ക് തോന്നുന്നത്. തങ്ങളാണെങ്കിലും ഭരണകക്ഷിയാണെങ്കിലും പ്രതിപക്ഷമാണെങ്കിലും അതോര്‍ക്കണമെന്നും ഗോപിനാഥ് കൂട്ടിച്ചേര്‍ത്തു.

നാലര പതിറ്റാണ്ടായുള്ള ജനങ്ങളുടെ കാത്തിരിപ്പാണ് ഇപ്പോള്‍ ഉദ്ഘാടനത്തില്‍ തട്ടി വീണ്ടും നീണ്ടുപോകുന്നത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്താണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തുല്യ പങ്കാളിത്തത്തോടെ ജോലികള്‍ പുനരാരംഭിച്ചത്. തുടര്‍ന്ന് വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പണി പൂര്‍ത്തിയാക്കുകയും ചെയ്തു. ഏത് നിമിഷവും തുറന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കുമ്പോഴാണ് ജനങ്ങളെ വിഡ്ഢികളാക്കിയുള്ള രാഷ്ട്രീയ കളികള്‍ക്ക് ഈ ബൈപ്പാസ് വഴിതുറക്കുന്നത്.

Next Story

Related Stories