UPDATES

വയലുകളും തണ്ണീര്‍ത്തടങ്ങളും വിഴുങ്ങാനൊരുങ്ങി പിണറായി സര്‍ക്കാര്‍; നിയമഭേദഗതി ‘വികസന’ത്തിന്റെ പേരില്‍

വന്‍കിട സര്‍ക്കാര്‍ പദ്ധതികള്‍ക്ക് സ്ഥലമെടുക്കുന്നത് സുഗമമാക്കാനുദ്ദേശിച്ചാണ് നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്

നെല്‍വയല്‍-തണ്ണീര്‍ത്തട നിയമം ഭേദഗതി ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കം പ്രസ്തുത നിയമത്തെ തന്നെ അട്ടിമറിക്കുന്നത്. വന്‍കിട സര്‍ക്കാര്‍ പദ്ധതികള്‍ക്ക് സ്ഥലമെടുക്കുന്നത് സുഗമമാക്കാനുദ്ദേശിച്ചാണ് നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. പരിസ്ഥിതി പ്രവര്‍ത്തകരുടെ വര്‍ഷങ്ങളോളമുള്ള പരിശ്രമ ഫലത്തിന്റെ ഭാഗമായാണ് 2008ല്‍ ഇത്തരമൊരു നിയമം നിലവില്‍ വരുന്നത്. നിയമ പ്രകാരമുള്ള നടപടികള്‍ പോലും ഒമ്പത് വര്‍ഷമായും പൂര്‍ത്തീകരിച്ചിട്ടില്ലെന്നിരിക്കെ നിയമത്തില്‍ വരുത്തുന്ന ഏത് ചെറിയ മാറ്റവും കേരളത്തിന്റെ നെല്‍വയലുകളുടേയും തണ്ണീര്‍ത്തടങ്ങളേയും സാരമായി ബാധിക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

പൊതു ആവശ്യത്തിനായി നെല്‍വയല്‍ നികത്തുന്നതിന് പ്രാദേശിക സമിതികളുടെ അനുമതി ആവശ്യമില്ലെന്നതാണ് പ്രധാന ഭേദഗതി. ജനുവരിയില്‍ നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാനിരിക്കുന്ന ബില്ലിന് അംഗീകാരം ലഭിച്ചാല്‍ പിന്നീട് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക സര്‍ക്കാര്‍ നേരിട്ടായിരിക്കും. നെല്‍വയല്‍ നികത്തുന്നതിന് പ്രദേശിക സമിതികളുടെ അനുമതി ആവശ്യമാണെന്ന് 2008ലെ നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതിക്കും ദേശീയപാതാ വികസനത്തിനുമായുള്ള സ്ഥലമെടുപ്പ് പലയിടങ്ങളിലും പ്രതിസന്ധിയായി തുടരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി തന്നെ പ്രത്യേക താല്‍പര്യമെടുത്ത് നിയമഭേദഗതി കൊണ്ടുവരുന്നത്. പ്രാദേശികമായി എതിര്‍പ്പുയരുന്ന പദ്ധതികളില്‍ പ്രദേശിക സമിതികള്‍ പലപ്പോഴും നെല്‍വയലോ തണ്ണീര്‍ത്തടമോ നികത്താന്‍ അനുമതി നല്‍കാറില്ല. പലപ്പോഴും ഇതിന് കാലതാമസവും നേരിടേണ്ടി വരാറുണ്ട്. ഇത്തരം തടസ്സങ്ങള്‍ ഒഴിവാക്കാനായാണ് സര്‍ക്കാര്‍ നിയമഭേദഗതിക്കൊരുങ്ങുന്നത്.

എന്നാല്‍ സര്‍ക്കാര്‍ പദ്ധതികളില്‍ പ്രാദേശിക സമിതിയെ മറികടന്നുകൊണ്ട് സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് നിലനില്‍ക്കുന്ന നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥ നിലനില്‍ക്കെ പ്രാദേശിക സമിതിയെ അധികാരത്തില്‍ നിന്നുമൊഴിവാക്കി സര്‍ക്കാര്‍ നിയമഭേദഗതി ചെയ്യുന്നതില്‍ വ്യാപക എതിര്‍പ്പുകളുണ്ട്. വി.എസ്. സര്‍ക്കാരിന്റെ കാലത്ത് പാഡി മിഷന്‍ അസോസിയേറ്റ് ഡയറക്ടറായിരുന്ന പി.വി.ബാലചന്ദ്രന്‍ പറയുന്നതിങ്ങനെ; “നെല്‍വയല്‍ സംരക്ഷണ നിയമപ്രകാരം നഗരപ്രദേശങ്ങളില്‍ അഞ്ച് സെന്റും ഗ്രാമ പ്രദേശങ്ങളില്‍ പത്തുസെന്റും വരെ അവശ്യഘട്ടത്തില്‍ നികത്താന്‍ അനുമതി നല്‍കാമെന്നാണ്. അതുതന്നെ പ്രാദേശിക സമിതി വളരെ വിശദമായി പഠിച്ച്, കാര്യങ്ങള്‍ വിലയിരുത്തി അനുമതി നല്‍കേണ്ട കാര്യമാണ്. സര്‍ക്കാര്‍ പദ്ധതികളുടെ കാര്യം പറഞ്ഞുകൊണ്ടാണ് ഇത്തരത്തിലൊരു നിയമഭേദഗതിക്ക് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. എന്നാല്‍ 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ തന്നെ പൊതു പദ്ധതികള്‍ക്കായി വയല്‍ നികത്തേണ്ടി വന്നാല്‍ പ്രാദേശിക സമിതിയെ മറി കടന്നുകൊണ്ട് സര്‍ക്കാരിന് സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കാനുള്ള അധികാരം നല്‍കിയിട്ടുണ്ട്. ഇത് നിലനില്‍ക്കെ പ്രാദേശിക സമിതിയുടെ അധികാരം എടുത്തുകളയുന്നത് സംശയാസ്പദമാണ്. ഇത് നെല്‍വയല്‍ നികത്തല്‍ വന്‍തോതില്‍ വര്‍ധിക്കാനുള്ള സാഹചര്യമൊരുക്കും.”

പ്രാദേശിക സമിതിയുടെ തീരുമാനത്തെ മറികടക്കുന്നതും പ്രാദേശിക സമിതിയെ തന്നെ ഒഴിവാക്കുന്നതും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ട്. പ്രാദേശിക സമിതിയുടെ ഒരു തീരുമാനത്തെ മറികടന്ന് സര്‍ക്കാര്‍ എടുക്കുന്ന തീരുമാനത്തെ, ഏതെങ്കിലും വ്യക്തി കോടതിയില്‍ ചോദ്യം ചെയ്താല്‍ പ്രദേശിക സമിതിയുടെ വിലയിരുത്തലിനും പ്രസക്തി വരും. എന്നാല്‍ പ്രാദേശിക സമിതിയെ ഒഴിവാക്കുമ്പോള്‍ അത്തരത്തിലൊരു സാധ്യത പോലും നഷ്ടപ്പെടുകയാണ്. സര്‍ക്കാര്‍ നേരിട്ട് അക്കാര്യത്തില്‍ തീരുമാനമെടുക്കും.

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണത്തിന്റെ കാതല്‍ തന്നെ അത് സംബന്ധിച്ച തീരുമാനം താഴെത്തട്ടില്‍ നിന്ന് എടുക്കുന്നു എന്നതാണ്. അതാണ് നിയമഭേദഗതി വഴി ഇല്ലാതാവുന്നത്. തദ്ദേശസ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫീസര്‍, കൃഷി ഓഫീസര്‍, കര്‍ഷകരുടെ രണ്ട് പ്രതിനിധികള്‍ എന്നിവരാണ് പ്രാദേശിക സമിതിയിലുണ്ടാവുക. സര്‍ക്കാരിന് പ്രാതിനിധ്യം കൂടുതലുള്ളവയാണെങ്കിലും പ്രാദേശികമായി രൂപപ്പെടുന്ന എതിര്‍പ്പ് സമിതിയെ സമ്മര്‍ദ്ദത്തിലാക്കാറുണ്ടെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. എന്നാല്‍ ഇതുവഴി നിയമം പാലിക്കപ്പെടുകയാണ് ചെയ്യുന്നതെന്ന യാഥാര്‍ഥ്യം മറന്നുകൊണ്ടാണ് ഇപ്പോഴത്തെ പുതിയ നീക്കം.

പരിസ്ഥിതി പ്രവര്‍ത്തകനായ എസ് പി രവിയുടെ വാക്കുകള്‍; “പിണറായി വിജയന്‍ മോദിയുടെ അതേ നയം തന്നെ പിന്തുടരുന്നു എന്ന് വേണം കരുതാന്‍. രണ്ട് പേരുടേയും താത്പര്യങ്ങള്‍ ബിസിനസ് കോര്‍പ്പറേറ്റുകളാണ്. വികസനം എന്നാണ് പറയുന്നത്. ആരുടെ വികസനം? പ്രാദേശിക സമിതി ഒരു പ്രദേശത്തെ നെല്‍വയല്‍ നികത്തലിനെ അനുകൂലിക്കുന്നില്ല എന്നാല്‍ നിയമം നടപ്പാക്കുന്നു എന്നാണ് അര്‍ഥം. ഒരു വശത്ത് നിയമുണ്ടായിരിക്കെ അത് പാലിക്കപ്പെടേണ്ടത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കടമയാണ്. പക്ഷെ വ്യവസായ വകുപ്പിന് തീരെ താല്‍പര്യമില്ലാത്ത നിയമമാണ് നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം. പൊതു ആവശ്യത്തിനായി നെല്‍വയല്‍ നികത്തുന്നതിനാണ് പ്രാദേശിക സമിതിയുടെ അനുമതി വേണ്ടെന്ന് വച്ചിട്ടുള്ളത്. ഏത് പദ്ധതിയും പൊതു ആവശ്യമായി പറയാമല്ലോ?’

പൊതു ആവശ്യം എന്ന വാക്കിന് നിര്‍വചനം നിയമത്തില്‍ വ്യക്തമാക്കിയിട്ടില്ല. അതിനാല്‍ ഇതേ പദം ദുര്‍വ്യാഖ്യാനം ചെയ്യപ്പെടാനിടയുള്ള സാഹചര്യമുണ്ടെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. സ്വകാര്യ പങ്കാളിത്തമുള്ള പദ്ധതികളേയും പൊതു ആവശ്യമായി വിലയിരുത്താനാവും. ഇതുവഴി നെല്‍വയല്‍ നികത്തലിനുള്ള വലിയ വാതിലാണ് സര്‍ക്കാര്‍ സ്വകാര്യവ്യക്തികള്‍ക്കടക്കം തുറന്നുകൊടുക്കുന്നതെന്ന ആക്ഷേപമാണുള്ളത്.

പരിസ്ഥിതി പ്രവര്‍ത്തകനായ ഡോ.വി.എസ് വിജയന്‍ പറയുന്നു: “2008ല്‍ തണ്ണീര്‍ത്തടവും നെല്‍വയലും നികത്താന്‍ പാടില്ല എന്ന നിയമമാണ് കൊണ്ടുവന്നത്. ഇന്ത്യയില്‍ തന്നെ ഇത്തരത്തിലൊരു നിയമം പാസ്സാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. എന്നാല്‍ അതിശക്തമായ നിയമങ്ങള്‍ ഉണ്ടാക്കിയപ്പോഴും പൊതു ആവശ്യത്തെ അതില്‍ നിന്ന് ഒഴിവാക്കി. അന്ന് തന്നെ പൊതു ആവശ്യം എന്ന് പറഞ്ഞാല്‍ എന്താണെന്ന് കൃത്യമായി നിര്‍വചിക്കണമെന്ന് ഞാനടക്കമുള്ളവര്‍ വാദിച്ചിരുന്നു. അല്ലാത്ത പക്ഷം ഒരു ബാര്‍ തുടങ്ങാനായി വരെ പൊതു ആവശ്യമാണെന്ന് പറഞ്ഞ് നെല്‍വയലും തണ്ണീര്‍ത്തടവും നികത്താം. ഇക്കാര്യത്തില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. പൊതു ആവശ്യം എന്തെന്ന് വ്യക്തമാക്കാതെ പൊതു ആവശ്യത്തിനായി നെല്‍വയല്‍ നികത്തുന്നതിന് പ്രാദേശിക സമിതിയുടെ അനുമതി വേണ്ട എന്ന് പറയുന്നത് അത്യന്തം ദുഷ്‌കരമായ അവസ്ഥയാണ് സംജാതമാക്കുക. സര്‍ക്കാര്‍ തലത്തില്‍ അതിനുള്ള അധികാരം വരുമ്പോള്‍ നമ്മുടെ തണ്ണീര്‍ത്തടങ്ങളുടേയും നെല്‍വയലുകളുടേയും ഭാവി തന്നെയാണ് ഇല്ലാതാവുന്നത്. എല്ലാം നശിച്ച് ഇല്ലാതാവുന്ന അവസ്ഥ വരും”

അരിവില അവിടെ നില്‍ക്കട്ടെ, കേരളത്തിലെ നെല്‍കൃഷിക്ക് എന്തു സംഭവിച്ചു എന്നറിയാമോ?

കണക്കുകള്‍ പരിശോധിച്ചാല്‍ 1975ല്‍ 8.75 ലക്ഷം ഹെക്ടര്‍ നെല്‍വയല്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോഴുള്ളത് 1.94ലക്ഷം ഹെക്ടര്‍ മാത്രമാണ് അവശേഷിക്കുന്നത്. അത്രമാത്രം ഗൗരവതരമാണ് നെല്‍വയലുകളുടെ അവസ്ഥ എന്ന് സര്‍ക്കാര്‍ തന്നെ നല്‍കുന്ന ഈ കണക്കില്‍ നിന്ന് വ്യക്തമാവും. നെല്‍വയല്‍ സംരക്ഷണ നിയമം പ്രാബല്യത്തില്‍ വന്നതിന് ശേഷവും ഇതേവരെ ഡാറ്റാബാങ്ക് രൂപീകരിച്ചിട്ടുമില്ല. ഡാറ്റാബാങ്ക് കരടുവിജ്ഞാപനം ഏതാണ്ട് ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രസിദ്ധീകരിച്ചിരുന്നെങ്കിലും നിയമം പ്രാബല്യത്തിലായി ഒമ്പത് വര്‍ഷമായിട്ടും ഡാറ്റാ ബാങ്ക് വിജ്ഞാപനമുണ്ടായില്ല. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള വികസനം എന്ന് പ്രകടന പത്രികയിലെ വാഗ്ദാനം പോലും മറന്നാണ് പിണറായി സര്‍ക്കാര്‍ മുന്നോട്ട് പോവുന്നത്. സര്‍ക്കാര്‍ അധികാരത്തിലേറി ആറ് മാസത്തിനുള്ളില്‍ ഡാറ്റാബാങ്ക് വിജ്ഞാപനം ചെയ്യുമെന്നും തണ്ണീര്‍ത്തടങ്ങളുടെ രജിസ്റ്റര്‍ ഉണ്ടാക്കുമെന്നും പ്രകടനപത്രികയിലെ വാഗ്ദാനങ്ങളായിരുന്നു. എന്നാല്‍ ഒന്നും നടപ്പാക്കാന്‍ സര്‍ക്കാരിനായില്ലെന്ന് മാത്രമല്ല നിയമത്തെ പോലും അട്ടിമറിക്കുന്ന തരം ഭേദഗതികളിലാണ് സര്‍ക്കാര്‍ ശ്രദ്ധിക്കുന്നത്.

ഡോ.വി.എസ് വിജയന്‍ തുടരുന്നു: “45ലക്ഷം ടണ്‍ അരിയാണ് കേരളത്തിന് ഭക്ഷണത്തിന് വേണ്ടത്. ഇതില്‍ ആറ് ലക്ഷം ടണ്‍ മാത്രമാണ് നമ്മള്‍ ഉത്പാദിപ്പിക്കുന്നത്. ബാക്കി പുറത്തുനിന്ന് കൊണ്ടുവരികയാണ്. പക്ഷെ അത് അധികകാലം നിലനില്‍ക്കില്ല. ഇതര സംസ്ഥാനങ്ങളിലെ നെല്‍പാടങ്ങളും ഇതേപോലെ തന്നെ സമ്മര്‍ദ്ദത്തിലാണ്. ഏത് സര്‍ക്കാരായാലും ഏറ്റവും പ്രാമുഖ്യം നല്‍കേണ്ടത് ഭക്ഷ്യസുരക്ഷയുടെ കാര്യത്തിലാണ്. എങ്ങനെ ഉത്പാദനം കൂട്ടി പ്രതിസന്ധി മറികടക്കാമെന്ന് ആലോചിക്കുന്നതിന് പകരം ഇവിടെ നേരെ തിരിച്ച് അത് എങ്ങനെയും ഇല്ലാതാക്കാനുള്ള പരിപാടികളാണ് നടത്തിവരുന്നത്. ഞങ്ങള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പ് ഒരു പ്രകടനപത്രിക തയ്യാറാക്കിയിരുന്നു. അത് എല്ലാ രാഷ്ട്രീയപാര്‍ട്ടിക്കാര്‍ക്കും നല്‍കുകയും ചെയ്തു. അത് സ്വീകരിക്കാന്‍ തയ്യാറായത് എല്‍ഡിഎഫ് ആണ്. പരിസ്ഥിതി സംരക്ഷണവും തണ്ണീര്‍ത്തട-നെല്‍വയല്‍ സംരക്ഷണവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ ഞങ്ങളുടെ പ്രകടന പത്രികയില്‍ നിന്ന് അതേപോലെ തന്നെ പകര്‍ത്തിയിട്ടുണ്ട്. എന്നാല്‍ അതൊന്നും തന്നെ നടപ്പിലാക്കുന്നില്ലെന്നത് വേദനാജനകമാണ്.

എല്‍ഡിഎഫ് സര്‍ക്കാരാണ് നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം കൊണ്ടുവരുന്നത്. അവര്‍ തന്നെ അത് തിരിച്ചുകൊണ്ടു പോവുന്നു എന്ന് വേണം പറയാന്‍. മറ്റൊന്ന് പഞ്ചായത്ത് രാജ് ആക്ടില്‍ ഭേദഗതിവരുത്തിയാണ് അധികാരം വികേന്ദ്രീകരിക്കുന്നത്. താഴെത്തട്ടില്‍ നിന്നും എല്ലാം തീരുമാനിക്കപ്പെടണമെന്നും ചെയ്യണമെന്നും വ്യവസ്ഥ ചെയ്യുന്ന നിയമമാണത്. എന്നാല്‍ ആ അധികാരങ്ങളെല്ലാം സര്‍ക്കാരിലേക്ക് തിരികെ പോവുന്നതാണ് ഇപ്പോള്‍ മുന്നോട്ടുവന്നിരിക്കുന്ന നിയമഭേദഗതിയിലൂടെ വ്യക്തമാവുന്നത്. പഞ്ചായത്തിനും, ഗ്രാമസഭയ്ക്കും പ്രാധാന്യമുള്ള ആ നിയമം ലംഘിക്കുക വഴി ഭരണഘടനക്കെതിരായി തന്നെയാണ് സര്‍ക്കാര്‍ പോവുന്നത്“.

വ്യവസായ സൗഹൃദത്തിന്റെ പേരില്‍ നെല്‍വയല്‍ – നീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിക്കാന്‍ നീക്കം?

ഭക്ഷ്യസുരക്ഷയെ മാറ്റിനിര്‍ത്തിയാല്‍ തന്നെ ഒരു നെല്‍വയലും തണ്ണീര്‍ത്തടവും വഹിക്കുന്ന പാരിസ്ഥിതികമായ സവിശേഷതകളെ കണക്കിലെടുക്കാതിരിക്കാനാവില്ല. നിലം തരിശ് കിടന്നാല്‍ പോലും അത് വലിയൊരു ജൈവ ശൃംഖലയുടെ ഭാഗമാണ്. വാട്ടര്‍ റീചാര്‍ജ് ഉള്‍പ്പെടെയുള്ള വിവിധ ചുമതലകള്‍ നെല്‍വയലുകള്‍ നിര്‍വഹിക്കുകയും ചെയ്യുന്നു. “ആ ജൈവ വ്യവസ്ഥയ്ക്ക് നമ്മള്‍ സാമ്പത്തികമായ ഒരു കണക്കെടുപ്പ് നടത്തിയാല്‍ ഓരോ നെല്‍വയല്‍ നികത്തുമ്പോഴും 92.94 ലക്ഷം രൂപയാണ് നഷ്ടമുണ്ടാവുന്നത്. ഓരോ വര്‍ഷവും ആ വയല്‍ നടത്തിവരുന്ന എക്കോ സിസ്റ്റം സര്‍വീസ് അത്രയും തുകയുടേതാണ്. വാട്ടര്‍ റീചാര്‍ജ് ഉള്‍പ്പെടെ 24 സര്‍വീസുകള്‍ അടങ്ങുന്നതാണ് എക്കോ സിസ്റ്റം സര്‍വീസ്. ഈ കണക്ക് തന്നെ ലോകത്തെ തണ്ണീര്‍ത്തടങ്ങളുടെ ശരാശരി കണക്കിലെടുത്തുകൊണ്ടുള്ളതാണ്. ഇന്ത്യയില്‍ വിശേഷിച്ച് കേരളത്തില്‍ ഇതിന്റെ മൂല്യം രണ്ടിരട്ടിയെങ്കിലും ഏറിവരും. കാരണം ഇവിടുത്തെ ജൈവവൈവിധ്യം അത്തരത്തിലുള്ളതാണ്.’ ഡോ. വി.എസ് വിജയന്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിച്ചില്ലെങ്കില്‍ ഇനിയത് ഇല്ല എന്ന തിരിച്ചറിവില്‍ നിന്നാണ് നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഉണ്ടാക്കുന്നത്. പരിസ്ഥിതി പ്രവര്‍ത്തകരുടെ നിരന്തര ആവശ്യവും സമ്മര്‍ദ്ദവും ഇക്കാര്യത്തിലുണ്ടായിരുന്നു. നിയമം പ്രാബല്യത്തില്‍ വന്ന് രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ അതേവരെയുണ്ടായിരുന്ന നെല്‍വയലില്‍ നിന്ന് ഏകദേശം ഒരു ലക്ഷം ഹെക്ടര്‍ നിലത്തില്‍ അധികം നികത്തപ്പെട്ടിരുന്നു. ഗുരുതരമായ പാരിസ്ഥിതിക സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ആ നിയമത്തില്‍ വെള്ളം ചേര്‍ത്ത് അതിന്റെ പ്രസക്തിയില്ലാതാക്കാനുതകുന്നതാവും സര്‍ക്കാര്‍ മുന്നോട്ട് വക്കുന്ന നിയമഭേദഗതി.

സിപിഎം സ്വയം കുഴി തോണ്ടിക്കോളൂ; പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂര്‍ നന്ദിഗ്രാമാക്കാന്‍ കുമ്മനം അരികിലുണ്ട്

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍