TopTop
Begin typing your search above and press return to search.

ആര്‍ക്കാണ് ഈ സ്ത്രീകളോട് ഇത്ര ശത്രുത? കോഴിക്കോടിന്റെ അഭിമാനസംരംഭമായ മഹിളാമാള്‍ അടച്ചുപൂട്ടിക്കാനുള്ള കളികള്‍ക്ക് പിന്നില്‍

ആര്‍ക്കാണ് ഈ സ്ത്രീകളോട് ഇത്ര ശത്രുത? കോഴിക്കോടിന്റെ അഭിമാനസംരംഭമായ മഹിളാമാള്‍ അടച്ചുപൂട്ടിക്കാനുള്ള കളികള്‍ക്ക് പിന്നില്‍

"പതിനെട്ടു ലക്ഷം രൂപ മുതല്‍മുടക്കിയാണ് ഞാന്‍ കട തുടങ്ങിയത്. ഇപ്പോള്‍ ആകെ കടത്തില്‍ മുങ്ങിയാണ് നില്‍ക്കുന്നത്. കൈയിലുണ്ടായിരുന്ന ഓര്‍ഡറുകളെല്ലാം ക്യാന്‍സലായിപ്പോകുന്നു. ലോണിന് അപേക്ഷിക്കുമ്പോള്‍ മാളില്‍ എന്തോ വലിയ പ്രശ്‌നമാണെന്നു പറഞ്ഞ് തള്ളുന്നു. ആത്മഹത്യയെക്കുറിച്ചു പോലും ആലോചിക്കുന്ന അവസ്ഥയാണ്. സെയില്‍ ഇല്ലാത്തതു കൊണ്ട് മനസ്സു മടുത്ത് ഇപ്പോള്‍ മിക്ക ദിവസവും കടയില്‍ പോകാറുപോലുമില്ല. എന്നെപ്പോലെ ധാരാളം പേര്‍ ഇവിടെ ഇങ്ങനെ ശ്വാസംമുട്ടുന്നുണ്ട്", ഒറ്റശ്വാസത്തിലാണ് യുവ വനിതാ സംരംഭക വിജിഷ സുനില്‍ ഇത്രയും പറഞ്ഞു നിര്‍ത്തിയത്. വനിതകള്‍ക്കു വേണ്ടി മാത്രമായൊരുങ്ങിയ ഇന്ത്യയിലെ ആദ്യത്തെ ഷോപ്പിംഗ് മാളായ മഹിളാ മാളിലെ ഒന്നാം നിലയിലാണ് വിജിഷയുടെ സ്ഥാപനം. 2018 നവംബര്‍ 24ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത കോഴിക്കോട്ടെ മഹിളാ മാള്‍, കുടുംബശ്രീ പ്രവര്‍ത്തകരുടെയും കോഴിക്കോട് കോര്‍പ്പറേഷന്റെയും കൂട്ടായ സംരംഭമായിരുന്നു. കോഴിക്കോട് കോര്‍പ്പറേഷന്‍ സി.ഡി.എസിനു കീഴില്‍ രൂപീകരിച്ച യൂണിറ്റി ഗ്രൂപ്പ് എന്ന പത്തംഗ സംഘമാണ് മാളിന്റെ ഭരണസമിതി. വനിതാ സംരംഭകര്‍ക്ക് പുതിയ സാധ്യതകള്‍ തുറന്നുകൊടുക്കുന്നയിടമെന്ന നിലയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരു പദ്ധതിയായി മഹിളാ മാള്‍ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മാറുകയും ചെയ്തിരുന്നു.

പ്രവര്‍ത്തനമാരംഭിച്ച് എട്ടാം മാസത്തിലേക്ക് കടക്കുമ്പോള്‍, മഹിളാ മാളിന്റെ നടത്തിപ്പിനെക്കുറിച്ചും സംരംഭകര്‍ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തെക്കുറിച്ചും വലിയ പരാതികളാണ് ഒരു വശത്തു നിന്നുമുയരുന്നത്. ഏറെ പ്രതീക്ഷകളോടെ മാളില്‍ കടകള്‍ ആരംഭിച്ചവരില്‍ പലരും അടച്ചുപൂട്ടുകയോ, അടച്ചുപൂട്ടലിന്റെ വക്കിലെത്തുകയോ ചെയ്തിട്ടുണ്ട്. പ്രതീക്ഷിച്ചത്ര സാമ്പത്തിക ലാഭം കടകളില്‍ നിന്നും ലഭിക്കാത്തതും, കടകളിലേക്ക് ഉപഭോക്താക്കള്‍ എത്താത്തതുമാണ് വനിതാ സംരംഭകര്‍ പിന്‍വാങ്ങിത്തുടങ്ങുന്നതിന്റെ കാരണമെന്ന് ഒരു വിഭാഗം കച്ചവടക്കാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. വേണ്ടത്ര കച്ചവടം ലഭിക്കാതെ ഭരണസമിതി ആവശ്യപ്പെടുന്ന വാടക കൃത്യമായി അടയ്ക്കാന്‍ സാധിക്കില്ലെന്നാണ് ഈ സംരംഭകര്‍ ഉയര്‍ത്തുന്ന വാദം. എന്നാല്‍, മഹിളാ മാള്‍ പ്രതിസന്ധിയിലാണെന്നും കച്ചവടക്കാര്‍ കൂട്ടത്തോടെ കൊഴിഞ്ഞുപോകുകയാണെന്നുമുള്ള പ്രചരണം തെറ്റാണെന്ന് ഭരണസമിതിയംഗങ്ങള്‍ വിശദീകരിക്കുന്നുണ്ട്. വിപണിയില്‍ പൊതുവായി കണ്ടുവരുന്ന മാന്ദ്യം മാത്രമാണ് മാളിലും പ്രതിഫലിക്കുന്നതെന്നാണ് യൂണിറ്റി ഗ്രൂപ്പിന്റെ പ്രസിഡന്റ് കെ. ബീന അടക്കമുള്ളവരുടെ പ്രതികരണം.

എന്താണ് മഹിളാ മാളില്‍ സംഭവിക്കുന്നത്?

പതിനാറോളം സംരംഭകര്‍ ഇതിനോടകം മാളിലെ കടകള്‍ ഒഴിഞ്ഞുപോയിട്ടുണ്ടെന്നാണ് അനൗദ്യോഗികമായി പ്രചരിക്കുന്ന കണക്ക്. എത്ര പേര്‍ പോയിട്ടുണ്ടെന്ന് അറിയില്ലെങ്കിലും, ഉടനെ കച്ചവടത്തിനു താഴിടാന്‍ തീരുമാനമെടുത്തിരിക്കുന്ന എട്ടു പേരെങ്കിലും മാളിലുണ്ടെന്നാണ് ഇലക്ട്രോണിക്‌സ് കട നടത്തുന്ന ബല്‍ക്കീസിന്റെ നിരീക്ഷണം. "കച്ചവടം നല്ല കുറവാണ്. കാര്യമായി കസ്റ്റമര്‍മാരൊന്നും ഇങ്ങോട്ടു വരുന്നില്ല. ഈ ഫ്‌ളോറില്‍ത്തന്നെ മൂന്നാലു പേര്‍ പൂട്ടിപ്പോയിട്ടുണ്ട്. ഇനി പോകാനിരിക്കുന്നവരുമുണ്ട്. ആളുകള്‍ ഇങ്ങോട്ടെത്താത്തത് എന്താണെന്നറിയില്ല. മാള്‍ തുടങ്ങി രണ്ടു മാസത്തേക്കൊക്കെ നല്ല സെയിലുണ്ടായിരുന്നതാണ്. മാനേജ്‌മെന്റുകാരോടൊക്കെ സംസാരിക്കുന്നുണ്ട്. ശരിയാക്കാം എന്നുപറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ല. വലിയ പ്രതീക്ഷയില്‍ വന്നതായതുകൊണ്ടാണ് എല്ലാവര്‍ക്കും ഇത്ര ടെന്‍ഷനായിപ്പോയത്. എന്റെ കടയുടെ തൊട്ടടുത്തുള്ള രണ്ടു കടകള്‍ പൂട്ടാന്‍ തയ്യാറായി നില്‍ക്കുകയാണ്. സാധനങ്ങളെല്ലാം അകത്തുവച്ച് കട തല്‍ക്കാലത്തേക്ക് പൂട്ടിവച്ചിരിക്കുകയാണ് അവരൊക്കെ. നല്ല തിരക്കുണ്ടായിരുന്ന ഫുഡ് കോര്‍ട്ടില്‍ വരെ ആളു കുറഞ്ഞു. എനിക്കാണെങ്കില്‍ വാടക കൊടുക്കാന്‍ പോലും വരുമാനം തികയാത്ത അവസ്ഥയാണ്. ഇങ്ങനെയാണെങ്കില്‍ ഞാനും നിര്‍ത്താം എന്നാണ് വിചാരിക്കുന്നത്", മഹിളാ മാളിന്റെ ആദ്യ ദിവസങ്ങളില്‍ വലിയ ശ്രദ്ധാകേന്ദ്രമായിരുന്നു ബല്‍ക്കീസ്. ഇലക്ട്രോണിക്‌സ് കട നടത്തുന്ന സ്ത്രീയെ ആളുകള്‍ കൗതുകത്തോടെ നോക്കിയതോടെ കച്ചവടം മെച്ചപ്പെടുകയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ കട പൂട്ടേണ്ടി വരുന്നതിനെക്കുറിച്ചാണ് ബല്‍ക്കീസിനും സംസാരിക്കാനുള്ളത്.

കുടുംബശ്രീയുടെ ഉല്‍പ്പന്നങ്ങള്‍ക്കും ചെറുകിട സംരംഭങ്ങള്‍ക്കും ഒരു സ്ഥിരം വേദി എന്ന പേരില്‍ തുടങ്ങിയ മൈക്രോബസാറാണ് കൂടുതലാളുകള്‍ പിന്‍വാങ്ങിയ മറ്റൊരിടം. മാളിന്റെ ഏറ്റവും താഴെയായി ആരും അധികം ശ്രദ്ധിക്കാത്ത ഭാഗത്താണ് മൈക്രോബസാറിന് ഇടം നല്‍കിയത് എന്നാരോപിച്ച് ആദ്യ ദിവസങ്ങളില്‍ത്തന്നെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും, കാലക്രമേണ ഇവിടെയും ഉപഭോക്താക്കളുടെ എണ്ണം വര്‍ദ്ധിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചത്ര ലാഭം കിട്ടാതായതോടെ ചെറുകിട സംരംഭകരെല്ലാം മൈക്രോബസാറിലെ കച്ചവടം അവസാനിപ്പിക്കുകയായിരുന്നുവെന്ന് മാളിലുള്ളവര്‍ തന്നെ പറയുന്നു. "ചില സാധനങ്ങള്‍ മാത്രമേ കടയില്‍ വയ്ക്കാന്‍ പാടുള്ളൂ എന്നൊക്കെ നിര്‍ദ്ദേശം തന്നതിന്റെ പുറത്ത് ആദ്യം ചില പ്രശ്‌നങ്ങളൊക്കെ മൈക്രോബസാറില്‍ ഉണ്ടായിട്ടുണ്ട്. ഒരേ പ്രോഡക്ട് പലരും വില്‍ക്കുമ്പോള്‍ സ്റ്റാളുകാര്‍ തമ്മില്‍ ചെറിയ പ്രശ്‌നമുണ്ടായിരുന്നതൊഴിച്ചാല്‍, യാതൊരു ബുദ്ധിമുട്ടും അവിടെയുണ്ടായിട്ടില്ല. പന്ത്രണ്ട് മണിക്കൂറോളം ഞാന്‍ കട തുറന്നുവയ്ക്കാറുണ്ട്. രണ്ടു ജോലിക്കാരെയും വച്ചിട്ടുണ്ട്. ആദ്യത്തെ മാസങ്ങളില്‍ ലാഭം പ്രതീക്ഷിക്കാതിരുന്നതിനാല്‍ എനിക്കു കാര്യമായ തിരിച്ചടിയുണ്ടായില്ല. ചെറിയ നഷ്ടങ്ങള്‍ പറ്റിത്തുടങ്ങുമ്പോഴേക്കും കട അടച്ചിടുന്നതാണ് ആദ്യത്തെ പ്രശ്‌നം. തൊട്ടടുത്തുള്ള കച്ചവടക്കാര്‍ കച്ചവടം കുറഞ്ഞതുകൊണ്ട് മിക്കപ്പോഴും കട അടച്ചിടുകയാണ് ചെയ്യുന്നത്. മൈക്രോ ബസാറിന്റെ ഉള്ളിലായതുകൊണ്ട് ആളുകള്‍ വരാനും ബുദ്ധിമുട്ടായിരുന്നു. അങ്ങനെ പല കാരണങ്ങള്‍ കൊണ്ടാണ് മൈക്രോബസാറിലെ വനിതാസംരംഭകര്‍ക്ക് നഷ്ടം പറ്റിയത്. ചെറിയ നഷ്ടം കണ്ടുതുടങ്ങിയതോടെ, ആദ്യമായി കച്ചവടം ചെയ്യുന്നയാളുകള്‍ക്ക് വലിയ ആശങ്ക വന്നു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്", മൈക്രോബസാറില്‍ സാരി വില്‍പ്പന സ്റ്റാള്‍ ഇട്ടിരുന്ന ഷഫിജ പറയുന്നതിങ്ങനെ.

തുരങ്കം വയ്ക്കുന്നത് ഒരു വിഭാഗം സംരംഭകരെന്നും പരാതി

മഹിളാ മാളിലെ കടകള്‍ നടത്തുന്ന സ്ത്രീകള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട് എന്നത് വാസ്തവമാണെന്ന് സ്ഥിരീകരിക്കുമ്പോള്‍ത്തന്നെ, അക്കാര്യത്തില്‍ മാളിന്റെ നടത്തിപ്പുകാരേക്കാള്‍ പങ്കുള്ളത് ഒരു വിഭാഗം സംരംഭകര്‍ക്കാണെന്നാണ് വിജിഷയ്ക്ക് പറയാനുള്ളത്. സാധാരണക്കാരായ സ്ത്രീകള്‍ ഒരു കുടക്കീഴില്‍ അതിജീവനത്തിന്റെ മാര്‍ഗ്ഗങ്ങള്‍ തേടിയെത്തിയ മഹിളാ മാളില്‍, എല്ലാവരും ഒന്നിച്ചു നിന്നാല്‍ തരണം ചെയ്യാവുന്ന പ്രശ്‌നങ്ങള്‍ മാത്രമേയുള്ളൂ എന്ന് വിജിഷ പറയുന്നു. മഹിളാ മാളിലെ എല്ലാ പ്രശ്‌നങ്ങളുടെയും ആരംഭം, എട്ടോ പത്തോ പേര്‍ അടങ്ങുന്ന ഒരു വിഭാഗം സംരംഭകര്‍ വാടകയുമായി ബന്ധപ്പെട്ട് ഉന്നയിച്ച പ്രശ്‌നങ്ങളാണെന്നാണ് ഇവര്‍ വിശദീകരിക്കുന്നത്. "2018 നവംബര്‍ 14 മുതല്‍ മാളില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ആളുകളും വരുന്നുണ്ടായിരുന്നു. 14നായിരിക്കും ഉദ്ഘാടനം എന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പക്ഷേ, മുഖ്യമന്ത്രി പങ്കെടുത്ത ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങ് നടന്നത് നവംബര്‍ 24നാണ്. ആ സാഹചര്യത്തില്‍ 14ാം തീയതി മുതലുള്ള വാടക കടയുടമകള്‍ കൊടുക്കണമല്ലോ. അതു പറ്റില്ലെന്നും, 24ാം തീയതി മുതല്‍ക്കുള്ള വാടകയേ ഈടാക്കാവൂ എന്നും ഒരു വിഭാഗം കടയുടമകള്‍ പറഞ്ഞതിന്റെ പിന്നാലെയാണ് ഈ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. അവിടുന്നങ്ങോട്ട് ഓരോന്നായി ആരോപണങ്ങളും പ്രശ്‌നങ്ങളും തന്നെയായിരുന്നു."

വാടക കൊടുക്കാന്‍ വേണ്ട വരുമാനം കടകളില്‍ നിന്നുണ്ടാകുന്നില്ലെന്നും മാളിന്റെ നടത്തിപ്പുകാര്‍ ഈടാക്കുന്നത് അമിതവാടകയാണെന്നുമായിരുന്നു ഈ വിഭാഗം ഉന്നയിച്ച പ്രധാന പരാതികളിലൊന്ന്. വാടക കുറയ്ക്കാന്‍ ഭരണസമിതി തീരുമാനിക്കണമെന്ന് ആവശ്യപ്പട്ട പലരും, വാടകയിനത്തില്‍ അടയ്ക്കാനുള്ള തുക അടച്ചുതീര്‍ക്കാന്‍ വിസമ്മതിക്കുകയും ചെയ്തു. ഇവരില്‍ പലരും നാളിതു വരെ വാടകയായി യാതൊന്നും നല്‍കിയിട്ടില്ലെന്നാണ് ഭരണസമിതിയുടെ ആരോപണം. മാളിന്റെ പബ്ലിസിറ്റിക്കായി ഭരണസമിതി ഒന്നും ചെയ്യുന്നില്ല എന്നായിരുന്നു മറ്റൊരു പരാതി. മാളില്‍ കുട്ടികള്‍ക്കായി ആരംഭിക്കുന്ന പ്ലേ സോണ്‍ അടക്കം, ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള പല പദ്ധതികളും ആദ്യ ഘട്ടത്തില്‍ ആസൂത്രണം ചെയ്തിരുന്നെങ്കിലും, അവയൊന്നും പ്രാവര്‍ത്തികമായിരുന്നില്ല. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് പത്തോളം വനിതാ സംരംഭകര്‍ പരാതികളുന്നയിച്ചതും മാളിനകത്ത് കടയുടമകളുടെ സംഘടന ആരംഭിച്ചതും. വാടക കുറച്ചു കിട്ടുമെന്ന വാഗ്ദാനത്തില്‍ വിശ്വസിച്ചും, മാളിനെക്കുറിച്ചുണ്ടായിരുന്ന ചെറിയ പരാതികള്‍ മുന്‍നിര്‍ത്തിയും പല സംരംഭകരും ഈ സംഘടനയ്‌ക്കൊപ്പം ചേര്‍ന്നിട്ടുണ്ടെന്നും വിജിഷയും ഷഫിജയും പറയുന്നു. താനും അത്തരത്തില്‍ ആദ്യ ഘട്ടത്തില്‍ സഹകരിച്ചിരുന്നതാണെന്നു വെളിപ്പെടുത്തുന്ന വിജിഷ പക്ഷേ, താനടക്കമുള്ള സംരംഭകര്‍ നേരിടുന്ന പ്രതിസന്ധിയില്‍ പ്രതിസ്ഥാനത്തു നിര്‍ത്തുന്നതും ഇതേ സംഘടന രൂപീകരിച്ചവരെത്തന്നെയാണ്. മാളിനെക്കുറിച്ച് ആശാവഹമല്ലാത്ത വാര്‍ത്തകള്‍ വാക്കാലും മാധ്യമങ്ങള്‍ വഴിയും പ്രചരിപ്പിച്ച് ഉപഭോക്താക്കളെ പിന്തിരിപ്പിച്ചതിനു പിന്നില്‍ ഒരു വിഭാഗം കടയുടമകളാണെന്നു തന്നെയാണ് ഇവരുടെ ആരോപണം.

'മാള്‍ പൂട്ടിച്ചിട്ടേ ഞങ്ങള്‍ പോകൂ' എന്നു പറയുന്നവര്‍

"മാള്‍ തന്നെ പൂട്ടിക്കണം എന്ന വാശിയില്‍ കുറച്ചു പേര്‍ അവിടെ നടക്കുന്നുണ്ട്. ഇപ്പോള്‍ കട പൂട്ടിപ്പോയിരിക്കുന്നവരെല്ലാം മറ്റുള്ളവരുണ്ടാക്കിയ പ്രശ്‌നത്തില്‍പ്പെട്ടുപോയവരാണ്. സംഘടന രൂപീകരിക്കാന്‍ പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം മറ്റിടങ്ങളിലും കടകളുണ്ട്. ഇതു പൂട്ടിപ്പോയാല്‍ അവര്‍ക്ക് ഒന്നും സംഭവിക്കില്ല. പക്ഷേ ഞങ്ങളാരും അങ്ങനെയല്ല. ഇപ്പോള്‍ കട പൂട്ടിപ്പോയിരിക്കുന്നവരെല്ലാം എന്നെപ്പോലെ കഷ്ടപ്പെടുന്ന സാധാരണക്കാരാണ്. മാനേജ്‌മെന്റ് വാടക അധികം ചോദിക്കുകയാണ് എന്നൊക്കെ പറഞ്ഞ് കുറച്ചു കടക്കാര്‍ ചേര്‍ന്ന് ഒരു അസോസിയേഷന്‍ ഇതിനിടെ ഉണ്ടാക്കിയിരുന്നു. അതിന്റെ കാര്യം സംസാരിക്കാന്‍ വന്നപ്പോള്‍ അവര്‍ എന്നോടു പറഞ്ഞത് അവരെല്ലാം കട പൂട്ടിപ്പോകാന്‍ പോകുന്നു എന്നാണ്. എല്ലാവരും പോയാല്‍ പിന്നെ ഞാന്‍ മാത്രമായി എങ്ങനെ പിടിച്ചു നില്‍ക്കും. ഞാനും പോകുമെന്ന് ഞാന്‍ പറയുകയും ചെയ്തു. അവിടെ നിന്നും മാറാന്‍ വേണ്ടി മറ്റു കടകള്‍ നോക്കുക പോലും ചെയ്തു. കുറച്ച് സ്‌റ്റോക്ക് മാറ്റിയപ്പോള്‍ ഞാന്‍ കട ഒഴിഞ്ഞു പോകുകയാണെന്ന് കരുതി അവരെന്നോടു പറഞ്ഞത്, 'ഇവിടെ നിന്നും നഷ്ടപരിഹാരം വാങ്ങിച്ച്, ഈ മാള്‍ പൂട്ടിച്ചിട്ടേ ഞങ്ങള്‍ പോകൂ' എന്നാണ്. ഇക്കഴിഞ്ഞയാഴ്ച എന്നെ വിളിച്ചിട്ട്, സമരം ചെയ്യാന്‍ പോകുകയാണ് കൂടെ നില്‍ക്കുമോ എന്നും ചോദിച്ചു. എല്ലാ കടയുടമകളും നില്‍ക്കുന്നുണ്ടെങ്കില്‍ ഞാനും നില്‍ക്കും എന്നു ഞാന്‍ പറയുകയും ചെയ്തു. വാടക കുറയ്ക്കുന്നത് എനിക്കും നല്ലതാണല്ലോ. അതല്ലാതെ അഞ്ചോ പത്തോ പേര്‍ക്കു വേണ്ടി ഞാന്‍ നില്‍ക്കില്ല എന്നു തീര്‍ത്തു പറഞ്ഞു. മാള്‍ പൂട്ടിപ്പോകാനുള്ള സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കില്‍, അതിനു കാരണക്കാരായിട്ടുള്ളത് കടയുടമകളില്‍ ചിലര്‍ മാത്രമാണ്. തുടക്കം മുതല്‍ കുറച്ചു പേര്‍ മാളിന്റെ മാനേജ്‌മെന്റിന് എതിരായിട്ടാണ് നിന്നിട്ടുള്ളത്. അവരുടെ തര്‍ക്കമാണ് ഈ പ്രശ്‌നം ഇത്രയേറെ വഷളാക്കിയത്".

വിജിഷയുടെ അഭിപ്രായത്തിന്റെ തുടര്‍ച്ച തന്നെയാണ് ഷഫിജയ്ക്കും പറയാനുള്ളത്. "പല കാര്യങ്ങള്‍ പറഞ്ഞ് വാടക കൊടുക്കാതിരുന്നാല്‍ ഇത് മുന്നോട്ടു പോവില്ലല്ലോ. മാനേജ്‌മെന്റിന് കെട്ടിടത്തിന്റെ വാടക വേറെ ആള്‍ക്ക് കൊടുക്കാനുള്ളതല്ലേ? പുറത്തൊക്കെ വേറെ ഷോപ്പും കച്ചവടവുമുള്ളവരാണ് സത്യത്തില്‍ മാനേജ്‌മെന്റുമായി ഉടക്കി വാടക കൊടുക്കാതിരിക്കുന്നത്. എങ്ങനെയെങ്കിലും മുന്നോട്ടു കൊണ്ടുപോകണം എന്നുതന്നെയാണ് എല്ലാവരുടെയും ആഗ്രഹം. പക്ഷേ, മാള്‍ പൊളിഞ്ഞുവെന്നും പൊളിയാന്‍ പോകുന്നുവെന്നുമൊക്കെയാണ് വാര്‍ത്തകള്‍ വരുന്നത്. മഹിളാ മാളിനെ തറപറ്റിക്കാനുള്ള പരിപാടിയാണോ ഇവര്‍ നോക്കുന്നത് എന്നാണ് എന്റെ സംശയം. കുടുംബശ്രീയുടെ മാള്‍ എന്നു പറയുമ്പോള്‍ കുടുംബശ്രീ സാമ്പത്തികമായി സഹായിക്കും എന്നു കരുതുന്നതില്‍ കാര്യമില്ലെന്നു മനസ്സിലാക്കണം. പ്രശ്‌നങ്ങളുണ്ടായപ്പോള്‍ ഞാനടക്കം പരാതിപ്പെട്ടിട്ടുണ്ട്. പക്ഷേ, ഇക്കാര്യത്തില്‍ മാളിനെ തളര്‍ത്തരുതെന്നേ പറയാനുള്ളൂ." ആദ്യ ഘട്ടത്തിലെ മെല്ലപ്പോക്കിനു ശേഷം കഴിഞ്ഞ രണ്ടു മൂന്നു മാസങ്ങളായി തനിക്ക് മഹിളാ മാളില്‍ നിന്നും ലാഭം കിട്ടിത്തുടങ്ങിയിട്ടുണ്ടെന്ന് ഷഫിജ പറയുന്നു. അതിനിടെയാണ് മാള്‍ പ്രതിസന്ധി താങ്ങാനാകാതെ പൂട്ടാന്‍ പോകുന്നു എന്ന വാര്‍ത്തകളും വന്നു തുടങ്ങിയത്.

യഥാര്‍ത്ഥ പ്രതിസന്ധി വന്നത് 'പ്രതിസന്ധി വാര്‍ത്തകള്‍'ക്കു ശേഷം

മാളില്‍ കടയിട്ടിരിക്കുന്നവര്‍ക്ക് പൂട്ടിപ്പോകേണ്ടി വന്നതും നഷ്ടം സഹിക്കേണ്ടിവരുന്നതും മാളിനെക്കുറിച്ച് മോശപ്പെട്ട വാര്‍ത്തകള്‍ പടര്‍ന്നു തുടങ്ങിയതോടെയാണെന്നാണ് ഭൂരിഭാഗം കടയുടമകളുടേയും അഭിപ്രായം. ആളുകള്‍ കയറാത്തതു കൊണ്ട് പൂട്ടിപ്പോയ കടകള്‍ വളരെ ചുരുക്കമായിരിക്കുമെന്നും, ആരംഭത്തില്‍ നല്ല കച്ചവടം കിട്ടിയിരുന്ന കടകള്‍ പോലും അടച്ചുപൂട്ടേണ്ടിവരുന്നത് ജനങ്ങള്‍ക്കിടയില്‍ പ്രചരിക്കുന്ന കഥകള്‍ കാരണമാണെന്നും ഇവര്‍ പറയുന്നു. മാളില്‍ ഏറ്റവുമധികം കച്ചവടമുണ്ടായിരുന്ന കടകളിലൊന്നായിരുന്നു വിജിഷയുടേത്. പ്രതീക്ഷയില്‍ കവിഞ്ഞ ഓര്‍ഡറുകളുമായി ജീവിതം കരയ്‌ക്കെത്തി എന്നു തീര്‍ച്ചപ്പെടുത്തി മുന്നോട്ടു പൊയ്‌ക്കൊണ്ടിരുന്ന താന്‍ ഇന്ന് ആത്മഹത്യയുടെ വക്കിലാണെന്ന് വിജിഷ പറയുന്നു. മഹിളാ മാളില്‍ പ്രതിസന്ധി എന്ന പേരില്‍ പത്രങ്ങളില്‍ വാര്‍ത്തകള്‍ വന്നു തുടങ്ങിയതോടെയാണ് ഓര്‍ഡറുകള്‍ നഷ്ടപ്പെട്ടതും ലോണുകള്‍ കിട്ടാതായതും. മാളിന്റെ നടത്തിപ്പിനെതിരെ സംസാരിക്കുന്നതും കടകള്‍ പൂട്ടാന്‍ തുടങ്ങുന്നു എന്ന് പ്രചരിപ്പിച്ച് ഭയപ്പെടുത്തുന്നതും പുറത്തു മറ്റിടങ്ങളിലും കടകളുള്ള ബിസിനസ്സുകാരാണെന്നും, തങ്ങളെപ്പോലെ സാധാരണക്കാരായ സ്ത്രീകളാണ് അതില്‍ ബലിയാടാകുന്നതെന്നുമാണ് വിജിഷയുടെ വാദം.

"പുറത്തു കടകളും ജോലിയുമൊക്കെയുള്ളവരാണ് ഇവരെല്ലാം. ഞാനൊക്കെ ഇതുകൊണ്ട് മാത്രം ജീവിക്കുന്നയാളാണ്. ആദ്യത്തെ കട ജയലക്ഷ്മിയുടെ അടുത്തായിരുന്നു. നല്ലൊരു മാറ്റമാകും എന്ന പ്രതീക്ഷയിലാണ് മഹിളാ മാളിലേക്ക് വന്നത്. തുടക്കം മുതല്‍ നല്ല ബിസിനസ്സുണ്ടായിരുന്നുതാനും. ഇത് പത്രത്തിലൊക്കെ വലിയ വാര്‍ത്തയായി വന്നതോടെ ഓര്‍ഡര്‍ തന്നിരുന്നവരൊക്കെ പിന്നോട്ട് വലിഞ്ഞിട്ടുണ്ട്. എല്ലാ ഓര്‍ഡറും ക്യാന്‍സലായി. ലോണുകള്‍ കിട്ടാതായി. മഹിളാമാളില്‍ എന്തോ പ്രശ്‌നമുണ്ടല്ലോ എന്നാണ് ചോദിക്കുന്നത്. ചാനലുകാരൊക്കെ വന്ന് ഷൂട്ട് ചെയ്തു കൊണ്ടുപോയിട്ടുണ്ട്. ഇന്നലെ തുറക്കാന്‍ കുറച്ച് വൈകിയ എന്റെ കടയൊക്കെ പൂട്ടിപ്പോയ കട എന്ന പേരില്‍ എടുത്തുകൊണ്ടുപോയിട്ടുണ്ട്. ഇതൊന്നും ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത കാര്യമാണ്. എന്റെ കൂട്ടുകാര്‍ തന്നെ രണ്ടു മൂന്നു പേര്‍ ഞാന്‍ പറഞ്ഞിട്ടാണ് അവിടെ വരുന്നത്. അവരെല്ലാം കടം കൊണ്ട് നഷ്ടം സഹിച്ച് ഷോപ്പൊഴിഞ്ഞു പോയി. കഴിഞ്ഞയാഴ്ചയോടെ കച്ചവടം കുറച്ചങ്കിലും കയറിവരുന്നുണ്ട്. ഇനി ഓണമാണ് വരാനുള്ളത്. ഇങ്ങനെ വാര്‍ത്തകളൊക്കെ വന്നുതുടങ്ങിയാല്‍ എന്തുചെയ്യുമെന്നറിയില്ല. ആകെ കടത്തില്‍ മുങ്ങി നില്‍ക്കുകയാണ് ഞാന്‍. വലിയ പ്രതീക്ഷകളോടു കൂടി പോയതാണ്. നല്ല സുരക്ഷിതബോധവും തോന്നിയിരുന്നു. തീരെ സെയില്‍ ഇല്ലാത്ത അവസ്ഥയില്‍ ഇപ്പോള്‍ കടയില്‍ പോകാന്‍ പോലും തോന്നാറില്ല.'

ഞങ്ങളും വീട്ടമ്മമാര്‍; മുന്നോട്ടുവരാന്‍ സ്ത്രീകളെ അനുവദിക്കണമെന്ന് യൂണിറ്റി ഗ്രൂപ്പ്

എല്ലാ കടകളും തുറന്നുവച്ചാലേ മാളിലേക്ക് ആളുകളെത്തൂ എന്നും സംരംഭകര്‍ അഭിപ്രായപ്പെടുന്നുണ്ട്. ആവശ്യമായ എല്ലാ ഉത്പന്നങ്ങളും ഒരേയിടത്ത് ലഭ്യമായാലേ ഉപഭോക്താവ് എത്തൂ എന്നും ഇവര്‍ക്ക് ബോധ്യമുണ്ട്. അതിനായി എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കേണ്ടതുണ്ടെന്ന് ഇവര്‍ ആവര്‍ത്തിക്കുന്നു. അതേസമയം, മാളിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലല്ലെന്നു തന്നെയാണ് യൂണിറ്റി ഗ്രൂപ്പ് പ്രസിഡന്റ് കെ. ബീനയുടെ പ്രതികരണം. മാളിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനുള്ള ചിന്തയും ഭരണസമിതിയ്ക്കുണ്ടെന്നും പ്രസിഡന്റ് പറയുന്നു. "നിലവില്‍ എല്ലാ വിപണിയിലും ചെറിയൊരു മാന്ദ്യമുണ്ടല്ലോ. അതിന്റേതായ പ്രയാസം മാളിലുമുണ്ട്. എന്നിട്ടും ഈ മാസമൊക്കെ അത്യാവശ്യം ആള്‍ക്കാര്‍ എത്തുന്നുണ്ട്. മാത്രമല്ല, പ്രമോഷനുവേണ്ടിയുള്ള കാര്യങ്ങളെക്കുറിച്ച് ഗൗരവമായി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുമുണ്ട്. നാലോ അഞ്ചോ പേര്‍ തുടക്കം മുതല്‍ മാളിനെ നശിപ്പിക്കാനുള്ള വഴികള്‍ മാത്രം ചിന്തിച്ചു നടക്കുന്നുണ്ട് എന്നത് സത്യമാണ്. ഈ പ്രശ്‌നമുണ്ടാക്കുന്നവര്‍ പുറത്തു മറ്റു മാളുകളിലും മറ്റും റൂമുള്ളവരുമാണ്. സാധാരണക്കാരായ വനിതാ സംരംഭകരേയും അവരുടെ ഭാഗത്തേക്കെത്തിക്കാനായി, ഒപ്പം നിന്നാല്‍ വാടക കൊടുക്കണ്ട എന്നെല്ലാമാണ് പറഞ്ഞു ബോധ്യപ്പെടുത്തുന്നത്. വാടക കുറഞ്ഞു കിട്ടും എന്നു കേള്‍ക്കുമ്പോള്‍ ഞാനായാലും അവര്‍ക്കൊപ്പം നിന്നു പോകും. പക്ഷേ, ഇപ്പോഴത്തെ അവസ്ഥയില്‍ വാടക കുറച്ചു കൊടുക്കുക എന്നത് ഞങ്ങള്‍ക്കു സാധിക്കുന്ന കാര്യമല്ല. കോര്‍പ്പറേഷന്‍ മേയറേയും ഡെപ്യൂട്ടി മേയറേയും ഇക്കാര്യത്തിനു വേണ്ടി സംസാരിക്കുന്നുണ്ട്. ഞങ്ങള്‍ മറ്റൊരാളില്‍ നിന്നും വാടകയ്‌ക്കെടുത്ത കെട്ടിടമല്ലേ. ഞങ്ങള്‍ക്ക് അങ്ങനെ വാടക കുറച്ച് കൊടുക്കാന്‍ സാധിക്കില്ലല്ലോ. ഇവരെല്ലാം ഒഴിയാന്‍ പോകുന്നു എന്നു പറയുന്നതല്ലാതെ പോകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഉദ്ഘാടനത്തിന്റെ അന്നു മുതല്‍ ഈ നിമിഷം മുതല്‍ വാടക തരാത്തവരും ഇക്കൂട്ടത്തിലുണ്ട്. പൊലീസ് സ്റ്റേഷനിലടക്കം പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ ഒന്നോ രണ്ടോ മാസത്തെ വാടക ചെക്കായി തന്നതൊഴിച്ചാല്‍ ബാക്കിയെല്ലാം പെന്‍ഡിംഗാണ്. മാനേജ്‌മെന്റിലുള്ള ഞങ്ങള്‍ പത്തുപേരും സാധാരണക്കാരായ, വീട്ടമ്മമാരായ സ്ത്രീകള്‍ തന്നെയാണ്. ഞങ്ങളും അവരും ഒന്നിച്ചു നിന്ന് മാളിനെ പ്രമോട്ട് ചെയ്താലേ കാര്യമുള്ളൂ. ഒരുപാട് സ്ത്രീകള്‍ക്ക് സ്വന്തമായി വരുമാനം ഉണ്ടാക്കിക്കൊടുക്കുക, അതോടൊപ്പം ഞങ്ങള്‍ക്കും ഒരു വരുമാനമുണ്ടാക്കുക എന്നതാണ് ആഗ്രഹം. സ്ത്രീകളെ ഉയര്‍ന്നുവരാന്‍ ആളുകള്‍ സമ്മതിക്കില്ല എന്നു പറയില്ലേ. അതുതന്നെയാണ് ഇവിടെ നടക്കുന്നത്."

മറ്റു മാളുകളിലും സ്ഥിതി സമാനമാണെന്നും മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ കച്ചവടത്തിലുണ്ടായ കുറവ് കഴിഞ്ഞയാഴ്ചകളിലായി നികത്തപ്പെട്ടു വരുന്നുണ്ട് എന്നും പറയുമ്പോഴും, മഹിളാ മാളിന്റെ നിലവിലെ പോരായ്മകളെക്കുറിച്ചും പ്രസിഡന്റിന് കൃത്യമായ ബോധ്യമുണ്ട്. ചില കടകളില്‍ വിലക്കൂടുതലുണ്ടെന്ന പരാതി വന്നതിന്റെ പശ്ചാത്തലത്തില്‍, പുറത്തു കിട്ടുന്ന വിലയ്‌ക്കെങ്കിലും സാധനങ്ങള്‍ നല്‍കാന്‍ ശ്രമിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുള്ളതായി ഭരണസമിതി വിശദീകരിക്കുന്നു. അതോടൊപ്പം തന്നെ, ഏറ്റെടുത്തയാള്‍ പിന്മാറിയപ്പോള്‍ മുടങ്ങിപ്പോയ പ്ലേ സോണ്‍ ഉടന്‍ തന്നെ പ്രവര്‍ത്തിച്ചു തുടങ്ങാനും ധാരണയായിട്ടുണ്ട്. മാളില്‍ നിന്നും കടകളുപേക്ഷിച്ച് ചിലര്‍ പോയിട്ടുണ്ടെങ്കിലും, അതൊരു കൂട്ടമായ കൊഴിഞ്ഞുപോക്കായി കാണേണ്ടതില്ലെന്നാണ് ഭരണസമിതിയുടെ പക്ഷം. പോയവര്‍ക്കു പകരം പുതിയ ആവശ്യക്കാരെത്തിയിട്ടുണ്ടെന്നും അവര്‍ ഉടന്‍ തന്നെ മാളിന്റെ ഭാഗമായി പ്രവര്‍ത്തിക്കാനാരംഭിക്കുമെന്നും കെ. ബീന പറയുന്നു. മഹിളാ മാള്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നമെന്തെന്ന് എത്രയും പെട്ടെന്ന് തീര്‍ച്ചപ്പെടുത്തി, യുവ വനിതാ സംരംഭകരെ വീണ്ടും സംരംഭകത്വത്തിലേക്ക് അടുപ്പിക്കുകയാണ് ഈ ഘട്ടത്തില്‍ ചെയ്യേണ്ടത്. ആദ്യമായി സംരംഭകത്വത്തിലേക്ക് കാലെടുത്തു വച്ച സ്ത്രീകളില്‍ പലര്‍ക്കും, മോശം അനുഭവമുണ്ടായിരിക്കുകയാണെന്നും തിരിച്ചറിയേണ്ടതുണ്ട്. കുടുംബശ്രീ അടക്കമുള്ള സംഘടനകള്‍ നല്‍കുന്ന ധൈര്യത്തില്‍ സാമ്പത്തിക സ്വയംപര്യാപ്തത ലക്ഷ്യം വച്ച് ഇറങ്ങുന്ന സ്ത്രീകള്‍ക്ക് വലിയ പ്രതീക്ഷകള്‍ നല്‍കിയ ഒരിടമാണ് മഹിളാ മാള്‍. സംരംഭകര്‍ തന്നെ പറയുന്നതു പോലെ, ഒറ്റക്കെട്ടായി നിന്നാല്‍ ഇപ്പോഴത്തെ പരീക്ഷണ ഘട്ടവും തരണം ചെയ്യാന്‍ മഹിളാ മാളിന് സാധിക്കും.

Read More: കോഴിക്കോടിന്റെ മഹിളാ മാള്‍, മഹിളകളുടെ മാള്‍; കുടുംബശ്രീ ഒരു നാടിനെ മാറ്റിയെടുക്കുന്നത് ഇങ്ങനെ കൂടിയാണ്

Next Story

Related Stories