Top

കണക്കുകള്‍ പിഴച്ച കഴിഞ്ഞ നാല് വര്‍ഷങ്ങള്‍: കെഎം മാണിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ ഒടുക്കം ഇങ്ങനെ

കണക്കുകള്‍ പിഴച്ച കഴിഞ്ഞ നാല് വര്‍ഷങ്ങള്‍: കെഎം മാണിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ ഒടുക്കം ഇങ്ങനെ
കെഎം മാണി പ്രതിയായ ബാര്‍ കോഴക്കേസ് അവസാനിപ്പിക്കുന്നതായാണ് ഇന്ന് ഹൈക്കോടതി പ്രഖ്യാപിച്ചിരിക്കുന്നത്. മാണിയുടെ മരണത്തെ തുടര്‍ന്നാണ് ഈ പ്രഖ്യാപനം. കഴിഞ്ഞ നാല് വര്‍ഷക്കാലം കെഎം മാണിയെ കേരള രാഷ്ട്രീയത്തില്‍ അപ്രസക്തനാക്കിയ സംഭവമായിരുന്നു ബാര്‍ കോഴക്കേസ്. അറുപത് വര്‍ഷത്തിലേറെ നീണ്ടു നിന്ന ആ രാഷ്ട്രീയ ജീവിതത്തിനിടയില്‍ പല ആരോപണങ്ങളും മാണി നേരിട്ടിട്ടുണ്ടെങ്കിലും ഇത്രത്തോളം തിരിച്ചടി നേരിട്ട മറ്റൊരു കേസ് നേരിട്ടിട്ടില്ല. മാണിയുടെ വീട്ടിലെ വോട്ടെണ്ണല്‍ യന്ത്രത്തെക്കുറിച്ച് പോലും ചര്‍ച്ചകളുണ്ടായി. യുഡിഎഫിനും എല്‍ഡിഎഫിനുമിടയില്‍ ഒരു പാലമായി നില്‍ക്കാന്‍ ശേഷിയുണ്ടായിരുന്ന അദ്ദേഹത്തെ രണ്ട് മുന്നണികളും ഒരുപോലെ അവഗണിക്കുകയും ചെയ്തു.

കേരളത്തില്‍ 2014ല്‍ പൂട്ടിയ ബാറുകള്‍ തുറക്കാന്‍ കെ എം മാണി ബാര്‍ ഉടമകളില്‍ നിന്നും ഒരു കോടി രൂപ വാങ്ങിയെന്ന് ബാര്‍ ഉടമ അവരുടെ അസോസിയേഷന്‍ നേതാവുമായ ബിജു രമേശ് ആരോപിച്ചതോടെയാണ് ബാര്‍ കോഴക്കേസ് ആരംഭിക്കുന്നത്. മാണിയുടെ വീട്ടിലെ നോട്ടെണ്ണല്‍ യന്ത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളും ഉയര്‍ന്നുവന്നത് ഇതോടൊപ്പമാണ്. സംഘടനയുടെ ആളുകള്‍ കൈക്കൂലി നല്‍കാനെത്തിയപ്പോള്‍ ഇത് കണ്ടെന്നാണ് അവര്‍ വെളിപ്പെടുത്തിയത്. 2014 നവംബര്‍ ഒന്നിന് ബിജു ഉന്നയിച്ച ആരോപണം വലിയ തോതിലുള്ള ഒച്ചപ്പാടുകള്‍ക്ക് വഴിവച്ചപ്പോള്‍ ഡിസംബര്‍ 10ന് മാണിയെ പ്രതിയാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല അന്വേഷണം വിജിലന്‍സിന് വിടുകയായിരുന്നു. വിജിലന്‍സ് ക്വിക് വേരിഫിക്കേഷനാണ് ആരംഭിച്ചത്. ഇതിനിടെ നവംബര്‍ ആഞ്ചിന് കൊച്ചിയില്‍ ബാറുടമകളുടെ യോഗം ചേര്‍ന്നപ്പോള്‍ നാല് വര്‍ഷത്തിനിടെ പല നേതാക്കള്‍ക്കുമായി 20 കോടി രൂപ നല്‍കിയിട്ടുണ്ടെന്ന രഹസ്യ വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ യുഡിഎഫ് കൂടുതല്‍ പ്രതിസന്ധിയിലായി. എന്നാല്‍ അത് മദ്യലഹരിയില്‍ പറഞ്ഞതാണെന്ന് ബാറുടമ മനോഹരന്‍ വ്യക്തമാക്കി. നവംബര്‍ ഏഴിന് അടക്കുന്ന ബാറുകള്‍ തുറക്കാന്‍ അഞ്ച് കോടി രൂപ ആവശ്യപ്പെട്ടെന്നും അതില്‍ ഒരു കോടി മുന്‍കൂറായി നല്‍കിയെന്നും ബിജു രമേശ് വിജിലന്‍സ് സംഘത്തിന് മൊഴി നല്‍കി. ഈ തുക നല്‍കിയത് ബാറുകള്‍ പൂട്ടുന്നതിന് മുമ്പാണെന്നും മൊഴിയില്‍ വ്യക്തമാക്കി. നവംബര്‍ 11ന് ബിജുവില്‍ നിന്നും 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാണി വക്കീല്‍ നോട്ടീസ് അയച്ചു. ബാര്‍ കോഴക്കേസില്‍ യുഡിഎഫിന്റെ പൂര്‍ണ പിന്തുണ ഇക്കാലയളവിലെല്ലാം മാണിക്കുണ്ടായിരുന്നു. ബാറുടമകളെ കാണുകയോ അവരില്‍ നിന്നും പണമോ പാരിതോഷികമോ കൈപ്പറ്റിയിട്ടില്ലെന്നും മാണിയുടെ മൊഴി. നവംബര്‍ 30ന് നിയമസഭ ആരംഭിച്ചത് തന്നെ ബാര്‍ കോഴക്കേസുമായാണ്. കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും മാണി രാജിവയ്ക്കണമെന്നും പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടു. ബാര്‍ ഉടമകളുമായുള്ള പ്രതിപക്ഷത്തിന്റെ ഗൂഢാലോചനയാണ് ഇതെന്നായിരുന്നു മാണിയുടെ തിരിച്ചടി. ഡിസംബര്‍ ഒന്നിന് കോഴക്കേസില്‍ സഭ സ്തംഭിച്ചു. വി ശിവന്‍കുട്ടിയെ സഭ പിരിയുന്നത് വരെ സസ്‌പെന്‍ഡ് ചെയ്യുകയും നാല് എംഎല്‍എമാര്‍ക്ക് താക്കീത് നല്‍കുകയും ചെയ്തു.

ഇതിനിടെ ചെന്നിത്തലയും കെ ബാബുവും ബാര്‍ ഉടമകളില്‍ നിന്നും കോഴ വാങ്ങിയെന്ന് വിഎസ് അച്യുതാനന്ദന്‍ ആരോപിച്ചു. വിജിലന്‍സ് നടത്തുന്ന പ്രാഥമികാന്വേഷണത്തില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി അറിയിച്ചെങ്കിലും ഡിസംബര്‍ 10ന് വിജിലന്‍സ് കെ എം മാണിയെ പ്രതിയാക്കി കേസെടുത്തു. എസ് പി ആര്‍ സുകേശനായിരുന്നു അന്വേഷണ ചുമതല. മാണിയെ കാണാന്‍ പോയത് സഹായം അഭ്യര്‍ത്ഥിച്ചാണെന്നും പണം നല്‍കാനല്ലെന്നും ബാര്‍ ഉടമകള്‍ വീണ്ടും മൊഴി നല്‍കി. അതേസമയം ഡിസംബര്‍ 17ന് കൂടുതല്‍ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി ബിജു രമേശ് വീണ്ടും രംഗത്തെത്തി. പൂട്ടിയ ബാറുകള്‍ തുറക്കാന്‍ കോഴ വാങ്ങിയതിനൊപ്പം പൂട്ടിയ ബാറുകള്‍ തുറക്കാതിരിക്കാനും മാണി രണ്ട് കോടി വാങ്ങിയെന്നായിരുന്നു ബിജുവിന്റെ വെളിപ്പെടുത്തല്‍.

ഡിസംബര്‍ 18ന് വീണ്ടും വിജിലന്‍സിന് മുന്നില്‍ മൊഴി നല്‍കാനെത്തിയ ബിജു രമേശ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേര് കൂടി ഇതിലേക്ക് വലിച്ചിഴച്ചു. മാണിക്ക് പുറമേ നാല് ഉന്നതര്‍ക്ക് കൂടി പണം നല്‍കിയെന്നും ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദ്ദേശപ്രകാരമാണ് മാണിയെ കണ്ടതെന്നുമായിരുന്നു ബിജുവിന്റെ പുതിയ മൊഴി. 2015 ജനുവരി 20ന് ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ സ്റ്റിയറിംഗ് കമ്മറ്റി യോഗത്തില്‍ ഭാരവാഹി അനിമോന്‍ കോഴ ഇടപാട് സ്ഥിരീകരിക്കുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നു. ജനുവരി 25ന് ബിജുവും പി സി ജോര്‍ജ്ജും ആര്‍ ബാലകൃഷ്ണ പിള്ളയും തമ്മിലുള്ള ശബ്ദരേഖയും പുറത്തുവന്നു. മാണി കോഴ വാങ്ങിയത് തനിക്കറിയാമെന്നായിരുന്നു പിള്ളയുടെ വെളിപ്പെടുത്തല്‍. ജനുവരി 30ന് ബാര്‍ കോഴക്കേസില്‍ കേന്ദ്ര ഏജന്‍സിയായ ആദായനികുതി വകുപ്പും അന്വേഷണം ആരംഭിച്ചു.

2015 മാര്‍ച്ച് 13ന് മാണി അവതരിപ്പിച്ച ബജറ്റ് തടയാന്‍ പ്രതിപക്ഷം ശ്രമിച്ചതോടെ നാടുമുഴുവന്‍ മാണിക്കെതിരെ പ്രതിഷേധം ഉയര്‍ന്നു. നാടകീയ സംഭവങ്ങളാണ് അന്ന് ബജറ്റ് അവതരണത്തിനിടെയില്‍ സഭയിലുമുണ്ടായത്. കുറ്റാരോപിതനായ വ്യക്തി ബജറ്റ് അവതരിപ്പിക്കുന്നതിലെ ധാര്‍മ്മികത ചൂണ്ടിക്കാട്ടി പ്രതിപക്ഷ ബഹുമാനം വേണമെന്ന ആവശ്യം പ്രതിപക്ഷവും ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കണമെന്ന് ഭരണപക്ഷവും ആവശ്യപ്പെട്ടു.

മാര്‍ച്ച് 30ന് ബാര്‍ ലൈസന്‍സ് ഫീസ് ഉയര്‍ത്താതിരിക്കാന്‍ മന്ത്രി കെ ബാബുവിന് 10 കോടി രൂപ നല്‍കിയെന്ന് ശിവകുമാര്‍ മൊഴി നല്‍കി. വിഎസ് ശിവകുമാറിനെതിരെ തെളിവുണ്ടെന്നും പരാമര്‍ശം. അതേസമയം ബിജുവിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ ബാബുവിനെതിരെയും തെളിവെടുക്കണമെന്ന ആവശ്യം ശക്തമായപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ ഇരട്ടത്താപ്പാണ് നടത്തിയത്. ഇതോടെ ഇരട്ടനീതി വാദവും ഉയര്‍ന്നു. 2015 ഏപ്രില്‍ 22ന് ബാര്‍ കോഴക്കേസ് ഉയര്‍ത്തിപ്പിടിച്ച് എല്‍ഡിഎഫ് സെക്രട്ടേറിയറ്റ് ഉപരോധം നടത്തി. ബാബുവിനെതിരെ പ്രത്യേക കേസ് വേണ്ട ക്വിക് വെരിഫിക്കേഷന്‍ മതിയെന്നുമായിരുന്നു വിജിലന്‍സ് തീരുമാനം. ബാബുവിനെതിരെ ക്വിക്ക് വേരിഫിക്കേഷന്‍ നടത്താന്‍ വിജിലന്‍സ് തീരുമാനിച്ചു. മെയ് മാസത്തില്‍ ചോദ്യം ചെയ്യലുകളുടെ കൂട്ടപ്പൊരിച്ചില്‍ ആയിരുന്നു. മാണിയെയും ബിജുവിന്റെ ഡ്രൈവര്‍ അമ്പിളിയെയും പി സി ജോര്‍ജ്ജിനെയും ചോദ്യം ചെയ്തപ്പോള്‍. അമ്പിളിയെ നുണപരിശോധനയ്ക്ക് കൂടി വിധേയനാക്കി. അമ്പിളിയുടെ മൊഴി വിശ്വസ്തമാണെന്ന് തെളിയുകയും ചെയ്തു. ഇയാളോട് ചോദിച്ച 15 ചോദ്യങ്ങളില്‍ 13നും പറഞ്ഞ ഉത്തരം സത്യമാണെന്നാണ് തെളിഞ്ഞത്. മെയ് 27ന് മാണിക്കെതിരായ അന്വേഷണം പൂര്‍ത്തിയാക്കി വസ്തുതാ വിവര റിപ്പോര്‍ട്ട് നിയമോപദേശത്തിനായി കൈമാറി. ലീഗല്‍ അഡൈ്വസര്‍ സി സി അഗസ്റ്റിനാണ് റിപ്പോര്‍ട്ട് നല്‍കിയത്. മാണിക്കെതിരായ കേസ് നിലനില്‍ക്കില്ലെന്ന് അദ്ദേഹം ഉപദേശം നല്‍കിയതിനെ തുടര്‍ന്ന് എഡിജിപി ഷെയ്ഖ് ദര്‍വേശ് സാഹിബിന് എസ് പി അന്തിമ റിപ്പോര്‍ട്ട് കൈമാറി. കേസെടുക്കാന്‍ തെളിവില്ലെന്ന് എഡിജിപി വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. വിദഗ്ദ നിയമപദേശം തേടാനായിരുന്നു വിജിലന്‍സ് ഡയറക്ടറുടെ തീരുമാനം. തുടര്‍ന്ന് റിപ്പോര്‍ട്ടുകളുമായി കോടതി കയറിയതോടെ ഒടുവില്‍ 2015 ഒക്ടോബര്‍ 29ന് തീരുമാനമായി.

കോടതി ഉത്തരവിനെതിരെ വിജിലന്‍സ് ഹൈക്കോടതിയില്‍ ഹര്‍ജി പോയില്ല. എന്നാല്‍ വിജലന്‍സ് ഡയറക്ടര്‍ക്ക് രൂക്ഷമമായ വിമര്‍ശനമായിരുന്നു ഫലം. നവംബര്‍ ഒമ്പതിന് മാണിയയെയും രൂക്ഷമായി വിമര്‍ശിച്ച കോടതിയുടെ 'സീസറിന്റെ ഭാര്യ സീസറിനെക്കാള്‍ പരിശുദ്ധയായിരിക്കണം' എന്ന പ്രസ്താവന ശ്രദ്ധേയമായി തീരുകയും ചെയ്തു. പിറ്റേന്ന് തന്നെ മാണി രാജി വയ്ക്കുകയും ചെയ്തു. മാണിക്കൊപ്പം ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനും രാജിവച്ചെങ്കിലും പാര്‍ട്ടിയുടെ മന്ത്രിസഭയിലെ പ്രാതിനിധ്യം ആവശ്യമെന്ന് കണ്ട് പിജെ ജോസഫ് മന്ത്രിസഭയില്‍ തുടര്‍ന്നു.

കോണ്‍ഗ്രസാണ് പ്രത്യേകിച്ചും ഉമ്മന്‍ ചാണ്ടിയാണ് മാണിയെ കുരുക്കിലാക്കിയതെന്ന് ആരോപണമുയര്‍ന്നു. പലപ്പോഴുമായി ഇരുപാര്‍ട്ടിയിലെയും നേതാക്കള്‍ ഒളിഞ്ഞും തെളിഞ്ഞും പരസ്പരം ആരോപണങ്ങളും ഉന്നയിച്ചു. കേരള കോണ്‍ഗ്രസിലും അഭിപ്രായ ഭിന്നതകള്‍ രൂപപ്പെട്ടു. ഏറെനാളായി മിണ്ടാതിരുന്ന പിജെ ജോസഫ് നിര്‍ണ്ണായക വ്യക്തിയായി. ജോസഫാണ് കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മിലുള്ള ചര്‍ച്ചകള്‍ക്കിടയില്‍ നിന്നത്. എന്നിരുന്നാലും 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് വരെ മാണി യുഡിഎഫില്‍ തന്നെ തുടര്‍ന്നു. സരിത കേസിലും ബാര്‍ കോഴക്കേസിലുമുണ്ടായ നാണക്കേട് വലിയ തോല്‍വിയാണ് യുഡിഎഫിന് പ്രത്യേകിച്ചും കോണ്‍ഗ്രസിന് സമ്മാനിച്ചത്. കോണ്‍ഗ്രസിന്റെ സീറ്റ് 22ലെത്തിയപ്പോള്‍ കേരള കോണ്‍ഗ്രസിന്റേത് ആറെണ്ണം മാത്രം. തോല്‍വിയുടെ ഉത്തരവാദിത്വം രണ്ട് കൂട്ടരും പരസ്പരം പഴിചാരി. കേരള കോണ്‍ഗ്രസിനെയും അതിന്റെ നേതാവിനെയും ദുര്‍ബലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ചില കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചതായാണ് മാണി ആരോപിച്ചത്. മുന്നണി ബന്ധങ്ങളില്‍ പാലിക്കപ്പെടേണ്ട രാഷ്ട്രീയ മര്യാദകള്‍ക്കും നീതി ബോധത്തിനും വിരുദ്ധമായ സമീപനങ്ങളാണ് ഉണ്ടായത്. യുഡിഎഫില്‍ പരസ്പര വിശ്വാസമില്ലാതെ തുടരാനാകില്ലെന്നും മാണി വെട്ടിത്തുറന്ന് പറഞ്ഞു. അതോടെ 2016 ഓഗസ്റ്റ് ഏഴിന് കേരള കോണ്‍ഗ്രസ് യുഡിഎഫ് വിട്ടു. അതേസമയം മുന്നണി മര്യാദ പാലിക്കാതെ യുഡിഎഫിനെ അപകീര്‍ത്തിപ്പെടുത്തുകയാണ് മാണി ചെയ്തതെന്ന് കോണ്‍ഗ്രസും തിരിച്ചടിച്ചു.

യുഡിഎഫ് വിട്ടതിന് ശേഷം മറ്റൊരു മുന്നണിയിലും ചേരാതെ സ്വന്തം നിലയില്‍ സഭയില്‍ ഇരിക്കുവാനായിരുന്നു മാണിയുടെ തീരുമാനം. അതേസമയം എല്‍ഡിഎഫുമായും യുഡിഎഫുമായും കൃത്യമായ ഇടവേളകളില്‍ മാണി വിലപേശിക്കൊണ്ടിരുന്നു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മുന്നണിവിട്ടപ്പോഴത്തെ ധാരണ പ്രകാരം യുഡിഎഫിന് പിന്തുണ നല്‍കിയെങ്കിലും പല പഞ്ചായത്തുകളിലും ഇതേച്ചൊല്ലി അഭിപ്രായ വ്യത്യാസമുണ്ടായി. ചിലയിടങ്ങളില്‍ പ്രത്യക്ഷത്തില്‍ തന്നെ യുഡിഎഫ് മുന്നണിക്ക് എതിരായി നിന്ന് എല്‍ഡിഎഫിനെ അധികാരത്തിലേറ്റി. അധികാരം ലഭിക്കുന്നിടത്ത് മാണിയും കൂട്ടരും നില്‍ക്കുന്നുവെന്ന ആരോപണവും ഇതോടെ ശക്തമായി.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പമെന്നോ എല്‍ഡിഎഫിനൊപ്പമെന്നോ തുറന്നു പറയാതെ നിന്ന മാണിയുടെ ആശങ്ക ആര്‍ക്ക് അധികാരം ലഭിക്കുമെന്നത് തന്നെയായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയകുമാറിന് വോട്ട് ചോദിച്ച തന്നോട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ വോട്ട് അഭ്യര്‍ത്ഥിച്ചതായും മാണി പറഞ്ഞു. ചുരുക്കത്തില്‍ തങ്ങള്‍ ഒപ്പം നില്‍ക്കാതെ ആര്‍ക്കും ജയിക്കാനാകില്ലെന്ന പ്രതീതി ഇരുമുന്നണികളിലും സൃഷ്ടിക്കാന്‍ സാധിച്ചു. എന്നാല്‍ സജി ചെറിയാന്‍ ഓരോ പഞ്ചായത്തിലും വാര്‍ഡിലും നേടിയ കണക്ക് നോക്കി മാണിയുടേത് വെറും തള്ളാണെന്ന് സാധിക്കാന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കുകയും ചെയ്തു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് ശേഷവും മാണി എവിടെ ചേരുമെന്ന ചോദ്യം ശക്തമായിരുന്നു. ഒടുവില്‍ ഈവര്‍ഷം അധികാരമുള്ള എല്‍ഡിഎഫിലേക്ക് ചേക്കേറാന്‍ ഏറെ ശ്രമം നടത്തിയിരുന്നെങ്കിലും കേരളാ കോണ്‍ഗ്രസിന്റെ ആദ്യ കാലങ്ങളില്‍ തോളോട് തോള്‍ ചേര്‍ന്ന് നിന്ന സിപിഐ ആണ് വിലങ്ങുതടിയായത്. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സീറ്റുകളുടെ എണ്ണം കുറയുമോയെന്നതായിരുന്നു അവരുടെ ആശങ്ക.

ഒടുവില്‍ കഴിഞ്ഞവര്‍ഷം നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തിലാദ്യമായി സ്വന്തം സീറ്റ് വിട്ടുനല്‍കി യുഡിഎഫ് മാണിയെ കൂടെ നിര്‍ത്തി. കോണ്‍ഗ്രസ് നേതൃത്വത്തിലെ ചിലര്‍ കേരളാ കോണ്‍ഗ്രസ്സിനെ ഒന്നാം നമ്പര്‍ ശത്രുവായി കണ്ടൂവെന്നും, ക്ഷമയുടെ നെല്ലിപ്പലകയും കണ്ടത് കൊണ്ടാണ് മുന്നണി വിടുന്നതെന്നുമൊക്കെയുള്ള പഴയ വാക്കുകള്‍ വിഴുങ്ങുകയായിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ പോലും പ്രതീക്ഷിക്കാതെ രാജ്യസഭാ സീറ്റ് വിട്ടുനല്‍കിയതോടെ മാണി എല്ലാം മറന്ന് വന്നുവെന്നും പറയുന്നവരുണ്ടായിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുമെന്നോ ഇനി അഥവ കേരള കോണ്‍ഗ്രസിന് തന്നെ ലഭിച്ചാല്‍ ജോസഫ് വിഭാഗത്തിന് ലഭിക്കുമെന്നോ ആയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പോള്‍ മാണി ആ പ്രതീക്ഷകളെയും തകര്‍ത്തു. രാജ്യസഭാ സീറ്റിനൊപ്പം കോട്ടയം ലോക്‌സഭാ സീറ്റും തങ്ങള്‍ക്കു തന്നെയാക്കി. അവിടെയും ജോസഫ് വിഭാഗത്തെ തഴഞ്ഞ് സ്വന്തം വിശ്വസ്തന്‍ തോമസ് ചാഴിക്കാടനായി. ജോസഫ് വിഭാഗം ഇതിനെതിരെ തിരിഞ്ഞപ്പോള്‍ കേരള കോണ്‍ഗ്രസില്‍ വീണ്ടുമൊരു വിഭജനമാണ് എല്ലാവരും പ്രതീക്ഷിച്ചത്. ജോസഫ് വിഭാഗം ഇതിനെതിരെ തിരിഞ്ഞപ്പോള്‍ കേരള കോണ്‍ഗ്രസില്‍ വീണ്ടുമൊരു വിഭജനമാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് ഇടപെട്ട് അതൊഴിവാക്കി.

താന്‍ ലക്ഷ്യമിട്ടതെല്ലാം നേടിയെടുക്കുകയും താന്‍ ആഗ്രഹിക്കാത്തവരാരും വളരാതിരിക്കാനും എന്നും ശ്രദ്ധിച്ചിരുന്ന നേതാവായിരുന്നു മാണി. എന്തായാലും ഈ നീക്കങ്ങളെല്ലാം കഴിഞ്ഞ നാല് വര്‍ഷക്കാലം മാണിയെന്ന ജനനായകനെയല്ല, പകരം തനിക്കൊപ്പം നില്‍ക്കുന്നവര്‍ക്ക് മാത്രം എല്ലാമെന്ന് ചിന്തിക്കുന്ന സൂത്രശാലിയെയാണ് കേരളം കണ്ടത്. നാല് വര്‍ഷക്കാലം കെഎം മാണി നേരിട്ടിരുന്ന തിരിച്ചടികള്‍ക്കാണ് ഇന്നലെ ബാര്‍കോഴക്കേസ് അവസാനിപ്പിച്ചതായ ഹൈക്കോടതി വിധിയോടെ തിരശീല വീണത്. ഇനിയുള്ള നാളുകള്‍ ജോസ് കെ മാണി ഈ പാര്‍ട്ടിയെ എങ്ങനെ നയിക്കുമെന്നാണ് കാത്തിരുന്ന് കാണേണ്ടത്. യുഡിഎഫില്‍ ഈ പാര്‍ട്ടിക്ക് എത്രനാള്‍ കൂടി ഇങ്ങനെ നില്‍ക്കാന്‍ സാധിക്കുമെന്നും ഒരു ചോദ്യമുയരുന്നുണ്ട്.

Next Story

Related Stories