TopTop

കലാപത്തിന് കോപ്പ് കൂട്ടുന്ന കുമ്മനവും 71-ലെ തലശ്ശേരി കലാപ ഓര്‍മ്മകളും

കലാപത്തിന് കോപ്പ് കൂട്ടുന്ന കുമ്മനവും 71-ലെ തലശ്ശേരി കലാപ ഓര്‍മ്മകളും
ആര്‍എസ്എസ് മണ്ഡലം കാര്യവാഹക് രാമന്തളിയിലെ ബിജു കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നു. ബിജുവിന്റെ കൊലപാതകം ആഘോഷിക്കുന്ന കണ്ണൂരിലെ സിപിഎമ്മുകാര്‍ എന്ന അടിക്കുറിപ്പോടുകൂടിയാണ് കുമ്മനം ഒരു സംഘം ചെറുപ്പക്കാര്‍ കൊട്ടും പാട്ടുമൊക്കെയായി നടന്നു നീങ്ങുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തത്. എന്നാല്‍ വീഡിയോ എവിടെ നിന്നുള്ളതാണെന്നോ, ഏത് സാഹചര്യത്തില്‍ നടന്ന ഘോഷയാത്രയാണെന്നോ വ്യക്തമല്ല എന്നതിനാല്‍ തന്നെ ഇതിന്റെ ആധികാരികത തുടക്കത്തില്‍ തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും ഇതിനെ ഒരു വ്യാജ വീഡിയോ ആയി ആരോപിച്ച് രംഗത്ത് വന്നിരുന്നു. രാജശേഖരന്റെ ട്വിറ്റര്‍ പോസ്റ്റ് കലാപം ഉണ്ടാക്കാന്‍ മനഃപൂര്‍വം ഇട്ട ഒന്നാണെന്ന പരാതിയെ തുടര്‍ന്ന് ഒരു പോലീസ് കേസും രജിസ്റ്റര്‍ ചെയ്യപ്പെട്ടു കഴിഞ്ഞു. ഇത് അംബന്ധിച്ച അന്വേഷണവും അതിന്റെ വഴിക്ക് പോകും; അത് അങ്ങനെ തന്നെ നടക്കട്ടെ.

തന്റെ വീഡിയോ ശരിയാണെന്ന നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ് കുമ്മനം. വീഡിയോ വ്യാജം എന്ന് തെളിഞ്ഞാല്‍ ജയിലില്‍ പോകാനും തയ്യാര്‍ എന്നും കുമ്മനം അറിയിച്ചിട്ടുണ്ട്. കുമ്മനത്തിന്റെ നിലപാട് കുമ്മനത്തെ രക്ഷിക്കട്ടെ എന്നേ തത്ക്കാലം ഇതിനെക്കുറിച്ച് പറയാനുള്ളു. കലാപത്തിന് ആഹ്വാനം ചെയ്യുക എന്നത് കലാപം നടത്തുന്നതിന് തുല്യമായ കുറ്റമാണെന്ന് കുമ്മനത്തിന് അറിയായ്കയല്ല. അപ്പോള്‍ പിന്നെ കുമ്മനം തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നത് ഒന്നുകില്‍ ഈ വീഡിയോ അദ്ദേഹത്തിന് അയച്ചുകൊടുത്ത ആളില്‍ ഉള്ള അതിരുകവിഞ്ഞ വിശ്വാസം കൊണ്ടാവണം. അല്ലെങ്കില്‍ പറഞ്ഞത് പിന്‍വലിക്കാന്‍ ഉള്ള ആര്‍ജവം ഇല്ലാത്തതുകൊണ്ട്. തന്റെ അറസ്റ്റ് പോലും കണ്ണൂരിലെ സമാധാന നീക്കങ്ങള്‍ക്ക് തടസമാകുമെന്നതിനാല്‍ സംഭവിക്കാന്‍ ഇടയില്ലാത്ത ഒന്നായി ഈ വീര പോരാളി കാണുന്നുമുണ്ടാകാം. അഫ്സ്പ ചോദിച്ച് കിട്ടാത്ത സ്ഥിതിക്ക് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി എങ്ങനെ നേട്ടം കൊയ്യാം എന്ന ദുഷ്ചിന്തയും ഒരു പക്ഷെ ഉണ്ടായിക്കൂടാതെ ഇല്ല എന്ന ആശങ്കയ്ക്കും വകയുണ്ട്.

ഇങ്ങനെ ഒരു ആശങ്ക ഉന്നയിക്കുന്നത് കണ്ണൂരിന്റെ തന്നെ ഒരു പഴയ അനുഭവത്തിന്റെ വെളിച്ചത്തിലാണ്. 1971-ലെ തലശ്ശേരി കലാപം കണ്ണൂരുകാര്‍ അത്ര എളുപ്പത്തില്‍ മറക്കാന്‍ ഇടയില്ല. തലശ്ശേരിയിലെ നൂര്‍ജഹാന്‍ ഹോട്ടലിന് മുകളില്‍ നിന്നും ജഗന്നാഥ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന ഒരു ഘോഷയാത്രക്ക് നേരെ ആരോ ചെരുപ്പ് എറിഞ്ഞതിനെ തുടര്‍ന്ന് ആരംഭിച്ച തര്‍ക്കം നിമിഷങ്ങള്‍ക്കുള്ളില്‍ വര്‍ഗീയ ലഹളയായി മാറി. അന്ന് നടന്ന വ്യാജ പ്രചാരണങ്ങള്‍ക്ക് കൈയും കണക്കുമുണ്ടായിരുന്നില്ല. ക്ഷേത്രത്തിലേക്ക് പോയ സ്ത്രീയുടെ മുല അരിഞ്ഞു, വീട് കയറി സ്ത്രീകളെ ബലാത്സംഗം ചെയ്തു തുടങ്ങി ഒട്ടേറെ വ്യാജ കഥകള്‍ അക്കാലത്ത് പടച്ചു വിട്ടിരുന്നു. അന്നത്തെ രാഷ്ട്രീയ നേതൃത്വത്തിന്റെയും പോലീസിന്റെയും സമയോചിതമായ ഇടപെടല്‍ ഒന്നുകൊണ്ടു മാത്രം കലാപം പെട്ടെന്ന് കെട്ടടങ്ങി. കുമ്മനത്തിന്റെ വീഡിയോ വ്യാജമോ സത്യമോ ആകട്ടെ, ആ വീഡിയോയും വലിയൊരു കലാപത്തിന് വഴി മരുന്നിടാന്‍ പോന്നതായിരുന്നു.

Next Story

Related Stories