TopTop
Begin typing your search above and press return to search.

കൊട്ടക്കാമ്പൂര്‍ ഭൂമിതട്ടിപ്പ്; ഈ 'ഇടതു സ്വതന്ത്രന്‍' സിപിഎമ്മിന് ഭാരം

കൊട്ടക്കാമ്പൂര്‍ ഭൂമിതട്ടിപ്പ്; ഈ ഇടതു സ്വതന്ത്രന്‍ സിപിഎമ്മിന് ഭാരം

ഇടുക്കിയിലെ വട്ടവട പഞ്ചായത്തിലെ കൊട്ടക്കാമ്പൂരില്‍ ജോയ്‌സ് ജോര്‍ജ് എംപിയും കുടുംബാംഗങ്ങളും കൈവശംവച്ചിരുന്ന ഭൂമിയുടെ പട്ടയം കഴിഞ്ഞ ദിവസമാണ് ദേവികുളം സബ് കളക്ടര്‍ റദ്ദാക്കിയത്. എം പിയുടെയും കുടുംബത്തിന്റെയും കൈവശമുള്ള 20 ഏക്കര്‍ ഭൂമി സര്‍ക്കാരിന്‍റെ തരിശുഭൂമിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 2015ലാണ് ജോയ്സ് ജോർജിനും കുടുംബാംഗങ്ങൾക്കുമെതിരേ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തത്. ഹൈറേഞ്ച് സംരക്ഷണ സമിതി നേതാവെന്ന നിലയില്‍ എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി രംഗ പ്രവേശം ചെയ്തതിന് പിന്നാലെയാണ് ആരോപണം ഉയര്‍ന്നത്. ജോയ്സ് ജോര്‍ജ്ജ് ഭൂമി കൈവശപ്പെടുത്തുന്നതിന് പിന്നില്‍ നടന്നത് വന്‍ തട്ടിപ്പാണ് എന്നു വെളിപ്പെടുത്തുകയാണ് അഴിമുഖം നടത്തിയ അന്വേഷണം.

ബ്ലോക്ക് 58. കൊട്ടക്കാമ്പൂര്‍ വില്ലേജിലെ 1893 ഹെക്ടര്‍ വിസ്തീര്‍ണം വരുന്ന ഈ ഭൂമി ഇപ്പോള്‍ വാര്‍ത്തകളില്‍ സജീവമാണ്. ഇതില്‍ 60 ഹെക്ടറോളം സ്ഥലം പത്തുനൂറു വര്‍ഷം മുന്‍പ് കുടിയേറിയ തമിഴ് കര്‍ഷകരുടെ കൈവശമാണ്. അതിനു പുറത്തുള്ളതൊക്കെ സമീപകാല കയ്യേറ്റങ്ങളും. അതൊന്നും വട്ടവട- കൊട്ടക്കാമ്പൂര്‍ മേഖലയിലുള്ളവരുടെ കൈവശമല്ല. 90കള്‍ക്കു ശേഷം നടന്ന ഈ കയ്യേറ്റമാണ് വട്ടവട മേഖലയെ യൂക്കാലിപ്റ്റസിന്റെ ആധിപത്യത്തിലേക്കു നയിച്ചതെന്നതാണ് വാസ്തവം. കഴിഞ്ഞ കുറിഞ്ഞിപ്പൂക്കാലം 2006ല്‍ ആയിരുന്നു. കയ്യേറ്റങ്ങള്‍ തടയുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ലക്ഷ്യമിട്ട് അന്നാണ് കുറിഞ്ഞി സാങ്ച്വറി പ്രഖ്യാപിച്ചത്. അതില്‍ ഈ 58-ാം ബ്ലോക്കും ഉള്‍പ്പെടും. ഇന്നും കുറിഞ്ഞി സാങ്ച്വറി യാഥാര്‍ഥ്യമായിട്ടില്ലെങ്കില്‍ അതിനു പിന്നില്‍ 58-ാം ബ്ലോക്കിന്റെ സ്വാധീനം വളരെ വലുതാണ്.

1900 മുതലുള്ള, രാജഭരണ-ബ്രിട്ടീഷ് ആധിപത്യ കാലത്തേതുള്‍പ്പെടെയുള്ള രേഖകള്‍ പരിശോധിച്ചശേഷമാണ് കൊട്ടക്കാമ്പൂര്‍ വില്ലേജിലെ കയ്യേറ്റം റദ്ദാക്കപ്പെട്ട നടപടികള്‍ ഉണ്ടായത്. അതായത്, മറ്റുപല കേസുകളിലും ഉണ്ടാകാത്ത തരത്തില്‍ പഴുതടച്ചുള്ള നടപടി. സര്‍ക്കാരിന്റെ നിശ്ശബ്ദമായ പിന്തുണ ഇല്ലെങ്കില്‍ അങ്ങിനെ സംഭവിക്കുമെന്ന് കരുതാനാകില്ല. കൊട്ടക്കാമ്പൂരില്‍ റദ്ദാക്കപ്പെട്ട ഏഴു പട്ടയങ്ങളില്‍ അഞ്ചെണ്ണമാണ് ജോയ്സ് ജോര്‍ജിന്റെയും കുടുംബാംഗങ്ങളുടേയും പേരിലുള്ളത്. മറ്റൊന്ന് മൂന്നാര്‍ സ്വദേശിയുടേതും അടുത്തത് കൊല്ലം സ്വദേശിയുടേതുമാണ്.

1964ലെ ഭൂമി പതിവ് ചട്ടപ്രകാരം കൈവശഭൂമിക്കു നല്‍കുന്ന പട്ടയം കൂടാതെ കൃഷിക്കും താമസത്തിനുമായി ഭൂരഹിതര്‍ക്കും പട്ടയം നല്‍കാം. ഇപ്പോള്‍ റദ്ദാക്കപ്പെട്ടിരിക്കുന്ന പട്ടയങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത് കൈവശഭൂമിക്കുള്ള പട്ടയമായിട്ടാണ്. 1971 നു മുന്‍പ് ഭൂമി കൈവശം എത്തിയതാണെങ്കില്‍ മാത്രമേ ഇതുപ്രകാരം പട്ടയം നല്‍കാന്‍ പറ്റുകയുള്ളു. എന്നാല്‍ 1974 മുതല്‍ ഈ മേഖലയില്‍ നടത്തിയ റീസര്‍വ്വേ പ്രകാരം ലാന്‍ഡ് രജിസ്റ്ററില്‍ ബ്ലോക്ക് 58 ആര്‍ക്കും കൈവശമില്ലാത്ത തരിശുഭൂമിയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റീസര്‍വ്വേയുടെ ഭാഗമായി സ്ഥലത്ത് നേരിട്ടു പരിശോധന നടത്തി തയ്യാറാക്കുന്ന റീസര്‍വ്വേ ഫെയര്‍ ഫീല്‍ഡ് രജിസ്റ്റര്‍ അഥവാ ലാന്‍ഡ് രജിസ്റ്റര്‍ ഇക്കാര്യത്തിലെ ആധികാരിക രേഖ തന്നെയാണ്. ചട്ടത്തിലെ സെക്ഷന്‍ 12(3) അനുസരിച്ച് ലാന്‍ഡ് അസൈന്റ്മെന്റ് കമ്മിറ്റി യോഗം ചേര്‍ന്ന് പാസാക്കിയാല്‍ മാത്രമേ പട്ടയം നല്‍കാന്‍ പാടുള്ളു. ഇവിടെ അങ്ങിനെ പാസ്സാക്കിയിട്ടില്ലാത്ത പട്ടയങ്ങളാണ് റദ്ദാക്കപ്പെട്ടിരിക്കുന്നതെന്നാണ് മനസ്സിലാക്കുന്നത്. ഇത്തരത്തില്‍, കമ്മിറ്റി യോഗം ചേരാതെ നല്‍കിയ പട്ടയങ്ങള്‍ ദേവികുളം താലൂക്കില്‍ വേറേയും ധാരാളമുണ്ട്. അതില്‍ ഇടതു-വലത്-ബിജെപി, ഹൈന്ദവ-ക്രൈസ്തവ-മുസ്ലീം തരംതിരിവുകളൊന്നുമില്ല.

കൊട്ടക്കാമ്പൂര്‍ വില്ലേജില്‍ ബ്ലോക്ക് 58ല്‍ പെട്ട 1.6187 ഹെക്ടര്‍ വസ്തുവിന് പട്ടയത്തിനുള്ള അപേക്ഷ നല്‍കിയിരിക്കുന്നത് കൊട്ടക്കാമ്പൂര്‍ സ്വദേശിയായ ഒരു ബാലന്റെ പേരിലാണ്. ബാലന്‍ ഒപ്പിട്ടു നല്‍കിയ അപേക്ഷ പ്രകാരം എല്‍എ 4/2001 നമ്പരായി പട്ടയം അനുവദിക്കുകയും ചെയ്തു. ഈ പട്ടയത്തില്‍ പറയുന്ന ഭൂമി വില്‍ക്കുന്നതിനും മറ്റുമായി ഇടുക്കി തടിയമ്പാട് പാലിയത്ത് ജോസഫ് മകന്‍ ജോര്‍ജിന് ബാലന്‍ നല്‍കിയ സര്‍വ്വ മുക്ത്യാര്‍ (പവര്‍ ഓഫ് അറ്റോണി) ദേവികുളം സബ് രജിസ്ട്രാര്‍ ഓഫീസില്‍ 179/2001 നമ്പറായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതു പ്രകാരം ഈ ഭൂമി ജോര്‍ജ് മകന്‍ ജോയ്സിന്റെയും ഭാര്യ അനൂപയുടേയും പേരില്‍ 2005 മാര്‍ച്ച് 21ന് 1071/2005 നമ്പറായി തീറാധാരം നടത്തിയതായും ദേവികുളം സബ് രജിസ്ട്രാര്‍ ഓഫീസിലെ രേഖകളിലുണ്ട്. എന്നാല്‍ താന്‍ ഇത്തരത്തില്‍ പട്ടയത്തിനായി ഒരിടത്തും അപേക്ഷ നല്‍കിയിട്ടില്ലെന്നും ആര്‍ക്കും ഭൂമി വില്‍ക്കാന്‍ മുക്ത്യാര്‍ നല്‍കിയിട്ടില്ലെന്നും ബാലന്‍ ദേവികുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സത്യവാങ് മൂലം നല്‍കിയിടത്താണ് കാര്യങ്ങള്‍ തകിടം മറിയുന്നത്. തന്റെ കള്ള ഒപ്പിട്ട് ആരോ ചമച്ചതാണ് പട്ടയ അപേക്ഷയും മുക്ത്യാരുമൊക്കെയെന്നാണ് തമിഴനായ ബാലന്‍ സത്യവാങ് മൂലത്തില്‍ പറയുന്നത്. ബാലനെ കൂടാതെ മുരുകന്‍, ഗണേശന്‍ എന്നിവരും ഇത്തരത്തില്‍ ജോയ്സ് ജോര്‍ജിനെതിരെ സത്യവാങ്മൂലങ്ങള്‍ നല്‍കിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. അതായത് ഭൂമി കയ്യേറുക മാത്രമല്ല അത് പേരിലാക്കാന്‍ വ്യാജരേഖകള്‍ ചമച്ചു എന്നതുകൂടിയാണ് കുറ്റം. ബാലനില്‍ നിന്ന് വിലയ്ക്കുവാങ്ങിയ ഭൂമിയാണെന്നും കയ്യേറിയതല്ലെന്നും വാദിക്കാനുള്ള ഉപായംകൂടിയാണിതെന്നു ചുരുക്കം.

ബാലന്‍ ദേവികുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സത്യവാങ് മൂലം

അച്ഛന്‍ മക്കള്‍ക്ക് വീതംവച്ചുകൊടുത്തതും തത്വത്തില്‍ പാരമ്പര്യഭൂമിയാണല്ലോ. പക്ഷേ, ബാങ്ക് വായ്പയുടെ ആവശ്യത്തിനായിട്ടോ മറ്റോ ഈ ഭൂമി അച്ഛനില്‍ നിന്നു ജോയ്സ് വിലയ്ക്കു വാങ്ങിയതാണെന്നുതന്നെയാണ് രേഖകള്‍. ഈ ഭൂമി ഈടായി സ്വീകരിച്ച് ജോയ്സിന് ഇടുക്കിയിലെ യുഡിഎഫ് ഭരിക്കുന്ന ഒരു സഹകരണ ബാങ്ക് വായ്പ നല്‍കിയിരുന്നു. ഭൂമി വിവാദത്തില്‍ കുടുങ്ങിയതോടെ ബാങ്ക് ഇടപെട്ട് ആ വായ്പ തിരിച്ചടപ്പിക്കുകയായിരുന്നു. ഇടുക്കിയില്‍ മാത്രമായി ഇത്തരത്തില്‍ ഭൂമി ഈടുവാങ്ങി വായ്പ നല്‍കുന്ന ഒരു പ്രത്യേക ബാങ്ക് ഉണ്ട്. അതിന്റെ വിളിപ്പേരുതന്നെ ‘ഭൂപണയ ബാങ്ക്’ എന്നാണ്! 2002ല്‍ മതികെട്ടാന്‍ ഭൂമി കയ്യേറ്റ വിവാദമുണ്ടായപ്പോള്‍ റദ്ദാക്കപ്പെട്ട പട്ടയങ്ങളില്‍ ഏറെയും നെടുങ്കണ്ടം ആസ്ഥാനമായ മറ്റൊരു ഭൂപണയ ബാങ്കില്‍ പണയം വച്ച് വായ്പ തരപ്പെടുത്തിയവയായിരുന്നു. ഓര്‍ക്കുക, ഇത്തരത്തില്‍ സര്‍വ്വ മുക്ത്യാറുകളുടേയും മറ്റും പിന്‍ബലത്തില്‍ പട്ടയം സംഘടിപ്പിച്ചതും ചെമ്പുപട്ടയമെന്നുപോലും അവകാശപ്പെട്ടതും എസ്ബിടി ഉള്‍പ്പെടെയുള്ള ബാങ്കുകളുടെ നിയമവിദഗ്ദ്ധര്‍ പരിശോധിച്ച് ഉടമസ്ഥാവകാശം ഉറപ്പുവരുത്തി വായ്പ നല്‍കിയതുമായ ഹെക്ടറു കണക്കിനു ഭൂമിയിലെ ഒട്ടേറെ പട്ടയങ്ങളാണ് മതികെട്ടാനില്‍ 2002ല്‍ വിശദമായ പരിശോധനകള്‍ക്കൊടുവില്‍ റദ്ദാക്കപ്പെട്ടത്. നിയമയുദ്ധത്തിനൊടുവില്‍ അതില്‍ ചിലതൊക്കെ തിരിച്ചുനല്‍കേണ്ടിവന്നെങ്കിലും മതികെട്ടാനിലെ കയ്യേറ്റഭൂമിയില്‍ നല്ലൊരു പങ്കും ഇന്ന് വനംവകുപ്പില്‍ നിക്ഷിപ്തം തന്നെയാണ്.

http://www.azhimukham.com/news-wrap-pinarayi-will-decide-future-of-thomaschandy-sajukomban/

ഭൂമി ഒരു തൊട്ടാല്‍ പൊള്ളുന്ന വിഷയമാണ്. കയ്യേറ്റമെന്നത് ഒരു കാലത്ത് കൃഷിയാവശ്യത്തിനു മാത്രമായിരുന്നു. കൃഷിദേഹണ്ഡങ്ങള്‍ നോക്കി നടത്താനാണ് അവിടെ വീടുകള്‍ വന്നത്. കാര്‍ഷിക വിളകള്‍ ശേഖരിക്കാനും സംസ്കരിച്ചു സൂക്ഷിക്കാനുമാണ് മതികെട്ടാനില്‍ ഉള്‍പ്പെടെ കെട്ടിടങ്ങള്‍ പണിതത്. പക്ഷേ, മൂന്നാര്‍ പോലെ വിനോദസഞ്ചാരവ്യാപാരം സജീവമായ മേഖലയിലും പരിസരത്തും കയ്യേറ്റഭൂമികളുടെ ഇപ്പോഴത്തെ സ്വഭാവം കൃഷിയുടേതല്ല. ഒരുകാലത്ത് കഞ്ചാവ് കൃഷിക്കു പേരുകേട്ട കൊട്ടക്കാമ്പൂരില്‍ പോലും വിനോദസഞ്ചാരം കടന്നുവരികയെന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. ഫാം ടൂറിസവും ട്രക്കിംഗും മാത്രമല്ല മൊബൈലും ഇന്റര്‍നെറ്റും ടിവിയും പത്രവുമൊന്നുമില്ലാതെ ഒന്നോ രണ്ടോ ദിവസം സ്വച്ഛന്ദമായി താമസിക്കാനാഗ്രഹിക്കുന്നവര്‍ക്കുവേണ്ടിക്കൂടി ഒരുങ്ങുകയാണ് ഇവിടമൊക്കെ. അത്തരമൊരിടത്ത് ഏക്കറു കണക്കിന് ഭൂമി വാങ്ങുന്നത് കൃഷിക്കുവേണ്ടി മാത്രമായിരിക്കില്ല. ശീതകാല പച്ചക്കറികളുടെ കേന്ദ്രമായ കാന്തല്ലൂരിലും വട്ടവടയിലും കീഴാന്തൂരിലുമെല്ലാം പട്ടയമില്ലാത്ത ഭൂമിയില്‍ ധാരാളം പേര്‍ കൃഷിയിറക്കുന്നുണ്ട്, ഉപജീവനത്തിനായി. പക്ഷേ, അവരുടെ മറവില്‍ ഭൂമി വാങ്ങിക്കൂട്ടുന്ന വന്‍കിടക്കാരുടെ ഉദ്ദേശ്യം വേറേയാണ്.

ജോയ്സിന്റെ പിതാവ് ജോര്‍ജ് കൊട്ടക്കാമ്പൂരിലെ ഭൂമി വിലയ്ക്കുവാങ്ങിയതാണെന്നും അത് മക്കള്‍ക്ക് വീതം വച്ചതാണെന്നും സമ്മതിച്ചാല്‍പോലും അതിനു പിന്നില്‍ നിയമത്തിന്റെ നൂലാമാലകളുണ്ട്. ദേവികുളം താലൂക്കില്‍ ഏറെ ശക്തമാണ് ഭൂമാഫിയയുടെ ഭാഗമായ ഇടനിലക്കാര്‍. ആദിവാസികള്‍ക്ക് സര്‍ക്കാര്‍ നല്കിയ, നിയമപ്രകാരം വില്‍ക്കാന്‍ സാധ്യമല്ലാത്ത ഭൂമി പോലും വന്‍കിടക്കാര്‍ക്ക് വേണ്ടി വ്യാജരേഖകള്‍ ചമച്ച് അവര്‍ വില്‍പന നടത്തും. ഇവിടെയും അതൊക്കെയാകാം സംഭവിച്ചിരിക്കുക. അക്ഷരാഭ്യാസം വേണ്ടത്രയില്ലാത്ത ഒപ്പിടാനറിയാത്ത കൈവശക്കാരനില്‍ നിന്ന് പലരും ചുളുവിലയ്ക്ക് ഭൂമി തരപ്പെടുത്തുന്നത് പല ഉദ്ദേശ്യങ്ങളിലാണ്. പക്ഷേ, അവരുടെ നിരക്ഷരത പിന്നീട് തങ്ങള്‍ക്ക് വിനയായേക്കാമെന്നുമാത്രം അവര്‍ ചിന്തിക്കാറില്ല. ഇവിടെ ബാലന്‍ ഉള്‍പ്പെടെയുള്ളവരുടെ സത്യവാങ്മൂലത്തിനുതന്നെയാണ് വില. അഭിഭാഷകനായ ഒരാള്‍ക്ക് നിയമത്തെപ്പറ്റി അറിയില്ലെന്നു പറഞ്ഞാല്‍ വിശ്വസിക്കാനും പ്രയാസം. താന്‍ പ്രത്യേക സാഹചര്യത്തില്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് ജനപ്രതിനിധിയാകുമെന്നൊന്നും കരുതാതെ ജോയ്സ് തട്ടിപ്പിനു കൂട്ടുനിന്നുവെന്ന കരുതുകയാകും എളുപ്പം. പിന്നീട് ആ സ്ഥാനം തട്ടിപ്പിനെ ബലപ്പെടുത്താനായി ഉപയോഗിക്കുന്നുവെന്നുമാത്രം.

കൊട്ടക്കാമ്പൂരിലെ ഭൂമി ജോയ്സ് ജോര്‍ജിന്റെ കൈവശം വരുന്നത് എംപിയാകുന്നതിനു മുന്‍പാണ്. അന്ന് ഇയാള്‍ ഇടത് അനുഭാവിപോലുമായിരുന്നില്ല. എന്നു മാത്രമല്ല ഇയാളും കുടുംബവും കോണ്‍ഗ്രസ് അനുഭാവികളുമായിരുന്നു. ജോയ്സിന്റെ പിതാവ് ജോര്‍ജ് വാഴത്തോപ്പ് പഞ്ചായത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ടിക്കറ്റില്‍ മല്‍സരിച്ച് രണ്ടു ടേം പ്രസിഡന്റായ ആളാണ്. ജോയ്സിന്റെ സഹോദരന്‍ ജോര്‍ജി കഴിഞ്ഞ ടേമില്‍ ഇടുക്കി ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസ് അംഗമായിരുന്നു. ഇപ്പോള്‍ വിവാദത്തിലായ കയ്യേറ്റങ്ങളും മറ്റും നടക്കുമ്പോള്‍ ജോയ്സ് നല്ലൊരു കോണ്‍ഗ്രസ് കുടുംബാംഗം മാത്രമായിരുന്നു. ഹൈറേഞ്ച് സംരക്ഷണ സമിതിയെന്ന അരാഷ്ട്രീയസംഘടനയുടെ ഭാഗമായാണ് ജോയ്സ് ജോര്‍ജ് പൊതുപ്രവര്‍ത്തന രംഗത്തേക്കെത്തിയത്. ഇടുക്കിയിലെ പ്രത്യേക സാഹചര്യത്തില്‍ ഇടതുപക്ഷത്തിന്റെ പിന്തുണയോടെ എംപിയാകുകയായിരുന്നു ജോയ്സ്. അന്ന് സമിതിയുടേയും ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ വിരുദ്ധരുടേയും വോട്ടിനുവേണ്ടി പാര്‍ട്ടി ജോയ്സിനെ ശരിയും തെറ്റും നോക്കാതെ പിന്തുണച്ചുവെന്നതാണ് വാസ്തവം. പാര്‍ട്ടി അംഗമോ അനുഭാവിയോ അല്ലാത്ത ജോയ്സ് യഥാര്‍ഥില്‍ പാര്‍ലമെന്റിലെ സ്വതന്ത്ര അംഗമാണ്. അതുകൊണ്ടുതന്നെ രാജിവയ്ക്കണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കുള്ള സ്വാതന്ത്ര്യം ജോയ്സിനുണ്ട്. ആ സ്വാതന്ത്ര്യം ജോയ്സിന് വിട്ടുകൊടുത്തുകൊണ്ടുതന്നെ ഇനിയെങ്കിലും ഇയാളെ ചുമക്കില്ലെന്ന തീരുമാനം സിപിഎമ്മും ഇടതുപക്ഷവും കൈക്കൊണ്ടാല്‍ കയ്യേറ്റക്കാരെ സഹായിക്കുന്നുവെന്ന ആരോപണത്തില്‍ നിന്ന് കുറച്ചുനാളത്തേക്കെങ്കിലും രക്ഷനേടാന്‍ അത് സഹായകമാകുകതന്നെ ചെയ്യും. അതിലൂടെ തെറ്റുതിരുത്താനുള്ള അവസരവും സി പി എമ്മിന് ലഭിക്കും.

http://www.azhimukham.com/opinion-on-sebastian-pauls-arguments-on-dileep-arrest-case-by-pramod/

Next Story

Related Stories