Top

അതെ, രക്തസാക്ഷികള്‍ അമരന്മാര്‍; നിയമങ്ങള്‍ ഉണ്ടാകാന്‍ മരിക്കുന്നവരെ കുറിച്ച്

അതെ, രക്തസാക്ഷികള്‍ അമരന്മാര്‍; നിയമങ്ങള്‍ ഉണ്ടാകാന്‍ മരിക്കുന്നവരെ കുറിച്ച്
ആക്രമണ സ്വഭാവമുള്ള നായ്ക്കളെ വീട്ടില്‍ വളര്‍ത്തുന്നത് നിയന്ത്രിക്കുന്ന നിയമം കൊണ്ടുവരും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ നിയമസഭയില്‍ പറഞ്ഞു. വയനാട് വൈത്തിരി അംബേദ്കര്‍ കോളനിയിലെ എസ്റ്റേറ്റ് തൊഴിലാളിയായ രാജമ്മയെ കാരിക്കല്‍ ജോസ് എന്നയാളുടെ റോട്ട് വീലര്‍ നായകള്‍ കടിച്ചു കൊന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിയമനിര്‍മ്മാണത്തിന്റെ ആവശ്യകത സര്‍ക്കാരിന് ബോധ്യപ്പെട്ടത്. അല്ലെങ്കിലും ഭരണകൂടത്തിന്റെ കണ്ണ് തുറക്കാന്‍ ഇതുപോലെ ചില രക്തസാക്ഷികളുടെ ചോര വേണം.

അതേ സമയം നായയുടെ ഉടമയുടെ പേരില്‍ നരഹത്യയ്ക്ക് കേസ് ചാര്‍ജ്ജ് ചെയ്യുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തു. തുടക്കത്തില്‍ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരുന്നത്. നായ്ക്കളെ വളര്‍ത്തുന്നതിനുള്ള ലൈസന്‍സില്ല എന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് നരഹത്യക്ക് കേസ് ചാര്‍ജ്ജ് ചെയ്യുകയായിരുന്നു.

വൈത്തിരിയിലെ ദുരന്തത്തിന് പിന്നാലെ ഇന്നലെ എറണാകുളം തൃപ്പൂണിത്തുറയില്‍ തെരുവ് നായ്ക്കളുടെ കടിയേറ്റ് ആശുപത്രിയിലായത് 11 പേരാണ്. കൊച്ചി നഗരസഭാ പരിധിയില്‍പ്പെട്ട ജവഹര്‍ റോഡ്, അയ്യങ്കാളി റോഡ്, മരട് നഗരസഭയിലെ ഇഞ്ചയ്ക്കല്‍ റോഡ് എന്നിവിടങ്ങളിലാണ് തെരുവുനായ്ക്കളുടെ ആക്രമണമുണ്ടായത്. പരിക്കേറ്റവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. വീടിനുള്ളില്‍ കയറിയാണ് കുട്ടിയെ നായ കടിച്ചത്.

മേല്‍ സംഭവത്തിന്റെ പേരില്‍ ആരുടെ പേരില്‍ കേസെടുക്കും. കൊച്ചി മേയറുടെ പേരിലോ അതോ മരട് നഗരസഭാ അധ്യക്ഷയുടെ പേരിലോ? അതോ തെരുവുപട്ടികള്‍ അടക്കം ജീവിക്കുന്ന ഈ നാടിന്റെ നാഥനായ മുഖ്യമന്ത്രിയുടെ തന്നെ പേരിലോ?കഴിഞ്ഞ മൂന്നുവര്‍ഷ കാലമായി കേരള സമൂഹം ഏറെ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന വിഷയമാണ് തെരുവ് നായ ആക്രമണം. നൂറുകണക്കിന് ആളുകളാണ് തെരുവ് നായ ആക്രമണത്തില്‍ പരുക്കേറ്റ് ആശുപത്രിയിലായത്. ഒരു ഡസന്‍ ആളുകള്‍ എങ്കിലും കൊല്ലപ്പെട്ടു. തിരുവനന്തപുരം പുല്ലുവിളയിലെ ശീലുവമ്മ എന്ന വൃദ്ധയുടെ മരണം ഞെട്ടലോടെയാണ് കേരളം കേട്ടത്. അതേ സ്ഥലത്തുതന്നെ തന്നെ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ജോസ് ക്ലീറ്റസ് എന്നയാളും പട്ടി കടിയേറ്റ് മരിച്ചു.

ആളുകള്‍ മരിക്കുമ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ ഉണര്‍ന്നെഴുന്നേല്‍ക്കുക. നിയമങ്ങള്‍ നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥര്‍ നാലുപാടും പാഞ്ഞു നടക്കും. മന്ത്രിമാര്‍ പ്രസ്താവനകളുമായി രംഗത്തിറങ്ങും. പ്രതിപക്ഷം സെക്രട്ടറിയേറ്റ് ഉപരോധിക്കും. ചാനലുകള്‍ തത്സമയ കഥകള്‍ കൊണ്ട് പ്രേക്ഷകരുടെ വിശ്രമ വേളകള്‍ 'ആനന്ദ'കരമാക്കും. അതില്‍ കൂടുതല്‍ ഒന്നും സംഭവിക്കാറില്ല ഇങ്ങനെയുള്ള കാര്യങ്ങളില്‍.

Also Read: തെരുവ് നായ്ക്കള്‍ കടിച്ചു കീറിക്കൊന്നത് ശീലുവമ്മയെ മാത്രമല്ല; പേടിയില്‍ ജീവിക്കുന്ന ഒരു നാട്


ശീലുവമ്മ നായ്ക്കളുടെ കടിയേറ്റ് കൊല്ലപ്പെട്ടപ്പോള്‍ പുല്ലുവിളയില്‍ എത്തിയ അഴിമുഖം പ്രതിനിധിയോട് സിസ്ലെറ്റ് എന്ന മത്സ്യ തൊഴിലാളി സ്ത്രീ രോഷം പ്രകടിപ്പിച്ചത് ഇങ്ങനെ, “ഈ രാഷ്ട്രീയക്കാര്‍ അങ്ങോട്ടുമിങ്ങോട്ടും പോകുന്ന വാഹനം പോലും ഓടുന്നത് ഞങ്ങളുടെ കാശിലാണ്‌. എന്നിട്ട് ഞങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ വയ്യ. ജനങ്ങളുടെ ജീവന്‍ പോയാലും പ്രശ്‌നമില്ല. കടിക്കാന്‍ വരുന്ന നായയെ കൊല്ലാന്‍ ശ്രമിച്ചാല്‍ കേസും വരും. ഇങ്ങനെയാണെങ്കില്‍ അടുത്ത തവണ തെരഞ്ഞെടുപ്പിന് പട്ടിയെ കൊണ്ടുപോയി വോട്ടു ചെയ്യിച്ചോളാന്‍ ഞങ്ങള്‍ പറഞ്ഞു.”

ഇതുപോലുള്ള രോഷപ്രകടനമാണ് പലപ്പോഴും ആള്‍ക്കൂട്ട ഹിംസകളിലേക്കും ആക്രമണങ്ങളിലേക്കും നയിക്കുന്നത്. തെരുവ് നായ ശല്യം രൂക്ഷമായപ്പോള്‍ ജനപ്രതിനിധികള്‍ അടക്കമുള്ള ആളുകള്‍ പട്ടികളെ കൊന്നു പ്രദര്‍ശിപ്പിച്ചതിന്റെ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഓര്‍മ്മിക്കുക. ജനാധിപത്യവും നിയമ പാലനവും പരാജയപ്പെടുന്ന ഇടങ്ങളിലാണ് അരാജകത്വം വിളയാടുന്നത്. ബീഫിന്റെ പേരില്‍ ആളെ കൊല്ലുന്നതും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവര്‍ എന്നു പറഞ്ഞു ഇതര സംസ്ഥാനക്കാരായ ഭിക്ഷാടകരെ ആക്രമിക്കുന്നതുമെല്ലാം നാം കണ്ടുകൊണ്ടിരിക്കുകയാണ്.

Also Read: അന്നു ശീലുവമ്മ, ഇന്നു ജോസ്‌ക്ലിന്‍; പുല്ലുവിളക്കാരുടെ ഭീതി കൂടുകയാണ്

വയനാട്ടില്‍ മരിച്ച രാജമ്മയുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധന സഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നല്ല കാര്യം. നിലവില്‍ അപകടകാരികളായ ജീവികളെ വളര്‍ത്തുന്നതിന് പിഴശിക്ഷ മാത്രമേയുള്ളൂ. ഇത്തരം യജമാനന്‍മാര്‍ക്ക് തടവ് ശിക്ഷ നല്‍കുന്ന തരത്തില്‍ നിയമ നിര്‍മ്മാണം നടത്താനാണ് ഉദ്ദേശിക്കുന്നത് എന്നാണ് കല്‍പ്പറ്റ എംഎല്‍എ സി കെ ശശീന്ദ്രന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത്.

അതേ, രക്തസാക്ഷികള്‍ അമരന്‍മാരാണ്; അവരുടെ മരണത്തിന്റെ വിലയാണ് പല നിയമങ്ങളുടെയും നിയമ ഭേദഗതികളുടെയും.

Next Story

Related Stories