കൊച്ചി നഗരത്തിന്റെ മൂക്കിന് താഴെ ദുരിത ജീവിതം നയിക്കുന്ന മരട് നഗരസഭയുടെ ഭാഗമായ വളന്തക്കാട് ദ്വീപ് ജനതയ്ക്ക് നേരിടേണ്ടി വന്നിട്ടുള്ള വിഷമ ഘട്ടങ്ങളുടെ കഥകള്‍ അവസാനിക്കുന്നില്ല. പറഞ്ഞാലും പറഞ്ഞാലും തീരാത്തവയാണ് ഇവിടത്തുകാര്‍ക്ക് ആ ദുരനുഭവങ്ങള്‍. കാലങ്ങളായി പാലത്തിന് വേണ്ടി ദ്വീപ് നിവാസികള്‍ നടത്തുന്ന പോരാട്ടവും വരാന്‍പോകുന്ന ശോഭാഗ്രൂപ്പിന്റെ ഹൈടെക് സിറ്റിയുമൊക്കെ അവരുടെ ജീവിതത്തെ കൂടുതല്‍ ദുഷ്ക്കരമാക്കുന്നു. ദ്വീപ് നിവാസികളുടെ ജീവിതത്തിലൂടെ അഴിമുഖം നടത്തുന്ന അന്വേഷണം തുടരുന്നു. ആദ്യഭാഗങ്ങള്‍ ഇവിടെ വായിക്കാം- പ്രസവം വള്ളത്തില്‍, അസുഖം വന്നാല്‍ മരണം; കൊച്ചിയുടെ തൊട്ടടുത്ത വളന്തക്കാട് ദ്വീപില്‍ ഇങ്ങനെ കുറെ മനുഷ്യര്‍ ജീവിക്കുന്നുണ്ട്, വളന്തക്കാടുകാര്‍ക്ക് പാലം; സ്വരാജ് എംഎല്‍എയും മരട് നഗരസഭയും ശോഭാ ഗ്രൂപ്പിനെ പേടിക്കേണ്ടതുണ്ടോ?, ഹൈടെക് സിറ്റി വന്നാല്‍ വളന്തക്കാടുകാര്‍ക്കും ഗുണമെന്ന് ശോഭാ ഗ്രൂപ്പ്; പാലത്തിനും റോഡിനും തങ്ങള്‍ തടസമായി നില്‍ക്കില്ല
ദ്വീപ് നിവാസികള്‍ അനുവഭിച്ച ദുരിതജീവിതം, അവഗണനകള്‍ക്കും ഭീഷണികളും കൂസാതെ ഒത്തൊരുമയോടെ നിന്നത് എല്ലാം ഒരു തരിപോലും ഓർമ്മയില്‍ നിന്ന് നഷ്ടപ്പെടുത്താതെ എണ്‍പതുകാരനായ പ്രഭാകരന് സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അത്രപെട്ടെന്നങ്ങു മറക്കാന്‍ സാധിക്കുന്നതല്ലായിരുന്നു ഇവിടം വരെ തന്നെയും ദ്വീപ് നിവാസികളെയും എത്തിച്ച കഥകള്‍ എന്നും പ്രഭാകരന് അഴിമുഖത്തോട് പങ്കുവയ്ക്കുന്നു.
1950-60 കാലഘട്ടങ്ങളില്‍ അന്നൊക്കെ എല്ലാവര്ക്കും വിദ്യാഭ്യാസമൊന്നും ഉണ്ടായിരുന്നില്ല. നല്ല പോലെ അധ്വാനിക്കുമായിരുന്നു. എത്രത്തോളം മേലനങ്ങുന്നോ അതനുസരിച്ച് ഫലമുണ്ടായിരുന്നു. അത് പൊക്കാളി കൃഷി ആയാലും ചെമ്മീന്‍ കെട്ടിലായാലും കക്ക വാരല്‍, മീന്‍ പിടുത്തം അങ്ങനെ അധ്വാനിക്കുന്നവന് ഭക്ഷണത്തിന് കുറവില്ലായിരുന്നു. ആറുമാസം കൃഷി, അതു കഴിഞ്ഞാല്‍ അടുത്ത ആറു മാസം ചെമ്മീന്‍ കൃഷി ഇങ്ങനെയായിരുന്നു. കൂടി പോയാല്‍ മൂന്നു മാസം മാത്രമാണ് പുറത്ത് നിന്ന് അരി വാങ്ങേണ്ടി വരുന്നത്. അതും എല്ലാവര്ക്കും ഇല്ല. പഴയ ഓര്‍മ്മകള്‍ പൊടിതട്ടി എടുത്ത് അവതരിപ്പിച്ചപ്പോള്‍ പ്രഭാകരന് അമ്മാവന്റെ (ദ്വീപ് നിവാസികള്‍ വിളക്കുന്ന പേര്) മുഖത്ത് സമൃദ്ധിയുടെ കാലത്തനുഭവിച്ച സന്തോഷം ഒരിക്കല്‍ കൂടി കടന്നുവന്നു. ഇന്നത് മാറി വികസനത്തിന്റെ ഭാഗമായി ഉണ്ടാകുന്ന ദ്വീപിലെ ചെറിയ ചെറിയ മാറ്റങ്ങള്‍ കൃഷിയെയും മത്സ്യബന്ധനത്തെയും ബാധിച്ചു തുടങ്ങിയിരിക്കുന്നു വിഷമത്തോടെ അദ്ദേഹം പറഞ്ഞു.
1952ല്‍ പത്താംതരം പഠിച്ചിരുന്ന കാലം ദ്വീപിന്റെ പടിഞ്ഞാറ് നിന്ന് ഒരു വള്ളമുണ്ടായിരുന്നു അക്കരെ കടക്കാന്‍. പാപ്പു ചേട്ടന്റെ വള്ളം. ഒരു കൊച്ചു വള്ളം. ഏറിപ്പോയാല്‍ മൂന്നാൾക്ക് കയറാം. അക്കരയ്ക്ക് കടക്കാന്‍ ഒത്തിരി പേരുണ്ടാകും എല്ലാവരും വരിവരിയായി നിന്ന് കാത്ത് നില്‍ക്കണം, അക്കരെ പോണെങ്കില് മൂന്നു പേര്‍ക്കല്ലേ വള്ളത്തില്‍ കേറാന്‍ പറ്റുള്ളു. കാറ്റത്തും മഴയത്തും വള്ളത്തില്‍ കയറി മാടവന സ്കൂളില്‍ പത്താംതരം വരെ പഠിക്കാന്‍ പോയ അനുഭവങ്ങള്‍ പ്രഭാകരന് പറഞ്ഞു. അന്ന് തോണി മറഞ്ഞതും രോഗികളെ വള്ളത്തില്‍ ആശുപത്രിയില്‍ കൊണ്ടുപോയതും, വീട്ടുസാധനങ്ങള്‍, വീടുപണിയാനാവശ്യമായി കല്ലും കട്ടയും കൊണ്ടുവരുന്നതും എല്ലാം ഈ എണ്‍പതുകാരന്റെ മനസില്‍ ഒരു ഓര്‍മ്മചിത്രം പോലെ ഉണ്ട്. പത്താംതരം പാസായി; ജോലി ഒന്നും ആയില്ല. അങ്ങനെ ഇരിക്കെയാണ് ഇലക്ഷന് പ്രിസൈഡിംഗ് ഓഫീസറായി നഗരത്തിൽ പോയത്. അവിടെ വെച്ച് പരിചയപ്പെട്ട ഒരാള്‍ ജോലി വാഗ്ദാനം ചെയ്തു. അയാളുടെ പ്രസില്‍ നില്‍ക്കാനാണ് പറഞ്ഞത്. കുറച്ചു നാള് ഇവിടെ ജോലി ചെയ്തു കഴിഞ്ഞ്. ഇദ്ദേഹത്തിന്റെ തന്റെ സഹായത്തോടെ സര്‍ക്കാര്‍ ജോലി കിട്ടുന്നതും. 1965 ഏപ്രില്‍ മൂന്നിനാണ് ജോലി ലഭിച്ചതായുള്ള കത്ത് കിട്ടുന്നത്. ഏറ്റവും അവസാനം ടെക്നിക്കല്‍ ടീച്ചറായി വിരമിച്ചു.
http://www.azhimukham.com/keralam-valanthakkadu-people-needs-a-bridge-to-go-kochi-reports-amal/
സുഗമമായ ഗതാഗത സൗകര്യമില്ലാതെ കടത്ത് കടന്ന് നഗരത്തില്‍ പോകുന്നതിന്റെ വിഷമതകള്‍ ദ്വീപിലെ എല്ലാവര്ക്കും പറയാനുള്ളതു പോലെ പ്രഭാകരനും പറയാനുണ്ടായിരുന്നു. അക്കാലത്ത് കാര്ത്ത്യാനിയെന്ന സ്ത്രീ പ്രസവത്തെ തുടര്‍ന്ന് വള്ളത്തില്‍ വെച്ച് മരിച്ച സംഭവം ഇദ്ദേഹത്തിന്റെ ഓര്‍മ്മയിലുണ്ട്. അന്നൊക്കെ നൂറില്‍ 90 പ്രസവും ദ്വീപില്‍ വെച്ച് തന്നെയായിരുന്നു. പ്രസവം എടുക്കുന്ന വയറ്റാട്ടിയോ അല്ലെങ്കില്‍ വൈദ്യനെയോ വള്ളത്തില്‍ കൊണ്ടുവന്നെത്തിക്കും. അവരാണ് പ്രസവം എടുക്കുന്നത്. കാര്ത്ത്യാനിയെന്ന ഈ സ്ത്രീ വയറ്റാട്ടിയെ സഹായിക്കുന്ന ഹെല്പര് ആയിരുന്നു. ഇവരൂടെ പ്രസവസമയത്ത് മരടില്‍ നിന്ന് വൈദ്യനെത്തി പ്രസവം എടുത്ത് മടങ്ങി. എന്നാല്‍ വൈദ്യന് മടങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്കും ഇവര്‍ക്ക് വല്ലായ്മയായി. എന്നാല്‍ അന്ന് ചെറു വളളങ്ങള്‍ മാത്രമെ ഉണ്ടായിരുന്നുള്ളു. കൂടി പോയാല്‍ മൂന്നാള്‍ക്ക് കയറാം. അതുകൊണ്ട് ഉടനെ ദ്വീപില്‍ നിന്നു ആളു മരടിലെ വര്‍ഗീസ് ഡോക്ടറെ വിളിക്കാന്‍ പോയി അദ്ദേഹം വരാമെന്നു പറഞ്ഞിട്ട് കാണാത്തതിനെ തുടര്‍ന്ന് മറ്റൊരു വള്ളത്തില്‍ കയറ്റി മരടിലെ പള്ളി ആശുപത്രിയില്‍ കൊണ്ടു പോകാനായി ഈ സ്ത്രീയെ വള്ളത്തില്‍ കയറ്റിയതും. വേദന സഹിച്ച് ഇവര്‍ വള്ളത്തില്‍ ഇരുന്നു പ്രാണവേദ അനുഭവിക്കുകയും ഇവരുടെ രണ്ട് വശത്തേക്കുമുള്ള ബലം പിടിക്കലും കൂടിയായപ്പോള്‍ വള്ളം ഇളകിയതും ഓര്‍ക്കുന്നു. വളരെ കഷ്ടപ്പെട്ട് ഇവരെ അക്കരെ കടവിലെത്തിച്ചപ്പോഴേക്കും ജീവന് പോയിരുന്നു.
http://www.azhimukham.com/keralam-why-mla-and-maradu-muncipality-fears-shobha-developers-reports-amal/
മുറ്റത്ത് ഒരു കാറ് വരുന്ന സൗകര്യമുണ്ടായിരുന്നെങ്കില്‍ എന്ന് ഓര്‍ത്തു പോകുകയാ... കൊല്ലം എത്രയായി പാലത്തിനും റോഡിനും വേണ്ടിയുള്ള സമരം ചെയ്യാന്‍ തുടങ്ങിയിട്ട്. പഴയപോലെ മനസിന് ധൈര്യമൊന്നുമില്ല. എപ്പോഴാ എന്താ എന്ന് ആര്ക്കെറിയാം. പാലവും റോഡും എത്രയും പെട്ടെന്ന് കിട്ടിയാല്‍ നല്ലത്, ഹൃദയ സംബന്ധമായ രോഗങ്ങള്‍കൊണ്ട് ബുദ്ധിമുട്ടനുവഭിക്കുന്ന പ്രഭാകരന് അമ്മാവന് പറഞ്ഞു. ശോഭാ ഗ്രൂപ്പ് പറയുന്നത് ഇവിടുന്നു പോയാല്‍ വേറെ എവിടെയെങ്കിലും പത്ത് സെന്റ് സ്ഥലം തരാമെന്നാണ്... ഞങ്ങള്‍ക്ക് ആ സ്ഥലം കിട്ടിയിട്ടെന്താ കാര്യം... അവിടെ വീട് വയ്ക്കണ്ടേ? അന്നന്നുള്ള ഉപജീവന മാര്‍ഗം തേടേണ്ടേ? ഇതിനെല്ലാം എന്താ പരിഹാരം ഇദ്ദേഹം ചോദിക്കുന്നു.
മൂന്നൂറ് ഏക്കറില്‍ അധികം വരുന്ന ജൈവവൈവിധ്യ മേഖല കൂടിയായ ദ്വീപിന്റെ 70 ശതമാനവും ശോഭ ഗ്രൂപ്പ് വാങ്ങിക്കൂട്ടിയിരിക്കുകയാണ്. ശോഭ ഗ്രൂപ്പിന് സ്ഥലം വില്ക്കാന് തയ്യാറാകാത്തവര്‍ മാത്രമാണ് ദ്വീപില്‍ ശേഷിക്കുന്നത്. പാലം പണിയുന്നതിനായി വന്ന പദ്ധതികളില്‍ പലതും ഇല്ലാതായത് വ്യവസായ ഗ്രൂപ്പിന്റെ ഇടപെടല്‍ കൊണ്ടാണെന്ന ആരോപണവും നാട്ടുകാര്‍ ഉന്നയിക്കുന്നുണ്ട്. ശോഭാ ഗ്രൂപ്പിന്റെ ഹൈടെക് സിറ്റി വന്നാല്‍ തങ്ങള്‍ ഇവിടുന്നു ഇറങ്ങികൊടുക്കേണ്ടി വരുമോ എന്ന ഭയമാണ് അവശേഷിക്കുന്നവര്‍ക്ക്.
(നാളെ: ദ്വീപിലെ ആദ്യ കാലങ്ങളിലെ കൃഷിയും ചെമ്മീന്‍ കെട്ടും)
http://www.azhimukham.com/keralam-response-from-sobha-group-on-valanthakkadu-bridge-issue-reports-amal/