TopTop
Begin typing your search above and press return to search.

കുമ്മനം ഹാപ്പിയാണ്; ജനരക്ഷാ യാത്രയ്ക്ക് ഉഗ്രന്‍ ക്ലൈമാക്സ്

കുമ്മനം ഹാപ്പിയാണ്; ജനരക്ഷാ യാത്രയ്ക്ക് ഉഗ്രന്‍ ക്ലൈമാക്സ്

'ദിലീപിന് ജാമ്യം കൊടുത്ത് ആദ്യ ദിവസം ഹൈക്കോടതി തോല്‍പ്പിച്ചു, സിപിഎമ്മിന് ജയ് വിളിച്ച് രണ്ടാം ദിവസം ബംഗാളികള്‍ തോല്‍പ്പിച്ചു, കൂടെയുണ്ടാകുമെന്ന് പറഞ്ഞ് മുങ്ങിക്കളഞ്ഞ് ഒടുവില്‍ അമിത് ഷായും തോല്‍പ്പിച്ചു. തോല്‍വികളേറ്റു വാങ്ങാന്‍ കുമ്മനത്തിന്റെ യാത്ര ഇനിയും ബാക്കി'

ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ജനരക്ഷാ യാത്ര ആരംഭിച്ച ആദ്യ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി പ്രചരിച്ച ഒരു ട്രോള്‍ ആയിരുന്നു ഇത്. എന്നാല്‍ കുമ്മനത്തിന്റെ യാത്ര അദ്ദേഹത്തിന്റെ സ്വന്തം തട്ടകമായ കോട്ടയത്ത് എത്തിയപ്പോഴേക്കും ഈ സാഹചര്യം മാറിയിരിക്കുന്നു.

കണ്ണൂരില്‍ നിന്നും ആരംഭിച്ച് ഇക്കണ്ട ജില്ലകളൊക്കെ പിന്നിടുമ്പോഴെല്ലാം കുമ്മനവും സംഘവും നാള്‍ക്കുനാള്‍ പരിഹസിക്കപ്പെടുക മാത്രമായിരുന്നു. സണ്ണി ലിയോണ്‍ കൊച്ചിയിലെത്തിയപ്പോള്‍ തടിച്ചുകൂടിയ ആള്‍ക്കൂട്ടത്തിന്റെ ഫോട്ടോ അമിത് ഷായ്‌ക്കൊപ്പം ജനരക്ഷാ യാത്രയില്‍ പങ്കെടുത്തവരുടേതാണെന്ന് കാണിച്ച് പ്രചരിപ്പിച്ച് സംഘപരിവാറിന്റെ സൈബര്‍ വിഭാഗം തന്നെ കുമ്മനത്തിന്റെ യാത്രയെ നാണം കെടുത്തുകയും ചെയ്തു. സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍ഡിഎഫ് നടത്തിയ സോളാര്‍ സമരത്തിന്റെ ചിത്രവും ഇത്തരത്തില്‍ ആലപ്പുഴയിലെ ജനരക്ഷാ യാത്രയുടേതാണെന്ന് അവകാശപ്പെട്ടും ആ നാണക്കേടിന് ആക്കം കൂട്ടി. അതേസമയം ശക്തമായ ഒരു രാഷ്ട്രീയ വിഷയത്തെയും എടുത്തുയര്‍ത്താനാകാതെ കുമ്മനം സ്വയമേയും യാത്രയിലുടനീളം പരിഹാസ്യനാകുന്നതാണ് കാണാന്‍ സാധിച്ചത്. എന്നാല്‍ യാത്ര കോട്ടയത്തെത്തിയതോടെ കുമ്മനത്തിന് യാത്രയിലുന്നയിക്കാന്‍ ശക്തമായ ഒരു രാഷ്ട്രീയ ആയുധം ലഭിച്ചിരിക്കുന്നു. ആ ആയുധമാകട്ടെ ഭരണപക്ഷമായ എല്‍ഡിഎഫിനെയും പ്രതിപക്ഷമായ യുഡിഎഫിനെയും ഒരുപോലെ അടിയ്ക്കാനും മാത്രം ശക്തമായ ആയുധവുമാണ്.

http://www.azhimukham.com/analysis-vt-balrams-tpchandrasekharan-statement-will-boomerang/

കോട്ടയമാണ് കുമ്മനത്തിന്റെ ഭാഗ്യമണ്ണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണ്. കോട്ടയത്ത് നിലയ്ക്കലില്‍ നടന്ന പ്രക്ഷോഭമാണ് കുമ്മനം രാജശേഖരന്‍ എന്ന രാഷ്ട്രീയ നേതാവിന്റെ ഉദയത്തിന് വഴിവച്ചത്. 1983ല്‍ കേരളത്തെ രണ്ടാക്കി പിളര്‍ത്തിയ ഹിന്ദു-ക്രിസ്ത്യന്‍ പോരാട്ടത്തിലേക്ക് നയിച്ചത് കുമ്മനത്തിന്റെ ഇടപെടലാണ്. പിന്നീട് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിലെ ജോലി രാജിവച്ച് 1987ല്‍ ആര്‍എസ്എസ് പ്രചാരകനായി മാറി. നിലയ്ക്കല്‍ സമരത്തിന്റെ ഫലം കുമ്മനം ആദ്യമായി ആസ്വദിച്ചതും ഇതേവര്‍ഷമാണ്. ഹിന്ദുമുന്നണി രൂപീകരിച്ച് ആദ്യമായി നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ കുമ്മനം രണ്ടാം സ്ഥാനത്താണ് എത്തിയത്. തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തില്‍ മത്സരിച്ച് സാക്ഷാല്‍ ഇഎംഎസിനെ പോലും ആശങ്കയില്‍ നിര്‍ത്തിയാണ് ഇടതുസ്ഥാനാര്‍ത്ഥി കെ ശങ്കരനാരായണ പിള്ളയ്ക്ക് പിന്നാലെ കുമ്മനം രണ്ടാം സ്ഥാനത്തെത്തിയത്. ആ തെരഞ്ഞെടുപ്പിന് ശേഷം നേരിട്ട് രാഷ്ട്രീയത്തില്‍ ഇറങ്ങാതെയുള്ള രാഷ്ട്രീയ കളികളിലാണ് കുമ്മനം ഇടപെട്ടത്. എന്നാല്‍ ആര്‍എസ്എസിന്റെ എക്കാലത്തെയും തുറുപ്പ് ചീട്ടായി ഈ തീവ്രവര്‍ഗ്ഗീയവാദിയുണ്ടായിരുന്നു. ആര്‍എസ്എസിന്റെ പ്രത്യേക താല്‍പര്യമാണ് കുമ്മനത്തെ അപ്രതീക്ഷിതമായി ബിജെപി സംസ്ഥാന പ്രസിഡന്റാക്കിയതും. നിലയ്ക്കല്‍ സമരമാണ് ആര്‍എസ്എസ് വഴി ബിജെപി സംസ്ഥാന പ്രസിഡന്റ് പദവിയിലെത്താന്‍ കുമ്മനത്തെ സഹായിച്ചത് എന്നതിനാലാണ് കോട്ടയം അദ്ദേഹത്തിന്റെ ഭാഗ്യമണ്ണാണെന്ന് പറയുന്നത്.

ജനരക്ഷാ യാത്ര ഇതേ കോട്ടയത്ത് എത്തിയപ്പോഴാണ് സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ ആദ്യ വെടിപൊട്ടിയത് എന്നതാണ് ഇവിടെ കാര്യം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ നടപടിയുണ്ടാകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനമാണ് കുമ്മനത്തിന് യാത്ര തുടങ്ങി ഇത്ര ദിവസമായിട്ടും ആദ്യമായി കിട്ടിയ ആയുധം. എന്നാല്‍ അതിലും നല്ല ആയുധം ഇനിയും വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. ടിപി വധക്കേസ് ഒത്തുതീര്‍പ്പാക്കിയതിന് കിട്ടിയ പ്രതിഫലമാണ് സോളാര്‍ കേസ് റിപ്പോര്‍ട്ട് എന്ന് പറഞ്ഞതിലൂടെ വി ടി ബല്‍റാം എന്ന യുവ കോണ്‍ഗ്രസ് നേതാവ് അറിഞ്ഞോ അറിയാതെയോ രണ്ട് പാര്‍ട്ടികള്‍ക്കുമെതിരെ ശക്തമായ ഒരു ആയുധം ബിജെപിയ്ക്ക് നല്‍കുകയായിരുന്നു. ഇപ്പോള്‍ പന്ത് കുമ്മനത്തിന്റെ കോര്‍ട്ടിലെത്തിയിരിക്കുന്നു. ഇനിയുള്ള ജില്ലകള്‍ കുമ്മനത്തിന് ആത്മവിശ്വാസത്തോടെ തന്നെ നടന്നു തീര്‍ക്കാന്‍ ബല്‍റാമിന്റെ ഈ വാക്കുകള്‍ മതി.

http://www.azhimukham.com/news-wrap-president-ramnathkovind-praises-for-its-secular-tradition-sajukomban/

അതിന് പിന്നാലെയാണ് ടിപി കേസ് സത്യസന്ധമായി അന്വേഷിച്ചതിനാലാണ് തനിക്ക് മന്ത്രി സ്ഥാനം നഷ്ടമായതെന്നും തന്റെ കാലത്ത് ഒത്തുതീര്‍പ്പുകളൊന്നുമുണ്ടായിട്ടില്ലെന്നും തെളിവുകളുണ്ടെങ്കില്‍ അതുമായി ബല്‍റാം കോടതിയെ സമീപിക്കണമെന്നും മുന്‍ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞത്. കേസ് യുഡിഎഫ് അട്ടിമറിച്ചതാണെന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ വാക്കുകളിലുള്ളത്. താന്‍ ആത്മാര്‍ത്ഥമായാണ് കേസിനെ സമീപിച്ചതെന്നും എന്നാല്‍ അത് അട്ടിമറിയ്ക്കാന്‍ മറ്റാരോ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നുമാണ് തിരുവഞ്ചൂരിന്റെ വാക്കുകളില്‍ ഒളിഞ്ഞിരിക്കുന്നത്. കുമ്മനത്തെ സംബന്ധിച്ച് തിരുവനന്തപുരത്തെത്തുന്നത് വരെ തന്റെ യാത്രയില്‍ ഇരു പാര്‍ട്ടികളെയും ആഞ്ഞടിക്കാനുള്ള വടിയാണ് ആ സൂചന.

http://www.azhimukham.com/trending-newsupdate-thiruvanchoor-says-he-lost-home-department-due-to-right-probe-in-tpcase/

ജിഹാദി ഭീകരതയെയും ചുവപ്പ് ഭീകരതയെയും ഇല്ലാതാക്കുമെന്നാണ് ജനരക്ഷാ യാത്ര അവകാശപ്പെടുന്നത്. ഇല്ലാത്ത ഒന്നിനെ ഇല്ലാതാക്കാനുള്ള യാത്രയെന്നാണ് അത് പരിഹസിക്കപ്പെട്ടതും. എന്നാല്‍ ചുവപ്പ് ഭീകരത കേരളത്തെ സംബന്ധിച്ച് ഏറ്റവും കൃത്യമായി ചൂണ്ടിക്കാട്ടാവുന്ന സംഭവമാണ് ടി പി ചന്ദ്രശേഖരന്‍ വധക്കേസ്. ഇത്രയും ദിവസങ്ങളിലും അപഹാസ്യമായ ജനരക്ഷാ യാത്രയ്ക്ക് ഇനിയുള്ള ദിവസങ്ങളില്‍ ഊര്‍ജ്ജം ലഭിക്കുന്നതും അതിനാലാണ്. ബല്‍റാമിന്റെയും തിരുവഞ്ചൂരിന്റെയും പ്രസ്താവനകള്‍ കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും ഒരുപോലെ പ്രതിക്കൂട്ടിലാക്കുമ്പോള്‍ വിജയച്ചിരി ചിരിക്കുന്നത് ബിജെപി തന്നെയാണന്നതിന് സംശയം വേണ്ട. അവസാന ലാപ്പിലെങ്കിലും ജനരക്ഷാ യാത്ര ഉന്നയിക്കുന്ന വിഷയത്തെ എടുത്തുകാട്ടാന്‍ കുമ്മനത്തിന് സാധിച്ചിരിക്കുന്നു. സിപിഎമ്മിനെ കേരളത്തില്‍ നിന്നും തുടച്ചു നീക്കാന്‍ സാധിച്ചില്ലെങ്കിലും തന്റെ യാത്ര വെറുതെയായില്ലെന്നെങ്കിലും കുമ്മനത്തിന് ഇനി അവകാശപ്പെടാം. ജനരക്ഷാ യാത്ര തിരുവനന്തപുരത്ത് എത്തുന്നതുവരെ പ്രസംഗങ്ങളിലൂടെ ഈ വിഷയത്തെ സജീവമായി നിലനിര്‍ത്തിയാല്‍ മാത്രം മതിയാകും.

http://www.azhimukham.com/analysis-janarakshayathra-derailed-two-reasons-saju/


Next Story

Related Stories