TopTop
Begin typing your search above and press return to search.

മദനി; ഉത്തരമില്ലാത്ത നിയമ- ഭരണകൂട സമസ്യ

മദനി; ഉത്തരമില്ലാത്ത നിയമ- ഭരണകൂട സമസ്യ

'Justice delayed is justice denied.' - William E. Gladstone

അക്ഷരങ്ങള്‍ സാഹിത്യകാരന്റെ ആയുധമാണെങ്കില്‍ വാക്കുകള്‍ പ്രാസംഗികന്റെയും ആയുധമാണ്. അഡോള്‍ഫ് ഹിറ്റ്‌ലര്‍ തന്റെ വാക്കുകളിലൂടെ ജനലക്ഷങ്ങളെ തനിക്കനുകൂലമാക്കി ചിന്തിപ്പിച്ചിരുന്നുവെന്നത് ചരിത്രം. ജനവിരുദ്ധ നയങ്ങള്‍കൊണ്ടും ഹൈന്ദവ ഫാഷിസ തേര്‍വാഴ്ചകൊണ്ടും കോര്‍പ്പറേറ്റ്ദാസ്യം കൊണ്ടും ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാകുമ്പോഴും സംഘപരിവാര്‍ മുന്നണിയുടേയും സര്‍ക്കാരിന്റെയും ശബ്ദമായി മാറാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിയുന്നതും അദ്ദേഹത്തിന്റെ വാഗ്വിലാസം ഒന്നുകൊണ്ട് മാത്രമാണ്. അതേസമയം ഒരു കാലത്ത്, കേരളത്തിലെ യുവ രാഷ്ട്രീയ, മതനേതാക്കന്‍മാരില്‍ തന്റെതായ സ്ഥാനം വഹിച്ചിരുന്ന അബ്ദുള്‍ നാസര്‍ മദനിയെന്ന നേതാവിന്റെ തീപ്പൊരി പ്രസംഗം കേട്ടവരാരും അദ്ദേഹത്തെ മറക്കുകയില്ലയെന്ന് മാത്രമല്ല, ആത്യന്തികമായി അത് അദ്ദേഹത്തെ എത്തിച്ചത് നിരന്തരമായ കാരാഗ്രഹ വാസത്തിലേക്കായിരുന്നു. ഒരു മനുഷ്യന്‍ ഏറ്റവും കൂടുതല്‍ കാലം വിചാരണാ തടവുകാരനായി ജയില്‍വാസം അനുഭവിച്ചതിന്റെ ആഗോള കാലയളവുകള്‍ പരിശോധിച്ചാല്‍പ്പോലും മുന്നിലുള്ള പേരുകളില്‍ ഒന്ന് മദനിയുടേതായിരിക്കും എന്നുറപ്പാണ്.

ഐ.എസ്.എസ് (ഇസ്ലാമിക് സേവക് സംഘ്) എന്ന സംഘടനയിലൂടെ തന്റെ, രാഷ്ട്രീയവും മതവും കൂടിക്കലര്‍ത്തുന്ന രീതിയിലുള്ള തുടക്കത്തിന് നിരോധനത്തിലൂടെ തടസം വന്നെങ്കിലും, പിന്നീട് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി എന്ന രാഷ്ട്രീയ പാര്‍ട്ടിയുമായി വന്ന് തന്റെ സംഘടനാ ശേഷിയും രാഷ്ട്രീയ പ്രഭാവവും കാണിക്കുന്നതില്‍ അദ്ദേഹം ഒരു പരിധിവരെ വിജയിച്ചുവെന്ന് വേണം മനസിലാക്കാന്‍. ഗൂഢാലോചന, സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന പ്രവൃത്തികളും പ്രസംഗങ്ങളും തുടങ്ങി 1998ല്‍ 60 പേരുടെ മരണത്തിനിടയാക്കിയ കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനക്കേസ് വരെ ചുമത്തി ഒമ്പതര വര്‍ഷം മദനിയെ ജയിലിലും കിടത്തി. ഒമ്പതര വര്‍ഷത്തെ ജയില്‍ വാസം തകര്‍ത്ത ആരോഗ്യം മദനിയുടെ സംസാരത്തിന്റെയും പ്രവര്‍ത്തന ശൈലിയുടേയും പ്രവര്‍ത്തനം മാറ്റിയെന്ന് വേണം കരുതാന്‍. എന്നാല്‍ മദനിയെ നിയമവും ഭരണകൂടങ്ങളും വേട്ടയാടുന്നത് അവിടെയും അവസാനിച്ചില്ല. ബംഗളുരു സ്‌ഫോടനത്തിന്റെ പേരില്‍ കര്‍ണാടക പോലീസ് 2010 ആഗസ്റ്റ് 17ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. പ്രതികള്‍ നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തിനെതിരെ കേസ് എടുത്തിട്ടുള്ളത്. 2011 ഫെബ്രുവരി 11ന് കര്‍ണാടക ഹൈക്കോടതി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നിരസിച്ചു. സ്ഫോടനത്തില്‍ ബന്ധമുള്ളതായി നേരിട്ടുള്ള തെളിവുകള്‍ പൊലീസിനു ഹാജരാക്കാനായില്ല എന്ന കാര്യം ഹൈക്കോടതി വിധിപ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയെങ്കിലും, മഅദനിക്കു ജാമ്യം നല്‍കുന്നത് കേസിന്റെ വിചാരണയെ ബാധിക്കുമെന്ന കര്‍ണാടക സര്‍ക്കാരിന്റെ വാദം പരിഗണിച്ചായിരുന്നു ജാമ്യം നിരസിച്ചത്.

ഏറ്റവുമൊടുവില്‍ കഴിഞ്ഞ ദിവസമാണ് മദനി മാതാവിനെ സന്ദര്‍ശിക്കാനും, മകന്റെ വിവാഹത്തില്‍ സംബന്ധിക്കാനുമായി കര്‍ണാടക കോടതിയില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവുതേടി അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ കര്‍ണാടക സംസ്ഥാന സര്‍ക്കാരിന്റെ ദ്രോഹപരമായ നിലപാടുകള്‍ കാരണം കോടതിക്ക് വ്യവസ്ഥകളില്‍ ഇളവ് നല്‍കാനായില്ല. ആ ഘട്ടത്തില്‍ മദനി സുപ്രീംകോടതിയെ സമീപിച്ചു. കോടതിയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടായെങ്കിലും മദനിയുടെ സുരക്ഷ, യാത്ര, താമസം അടക്കമുള്ളവയ്ക്കായി 14,79,875 രൂപ കെട്ടിവയ്ക്കണമെന്ന നിലപാടെടുത്തുകൊണ്ട് കര്‍ണാടക പൊലീസ് മദനിയെ സമാനതകളില്ലാത്തവിധം ദ്രോഹിക്കാനും സുപ്രീംകോടതി വിധി അട്ടിമറിക്കാനും ശ്രമിച്ചു. മദനിയുടെ അഭിഭാഷകര്‍ ഇക്കാര്യം വീണ്ടും സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും, കോടതി രൂക്ഷമായി കര്‍ണാടക സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തു. ഇപ്പോള്‍ ഇതെഴുതുന്ന ഈ സമയം അബ്ദുള്‍ നാസര്‍ മദനി സുരക്ഷ ചെലവിനായി 1,18,000 രൂപ നല്‍കിയാല്‍ മതിയെന്ന് സുപ്രീം കോടതി വിധിച്ചിരിക്കുന്നു. സന്ദര്‍ശനസമയം നാല് ദിവസം കൂടി നീട്ടി നല്‍കുകയും ചെയ്തു. ഓഗസ്റ്റ് ആറ് മുതല്‍ പത്തൊമ്പത് വരെയാണ് ദിവസം നല്‍കിക്കൊണ്ട് സുപ്രീംകോടതി ഉത്തരവുണ്ടായിരിക്കുന്നത്. വിചാരണത്തടവുകാരുടെ മേല്‍ തുക ചുമത്തുന്നത് കീഴ്‌വക്കമാക്കരുതെന്ന കര്‍ണാടകയോടുള്ള സുപ്രീംകോടതി നിര്‍ദേശമാണ് ഈ വിഷയത്തിലെ പരമപ്രധാനമായ അക്കാദമിക വിഷയവും നിയമവിദ്യാര്‍ഥികള്‍ക്ക് പഠിക്കുവാനുള്ള പാഠവും!

</p

മദനിവേട്ടയിലെ ഹൈന്ദവ രാഷ്ട്രീയം, ജുഡീഷ്യറിയുടെ ദൗര്‍ബല്യങ്ങള്‍

മദനി വിഷയത്തില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിന്ന് രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങി എന്ന് കേള്‍ക്കുമ്പോള്‍, കര്‍ണാടക ഭരിക്കുന്നത് സംഘപരിവാര്‍ സര്‍ക്കാരല്ല എന്ന ഓര്‍മ്മ തികട്ടിയെത്തുന്നു. ഒരു പക്ഷേ ഈയൊരു ബോധ്യമാണ് ഇന്ത്യയിലെ മതേതരത്വത്തെക്കുറിച്ച് പഠിക്കുന്ന രാഷ്ട്രീയ വിദ്യാര്‍ത്ഥികളെ ഞെട്ടിക്കുന്നത്. കാരണം കര്‍ണാടക ബിജെപി ഭരിച്ചിരുന്ന കാലത്തേക്കാള്‍ ക്രൂരമായ നിലപാടുകളാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മദനിക്കെതിരെ സ്വീകരിക്കുന്നതെന്നത് അമ്പരപ്പിക്കുന്നതാണ്. അത് വളരെ യാദൃശ്ചികമായതോ സ്വാഭാവികമായതോ ആയ ഒരു രാഷ്ട്രീയ - ഭരണകൂട നിലപാടാണ് എന്ന് കരുതാനാവില്ല. കോണ്‍ഗ്രസിന് ഹിന്ദുത്വ രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കാനാവുന്നതില്‍ പരിധികളുണ്ട്. ഹൈന്ദവ രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിക്കുക മാത്രമാണ് തകര്‍ന്നുതരിപ്പണമായ ഇന്ത്യയിലെ ഏറ്റവും വലിയ മതേതര പാര്‍ട്ടിയുടെ അതിജീവനത്തിന്റെ അവശേഷിക്കുന്ന മാര്‍ഗമെന്ന തിരിച്ചറിവായിരിക്കാം കര്‍ണാടകയിലെ മതേതര സര്‍ക്കാര്‍ മദനിയുടെ കാര്യത്തില്‍ ഇത്തരം വിചിത്രമായ നിലപാടുകള്‍ എടുക്കുന്നതിന് കാരണം.

ഈ രാജ്യത്തെ നിയമവ്യവസ്ഥയില്‍ നിലനില്‍ക്കുന്ന പഴുതുകളുടെ രാഷ്ട്രീയ ഉപയോഗപ്പെടുത്തലിന്റെ ഒരു ഇരയാണ് മദനി. നമ്മുടെ ഭരണകൂടവും നീതിന്യായ വ്യവസ്ഥയും രാഷ്ട്രീയപ്പാര്‍ട്ടികളും എല്ലാംകൂടി ചെയ്യുന്ന ഏറ്റവും വലിയ കുറ്റകൃത്യമാണ് 'അസഹിഷ്ണുവായ ഒരു പ്രജ'യെ സൃഷ്ടിക്കുക എന്നത്. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് എന്തെങ്കിലും ശിക്ഷ വിധിക്കുക സാധ്യമല്ലാത്തതിനാല്‍ ഇത് ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. കര്‍ണാടക സര്‍ക്കാരിന്റെയോ, കേന്ദ്ര സര്‍ക്കാരിന്റെയോ ഇഷ്ടക്കാരനല്ല മദനി എന്ന് മനസിലാക്കാന്‍ ഗവേഷണമൊന്നും വേണ്ട. ആ നിലയ്ക്ക് അയാളെ ഏതെങ്കിലും തീവ്രവാദ ആക്രമണവുമായി ബന്ധപ്പെടുത്തി ശിക്ഷിക്കാന്‍ പോന്ന വ്യാജ തെളിവുകളെങ്കിലും ഉണ്ടാക്കാനായാല്‍ അയാള്‍ ഇങ്ങനെ നിരന്തരകാലം ജയിലില്‍ കിടക്കില്ല എന്നതും സാമാന്യയുക്തിയാണ്. എങ്കിലും നമ്മുടെ ജുഡീഷ്യറിക്കും ഭരണകൂടങ്ങള്‍ക്കും വ്യാഖ്യാനിക്കാനാവാത്ത കാരണങ്ങളാല്‍ മദനിയുടെ 'വിചാരണത്തടവ്' അജ്ഞാതമായ കാരണങ്ങളാല്‍ അതിന്റെ രണ്ടാം ഘട്ടത്തിലെ രണ്ടാം പതിറ്റാണ്ട് പൂര്‍ത്തിയാക്കാന്‍ പോകുന്നു.

നമ്മുടെ നാട്ടില്‍ നിന്നും പിടിച്ചുകൊണ്ടുപോയി ഒമ്പതരവര്‍ഷം കോയമ്പത്തൂര്‍ ജയിലിലും അതിനുശേഷം ഇപ്പോള്‍ ബാംഗ്‌ളൂര്‍ ജയിലിലും നരകയാതന അനുഭവിക്കുന്ന ആ മനുഷ്യന് വേണ്ടി വേണ്ടരീതിയില്‍ പ്രതികരിക്കാനോ യോജിച്ച സമരപരിപാടികള്‍ ആസൂത്രണം ചെയ്യാനോ നമ്മുടെ പൊതുബോധം സമ്മതിച്ചില്ല എന്നതാണ് വസ്തുത. മാധ്യമങ്ങള്‍ നിര്‍മ്മിച്ചതായിരുന്നു ആ പൊതുബോധമെങ്കിലും മാധ്യമങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു എന്താണ് ഈ ജനതയ്ക്ക് സ്വീകാര്യമെന്ന്, അതിനനുസരിച്ച് അവര്‍ കഥകളെഴുതിയെന്ന് മാത്രം. അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങള്‍ പൊള്ളയാണെന്നുള്ളതിന്റെ നൂറു നൂറു തെളിവുകള്‍ നമ്മുടെ മുന്നില്‍ ദിനേനയെന്നോണം വന്നുകൊണ്ടിരുന്നു. പക്ഷേ, അത് ശ്രദ്ധിക്കാതെ, അല്ലെങ്കില്‍ വേണ്ട പരിഗണന കൊടുക്കാതെ നമ്മള്‍ വേറെ വാര്‍ത്തകള്‍ തേടിക്കൊണ്ടിരുന്നു.

2008ല്‍ ബാംഗ്‌ളൂരില്‍ നടന്ന 7 സ്‌ഫോടനങ്ങളില്‍ മരിച്ചത് 2 പേര്‍. ഇതിന്റെ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ആദ്യ 2 തവണയും ഇല്ലാത്ത മദനി മൂന്നാമത്തെ കുറ്റപത്രത്തില്‍ ഇടം പിടിക്കുന്നത് എവിടെയോ നടന്ന ഒരു വന്‍ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ന്യായമായും വിശ്വസിക്കാവുന്ന ഒരുപാടു തെളിവുകള്‍ നമ്മുടെ മുന്നിലുണ്ട്. തട്ടിക്കൂട്ടിയ സാക്ഷികള്‍ തന്നെ ഒന്നാമത്തെ തെളിവ്. 24 മണിക്കൂര്‍ പൊലീസ് കാവലിലുള്ള ആള്‍ കുടകില്‍ പോയി ക്യാമ്പ് നടത്തി എന്ന പൊലീസ് ഭാഷ്യം അതേപോലെ വിശ്വസിക്കുന്ന ഒരു വിഭാഗം നമ്മുടെ നാട്ടില്‍ ഇപ്പോഴുമുണ്ടെന്നത് മാധ്യമങ്ങളുടെ സ്വാധീനമാണ് തെളിയിക്കുന്നത്. സാക്ഷിപ്പട്ടികയില്‍ പേരുണ്ടെന്നുള്ള വിവരം അറിയാതെ കഴിയുന്ന യോഗാനന്ദ, മഅദനിക്കെതിരെ മൊഴികൊടുക്കാന്‍ ക്രൂരമായ പീഡനം ഏല്‍ക്കേണ്ടിവന്ന റഫീക്ക് എന്ന ചെറുപ്പക്കാരന്‍, കടുത്ത ക്യാന്‍സര്‍ ബാധിതനായി കോമയില്‍ ആശൂപത്രിയില്‍ കഴിയുന്ന സമയത്ത് ബാംഗ്‌ളൂരിലെത്തി മൊഴി നല്‍കിയെന്ന് പരയപ്പെടുന്ന മജീദ്, തന്നെ കബളിപ്പിച്ച് മൊഴി രേഖപ്പെടുത്തിയതാണെന്ന് പറയുന്ന കൊച്ചിയിലെ വീട്ടുടമസ്ഥന്‍ ജോസ് വര്‍ഗീസ്, ഇതുവരെയും ഒരു പൊലീസുകാരനോ, കോടതിയോ മൊഴി രേഖപ്പെടുത്തിയിട്ടില്ലാത്ത മദനിയുടെ സഹോദരന്‍, ഇവരൊക്കെയാണ് ഈ കേസിലെ പ്രധാന സാക്ഷികള്‍ എന്നത് നമ്മുടെ നീതിന്യായ വ്യവസ്ഥിതിയിലെ കറുത്ത ഹാസ്യമാകുന്നുണ്ട്!

കുറ്റവിചാരണയുടെ 'കാഫ്‌കേയിയന്‍ സിദ്ധാന്തം' രൂപപ്പെടുത്തിയ ഫ്രാന്‍സ് കഫ്കയുടെ പ്രശസ്തമായ നോവലാണ് The Trial. ഇതിലെ നായകന്‍ ഒരു പ്രതീകമാണ് - ഭരണകൂടത്തിന്റെ ഗൂഢാലോചനയുടെയും അടിച്ചമര്‍ത്തലിന്റെയും ഫലമായി കടുത്ത നൈരാശ്യത്തോടെ ജീവിതമവസാനിപ്പിക്കേണ്ടി വന്ന ഒരു മനുഷ്യന്‍. ഒരു സുപ്രഭാതത്തില്‍ അജ്ഞാതരായ അധികാരികള്‍ അകാരണമായി അയാളെ തടവിലാക്കുന്നു. അയാള്‍ ചെയ്ത കുറ്റം എന്താണെന്ന് അയാളോടോ മറ്റുള്ളവരോടോ വ്യക്തമാക്കാതെ അയാള്‍ നിരന്തരം വിചാരണ ചെയ്യുപ്പെടുന്നു, അജ്ഞാതമായ അധികാരികള്‍ നടത്തുന്ന അശുഭാപ്തിയും അശരണതയും നിറഞ്ഞ ആ വിചാരണ ജീവിതത്തിനൊടുവില്‍ ആത്മഹത്യ ചെയ്യാന്‍ വിസമ്മതിക്കുന്ന അയാളെ അജ്ഞാതരായ ആ അധികാരികള്‍ കൊലപ്പെടുത്തുന്നു. അവസാന ശ്വാസത്തില്‍ അയാള്‍ തന്റെ ക്രൂരമായ വിധിയെ ഒരൊറ്റ വാക്കു കൊണ്ട് വിശേഷിപ്പിക്കുന്നു - 'ഒരു നായയെ പോലെ'.

അബ്ദുള്‍ നാസര്‍ മദനി എന്ന മനുഷ്യന്റെ ദുര്‍വിധിക്ക് ആക്കം കൂട്ടിക്കൊണ്ട് ഒരു ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ആസൂത്രിതമായ ഗൂഢാലോചനയുടെ ഫലമായി വീണ്ടുമൊരു വിചാരണ പ്രഹസനം കൂടി അരങ്ങേറുമ്പോള്‍, ഒറ്റപ്പെടലിന്റെ പീഡനങ്ങളുടെ, ആത്മസംഘര്‍ഷങ്ങളുടെയെല്ലാം പാരമ്യത്തില്‍ ഒരു മനുഷ്യനെ അവശേഷിപ്പിച്ചു കൊണ്ട് കൊല്ലാക്കൊല ചെയ്തു കൊണ്ടിരിക്കുമ്പോള്‍ അബ്ദു നാസര്‍ മദനി മുമ്പു പറഞ്ഞത് പോലെ, ഇങ്ങനെ പീഡിപ്പിക്കുന്നതിനെക്കാള്‍ ഭേദം തൂക്കിക്കൊല്ലുന്നതാണ് എന്ന് നമുക്കും തോന്നിപ്പോകുന്നു.

രാജ്യത്ത് രണ്ടര ലക്ഷത്തോളം ആളുകള്‍ വിചാരണ തടവുകാരായി പല ജയിലുകളിലായി കഴിയുന്നുണ്ട്, എന്നിട്ടും എന്തുകൊണ്ട് മദനി?

മദനി ഒരു പ്രതീകമാണ്, നീതിനിഷേധത്തിന്റെ, ആസൂത്രിതമായ ഭരണകൂട ഭീകരതയുടെ, ഭീകരവാദത്തിന്റെ പേരില്‍ പീഡനമനുഭവിക്കപ്പെടുന്ന നിരപരാധികളായ നൂറു കണക്കിന് മുസ്ലീം യുവാക്കളുടെ ഒക്കെ പ്രതീകം. ഒരു വ്യക്തിയുടെ എല്ലാ മനുഷ്യാവകാശങ്ങളും നിഷേധിപ്പിക്കപ്പെട്ട്, ശാരീരിക, മാനസിക പീഡനങ്ങള്‍ അനുഭവിക്കാന്‍ വിധിക്കപ്പെട്ട ഒരാളാണ് മദനി. മദനി വര്‍ഗീയത വമിപ്പിക്കുന്ന പ്രസംഗങ്ങള്‍ ചെയ്തിട്ടുണ്ട്, ബാബറി മസ്ജിദ് ധ്വംസനത്തിന് ശേഷം മുസ്ലീം യുവാക്കളില്‍ ആ പ്രസംഗങ്ങള്‍ ഒരു വര്‍ഗീയ ധ്രുവീകരണത്തിന് കാരണമായിട്ടുണ്ട്, ഇല്ലെന്നല്ല; പക്ഷെ അതു കൊണ്ടു മാത്രം ഉടലെടുത്തതല്ല കേരളത്തിലെ ഇസ്ലാം യുവാക്കള്‍ക്കിടയില്‍ ഉണ്ടായ മതമൗലികവാദത്തോടുള്ള അഭിനിവേശം. അത് ആ കാലഘട്ടത്തിന്റെ രാഷ്ട്രീയ - സാമൂഹിക മാനങ്ങളുമായി ഏറെ ബന്ധപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ആ ഭൂതകാലത്തിന്റെ മാറാലകളില്‍ ഒരാളെ പൊതിഞ്ഞുവച്ച് പിന്നീടുള്ള ജീവിതം മുഴുവന്‍ അതുമായി ബന്ധപ്പെട്ടു ജീവിച്ചുകൊള്ളണമെന്ന് പറയുന്നത് മനുഷ്യത്വമില്ലായ്മയാണ്. മാത്രമല്ല ഈ കുറ്റങ്ങള്‍ മറ്റാരും ചെയ്യാത്തതുമല്ല ഒളിഞ്ഞും തെളിഞ്ഞും ചെയ്യുന്നത് തന്റെ വാഗ്മിത്വം വിനിയോഗിച്ച് പ്രകടമായി ചെയ്തു എന്നതാണ് മദനി ചെയ്ത തെറ്റ്. കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ നീണ്ട പത്തു വര്‍ഷത്തെ വിചാരണ തടവിനു ശേഷം നീതിപീഠം തന്നെ കുറ്റവിമുക്തനാക്കിയ ഒരാളാണ് മദനി. അയാള്‍ കുറ്റവാളിയായിരുന്നെങ്കില്‍ അതു തെളിയിക്കാനുള്ള എല്ലാ സാധ്യതകളും അന്നുണ്ടായിരുന്നു. കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ എന്ന പോലെ തന്നെ ബാംഗ്ലൂര്‍ സ്‌ഫോടന കേസിലും വിചാരണ തടവിലൂടെ മദനിക്ക് നീതിപീഠത്തിന്റെ മുന്നില്‍ കുറ്റം തെളിയിക്കാനുള്ള അവസരങ്ങള്‍ പരിമിതപ്പെടുത്തുകയാണ് കര്‍ണാടക പൊലീസ് ചെയ്യുന്നത്. അന്വേഷണത്തിന്റെ പേരും പറഞ്ഞ് നിരന്തരം നീട്ടി വെക്കുന്ന വിചാരണയിലൂടെ പരമാവധി സമയം ഒരാളെ തടവറക്കുള്ളില്‍ തളക്കാമെന്ന സിദ്ധാന്തം.

ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ സ്വതന്ത്രവും നീതിപ്പൂര്‍വവുമായ ഒരു വിചാരണ മദനി അര്‍ഹിക്കുന്നുണ്ട്. അത്തരമൊരു വിചാരണയില്‍ മദനി കുറ്റക്കാരനാണെങ്കില്‍ അയാള്‍ ശിക്ഷിക്കപ്പെടട്ടെ, അതിലാര്‍ക്കും എതിര്‍പ്പില്ല. മദനിയുടെ ജാമ്യാപേക്ഷ നിരസിക്കാന്‍ കോടതിക്ക് മുമ്പില്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഒരു തെളിവ് - മദനിയുടെ അറസ്റ്റിനോടനുബന്ധിച്ച അനുയായികളുടെ അതിവൈകാരികത നിറഞ്ഞ ആര്‍പ്പു വിളികളുടെ വീഡിയോ ആയിരുന്നു. ഇത്തരത്തില്‍ ഒരു പ്രത്യേക മതവിഭാഗം ഹിസ്റ്റീരിയാബാധിതരെ പോലെ ഉറഞ്ഞു തുള്ളുന്നുവെങ്കില്‍ മദനിക്ക് ജാമ്യം കൊടുത്താലുള്ള അപകടത്തെക്കുറിച്ചാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. അതുകൊണ്ട് തന്നെ മദനിയുടെ വിഷയം ഒരു മതാവകാശ പ്രശ്‌നം എന്നതിലുപരി മനുഷ്യാവകാശ പ്രശ്‌നം എന്ന നിലയിലാണ് ഉയര്‍ത്തിക്കൊണ്ടു വരേണ്ടത്. കുറെ ''മാപ്ലാര്' സംഘം ചേര്‍ന്നു അതി വൈകാരികത നിറഞ്ഞ പ്രഖ്യാപനങ്ങള്‍ നടത്തുന്നതിന് പകരം പൊതുസമൂഹത്തിന്റെ ഇടപെടലുണ്ടാകുന്നതിന് വേണ്ടിയാണ് ശ്രമിക്കേണ്ടത് . മറ്റൊരു സംസ്ഥാനത്തിന്റെ നിയമപരിധിയിലുള്ള ഒരു കേസിനെ സംബന്ധിച്ച് കേരളത്തില്‍ സെമിനാറും പൊതുയോഗങ്ങളും സംഘടിപ്പിക്കുന്നതിന് പകരം കേരള സര്‍ക്കാര്‍ മദനിയുടെ കാര്യത്തില്‍ നീതിപൂര്‍വകമായ ഒരു വിചാരണക്ക് വേണ്ടി സര്‍ക്കാര്‍ തലത്തില്‍ തന്നെ ആവശ്യപ്പെടുകയാണ് വേണ്ടത്. ഓരോരോ തിരഞ്ഞെടുപ്പിനും മദനിയുടെ സഹായം തേടിയ നിരവധി നിയമസഭാസാമാജികര്‍ ഇരു മുന്നണികളിലുമുണ്ട്. അതിനു സാധിക്കുന്നില്ലെങ്കില്‍ മദനി പറഞ്ഞതു പാലെ അദ്ദേഹത്തെ തൂക്കിക്കൊല്ലാനുള്ള എന്തെങ്കിലും വഴിയാണ് നമ്മള്‍ തേടേണ്ടത്. കാഫ്‌കേയിയന്‍ കുറ്റ വിചാരണയിലെ വെറുമൊരു നായയായി ഒരു മനുഷ്യനെ അവസാനിപ്പിക്കുന്നതിനെക്കാള്‍ ന്യായമാണ് ആ വിധി.

മദനിക്ക് ജാമ്യം നല്‍കുന്നതിന് തടസമായി സുപ്രീംകോടതി വെറും നിസാരമായ കാരണങ്ങളാണ് ചൂണ്ടിക്കാണിച്ചിരുന്നത്. മദനി ഐ.എസ്.എസ് എന്ന നിരോധിത സംഘടനയുടെ നേതാവാണെന്നും ജാമ്യം അനുവദിക്കുന്നത് അപകടമാണെന്നും കര്‍ണ്ണാടക സര്‍ക്കാരിന്റെ വാദത്തെ തള്ളിക്കളഞ്ഞുകൊണ്ട് ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ടേയ കട്ജു അന്നു ചോദിച്ചത്, 'നിരോധിത സംഘടനയിലെ അംഗം എന്നത് ഒരു കുറ്റമല്ല. കൂടാതെ വീല്‍ചെയറില്‍ മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന ഒരാള്‍ക്ക് ജാമ്യം നല്‍കുന്നതില്‍ എന്ത് ഭീഷണിയാണുള്ളത്' എന്നാണ്. എന്നിട്ടും കൂടെയുണ്ടായിരുന്ന ബെഞ്ചിലെ അംഗം കര്‍ണാടക സര്‍ക്കാരിന്റെ വാദത്തെ അനുകൂലിച്ചത് കൊണ്ടാണ് മുന്‍പ് മദനിക്ക് ജാമ്യം അനുവദിക്കപ്പെടാതെ പോയത്.

പൂര്‍ണ്ണഗര്‍ഭിണിയുടെ വയര്‍ കുത്തിപ്പിളര്‍ന്ന് ഭ്രൂണം പുറത്തെടുത്ത് ത്രിശൂലത്തില്‍ ഉയര്‍ത്തി പിടിച്ച് 'ഹിന്ദു സംസ്‌കാരം' സംരക്ഷിച്ചത് താനാണ് എന്ന് അഭിമാനത്തോടെ പറഞ്ഞ ബാബു ബജ്രംഗി സ്വതന്ത്രനായി കഴിഞ്ഞിരുന്ന നരോദ പാട്യാ കേസിലും, ഗുജറാത്ത് വംശഹത്യാ കേസിലുമടക്കം കഠിനശിക്ഷക്ക് വിധിക്കപ്പെട്ടവര്‍ കപട കാരണങ്ങളുന്നയിച്ച് നികുതിപ്പണം കൊണ്ട് പരോളില്‍ സ്വതന്ത്ര വിഹാരം നടത്തുന്ന കാലത്ത്, മനുഷ്യത്വത്തിനേറ്റ പരാജയത്തെ ഹിന്ദു മതത്തിന്റെ കണക്കുപുസ്തകത്തില്‍ കൂട്ടിച്ചേര്‍ത്ത്, ഇതിനകം നിശ്ചയിക്കപ്പെട്ടതായേക്കാവുന്ന മൂന്നാമൂഴത്തിനായി മദനിമാര്‍ ജാമ്യത്തില്‍ ഇളവുതേടി വരുമ്പോള്‍ ഇവിടെ കേരളത്തിലെ സംഘി ഈര്‍ക്കിലി നേതാക്കള്‍ വരെ പൗരന്റെ പണം കൊണ്ട് പോലീസ് സംരക്ഷണം തരപ്പെടുത്തിയിരിക്കുന്നു എന്നത് നമ്മുടെ വ്യവസ്ഥിതിയുടെ അത്രമേല്‍ ആസുരമായ കാലത്തെയാണ് അടയാളപ്പെടുത്തുന്നത്!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories